Wednesday, July 1, 2009

സ്വപ്നങ്ങൾ ഈണങ്ങളായ കഥ .....

ഈ കഥ കുറേ കുട്ടികളുടെ കഥയാണ്.....

വ്യത്യസ്ത ദേശങ്ങളിൽ, വ്യത്യസ്ത കുടുംബങ്ങളിൽ ജനിച്ചവരായിരുന്നു അവർ. ചെറുപ്പത്തിൽ അവർ തമ്മിൽ ഒരു പരിചയമില്ലായിരുന്നു. എങ്കിലും ഈ കഥയുടെ തുടക്കത്തിലേക്ക് അവരെയെല്ലാവരെയും കൊണ്ടുവരുവാൻ കാരണമായ ഒരു പൊതുസ്വഭാവവിശേഷമുണ്ടായിരുന്നു അവർക്ക്. സംഗീതത്തോടുള്ള അതിയായ സ്നേഹം. റേഡിയോയിൽ നിന്നും ഉത്സവപ്പറമ്പുകളിലെ മൈക്ക് സെറ്റുകളിൽനിന്നും ഒഴുകിയെത്തിയിരുന്ന ഗാനവീചികൾ അവർ മനഃപ്പാഠമാക്കി. വാൿമാനും, എം‌പിത്രീ പ്ലേയറും അവരുടെ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന ഒരു കാലത്ത് മനസ്സിലെ സംഗീതം അവർ മൂളിപ്പാട്ടായി പാടി. സംഗീതവേദികളിൽ ഹാർമോണിയവും തബലയുമൊക്കെ ശ്രുതിമീട്ടിയപ്പോൾ കൌതുകത്തോടെ നോക്കിനിന്നു. അവരുടെയെല്ലാം മനസ്സുകളിൽ അന്നേ ഒരു സ്വപ്നമുണ്ടായിരുന്നു. എനിക്കും ഒരു ഗായകനാവണം, ഗായികയാവണം എന്ന്. മുതിർന്നപ്പോൾ പലരുടെയും സ്വപ്നങ്ങൾ ചിറകുമുളച്ചു പറക്കുവാൻ തുടങ്ങി. അവർ സ്വന്തമായി ഗാനങ്ങൾ ട്യുൺ ചെയ്തു, ചിലർ ഗാനങ്ങളെഴുതി, മറ്റു ചിലർ പാട്ടുപാടുന്നതിൽ ആനന്ദം കണ്ടെത്തി. ചിലർ ‘നടക്കാത്ത സ്വപ്നമെന്നു’ വിധിയെഴുതി സംഗീത ആൽബങ്ങൾ എന്ന സ്വപ്നത്തെ മനസ്സിന്റെ അടിത്തട്ടിൽ മണിച്ചിത്രതാഴിട്ട് പൂട്ടി സൂക്ഷിച്ചുവച്ചു.

കടന്നു പോകവേ അവരെല്ലാവരും ജീവിതത്തിന്റെ വിവിധ വഴിത്തിരിവുകളില്‍ വച്ച് പല ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിൽ എത്തിച്ചേർന്നു. യാദൃശ്ചികമായി എന്നുതന്നെ പറയാം, അവരെല്ലാവരും ഒരു വലിയ വലയുടെ കണ്ണികളിൽ എപ്പോഴൊക്കെയോ വന്നുപെട്ടു - ഇന്റർനെറ്റ് എന്ന അത്ഭുതവലയിൽ. വലക്കണ്ണികളിലൂടെ അവർ പരിചയപ്പെട്ടു, ആശയങ്ങള്‍ പങ്കുവച്ചു. ബ്ലോഗ് എന്ന മാധ്യമത്തിലൂടെ അവർ പാടി. വലക്കണ്ണികളിലൂടെ ആ ഗാനവീചികൾ സഞ്ചരിച്ച് വലയുടെ മറ്റുഭാഗങ്ങളിലിരുന്നവർ കേട്ടാസ്വാദിച്ചു. അവരില്‍ ചിലര്‍ ചേർന്ന് ഒരു പുതിയ സംരംഭം വിഭാവനം ചെയ്തു - ഒരു ഓൺ‌ലൈൻ സ്വതന്ത്ര സൌജന്യ സംഗീത ആൽബം. ആ സ്വപ്നങ്ങൾ ഈണങ്ങളായി ഒഴുകി. “ഈണം” എന്ന സ്വതന്ത്ര-സംഗീത ആൽബത്തിന്റെ പിറവി അങ്ങനെയായിരുന്നു.


മലയാളം ബ്ലോഗിംഗ് രംഗത്തെ ഗായകരും സംഗീതജ്ഞരും കൈകോർക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭമാണിത്. സ്വന്തമായി അണിയിച്ചൊരുക്കിയ ഗാനങ്ങൾ സൗജന്യ മായി ആസ്വാദകരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിനായി കൈമെയ് മറന്നിറങ്ങിയ ഒരു കൂട്ടം സംഗീത പ്രേമികളുടെ സ്വപ്നപദ്ധതി - അതാണ് “ഈണം“ എന്ന ഓൺ‌ലൈൻ സംഗീത ആൽബം ഇന്ന് ബൂലോകത്തിനു മുമ്പിൽ സമർപ്പിച്ചപ്പോൾ അതിന്റെ അണിയറപ്രവർത്തകർ യാഥാർത്ഥ്യമാക്കിയത്.

ബ്ലോഗിംഗ് രംഗത്ത് പോഡ്‌കാസ്റ്റ് എന്ന ആശയം പണ്ടേ നിലവിലുണ്ടായിരുന്നുവെങ്കിലും, ആ സൌകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളം ബ്ലോഗിൽ ആദ്യമായി ബ്ലോഗിൽ ഗാനങ്ങൾ പോസ്റ്റ് ചെയ്തു തുടങ്ങിയത് ബ്ലോഗിലെ ഗായകരിൽ ഒരാളായ കിരൺസ് ആയിരുന്നു. കിരണിന്റെ കരോക്കേ അകമ്പടിയോടെയുള്ള മെലഡികൾ സംഗീതാസ്വാദകർ തുടക്കം മുതൽ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. കരോക്കെ ഉപയോഗിച്ചുകൊണ്ട് പാട്ടുകൾ കമ്പ്യൂട്ടറിൽ റിക്കോർഡ് ചെയ്യുവാനും, അത് പോഡ്‌കാസ്റ്റ് ആയി പ്രസിദ്ധപ്പെടുത്തുവാനും ഉള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങളോടെ കിരൺസ് തയ്യാറാക്കി ബ്ലോഗിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ അനേകം ഗായകരെയും സംഗീതജ്ഞരേയും ബൂലോകത്തിനു സമ്മാനിച്ചു എന്നതു തർക്കമില്ലാത്ത കാര്യമാണ്.


അങ്ങനെ ബ്ലോഗ് എന്ന മാധ്യമം വഴി പരിചയപ്പെട്ട, വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളസംഗീത പ്രേമികളുടെ മനസ്സിൽ ഉരുത്തിരിഞ്ഞുവന്ന ഒരാശയമായിരുന്നു മലയാളഗാനങ്ങൾക്കായി ഇന്റർനെറ്റിൽ ഒരു സ്വതന്ത്ര സംഗീത സംരംഭം എന്നത്. ബഹുവ്രീഹിയുടെ സംഗീത സംവിധാന പരീക്ഷണങ്ങളാണ് ഈണത്തിന്റെ ആദ്യ തീപ്പൊരി എന്നു പറയാം.ബഹുവും കിരണും പ്രതിഭാധനനായ ഗായകൻ രാജേഷും ഒരുമിച്ചു ചേർന്നതോടെ അതൊരു കൂട്ടായ സംരംഭമാക്കാം എന്നവർ തീരുമാനിച്ചു. ഭക്തിഗാന പബ്ലിഷിംഗ് രംഗത്ത് പ്രൊഫഷണൽ പരിചയമുള്ള നിശീകാന്ത് (ചെറിയനാടൻ ) മലയാളം ബ്ലോഗ് രംഗത്ത് എത്തിയതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായി. നിരന്തരമായ ചർച്ചകളിലൂടെ എന്ത് – എങ്ങനെ ചെയ്യണം എന്നുള്ള വ്യക്തമായ ലക്ഷ്യം രൂപപ്പെടുത്തി. 2009 ജൂൺ മാസത്തിൽ ഈണത്തിന്റെ ആദ്യ ഗാനസമാഹാരം പുറത്തിറക്കണം എന്ന ലക്ഷ്യത്തോടെ അവർ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യസമാഹാരത്തിൽ ഒൻപതു ഗാനങ്ങൾ ഉണ്ടാവണമെന്നും അവ ഒൻപതു വ്യത്യസ്ത തീമുകളെ ആസ്പദമായി ആയിരിക്കണമെന്നും തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവിൽ ബ്ലോഗിലെ അറിയപ്പെടുന്ന ഗായകരേയും ഗാന /കവിതാ രചയിതാക്കളേയും മറ്റും ഇതിനായി ബന്ധപ്പെട്ടു. ‘സകല കലാവല്ലഭൻ‘ എന്ന പേരിനു സര്‍വ്വഥാ യോഗ്യനായ എതിരൻ കതിരവൻ എന്ന ബ്ലോഗര്‍ ആയിരുന്നു പലപ്പോഴും ഇവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നൽകിക്കൊണ്ടിരുന്നത്.

ഈണത്തിന്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നെങ്കിലും അണിയറപ്രവർത്തകരെല്ലാവരും വ്യത്യസ്ത രാജ്യങ്ങളിൽ ആയിരുന്നു എന്നത് ഒരു പ്രതിസന്ധിയായിരുന്നു. ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾ ബുദ്ധിപൂർവ്വം ഉപയോഗിച്ചപ്പോൾ കടമ്പകളെല്ലാം ഓരോന്നായി ഇല്ലാതെയായി. ഈ ആൽബത്തിലെ ‘വാർമഴവില്ലിന്റെ...” എന്നുതുടങ്ങുന്ന ഗാനത്തിന്റെ രചയിതാവായ ബൈജു പറയുന്നതുകേൾക്കൂ:

“വിഷാദഗാനം‘ എന്ന തീം ആയിരുന്നു എനിക്ക് നൽകിയിരുന്നത്. അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ പ്രിയതമയെ ഓർത്തുകൊണ്ട് കഥാനായകൻ പാടുന്നതായി സങ്കൽ‌പ്പിച്ചുകൊണ്ടെഴുതിയ വരികൾ പിറ്റേന്നുതന്നെ ഗൂഗിള്‍ പോസ്റ്റില്‍ ഇംഗ്ലണ്ടിലുള്ള രാജേഷിന്റെ അടുത്തേക്ക് പറന്നു. അദ്ദേഹമാണ് ഈ ഗാനത്തിന് ഈണം നൽകാം എന്നേറ്റിരിക്കുന്നത്. സമയത്തിലുള്ള വ്യത്യാസം കാരണം, പിന്നീടുള്ള ചര്‍ച്ചകളൊക്കയും നിശിയേട്ടനു (ചെറിയനാടന്‍) മായായിരുന്നു. ഗാനത്തിന്റെ ഈണം ചര്‍ച്ചചെയ്യപ്പെട്ടു എന്നും, ചില്ലറ വ്യത്യാസങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അറിഞ്ഞു. തനനാനാ പാടി നിശിയേട്ടന്‍ കൂടെയുണ്ടായതിനാല്‍, ഗൂഗിളമ്മച്ചിയുടെ മടിയിലിരുന്നു സ്വകാര്യം പറയുന്നതിന്നിടയില്‍ ഗാനവും പൂര്‍ത്തിയായി.“

ദിവസങ്ങൾക്കുള്ളിൽ തന്നെ ഗാനത്തിന്റെ ഒരു എം‌പിത്രീ ഫയൽ ഖത്തറിലുള്ള കിരണിന്റെ കമ്പ്യൂട്ടറിലേക്ക് എത്തി. അദ്ദേഹം അത് പാടിനോക്കി അഭിപ്രായങ്ങൾ പറഞ്ഞു. ഗാനങ്ങളും ട്യൂണുകളും മാറ്റങ്ങളും വഹിച്ചുകൊണ്ട് ഫയലുകള്‍ ഇന്റര്‍നെറ്റിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ടീം അംഗങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് പൊയ്ക്കൊണ്ടേയിരുന്നു. ഈ രീതിയിലായിരുന്നു പിന്നീട് ഇതിലെ ഓരോ ഗാനവും ചിട്ടപ്പെടുത്തിയത്.

ഓരോ ഗാനങ്ങളുടെയും ഓർക്കസ്ട്രെഷൻ പുർത്തിയാകുന്നതിനനുസരിച്ച് അതാതിനായി നിശ്ചയിട്ടുള്ള ഗായകർക്ക് അയച്ചുകൊടുക്കുകയും ട്രയൽ വേർഷൻ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും നന്നായി സഹകരിക്കുകയും ഈണം ടീം ഉദ്ദേശിച്ച സമയത്ത് എല്ലാം ലഭ്യമാവുകയും ചെയ്തു. തുടർന്ന് ഈണം ടീം എടുത്ത ഒരു സുപ്രധാന തീരുമാനം ഈ ഗാനങ്ങളുടെ ഇപ്പൊഴത്തെ മനോഹാരിതക്ക് സുപ്രധാന കാരണമായിട്ടുണ്ട്. പ്രകാശ് കുമാർ എന്ന പ്രൊഫഷനൽ കമ്പോസർക്ക് പ്രസ്തുത ഗാനങ്ങൾ അയച്ചു കൊടുത്ത്, ഈണം ടീമിലെ സംഗീത സംവിധായകര്‍ ചെയ്തിരിക്കുന്ന പോലെതന്നെ ബാക്ഗ്രൌണ്ട് മ്യൂസിക്ക് തയാറാക്കുവാനാവശ്യപ്പെട്ടു. അവയെല്ലാം കരോക്കെ ട്രാക്കുകൾ പോലെ തയ്യാറായിക്കഴിഞ്ഞപ്പോൾ ആൽബത്തിന്റെ ആദ്യപടി പൂർത്തിയായി.

ഓൺലൈനിൽ കേൾക്കുക, ഫ്രീയായി ആവശ്യക്കാർക്ക് ഡൌൺ‌ലോഡ് ചെയ്ത് എടുക്കുക എന്നീ ലക്ഷ്യങ്ങളേ ഇതിനുണ്ടായിരുന്നുള്ളൂവെങ്കിലും ഇത്തരം ഒരു സംരഭം ആരംഭിക്കുമ്പോൾ അത് കഴിയുന്നത്ര നല്ല നിലവാരത്തിൽ പുറത്തിറക്കണമെന്ന് ‘ഈണം‘ ടീമിനു നിർബന്ധമുണ്ടായിരുന്നു. അതിനാൽ ഗായകർ കേരളത്തിൽ വരുന്നുണ്ടെങ്കിൽ ആസമയത്ത് അതാതു ഗാനങ്ങളുടെ ഓഡിയോ ട്രാക്ക് പാടി റിക്കോർഡ് ചെയ്യൂന്നതിനും, കേരളത്തിൽ ഇല്ലാത്ത ഗായകരെക്കൊണ്ട് പാടിച്ചു നാട്ടിലേക്കെത്തിച്ച ഓഡിയോ ട്രാക്കുകളുടെ മിക്സിംഗ് ചെയ്യുവാനും തീരുമാനമായി. അങ്ങനെ ഒട്ടനവധിആളുകളുടെ അക്ഷീണപരിശ്രമത്തിന്റെയും സ്ഥിരോത്സാ‍ഹത്തിന്റെയും ഫലമായാണ് ഈ മനോഹര ഗാനസമാഹാരം നമ്മുടെ മുമ്പിൽ എത്തിയിരിക്കുന്നത്.

“ഈണ”ത്തിനു സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ട്. www.eenam.com എന്നാണ് അതിന്റെ യു.ആർ.എൽ. മലയാളത്തിലോ ഇംഗ്ലീഷിലോ ഇതിലെ ടെക്സ്റ്റ് കാണുവാനുള്ള സംവിധാനം അവിടെയുണ്ട്. ഗാനങ്ങൾ കേൾക്കുന്നതോടൊപ്പം അവയുടെ വരികൾ കാണുവാനുള്ള സംവിധാനവുമുണ്ട്. പ്ലേയറിന്റെ താഴെയായി കാണുന്ന “ഓരോ പാട്ടിന്റെ വരികൾക്കും വിശദവിവരങ്ങൾക്കും ഇവിടം സന്ദർശിക്കുക” എന്ന വരിയിലെ ഇവിടം എന്ന ലിങ്കിൽ മൌസ് വച്ച് റൈറ്റ് ക്ലിക്ക് ചെയ്തശേഷം Open in new tab എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്താൽ പാട്ടു കേൾക്കുമ്പോൾ തന്നെ വരികളും നിങ്ങൾക്ക് വായിക്കാവുന്നതാണ് - അവിടെയും മലയാളം ടെക്സ്റ്റ് ഉണ്ട്. ഓരോ പാട്ടിന്റെയും പേജിലും പ്ലേയർ ലഭ്യമാണ്.

ഗാനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം:

ഇടിയുടേയും കാറ്റിന്റെയും അകമ്പടിയോടെ ആർത്തുപെയ്യുന്ന ഒരു മഴയുടെ ശബ്ദമുഖരിമയോടെയാണ് ആദ്യഗാനം തുടങ്ങുന്നത്. പാടത്തും തോട്ടിലും വെള്ളം പൊങ്ങി, മടപൊട്ടിപ്പായുമ്പോൾ അതടയ്ക്കുവാൻ ജീവൻ പണയപ്പെടുത്തിക്കൊണ്ട് യാത്രയാകുന്ന കർഷകന്റെയും അവന്റെ ഭാര്യയുടെയും സംഭാഷണങ്ങളിലെ ആധികളും പ്രതീക്ഷകളും ഭംഗിയായി ഇതിലെ വരികളിൽ പാമരൻ കോറിയിട്ടിരിക്കുന്നു. ആ രംഗത്തിന് അനുയോജ്യമായ ഒരു മ്യുസിക് നൽകുന്നതിൽ സംഗീത സംവിധായകൻ ബഹുവ്രീഹി വിജയിച്ചിരിക്കുന്നു. വരികളുടെ ഭാവം ഉൾക്കൊണ്ടുകൊണ്ടുതന്നെ ആലാപനം നിർവ്വഹിച്ചിരിക്കുന്നു രശ്മി നായരും ബഹുവ്രീഹിയും.

ദിവ്യാമേനോനും ശ്രീകാന്തും ചേർന്നാലപിച്ചിരിക്കുന്ന ഒരു പ്രണയ യുഗ്മഗാനമാണ് ‘മൌനാനുരാഗം‘ എന്നാരംഭിക്കുന്ന രണ്ടാമത്തെ ഗാനം. “മൌനാനുരാഗം, ആദ്യാനുരാഗം, എന്നകതാരിൽ മീട്ടും നിൻ തന്ത്രികൾ, ആലോലലോലമായ് ശാലീനസന്ധ്യയിൽ, നിൻ മിഴികൾ പാടും രാഗശീലുകൾ“ ഡോണ മയൂര എഴുതിയ പ്രണയാദ്രമായ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ബഹുവ്രീഹി.

“ഹൃദയം അലിയും നാദം” എന്ന സെമിക്ലാസിക്കൽ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുനന്തും രാജേഷ് രാമനാണ്. വരികൾ നിശികാന്തിന്റേത്. മഴവില്ലിന്റെ ഏഴുനിറങ്ങളുടേയും സമ്മേളനമായുണ്ടാകുന്ന വെള്ളനിറമുള്ള വസ്ത്രത്തിൽ പൊതിഞ്ഞ് അന്ത്യയാത്രാകുന്ന പ്രിയതമയുടെ മൃതദേഹത്തിനു മുമ്പിൽ പ്രിയതമൻ അർപ്പിക്കുന്ന കണ്ണീർപ്പൂക്കളാണ് “വാർമഴവില്ലിന്റെ” എന്ന ഗാനത്തിലൂടെ കിരൺസ് നമ്മുടെ മനസ്സിലെത്തിക്കുന്നത്. ബൈജു എഴുതിയ ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് രാമൻ.

ഉത്സവഗീതം എന്ന തീമിൽ തയ്യാറാക്കിയ ഗാനമാണ് “അനുരാഗസന്ധ്യാ കുങ്കുമം ചാർത്തിയ” എന്നാരംഭിക്കുന്ന ഗാനം. നിശികാന്ത് എഴുതി സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ പങ്കജ്. ഈ ഗാനത്തിന് ഉത്സവഗാനത്തിനേക്കാൾ ഒരു വസന്തഗീതം എന്ന ടൈറ്റിലാണ് ചേരുക. മനോഹരമായ ട്യൂണും ആലാപനവും ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നു.

“മാരിവില്ലൂഞ്ഞാലിലാലോലമാടീ, കാര്‍മുകിലെങ്ങെങ്ങോ മാഞ്ഞൂ, ആരോമലുണ്ണിക്കിടാവിനെക്കാണാനിന്നായിരം താരങ്ങള്‍ വന്നൂ..“ എന്ന താരാട്ടുപാട്ടിന്റെ വരികളിലൂടെ ഒരു അമ്മയുടെ പ്രതീക്ഷകൾ വിവരിക്കുകയാണ് ‘ചന്ദ്രകാന്തം’ ബ്ലോഗിലൂടെ നമുക്ക് സുപരിചതയായ ചാന്ദ്നി ഗാനൻ. ഈ വരികൾക്ക് ചേരുന്ന മനോഹരമായ സംഗീതം നൽകിയിരിക്കുന്നത് ബഹുവ്രീഹിയാണ്. ശാന്തിയുടെ സുന്ദരമായ സ്വരമാധുരിയിൽ ഈ ഗാനം കേൾക്കുമ്പോൾ ഉറക്കം വരില്ല എന്നുതന്നെ പറയാം! അത്രയ്ക്ക് നല്ലൊരു ഗാനമാണത്.

കാലമാകുന്ന രഥത്തിലേറി എവിടേക്കെന്നറിയാതെ സ്വയം മറന്ന് മനുഷ്യര്‍ യാത്രചെയ്യുമ്പോൾ “ഹേ മനുഷ്യാ ......നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീനേടിയ ജ്ഞാനം തോല്‍ക്കുന്നൂ.. “ എന്ന് ഓർമ്മിപ്പിക്കുകയാണ് ഗീതടീച്ചർ, “കാലമാം രഥമുരുളുന്നു” എന്ന വരികളിലൂടെ. സംഗീതം നൽകിയിരിക്കുന്നത് ഡോ.എൻ എസ് പണിക്കർ, പാടിയിരിക്കുന്നത് സുരേഷ്.

“നീലവാനിൻ മിഴിയിണയിൽ” എന്നാരംഭിക്കുന്ന ഭാ‍വഗീതമാണ് അടുത്തത്.

വാനിന്നിതളില്‍ നിറമണിയും
പരാഗമുറങ്ങും പൂവിരിയും
ഈറന്മിഴികള്‍ കാത്തിരിയ്ക്കും-ഒരു-
നോവുപടര്‍ത്തും മോഹവുമായ്
താരഹാരം മാഞ്ഞുവോ
........

ദേവി പിള്ള എഴുതി, ബഹുവ്രീഹി സംഗീതം നൽകിയിരിക്കുന്ന ഈ വരികൾ പാടിയിരിക്കുന്നത് ജോസഫ് തോമസ്.


കമൽ ചിത്രങ്ങളിൽ നമുക്ക് പരിചിതമായ കാമ്പസ് ഗാനങ്ങളോടൊപ്പം ചേർത്തുവയ്ക്കാവുന്ന ഒരു ഗാനമാണ് “ചാറ്റ് റൂമിലെ ചാന്ദ്നി” എന്ന അവസാന ഗാനം. ഓർക്കുട്ടും, ചാറ്റും, മെയിലും, എസ്.എം.എസുമായി ഒരു വിർച്വൽ ലോകത്തു കഴിയുന്ന യുവതലമുറയുടെ എനർജി അപ്പാടെ ആവാഹിച്ചുവച്ചിരിക്കുന്നു ബ്ലോഗിലെ ഹാസ്യസാമ്രാട്ട് ജി.മനു ഈ വരികളിൽ. അനുയോജ്യമായ സംഗീതം നൽകിയത് രാജേഷ് രാമൻ. ആലപിച്ചിരിക്കുന്നത് ദിവ്യ പങ്കജ്, ദിവ്യ മേനോൻ, ജോസഫ്, രാജേഷ് എന്നിവർ ചേർന്ന്.

ഒൻ‌പതുകൂട്ടം കറികളുംകൂട്ടി വയറുനിറച്ചുണ്ട ഒരു ഊണിനുശേഷം തോന്നുന്ന സംതൃപ്തിയാണ് എനിക്കീ ഗാനങ്ങൾ കേട്ടപ്പോൾ തോന്നിയത്. പ്രൊഫഷനലായി ചെയ്തിരിക്കുന്ന ഒരു സംഗീത ആൽബത്തിന്റെ ഗുണമേന്മ ഇതിൽ നിന്നു പ്രതീക്ഷിക്കരുത്. കുറ്റമറ്റ ഒരു കലാസൃഷ്ടിയാണിതെന്ന് അതിന്റെ അണിയറപ്രവർത്തകർ പോലും അവകാശപ്പെടുന്നില്ല. എങ്കിലും അമച്വർ പ്രതിഭകൾ ചേർന്നൊരുക്കിയ ഈ സംരംഭം ഒരു തുടക്കമെന്ന നിലയിൽ ഗംഭീരവിജയം തന്നെയാണെന്നതിൽ സംശയമില്ല. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത് ഭംഗിയാക്കുവാൻ അവർ കാണിച്ച ആർജ്ജവത്വം തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.

എം.പി.ത്രി ഫോർമാറ്റിലാണ് വെബ് സൈറ്റിൽ നിന്ന് ഈ ഗാനങ്ങൾ നമുക്ക് സൌജന്യമാ‍യി നമുക്ക് ലഭിക്കുന്നത്. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന് അനുയോജ്യമായ രീതിയിൽ 64 കിലോബൈറ്റ് ആയോ 128 കിലോബൈറ്റ് ആയോ ഇവ ലഭിക്കും. ഡൌൺ‌ലോഡ് ചെയ്യുവാനായി ഈണം വെബ്‌സൈറ്റിലെ Downloads എന്ന പേജ് സന്ദർശിക്കുക. ഇവയുടെ റിക്കോർഡിംഗ് ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ ഒറിജിനൽ ഓഡിയോ സി.ഡി രുപത്തിലും ഇത് പുറത്തിറക്കാൻ ഈണം ടീം തയ്യാറെടുത്തുവരികയാണ് (ഇതു പക്ഷേ സൌജന്യമല്ല!)

വ്യക്തമായ ഉദ്ദേശലക്ഷ്യ ങ്ങളോടെ യാണ് “ഈണം” പുറത്തിറങ്ങുന്നത്. കഴിവുള്ള ഗായകർ ക്ക്, തങ്ങളുടെ ശബ്ദം പുറംലോകത്തേക്കെത്തിക്കുന്ന ഒരു സഹായിയായി, സ്വന്തം രചനകൾ പുസ്തകത്താളുകളിൽ അല്ലെങ്കിൽ ബ്ലോഗി ലെ പോസ്റ്റുകളിൽ മാത്രം ഒതുക്കി നിർത്തേണ്ടി രുന്ന പ്രതിഭാധനരായ എഴുത്തുകാർക്ക് ഒരു വേദിയായി, അക്ഷര ക്കൂട്ടങ്ങൾക്ക് സംഗീതം നൽകി അനുപമഗാനങ്ങളായി രൂപപ്പെടുത്താൻ കഴിയുന്ന പ്രതിഭാധനരായ യുവസംഗീത സംവിധായകർക്കൊരു സങ്കേതമായി “ഈണം” എന്നും ഉണ്ടാകും. അതിന് സംഗീതത്തെ സ്നേഹിക്കുന്ന സഹൃദ യരായ ഓരോ മലയാളിയുടേയും വലിയമനസ്സും, ഒപ്പം, സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നാണ് ഈണം ടീമിന്റെ അഭ്യർത്ഥന.

പോസ്റ്റ് അവസാനിപ്പിക്കുന്നതിനു മുമ്പ് ഈണത്തിന്റെ അണിയറശില്പികളെ ഒന്നു പരിചയപ്പെടുത്താം.

അഡ്വൈസർ & കൺസൾട്ടന്റ് :- എതിരൻ കതിരവൻ
വെബ്ബ് സഹായം :- കെവിൻ സിജി
ഡിസൈൻ & ലോഗോസ് :- നന്ദകുമാർ & താഹാനസീർ



അങ്ങ് പടിഞ്ഞാറ് അമേരിക്കമുതൽ ഏഷ്യയുടെ വ്യത്യസ്ഥഭാഗങ്ങള്‍ വരെ പരന്നു കിടക്കുന്ന ഭൂവിഭാഗങ്ങളിലിരുന്നുകൊണ്ടാണ് ഈ കലാസ്നേഹികൾ ഈ സംഗീത സംരംഭം ഇത്രയും വിജയമാക്കിത്തീർത്തെന്നോർക്കുമ്പോൾ അവർക്ക് മുമ്പിൽ തൊപ്പിയൂരി ഒരു വണക്കം രേഖപ്പെടുത്തുവാനേ ആവുന്നുള്ളൂ - അതു പോരായെങ്കിലും ! അഭിനന്ദനങ്ങൾ കൂട്ടുകാരേ. ഈ ഒരുമ ഇനിയുമിനിയും അനവധി ഗാനസമാഹാരങ്ങൾ കൈരളിക്ക് സമ്മാനിക്കുവാൻ ഇടയാക്കട്ടെ എന്ന് ഇത്തരുണത്തിൽ ആത്മാർത്ഥമായി ആശിക്കുന്നു.

ഈണത്തിന്റെ ബ്ലോഗ് ഇവിടെ

20 comments:

അപ്പു ആദ്യാക്ഷരി

മലയാളം ബ്ലോഗിംഗ് രംഗത്തെ ഒരു കൂട്ടം സംഗീതപ്രേമികള്‍ ചേര്‍ന്നൊരുക്കിയ “ഈണം” എന്ന സൌജന്യ ഓണ്‍‌ലൈന്‍ സംഗീത ആല്‍ബത്തെ പരിചയപ്പെടൂത്തുന്നു.

ഉഗാണ്ട രണ്ടാമന്‍

Thanks...Appu Bhai...

Unknown

BEST WISHES

അനില്‍@ബ്ലോഗ് // anil

ഈണത്തിന്റെ ഒരു പൂര്‍ണ്ണ ചിത്രം വരച്ചു കാട്ടുന്ന കുറിപ്പ്.
നന്ദി.
ഈണം പ്രവര്‍ത്തകര്‍ക്കും അപ്പുവിനും ആശംസകള്‍.

absolute_void();

ഈണത്തിനു് സര്‍വ്വമംഗളങ്ങളും. പാട്ടുകളെല്ലാം കേട്ടു. ഇതിനു് പിന്നിലെ പ്രയത്നം പ്രത്യേക പ്രശംസയര്‍ഹിക്കുന്നു.

Sabu Kottotty

നന്ദി അപ്പു

Typist | എഴുത്തുകാരി

പാട്ടു് കേട്ടിട്ടില്ല. കേക്കണം.ഈണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അനുമോദനങ്ങള്‍, ആശംസകള്‍.

സ്നേഹതീരം

ഇത് വലിയൊരു സംരംഭമാണല്ലോ, അപ്പൂസെ.. ഇത്രയും വിചാരിച്ചില്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ. ആശംസകൾ.

ചാണക്യന്‍

അപ്പു മാഷെ,
നല്ല പോസ്റ്റ്...

ഈണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആയിരമായിരം അനുമോദനങ്ങള്‍......

ശ്രീ

നന്നായി അപ്പുവേട്ടാ... ഈണത്തെ കുറിച്ച് ഇത്ര വിശദ്മാ‍യ ഒരു പോസ്റ്റ്. പാട്ടുകള്‍ എല്ലാം ഡൌണ്‍‌ലോഡ് ചെയ്തിട്ടേയുള്ളൂ... കേട്ടിട്ടില്ല.

Helper | സഹായി

ഈണത്തിനു് സര്‍വ്വമംഗളങ്ങളും.

ഇതിനു് പിന്നിലെ പ്രയത്നം പ്രത്യേക പ്രശംസയര്‍ഹിക്കുന്നു.

nandakumar

അപ്പൂ
ലളിതമായ ഈ വിശദീകരണങ്ങള്‍ക്ക് നന്ദി. ഈണം ഒരു സംഗീതാനുഭവമാകട്ടെ എന്ന് ആശംസിക്കുന്നു

ഒപ്പം ഇതിന്റെ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞതില്‍ തെല്ലൊരു അഭിമാനവും

വയനാടന്‍

ഈണത്തിനു പിന്നിലുള്ള എല്ലാ സംഗീതഞ്ഞർക്കും ആംശസകൾ .ഈണം അതിരുകളില്ലാതെ പടരട്ടെ.

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം
This comment has been removed by the author.
മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം
This comment has been removed by the author.
മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം

ഹായ് അപ്പൂ.....

ഞങ്ങളുടെ ബ്ളോഗില്‍ വന്ന് ഒന്നു കമന്റ്യതിന് നന്ദി ...
താങ്കളെ പറ്റി ധാരാളം കേട്ടിട്ടുണ്ട്.

മണമില്ലാതെ കിടക്കുന്ന മുറ്റത്തെ മുല്ലയ്ക് (ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ ഈ സര്‍ക്കാര്‍ ഹൈസ്കൂള്‍‍ ) ഒരല്പം വെള്ളവും വളവും കൊടുകാനും ഒരുതരി മണം ബാക്കിയുണ്ടെന്ന് മാലോകരോട് വിളിച്ചു പറയാനും (നാട്ടാര്‍ക്ക് ഇപ്പോ ഇംഗ്ളിഷ് മീഡിയം മതിയല്ലോ) ഒരിടം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഞങ്ങള്‍. ഈ ബ്ലോഗ് ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരമായി മാറിക്കഴിഞ്ഞു. കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും എല്ലാ പിന്‍തുണയുമായി രംഗത്തുണ്ട്.

വല്ലപ്പോഴും ഇതുവഴി വരണം. ഒരല്പം വെള്ളമോഴിക്കണം (ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ )എന്ന അപേക്ഷയോടെ..... നിര്‍ത്തുന്നില്ല ... തുടര്‍ന്നും കാണാം.....

ചിരിപ്പൂക്കള്‍

ബൂലോകത്തിലെ പ്രതിഭാധനരായ കലാകാരന്മാരുടേ പ്രഥമ സംരംഭമായ ഈണത്തിന് എല്ലാവിധമായ ആശംസകളും നേരുന്നു. പാട്ടുകള്‍ കേട്ടുതുടങ്ങീട്ടേയുള്ളു. അഭിപ്രായങ്ങള്‍ പുറകെ.........

ജയതി

താമസിച്ചു ഇവിടെ എത്താൻ.
വിശദവിവരങ്ങൾക്ക് നന്ദി.
ഇനി പാട്ടു കേട്ടുകൊണ്ട് ബാക്കി വായിക്കാം
ജയതി

Unknown

Well done Appu...kadha kelkkaanum paattukal kelkkaanum saadhichathil...ningalude ee samrambhathinu ellaa bhaavukangalum...

Beena

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage

ബഹുവ്രീഹിയുടെ സംഗീത സംവിധാന പരീക്ഷണങ്ങളാണ് ഈണത്തിന്റെ ആദ്യ തീപ്പൊരി എന്നു പറയാം
" :

Kiranz..!! said...

പൊതുവാളന്‍ ചേട്ടന്റെ വരികള്‍ക്ക് പണിക്കര്‍ സാര്‍ ഈണമിട്ട ഈ ഗാനത്തിന് ശബ്ദം ക്ഷണിക്കുന്നു..!.ആര്‍ക്കും പാടാം.താഴെക്കാണുന്ന മ്യുസിക് ട്രാക്ക് ഡൌണ്‍ലോഡ് ചെയ്തിട്ട് അതിന്റെ വോക്കല്‍ ട്രാക്ക് മാത്രം അയച്ചു തരിക,ഒരു കുഞ്ഞു ശബ്ദം ,സ്ത്രീ,പുരുഷന്‍ എന്ന കാറ്റഗറിയില്‍ അയക്കാം.ദേവേട്ടന്റെ ബൂലോഗവിചാരണത്തില്‍ കണ്ണൂസ് പറഞ്ഞ ആശയത്തില്‍ നിന്നും പ്രചോദനമുല്‍ക്കൊണ്ട ഒരുദ്യമം..!
March 10, 2007 at 9:12 PM "
"

ഇതു കാണാൻ ഒത്തിരി ഒത്തിരി വൈകിപ്പോയി.

ദേവൻ കണ്ണൂസ് എന്നിവരെ കൂടി ഓർമ്മിക്കാമായിരുന്നു

നന്ദി അപ്പൂ ഈ പരിചയപ്പെടുത്തലിന്

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP