Wednesday, February 28, 2007

ഒരു സൈക്കിളും പശുവും പിന്നെ ഞാനും

'എടാ അപ്പൂ, നീ കടയില്‍പോയി ഒരു കിലോ പഞ്ചസാരേം, ചന്തേന്ന് കുറച്ച്‌ പച്ചക്കറിയും വാങ്ങിച്ചോണ്ടുവാ....നേരമിരുട്ടുന്നേനുമുമ്പേ ഇങ്ങുവരണേ.." അമ്മ അടുക്കളേന്ന് വിളിക്കുക്കയാണ്‌.

"പശൂന്‌ കൊടുക്കാന്‍ കുറച്ചു പിണ്ണാക്കുംകൂടെ വേണമായിരുന്നു....അതെങ്ങനാ, വീട്ടില്‍ ഒരു സൈക്കിളുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം? നിനക്ക്‌ സൈക്കിളേല്‍ കയറാനറിയില്ലല്ലോ? ഇനി നാളെ പൗലൊയേ വിട്ട്‌ വാങ്ങിപ്പിച്ചോളാം." അമ്മ പരിഭവിച്ചു.

വീട്ടിലൊരു സൈക്കിളുണ്ടായിട്ടും മൂത്തസന്തതിയായ എനിക്ക്‌ സൈക്കിളോടിക്കാനറിയില്ല എന്നതില്‍ അമ്മയ്ക്ക്‌ ചില്ലറ പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. പോരാത്തതിന്‌ എന്റെ അനിയന്‍ ഷിജു സൈക്കിളോട്ടത്തിൽ മാസ്റ്റേഴ്സ്‌ ഡിഗ്രിയെടുത്തിട്ടിരിക്കുന്നു. റോഡില്‍ മാത്രമല്ല, പറമ്പിലെ കയ്യാലപ്പുറത്തും പാടവരമ്പത്തുമൊക്കെ അവന്‍ സൈക്കിളഭ്യാസങ്ങള്‍ കാണിക്കുന്നത്‌ അസൂയയോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌.

എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ്‌ ആദ്യമായി ഞാന്‍ സൈക്കിളില്‍ കയറുവാന്‍ തുടങ്ങിയത്‌. അതുവരെ പഠനം തുടങ്ങാഞ്ഞത്‌ എന്താണെന്നല്ലേ- കാരണങ്ങള്‍ പലതാണ്‌. ഞങ്ങളുടെ നാട്ടില്‍ ആകെയുണ്ടായിരുന്ന ഒരു റോഡിന്റെ ആരോഗ്യസ്ഥിതി അക്കാലത്ത്‌ വളരെ പരിതാപകരമായിരുന്നു. അതൊരു വഴിതന്നെയാണോ അതോ വെള്ളം വറ്റിയ ഒരു തോടാണോ എന്ന് ആദ്യമായിക്കാണുന്നവര്‍ സംശയിച്ചുപോകുന്നത്ര ആഴവും നീളവും വ്യാപ്തിയുമുണ്ടായിരുന്നു ആ റോഡിലെ കുഴികള്‍ക്കും വെള്ളച്ചാലുകള്‍ക്കും. ഓരോ നൂറുമീറ്റര്‍ കൂടുമ്പോഴും ഓരോ കയറ്റവും ഇറക്കവും. പോരാത്തതിന്‌ റോഡില്‍ നിറയെ ഇളക്കിടക്കുന്ന ചരല്‍കല്ലുകള്‍ സൈക്കില്‍ സവാരിക്കാരെമാത്രമല്ല, നടന്നുപോകുന്ന പാവങ്ങളെവരെ യാതൊരു മുന്നറിയിപ്പുംതരാതെ മറിച്ചിടുന്നതില്‍ വളരെ പ്രാവീണ്യം നേടിയിട്ടുള്ളവയും.

റോഡിന്റെ ഒരേകദേശ രൂപം കിട്ടിയല്ലോ? ഈ തോട്‌റോഡിലൂടെ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചുവേണം കവലയിലെത്താന്‍. കവലയിലാണ്‌ കടകളും ചന്തയുമെല്ലാം. സര്‍ക്കസ്സ്‌ അഭ്യാസികളെപ്പോലെ കുണ്ടും കുഴിയും താണ്ടി ബെല്ലും മുഴക്കി ഈ റോഡുവഴി പാഞ്ഞുപോകുന്ന ചില വീരശൂരപരാക്രമികളായ സൈക്കിള്‍ സവാരിക്കാര്‍ എനിക്ക്‌ വീരനായകന്മാരും അതേസമയം അവരുടെ സൈക്കിള്‍ യാത്ര ഒരു പേടിസ്വപ്നവും ആയിരുന്നു.

ഞങ്ങളുടെ വീടിന്റെ മുന്‍പില്‍ ഒരു വലിയ ഇറക്കമുണ്ട്‌ . ഒരുദിവസം എന്റെ കണ്മുമ്പില്‍ വച്ചാണ്‌ ഞങ്ങടെ അപ്പുറത്തെ വീട്ടിലെ ബൈജുചേട്ടന്‍ സൈക്കിളില്‍നിന്ന് ഈ ഇറക്കത്ത്‌ വീണത്‌. വെറുതെയങ്ങ്‌ വീഴുകയല്ലായിരുന്നു, ക്രിക്കറ്റ്‌ ഫീല്‍ഡര്‍മാര്‍ ഗ്രൗണ്ടില്‍ പറന്നുവീണ്‌ പുല്‍പ്പുറത്തുകൂടി നിരങ്ങി ഫീല്‍ഡ്ചെയ്യുന്നമാതിരി ബൈജു ചേട്ടനും, അദ്ദേഹത്തിന്റെ സൈക്കിള്‍ ഒരു ഇരുപത്തഞ്ച്‌ മീറ്റര്‍ അപ്പുറത്തുള്ള ഒരു പറമ്പിലുമായാണ്‌ വീണത്‌. ഈ ഫീല്‍ഡിംഗ്‌ ആക്ഷനിടയില്‍ ബൈജുചേട്ടന്റെ കൈമുട്ടിനുതാഴെയും ഇരുതുടകളിലുമുള്ള തൊലിമുഴുവന്‍ ചേന ചെത്തിയതുമാതിരി ഇളകിപ്പോവുകയുണ്ടായി. ഹാവൂ.....അന്ന് ആ ചേനപ്പൂളിലേക്ക്‌ ഓള്‍ഡ്‌ സ്പൈസ്‌ (ആഫ്റ്റര്‍ഷേവ്‌) സ്പ്രേ ചെയ്തത്‌ ഞാനായിരുന്നു. അപ്പോള്‍ ബൈജുചേട്ടന്‍ മുകളിലേക്ക്‌ ചാടിയ ചാട്ടം ഏഷാഡിനോമറ്റോ ആയിരുന്നെങ്കില്‍ ഇന്ത്യക്ക്‌ വെള്ളിയില്‍ കുറയാത്ത ഒരു മെഡല്‍ ഒറപ്പായിരുന്നു. വീഴും വീഴും എന്ന ഈ പേടിതന്നെയാണ്‌ ചെറുപ്പത്തില്‍തന്നെ സൈക്കിള്‍ പഠിക്കുന്നതില്‍നിന്ന് എന്നെ പിന്തിരിപ്പിച്ചത്‌. അതുകൊണ്ട്‌ നടന്നായിരുന്നു ഞാന്‍ കവലയിലും സ്കൂളിലുമൊക്കെ പോയിരുന്നത്‌.

ആയിടയ്ക്ക്ക്കാണ് എന്റെ പപ്പ ഒരു ബി.എസ്‌.എ. സൈക്കിള്‍ വാങ്ങിയത്‌. അതിനു മുമ്പ്‌, നടന്നിട്ടായിരുന്നു പപ്പയുടെ സ്കൂളിൽ പോക്ക്. പുതിയ സൈക്കിളും കാറുമൊക്കെ വാങ്ങി കുറേ നാളത്തേക്ക്‌ നമ്മള്‍ അത്‌ ദിവസവും തൂത്തും തുടച്ചും കൊണ്ടു നടക്കാറുണ്ടല്ലോ? ഷിജു ഇതില്‍കേറി കറങ്ങാന്‍ പോകുമെന്നല്ലാതെ, സൈക്കിള്‍ വൃത്തിയാക്കുന്ന കാര്യത്തിലൊക്കെ പുറകില്‍. മൂന്നാലുദിവസംകൂടുമ്പോഴാണ് അവന്‍തന്നെ കുളിക്കാറുള്ളത്. പിന്നെയാ സൈക്കിള്‍! അതുകൊണ്ട്‌ ഈ സൈക്കിള്‍ എല്ലാ ദിവസവും പൊടി തുടയ്ക്കേണ്ട ജോലി എനിക്കായിരുന്നു. അപ്പോഴൊക്കെ ഒരുദിവസം ഇതില്‍ കയറി ഞങ്ങളുടെ റോഡിലൂടെ സൈക്കിളില്‍ ചെത്തിനടക്കുന്നത്‌ ഞാന്‍ സ്വപ്നം കണ്ടു.

സൈക്കിളില്‍ കയറുവാന്‍ പണ്ട്‌ പഠിച്ചെങ്കിലും സൈക്കിള്‍ബാലന്‍സ്‌ എന്ന സംഭവം അന്നും ഇന്നും എനിക്കു വശമില്ല. എന്റെ സമപ്രായക്കാരായ കൂട്ടുകാരൊന്നും ഞങ്ങളുടെ വീടിന്റെ പരിസരപ്രദേശങ്ങളില്‍ താമസമില്ലാതിരുന്നതിനാല്‍ എനിക്ക്‌ സൈക്കിള്‍ പ്രാക്റ്റീസ്‌ ചെയ്യണമെന്നുള്ളപ്പോള്‍ കൂടെനില്‍ക്കാന്‍ കൂട്ടുകാരില്ലായിരുന്നു. ഷിജുവും അവന്റെ കൂട്ടുകാരും ചെറുപ്പത്തിലേ തന്നെ സൈക്കിള്‍ സവാരി പഠിച്ചിരുന്നതിനാല്‍ സീനിയറായ ഞാന്‍ തത്തിയും മുടന്തിയും സൈക്കിളില്‍ കയറുവാന്‍ ശ്രമിക്കുന്നത്‌ അവര്‍ക്കെല്ലാം എന്നും തമാശയും എനിക്ക്‌ അതിയായ ചമ്മലും ആയിരുന്നു. അതിനാല്‍ അവറ്റകളേയും ഞാനാശ്രയിക്കാന്‍ പോയില്ല.

"ഓഹോയ്‌, ഓഹോയ്‌" എന്ന അവന്മാരുടെ വായ്ത്താരിയുടെ അകമ്പടിയില്‍ സൈക്കിള്‍ പ്രാക്റ്റീസ്‌ തുടങ്ങിയാല്‍ വീഴ്ച ഉറപ്പ്. അതിനാല്‍ത്തന്നെ ഈ കഷ്മളന്മാരുടെ കണ്ണില്‍പെടാതെയായിരുന്നു എന്റെ സ്വയം സൈക്കിള്‍ പഠനം.

സൈക്കിളിന്റെ കാരിയറിന്‌ സീറ്റിനേക്കാള്‍ ഉയരം കുറവായതിനാല്‍ അവിടെ കയറിയിരുന്നാണ്‌ ആദ്യം ബാലന്‍സില്‍ ചവിട്ടാന്‍ പഠിച്ചത്‌. പക്ഷേ ഈ രീതിക്ക്‌ ഒരു വലിയ പോരായ്മയുണ്ടായിരുന്നു. പെഡലില്‍ ചവിട്ടിക്കയറി മുമ്പോട്ടുപോയി, പിന്നെ സീറ്റിലെക്ക്‌ കയറുന്ന ആ സുന്ദരവിദ്യ ഒരിക്കലും ഈ രീതിയിലൂടെ എനിക്ക് പരിചയമായില്ല. കൂടാതെ, പെഡലില്‍ നിന്നുകൊണ്ട്‌ ചവിട്ടുക, ക്രോസ്ബാറിനിടയിലൂടെ കാലിട്ട്‌ ചവിട്ടുക തുടങ്ങിയ അഡ്വാന്‍സ്‌ രീതികളും വശമാവാന്‍ ബുദ്ധിമുട്ടായിരുന്നു എന്റെ മെതേഡില്‍.

അങ്ങനെ ചവിട്ടി ചവിട്ടി, ഒരുമാതിരി ബാലന്‍സായി എന്നെനിക്കുതോന്നിയപ്പോള്‍ കാരിയര്‍ ചവിട്ടില്‍ എക്സ്പര്‍ട്ടായത്‌ ഷിജുവിന്റെ മുമ്പില്‍ ഡെമോ ചെയ്ത്‌ കയ്യടി വാങ്ങി. ഇനിയും പതുക്കെ സീറ്റില്‍ കയറിനോക്കണം. കയറിനോക്കി. പക്ഷേ പഴയതുപോലെ കാല്‍ തറയിലെത്തുന്നില്ല എന്നതൊരു ബുദ്ധിമുട്ട്‌. എന്തായാലും, നനഞ്ഞിറങ്ങി, ഇനി കുളിച്ചുകയറുകതന്നെ.

ഓ, ഒരു കാര്യം പറയാന്‍ വിട്ടു... ഇതുവരെ പറഞ്ഞ പരിശീലനമൊക്കെ വീട്ടുമുറ്റത്തായിരുന്നു നടത്തിക്കൊണ്ടിരുന്നത്‌. ഇനിയതു പറ്റില്ല, കുറച്ചുകൂടി വിശാലമായ സ്ഥലം വേണം. ഞങ്ങളുടെ വീടിന്റെ തെക്കേപ്പുറത്തൊരു വയലുണ്ട്‌. വയല്‍ എന്നു വച്ചാല്‍ വെള്ളവും ചെളിയുമൊന്നുമില്ലാത ഒരു ഉണങ്ങിയ വയല്‍. ദീര്‍ഘനാളായി കൃഷി ചെയ്യാതെ കിടന്ന് അതൊരു മൈതാനമായി മാറിയിരുന്നു.

വൈകുന്നേരങ്ങളില്‍ "മടല്‍"ബാറ്റും റബ്ബര്‍ പന്തും ഉപയോഗിച്ച്‌ ക്രിക്കറ്റ് മാച്ചുകളും, കബഡി, പന്തുകളി തുടങ്ങിയ സ്പോര്‍ട്‌സ്‌ ഐറ്റങ്ങളും ഇവിടെവച്ചായിരുന്നു ഞങ്ങള്‍ കളിച്ചിരുന്നത്‌. ഈ മൈതാനമാണ്‌ എനിക്കുപറ്റിയ സ്ഥലം, ഞാന്‍ തീരുമാനിച്ചു.

അങ്ങനെ പിറ്റേ ഞായറാഴ്ച വന്നെത്തി. ഉച്ചയൂണു കഴിഞ്ഞയുടന്‍ സൈക്കിള്‍ പഠനതിനായി പോകണം എന്ന് തലേന്നുതന്നെ നിശ്ചയിച്ചുറച്ചിരുന്നു. പപ്പ പത്രവായനയ്ക്കിടയില്‍ പകുതി മയക്കത്തിലേക്ക് വഴുതി വീഴുന്നു. അമ്മ ജോലികളൊക്കെ ഒന്നൊതുക്കിവച്ച്‌ വിശ്രമിക്കുന്നു. ഷിജു സ്കൂളില്‍ പോയിരിക്കുന്നു. ഇതുതന്നെ നല്ല സമയം.

ഞാന്‍ സൈക്കിളുമായി ഇറങ്ങി. പോകുന്നവഴിക്ക്‌ തെക്കേലെ പൊന്നപ്പനേയും കൂട്ടുവിളിച്ചു. പൊന്നപ്പന്‍ ഞങ്ങളുടെ വീട്ടിലും മറ്റും കൂലിപ്പണിക്കു വരുന്നയാളാണ്‌. അത്യാവശ്യം സൈക്ലിംഗ്‌ അറിയാം.

വീട്ടില്‍നിന്നും നമ്മുടെ വയല്‍വരെ സാമാന്യം ഭേദപ്പെട്ട ഒരു വഴിയുണ്ടെങ്കിലും സൈക്കിളില്‍ കയറിയല്ല, അതും തള്ളിക്കൊണ്ടാണു എന്റെ പോക്ക്‌. കാരിയറില്‍ ഇരുന്ന് ചവിട്ടി പോകാനൊക്കുമോ? നാണക്കേട്‌.

വയലിലേക്ക്‌ ഇറങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ ചരല്‍ക്കല്ലുകള്‍ നിറഞ്ഞ ഒരു ഇറക്കമാണ്‌. അവിടെ ഞാന്‍ ഫ്രന്റ്‌ ബ്രേയ്ക്കും, ബായ്ക്ക്‌ ബ്രേയ്ക്കും മാറിമാറി പിടിച്ച്‌ മൂക്കുകയറില്ലാത്ത ഒരു പശുവിനെ കൊണ്ടുപോകുന്നതുമാതിരി ഞാനാ സൈക്കിളുമായി ഒരുവിധത്തില്‍ വീഴാതെ വയലിലെത്തി.

ഒന്നുരണ്ടു റൗണ്ട്‌ കാരിയറില്‍ ഇരുന്നു ചവിട്ടി ആത്മവിശ്വാസം വരുത്തി. ഇനി സീറ്റില്‍കയറിയൊന്ന് ഇരുന്നുനോക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു.

"പൊന്നപ്പാ, ഇനി ഞാന്‍ സീറ്റില്‍ ഇരുന്നു ചവിട്ടാം, പൊന്നപ്പന്‍ കാരിയറില്‍ പിടിച്ച്‌ സൈക്കിള്‍ ബാലന്‍സില്‍ നിര്‍ത്തിക്കൊണ്ട്‌ പുറകേ ഓടണം.... ഞാന്‍ പറയാതെ പിടിവിടരുത്‌?" ഞാന്‍ എന്റെ പ്ലാന്‍ അവതരിപ്പിച്ചു. പൊന്നപ്പന്‍ സമ്മതം മൂളി.

അങ്ങനെ പൊന്നപ്പന്റെ ബലിഷ്ഠകരങ്ങങ്ങളില്‍ സ്റ്റെഡിയായി നില്‍ക്കുന്ന സൈക്കിളിലേക്ക്‌, ആനപ്പുറത്തു പാപ്പാന്‍ കയറിയിരിക്കുന്ന ഭാവാദികളൊടെ ഞാന്‍ കയറിയിരുന്നു. സൈക്കിള്‍ വിടാതെപിടിച്ചോണം എന്ന് പൊന്നപ്പനെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ച്‌, ഗീവര്‍ഗ്ഗീസ്‌ പുണ്യാളനേയും മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ സൈക്കിള്‍ മുന്നോട്ട്‌ ചവിട്ടി വിട്ടു. നല്ല രസം....വീഴുന്നതേയില്ല..!! അങ്ങനെ ഒന്നു രണ്ടുറൗണ്ട്‌ പൂര്‍ത്തിയാക്കി....

“കൊള്ളാം....“ ഞാന്‍ മനസ്സിലോര്‍ത്തു..“ഇങ്ങനെ ഒരഞ്ചാറ്‌ ദിവസം പ്രാക്റ്റീസ്ചെയ്താല്‍ നല്ല ബാലന്‍സ്‌ കിട്ടും. അതുകഴിഞ്ഞ്‌ കവലയിലേക്കൊരു പോക്കുണ്ട്‌. എന്നെ കളിയാക്കിയിരുന്നവന്മാരെയൊക്കെ ഒന്നു ഞെട്ടിക്കണം“.

ഇങ്ങനെയുള്ള സ്വപ്നങ്ങളുംകണ്ട്‌, മൂന്നാം റൗണ്ട്‌ എടുത്തപ്പോള്‍ ഞാനൊന്നു ഞെട്ടി... പൊന്നപ്പനതാ ഞാന്‍ ആദ്യം റൗണ്ട്‌ തുടങ്ങിയിടത്തു നില്‍ക്കുന്നു...!! ഇതാരപ്പാ,പൊന്നപ്പന്റെ ഡ്യൂപ്പോ? അതോ പൊന്നപ്പന്‍ സൈക്കിളില്‍നിന്ന് പിടിവിട്ടതോ? ഞാനൊന്നു തിരിഞ്ഞുനോക്കി. സൈക്കിള്‍ കാരിയറില്‍ ആരും പിടിച്ചിട്ടില്ല....

"പൊന്നപ്പാ ചതിയാ നീ എന്തിനീ പാതകം ചെയ്തു എന്ന് മനസ്സിന്റെ ഒരു പാതി മന്ത്രിച്ചപ്പോള്‍, കടലില്‍ വീഴാതെ ഒരു പി.എസ്‌.എല്‍.വി ബഹിരാകാശത്തെത്തുമ്പോള്‍ ഐ.എസ്‌.ആര്‍.ഓ യിലെ ശാസ്ത്രജ്ഞര്‍ക്കുണ്ടാകുന്നതു പോലൊരു ഫീലിംഗ്‌ മനസ്സിന്റെ മറ്റേപ്പാതിക്കുണ്ടായി. എങ്ങനെ ഫീല്‍ചെയ്യാതിരിക്കും? നിസ്സാര കാര്യമാണോ ഞാന്‍ തനിയെ സൈക്കിള്‍ ഓടിക്കുന്നു എന്നുവെച്ചാല്‍?

"അപ്പൂ, ഇനി കുറച്ചുകൂടി ദൂരേക്ക്‌ ചവിട്ടിപ്പോയ്ക്കോളൂ......ഒരു പ്രശ്നവുമില്ല, നല്ല ബാലന്‍സാണല്ലോ...." പൊന്നപ്പന്‍ പ്രോല്‍സാഹിപ്പിച്ചു. അതുകേട്ട് എനിക്ക്‌ ധൈര്യവും ആത്മവിശ്വാസവും വര്‍ധിച്ചു. മൈതാനത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലേക്കു ഞാന്‍ പതിയെ നീങ്ങി.

എന്റെ ഇരുചെവികളുടെ സൈഡില്‍കൂടി കാറ്റു മൂളിപ്പറന്നു. ആഹാ....എന്തൊരുരസം...!! എനിക്കും സൈക്കിള്‍ ബാലന്‍സ് വശമായിരിക്കുന്നു...!

ഈ വയലിന്റെ ഒരുഭാഗത്തുകൂടി ഒരു വയല്‍വരമ്പു കടന്നുപോകുന്നുണ്ടായിരുന്നു. അതിന്റെ ഇരുവശങ്ങളിലുമായി ചെറിയ കുറ്റിക്കാടുകളും പുല്ല്ലും വളര്‍ന്നു നില്‍ക്കുന്നു. ഞാന്‍ ഒരു മൂളിപ്പാട്ടും പാടി സൈക്കിള്‍ അവിടേക്കുവിട്ടു. പെട്ടന്നാണ്‌ ഒരു കയര്‍ വരമ്പിനു കുറുകെ കിടക്കുന്നത്‌ ഞാന്‍ കണ്ടത്‌. ഇതെവിടുന്ന് വന്നു എന്നു ഞാന്‍ ഒരുനിമിഷം ചിന്തിച്ചു... അപ്പോഴാണ് ഒരു പശുവിന്റെ മുതുക് കുറ്റിച്ചെടികളുടെ ഇടയിലൂടെ കണ്ണില്‍ പെട്ടത്. ഓ...നാണിത്തള്ളയുടെ പശു വരമ്പിന്റെ എതിര്‍വശത്തായിനിന്ന് പുല്ലുതിന്നുകയാണ്‌.

അപ്പോഴേക്ക്‌ സൈക്കിളിന്റെ ഫ്രന്റ്‌വീല്‍ കയറിനുമുകളില്‍ക്കൂടി അപ്പുറം കടന്നുകഴിഞ്ഞിരുന്നു. പരിചയമില്ലാത്ത എന്തോ ഒരു ശബ്ദം കേട്ടിട്ടാവണം, പേടിച്ചുപോയ പശു അത്‌ നിന്ന വശത്തേക്ക്‌ ചാടുകയും, തറനിരപ്പില്‍കിടന്ന കയര്‍ ഏകദേശം ഒരൊന്നാരയടി പൊക്കത്തില്‍ പൊങ്ങുകയും ചെയ്തു‌. ഈ സമയത്ത്‌ ഒരു സൈക്കിള്‍ അതിലേകൂടി വരുമെന്ന് പശു എങ്ങനറിയാന്‍? അഥവാ അറിഞ്ഞാല്‍ത്തന്നെ ഓടരുത്‌, കയര്‍വലിയും എന്നൊക്കെ തോന്നാനുള്ള ബുദ്‌ധി പോത്തിനെന്നല്ല, ഈ വക ജന്തുക്കള്‍ക്കൊന്നും ദൈവംതമ്പുരാന്‍ കൊടുത്തിട്ടില്ലല്ലോ ?

എന്തിനേറെ പറയുന്നു, പൊങ്ങിയ കയറില്‍ പുറകിലത്തെ വീല്‍തട്ടി സൈക്കിളും ഞാനും ഒന്നിച്ച്‌ കുറ്റിക്കാട്ടിലേക്ക്‌ മറിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പോഴുണ്ടായ ശബ്ദംകേട്ട്‌ ആദ്യമേ വിരണ്ടുനിന്നിരുന്ന പശുവിന്‌, ബൂസ്റ്റ്‌ കുടിച്ചിട്ട്‌ പരസ്യത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ ശക്തികൂടി സിക്സര്‍ അടിക്കുന്നതുപോലെ, സ്റ്റാമിന വര്‍ദ്ധിച്ചു, കയര്‍ വീണ്ടും വലിച്ചു. പെട്ടന്നുണ്ടായ ഈ അതിശക്തമായ വലിയില്‍‍‍പ്പെട്ട്‌ അതിനെ കെട്ടിയിരുന്ന ബലഹീനമായ ഒരു കുറ്റിച്ചെടി മൂടോടെ പിഴുത്‌ പശുവിന്റെ പിന്നാലെയങ്ങ്‌ പോയി. അത്‌ വന്നുടക്കിയതോ... സൈക്കിളിന്റെ വീലുകള്‍ക്കിടയിലും!!

പിന്നീട്‌ നടന്നത്‌ ഇന്നും ചിലപേടിസ്വപ്നങ്ങളുടെ ഇന്റര്‍വെല്‍സമയങ്ങളില്‍ ഞാന്‍ കാണാറുണ്ട്‌. പേടിച്ചുവാലും പൊക്കി, പിന്നാലെ പൊടിപറത്തി വലിഞ്ഞുനീങ്ങുന്ന സൈക്കിളുമായി പശുമുമ്പില്‍ക്കണ്ടവഴിയേ ഒരൊറ്റയോട്ടം. അതിന്റെ കയറിന്റെ അറ്റത്തു തുങ്ങി എന്റെ സൈക്കിള്‍ . വലില്‍നിന്ന്‌ അടുത്ത പറമ്പിലേക്ക്‌ കയറി, അവിടെനിന്നിരുന്ന മൂന്നാലുമൂട്‌ കപ്പയും പിഴുത്‌, പറമ്പിലും വഴിയിലുമായി കയറിയിറങ്ങി പശു വച്ചുപിടിക്കുകയാണ്‌. അതിന്റെയൊരു സ്റ്റാമിന അപാരം തന്നെ! പശുവിനെ തെറിവിളിച്ചുകൊണ്ടു പൊന്നപ്പന്‍ കൈയ്യില്‍കിട്ടിയ ഒരു പത്തലുമായി പിന്നാലെയുണ്ട്.

പെട്ടന്നുണ്ടായ ഇത്രയും സംഭവവികാസങ്ങളില്‍പ്പെട്ട്‌ പരവശനായിപ്പോയ ഞാന്‍ പെട്ടന്ന് സമനിലവീണ്ടെടുത്തു ചാടിയെണീറ്റു. കാലിലും കൈയ്യിലും തൊലിപോയതൊന്നും വകവയ്ക്കാതെ ഇടതുകാലിലെ പൊട്ടിയ സ്ലിപ്പര്‍ വലതുകൈയ്യിലും, പൊട്ടാത്ത സ്ലിപ്പര്‍ വലതുകാലിലും ഇട്ട്‌ ഞൊണ്ടി ഞൊണ്ടി ഞാനും പിന്നാലെ ഓടി.

ഭാഗ്യം...പശുവിനൊരു റിയര്‍വ്യൂ മിറര്‍ ഇല്ലാതെപോയത്‌. അല്ലെങ്കില്‍ പുറകേ വരുന്ന സൈക്കിളും, അതുപറത്തുന്ന പൊടിയും, പിന്നാലെ വടിയുമായിവരുന്ന പൊന്നപ്പനേയും എന്നേയും കണ്ട്‌ അത് സ്പീഡ്‌ കൂട്ടി വേറെവല്ലയിടത്തും ചെന്നെത്തിയേനെ.

എന്തായാലും ഓടി നാണിത്തള്ളയുടെ വീട്ടിലേക്കുള്ള വഴിയിലേക്കാണ് പശു കടന്നത്. ആശ്വാസം......"നാണിത്തള്ളേ, ഇതാ നോക്കൂ ഞാനെന്തു കുന്ത്രാണ്ടമാണ്‌ കൊണ്ടുവന്നിരിക്കുന്നേ....." എന്ന ഭാവത്തില്‍ പശു രണ്ടുമൂന്നു പ്രാവശ്യം അമറി. അമറല്‍കേട്ട്‌ തള്ളയെത്തി, പശുവിനെ സമാശ്വസിപ്പിച്ച്‌ നെറ്റിയില്‍ തലോടി അവിടെനിര്‍ത്തിയപ്പോഴേക്കും, ഓടിക്കിതച്ച്‌ പൊന്നപ്പനും ഞാനും അവിടെയെത്തി പശുവിന്റെ കസ്റ്റഡിയില്‍നിന്നും സൈക്കിള്‍ പിടിച്ചെടുത്തു.

ഞാനൊന്നേ നോക്കിയുള്ളൂ ...എന്റമ്മോ, സൈക്കിളൊരു പരുവത്തിലായിരിക്കുന്നു. രണ്ടറ്റവും ഒട്ടിച്ച "ഗ" പോലെ വളഞ്ഞ വീലുകളും പെയിന്റുപോയ ബോഡിയുമുള്ള സൈക്കിള്‍ തോലിലേറ്റി നാട്ടുകാരോടുമുഴുവന്‍ നടന്ന കഥയും പറഞ്ഞുകൊണ്ട്‌ നടക്കുന്ന പൊന്നപ്പന്റെ പിന്നാലെ നടക്കുമ്പോള്‍ വീട്ടിലെത്തിയാലുള്ള പൂരം മനസ്സിലോര്‍ക്കുകയായിരുന്നു ഞാന്‍.


ഒരനുബന്ധം.....

പതിമൂന്നു കൊല്ലങ്ങള്‍ക്കു ശേഷം എന്റെ വിവാഹത്തിനു തലേആഴ്ച ഒരു സന്ധ്യാസമയം. ഗള്‍ഫില്‍നിന്നും അവധിക്കു വന്നതാണ്. കല്യാണം കഴിഞ്ഞിട്ട്‌, ബൈക്ക്‌ ഓടിക്കാനറിയില്ല എന്നു പുതുപ്പെണ്ണിനോട്‌ പറയുന്നത്‌ ചമ്മലല്ലേ എന്നു കരുതി, പഴയ സൈക്കിള്‍ ബാലന്‍സ്‌ ഒന്നു പുറത്തെടുത്ത്‌ പൊടിതുടച്ചു മിനുക്കാം എന്ന ഉദ്ദേശ്യത്തോടെ ഷിജുവിനോട് ഞാനെന്റെ ഇംഗിതം അറിയിച്ചു.

നാട്ടില്‍ കാലം മാറിയതിനനുസരിച്ച്‌ പല കോലങ്ങളും മാറിയിരിക്കുന്നു. പഴയ തോട്‌ കം റോഡ്‌ ടാറായി, സൈക്കിളിന്റെ സ്‌ഥാനം കൈനെറ്റിക്‌ ഹോണ്ടാ ഏറ്റെടുത്തിരിക്കുന്നു. ഷിജു ഞാന്‍ മുമ്പിലുമായി കൈനെറ്റിക്കില്‍ കയറി.

"ബ്രെയ്ക്ക്‌ പിടിച്ച്‌ സ്റ്റാര്‍ട്ട്‌ ബട്ടണ്‍ അമര്‍ത്തി, പതുക്കെ ആക്സിലെറേറ്റര്‍ കൊടുക്കണം..എന്നിട്ട്‌ പതിയെ ബ്രേയ്ക്ക്‌ വിടുക...'ഷിജു നിർദ്ദേശങ്ങൾ ഒന്നിനുപുറകേ ഒന്നായി തരികയാണ്‌.

"ഓ.കേ... എല്ലാം റെഡി...നീ നോക്കിക്കോ" ഞാന്‍ വണ്ടിവിട്ടു.

റോഡിന്റെ ഇടതുവശത്തു നിന്ന വണ്ടി ഒരു മൂളലോടെ വലതുവശത്തേക്കു പോയി, അവിടെക്കിടന്ന ഒരു ഓട്ടോറിക്ഷായെ തൊട്ടുതൊട്ടില്ലാ എന്ന മട്ടില്‍ പോയതും, ഷിനുഎന്റെ കൈക്കുമുകളിലൂടെ ബ്രേയ്ക്ക്‌ പിടിച്ചതും എനിക്കോര്‍മ്മയുണ്ട്...

വണ്ടി ഒരുവശത്തേക്കു ചരിഞ്ഞതും, ഞാന്‍ റോഡ്‌ സൈഡിലുള്ള വെള്ളമില്ലാത്ത ഓടയിലേക്കു വീണതും ഒന്നിച്ചുകഴിഞ്ഞു.

ഷിജുവും വണ്ടിയും എവിടെ......? അവിടെ കിടന്നു ഞാന്‍ നോക്കി.

ഇരുവശത്തേക്കും കാലുകള്‍ ചവിട്ടി വണ്ടിവീഴാതെ ബാലന്‍സില്‍ വച്ച്‌ ഭസ്മാസുരനെപ്പോലെ ഷിജു എന്നെ നോക്കുന്നതു ഓടയില്‍കിടന്നുകൊണ്ടു ഞാന്‍ കണ്ടു.....

അന്നത്തോടെ ടൂ വീലറുകളെ എന്റെ ശത്രുക്കളായി പ്രഖ്യാപിച്ച്‌, ഫോര്‍വീലറുകളുടെ മിത്രമായി ഞാന്‍ സസുഖം വാഴുന്നു

28 comments:

അപ്പു ആദ്യാക്ഷരി

പ്രിയ ബൂലോക സുഹൃത്തുക്കളേ, തമ്പികളേ, തങ്കച്ചികളേ, നിങ്ങളില്‍ സൈക്കിള്‍ ചവിട്ടാനറിയാത്തവര്‍ എത്ര പേരുണ്ട്‌? താഴെനിന്ന് സൈക്കിളിനിട്ട്‌ ഒരു ചവിട്ടുകൊടുക്കുന്ന കാര്യമല്ല; സൈക്കിള്‍ ബാലന്‍സ്‌ ഉണ്ടോ എന്നാണ്‌ ചോദ്യം. ഇല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മുറിവും, ചതവും, ചമ്മലും എല്ലാംകൂടി കുഴഞ്ഞുമറിഞ്ഞ ഒരു ഓര്‍മ്മക്കുറിപ്പ്‌ ഇതാ.

സുല്‍ |Sul

‘ഠേ..........’
തേങ്ങയിവിടെ.
“കടലില്‍ വീഴാതെ ഒരു പി.എസ്‌.എല്‍.വി ബഹിരാകാശത്തെത്തുമ്പോള്‍ ഐ.എസ്‌.ആര്‍.ഓ യിലെ ശാസ്ത്രജ്ഞര്‍ക്കുണ്ടാകുന്നതു പോലൊരു ഫീലിംഗ്‌ മനസ്സിന്റെ മറ്റേപ്പാതിക്കുണ്ടായി. “

കൊള്ളാം
-സുല്‍

Mubarak Merchant

ഹഹഹഹഹ്ഹ ചിരിച്ചു ചിരിച്ചെന്റെ കൊടവയറിനു നീരു വീണു. സൂപ്പര്‍ പോസ്റ്റ്.

സു | Su

അങ്ങനെ അപ്പു പെയിന്റും പോയി, സൈക്കിളും ഒരു പരുവമാക്കി ഇനിയെന്ത് എന്ന മട്ടില്‍ പോകുന്നത് ഞാന്‍ കണ്ടു.

:)

സൂര്യോദയം

അപ്പൂ... നല്ല പോസ്റ്റ്‌... ശരിയ്ക്കും വിശദീകരിച്ച്‌ എഴുതിയിരിയ്ക്കുന്നു..
"ഭാഗ്യം...പശുവിനൊരു റിയര്‍വ്യൂ മിറര്‍ ഇല്ലാതെപോയത്‌."
തുടങ്ങിയ ചില പ്രയോഗങ്ങള്‍ ഉഗ്രന്‍... :-)

ആഷ | Asha

അപ്പുവിന്റെ അനുഭവം വായിച്ചപ്പോ പഴയ കാലമൊക്കെ വീണ്ടും ഓര്‍ത്തു.:)
ഞാന്‍ ഇതുവരെ സൈക്കിളില്‍ നിന്നും വീണിട്ടില്ല.
സൈക്കിള്‍ പലപ്രാവശ്യം വീണിട്ടുണ്ട് പക്ഷേ ഞാന്‍ സ്റ്റേടിയായിരിക്കും.
ഒരു പ്രാവശ്യം ഒരു കൂട്ടുകാരിയെ പുറകിലിരുത്തി ഒരു ഗട്ടറിന്റെ അരുകില്‍ കൂടെ വന്നതും അവിടെ കിടന്ന മെറ്റലില്‍ കയറി സൈക്കിളും പുറകിലിരുന്നവളും താഴെ ഞാന്‍ സ്റ്റെഡി.:))

ദിവാസ്വപ്നം

:))

like this post. in my home, my brother was the one without cycle balance.

G.MANU

kalakki..but alpam neelam

Peelikkutty!!!!!

“..ഞാനൊന്നു തിരിഞ്ഞുനോക്കി. സൈക്കിള്‍ കാരിയറില്‍ ആരും പിടിച്ചിട്ടില്ല....“..ശരിക്കും മനസ്സിലാവും‌ ആ സന്തോഷം!..പൊന്നപ്പനും‌ അപ്പൂനും പകരം‌ ഞാനും‌ അച്ഛനും ആയിരുന്നൂ എന്നു മാത്രം..:)

Unknown

‘ആദ്യമേ വിരണ്ടുനിന്നിരുന്ന പശുവിന്‌, ബൂസ്റ്റ്‌ കുടിച്ചിട്ട്‌ പരസ്യത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ ശക്തികൂടി സിക്സര്‍ അടിക്കുന്നതുപോലെ, സ്റ്റാമിന വര്‍ദ്ധിച്ചു, ‘
അപ്പൂസേ,
നന്നായിട്ടുണ്ട്.

തമനു

അപ്പുവേ ... കലക്കി,

സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചതിന്റെ തുടക്കത്തില്‍, സ്കൂളില്‍ വച്ച് മൂങ്ങാശ്ശേരിയിലെ ജോസിന്റെ സൈക്കില്‍ കടം വാങ്ങീ ഞാന്‍ ബീനയുടേ മുന്‍പില്‍ ഷൈന്‍ ചെയ്യാനും ഇതുപോലെ ഒന്നു ചവുട്ടി. അതും സ്പീഡ് പോരാഞ്ഞ്‌ എഴുനേറ്റ് നിന്ന്‌. മൂ‍ന്നാമത്തെ ചവിട്ടില്‍ പെഡലില്‍ നിന്നും കാലുതെന്നിപ്പോയ ഒരോര്‍മ്മയുണ്ട്.

വിശാല്‍ജിയുടെ ഉപമ കടമെടുത്തു പറയുകയാണെങ്കില്‍ പിന്നെല്ലാം നെഗറ്റീവ് പോലെയാരുന്നു കുറേനേരത്തേക്ക്‌ കണ്ടത്‌.

പോസ്റ്റിന്റെ നീളം കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം (ബെസ്റ്റ്‌ , ഞാന്‍ തന്നെയിത്‌ പറയണം..).

കൂടുതല്‍ വീഴ്‌ചകള്‍ പോരട്ടെ. ആശംസകള്‍

...പാപ്പരാസി...

മൂന്നാം റൗണ്ട്‌ എടുത്തപ്പോള്‍ ഞാനൊന്നു ഞെട്ടി... മറ്റൊരു പൊന്നപ്പനതാ ഞാന്‍ ആദ്യം റൗണ്ട്‌ തുടങ്ങിയിടത്തു നില്‍ക്കുന്നു...!ഇതാരപ്പാ,പൊന്നപ്പന്റെ ഡ്യൂപ്പോ?

അല്ലെങ്കിലും ഈ മാഷന്മാര്‌ ഇങ്ങനെ തന്നാ ,നമുക്ക്‌ കോണ്‍ഫിഡന്‍സ്‌ ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യും ഞാനുമൊരിക്കെ ബലിയാടായിട്ടുണ്ട്‌.കലക്കി മാഷെ....ചിരിച്ച്‌ ചിരിച്ച്‌ മരിക്കാറായി...ഇനീം ഇല്ലേ സ്റ്റോക്കുകള്‍ ഒാരോന്നായി പോന്നോട്ടെ.....

Siju | സിജു

അപ്പ്വേട്ടാ.. സൂപ്പര്‍ട്ടാ..

Sathees Makkoth | Asha Revamma

അപ്പൂ,
സത്യം പറയട്ടെ. ഇതു വായിച്ചപ്പോള്‍ എനിക്ക്
എന്താശ്വസമാണ് തോന്നിയതെന്നോ.
സംഗതി സിമ്പിള്‍!
എനിക്കും ഈ സൈക്കിളും ബൈക്കുമൊക്കെ
കാണുന്നതേ കലിയാ...
അല്ലെങ്കിലും ആരാ ഇതൊക്കെ ഓടിക്കുന്നേ.
ഒരു 4 വീലര്‍ മേടിച്ചിട്ട് വേണം എനിക്ക്
അപ്പുവിന്റെ ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് എടുക്കുവാന്‍!!!!

കുട്ടിച്ചാത്തന്‍

ചാത്തനേറ്: എന്റെ സൈക്കിള്‍ പഠനവും ഒരുപോസ്റ്റാക്കാന്‍ തോന്നണു, ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് വീണില്ലെങ്കിലും ഒരു വീഴ്ച ഉണ്ട്, കോപ്പിയടീന്നു പറയൂലല്ലോ?

അപ്പു ആദ്യാക്ഷരി

സൈക്കിളില്‍ കയറിയ എല്ലാവര്‍ക്കും നന്ദി...
സുല്ലണ്ണാ...തേങയ്ക്ക് നന്ദി.
ഇക്കാസ്, സുവേച്ചി, സൂര്യോദയം :-)
ആശ, ആളുകൊള്ളാളല്ലോ..
ദിവാ...മനു... :)
പീലിക്കുട്ടീ... :-))
പൊതുവാള്‍, തമനു.... അഭിനന്ദനങ്ങള്‍ക്ക് നന്ദി.
ജാലകം, സിജു... :-)
സതീശാ... ബൂലോകത്തു എനിക്ക് കൂട്ടിനാളായല്ലോ!!
ചാത്താ... എഴുതിക്കോളൂ.... കോപ്പിയാണെന്ന് ഞാന്‍ പറയിലാ‍...

Sherlock

ഹ ഹ..കഥ കലക്കിയിട്ടുണ്ടുട്ടോ...

അല്ലാ..അന്നു വീട്ടില്‍ ചെന്നിട്ട് എന്തു സംഭവിച്ചെന്നു പറഞ്ഞില്ലല്ലോ?..

മുക്കുവന്‍

മാഷെ , ഐ.എസ്‌.ആര്‍.ഓ തൊഴിലാളികളെ ഇങ്ങനെ വാരണോ? ഒരു പാവം എക്സ് ഐ.എസ്‌.ആര്‍.ഓ തൊഴിലാളി....

ന്നാലും ഇഷ്ടായിട്ടാ..

അപ്പു ആദ്യാക്ഷരി

പ്രിയ മുക്കുവാ... ഞാന്‍ ഐ.എസ്.ആര്‍.ഓ തൊഴിലാളികളെ വാരിയതല്ല. സൈക്കിള്‍ ബാലന്‍സ് എന്നസംഭവത്തെ റോക്കറ്റ് ടെക്നോളജിയായികരുതിയ എന്നെത്തന്നെ വാരിയതാ.

ജിഹേഷ്.. :-) നന്ദി.

Rasheed Chalil

......"നാണിത്തള്ളേ, ഇതാ നോക്കൂ ഞാനെന്തു കുന്ത്രാണ്ടമാണ്‌ കൊണ്ടുവന്നിരിക്കുന്നേ....." എന്ന ഭാവത്തില്‍ പശു രണ്ടുമൂന്നു പ്രാവശ്യം അമറി...

അപ്പുവേ ഇത് കലക്കി ചുള്ളാ.

Sona

നല്ല കുറിപ്പ്..

P Das

:)

കുതിരവട്ടന്‍ | kuthiravattan

:-)

രാജേഷ്‌ ടി. നായര്‍ | Rajesh T Nair

വളരെ നന്നായിട്ടുണ്ട്‌ അപ്പൂസ്‌
:-)

ശ്രീ

അപ്പുവേട്ടാ...
കമന്റണ്ടാന്നു പറഞ്ഞെങ്കിലും... ഇതും വായിച്ചു മിണ്ടാതെ പോകുന്നതെങ്ങനെ?

“കടലില്‍ വീഴാതെ ഒരു പി.എസ്‌.എല്‍.വി ബഹിരാകാശത്തെത്തുമ്പോള്‍ ഐ.എസ്‌.ആര്‍.ഓ യിലെ ശാസ്ത്രജ്ഞര്‍ക്കുണ്ടാകുന്നതു പോലൊരു ഫീലിംഗ്‌ മനസ്സിന്റെ മറ്റേപ്പാതിക്കുണ്ടായി.”

"നാണിത്തള്ളേ, ഇതാ നോക്കൂ ഞാനെന്തു കുന്ത്രാണ്ടമാണ്‌ കൊണ്ടുവന്നിരിക്കുന്നേ....." എന്ന ഭാവത്തില്‍ പശു രണ്ടുമൂന്നു പ്രാവശ്യം അമറി.”

ഇതൊക്കെ കലക്കീട്ടോ... ഹ ഹ
:)

ശ്രീവല്ലഭന്‍.

ഇതും ഇഷ്ടപ്പെട്ടു. ചിരിച്ചു...

സ്നേഹിതന്‍

Chirichu chirichu maduthu ..

Nice narration keep it up .Expect more from you . All the best ...

സുധി അറയ്ക്കൽ

നന്നായിട്ടുണ്ട്‌.ആസ്വദിച്ചു...

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP