09-09-09 : ദുബായ് മെട്രോ ഭാവിയിലേക്ക് ....
ദുബായ് നഗരത്തിന്റെ അനന്യസാധാരണവും ദൃതഗതിയിലുള്ളതുമായ വളർച്ചയിൽ മറ്റൊരു നാഴികക്കല്ല് നാട്ടിക്കൊണ്ട് ദുബായ് മെട്രോറെയിൽ നാളെ മുതൽ സർവ്വീസ് ആരംഭിക്കുന്നു. ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് റാഷിദ് അൽ മഖ്തൂം ആണ് ദുബായ് മെട്രോയുടെ ഔദ്യോഗിക ഉത്ഘാടനം നിർവ്വഹിക്കുന്നത്. ഇതോടുകൂടി മെട്രോട്രെയിൻ സർവ്വീസുള്ള ആദ്യ ഗൾഫ് നഗരമായിമാറുകയാണ് ദുബായ്. പ്ലാൻ ചെയ്യുന്ന പ്രോജക്റ്റുകൾ എല്ലാം സമയാനുസൃതമായി പൂർത്തിയാക്കിയ ചരിത്രമുള്ള ദുബായ് നഗരത്തിന് ഈ പ്രോജക്റ്റിലും പിഴവുസംഭവിച്ചില്ല. ഏകദേശം മൂന്നരവർഷം (മാർച്ച് 2006) മുമ്പ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി ((RTA) ഈ സ്വപ്നപദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾതന്ന അതിന്റെ ആദ്യഘട്ടത്തിന്റെ ഉത്ഘാടനത്തിനായി നിശ്ചയിച്ചിരുന്ന തീയതിയാണ് 2009 സെപ്റ്റംബർ 9 (09-09-09). ആ പ്രഖ്യാപനമാണ് നാളെ യാഥാർത്ഥ്യമാകുന്നത്.
ലോകത്തെ മറ്റു പലനഗരങ്ങൾക്കും സാദ്ധ്യമാവാത്ത ഒന്നാണ് ഈ രീതിയിലുള്ള വൻപദ്ധതികളുടെ സമയാനുബന്ധിതമായ പൂർത്തീകരണം എന്നുപറയുമ്പോൾ അതിൽ അതിശയോക്തി തീരെയില്ല. വെറും മൂന്നര വർഷംകൊണ്ടാണ് ഈ ബൃഹത്പദ്ധതി പൂർത്തിയായിരിക്കുന്നത്. 2800 കോടി ദിർഹം (ഏകദേശം 37000 കോടി രൂപ) ആണ് റെഡ്-ലൈനിന്റെ മാത്രം നിർമ്മാണച്ചെലവ്. ദുബായ് നഗരത്തിന്റെ ഭാവി വികസനങ്ങളുടെയും പബ്ലിക് ട്രാൻസ്പോർട്ടേഷൻ സൌകര്യങ്ങളുടെയും നട്ടെല്ലായാണ് മെട്രോ റെയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
1990 കളുടെ ആദ്യം ദുബായ് നഗരത്തിന്റെ മുഖച്ഛായ ഇന്നുകാണുന്ന രീതിയിലായിരുന്നില്ല. റോഡു മാർഗ്ഗമുള്ള ഗതാഗതക്കുരുക്കുകൾ അന്ന് സാധാരണജനങ്ങൾക്ക് അനുഭവേദ്യവുമായിരുന്നില്ല. എന്നാൽ വളരെ ദീർഘവീക്ഷണമുണ്ടായിരുന്ന ഭരണാധികാരികൾ അന്നുതന്നെ നഗരത്തിന്റെ വളർച്ചയിൽ വർഷങ്ങൾക്കു ശേഷമുണ്ടാവാൻ പോകുന്ന വികസനവും, റോഡുഗതാഗതത്തിൽ വരാൻ പോകുന്ന ഭീമമായ വർദ്ധനയും, അതോടൊപ്പം ആവശ്യമായി വരുന്ന അടിസ്ഥാനസൌകര്യങ്ങളുടെ വികസനങ്ങളും മനസ്സിൽകണ്ടിരുന്നു. 1997 ൽ നടത്തിയ ഒരു പഠനത്തിൽ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് മെട്രോ റെയിൽ പദ്ധതി. തൊണ്ണൂറുകളുടെ തുടക്കത്തിലെ ദുബായിയും ഇന്നത്തെ ദുബായിയും തമ്മിലുള്ള വ്യത്യാസം ഈ ഫോട്ടോയിൽ കാണാം! ദീർഘവീക്ഷണം എന്നാലെന്താണ് എന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം. 2003 ആയപ്പോഴേക്കും പ്രതീക്ഷിച്ചിരുന്നതുപോലെ വാഹനങ്ങളുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായി. 2005 ലാണ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നിലവിൽ വന്നത്. തൊട്ടടുത്തവർഷം തന്നെ ദുബായ് മെട്രോ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 2006 മാർച്ച് 21 ന് ദുബായ് മെട്രോയുടെ ആദ്യഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
Red-line, Green-line and Purple-line എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്ന മുന്നു വ്യത്യസ്ത പാതകളുൾക്കൊള്ളുന്ന ദുബായ് മെട്രോ പദ്ധതിയിലെ 52.1 കിലോമീറ്റർ നീളം വരുന്ന ചുവപ്പു പാതയാണ് നാളെ പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രീൻലൈൻ അടുത്തവർഷം മധ്യത്തോടെ പണി പൂർത്തീകരിക്കത്തക്കവിധം നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദുബായ് ഇന്റർനാഷനൽ എയർപോർട്ടിനടുത്തുള്ള റഷീദിയ സ്റ്റേഷൻ മുതൽ ജബൽ അലി ഫ്രീസോൺ വരെ നീളുന്ന ചുവന്ന പാത ഈ പാത ദുബായിയിലെ പ്രധാന ഹൈവേ ആയ ഷേയ്ഖ് സായിദ് റോഡിനു സമാന്തരമായാണ് അതിന്റെ ഭൂരിഭാഗം വരുന്ന ഭാഗങ്ങളിലും കടന്നുപോകുന്നത്.
ദേര, ബർദുബായ് നഗരങ്ങളുടെ ഹൃദയഭാഗങ്ങൾ വഴികടന്നുപോകുന്ന ഏകദേശം അഞ്ചുകിലോമീറ്ററോളം വരുന്ന ഭാഗം പൂർണ്ണമായും ഭൂഗർഭതുരങ്കങ്ങൾ വഴിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിലുള്ള സ്റ്റേഷനുകളും ഭൂമിക്കടിയിൽ തന്നെ. ബാക്കിയുള്ള മുഴുവൻ ഭാഗങ്ങളും ഒറ്റത്തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന വയഡക്റ്റ് ബ്രിഡ്ജ് വഴിയും കടന്നുപോകുന്നു. ഈ ഭാഗങ്ങളിലുള്ള സ്റ്റേഷനുകളെല്ലാംതന്നെ ഭൂനിരപ്പിൽ നിന്നും ഉയർന്ന നിരപ്പിലാണുള്ളത്. സ്റ്റേഷനുകളോടു ബന്ധിപ്പിച്ച് ഹൈവേയുടെ മറുവശത്തേക്ക് യാത്രക്കാർക്ക് എത്തുവാനുള്ള എയർകണ്ടീഷൻഡ് ഫുട്-ബ്രിഡ്ജുകളും ഉണ്ട്.
ഒട്ടനവധി പ്രത്യേകതകളുള്ളതാണ് ദുബായ് മെട്രോ. ട്രെയിനുകളും റെയിൽ നെറ്റ്വർക്കും പൂർണ്ണമായും ഓട്ടോമേറ്റഡ് ആണ്. ഡ്രൈവർ ഇല്ലാതെ ഓടുന്ന ട്രെയിനുകൾ കമ്പ്യൂട്ടർ നിയന്ത്രിതമാണ്. ഈ രീതിയിലുള്ള ലോകത്തിലെ രണ്ടാമത്തെ മെട്രോയാണ് ദുബായ് മെട്രോ. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തവയാണ് സ്റ്റേഷനുകളും ട്രെയിനുകളും. ഇരുവശത്തേക്കും കടന്നുപോകുന്ന ഡബിൾ ലൈനുകളിലായി 44 ട്രെയിനുകളാണ് നാളെമുതൽ റെഡ് ലൈനിൽ സർവ്വീസ് നടത്തുക. ക്രമേണ ഇത് 62 ആയി വർദ്ധിപ്പിക്കും. രാവിലെ 5 മണിമുതൽ രാത്രി 12:30 വരെ ട്രെയിനുകൾ സർവ്വീസ് നടത്തും. അഞ്ചു കമ്പാർട്ട്മെന്റുകൾ വീതമാണ് ഓരോ ട്രെയിനിലും ഉള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി മാത്രം റിസർവ് ചെയ്തിരിക്കുന്ന ഒരു കമ്പാർട്ട്മെന്റും നാലു ജനറൽ കമ്പാർട്ട്മെന്റുകളുമാണ് ഓരോ ട്രെയിനിലും ഉണ്ടാവുക.
സ്റ്റേഷനുകളും അത്യന്താധുനികമാണ്. അവയുടെ രൂപം മുത്തുച്ചിപ്പിയെ ഓർമ്മിപ്പിക്കുന്നു. എല്ലാ ആധുനിക സൌകര്യങ്ങളും കൂട്ടിയിണക്കിയിരിക്കുന്ന ഈ സ്റ്റേഷനുകൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നു. സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈ ഇന്റർനെറ്റ് കണക്ഷൻ സൌജന്യമാണ്. സ്റ്റേഷനുകളുടെയും, ട്രെയിനുകളുടെയും, റെയിൽവേ ലൈനിന്റെ നിർമ്മാണത്തിലും ദുബായിയുടെ പ്രത്യേകതയായ ‘ഫിനിഷിംഗ് ടച്ച്’ കാണാവുന്നതാണ്. യാതൊരു പിശുക്കും കാണിക്കാതെ, ഏറ്റവും മനോഹരമായ ഫിനിഷിംഗ് മെട്രോയുടെ എല്ലാ ഭാഗങ്ങളിലും നൽകിയിരിക്കുന്നു - റെയിൽ കടന്നുപോകുന്ന ബ്രിഡ്ജുകളുടെ പെയിന്റിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ.
ട്രെയിനുകളും പ്രത്യേകതകളുള്ളവതന്നെ. കമ്പാർട്ട്മെന്റുകളുടെ ഉള്ളിൽ ട്രെയിൻ ഓടുന്നതിന്റെ ശബ്ദമോ, റെയിൽവേട്രാക്കിന്റെ പരിസരങ്ങളിൽ ട്രെയിൻ ഓടുന്നതിന്റെ വിറയലോ ഇല്ല. നിശ്ശബ്ദട്രെയിനുകൾ എന്നുതന്നെ പറയാം. ആധുനിക വാർത്താവിനിമയ സൌകര്യങ്ങളും, സേഫ്റ്റി സംവിധാനങ്ങളും ട്രെയിനുകളിൽ ഉണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ സാധിക്കുന്നവയാണ് ഈ ജപ്പാൻ നിർമ്മിത ട്രെയിനുകൾ. പക്ഷേ ദുബായ് മെട്രോയിൽ ഇത്രയധികം സ്പീഡിൽ ഇവ ഓടുന്നില്ല - അടുത്തടുത്ത് സ്റ്റേഷനുകൾ ഉള്ളതിനാൽ. റെഡ് ലൈനിലെ 51 കിലോമീറ്റർ ദൂരം 60 മുതൽ 63 വരെ മിനുറ്റുകൾ കൊണ്ട് ഓടിയെത്താൻ പാകത്തിലാവും ട്രെയിനുകളുടെ വേഗതക്രമീകരിക്കുന്നത്.
ദുബായിയിലെ പ്രധാന റെസിഡൻഷ്യൽ ഏരിയകളേയും, ഷോപ്പിംഗ് സെന്ററുകളേയും, ബിസിനസ് സെന്ററുകളേയും, വിനോദസഞ്ചാരകേന്ദ്രങ്ങളേയും, എയർപോർട്ട്, ബസ്, വാട്ടർട്രാൻസ്പോട്ട് സർവ്വീസ് സ്റ്റേഷനുകളേയും ബന്ധിപ്പിച്ചുകൊണ്ടാണ് മെട്രോ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ നിലവിൽ ദുബായ് നിരത്തുകളിൽ അനുഭവപ്പെടുന്ന ട്രാഫിക് പ്രശ്നങ്ങൾക്ക് വലിയൊരളവു വരെ പരിഹാരം മെട്രോയുടെ വരവോടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിലാണ് മെട്രോയുടെ ടിക്കറ്റ് നിരക്കുകൾ നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. Nol കാർഡുകൾ എന്നറിയപ്പെടുന്ന ഇലക്ട്രോണിക് പ്രീപെയ്ഡ് കാർഡുകൾ ഉപയോഗിച്ചാണ് ടിക്കറ്റുകൾ എടുക്കേണ്ടത്. മെട്രോയെ മൂന്നു സോണുകളായി തിരിച്ചിരിക്കുന്നു. ഓരോ സോണിനും അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകൾ. ഏറ്റവും കുറഞ്ഞ നിരക്ക് 1.8 ദിർഹം ആണ്. ഇതുകൂടാതെ ഇതേ നോൾ കാർഡുകൾ ദുബായിയിലെ ബസ്-ബോട്ട്-മെട്രോ ടിക്കറ്റുകൾക്കായി ഉപയോഗിക്കാം എന്ന സൌകര്യവുമുണ്ട്. അതുകൊണ്ട് ഒരു ദിവസത്തെ പരമാവധി ടിക്കറ്റ് 14 ദിർഹം എന്ന് നിജപ്പെടുത്തിയിരിക്കുന്നു. അതായത് 14 ദിർഹം ടിക്കറ്റ് ഉപയോഗിച്ച് ഒരു ദിവസം മുഴുവൻ RTA യുടെ സിറ്റി ട്രാൻസ്പോർട്ട് സൌകര്യങ്ങൾ (മെട്രോയിലെ ഗോൾഡ് ക്ലാസ് ഒഴികെ) ഉപയോഗിക്കാം. പ്രധാന സ്റ്റേഷനുകളോടൊപ്പം വലിയ ബഹുനില കാർപാർക്കിംഗ് സൌകര്യങ്ങളും RTA ഒരുക്കിയിരിക്കുന്നു. മെട്രോയാത്രക്കാർക്ക് സൌജന്യമാണ് പാർക്കിംഗ്.
Water, Air, Fire എന്നീ തീമുകളെ അടിസ്ഥാനമാക്കിയാണ് മെട്രോ സ്റ്റേഷനുകളുടെ ഇന്റീരിയർ ഡിസൈനിംഗ് ചെയ്തിരിക്കുന്നത്. ഈ ഓരോ തീമിനും ചേരുന്ന രീതിയിലുള്ള വർണ്ണങ്ങൾ, ടെക്സ്ചറുകൾ, മറ്റു ഡെക്കറേഷനുകൾ എല്ലാം ഓരോ സ്റ്റേഷനും സ്വന്തം! ഗ്രീൻ ലൈനിൽ ദുബായ് നഗരത്തിന്റെ സ്വന്തമായ അറബ് വാസ്തുശില്പകലാ പാരമ്പര്യം അതേപടി പുനർനിർമ്മിച്ചിരിക്കുന്ന സ്റ്റേഷനുകളും ഉണ്ട്. റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ RTA ലേലം വഴി കോർപ്പറേറ്റ് കമ്പനികൾക്ക് നൽകിയിരുന്നു. യു.എ.ഇ യിലെ കോർപ്പറേറ്റ് കമ്പനികളുടെ പേരുകളിലാണ് സ്റ്റേഷനുകൾ അറിയപ്പെടുക. എമിറേറ്റ്സ് എയർലൈൻസ്, എത്തിഹാദ്, ബുർജ് അൽ അറബ് തുടങ്ങിയ വമ്പന്മാരുടെയെല്ലാം പേരിൽ സ്റ്റേഷനുകൾ ഉണ്ട്.
ട്രാക്കിലേക്ക് തുറക്കുന്ന കക്കൂസുകളില്ലാത്ത ഈ മെട്രോ ട്രെയിനുകളും അതുമായി ബന്ധപ്പെട്ട ശൃഖലയും ഏതെങ്കിലും രീതിയിൽ വൃത്തികേടാക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴകളാണ്! മുറുക്കിത്തുപ്പുക, അലക്ഷ്യമായി പേപ്പറുകളും മറ്റും വലിച്ചെറിയുക, ട്രെയിനിന്റെ ഉള്ളിൽ കുത്തിവരയ്ക്കുക്ക, കോറിയിടുക, സീറ്റിൽ കാലുകയിറ്റി വയ്ക്കുക തുടങ്ങി യാത്രക്കാർ കാണിക്കാൻ സാധ്യതയുള്ള എല്ലാ ‘വൃത്തികേടുകളും’ അവയ്ക്കോരോന്നിനുമുള്ള പിഴസംഖ്യയും ഇപ്പോഴേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ട്രെയിനിന്റെ ഉള്ളിൽ ഭക്ഷണവും പുകവലിയും പാടില്ല. ഓരോ കംപാർട്ട്മെന്റിലും സർവൈലൻസ് ക്യാമറകളും ഇൻസ്പെക്റ്റർ മാരും ഉണ്ടത്രേ. നിയമങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല, അത് ഭംഗിയായി നടപ്പാക്കാനും അറിയാവുന്ന ഈ രാജ്യത്ത് മെട്രോ ട്രെയിൻ വർഷങ്ങൾക്കു ശേഷവും വൃത്തിയായിതന്നെയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട!
2020 ആകുമ്പോഴേക്കും ദുബായ് മെട്രോ ലോകത്തെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃഖല ആയിമാറും എന്നാണ് കണക്കാക്കുന്നത്. അപ്പോഴേക്കും ഈ റെയിൽ ശൃഖലയ്ക്ക് 318 കിലോമീറ്റർ നീളം പ്ലാൻ ചെയ്യുന്നു. ഒരു ദിവസം പന്ത്രണ്ടുലക്ഷം യാത്രക്കാർക്ക് സൌകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യമാണ് RTA വിഭാവനം ചെയ്യുന്നത്.
My Metro, My City: മെട്രോ പ്രവർത്തനം ആരംഭിക്കുന്നതിനു ഏകദേശം ഒരു വർഷം മുമ്പ് തന്നെ സിറ്റിയിലെ ജനങ്ങൾക്ക് മെട്രോയുമായി ഒരു ആത്മബന്ധം സ്ഥാപിക്കുന്നതിനുദ്ദേശിച്ച് RTA ആരംഭിച്ച കാമ്പെയിൻ ആണ് ‘മൈ മെട്രോ മൈ സിറ്റി‘ എന്നത്. പരസ്യപ്രചരണങ്ങൾ, മാധ്യമങ്ങളിൽക്കൂടിയുള്ള അവബോധമുണ്ടാക്കൽ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ പ്രോജക്റ്റിൽ ഉണ്ടായിരുന്നു. പുതിയ ഒരു mode of transport ജനങ്ങൾ നെഞ്ചിലേറ്റുവാൻ വളരെ ഫലപ്രദമായ ഒരു കാമ്പെയിൻ ആയിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്.
സിവിൽ എഞ്ചിനീയറിംഗ് രംഗത്തെ ഏറ്റവും ആധുനിക സാങ്കേതികവിദ്യകളാണ് മെട്രോയുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്. റെഡ് ലൈനിലെ 51.1 കിലോമീറ്റർ നീളത്തിൽ 44.1 കിലോമീറ്റർ നീളവും മെട്രോ റെയിൽ മേൽപ്പാലങ്ങൾ വഴിയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞുവല്ലോ. 4.7 കിലോമീറ്റർ ദൂരം ഭൂഗർഭ തുരങ്കം വഴിയും 3.3 കിലോമീറ്റർ ദൂരം ഗ്രൌണ്ട് ലെവലിലും പാത കടന്നുപോകുന്നു. ഇനി വരാനുള്ള റെയിൽ ലൈനുകളും ഈ രീതിയിൽ മേൽപ്പാലങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഏറെക്കുറെ ഒരേ ലെവലിൽ പോകുന്ന ഈ പാലം, നിലവിലുള്ള റോഡ് ഫ്ലൈഓവറുകൾക്ക് മുകളിലേക്ക് നന്നായി ഉയർന്നും, ചില സ്ഥലങ്ങളിൽ ഫ്ലൈഓവറുകളുടെ അടിയിലേക് താണും, വലിയ ഇന്റർചെയ്ഞ്ചുകളുടെ വശങ്ങളിലേക്ക് വളഞ്ഞും കടന്നുപോകുന്ന കാഴ്ച അത്ഭുതകരം തന്നെ.
മേൽപ്പാലങ്ങളൊന്നും തന്നെ അവ നിൽക്കുന്ന ഭാഗങ്ങളിൽ വച്ച് പരമ്പരാഗത രീതിയിൽ തട്ടടിച്ച് വാർത്ത് എടുത്തവയല്ല. രണ്ടു പില്ലറുകൾക്ക് ഇടയിലുള്ള പാലത്തിന്റെ ഭാഗത്തെ വയഡക്റ്റുകൾ (viaducts) എന്നുവിളിക്കുന്നു. ഓരോ വയഡക്റ്റ് സ്പാനും ‘ചെറിയ കഷണങ്ങൾ’ (പ്രീകാസ്റ്റ് രീതിയിൽ) ചേർത്തുണ്ടാക്കിയവയാണ്. ഈ കഷണങ്ങളെ മെട്രോ യാർഡിൽ വച്ച് വാർത്തുണ്ടാക്കിയതിനു ശേഷം അവയെ വലിയ ട്രെയിലറുകളിൽ, സൈറ്റിൽ എത്തിക്കുകയായിരുന്നു. അതിനുശേഷം, ഒരു മാലയിലെ മുത്തുമണികൾ പോലെ viaduct segments കോർത്തിണക്കിയാണ് ഉണ്ടാക്കിയെടുത്തത്. ഓരോ viaduct പീസുകളുടെയും വലിപ്പം കേള്‍ക്കണോ? പത്തുമീറ്റർ വീതി, നാലുമീറ്റർ നീളം ! പില്ലറുകളും പ്രീകാസ്റ്റ് രീതിയില്‍ ഉണ്ടാക്കിയവ തന്നെ. ഈരണ്ടു പില്ലറുകൾക്ക് ഇടയിൽ കുറഞ്ഞത് മുപ്പതുമീറ്റർ അകലമുണ്ട്. അതിൽ ഇതുപോലെയുള്ള എട്ടു viaduct segments ഉം ഉണ്ട്. പ്രത്യേകതരം ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ ഭാരിച്ച ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. ഈ രീതിയിലുള്ള നിര്‍മ്മാണവിദ്യകള്‍ കൊണ്ടാണ് ഇത്രവേഗം ഈ പണികള്‍ പൂര്‍ത്തീകരിക്കാനായത്. പാലങ്ങളുടെ നിർമ്മാണത്തിലെ വിവിധഘട്ടങ്ങൾ താഴെക്കാണാം.
നാഴികക്കല്ലുകൾ:
- 1997 : സാധ്യതാപഠന റിപ്പോർട്ട് മെട്രോ പദ്ധതി വിഭാവനം ചെയ്തു
- ജൂലൈ 2005 : DURAL മെട്രോയുടെ ഡിസൈൻ / നിർമ്മാണ കോൺട്രാക്റ്റ് നേടി
- മാർച്ച് 2006 : റെഡ് - ഗ്രീൻ ലൈനുകളുടെ നിർമ്മാണം ആരംഭിച്ചു
- ഏപ്രിൽ 2008: ആദ്യ ട്രെയിൻ ട്രാക്കിൽ
- മെയ് 2008: ആദ്യ റെയിൽ ഡെമോൺസ്ട്രേഷൻ
- സെപ്റ്റംബർ 2008: ആദ്യ ട്രയൽ റൺ
- ഓഗസ്റ്റ് 2009 : ആദ്യപത്ത് സ്റ്റേഷനുകൾ പ്രഖ്യാപിച്ചു
- സെപ്റ്റംബർ 9, 2009: ദുബായ് മെട്രോ, പ്രഖ്യാപനം അനുസരിച്ച് പ്രവർത്തനം ആരംഭിക്കുന്നു.
ദുബായ് മെട്രോയിൽ ഒരു യാത്ര
49 comments:
ദുബായ് മെട്രോ റെയിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഒരു വിശകലനം.
നന്ദി, കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.
വിശദമായ ഈ റിപ്പോര്‍ട്ടിനു നന്ദി, അപ്പുവേട്ടാ...
പറഞ്ഞ സമയത്ത് തന്നെ പണി പൂര്‍ത്തിയാക്കാന്‍ സാധിയ്ക്കുന്നത് നിസ്സാര കാര്യമല്ല.
Metroye kurchu nalla vishadamaaya lekhanam. athu kondu thanne metro systethe kurichu kooduthal manassilaakkaan saadichu
കാര്യങ്ങള്‍ വിശദമായി എന്നാല്‍ ലളിതമായി പറഞ്ഞിരിക്കുന്നു.നന്ദി അപ്പു.അപ്പോള്‍ നാളെയാണു സംഭവം , ആരെങ്കിലും യാത്ര ചെയ്തതിനു ശേഷം ഒരു റിപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.
ഗംഭീരം അപ്പൂ.. നമ്മുടെ നാട്ടുകാര്‍ ഇതൊക്കെ കണ്ടു പഠിക്കട്ടെ.. പിന്നെ സൌദി അറേബ്യയില്‍ ദമാമും റിയാദും തമ്മില്‍ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസ് ഉണ്ട്. പക്ഷെ അത് മെട്രൊ അല്ല കേട്ടോ..
അപ്പുവേട്ടാ..നല്ല റിപ്പോര്ട്ട്...
:)
ചാത്തനേറ്: അസൂയ അസൂയ... ഇവിടെ ബാംഗ്ലൂരില്‍ കുറേ കാലമായി എല്ലാരും മോളിലോട്ട് നോക്കി നില്‍ക്കാന്‍ തുടങ്ങീട്ട്. എപ്പോഴാണോ ഡല്‍ഹീലെ പോലെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴണത്.
പറഞ്ഞ സമയത്ത് തന്നെ പണി പൂര്‍ത്തിയാക്കാന്‍ സാധിയ്ക്കുന്നത് നിസ്സാര കാര്യമല്ല,
നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇതില്‍ നിന്നും എന്തെങ്കിലും പാഠം ഉള്‍ക്കൊണ്ടെങ്കില്‍..... യെവടെ???
നല്ല വിവരണം അപ്പുവേട്ടാ!
അപ്പൂ,
റിപ്പോര്‍ട്ട് വളരെ വിശദമാണല്ലൊ!
എന്നാണ് കൊച്ചി മെട്രോയെപ്പറ്റി ഇങ്ങനെയൊന്നു എഴുതാനാവുക?
മെട്രോ റിപ്പോർട്ട് വായിച്ച് അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി. മുസാഫിർ, ഒരു യാത്രാവിവരണം എഴുതാൻ ശ്രമിക്കാം. സ്വസ്ഥമായി ഒരു ദിവസം അതിലൊന്ന് കയറട്ടെ!
രഞ്ജിത്, നന്ദി. ശരിയാണ്. സൌദിയിൽ നിന്ന് റിയാദിലേക്കുള്ള ട്രെയിനിൽ ഞാനും സഞ്ചരിച്ചിട്ടുണ്ട്. അത് പക്ഷേ മെട്രോ അല്ലല്ലോ, ഗുഡ്സ് പോകാനുള്ള ലൈനിൽ കൂടി പോകുന്ന ഒരു യാത്രാ വണ്ടി എന്നേയുള്ളു. ഒരു ദിവസം രണ്ട് ട്രിപ്പുകൾ. വാഴക്കോടനും രഞ്ജിതും പറഞ്ഞ പ്രതീക്ഷകൾ എനിക്കില്ല. നമ്മുടെ നാട്ടിലെ ആളുകളും ഭരണാധികാരികളും ഇതൊന്നും കണ്ടുപഠിക്കില്ല. മാറ്റങ്ങൾ അവർ ആഗ്രഹിക്കുന്നുമില്ല. രാഷ്ട്രീയം പറയാനും അനാവശ്യതർക്കങ്ങൾ ഉണ്ടാക്കി പ്രോജക്റ്റുകൾ ഇല്ല്ലാതാക്കാനും മാത്രമേ അവർക്കറിയൂ. അതേറ്റുപാടാൻ കുറേ കിണറ്റിലെ തവളകളും... എന്തു ചെയ്യാം, തലേവിധി !
കുട്ടിച്ചാത്താ, ഒരു നാൾ അതും യാഥാർത്ഥ്യമാകും എന്നു പ്രതീക്ഷിക്കാം.
സജിഅച്ചായനു നന്ദി. കൊച്ചി മെട്രോയെപ്പറ്റിയുള്ള ആലോചനയും ഏകദേശം മൂന്നരവർഷം മുമ്പ് ദുബായ് മെട്രോയോടൊപ്പം ആരംഭിച്ചതാണല്ലോ. അതിപ്പോഴും ഏട്ടിലെ പശുതന്നെ. നമ്മുടെയൊക്കെ കൊച്ചുമക്കൾ അതിനെപ്പറ്റി ബ്ലോഗിൽ എഴുതും എന്നുവിചാരിക്കാം, അല്ലേ :)
മാഷേ..
കുറേ പുതിയ വിവരങ്ങൾ ലഭിച്ചു .. നന്ദി .
അപ്പൂ,
ഇതുവരെ ഇറങ്ങിയ പ്രത്ര/ ഇതര മാധ്യമങ്ങളില്‍ എനിക്കു മനസ്സിലാകുന്ന ഭാഷകളില്‍ വച്ച്) ഏറ്റവും വിശദവും വിവരപ്രദവുമായ മെട്രോ റിപ്പോര്‍ട്ട് അപ്പുവിന്റെ ഈ ബ്ലോഗ് പോസ്റ്റാണ് .
നന്ദി.
പോസ്റ്റിൽ ഒരു കൂട്ടിച്ചേർക്കൽ :
ട്രാക്കിലേക്ക് തുറക്കുന്ന കക്കൂസുകളില്ലാത്ത ഈ മെട്രോ ട്രെയിനുകളും അതുമായി ബന്ധപ്പെട്ട ശൃഖലയും ഏതെങ്കിലും രീതിയിൽ വൃത്തികേടാക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴകളാണ്! മുറുക്കിത്തുപ്പുക, അലക്ഷ്യമായി പേപ്പറുകളും മറ്റും വലിച്ചെറിയുക, ട്രെയിനിന്റെ ഉള്ളിൽ കുത്തിവരയ്ക്കുക്ക, കോറിയിടുക, സീറ്റിൽ കാലുകയിറ്റി വയ്ക്കുക തുടങ്ങി യാത്രക്കാർ കാണിക്കാൻ സാധ്യതയുള്ള എല്ലാ ‘വൃത്തികേടുകളും’ അവയ്ക്കോരോന്നിനുമുള്ള പിഴസംഖ്യയും ഇപ്പോഴേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ട്രെയിനിന്റെ ഉള്ളിൽ ഭക്ഷണവും പുകവലിയും പാടില്ല. ഓരോ കംപാർട്ട്മെന്റിലും സർവൈലൻസ് ക്യാമറകളും ഇൻസ്പെക്റ്റർ മാരും ഉണ്ടത്രേ. നിയമങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല, അത് ഭംഗിയായി നടപ്പാക്കാനും അറിയാവുന്ന ഈ രാജ്യത്ത് മെട്രോ ട്രെയിൻ വർഷങ്ങൾക്കു ശേഷവും വൃത്തിയായിതന്നെയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട!
ഇത്രയും വിശാലമായ വിശകലനത്തിന് നന്ദി അപ്പു.
ദേവേട്ടന്‍ പറഞ്ഞത് പോലെ ദുബായ് മെട്രോയെ പ്പറ്റി ഇത്രയും വിശദമായ ഒരു റിപ്പോര്‍ട്ട് ഇതുവരെ ഞാന്‍ മറ്റെവിടെയും വായിച്ചില്ല.
നന്ദി, വിശദമായ ഈ കുറിപ്പിന്...
നന്ദി,
വിശദമായ റിപ്പോര്ട്ട്!
ഏതായാലും യാത്ര ചെയ്തതിനു ശേഷമേ നാട്ടില്‍ പോകുന്നുള്ളൂ എന്നു തീരുമാനിച്ചു.
വളരെ നന്ദി അപ്പൂ.. യാത്രാ വിവരണത്തിനായി കാത്തിരിക്കുന്നു.
അപ്പൂ.
വളരെ വിശദമായ ഈ പോസ്റ്റിനു നന്ദി. നമ്മുടെ നാട്ടിൽ-കേരളത്തിൽ- എന്നാണാവോ വൃത്തിയുള്ള റോഡും ചുറ്റുപാടുകളും പൊതു കക്കൂസുമൊക്കെ ഉണ്ടാകുന്നത്?
സസ്നേഹം
ആവനാഴി
എല്ലാ വിവരങ്ങളും ഭംഗി ആയി എഴുതിയിരിക്കുന്നു.മനൊഹരം പോസ്റ്റും ഒപ്പം മെട്രോയും
കൊള്ളാം അപ്പൂ. എല്ലാ വിവരങ്ങളും ചേര്‍ത്ത് ഇങ്ങനൊരു പോസ്റ്റിട്ടതിന് നന്ദി.
ന്നാലും ഇത് മാത്രം ഞമ്മക്കത്ര പിടിച്ചില്ല :)
“ട്രാക്കിലേക്ക് തുറക്കുന്ന കക്കൂസുകളില്ലാത്ത ഈ മെട്രോ ട്രെയിനുകളും അതുമായി ബന്ധപ്പെട്ട ശൃഖലയും ഏതെങ്കിലും രീതിയിൽ വൃത്തികേടാക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴകളാണ്! മുറുക്കിത്തുപ്പുക, അലക്ഷ്യമായി പേപ്പറുകളും മറ്റും വലിച്ചെറിയുക, ട്രെയിനിന്റെ ഉള്ളിൽ കുത്തിവരയ്ക്കുക്ക, കോറിയിടുക, സീറ്റിൽ കാലുകയിറ്റി വയ്ക്കുക തുടങ്ങി യാത്രക്കാർ കാണിക്കാൻ സാധ്യതയുള്ള എല്ലാ ‘വൃത്തികേടുകളും’ അവയ്ക്കോരോന്നിനുമുള്ള പിഴസംഖ്യയും ഇപ്പോഴേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “
ലിവമ്മാര് എന്നാണാവോ ഇത് അബുദാബീലേക്കും ഷാര്‍ജയിലേക്കുമൊക്കെ കൂട്ടിമുട്ടിക്കുന്നത് ? എന്നിട്ട് ബേണം ഞമ്മൊക്കൊന്ന് ദുഫായീല് ബരാന്‍ :)
ഒരു കാര്യം കൂടെ....
ഡ്രൈബറില്ലാത്ത ഈ ബണ്ടീല് ഞമ്മള് കേറുന്ന പ്രച്ചനമില്ല. ഞമ്മളോടാ കളീ ? :)
മെട്രോ റെയിലിനേക്കുറിച്ചുള്ള സമഗ്രലേഖനത്തിന് നന്ദി അപ്പൂ...ഇനി ഇതിനേക്കുറിച്ച് എന്തെങ്കിലുമൊക്കെ ആരെങ്കിലും ചോദിച്ചാൽ ഉത്തരം ചറപറാന്നങ്ങ് കാച്ചിക്കൊടുക്കാമല്ലോ :) :)
നമ്മുടെ നാട്ടിലെ അണ്ണന്മാർ മെട്രോ റെയിലെക്കുറിച്ച് ചിന്തിച്ചുചിന്തിച്ച് തലപുണ്ണാക്കി അവസാനം ഒരു റോഡെങ്കിലും നേരാം വണ്ണം പണിയിച്ചുതന്നാൽ മതിയായിരുന്നു...:) :)
ഗ്രേറ്റ്...
വിലപ്പെട്ട വിവരങ്ങള്‍ക്ക് നന്ദി അപ്പുമാഷ്.
ചരിത്രത്തിന്റെ ഒരു ഏടുതന്നെയാണ് ഈ പോസ്റ്റ്.
09-09-09.
എല്ലാ വിധ ആശംസകളും.
good report :)
വിശദമായ വിവരണങ്ങള്‍ക്കു നന്ദി..പാസ്പോര്‍ട്ടെടുത്തിട്ടു വേണം അവിടെയൊക്കെ ഒന്നു വരാനും മെട്രൊ റെയിലില്‍ ഒന്നു കേറാനും...അല്ലെങ്കില്‍ വേണ്ടാ.. പിഴയും തടവുമൊന്നും എന്റെ ശരീരത്തിനു പിടിക്കില്ല...
അപ്പൂ,
വിശദമായ ഈ റിപ്പോര്‍ട്ടിനു വളരെ നന്ദി.
അങ്ങനെ അതും യാഥ്യാര്‍ത്ഥ്യമാകുന്നു.
സ്വപ്നങ്ങള്‍ കാണാന്‍ മാത്രമല്ല, അത് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി അധ്വാനിക്കാനും അറിയുന്ന ഇവരെയൊക്കെ മനസു നിറഞ്ഞ് അഭിനന്ദിക്കാം.
അപ്പുവേട്ടാ നല്ല റിപ്പോർട്ട്. വിശദമായ ഈ വിവരങ്ങൾക്ക് നന്ദി. ഒപ്പം പ്രഖ്യാപിത സമയത്തിനുള്ളിൽ ഇതെല്ലാം പ്രാവർത്തികമാക്കിയവരെ അഭിനന്ദിക്കാം. അസൂയാവഹമായ നേട്ടം തന്നെ.
ദുബായിയിലെ മറ്റുപല പദ്ധതികളും മന്ദഗതിയിലാണെന്ന് കേൾക്കുന്നു. ബുർജ് ദുബായിയും പന ദ്വീപും എല്ലാം സാമ്പത്തികമാന്ദ്യം ബാധിച്ചതിനാൽ പതുക്കെയാണ് നീങ്ങുന്നത്.
അപ്പൂ,
വലിയ ഒരു റിപ്പോർട്ട് ഇത്രയും ലളിതമായി അവതരിപ്പിച്ചതിന് അനുമോദനങ്ങൾ. RTA യുടെ കൂടെ നമുക്കും ആഘോഷിക്കാം.
വീണ്ടും നന്ദി.. ദേവേട്ടാ, ഇത്രയും വലിയ കോംപ്ലിമെന്റ് ഞാൻ പ്രതീക്ഷിച്ചില്ല :)
പകൽക്കിനാവൻ, അഗ്രജൻ, കരീം മാഷ്,പൊറാടത്ത്, രാഘവേട്ടൻ, പാച്ചിക്കുട്ടി, ബിന്ദു നന്ദി.
നിരക്ഷരാ, ഡ്രൈവറില്ലാത്ത ട്രെയിനിൽ കയറീല്ല എന്നുവാശിയാണെങ്കിൽ ഇതിൽ ഒരിക്കലും കയറാനാവില്ല..
കുമാരൻ, അനിൽമാഷ്, തറവാടീ, പാവത്താൻ, ശിഹാബ്, പാർത്ഥേട്ടൻ, മണികണ്ഠൻ നന്ദി.
വിശദമായ റിപ്പോര്‍ട്ടിന് ഒത്തിരി നന്ദി മാഷേ...
ദേവേട്ടന്റെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. ഇത് വരെ വായിച്ചതീല്‍ ഏറ്റവും വിശദമായ റിപ്പോര്ട്ട്.
ലളിതമായ വിശകലനം അപ്പു. നന്ദി.
ഓ.ടോ
09.09.09 തീയതി തന്നെ തിരഞ്ഞെടുത്തതില്‍ പ്രത്യേകതയുണ്ടല്ലോ.
ഇന്നിവിടെ ചില പത്രങ്ങളില്‍ ആ തീയതിയുടെ ജ്യോതിഷ വിശകലനം കണ്ടു....
ഇന്ന് പല പരസ്യങ്ങളിലും ഡിസ്കോണ്ട് 9.99% എന്നെഴുതിയിരിക്കുന്നു.:)
ഡാങ്ക്‌സ് :)
നല്ല വിവരണം. നമ്മുടെ കാര്യം വേറെ,ഇവിടെ ജനാധിപത്യമാണല്ലോ.അധികാരം ഉറപ്പിക്കാന്‍ നേതാക്കള്‍ പെടുന്ന പാട് അവര്‍ക്കേ അറിയൂ. പിന്നെയല്ലേ നാടും ദൂരവീക്ഷണവും ഒക്കെ.എങ്ങനെയും കാലാവധി തികയ്ക്കുക അത്ര തന്നെ.
നന്ദി അപ്പൂൂൂൂ വളരെ വളരെ നന്ദി.
പകര്‍ന്നു തന്ന ഈ അറിവിന്.
റിഫെറൻസിനു ഉപകരിക്കവുന്നത്ര നല്ലൊരു റിപോർട്ട്..
എവിടെ പോയില്ലെങ്കിലും ജീവിതത്തിലൊരിക്കൽ ദുബായി കാണാൻ വരും(ദൈവം തമ്പുരാൻ കനിഞ്ഞാൽ)
വളരെ നല്ല ലേഖനം. ഇനി അപ്പൂസ് വിസയും കൂടി അയച്ചു തന്നാല്‍ കമ്പ്ലീറ്റ് :)
നമ്മുടെ ബാംഗ്ലൂരെ മെട്രോയും ഒരു കാലത്ത് ഓടും. (ഏത് കാലത്താണാവോ ? )
ഇന്നലെ പത്രത്തില്‍ കുറച്ച് വായിച്ചു.പണിയുടെ വേഗത കണ്ട് ഞാന്‍ ഭാര്യയോട് പറഞ്ഞു.നമുക്ക് 2050-ല്‍ മെറ്റ്രോ വേണമെങ്കില്‍ ഇപ്പോള്‍ തറക്കല്ലിടണം...പക്ഷേ പ്ളാനിംഗ് 1950-ല്‍ ഉണ്ടാക്കണമായിരുന്നു!!!അതുകൊണ്ട് ഇനി നടപ്പില്ല....!!!!!!!
nalla reethyil ellam explain cheythithundu... congrats
നല്ല വിവരണം.
mashe, Nalla vivaranam, Pinne fine i like that portion. Evide Riyadhil roadil nokki nadanillel thuppalil chavittum...
വിശദമായ വിവരങ്ങൾക്കു നന്ദി അപ്പൂ
:)
അപ്പൂ മാഷേ പലരും ആവർത്തിച്ചതാണെങ്കിലും പറയാതെ വയ്യ. ഇത്ര വിശദമായി ദുബായ് മെട്രോയെ കുറിച്ചു മറ്റെവിടെയും വായിക്കാനായില്ല. നന്ദി..
അപ്പുമാഷേ,
വളരെ മനോഹരമായ വിവരണം. ഇത്തവണ അവിടെ വന്നപ്പോൾ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. അടുത്ത വട്ടം വരുമ്പോൾ അതിലൊന്നു കയറിക്കളയാം :)
പദ്ധതി നടത്തിപ്പുകളിൽ രണ്ടു രാജ്യങ്ങൾ അനുവർത്തിക്കുന്ന രീതികളും അതു തമ്മിലുള്ള അന്തരവും എത്രയെന്ന് ഈ ലേഖനം ഒന്നു വായിച്ചാൽ മനസ്സിലാകും. ഇത്തവണ നാട്ടിൽ വച്ച് 3 ദിവസം നീളുന്ന ഒരു ട്രെയിൻ യാത്ര ചെയ്തതിന്റെ കുളിര് ഇതുവരെ മാറിയിട്ടില്ല :)
വിശദമായ വിവരണത്തിന് അഭിനന്ദനങ്ങൾ...
സസ്നേഹം
നിശി
Dear Blogger
We are a group of students from cochin who are currently building a web portal on kerala. in which we wish to include a
kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://appoontelokam.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic
to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed
format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if
you have more blog pls sent us the link of other blog we will add here
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
മൂന്ന് കാരിയങ്ങള്‍ ആണ് ഇഷ്ടപെട്ടത്
1. പറഞ്ഞ സമയത്ത് പണി തീര്‍ത്തു ഓപ്പണ്‍ ചെയ്തത്
2. നിയമങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല, അത് ഭംഗിയായി നടപ്പാക്കാനും അറിയാവുന്ന ഈ രാജ്യത്ത് മെട്രോ ട്രെയിൻ വർഷങ്ങൾക്കു ശേഷവും വൃത്തിയായിതന്നെയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട!
3. പിന്നെ ഈ അപ്പുവേട്ടെന്റെ റിപ്പോര്‍ട്ടും !!!
ot: ഡ്രൈവര്‍ ഇല്ലാത്തതു കൊണ്ട്, അവിടത്തെ ഡ്രൈവര്‍മാരുടെ സംഘടന സമരം, ഹര്‍ത്താല്‍ ഒന്നും ചെയുനില്ലേ ?
Dubai Merto visheshm valarey nallathu
:)
Post a Comment