Thursday, July 12, 2007

ദുബായ് ക്രീക്ക് - ഫോട്ടോഫീച്ചര്‍ പോസ്റ്റ്

നാഗരികതകളുടെ ചരിത്രം പരിശോധിച്ചാല്‍ നദീതടങ്ങളും ജലപാതകളും അവയുടെ വളര്‍ച്ചയില്‍ ഗണ്യമായ ഒരു പങ്ക്‌ വഹിച്ചിരുന്നതായി കാണാം. നദീതീരങ്ങളില്‍ വളര്‍ന്നുവന്ന ആധുനിക നഗരങ്ങള്‍ക്ക്‌ മനോഹരമായ മറ്റൊരു മുഖംതന്നെയുണ്ട്‌.

ലണ്ടന്‍ നഗരത്തിനു തേംസ്‌ നദിയും, കെയ്‌റോ നഗരത്തിന്‌ നൈല്‍ നദിയും, പാരീസിന്‌ സെയിന്‍ നദിയും എത്രത്തോളം സംഭാവനകള്‍ നല്‍കിയിട്ടുണ്ടോ, അത്രതന്നെ സംഭാവനകള്‍ ദുബായ്‌ നഗരത്തിന്റെ വാണിജ്യ വ്യവസായ വളര്‍ച്ചയില്‍ നല്‍കിയ ഒരു ജലപാതയാണ്‌ ദുബായ്‌ ക്രീക്ക്‌.


ക്രീക്ക്‌ എന്ന വാക്കിനര്‍ത്ഥം "ചെറിയ നീര്‍ച്ചാല്‍" (നദിയേക്കാള്‍ ചെറുത്‌) എന്നാണ്‌. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. ദുബായ്‌ നഗരത്തിന്റെ വിഹഗവീക്ഷണമാണിത്‌. ചിത്രത്തിന്റെ നടുവിലായി ഒരു പാമ്പിനെപ്പോലെ വളഞ്ഞ്‌ ഉള്ളിലേക്ക്‌ പോയി അവസാനിക്കുന്ന ഒരു ജലപാതകണ്ടുവോ? അതാണ്‌ ദുബായ്‌ ക്രീക്ക്‌.



ഏകദേശം പതിനാലുകിലോമീറ്ററോളം കരയുടെ ഉള്ളിലേക്ക്‌ നിലവില്‍ ഈ ജലപാതയ്ക്ക്‌ നീളമുണ്ട്‌. ദുബായ്‌ തുറമുഖത്തിനു സമീപം ആരംഭിച്ച്‌, റാസ്‌ അല്‍ ഖോര്‍ എന്നറിയപ്പെടുന്ന പ്രദേശംവരെ ഇത്‌ നീണ്ടുകിടക്കുന്നു. ദുബായ്‌ നഗരത്തെ രണ്ടുഭാഗങ്ങളായി ക്രീക്ക്‌ വിഭജിക്കുന്നു. ക്രീക്കിന്റെ (തുടക്കത്തില്‍) ഇടതുഭാഗത്തു കാണുന്ന നഗരഭാഗം ദേര എന്നും, വലതു ഭാഗത്ത്‌ കാണുന്ന നഗരഭാഗം ബര്‍ദുബായ്‌ എന്നും അറിയപ്പെടുന്നു. ദുബായ്‌ നഗരത്തിന്റെ ഏറ്റവും തിരക്കേറിയതും, പുരാതനവുമായ ഭാഗങ്ങളാണിവ.



ദുബായ്‌ നഗരത്തിന്റെ ഏറ്റവും മനോഹരമായ ഒരു മുഖം ക്രീക്കിന്റെ ഇരുവശങ്ങളിലായി കാണാവുന്നതാണ്‌. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികള്‍ക്ക്‌ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്‌ ദുബായ്‌ ക്രീക്ക്‌.



ദുബായ്‌ നഗരത്തിലെ പ്രധാന ബാങ്കുകള്‍, ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ കോംപ്ലക്സ്‌, അനേകം ഹോട്ടലുകള്‍, ഹെറിറ്റേജ്‌ വില്ലേജ്‌, ഗോള്‍ഫ്‌ ക്ലബ്‌, ക്രീക്ക്‌ പാര്‍ക്ക്‌ തുടങ്ങിയവ ക്രീക്കിന്റെ ഇരു വശങ്ങളിലായി സ്ഥിതിചെയ്യുന്നു. ഒരു അറബ്‌ നഗരത്തിന്റെ പൗരാണിക ഭാവങ്ങള്‍ ആധുനികതയുമായി കൈകോര്‍ക്കുന്ന കാഴ്ച ക്രീക്കിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക്‌ ദൃശ്യമാവും.



ക്രീക്ക് - കേബിള്‍ കാറില്‍ നിന്നുള്ള ദൃശ്യം



വിനോദ സഞ്ചാരികള്‍ക്കായി ബോട്ട്‌ യാത്ര, സഞ്ചരിക്കുന്ന റെസ്റ്റോറന്റ്‌ ബോട്ടുകള്‍ തുടങ്ങിയവ ക്രീക്കില്‍ ലഭ്യമാണ്‌.



ഒരു റെസ്റ്റോറന്റ് ബോട്ട്


ഇതുകൂടാതെ, ഇന്നും മറ്റ്‌ അറബ്‌ രാജ്യങ്ങളിലേക്കുള്ള ചരക്കു ഗതാഗതവും വാണിജ്യവും ക്രീക്കിലെത്തുന്ന ചെറിയകപ്പലുകളില്‍ക്കൂടിയാണ്‌ പ്രധാനമായും നടക്കുന്നത്‌. ഏകദേശം 720000 ടണ്‍ കാര്‍ഗോ പ്രതിവര്‍ഷം ക്രീക്ക്‌ വഴി പലരാജ്യങ്ങളിലേക്ക്‌ പോവുകയും, ഇവിടേക്ക്‌ വരികയും ചെയ്യുന്നു. ഇതിനായി പ്രത്യേകം സജ്ജമാക്കിയ എട്ടു വാര്‍ഫേജുകള്‍ ക്രീക്കില്‍ ഉണ്ട്‌.






ക്രീക്കിന്റെ പൗരാണികത നിലനിര്‍ത്തുന്നതിനായി, തടികൊണ്ടുണ്ടാക്കിയ കപ്പലുകള്‍ക്കും, ഉരുക്കള്‍ക്കും മാത്രമേ ഇപ്പോഴും ക്രീക്കില്‍ പ്രവേശനമുള്ളൂ. കൂടാതെ ക്രീക്കിന്റെ അക്കരെയിക്കരെ യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കുവാനായി വളരെപണ്ടുകാലം മുതല്‍ ഉപയോഗിച്ചിരുന്ന "അബ്ര" എന്നറിയപ്പെടുന്ന തടി വഞ്ചികള്‍ ഇന്നും വ്യാപകമായി ഉപയോഗത്തിലുണ്ട്‌.




ദുബായ്‌ റോഡ്സ്‌ ആന്റ്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ അതോറിറ്റിയാണ്‌ അബ്ര സര്‍വീസുകള്‍ നടത്തുന്നത്‌. 50 ഫില്‍സ്‌ മാത്രമാണ്‌ ഈ യാത്രയുടെ നിരക്ക്‌. ആയിരക്കണക്കിനാളുകള്‍ പ്രതിദിനം ഈ സര്‍വ്വീസ്‌ ഉപയോഗിക്കുന്നു. അതും ഒരുപക്ഷേ ദുബായ്‌ നഗരത്തിന്റെ മാത്രം പ്രത്യേകതയാവാം.



ബര്‍ദുബായ് അബ്ര സ്റ്റേഷന്‍



ദേര അബ്ര സ്റ്റേഷന്‍

അല്‍പം ചരിത്രം.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദുബായ്‌ ഒരു ചെറിയ ഗ്രാമപ്രദേശം മാത്രമായിരുന്നു. മത്സ്യബന്ധനവും, മുത്തും പവിഴവും കടലില്‍ നിന്നു ശേഖരിക്കുന്നതും, കച്ചവടവുമായിരുന്നു ഗ്രാമവാസികളുടെ പ്രധാന തൊഴില്‍. 1833 മുതല്‍ ഷെയ്ഖ്‌ മക്തൂം ബിന്‍ ബുഥി ദുബായ്‌യുടെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ദുബായ്‌ ഒരു പട്ടണപ്രദേശമായി ഉയര്‍ന്നുവന്നു.



ആക്കാലത്ത്‌ ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍നിന്നും, ഇറാന്‍, ഇന്ത്യ, യൂറോപ്പ്‌ തുടങ്ങിയ രാജ്യങ്ങളിലേക്കും പോയിരുന്നു കപ്പലുകളും ഉരുക്കളും (dhow) ദുബായില്‍ എത്താറുണ്ടായിരുന്നു. അത്തരം ചെറിയ ഉരുക്കളും കപ്പലുകളും ദുബായ്‌ ക്രീക്കിലായിരുന്നു നങ്കൂരമിട്ടിരുന്നത്‌. വലിയ കപ്പകലുകളില്‍നിന്ന് ചെറുവള്ളങ്ങളിലേക്ക്‌ സാധനങ്ങള്‍ കയറ്റിയായിരുന്നു ക്രീക്കിന്റെ ഓരങ്ങളിലേക്ക്‌ എത്തിച്ചിരുന്നത്‌. അങ്ങനെ ദുബായ്‌ നാഗരികത ക്രീക്കിനു ചുറ്റുമായി വികസിച്ചുവന്നു.

1954 ല്‍ ഷെയ്ഖ്‌ റാഷിദ്‌ ബിന്‍ സയീദ്‌ അല്‍ മക്തൂം, മേഖലയുടെ വികസനത്തില്‍ ക്രീക്കിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ട്‌ അതിന്റെ ആഴവും വീതിയും കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഈ വികസന പ്രവര്‍ത്തനങ്ങള്‍ 1958 ല്‍ പൂര്‍ത്തിയാവുകയും, ഇതേത്തുടര്‍ന്ന് 500 ടണ്‍ വരെ ഭാരംകയറ്റാവുന്ന കപ്പലുകള്‍ക്ക്‌ ക്രീക്കിനുള്ളില്‍ പ്രവേശനം സാധ്യമാവുകയും ചെയ്തു.

ഇന്ന്, നഗരത്തിലെ ട്രാഫിക്‌ കൈകാര്യം ചെയ്യുന്നതിനായി നാലു പാലങ്ങളും, ക്രീക്കിനടിയില്‍ക്കൂടി കടന്നുപോകുന്ന "ഷിന്‍ഡിഗ ടണല്‍ റോഡും" ഉണ്ട്‌. ഇതില്‍ ഷിന്‍ഡിഗ ടണല്‍ ഒരു എഞ്ചിനീയറിംഗ്‌ അത്ഭുതമത്രേ. ഗര്‍ഹൂദ്‌ പാലം, ഈവര്‍ഷം തുറന്ന ബിസിന്‍സ്‌ ബേ പാലം, മക്തൂം പാലം, എന്നിവകൂടാതെ "ഫ്ലോട്ടിംഗ് ബ്രിഡ്ജ്‌" (floating bridge) എന്ന പുതിയൊരു പാലവും അടുത്തയാഴ്ച്‌ (July 3rd week 2007) ഗതാഗതത്തിനായി തുറക്കുന്നുണ്ട്‌.



അല്‍ മക്തൂം ബ്രിഡ്ജ് - ഈ പാലത്തിന്റെ ഏറ്റവും വലത്തെയറ്റത്തു കാണുന്ന ഭാഗം കപ്പലുകള്‍ക്ക് കടന്നു പോകാനായി ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

രാത്രിയാവുന്നതോടെ ക്രീക്കിന്‌ ചുറ്റിനുമുള്ള കെട്ടിടങ്ങളിലെ ദീപാലങ്കാരങ്ങളുടെ പ്രതിബിംബങ്ങളാല്‍ മറ്റൊരു മനോഹര മുഖം കൈവരുന്നു.









ദേരയില്‍ പണ്ടുണ്ടായിരുന്ന “ദുബായ് ഓള്‍ഡ് സൂഖ്” ഇന്നും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. പലവ്യഞ്‌ജനങ്ങളും സുഗന്ധവര്‍ഗ്ഗങ്ങളും ഇവിടുത്തെ കടകളില്‍ ലഭ്യമായതിനാല്‍ ഇതു ഒരു ടൂറിസ്റ്റ് സ്പോട്ടാണ്. അവിടെനിന്നുള്ള രണ്ടു ഫോട്ടോകള്‍ താഴെ.






ഇങ്ങനെ ദുബായിയുടെ ചരിത്രവും ആധുനികതയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ക്രീക്കും അതിന്റെ പരിസരവും ദുബായ് നഗരത്തിനൊരു തിലകക്കുറി തന്നെ എന്നതില്‍ സംശയമില്ല.

1642

30 comments:

അപ്പു ആദ്യാക്ഷരി

ദുബായ് ക്രീക്ക് - ഒരു പുതിയ ഫോട്ടോ പോസ്റ്റ്

ദിവാസ്വപ്നം

വൌ !

വളരെ നല്ലൊരു പോസ്റ്റ്. സമഗ്രമായി വിവരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. മറ്റൊരു രാജ്യത്തിരുന്നു വായിച്ചിട്ടുപോലും വിഷയത്തെപ്പറ്റി നന്നായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

:)

:: niKk | നിക്ക് ::

അപ്പ്വേട്ടാ നല്ല പോസ്റ്റ്. ഒരു സഞ്ചാരത്തിന്റെ അനുഭവം പകര്‍ന്ന് തന്നതിന് നന്ദി. പടങ്ങളെല്ലാം ബഹുജോര്‍ :)

G.MANU

aa blank and whbtie pic njerippan

തമനു

അപ്പൂസേ,

വളരെ നന്നായി. പടങ്ങളും വളരെ നല്ലത്‌.

ഒരോടോ: ദിവാ എന്താ ടെലിബ്രാന്റ് ഷോയില്‍ പങ്കെടുക്കുവാ ...? (വൌ....)

പുള്ളി

അപ്പൂ, വിജ്ഞാനപ്രദമായ ലേഖനം.വിക്കുന്നോ?

ഇടിവാള്‍

Hi Appu,
I think this must go to Wiki.

Good Work

Kiranz..!!

ഐ സപ്പോര്‍ട്ട് ഇടിവാള്‍..!

ഇതിനു മുന്നേ ചില പോസ്റ്റുകള്‍ ശ്രദ്ധിച്ചപ്പോഴും തോന്നി,വിക്കിക്കുവേണ്ട ഒരു എഴുത്തിന്റെ ശൈലിയാണ് അപ്പുവിനുള്ളത്..ആ ഗ്രൂപ്പില്‍ ചിലത് കോണ്ട്രിബ്യൂട്ടിക്കൂടേ..? പുള്ളിയും ഷിജുവും ഒക്കെ കൂടുതല്‍ പറഞ്ഞു തരുംസ്..!

Rasheed Chalil

അപ്പൂ തികച്ചും വിജ്ഞാനപ്രദം. അസ്സല് ചിത്രങ്ങളും നല്ല വിവരണങ്ങളും... അഭിനന്ദങ്ങള്‍.

അപ്പു ആദ്യാക്ഷരി

അതിനെന്താ കൂട്ടരേ..നമുക്ക് ഇത് മലയാളം വിക്കിയില്‍ ചേര്‍ക്കാമല്ലോ? ഇത്രയധികം ഫോട്ടോകള്‍ വേണോ വിക്കിയില്‍?

Unknown

തീര്‍ച്ചയായും വിക്കിയില്‍ ചേര്‍ക്കാവുന്ന ലേഖനം.

കുട്ടിച്ചാത്തന്‍

ചാത്തനേറ്: മനോഹരമായ പോസ്റ്റ് ഒത്തിരി അധ്വാനം ഇതിന്റെ പിന്നിലുണ്ടെന്ന് മനസ്സിലാ‍ക്കാം നന്ദി.അഭിനന്ദനങ്ങള്‍.

ശാലിനി

ദുബായ് ക്രീക്ക് എന്നും അബ്ര എന്നുമൊക്കെ കേട്ടിട്ടുണ്ട്, അപ്പൂ ശരിക്കും നന്നായി ഈ പോസ്റ്റ്. അഭിനന്ദനങ്ങള്‍. വിവരണങ്ങള്‍ ശരിക്കും മനസിലാകുന്ന വിധത്തിലാണ്. ഞാന്‍ ആദ്യമായാണ് അറിയുന്നത് ഇങ്ങനെയൊരു ക്രീക്ക് ദുബായിയെ രണ്ടായി തിരിച്ചിട്ടുണ്ടെന്ന്.

അപ്പൂ, ഈന്തപനയുടെ പോസ്റ്റില്‍ ഒരു കമന്റിട്ടിട്ടുണ്ട്, ഒന്നു നോക്കണേ.

സാല്‍ജോҐsaljo

കൊള്ളാമല്ലോ മാഷെ!

സത്യത്തില്‍ ദുബായില്‍ എത്തിയിട്ട് ഇന്ന് 98 ദിവസം കഴിഞ്ഞു. പക്ഷേ, ഈ രാജ്യത്തെക്കുറിച്ച് ഇത്രയും അറിഞ്ഞതിപ്പോഴാ! ഞാന്‍ ചിലരോടൊക്കെ ചോദിച്ചെങ്കിലും അപൂര്‍ണ്ണമായ ഉത്തരമേ കിട്ടിയുള്ളൂ. നെറ്റില്‍ തെരെയാന്‍ മെനക്കെട്ടുമില്ല. ഇങ്ങനെ ഒരു പോസ്റ്റായതുകൊണ്ട്, മലയാളത്തില്‍ വായിക്കാന്‍ ഒരു സുഖം.

കൂടുതല്‍ സമാനമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

സുല്‍ |Sul

അപ്പു
കൊട് കൈ!!!
വിവരണങ്ങളും പടങ്ങളും ഒന്നിനൊന്നു മെച്ചം. ഈ റിസര്‍ച്ചൊക്കെ എപ്പോള്‍ നടത്തി?

-സുല്‍

മുസ്തഫ|musthapha

അപ്പു,
വളരെ നന്നായിട്ടുണ്ട് ഈ സചിത്രലേഖനം.

ഈ കരകളില്‍ ദുബായിയുടെ ചരിത്രം ഉറങ്ങുന്നു...

കുട്ടു | Kuttu

കണ്ടേ... കണ്ടേ... ദുബായ് കണ്ടെ....

കൊള്ളാം... നല്ല വിവരണം...

ആശംസകള്‍.

ഡാലി

അപ്പു കലക്കന്‍ പോസ്റ്റ്. ദുബായ് ദുബായ് എന്നു പറഞ്ഞും സിനിമയില്‍ കണ്ടും ഉണ്ടാക്കിയ ചിത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ഒന്ന് ഈ പോസ്റ്റില്‍ നിന്നും കിട്ടി.
ക്രീക്കിന്ന്റ്റെ വിഹഗവീക്ഷണം പത്തിയിയുള്ള പാമ്പിനെ ഓര്‍മിപ്പിച്ചു :)
അബ്രയുടെ ബ്ലാക് & വൈറ്റ് പടം തരുന്നത് ഒരു നൊസ്റ്റാള്‍ഗിക് ഫീലിംഗ്.

കരീം മാഷ്‌

ക്രിസ്റ്റല്‍ ക്ലിയര്‍ ഫോട്ടോകളും അതിനു മകുടം ചാര്‍ത്തുന്ന വിവര്‍ണവും.
വളരെ നന്നായിരിക്കുന്നു
അപ്പൂ.

Sathees Makkoth

appu good work.

Inji Pennu

Very informative appu! Great.

Wish more people would write about their places like this.

ഗുപ്തന്‍

apuuvettaa ithu thakarthu...
valare nalla post. thank you.

ആവനാഴി

അപ്പൂ,

നല്ല ചിത്രങ്ങളും മനോഹരമായ വിവരണങ്ങളും. ദുബായിയെ പറ്റി നല്ലൊരു ജ്നാനം പകരുന്ന പോസ്റ്റ്. എനിക്കു വളരെ ഇഷ്ടപ്പെട്ടു.

സസ്നേഹം
ആവനാഴി

സാജന്‍| SAJAN

അപ്പു,വണ്ടര്‍ഫുള്‍:)
അപ്പുവിന്റെ പോസ്റ്റുകളില്‍ എനിക്കേറേ ഇഷ്ടമായ ഒന്നു കൂടെ, മനോഹരമായ് ഫോട്ടോകളും, നല്ല വിവരണവും ഏറെ ഇഷ്ടമായി:)

അശോക്

Good and Informative..

പ്രിയംവദ-priyamvada

appuve ..Good job, very informative.
In Hongkong ,ferry is very popular
means to reach mainland.

Thanks for the pictures of dates and all those scicene info posts.

qw_er_ty

Unknown

അപ്പുവേ,
വളരെ നന്നായിരിക്കുന്നു ഈ സചിത്ര ലേഖനം..
അഭിനന്ദനങ്ങള്‍.....

അപ്പു ആദ്യാക്ഷരി

കൂട്ടുകാരേ.. ഈ പോസ്റ്റ് വായിച്ചവര്‍ക്കും, കണ്ടവര്‍ക്കും കമന്റിയവര്‍ക്കും നന്ദി അറിയിക്കട്ടെ.
ദിവ, നിക്ക്, ജി.മനു, തമനു, പുള്ളി, ഇടിവാള്‍, കിരണ്‍സ്, ഇത്തിരീ, ദില്‍ബന്‍, കുട്ടിച്ചാത്തന്‍, ശാലിനി, സാല്‍ജോ, സുല്‍, അഗ്രജന്‍, കുട്ടു, ഡാലിച്ചേച്ചി, കരിം‌മാഷ്, സതീശ്, ഇഞ്ചിപ്പെണ്ണ്, മനൂ, ആവനാഴി, സാജന്‍,അശോക്, പ്രിയംവദ, പൊതുവാള്‍...എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, വിലയേറിയ കമന്റുകള്‍ക്ക്!!

ഏറനാടന്‍

അപ്പൂജീ ദുബായ്‌ കാണാത്തവര്‍ക്ക്‌ കൗതുകമുളവാക്കും ഉറപ്പാ.. നമ്മളെന്നും കാണുന്ന ഇടങ്ങളായതിനാല്‍ പുതുമയില്ല. ന്നാലും പടമെടുത്ത ഫ്രെയിമും ആഗിളും നന്നായിരിക്കുന്നു.

Kaithamullu

മിക്കവാറും ദിവസവും കടന്നും നടന്നും പോകുന്ന ദുബായ് ക്രീക്കിനിത്ര ഭംഗിയോ?

- നല്ല വിവരണം. നല്ലവണ്ണം പഠിച്ച് ഗവേഷണം നടത്ത്തിത്തന്നെയാണ് അപ്പു പോസ്റ്റുന്നത് എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്.

അഭിനന്ദനങ്ങള്‍!

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP