കൃഷ്ണപുരം കൊട്ടാരത്തിലെ മ്യൂസിയം - ഫോട്ടോപോസ്റ്റ്
കൊട്ടാരത്തിന്റെ മുഖപ്പും പ്രധാന വാതിലും
ഇപ്പോള്‍ കൊട്ടാരത്തിന്റെ മേല്‍നോട്ടം പുരാവസ്തു വകുപ്പിനാണെന്ന് പറഞ്ഞുവല്ലോ. ചരിത്രവുമായി ബന്ധപ്പെട്ട വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ പ്രദര്‍ശനം കൊട്ടാരത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നു. പഴയ നാണയങ്ങളുടെ ഒരു വലിയ ശേഖരവും ഇവിടെയുണ്ട്.
പതിനാറുകെട്ടിലെ നടുമുറ്റങ്ങളിലൊന്നിലേക്കിറങ്ങുന്ന മേല്‍പ്പുര
കൊട്ടാരക്കെട്ടിനുള്ളില്‍ക്കൂടി നടക്കുമ്പോള്‍ത്തന്നെ ഈ ചരിത്ര രേഖകള്‍ കാണാവുന്ന രീതിയിലാണ് അവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിശദമായ വിവരണവും സമീപത്തുതന്നെ നല്‍കിയിരിക്കുന്നു. ഒരു ബ്ലോഗ് പോസ്റ്റിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ വസ്തുക്കളുടേയും ഫോട്ടോ ഇവിടെ നല്‍കുക പ്രയാസമാണ്. എങ്കിലും എനിക്ക് പുതിയ അറിവുകള്‍ തന്ന ചില ചിത്രങ്ങള്‍ മാത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
കൊട്ടാരത്തിന്റെ മേല്‍പ്പുരയുടെ ചട്ടക്കൂട്
********************* മ്യൂസിയത്തിലേക്ക് ***********************
സിന്ധുനദീതട നാഗരികതയുടെ അവശേഷിപ്പുകളിലൊന്ന്.

പ്രശസ്തമായ കായംകുളം വാള്‍. ഇരുവശങ്ങളിലും ‘വായത്തല’ യുള്ളതാണ് ഇതിന്റെ പ്രത്യേകത

പഴയകാലത്ത് നിലവിലിരുന്ന ലിപിരൂപങ്ങള്‍ കല്ലില്‍ കൊത്തിയത്

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന മഞ്ചലുകളിലൊന്ന്

ശവസംസ്കാരത്തിന് ഉപയോഗിച്ചിരുന്ന കുടം. ഈ കുടത്തില്‍ മൃതദേഹം ഇറക്കിവച്ച് സംസ്കരിക്കുന്ന രീതി പണ്ടുണ്ടായിരുന്നു. ഈ കുടങ്ങള്‍ മണ്ണില്‍ വച്ചസ്ഥാനങ്ങള്‍ക്കുമുകളില്‍ കുടയുടെ രൂപത്തിലുള്ള ഒരു കല്ലും സ്ഥാപിച്ചിരുന്നു. അവയാണ് കുടക്കല്ലുകള്‍.

കൊട്ടാരത്തിലെ മറ്റൊരു ചുവര്‍ച്ചിത്രം. ശ്രീരാമന്‍ ഹനുമാന്റെ കൈയ്യില്‍ മോതിരം നല്‍കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

നാഗരാജാവിന്റെ ശില്‍പ്പം. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത്.

മറ്റൊരു നാഗരാജ ശില്‍പ്പം.

പീരങ്കികളില്‍ ഉപയോഗിച്ചിരുന്ന കല്ലുണ്ടകള്‍. ഇവയായിരുന്നു വെടിമരുന്നുപയോഗിച്ച് ലക്ഷ്യങ്ങളിലേക്ക് പായിച്ചിരുന്നത്.

സപ്തമാതാക്കളുടെ ഒരു പുരാതന ശില്‍പ്പം. ബ്രഹ്മാണി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നിവരാണ് സപ്തമാതാക്കള്‍ എന്നറിയപ്പെടുന്നത്.

കാശും ചക്രവും. പണ്ട് കേരളത്തില്‍ നിലവിലിരുന്ന നാണയങ്ങള്‍.

ലക്ഷമീ വരാഹന്‍; 1818-ല്‍ ഇറക്കിയ നാണയം.

“പുത്തന്‍”. മറ്റൊരു നാണയം. “പുത്തന്‍ പണവും” “പുത്തന്‍ പണക്കാരനു“ മൊക്കെ ഉണ്ടായത് ഇതിനെ അടിസ്ഥനമാക്കിയാവണം.

ഒരു വിഷ്ണു ശില്‍പ്പം

മറ്റൊരു പുരാതന പെയിന്റിംഗ്. ഡച്ച് ഭരണകാലത്ത് വരച്ചതെന്നു കരുതപ്പെടുന്നു. ക്രിസ്തുവിന്റെ അമ്മ മറിയം, ബന്ധുവായിരുന്ന എലിസബേത്തിനെ സന്ദര്‍ശിക്കൂന്ന ബൈബിള്‍ രംഗമാണ് ചിത്രത്തില്‍.

തിരുവിതാംകൂറില്‍ നിലവിലിരുന്ന “അഞ്ചല്‍പ്പെട്ടി” - പഴയ തപാല്‍പെട്ടി

കൊട്ടാരത്തിനു വെളിയില്‍ സ്ഥാപിച്ചിരിക്കുന്ന പുരാതനമായൊരു ബുദ്ധപ്രതിമ. ഇതുപോലെയൊരു ബുദ്ധപ്രതിമ കായംകുളത്തിനടുത്ത് മാവേലിക്കരയിലും ഉണ്ട്. പുരാതനകാലത്ത് ബുദ്ധമത വിശ്വാസികള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.
ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്നവ കൂടാതെ നാണയശേഖരത്തിലും, ചിത്രശേഖരത്തിലും മറ്റനേകം എക്സിബിറ്റുകള്‍ ഇവിടെയുണ്ട്.
മധ്യകേരളത്തിലുള്ളവര്‍ക്കും, തീരദേശ ജില്ലകളിലുള്ളവര്‍ക്കും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരു ചരിത്ര സ്മാരകമാണ് കൃഷ്ണപുരം കൊട്ടാരം. കായംകുളത്തേക്ക് നാഷണല്‍ ഹൈവേ 47 വഴിയുള്ള ബസ് മാര്‍ഗ്ഗവും, തിരുവനന്തപുരം - ഏറണാകുളം റൂട്ടിലോടുന്ന ട്രെയിനുകള്‍ വഴിയും എത്തിച്ചേരാം. ടൌണില്‍നിന്നും അനായാസം ഈ കൊട്ടാരത്തിലെത്താം ( രണ്ടുകിലോമീറ്റര്‍ മാത്രം).
ഇപ്പോള്‍ തമിഴ്നാട്ടില്‍ സ്ഥിതിചെയ്യുന്ന പത്മനാഭപുരം കൊട്ടാരം പോയിക്കാണുവാന്‍ സൌകര്യം ലഭിക്കാത്തവര്‍ക്ക് അതിന്റെ ഒരു മിനിയേച്ചര്‍ കാണുവാനുള്ള അവസരമാണ് ഇവിടെ ലഭിക്കുക. കൂടാതെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും, അതുപോലെ ചരിത്രാന്വേഷികളായ എല്ലാവര്‍ക്കും ഒരുപോലെ ഈ കൊട്ടാരവും പരിസരവും ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
കൃഷ്ണപുരം കൊട്ടാരത്തെപ്പറ്റിയുള്ള പോസ്റ്റ് ഇവിടെ പൂര്‍ണ്ണമാകുന്നു.
3448
38 comments:
കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തെപ്പറ്റിയുള്ള പോസ്റ്റിന്റെ രണ്ടാം ഭാഗം.
അപ്പൂ തികച്ചും വിജ്ഞാനപ്രദം.
നന്ദി അപ്പൂ..നല്ല പോസ്റ്റ്.
പ്രിയ അപ്പൂ,
രണ്ടും കണ്ടു നന്നായിരിക്കുന്നു, നന്ദി.
രണ്ടു പക്ഷവും സമയം പോലെ പക്ഷം പിടിച്ച് സംസാരിക്കുന്നവരെ സൂചിപ്പിക്കുവാനും 'കായംകുളം വാള്‍' എന്ന പേര് ഉപയോഗിക്കാറുണ്ട്.
ഒരു പുരാതന വാള്‍ ഞങ്ങളുടെ കുടുംബത്തിലും ഉണ്ട്.
അപ്പ്വേട്ടാ...ശ്ശി ബോധിച്ചിരിക്കണൂട്ടോ....
:)
ആശംസകള്‍
അപ്പു, സ്തുത്യര്‍ഹം.:)
ചാത്തനേറ്: ഇനിയിപ്പോ ബാക്കി എന്താ ഉള്ളത് അവിടെ? ഇവിടെ കാണാത്തതായി?
അപ്പൂ. അതിസുന്ദരം! വിജ്ഞാനപ്രദം.
അപ്പുവിന്റെ പോസ്റ്റിലൂടെയാണ് ഈ കൊട്ടാരത്തെകുറിച്ചും മ്യൂസിയത്തെകുറിച്ചും അറിഞ്ഞത്. നന്ദി.
പത്ഭനാഭപുരം കൊട്ടാരം ശരിക്കും കാണേണ്ടതുതന്നെയാണ്.
വളരെ വളരെ വളരെ നല്ല പോസ്റ്റ് അപ്പൂ....
:)
പ്രതീക്ഷിച്ച പോലെ രണ്ടാം ഭാഗവും നന്നായി. വിജ്ഞാനപ്രദം. നന്ദി.
-സുല്‍
അപ്പു, ആലപ്പുഴക്കാരനായിട്ടും എനിക്ക് ഇതേവരെ ഇതൊന്നും കാണാന്‍ പറ്റിയിട്ടില്ലട്ടോ..
വിജ്ഞാനപ്രദമായ പോസ്റ്റ്.. നന്ദി
അപ്പുവേട്ടാ,
കൊട്ടാരത്തിനെക്കുറിച്ചുള്ള എല്ലാപോസ്റ്റുകളും വായിച്ചിട്ട് കമന്റിടമെന്നു കരുതി.കൊട്ടാരത്തിന്റെ നേരേ എതിര്‍വശത്തുകാണുന്ന കൃഷ്ണപുരം ടെക്നിക്കല്‍ സ്കൂളില്‍ അഞ്ചാംക്ലാസുമുതല്‍ പത്താം ക്ലാസ്സു വരയുള്ള പഠനകാലയളവിനുള്ളില്‍ പലവട്ടം നേരിട്ടും ,മതിലുചാടിയും(കൊട്ടാരവളപ്പിന്‍ നിന്ന് ക്രിക്കറ്റ് ബോള്‍ എടുക്കാന്‍!) അകത്തുകയറിയിട്ടുണ്ടെങ്കിലും ഇത്രയും കാര്യങ്ങള്‍ അറിയാമായിരുന്നില്ല. കുറച്ചൊക്കെ കാര്യങ്ങള്‍ സ്ഥലവാസികളും കൂട്ടുകാരും പറഞ്ഞറിഞ്ഞിരുന്നതൊഴിച്ചാല്‍. കുട്ടിക്കാലമായിരുന്നതുകൊണ്ട് കൊട്ടാരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് അത്രയ്ക്കൊന്നും അവബോധമുണ്ടായിരുന്നില്ലന്നതാണ് സത്യം.അല്ലെങ്കിലും മുറ്റത്തെമുല്ലയ്ക്ക് മണമില്ലല്ലോ. അല്ലെങ്കിലും ഞങ്ങള്‍ പിള്ളേര്‍ ചെല്ലുമ്പോള്‍ അവിടുത്തെ സര്‍ക്കാര്‍ ഗൈഡുകള്‍ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മനസ്സില്ല എന്നതായിരുന്നു സ്ഥിതി. അവിടെങ്ങും തൊടരുതെന്ന ശാസനകളുമായി പിന്നാലെ കൂടുമെന്നതൊഴിച്ചാല്‍ യാതൊരുപ്രയോജന്വുമുണ്ടായിരുന്നില്ല അവരെക്കൊണ്ട്. ഇന്നത്തെ സ്ഥിതിയറിയില്ല. സ്കൂള്‍വിട്ടതിനുശേഷം പിന്നീടൊരിക്കലും കൊട്ടാരത്തില്‍ കയറിയിട്ടില്ല. ഈ പോസ്റ്റുകണ്ടപ്പോള്‍ ചിരപരിചിത്മായ കൊട്ടാരത്തിന്റെ മുക്കും മൂലകളുമെല്ലാം ഒരിക്കല്‍കൂടി മനസ്സിലേക്കോടിവന്നു.ഒരിക്കല്‍ എന്റെ വീട്ടിലെ വലിയ പമ്പുസെറ്റുപയോഗിച്ച് കൊട്ടാരത്തിലെ പുരാതനമായ കുളം വൃത്തിയാക്കുവാന്‍ ഞാനും ഒരുരാത്രിമുഴുവനും രണ്ടു കൂട്ടുകാരോടൊപ്പം ഉറക്കമൊഴിഞ്ഞ് (കൃഷ്ണപുരം യക്ഷിയെക്കുറിച്ചും മറ്റുമുള്ളപല കെട്ടുകഥകളും പങ്കുവെച്ച് പേടിച്ചരണ്ട്!) കഴിച്ചുകൂട്ടിയ കാര്യമോര്‍ക്കുന്നു! പ്രശസ്തമായ ഇരുതലമൂര്‍ച്ചയുള്ള കായംകുളം വാള്‍ കുറേക്കാലം കൊട്ടാരത്തില്‍നിന്നും തിരുവനന്തപുരത്തെമ്യൂസിയത്തിലായിരുന്നു.പിന്നീട് ചില സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് തിരികെയെത്തിച്ച്താണെന്നും കേട്ടിരുന്നു.സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ അത്ഭുതമുളവാക്കിയകാര്യങ്ങളില്‍ ഗജേന്ദ്രമോക്ഷവും(ഈചിത്രത്തിന്റെ ഫോട്ടോ ഉള്‍പ്പെടുത്താത്തത് ചതിയായിപ്പോയി!) കൊട്ടാരത്തില്‍ നിന്നുള്ള രാജാവിന് രക്ഷപ്പെടാനുള്ള തുരങ്കവും(ഇത് ഞങ്ങള്‍ കളിച്ചിരുന്ന സ്കൂള്‍ ഗ്രൗണ്ടിനടിയിലൂടെ യായിരുന്നുവെന്നാണ് അക്കാലത്തെഞ്ഞങ്ങളുടെ വിശ്വാസം!)രണ്ടാംനിലയിലെ ആധുനികനോട് കിടപിടിക്കുന്ന ടോയ്‌ലെറ്റിലെ ക്ലോസറ്റും(പലവട്ടം ഇതിലിരുന്ന് കൂട്ടുകാര്‍ രാജാവിനെ അനുകരിക്കുന്നതോര്‍ക്കുന്നു!) കൊട്ടാരവളപ്പിലെ ശ്രീബുദ്ധന്റെ പൂര്‍ണകായ പ്രതിമയുമാണ്(ഈയൊരുചിത്രം തീര്‍ച്ചയായും ഞാന്‍ പ്രതീക്ഷിച്ചിരുന്നു പക്ഷേ കണ്ടില്ലെന്ന പരാതിയുണ്ട്!) കൊട്ടാരത്തിന് അരകിലോമീറ്റര്‍ മാത്രം കിഴക്കായി നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള പോത്തുച്ചിറയെന്ന പുരാതനമായ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന മലിനീകൃതമായ ചിറ(വലിയ ജലാശയം)രാജാവിന്റെ കുതിരകളെ കുളിപ്പിക്കുന്നതിനുനിര്‍മ്മിച്ചതായിരുന്നുവെന്നായിരുന്നുകേട്ടുകേള്‍വി.ഈപോസ്റ്റുവായിച്ചുകഴിഞ്ഞപ്പോള്‍ നൊസ്റ്റാള്‍ജിയ തലപൊക്കിയതുകൊണ്ടോ എന്തോ ഇപ്പോള്‍ ഒരാഗ്രഹം അടുത്ത നാട്ടില്‍പോക്കിന് ഒത്താല്‍ ഒരിക്കല്‍കൂടി എത്രകണ്ടാലും മതിവരാത്ത കൊട്ടാരത്തിനകത്തു കയറി എല്ലാം ഇനിയും കാണണമെന്ന്! ഏതായാലും ഇത്രയൊക്കെ കാര്യങ്ങള്‍ കൊട്ടരത്തെക്കുറിച്ചു പറഞ്ഞുതന്നതിനും മനോഹരമായ ചിത്രങ്ങള്‍ക്കും നാട്ടുകാരനെന്നനിലയിലുള്ള എന്റെ സന്തോഷവും നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. തീര്‍ച്ചയായും ഇത്തരം വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
:) ഈ പാര്‍ട്ടും നന്നായി അപ്പൂ.
പ്രിയപ്പെട്ട ഷാനവാസ് (ഇലിപ്പക്കുളം), ഇത്രയും വിശദമായ ഒരു കമന്റ് കൃഷ്ണപുരത്തെ ഒരു നാട്ടുകാരനില്‍ നിന്നു കേള്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷവും ചാരിതാര്‍ത്ഥ്യവും ഉണ്ട്. രാജാവിനു രക്ഷപ്പെടാനുള്ള തുരങ്കത്തെപ്പറ്റിയോ, കൃഷ്ണപുരം യക്ഷിയെക്കുറിച്ചോ എനിക്ക് ഇതുവരെ അറിയില്ലായിരുന്നു. ആ കഥകള്‍ ഒന്നു പറയാമോ? (ഒരു പോസ്റ്റിട്ടാലും മതി!!).
പിന്നെ, ഗജേന്ദ്രമോക്ഷം ചിത്രം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നു പറഞ്ഞത് ശരിയല്ല. ഇതിന്റെ ആദ്യഭാഗത്ത് ആ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. കൊട്ടാരത്തിനു വെളിയില്‍ സ്ഥാപിച്ചിരിക്കുന്ന ശ്രീബുദ്ധ പ്രതിമയുടെ ഫോട്ടോ ഞാന്‍ എടുത്തിരുന്നു. പക്ഷേ അപ്പോള്‍ മഴയായതുകാരണം (മാത്രവുമല്ല ഒരു കൈയ്യില്‍ ക്യാമറയും, മറ്റേക്കയ്യില്‍ മൂന്നുവയസ്സുകാരന്‍ പുത്രനും, പുത്രന്റെ കൈയ്യില്‍ കുടയും ആയിട്ടുള്ള ഒരു പോസായിരുന്നു ബുദ്ധപ്രതിമയുടെ മുമ്പില്‍ എന്റേത്!!)ആ ഫോട്ടോ അത്രയ്ക്കങ്ങ് ഒത്തില്ല എന്ന് എനിക്കു തോന്നി. അതിനാലാണ് ബുദ്ധപ്രതിമയുടെ ഫോട്ടോ ഇക്കൂട്ടത്തില്‍ ഇടാഞ്ഞത്. പക്ഷേ ഇങ്ങനെ ഒരു റിക്വസ്റ്റ് ഇട്ട് സ്ഥിതിക്ക് ഇന്നുതന്നെ ആ ഫോട്ടോകൂടി ഉള്‍പ്പെടൂത്തിയേക്കാം. രാജാവിന്റെ മുറിയോടുചേര്‍ന്നുള്ള കല്‍-ക്ലോസറ്റിന്റെ ഫോട്ടോയും ഉണ്ട്. പക്ഷേ ഞങ്ങള്‍ എത്തിന്നതിനു മുമ്പ് അതുവഴി പോയ ചില കുസൃതിപ്പിള്ളേര്‍ അതില്‍ മൂത്രൊഴിച്ച് നനച്ചുവച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് അതിലുള്ളത്. അതിനാല്‍ അതും ഇവിടെ ഇടേണ്ടാ എന്നു വച്ചു.... (അതും ഇട്ടേക്കാം, എന്തിനാ കുറയ്ക്കുന്നത്!!). ഏതായാലും ഈ കമന്റുകള്‍ക്ക് ഒരിക്കല്‍ക്കൂടെ നന്ദി. (ഷാനവാസ് ഈ കമന്റു വായിക്കുന്നുണ്ടെങ്കില്‍, താങ്കളുടെ ഇ-മെയില്‍ അഡ്രസ്കൂടി തരുവാന്‍ താത്പര്യപ്പെടുന്നു).
ഇതോടൊപ്പം ഇത്തിരിവെട്ടം, മൂര്‍ത്തി, ഇന്‍ഡ്യാഹെറിറ്റേജ്, സഹയാത്രികന്‍, വേണു, കുട്ടിച്ചാത്തന്‍, നിഷ്കളങ്കന്‍, ശാലിനി, തമനു, സുല്‍, നജീം, ദേവേട്ടന്‍ എന്നിവരോടുള്ള നന്ദിയും അറിയിക്കുന്നു.
അപ്പുവേട്ടാ...
ഒന്നാം ഭാഗം പോലെ തന്നെ, വളരെ വിശദമായ, വിജ്ഞാന പ്രദമായ രണ്ടാം ഭാഗം. കൊട്ടാരം ഒന്നു ചുറ്റി നടന്നു കണ്ട പ്രതിതി തോന്നുന്നു, ഇപ്പോള്‍. മാത്രമല്ല, കൊട്ടാരത്തിലെത്തിച്ചേരേണ്ട വഴിയും കൂടി ഉള്‍പ്പെടുത്തിയതും നന്നായി.
ഷാനവാസേ... അപ്പുവേട്ടന്‍ പരഞ്ഞതു പോലെ, ഒരു നാട്ടുകാരനെന്ന നിലയില്‍ കൊട്ടാരത്തെപ്പറ്റി, നിങ്ങള്‍ നാട്ടുകാര്‍ കേട്ടിട്ടുള്ള കഥകളും വിവരണങ്ങളും ചേര്‍ത്ത് ഒരു പോസ്റ്റ് ഇട്ടുകൂടേ?
:)
വളരെ ഉപകാരപ്രദമായ ഈ പോസ്റ്റിനു ഹൃദയം നിറഞ്ഞ നന്ദി...
എല്ലാവരുടേയും നുറുങ്ങു അറിവുകള്‍ പങ്കുവെക്കുമ്പോള്‍ അറിവു സമ്പാദിക്കാനാവുന്നു.
അപ്പുവിന്റെ ഈ ഉദ്യമത്തിനു സര്‍വ്വവിധ പിന്തുണ.
പോസ്റ്റും,കമണ്ടും വലമതിക്കാനാവാത്തത്.
അപ്പുവേട്ടാ നന്ദി!
ഗജേന്ദ്രമോക്ഷം ഇട്ടില്ലെന്നു പറഞ്ഞത് ക്ഷമിക്കുക. ആദ്യത്തെ പോസ്റ്റില്‍ ഉണ്ടായിരുന്ന പടം ചെറുതായിരുന്നതുകൊണ്ട്(പടത്തില്‍ ക്ലിക്കാതെ) ഞാന്‍ കരുതിയത് മറ്റൊട്ടനവധി ചുവര്‍ചിത്രങ്ങള്‍ ഉള്ളതിലൊന്നായിരിക്കും അതെന്ന്!
കാരണം ഗജേന്ദ്രമോക്ഷത്തെ ക്കുറിച്ച് മനസ്സിലുള്ള ചിത്രം ഒരു വലിയ ഭിത്തിനിറയെ നിറഞ്ഞുനില്‍ക്കുന്ന ഒരു വലിയ ചിത്രമായിരുന്നു അതിനാല്‍ തന്നെ ആപടം കാര്യമായി ശ്രദ്ധിച്ചുമില്ല ക്ലിക്കിയുമില്ല. അത് എന്റെ തെറ്റ്. ക്ഷമിക്കുമല്ലോ.
അപ്പുവേട്ടന്റൈതിനു മുന്‍പും ഉള്ള പല പോസ്റ്റുകളും ഞാന്‍ വയിച്ചിട്ടുണ്ട്.എല്ലാം നല്ല വിജ്ഞാനപ്രദമായ നല്ല പോസ്റ്റുകള്‍.മിക്കപ്പോറും കമന്റിടാന്‍ സാധിക്കാറില്ലെങ്കിലും ഇത് നാട്ടുകാരനല്ലേ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ! മറുപടിയെഴുതിയതിനുനന്ദി. ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്.
ശ്രീ, നന്ദി എന്റെ മെയില്‍ ഐഡി അപ്പുവേട്ടന് നല്‍കിയതിന്. പിന്നെ കൃഷ്ണപുരം യക്ഷിയുടെ കഥ അതൊക്കെ വെറും യക്ഷിക്കഥയല്ലേ? :) അറിയാവുന്ന കഥകളോടൊപ്പം അല്‍പം പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് എഴുതിക്കളയാം ;)
സ്നേഹപൂര്‍വ്വം,
ഷാനവാസ്
ശവം സംസ്കരിക്കുന്ന കുടം അതു പുതിയൊരു അറിവാണല്ലോ. അത്രയ്ക്ക് വലുതാണോ അത്?
അപ്പു വളരെ നന്ദി ഇതൊക്കെ പങ്കുവെച്ചതില്‍.
ആഷേ..നന്ദി.
ശവസംസ്കാരത്തിന് ഉപയോഗിച്ചിരുന്ന കുടങ്ങള്‍ ഒരു മനുഷ്യശരീരം ഇറയ്ക്കിവയ്ക്കാന്‍ തക്ക വലിപ്പത്തിലുള്ളവതന്നെയാണ്.
അപ്പൂ,
ഇനിയിപ്പോ കൃഷ്ണപുരം കൊട്ടാരം കാണാന്‍ പോയില്ലെങ്കിലെന്താ, എല്ലാം കണ്ടല്ലോ :)
തികച്ചും നന്നായിരിക്കുന്നു ഇത്തവണയും ചിത്രങ്ങളും വിവരണങ്ങളും. :) അഭിനന്ദനങ്ങള്‍.
അപ്പു, ഇതിന്റെ തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ പലദിവസങ്ങള്‍ സന്ദര്‍ശിച്ചിട്ടും താമസിച്ചിട്ടും ഇതൊന്ന് പോയി കാണാന്‍ എനിക്കു കഴിഞ്ഞിട്ടില്ല ഹൊ ! 90കള്‍ക്ക് മുമ്പ് അല്ലെങ്കിലും ഇതൊക്കെ പോയികണ്ടിട്ടെന്താ കാര്യം അന്ന് ബ്ലോഗില്ലാലോ?
പോസ്റ്റിനുള്ള അഭിനന്ദന്‍സ് വേറെ അറിയിക്കുന്നു:)
അപ്പൂ, രണ്ടു പോസ്റ്റുകളും കണ്ടു. വളരെ നന്ദി.
അപ്പു പറഞ്ഞു
“പത്മനാഭപുരം കൊട്ടാരം പോയിക്കാണുവാന്‍ സൌകര്യം ലഭിക്കാത്തവര്‍ക്ക് അതിന്റെ ഒരു മിനിയേച്ചര്‍ കാണുവാനുള്ള അവസരമാണ് ഇവിടെ(കൃഷ്ണപുരം കൊട്ടാരം) ലഭിക്കുക“ എന്ന്.
ഞാന്‍ പറയട്ടെ
കൃഷ്ണപുരം കൊട്ടാരം പോയിക്കാണുവാന്‍ സൌകര്യം ലഭിക്കാത്തവര്‍ക്ക് അതിന്റെ ഒരു മിനിയേച്ചര്‍ കാണുവാനുള്ള അവസരമാണ് ഇവിടെ അപ്പു ഒരുക്കിയിരിക്കുന്നത്.
അല്ലേ അപ്പൂ.
അഭിനന്ദനങ്ങള്‍.
അഭിപ്രായങ്ങള്‍ അറിയിച്ച മഴത്തുള്ളി, സാജന്‍, വനജ, പ്രദീപ് എല്ലാവര്‍ക്കും നന്ദി.
അപ്പു, നന്നായിട്ടുണ്ട്!
അപ്പൂസേ, another masterpiece!! വളരെ നന്നായിട്ടുണ്ട്. വിശദമായ കുറിപ്പുകള്‍ ഞങ്ങള്‍ക്ക് വളരെ ഉപയോഗപ്രദമായിരിക്കുന്നു. നന്ദി. ആശംസകള്‍!
:) ഇപ്പോഴാ കണ്ടേ.. :)
അപ്പൂ...
എല്ലാ ചിത്രങ്ങളും വളരെ നന്നായിട്ടുണ്ടു
ഇനിയും പുതിയ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു
നന്‍മകള്‍ നേരുന്നു.
ആസ്വദിച്ചു..... നന്നയിട്ടുണ്ട്
അപ്പു,
നന്നായിരിക്കുന്നു.
ആ ബുദ്ധ പ്രതിമക്കു പിന്നാലെയാണ് ചിത്രകാരന്റെ ചിന്തകള്‍.
മാവേലിക്കരയിലുള്ള ബുദ്ധന്റെ പടം കിട്ടിയാല്‍ പോസ്റ്റണേ.
അപ്പുണ്ണി മാഷെ,
ആദ്യ ഭാഗം ഞാന്‍ വായിച്ചിട്ടില്ലാന്നാണെന്റോര്‍മ്മ, ആയാതിനാല്‍ ആദ്യ പോസ്റ്റിന്റെ ലിങ്കില്‍ പോയപ്പോള്‍ അവിടെ appuviews എന്നു കാണുകയും മുഴുവനും എഴുതിയിരിക്കുനത് അഗ്രേസി ഭാഷയിലാണുതാനും..അപ്പോള്‍ അതവിടെ അങ്ങിനെതന്നെക്കിടക്കട്ടെ..
രണ്ടാം ഭാഗം വായിച്ചു. തീര്‍ച്ചയായും, അവിടെ പോകണമെന്ന ഒരു ആഗ്രഹം ജനിപ്പിക്കുന്ന പോസ്റ്റ്.
മൃതദേഹം സംസ്കരിച്ചിരുന്ന ഇത്തരം ഭരണിക്ക് ജാറ എന്നാണ് അറിയപ്പെടുന്നത്. അതില്‍ ചിലപ്പോള്‍ നാണയങ്ങളും കാണപ്പെടാറുണ്ട്. എന്റെ നാട്ടില്‍ ചില പ്രദേശങ്ങളില്‍ മണ്ണുമാറ്റുമ്പോള്‍ ഇത്തരം ജാറകള്‍ കിട്ടാറുണ്ട്.
ആ മോഹന്‍ ജദാരൊ സംസ്കാരത്തിലെ ഒരു ആളിന്റ് തല കാണിച്ചില്ലെ, അത് ശരിക്കുള്ള തലയോട്ടി തന്നെയാണൊ..? അല്ലെന്ന് എനിക്കു തോന്നുന്നു.
അപ്പൂട്ടാ.. തികച്ചും ഒരു രഹസ്യം.. കൃഷ്ണപുരം കൊട്ടാരത്തെപ്പറ്റി പറയുമ്പോള്‍ ഒരു മുന്‍ കരുതല്‍ എടുക്കുന്നത് നല്ലതായിരുന്നു..അവിടത്തെ യക്ഷി ഇങ്ങിനെ കഥ പറയുന്നവരെ രക്തം ഊറ്റിക്കുടിച്ച് കൊന്ന് വലിച്ചെറിയാറുണ്ട്....പക്ഷെ ഇത്ര നന്നായി വിവരിച്ചതിനാലും യക്ഷിയെപറ്റി എഴുതാത്തതിനാലും അപ്പുട്ടന്‍ യക്ഷിയുടെ കോപത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു. എന്നാലും ഒരു രക്ഷ (ഏലസ്സ്) ജപിച്ചു കെട്ടുന്നത് നല്ലതാണ്.
ഈ കൃഷ്ണപുരം കൊട്ടാരത്തിന് അടുത്തുള്ള കാപ്പിലാണ് എന്‍റെ സ്ഥലം .പല പ്രാവശ്യം ഞാന്‍ ഇവിടെ പോയിട്ടുണ്ട് .നല്ല ലേഖനം .
ഓടോ-ചിത്രകാരാ ,മാവേലിക്കരയില്‍ ബുദ്ധന്റെ ഒരു മുക്ക് വരെയുണ്ട് .മാത്രമല്ല കാപ്പില്‍ അടുത്ത കാലം വരെ ഒരു ബുദ്ധ സന്യാസിയും ഉണ്ടായിരുന്നു ." ബുദ്ധന്‍ ചിരിക്കുന്നു ചിത്രകാര "
കുഞ്ഞാ, കൃഷ്ണപുരം കൊട്ടാരത്തിന്റെ ഒന്നാം ഭാഗം ഇവിടെ ഉണ്ടല്ലോ. ലിങ്കില്‍ എന്താ പ്രശ്നം?
ഇവിടെ ഒന്നു ക്ലിക്കിക്കേ
അപ്പൂട്ടാ,
പഴയ പോസ്റ്റുകൾ വായിച്ചു വരുന്നതേയുള്ളു. അതുകൊണ്ട് സാധാരണ കമന്റ് ഇടാറില്ല. എങ്കിലും ഇപ്പോൾ ഒന്നിടണമെന്ന് തോന്നി
.കേരളത്തിൽ എന്നതിനു പകരം കേരളത്തിന്റെ ഭാഗമായ തിരുവിതാംകൂറിൽ എന്നല്ലേ കൂടുതൽ ശരി? തിരുകൊച്ചി സംയോജനത്തിനു മുമ്പ് കൊച്ചിയിൽ ഉപയോഗത്തിൽ ഇരുന്നത് അണ പൈസയും തിരുവിതാംകൂറിൽ ചക്രവും ആയിരുന്നു. കേരളം വന്നതിനു ശേഷമാണോ ചക്രം മാറിയത്? അല്ലെന്നാണ് തോന്നുന്നത്. തിരുകൊച്ചി ആയിരുന്നപ്പോൾ രണ്ടും ഉണ്ടായിരുന്നു .അതുകൊണ്ടുതന്നെ ഞങ്ങളേ പോലെ തിരുകൊച്ചി രൂപീകരണത്തിനു ശേഷം സ്കൂളിൽ പഠിച്ചവരെ 16 വരെ ഉള്ള ഗുണനപട്ടിക പഠിപ്പിച്ചിരുന്നു .കൂടാതെ ചക്രം-അണ കൺവെർഷൻ പട്ടികയും [ 1അണ=1ചക്രം 12 കാശ് ,2 അണ=3 ചക്രം 9 കാശ്.....] രണ്ടിന്റേയും പട്ടികയും[16 കാശ്=1ചക്രം , 28ചക്രം=1 രൂപ എന്നും & 12 പൈസ=1അണ ,16 അണ= 1രൂപ =28.5-ഇരുപത്തെട്ടര ചക്രം] എന്ന് സ്കൂ ളിൽ പഠിപ്പിക്കാൻ കാരണം കൊച്ചിയിലെ അണയും തിരുവിതാംകൂറിലെ ചക്രവും ഒരുമിച്ച് കുറേക്കാലം പ്രചാരത്തിലായിരുന്നതുകൊണ്ടാണ് . ഞങ്ങൾക്കും മുമ്പുള്ളവർ 28 വരെ യുള്ള പെരുക്ക പട്ടിക പഠിക്കുമായിരുന്നു. കാരണം 28 ചക്രം=1 രൂപ
തിരുവിതാം കൂറിൽ നിലവിലിരുന്ന സർക്കാർ ര്രൂപക്ക് 28 ചക്രവും കൊച്ചിയിലെ ബ്രിട്ടിഷ് ഉറുപ്പിക എന്ന രൂപ ക്ക് 28.5[ഇരുപത്തിയെട്ടര] ചക്രവുമായിരുന്നു മൂല്യം . അതു വരെ രൂപക്ക് ‘രൂ’ എന്ന് എഴുതിയിരുന്നത് പിന്നീട് ഉറുപ്പികയുടെ ‘ക” എന്ന ലിഖിത മാറ്റവും വന്നു എന്നാണ് ഓർമ്മ.
പിന്നീട് ചക്രം മാറി അണ മാത്രമായിരുന്നു കുറച്ചുകാലം .അതിനു ശേഷമാണ് നയാപൈസയും [അണ പൈസയിൽ നിന്നും തിരിച്ചറിയനായിരിക്കണം ഈ ‘നയാ’ പ്രയോഗം] അണ പിൻവലിച്ചപ്പോൾ പിന്നീട് ഇപ്പോഴത്തെ പൈസയും വന്നത്. വർഷങ്ങളൊന്നും ഓർക്കുന്നില്ല.
ഒരു കൂടി അന്ന് 1കാശിന് 1ദോശ കിട്ടുമായിരുന്നു.അതയത് 1 ക യ്ക്ക് 28 കാശി ദോശ
നന്നായിരിക്കുന്നു.
Post a Comment