കൃഷ്ണപുരം കൊട്ടാരത്തിലെ മ്യൂസിയം - ഫോട്ടോപോസ്റ്റ്
കൊട്ടാരത്തിന്റെ മുഖപ്പും പ്രധാന വാതിലും
ഇപ്പോള്‍ കൊട്ടാരത്തിന്റെ മേല്‍നോട്ടം പുരാവസ്തു വകുപ്പിനാണെന്ന് പറഞ്ഞുവല്ലോ. ചരിത്രവുമായി ബന്ധപ്പെട്ട വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ പ്രദര്‍ശനം കൊട്ടാരത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നു. പഴയ നാണയങ്ങളുടെ ഒരു വലിയ ശേഖരവും ഇവിടെയുണ്ട്.
പതിനാറുകെട്ടിലെ നടുമുറ്റങ്ങളിലൊന്നിലേക്കിറങ്ങുന്ന മേല്‍പ്പുര
കൊട്ടാരക്കെട്ടിനുള്ളില്‍ക്കൂടി നടക്കുമ്പോള്‍ത്തന്നെ ഈ ചരിത്ര രേഖകള്‍ കാണാവുന്ന രീതിയിലാണ് അവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിശദമായ വിവരണവും സമീപത്തുതന്നെ നല്‍കിയിരിക്കുന്നു. ഒരു ബ്ലോഗ് പോസ്റ്റിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ വസ്തുക്കളുടേയും ഫോട്ടോ ഇവിടെ നല്‍കുക പ്രയാസമാണ്. എങ്കിലും എനിക്ക് പുതിയ അറിവുകള്‍ തന്ന ചില ചിത്രങ്ങള്‍ മാത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
കൊട്ടാരത്തിന്റെ മേല്‍പ്പുരയുടെ ചട്ടക്കൂട്
********************* മ്യൂസിയത്തിലേക്ക് ***********************
സിന്ധുനദീതട നാഗരികതയുടെ അവശേഷിപ്പുകളിലൊന്ന്.

പ്രശസ്തമായ കായംകുളം വാള്‍. ഇരുവശങ്ങളിലും ‘വായത്തല’ യുള്ളതാണ് ഇതിന്റെ പ്രത്യേകത

പഴയകാലത്ത് നിലവിലിരുന്ന ലിപിരൂപങ്ങള്‍ കല്ലില്‍ കൊത്തിയത്

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന മഞ്ചലുകളിലൊന്ന്

ശവസംസ്കാരത്തിന് ഉപയോഗിച്ചിരുന്ന കുടം. ഈ കുടത്തില്‍ മൃതദേഹം ഇറക്കിവച്ച് സംസ്കരിക്കുന്ന രീതി പണ്ടുണ്ടായിരുന്നു. ഈ കുടങ്ങള്‍ മണ്ണില്‍ വച്ചസ്ഥാനങ്ങള്‍ക്കുമുകളില്‍ കുടയുടെ രൂപത്തിലുള്ള ഒരു കല്ലും സ്ഥാപിച്ചിരുന്നു. അവയാണ് കുടക്കല്ലുകള്‍.

കൊട്ടാരത്തിലെ മറ്റൊരു ചുവര്‍ച്ചിത്രം. ശ്രീരാമന്‍ ഹനുമാന്റെ കൈയ്യില്‍ മോതിരം നല്‍കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

നാഗരാജാവിന്റെ ശില്‍പ്പം. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത്.

മറ്റൊരു നാഗരാജ ശില്‍പ്പം.

പീരങ്കികളില്‍ ഉപയോഗിച്ചിരുന്ന കല്ലുണ്ടകള്‍. ഇവയായിരുന്നു വെടിമരുന്നുപയോഗിച്ച് ലക്ഷ്യങ്ങളിലേക്ക് പായിച്ചിരുന്നത്.

സപ്തമാതാക്കളുടെ ഒരു പുരാതന ശില്‍പ്പം. ബ്രഹ്മാണി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നിവരാണ് സപ്തമാതാക്കള്‍ എന്നറിയപ്പെടുന്നത്.

കാശും ചക്രവും. പണ്ട് കേരളത്തില്‍ നിലവിലിരുന്ന നാണയങ്ങള്‍.

ലക്ഷമീ വരാഹന്‍; 1818-ല്‍ ഇറക്കിയ നാണയം.

“പുത്തന്‍”. മറ്റൊരു നാണയം. “പുത്തന്‍ പണവും” “പുത്തന്‍ പണക്കാരനു“ മൊക്കെ ഉണ്ടായത് ഇതിനെ അടിസ്ഥനമാക്കിയാവണം.

ഒരു വിഷ്ണു ശില്‍പ്പം

മറ്റൊരു പുരാതന പെയിന്റിംഗ്. ഡച്ച് ഭരണകാലത്ത് വരച്ചതെന്നു കരുതപ്പെടുന്നു. ക്രിസ്തുവിന്റെ അമ്മ മറിയം, ബന്ധുവായിരുന്ന എലിസബേത്തിനെ സന്ദര്‍ശിക്കൂന്ന ബൈബിള്‍ രംഗമാണ് ചിത്രത്തില്‍.

തിരുവിതാംകൂറില്‍ നിലവിലിരുന്ന “അഞ്ചല്‍പ്പെട്ടി” - പഴയ തപാല്‍പെട്ടി
കൊട്ടാരത്തിനു വെളിയില്‍ സ്ഥാപിച്ചിരിക്കുന്ന പുരാതനമായൊരു ബുദ്ധപ്രതിമ. ഇതുപോലെയൊരു ബുദ്ധപ്രതിമ കായംകുളത്തിനടുത്ത് മാവേലിക്കരയിലും ഉണ്ട്. പുരാതനകാലത്ത് ബുദ്ധമത വിശ്വാസികള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.
ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്നവ കൂടാതെ നാണയശേഖരത്തിലും, ചിത്രശേഖരത്തിലും മറ്റനേകം എക്സിബിറ്റുകള്‍ ഇവിടെയുണ്ട്.
മധ്യകേരളത്തിലുള്ളവര്‍ക്കും, തീരദേശ ജില്ലകളിലുള്ളവര്‍ക്കും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരു ചരിത്ര സ്മാരകമാണ് കൃഷ്ണപുരം കൊട്ടാരം. കായംകുളത്തേക്ക് നാഷണല്‍ ഹൈവേ 47 വഴിയുള്ള ബസ് മാര്‍ഗ്ഗവും, തിരുവനന്തപുരം - ഏറണാകുളം റൂട്ടിലോടുന്ന ട്രെയിനുകള്‍ വഴിയും എത്തിച്ചേരാം. ടൌണില്‍നിന്നും അനായാസം ഈ കൊട്ടാരത്തിലെത്താം ( രണ്ടുകിലോമീറ്റര്‍ മാത്രം).
ഇപ്പോള്‍ തമിഴ്നാട്ടില്‍ സ്ഥിതിചെയ്യുന്ന പത്മനാഭപുരം കൊട്ടാരം പോയിക്കാണുവാന്‍ സൌകര്യം ലഭിക്കാത്തവര്‍ക്ക് അതിന്റെ ഒരു മിനിയേച്ചര്‍ കാണുവാനുള്ള അവസരമാണ് ഇവിടെ ലഭിക്കുക. കൂടാതെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും, അതുപോലെ ചരിത്രാന്വേഷികളായ എല്ലാവര്‍ക്കും ഒരുപോലെ ഈ കൊട്ടാരവും പരിസരവും ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
കൃഷ്ണപുരം കൊട്ടാരത്തെപ്പറ്റിയുള്ള പോസ്റ്റ് ഇവിടെ പൂര്‍ണ്ണമാകുന്നു.
3448




