Showing posts with label വാര്‍ത്തകള്‍. Show all posts
Showing posts with label വാര്‍ത്തകള്‍. Show all posts

Thursday, July 30, 2009

ചെറായി ഹ..ഹ..ഹ - ഒരറിയിപ്പ്

ഇക്കഴിഞ്ഞ ചെറായിമീറ്റിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ, മീറ്റ് ദിവസം എല്ലാവര്‍ക്കും ഇഷ്ടമാവുന്ന എന്തൊക്കെ പരിപാടികള്‍ ആവാം എന്ന് ആലോചിക്കുന്ന അവസരത്തില്‍ എന്റെ മനസ്സില്‍ വന്ന ഒരു ആശയമായിരുന്നു കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്റെ വക ഒരു കാരിക്കേച്ചര്‍ സ്കെച്ച് ഡെമോ എന്നത്. മറ്റൊരു പരിപാടിയായിരുന്ന ജി.മനുവിന്റെ കുസൃതിച്ചോദ്യങ്ങള്‍ അന്നേ ദിവസം സമയക്കുറവുകാരണം നടത്താന്‍ സാധിച്ചില്ല. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന രാഷ്ട്രീയക്കാരുടെയോ സിനിമാതാരങ്ങളുടെയോ കുറച്ചു ചിത്രങ്ങള്‍ സജ്ജീവേട്ടന്‍ വരയ്ക്കുക എന്നതാണപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത്. അതേ തുടര്‍ന്ന് അദ്ദേഹത്തിന് അന്നേദിവസം അവിടെ എത്തുവാന്‍ സമ്മതമാവുമോ എന്നറിയുവാനായി ഒരു ചെറിയ കത്ത് ഞാന്‍ അയച്ചു. അതില്‍ ഈ ആഗ്രഹവും പറഞ്ഞിരുന്നു.



അഞ്ചുമിനിറ്റിനുള്ളില്‍ മറുപടിയെത്തി. ഞാന്‍ പ്രതീക്ഷിച്ചതിലും കുറേപ്പടികള്‍ മുമ്പോട്ട് കടന്ന് നില്‍ക്കുന്ന ഒരു മറുപടിയായിരുന്നു അത്. വെറും കാരിക്കേച്ചര്‍ ഡെമോ മാത്രം ആക്കുന്നതെന്തിന്, അവിടെ വരുന്ന എല്ലാവരുടെയും ചിത്രം വരയ്ക്കാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയെങ്കില്‍ അതിനായി വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് പറയാമോ എന്നു ചോദിച്ചുകൊണ്ട് ഒരു മറുപടി അങ്ങോട്ട് ഉടനെ വിട്ടു. കുറേ ഫെല്‍റ്റ് ടിപ് മാര്‍ക്കറുകള്‍, 300 ഗ്രാം Denisty ഉള്ള നൂറ് A4 സൈസ് പേപ്പറുകള്‍, പത്ത് ചാര്‍ട്ട് പേപ്പറുകള്‍, ഒരു ബോര്‍ഡ്, അതില്‍ പേപ്പര്‍ ഉറപ്പിക്കാനുള്ള പിന്നുകള്‍ ഇത്രയും സാധനങ്ങളായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അതില്‍ ചാര്‍ട്ട് പേപ്പര്‍ ഒഴികെയുള്ള സാധനങ്ങള്‍ വെക്കേഷന്‍ ഷോപ്പിങ്ങിനിടെ ഷാര്‍ജയില്‍നിന്ന് ഞാന്‍ വാങ്ങി. ചാര്‍ട്ട് പേപ്പര്‍ വാങ്ങുവാന്‍ നാട്ടിലെ സംഘാടകരായ ഹരീഷ് തൊടുപുഴയെയും നിരക്ഷരനേയും ഏല്‍പ്പിച്ചു.

നാ‍ട്ടിലെത്തിയപാടെ നിരക്ഷരന്‍ ചാര്‍ട്ട് പേപ്പര്‍ മാത്രമല്ല, ലിസ്റ്റിലുണ്ടായിരുന്ന സകല സാധനങ്ങളും വീണ്ടും വാങ്ങി! ഓരോ ഓര്‍മ്മപ്പിശകുകള്‍. സാരമില്ല, ഉപകാരപ്പെടുന്ന സാധനങ്ങള്‍ തന്നെയാണല്ലോ. എങ്കിലും സജ്ജീവേട്ടന്‍ മീറ്റ് ദിവസം മറ്റെന്തെങ്കിലും തിരക്കുകാരണം വരാതിരിക്കുമോ എന്ന് വെറുതെ ആശങ്കപ്പെട്ട് ഒന്നു രണ്ടുതവണ ഞങ്ങള്‍ വിളിക്കുകയും ചെയ്തു. മീറ്റ് ദിവസം എത്തി. പ്രതീക്ഷകള്‍ തെറ്റിയില്ല. ഒന്‍പതരയായപ്പോഴേക്ക് കൈയ്യില്‍ കുറേ പേപ്പറുകളും തോളിലൊരു ബാഗും, പോക്കറ്റില്‍ കുറേ മാര്‍ക്കറുകളുമായി സജ്ജീവേട്ടന്‍ സ്ഥലത്തെത്തി.
(ഫോട്ടോഗ്രാഫര്‍ : മണികണ്ഠന്‍)

നേരെ രജിസ്ട്രേഷന്‍ കൌണ്ടറിലേക്ക്. ഇത്രയും ഭാരമേറിയ ദേഹം അദ്ദേഹം ഒരു ബഞ്ചിലുറപ്പിച്ചതും ബഞ്ച് പൂഴിമണ്ണിലേക്ക് താണു. ചുമ്മാതല്ല, ഏറ്റവും ഭാരമേറിയ മലയാളം ബ്ലോഗര്‍ എന്ന പദവി അദ്ദേഹത്തിനു തന്നെ ലഭിച്ചത്.


(ഫോട്ടോഗ്രാഫര്‍ : നന്ദകുമാര്‍ നന്ദപര്‍വ്വം)

സജ്ജീവേട്ടന്റെ കാരിക്കേച്ചര്‍ വര ഒഫീഷ്യലായി ആരംഭിച്ചത് ജി.മനുവിന്റെ ചിത്രംവരച്ചു കൊണ്ടായിരുന്നുവെങ്കിലും അതിനു മുമ്പുതന്നെ അദ്ദേഹം അവിടെ വരതുടങ്ങേണ്ടിവന്നു എന്നതാണു സത്യം. ഞങ്ങളുടെ അഞ്ചുവയസ്സുകാരന്‍ മനുക്കുട്ടന്‍ സജ്ജീവേട്ടനെ കണ്ടതും അവന്റെ കാര്‍ട്ടൂണ്‍ വരയ്ക്കാമോ എന്നുചോദിച്ച് നിര്‍ബന്ധം തുടങ്ങി. ഒട്ടും താമസിക്കാതെ അവനെ മുന്നില്‍ നിര്‍ത്തി ഒരു കൊച്ചുപേപ്പറില്‍ സജ്ജീവേട്ടന്‍ അവന്റെ കാരിക്കേച്ചര്‍ വരച്ചു.


പരിചയപ്പെടിലിനുശേഷം സജ്ജീവേട്ടനു കാരിക്കേച്ചര്‍ ഡെമോ കാണിക്കുവാനായി ഒരു മേശ ചരിച്ചുവച്ച് അതിലേക്ക് ഒരു ചാര്‍ട്ട് പേപ്പര്‍ ഡ്രോയിംഗ് പിന്‍ വച്ച് ഉറപ്പിച്ചു. ജി.മനുവിന്റെ ചിത്രം വരച്ചുകൊണ്ടായിരുന്നു തുടക്കം. നിമിഷങ്ങള്‍ക്കുള്ളില്‍ ജി.മനുവിന്റെ മാനറിസങ്ങള്‍ അതേപടി പകര്‍ത്തി സജ്ജീവേട്ടന്‍ എല്ലാവരേയും അത്ഭുതസ്തബ്ദ്ധരാക്കിക്കളഞ്ഞു ! അതിനു ശേഷം ഒരു മാരത്തോണ്‍ വരയാണ് മഹാനായ ഈ ചിത്രകാരന്‍ കാഴ്ചവച്ചത്. മീറ്റ് സ്ഥലത്ത് വന്നുകൂടിയ നൂറ്റിപ്പതിനെട്ടോളം ആളുകളുടെ ചിത്രങ്ങള്‍ അടുത്ത നാലുമണിക്കൂറുകൊണ്ട് അദ്ദേഹം വരച്ചുപൂര്‍ത്തിയാക്കി. ഒരു പക്ഷേ ഒരു വേള്‍ഡ് റിക്കോര്‍ഡ് തന്നെയാവാം ഇത്.



(ഫോട്ടോഗ്രാഫര്‍: നന്ദന്‍, നന്ദപര്‍വ്വം)




സജ്ജീവേട്ടാ, ചെറായില്‍ മീറ്റില്‍ പങ്കെടുത്ത എല്ലാവരുടെയും പേരില്‍ ആ കഴിവിനുമുമ്പില്‍ തൊപ്പിയൂരിനിന്ന് ഒരു വണക്കം, സലാം....!! അഭിനന്ദനങ്ങള്‍!!! നന്ദി !!!!!


സജ്ജീവേട്ടന്റെ ഒരു അഭ്യര്‍ത്ഥന ചെറായിയില്‍ വന്നു കൂടിയ എല്ലാവരോടുമായി ഉള്ളത് പ്രസിദ്ധീകരിക്കുവാന്‍ കൂടിയാണ് ഈ പോസ്റ്റ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കൂ:


പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്. ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693




അതുകൊണ്ട്, ഈ പോസ്റ്റ് കാണുന്ന എല്ലാ ചെറായിക്കൂട്ടുകാരും താന്താങ്ങള്‍ക്കു വരച്ചുകിട്ടിയ കാരിക്കേച്ചറിന്റെ ഒരു ഫോട്ടോ അല്ലെങ്കില്‍ സ്കാന്‍ കോപ്പി സജ്ജീവേട്ടനു എത്രയും വേഗം മെയില്‍ അറ്റാച്ച്മെന്റായി അയച്ചുകൊടുക്കുവാന്‍ താല്പര്യപ്പെടുന്നു....കേട്ടോ.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP