ഇന്ത്യന്‍ എക്സ്പ്രസില്‍ ‘ജ്വാലകള്‍’
ബൂലോകത്തെ പ്രമുഖ കഥാകൃത്തുക്കളില്‍ ഒരാളായ “കൈതമുള്ള്” ബ്ലോഗുടമ ശ്രീ. ശശി ചിറയില്‍ എന്ന ശശിയേട്ടന്റെ ‘ജ്വാലകള്‍’ എന്ന കഥാസമാഹരത്തെപ്പറ്റിയാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ ഈ ആഴ്ചയിലെ ‘Express Buzz' ല്‍ ആഷാ പി. നായര്‍ തന്റെ ബ്ലോഗ് സ്പോട്ട് എന്ന കോളത്തില്‍ എഴുതിയിരിക്കുന്നത്. ശശിയേട്ടന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട പതിനഞ്ചു കഥകളുടെ സമാഹാരമാണ് അടുത്ത മാസം ലിപി ബുക്സ് പ്രസിദ്ധീകരിക്കുവാനൊരുങ്ങുന്ന ‘ജ്വാലകള്‍ ശലഭങ്ങള്‍’ എന്ന പുസ്തകത്തിലുള്ളത്. മുപ്പത്തഞ്ചു വര്‍ഷക്കാലത്തെ തന്റെ വിദേശവാസത്തിനിടയില്‍ ശശിയേട്ടൻ പരിചയപ്പെട്ട പതിനഞ്ചു വ്യത്യസ്ത സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഇതിലെ ഓരോ കഥയും നമ്മുടെ മുമ്പില്‍ ഇതള്‍ വിരിക്കുന്നത്.
ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന അവസരത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ജ്വാലാ സീരീസിലെ പതിനഞ്ചു കഥകളും. ശശിയേട്ടന്റെ വളരെ ലാഘവത്തോടെയുള്ള രചനാശൈലിയും, ഭാഷയിലെ ലാളിത്യവും, അനുഭവകഥകള്‍ എന്ന പ്രത്യേകതയും, വായനക്കാരെ പിടിച്ചു നിര്‍ത്തുവാന്‍ പോന്ന ചേരുവകകളും ഒത്തുചേര്‍ന്നപ്പോള്‍ ജ്വാലാകൾ ബ്ലോഗില്‍ ഒരു പുതുമയായി.
അനുഭവങ്ങളുടെ പിന്‍ബലത്തില്‍ പറഞ്ഞിരിക്കുന്ന ഇതിലെ ഓരോ കഥയും വ്യത്യസ്തമായ ജീവിതാനുഭവങ്ങളിള്‍ക്കൂടി കടന്നു പോകുന്ന സ്ത്രീ മനസ്സുകളുടെ പരിച്ഛേദമാണ്. അതോടൊപ്പം നാട്ടിൽ നിന്നകന്ന്, മുപ്പത്തഞ്ചുവര്‍ഷക്കാലം വിദേശത്ത് കഴിഞ്ഞ ഒരു പ്രവാസിയുടെ ജീവിത പരിചയവും ഒത്തു ചേരുമ്പോള്‍ നല്ലൊരു വായനാനുഭവം പങ്കുവയ്ക്കുന്നു ഈ കഥകള്‍.
സമകാലീന മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായിത്തീരുവാന്‍ ഈ പുസ്തകത്തിനാവും എന്നുതന്നെയാണ് എന്റെ വിശ്വാസം. ഈ അവസരത്തിൽ ശശിയേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.