Wednesday, July 18, 2007

മഴയെ മില്ലിമീറ്ററില്‍ അളക്കുന്നതെങ്ങനെ - Rain gauge

കാലാവസ്ഥാ റിപ്പോര്‍ട്ടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു ഏകകമാണ്‌ (unit) ഇത്ര മില്ലിമീറ്റര്‍*, അല്ലെങ്കില്‍ ഇത്ര സെന്റീമീറ്റര്‍* മഴപെയ്തു എന്നത്‌. ഉദാഹരണത്തിന്‌, ഇന്നലെ (July 17, 2007) വടക്കന്‍ കേരളത്തിലെ ചില സ്ഥലങ്ങളില്‍ 27 സെന്റീമീറ്റര്‍ മഴ ലഭിച്ചു. അതിന്റെ അനന്തരഫലങ്ങളും ന്യൂസ്‌ ചാനലുകള്‍ കാണിക്കുകയുണ്ടായി - വലിയ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടലുകള്‍, വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറാന്‍ തക്കവിധം സര്‍വ്വത്ര പ്രളയം. എങ്ങനെയാണ്‌ മഴ മില്ലീമീറ്ററിലും സെന്റീമീറ്ററിലും അളക്കുന്നത്‌? എത്ര വെള്ളം ഉയര്‍ന്നു എന്നാണോ ഈ അളവില്‍ പറയുന്നത്‌? അല്ല.

ഒരു പ്രദേശത്ത്‌ എത്ര അളവ്‌ മഴ ലഭിച്ചു എന്നത്‌ അളക്കുവാനുപയോഗിക്കുന്ന ഉപകരണമാണ്‌ മഴ മാപിനി അഥവാ standard rain gauge. നൂറു വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ ഇത്‌ ഉപയോഗത്തിലെത്തിയത്‌. വളരെ ലളിതമാണ്‌ ഇതിന്റെ പ്രവര്‍ത്തന തത്വം. ഒരു ഫണല്‍, അതില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു കുഴല്‍ (cylinder) ഇത്രയുമാണ്‌ മഴമാപിനിയുടെ പ്രധാന ഭാഗങ്ങള്‍. (ചിത്രം നോക്കുക).


അവലംബം : wikipedia commons

ഫണലിന്റെ വായ്‌വട്ടത്തിന്റെ (diameter) പത്തിലൊന്ന് വായ്‌വട്ടമായിരിക്കും സിലിണ്ടറിന്റെ വായ്‌വട്ടം. ഉദാഹരണം, ഫണലിന്റെ വായ 10 സെന്റീമീറ്റര്‍ വലിപ്പത്തിലാണെങ്കില്‍ കുഴലിന്റെ വായ്‌വട്ടം അതിന്റെ പത്തിലൊന്ന്, അതായത്‌ ഒരു സെന്റീമീറ്റര്‍, വലിപ്പത്തിലായിരിക്കും. ചെറിയ അളവിലുള്ള വര്‍ഷപാതം പോലും കൃത്യമായി അളക്കുന്നതിനായിട്ടാണ്‌ ഇങ്ങനെ പെരുപ്പിച്ച ഒരു അളവ്‌ (exaggerated scale) ഉപയോഗിക്കുന്നത്‌.

അളവു കുഴലിന്റെ പാര്‍ശ്വത്തില്‍ മുകളിലേക്കുള്ള ഉയരം മില്ലീമീറ്ററില്‍ രേഖപ്പെടുത്തിയിരിക്കും. ചിത്രത്തില്‍ കാണുന്ന കുഴലിന് 250 മില്ലിമീറ്റര്‍ ഉയരമുണ്ട്, അതായത് ഈ മാപിനിക്ക്‌ 25 മില്ലീമീറ്റര്‍ (2.5 സെന്റീമീറ്റര്‍) മഴ അളക്കുവാന്‍ സാധിക്കും (കാരണം കുഴലില്‍ കാണുന്ന അളവിന്റെ പത്തിലൊന്നായിരിക്കുമല്ലോ ഫണലില്‍ വീണ ജലപാതം). അപ്പോള്‍ അതില്‍ കൂടുതല്‍ മഴപെയ്താലോ? അതിനുവേണ്ടിയുള്ള സംവിധാനമാണ്‌ മാപിനിയുടെ പുറംചട്ടക്കുഴല്‍. 25 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്താല്‍, കുഴലിലെ വെള്ളം മുകളറ്റത്തുള്ള ഒരു ദ്വാരം വഴി (overflow) പുറത്തെ വലിയ കുഴലില്‍ ശേഖരിക്കപ്പെടും, ഇങ്ങനെ ശേഖരിക്കപ്പെടുന്ന വെള്ളം, മഴയ്ക്കുശേഷം, ചെറിയകുഴലുപയോഗിച്ച്‌ അളന്നുതിട്ടപ്പെടുത്താമല്ലോ?

തുറസ്സായ ഒരു സ്ഥലത്താണ്‌ മഴ അളക്കുന്നതിനായി മഴമാപിനി വയ്ക്കേണ്ടത്‌. മരങ്ങളില്‍നിന്നും, കെട്ടിടങ്ങളില്‍നിന്നും മറ്റുമുള്ള വെള്ളം ഫണലില്‍ പതിക്കാനിടവരരുത്‌. ഈ രീതിയിലുള്ള മഴമാപിനി കൂടാതെ, Tipping bucket gauge, weighing precipitation gauge, optical gauge എന്നീയിനം മാപിനികളും ഉപയോഗത്തിലുണ്ട്‌. ഒരു മണിക്കൂറോളം തോരാതെപെയ്യുന്ന ഒരു മഴ ഏകദേശം പത്തുപതിനഞ്ചു മില്ലീമീറ്ററോളം വരും - ഇതൊരു ഏകദേശക്കണക്കാണ്‌, കൃത്യമല്ല.

== == == == == == == == == == == == == ==

*1 സെന്റീമീറ്റര്‍ = 10 മില്ലീമീറ്റര്‍
സാങ്കേതിക വിവരങ്ങള്‍ക്കു കടപ്പാട് : വിക്കിപീഡിയ


1878

8 comments:

അപ്പു

മഴ അളക്കുന്ന മഴമാപിനിയെപ്പറ്റി ഒരു കൊച്ചു ശാസ്ത്ര പോസ്റ്റ്

ഇത്തിരിവെട്ടം

അപ്പോള്‍ മഴ അളക്കുന്നത് ഇങ്ങനെയാണല്ലേ...

Abhilash | അഭിലാഷ്

അവസരോചിതം... വിജ്ഞാനദായകം.. നന്ദി...!

-അഭിലാഷ് (ഷാര്‍ജ്ജ)

അരീക്കോടന്‍

അവസരോചിതം...

അനാഗതശ്മശ്രു

കേരള സര്‍ ക്കാരിന്റെ പി എച് ഡിവിഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞഞ സം ഭവം ...
റെയിന്‍ ഗേജ് മെഷര്‍ ചെയ്യാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഞെട്ടിയ
സം ഭവം ...
നല്ല വേനല്‍ ക്കാലം ഗേജ് കൂടിയ റീഡിം ഗ് കാണിച്ചു ഒരു ദിവസം ..
റിപോര്‍ ട്ട് തെറ്റായി എഴുതിയതിനു ശകാരം കിട്ടി..
ഇയാള്ക്കു ഉറപ്പായിരുന്നു..തനിക്കു തെറ്റിയിട്ടില്ലെന്ന്
നടന്നതെന്തെന്നൊ....
ഒരു നായ തുറസ്സായ സ്ഥലത്തു ......സാധിച്ചതാണു അളവു തെറ്റാന്‍ കാരണം

മൂര്‍ത്തി

നന്ദി അപ്പു....നല്ല പോസ്റ്റ്

മുരളി വാളൂര്‍

ഇതിങ്ങനെയനെയാണെന്നറിയില്ലായിരുന്നു, അറിഞ്ഞതില്‍ സന്തോഷം....

SAJAN | സാജന്‍

അപ്പൂ, പണ്ടെവിടെയോ വായിച്ചിരുന്നു പിന്നീട് മറന്നു പോയ ഒരു സംഭവമായിരുന്നു ഇത്,
ഇതോര്‍മ്മിപ്പിച്ചതിനു നന്ദി:)
വിജ്ഞാനം പകരുന്ന ഇത്തരം എഴുത്തുകള്‍ ഇനിയും തുടരുമല്ലൊ:)

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP