Sunday, June 1, 2008

നവാഗതര്‍ക്കായി ഒരു “ബ്ലോഗ് ഹെല്‍‌പ്‌ലൈന്‍“

ബ്ലോഗും ഇന്റര്‍നെറ്റ്‌ മലയാളവും പരിചയപ്പെട്ട്‌ ബൂലോകത്തേക്ക്‌ എത്തുന്നവരുടെ എണ്ണം ദിവസേന വർദ്ധിക്കുകയാണല്ലോ. കണ്ടും, കേട്ടും, വായിച്ചും യൂണിക്കോഡും ട്രാൻസ്‌ലിറ്റെറേഷനും ബ്ലോഗും ഒക്കെ പരിചയമാവുന്നതോടെ പലരും വായനയോടൊപ്പം എഴുത്തിലേക്കും തിരിയുന്നുണ്ട്‌. അവർക്കൊക്കെയേയും സഹായത്തിനായി, വക്കാരിമാഷ്‌, സഹയാത്രികന്‍, വരമൊഴി വിക്കിക്കു പിന്നില്‍ പ്രവർത്തിക്കുന്നവര്‍ തുടങ്ങി അനേകര്‍ പലവിധ ഹെല്‍പ്‌ പേജുകളും പബ്ലിഷ്‌ ചെയ്തിട്ടുമുണ്ട്‌. എന്നിട്ടും പല നവാഗതരുടെയും സംശയങ്ങള്‍ തീരാതെകിടക്കുന്നു.

എനിക്കു തോന്നിയിട്ടുള്ള ഒരു വസ്തുത, ഇപ്പോഴത്തെ ബ്ലോഗ്‌ ഉപയോക്താക്കളില്‍ പുതുതായി കടന്നുവരുന്നവരില്‍ രണ്ടുവിഭാഗം ആള്‍ക്കാര്‍ ഉണ്ട്‌. ഒന്നാമത്തെ വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ പഠനത്തിലും ജോലിയിലും, നല്ല പരിചയം ഉള്ളവര്‍. അവര്‍ക്ക്‌ കമ്പ്യൂട്ടറിന്റെയും സോഫ്റ്റ്‌വെയറുകളുടെയും ഉപയോഗത്തില്‍ നല്ല പരിചയമുണ്ട്‌. ചെറിയ നിര്‍ദ്ദേശങ്ങള്‍ കണ്ടാല്‍ത്തന്നെ അവര്‍ക്ക്‌ ഹെല്‍പ്‌ പേജുകളിലെ കാര്യങ്ങള്‍ മനസ്സിലാക്കാനും പറ്റും. രണ്ടാമത്തെ വിഭാഗം, ജോലിയില്‍നിന്ന് റിട്ടയര്‍മെന്റൊക്കെയായി കമ്പ്യൂട്ടര്‍ ഉപയോഗത്തെപ്പറ്റി അവരുടെ താല്‍പര്യം ഒന്നു കൊണ്ടുമാത്രം പഠിച്ച്‌ ഈ രംഗത്തെക്കു വരുന്ന നമ്മുടെ സീനിയര്‍ ആള്‍ക്കാരാണ്‌. അവർക്ക്‌ ചെറുപ്പക്കാരെപ്പോലെ പെട്ടന്ന് ഈ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാകണം എന്നില്ല. അതാണ് ഇങ്ങനെയൊരു ബ്ലോഗിനു പിന്നില്‍ എനിക്കു പ്രചോദനമായത്. എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ലളിതമായി ഒരു വിവരണം.

ആദ്യാക്ഷരിഎന്ന പേരില്‍ ഒരു പുതിയ ബ്ലോഗ് ഇന്ന് ബൂലോകത്തിനു സമര്‍പ്പിക്കുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. ഓര്‍ത്തിരിക്കുവാനുള്ള എളുപ്പത്തിനായി ഇതിന്റെ യു.ആ‍ര്‍.എല്‍ bloghelpline.blogspot.com എന്നാണു നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കും മനസ്സിലാവുന്ന തരത്തില്‍ വിശദമായി സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെയാണ്‌ ഈ ബ്ലോഗിലെ അദ്ധ്യായങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്‌. ഇന്റര്‍നെറ്റ് മലയാളത്തെപ്പറ്റിയും, അതിന്റെ ഉപയോഗങ്ങളെപ്പറ്റിയും, ബ്ലോഗുകളെപ്പറ്റിയും ഇതില്‍ വായിക്കാം. ഇതിലെ വിവരണശൈലി അല്‍പ്പം വിശദമായിപ്പോയില്ലേ എന്നു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. ആ ശൈലിയില്‍ മാത്രം മനസ്സിലാവുന്ന നവാഗതരും ഉണ്ട് എന്നു കരുതി ക്ഷമിക്കുക!

‘അപ്പു’ എന്ന എന്റെ ബ്ലോഗര്‍ ഐ.ഡിയില്‍ അല്ല ഈ പുതിയ ബ്ലോഗിലെ പ്രൊഫൈല്‍. എന്റെ യഥാര്‍ത്ഥ പേരില്‍തന്നെയാണ്. ഇതിലെ വിവരങ്ങള്‍ പൂര്‍ണ്ണമാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. എനിക്കറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ്‌ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്‌. തെറ്റുകുറ്റങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും. വായിക്കുന്നവര്‍ അങ്ങനെ എന്തെങ്കിലും കണ്ടാല്‍ ചൂണ്ടിക്കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ബ്ലോഗില്‍ സജീവമായുള്ള സെബിന്‍ ഏബ്രഹാം ജേക്കബ്, അദ്ദേഹത്തിന്റെ രണ്ടു ലേഖനങ്ങള്‍ ഇതില്‍ പോസ്റ്റുചെയ്യുവാന്‍ അനുവാദം തന്നു. അദ്ദേഹത്തിന് നന്ദി. “ആദ്യാക്ഷരി” എന്ന അര്‍ത്ഥവത്തായ ഒരു പേര് ഈ ബ്ലോഗിന് നിര്‍ദ്ദേശിച്ചത് “ചന്ദ്രകാന്തം” എന്ന ബ്ലോഗര്‍ ആണ്. നന്ദി!

നവാഗതര്‍ക്ക് ഈ ബ്ലോഗും ഒരു ചെറിയ സഹായമാവും എന്ന പ്രതീക്ഷയോടെ “ആദ്യാക്ഷരിയെ“ ബൂലോകത്തിന് സമര്‍പ്പിക്കട്ടെ

സ്നേഹപൂര്‍വ്വം
അപ്പു

14 comments:

അപ്പു

ബ്ലോഗിലേക്ക് പുതിയതായി വരുന്നവര്‍ക്ക് ഒരു സഹായ ഹസ്തം. ആദ്യാക്ഷരി.

പൊയ്‌മുഖം

നല്ല ഉദ്യമം. മംഗളാശംസകള്‍!

ശ്രീവല്ലഭന്‍.

നന്ദി അപ്പു. റിട്ടയര്‍ ചെയ്യാത്ത ഞങ്ങളെപോലുള്ള technologically challenged ആയിട്ടുള്ളവര്‍ക്കും ഇതു പ്രയോജനപ്പെടും. നാട്ടില്‍ കമ്പ്യൂട്ടറൊക്കെ പ്രചാരത്തിലെത്തിയപ്പോഴെക്കും കുറച്ച് age ഓവര്‍ ആയിപ്പോയി. പിന്നെ കമ്പ്യൂട്ടര്‍ സ്വയം പഠിച്ചെടുത്തതാണ്. :-)

pts

തീര്‍ച്ചയായും അഭിനന്ദനാര്‍ഹമായ കാര്യം.കഴിഞ കുറച്ച് കാലത്തില്‍ 80നടുത്ത് ഫോട്ടൊകള്‍ പോസ്റ്റു ചെയ്തിരുന്നെങ്കിലും വളരെ കുറച്ച് പോസ്റ്റുകള്‍ മാത്രമെ തനിമലയാളത്തില്‍ വന്നിരുന്നുള്ളു.എനിക്കതിന്റെ ഒരു ഗുട്ടന്‍സും കിട്ടിയിട്ടില്ല. ഈ ബ്ളൊഗിലൂടെ ഇതു പോലുള്ള സങ്കേതിക പ്രസ്നങള്‍ കൂടി കൈകാര്യം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.വിജയാശംസകള്‍.

ഗുരുജി

സന്‍മനസ്സുള്ള പലരുടേയും ഇത്തരം ശ്രമങ്ങളുടേയും ഇതിനായി നീക്കി വെക്കുന്ന സമയത്തിന്റേയും ഫലം എത്രപേരെയാണ്‌ അറിവിന്റെ സമ്പന്നതയിലെത്തിക്കുന്നതെന്ന്‌ ഒരുപക്ഷേ ഇതു ചെയ്യുന്നവര്‍ അറിയുന്നില്ല..അപ്പുവും അതിലൊരു കണ്ണിയായതില്‍ സന്തോഷിക്കുന്നു...ഈ ഉദ്യമത്തിനു ഒരുപാടു നന്ദി...ആശംസകള്‍...കൊടുക്കുന്തോറും വര്‍ദ്ധിക്കുന്ന ഏക ധനം ഇതു മാത്രമല്ലേ ഉള്ളൂ.....അപ്പുവിന്റെ കലവറയില്‍ നിന്നുമുള്ള ഈ കതിര്‍ക്കുലയും ബ്ലോഗ് തറവട്ടിലെ അറപ്പടിയില്‍ മറ്റുള്ളവയോടൊപ്പം ചേര്‍ത്തുകെട്ടട്ടെ....

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി

ഞാന്‍ ഈ ഇന്റര്‍‌നെറ്റ് എന്ന മാസ്മരിക ലോകത്തിലെ കൂട്ടായ്മ കണ്ട് അന്തം വിടുകയാണ് അപ്പൂ ! എത്രയെത്ര പേരാണ് തങ്ങളുടെ അറിവുകളും കഴിവുകളും യതൊരു പ്രതിഫലേച്ഛയുമില്ലാതെ സമയവും അധ്വാനവും ചെലവഴിച്ച് , മറ്റുള്ളവര്‍ക്ക് വേണ്ടി സംഭാവന ചെയ്യുന്നത് ! ഓരോ സെക്കന്‍ഡിലും അറിവിന്റെ ഈ മായിക ലോകം വിസ്തൃതമാകുന്നു , സമ്പന്നമാവുന്നു,സമ്പുഷ്ടമാവുന്നു നാളത്തെ തലമുറയ്ക്ക് അറിവിന്റെ അക്ഷയഖനിയാവുന്നു . ഒരോ നെറ്റിസണും തന്റെ അറിവ് അതെത്ര വലുതായാലും നിസ്സാരമായാലും ലോകത്തെ അറിയിക്കാന്‍ വെമ്പുന്നു .

പക്ഷെ യഥാര്‍ഥലോകം തികച്ചും മറിച്ചാണ് . ഇവിടെ മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു ചെറുവിരലനക്കാന്‍ , എന്തിന് യാതൊരു പ്രയോജനവും ഇല്ലെങ്കില്‍ ഒന്ന് കുശലം പറയാനോ പുഞ്ചിരിക്കാനോ പോലും ആരും മെനക്കെടുന്നില്ല . കുട്ടികള്‍ പോലും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ചിരിക്കാറില്ല . എന്തെങ്കിലും ചോദിച്ചാല്‍ ഘനഗംഭീരമായ സ്വരത്തില്‍ ഒരു മൂളല്‍ മാത്രമാണ് അവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഏകപ്രതികരണം!

നല്ല സംരംഭം അപ്പൂ ,
ആശംസകള്‍ !

ഹരിത്

നന്നായി അപ്പൂ.

Don(ഡോണ്‍)

ഈ പരിപാടി രണ്ടാഴ്ച മുന്‍പ് തുടങ്ങിയിരുന്നെങ്കില്‍ എനിക്ക് കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു.ഏതായാലും ശുഭാശംസകള്‍. ഒപ്പം സമ്പൂര്‍ണ സഹാ‍യസഹകരണങ്ങളും

ശ്രീ

നല്ലൊരു ഉദ്യമം തന്നെ അപ്പുവേട്ടാ... ഞാനും ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതിനേപ്പറ്റി കുറേ നാലായി ആലോചിച്ചിക്കുന്നു. ഇപ്പോഴും കുറേപ്പെര്‍ സഹായം ചോദിച്ച് മെയിലയയ്ക്കുന്നുണ്ട്...

സാല്‍ജോҐsaljo

നല്ല കാര്യം. ബ്ലോഗില്‍ വന്ന് എത്രകാലം കഴിഞ്ഞാണ് ബാക്കി കാര്യങ്ങള്‍ മനസിലായതെന്നറിയാമോ എനിക്ക്? കമന്റുകള്‍ വരാറുണ്ട്. പക്ഷേ എവിടന്ന്? അറിയില്ല. ലിങ്കുകളില്‍ തപ്പി പോയാല്‍ അവരുടെ ബ്ലോഗുകള്‍ വരെ എത്തിപ്പെട്ടിരുന്നില്ല. (ബ്ലോഗര്‍ ആ ഫെസിലിറ്റി അന്ന് നല്‍കിയിരുന്നില്ല/എന്റെ നെറ്റിന്റെ പ്രോബ്ബ്ലം എന്താണെന്നറിയില്ല)

വിശ്വപ്രഭ എന്നപേരില്‍ ഒരു കമന്റ് ‘പരീക്ഷണം’ എന്ന് !!! സത്യം പറഞ്ഞാല്‍ ഞാനോര്‍ത്തത് ഇയാളാരെടേ എന്നെ പരീക്ഷിക്കാനെന്നാണ്.(ഇപ്പോള്‍ മാറി :)) ദേവേട്ടന്റെ വക കമന്റ് ബൂലോഗത്തേയ്ക്ക് സ്വാഗതമെന്ന്. സത്യം പറഞ്ഞാല്‍ ഒന്നും മനസിലായില്ല. ഇതേത് ലോകം! ഏത് ദേവന്‍ ഇനി ദേവലോകമോ! ഇവിടിങ്ങനെയൊരു ലോകം(?) ഉണ്ടെന്നോ, ഒന്നും അറിഞ്ഞില്ല. അഗ്രഗേറ്ററുകളെ മനസിലാക്കിയില്ല, പൈപ്പുകള്‍ വലിച്ചില്ല. പിന്നീടാണ് ഒരു സുഹൃത്തുവഴി കൊടകര വരെ എത്തുന്നത്. അവിടെ എല്ലാത്തിന്റെയും ലിങ്ക് കിട്ടി. പിന്നെ ഉമേഷ്‌ജിയുടെ ബ്ലോഗിലെത്തി. (എന്തോ സംശയത്തിന് മെയില്‍ അയച്ചിട്ട് മറുപടി കണ്ടില്ലെന്നാണോര്‍മ്മ).


പക്ഷേ അന്തരിച്ച പിന്‍‌മൊഴി വഴി എന്റെ പോസ്റ്റുകളും, മറ്റുള്ളവരുടെ പോസ്റ്റുകളും ഞാന്‍ കണ്ടു. അങ്ങനെ ഞാനും ഒരു ‘ബ്ലോഗ് തൊഴിലാളിയായി’ (ജോലികുറച്ചും, ബ്ലോഗ് അധികവും!)

പിന്നീട് രാജിനോട് (പെരിങ്ങോടന്‍) എന്തൊക്കെയോ ചോദിച്ചപ്പോള്‍ പറഞ്ഞുതന്നു. അങ്ങനെ എത്തിപ്പെട്ടു. ഗൂഗിളില്‍ സേര്‍ച്ചുചെയ്ത് പലപ്പോഴും എല്ലാം തപ്പിയെടുത്തു. സംശയങ്ങള്‍ക്ക് തന്നെ ഉത്തരം കണ്ടെത്തി. വരമൊഴിയും, കീമാനും, വിശദമായി മനസിലാക്കി.


ഈക്കാരണങ്ങള്‍കൊണ്ട്, ഏതു പുതിയ ബ്ലോഗറെ കണ്ടാലും ഞാന്‍ പോസ്റ്റുകള്‍ വായിക്കാറുണ്ട്. അവിടെ കാണുന്ന തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാറുണ്ട്. ലിങ്കുകള്‍ നല്‍കാറുണ്ട്. ഓണ്‍ലൈന്‍ ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്.


ഈ സംരംഭം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. ഇതുപോലെ പലരുടെയും ഹെല്പ് ബ്ലോഗുകള്‍ ഉണ്ട്.അപ്പു അവയെയും ബ്ലോഗില്‍ ലിസ്റ്റ് ചെയ്യേണ്ടിയിരിക്കുന്നു. എല്ലാം ഒരുമിച്ചുവരട്ടെ. ബ്ലോഗിന്റെ ചരിത്രങ്ങളും ആരെങ്കിലും നിന്ന് മനസിലാക്കി പോസ്റ്റുകള്‍ ഇടൂ.. എല്ലാം ഒരു ബ്ലോക്കീഴില്‍!


നീണ്ടുപോയി. ക്ഷമിക്ക്! :)

അനില്‍ശ്രീ...

എന്റെ ബ്ലോഗില്‍ ഏറ്റവും മുകളില്‍ ആയി തന്നെ ഞാന്‍ ഒരു ലിങ്ക് കൊടുത്തു. അപ്പുവിന്റെ പ്രയഗ്നത്തിന് ഇത്രയും എങ്കിലും ചെയ്യണം എന്ന് തോന്നി.
ബാക്കിയുള്ളവരും ഇത് ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Kiranz..!!

ബ്ലോഗ് ഹെല്‍പ്പ് ലൈനീന്നുള്ള ട്രാഫിക്ക് കണ്ട് വന്നതാ.നന്നായി കുമാരാ.ഇതൊക്കെയാണു വേണ്ടത്.

വല്യകാര്യങ്ങള്‍ ചെറിയ രീതിയില്‍ പറഞ്ഞു തരുന്ന ഒരു കുഞ്ഞമ്പ്രാന്‍..!

ബൈജു (Baiju)

നല്ല സമാരംഭം............എല്ലാവിധ ആശംസകളും........

-ബൈജു

Pattathil Manikandan

വളരെ നന്നായിട്ടുണ്ട്. നന്ദി അപ്പു.

മണികണ്ഠന്‍

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP