Thursday, January 13, 2011

അങ്കിളിനു സ്നേഹപൂർവം.....

മലയാളം ബ്ലോഗിംഗ് രംഗത്ത് പ്രായം കൊണ്ട് എല്ലാവരുടെയും “അങ്കിൾ” ആയിരുന്ന ശ്രീ. എൻ.പി ചന്ദ്രകുമാർ 2011 ജനുവരി 9 ന് അന്തരിച്ചു. മലയാളം ബ്ലോഗ് വഴി എനിക്ക് കിട്ടിയ നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു അങ്കിൾ. അദ്ദേഹത്തെപ്പറ്റി ഒരു ചെറിയ ഓർമ്മക്കുറിപ്പാണ് ഈ പോസ്റ്റ്. 

ഞാനും അങ്കിളും ഏകദേശം ഒരേ സമയത്താണ് മലയാളം ബൂലോകത്തെക്ക് വന്നതെങ്കിലും  അങ്കിളിനെ ആദ്യമായി പരിചയപ്പെടുന്നത്  ഒരു വർഷത്തോളം കഴിഞ്ഞതിനു ശേഷമാണ്. ഗൂഗിൾ ചാറ്റിൽകൂടിയായിരുന്നു ആദ്യപരിചയപ്പെടലുകൾ. അതിനുശേഷം ചാറ്റിൽകൂടെയും, മെയിലിൽ കൂടിയും ചിലപ്പോഴൊക്കെ ഫോണിൽ കൂടിയും ആ സൌഹൃദം വളർന്നു. മൂന്നു പ്രാവശ്യം അദ്ദേഹത്തെ നേരിൽ കണ്ടു.   ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വെറും മൂന്നുവർഷത്തെ പരിചയം മാത്രമേ ഞങ്ങൾ തമ്മിലുള്ളോ എന്നു അതിശയം തോന്നുന്നു. അതിലൊക്കെ എത്രയോ കൂടുതൽ കാലം പരിചയമുള്ളതുപോലെ അദ്ദേഹവുമായി മാനസികമായി അടുത്തിരുന്നു ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ എന്നതാണ് സത്യം. 

ഇത് എന്റെ മാത്രം തോന്നലല്ല എന്നെനിക്ക് ഉറപ്പുണ്ട്. അങ്കിളിനെ പരിചയമുള്ള എല്ലാവർക്കും ഇതുതന്നെയാവും പറയാനുള്ളത്. സദാ ചിരിക്കുന്ന മുഖം. ആരെയും ഒരുവിധത്തിലും നോവിക്കാത്ത വർത്തമാനവും മാന്യമായ പെരുമാറ്റവും. "അറുപതുകടന്ന ചെറുപ്പക്കാരൻ" എന്നു തോന്നിപ്പിക്കുന്ന ചുറുചുറുക്കുള്ള പെരുമാറ്റം. അങ്കിളിന്റെ അഥിതികളായെത്തുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത ആഥിത്യമര്യാദകൾ. ഒപ്പം ഒരമ്മയുടെ സ്നേഹമസൃണമാ‍യ കരുതലും പെരുമാറ്റവും  കൈമുതലായുള്ള അങ്കിളിന്റെ പ്രിയഭാര്യ ചന്ദ്രിക ആന്റിയുടെ  സാന്നിധ്യവും കൂടിയാകുമ്പോൾ അങ്കിൾ എന്ന വ്യക്തിയെയും, അദ്ദേഹത്തിന്റെ കുടുംബത്തേയും ആർക്കും മറക്കാനാവില്ല. 

ഇന്ന് മലയാളം ബ്ലോഗിംഗ് രംഗത്ത് സജീവമായി നിൽക്കുന്നവരിൽ അറുപതിനുമേൽ പ്രായമുള്ളവർ അധികമുണ്ടെന്നു തോന്നുന്നില്ല. അങ്കിൾ ബ്ലോഗിംഗ് രംഗത്തേക്ക് വന്നത് 2007 ഫെബ്രുവരിയിലാണെന്ന് അദ്ദേഹത്തിന്റെ ബ്ലോഗർ പ്രൊഫൈലിൽ കാണുന്നുണ്ട്.  അന്ന് മലയാളം ബ്ലോഗ് വേദി ഇത്രയൊന്നും വളർന്നിരുന്നില്ല, ബ്ലോഗ് ചെയ്യുന്നവരിൽ ഏറെയും ചെറുപ്പക്കാരും. അതുകൊണ്ടാവാം “അങ്കിൾ” എന്ന തൂലികാ നാമം അദ്ദേഹം അന്ന് തെരഞ്ഞെടുത്തത്.  പക്ഷേ അതിനും വളരെ മുമ്പു തന്നെ കമ്പ്യൂട്ടറും മലയാളവുമായ അദ്ദേഹത്തിന്റെ ബന്ധം ആരംഭിച്ചിരുന്നു. അക്കഥ അങ്കിൾ തന്നെ അദ്ദേഹത്തിന്റെ ഒരു പോസ്റ്റിൽ പറയുന്നുണ്ട്. ചുരുക്കത്തിൽ അതിവിടെ എഴുതാം. 

1986 കാലഘട്ടത്തിൽ കമ്പ്യൂട്ടറും മലയാളം എഴുത്തും ഒന്നും സാധാരണ മലയാളിക്ക് അത്ര പരിചയമില്ല. അന്ന് സ്പെക്ട്രം പ്ലസ് എന്ന കമ്പ്യൂട്ടറിന്റെ പ്രാഗ്‌രൂപം ഉപയോഗിച്ച് വീഡിയോ ടൈറ്റിലുകൾ ഉണ്ടാക്കുന്നതിൽ കമ്പം കയറിയാണ് അങ്കിളും അദ്ദേഹത്തിന്റെ സുഹൃത്തായ ശ്രീ.കെ.ജി നാരായണൻ നായരും ചേർന്ന് വീഡിയോ ടൈറ്റിലിംഗിൽ മലയാളം അക്ഷരങ്ങൾ ഉപയോഗിക്കുവാനുള്ള സാങ്കേതികവിദ്യ ഉണ്ടാക്കിയെടുത്തത്. ഒരു പക്ഷേ ഇന്ത്യയിൽ തന്നെ മലയാള അക്ഷരങ്ങൾ ഒരു കമ്പ്യൂട്ടറിൽ തെളിയുന്നത് ആ പരീക്ഷണത്തിൽ വച്ചായിരിക്കാം എന്ന് അങ്കിൾ തന്നെ പറയുന്നുണ്ട്.   1986 മെയ് 18 നു മാതൃഭൂമിയിൽ വന്ന ഈ റിപ്പോർട്ട് നോക്കൂ (ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറിജിനൽ പത്രവാർത്ത കാണാം).  

മുപ്പത്തൊൻപതു വർഷം നീണ്ട അങ്കിളിന്റെ ഔദ്യോകിക ജീവിതം  സർക്കാരിന്റെ അക്കൌണ്ട്സ് ജനറൽ (AG) ഓഫീസിൽ ആയിരുന്നു - അക്കൌണ്ട്സ് ഓഫീസർ എന്ന പദവിയുടെ വിവിധ തലങ്ങളിൽ. Institute of Public Auditors, India (IPAI) ലെ അംഗം.   ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകള്‍ പരിശോധിക്കുവാന്‍ യോഗ്യൻ. നാലു വർഷം കേരളസംസ്ഥാന സര്‍ക്കാരിന്റെ Internal Audit Board ൽ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. അതിനുശേഷം അക്കൌണ്ടന്റ് ജനറല്‍ ഓഫീസിൽ തിരിയെ പോയി സംസ്ഥാന സർക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും [Finance and Appropriation accounts] നിര്‍മ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വർഷം വീണ്ടും സംസ്ഥാന സര്‍ക്കാരിലേക്ക്. അവിടുത്തെ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരിക്കുമ്പോഴായിരുന്നു റിട്ടയർമെന്റ്. 

തിരുവനന്തപുരം ബ്ലോഗേഴ്സ് ക്ലബിൽ അങ്കിൾ സജീവമായിരുന്നു ആദ്യകാലം മുതൽ തന്നെ. “സർക്കാർ കാര്യം “ഉപഭോക്താവ്” എന്നീ രണ്ട് ബ്ലോഗുകളിൽ കൂടി അദ്ദേഹം ഒരുപാടൊരുപാട് പോസ്റ്റുകൾ എഴുതിയിട്ടുണ്ട്. പ്രത്യേകിച്ചും സർക്കാർ കാര്യം എന്ന ബ്ലോഗിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വിഷയങ്ങൾ സർക്കാരിലെ വിവിധ വകുപ്പുകളിൽ നടക്കുന്ന / നടന്ന അഴിമതിക്കഥകളായിരുന്നു. അഴിമതികളെപ്പറ്റി വെറുതേ കുറച്ച് ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നില്ല അങ്കിൾ ചെയ്തത്. ഓരോ പോസ്റ്റിനു പിന്നിലും വിശദമായ പഠനവും, അതിനു മതിയായ രേഖകളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു.  ഒരു പോസ്റ്റിലും അദ്ദേഹം ആരുടെയും പക്ഷം പിടിച്ചില്ല,   നിഷ്പക്ഷമായി തന്നെ കാര്യങ്ങളെ വിശകലനം ചെയ്തു. വിവരാവകാശ നിയമം ഒരു പൌരനു നൽകുന്ന അവകാശങ്ങൾ ഉപയോഗിച്ചായിരുന്നു പല രേഖകളും അദ്ദേഹം സംഘടിപ്പിച്ചിരുന്നത്. 2ജി സ്പെക്ട്രം അഴിമതിയെപ്പറ്റിയുള്ള ഒരു ലേഖനപരമ്പര അദ്ദേഹം തുടങ്ങിവച്ചിരുന്നു. അത് പൂർത്തിയാക്കാൻ സാധിക്കുന്നതിനു മുമ്പാണ് അദ്ദേഹത്തിന്റെ ആകസ്മിക മരണം. മലയാളം ബ്ലോഗിംഗ് രംഗത്ത് ഈ രീതിയിലൊരു ഒറ്റയാൾ പടനയിക്കുവാൻ ഇനി മറ്റൊരാൾ വരേണ്ടിയിരിക്കുന്നു.

ബ്ലോഗ് എഴുതുന്നതിൽ മാത്രമല്ല, മറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതിനും അദ്ദേഹം ധാരളം സമയം കണ്ടെത്തി. റിട്ടയർമെന്റ് ജീവിതത്തിൽ ലഭിച്ച സമയത്തിന്റെ ഏറിയ പങ്കും അങ്കിൾ ബ്ലോഗിംഗ് രംഗത്താണ് ചെലവാക്കിയതെന്ന് നിസംശയം പറയാം. അതുവഴി അദ്ദേഹത്തിനു വലിയൊരു സുഹൃദ്‌വലയവും ഉണ്ടായി - സമപ്രായക്കാരും ചെറുപ്പക്കാരും ഉൾപ്പടെ. ബ്ലോഗ് മീറ്റുകൾ സാധാരണമല്ലാഞ്ഞ അക്കാലത്ത് (2007 നവംബറിൽ) അങ്കിളിന്റെ വീട്ടിൽ തന്നെ ഒരു ബ്ലോഗ് മീറ്റും അദ്ദേഹം സംഘടിപ്പിച്ചു. 

2008 ആദ്യമാസങ്ങളിൽ ഞാൻ ആദ്യാക്ഷരി ബ്ലോഗിന്റെ പണിപ്പുരയിൽ ആയിരുന്ന സമയം. അന്ന് അങ്ങനെയൊരാശയം ഞാൻ മുമ്പോട്ട് വയ്ക്കുമ്പോൾ തന്നെ അങ്കിൾ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു,  ചെറിയ നിർദ്ദേശങ്ങൾ തന്നിരുന്നു. ആദ്യാക്ഷരിയുടെ ഇരുപതോളം അദ്ധ്യായങ്ങൾ പൂർത്തിയായ സമയത്താണ് തിരുവനന്തപുരം ബ്ലോഗേഴ്സ് ക്ലബും, കേരള ബ്ലോഗ് അക്കാഡമിയും ചേർന്ന് സംയുക്തമായി ഒരു ബ്ലോഗ് ശില്പശാല തിരുവനന്തപുരത്ത് 2008 ജൂൺ ഒന്നാം തീയതി നടത്തുവാൻ തീരുമാനിച്ചത്. ആ വേദിയിൽ വച്ച് ആദ്യാക്ഷരി ബ്ലോഗിനെ പൊതുജനസമക്ഷം അവതരിപ്പിക്കാമോ എന്ന് ഞാൻ അങ്കിളിനോട് മടിച്ചുമടിച്ചാണ് ചോദിച്ചത്. പക്ഷേ അദ്ദേഹം സന്തോഷപൂർവം അത് അംഗീകരിച്ചു. അങ്ങനെയാണ് നിങ്ങളിൽ പലരും ഇപ്പോൾ ബ്ലോഗ് സംശയനിവാരണത്തിനായി നോക്കിയേക്കാവുന്ന ആദ്യാക്ഷരി ബ്ലോഗ് ഔദ്യോകികമായി ആഗ്രിഗേറ്ററുകളിൽ വരാൻ തുടങ്ങിയത്. ആദ്യാക്ഷരിയുമായുള്ള അങ്കിളിന്റെ ബന്ധം അവിടെ തീർന്നില്ല. അതിൽ നിന്നുള്ള കമന്റുകൾ അദ്ദേഹം പ്രത്യേകമായി അദ്ദേഹത്തിന്റെ മെയിലിലേക്ക് വരുത്തിയിരുന്നു. എന്തെങ്കിലും തിരക്കുകൾ കാരണം ഞാൻ ഏതെങ്കിലും വായനക്കാരന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുവാൻ താമസിച്ചാൽ അങ്കിൾ അതിന്റെ മറുപടിയും പലപ്പോഴും നൽകിയിരുന്നു. 

അങ്കിളിനെ ഞാൻ നേരിൽ കാണുന്നത് 2008 ജൂലൈമാസത്തിൽ നാട്ടിൽ അവധിക്കുപോയപ്പോഴായാരുന്നു.  തിരുവനന്തപുരത്തെ വീട്ടിലേക്ക് കുടുംബസമേതം വരൂ, കുട്ടികളേയും കൂട്ടി ഒരുദിവസം മുഴുവൻ ഉല്ലാസയാത്രാവാം എന്ന സ്നേഹപൂർവമുള്ള ക്ഷണം നിരസിക്കാനായില്ല. ദീപയേയും കുട്ടികളേയും കൂട്ടി ഒരു ദിവസം അങ്കിളിന്റെ വീട്ടിലേക്ക് പോയി; ഒപ്പം ദീപയുടെ സഹോദരൻ ദിലീപും.  അങ്കിളുമായി നേരിൽ പരിചയമില്ല, ചാറ്റിലും മെയിലിലും മാത്രം പരിചയമുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരല്പം സങ്കോചം ഇല്ലാതിരുന്നില്ല! വട്ടിയൂർക്കാവിലെ അദ്ദേഹത്തിന്റെ “ചാന്ദ്നി” എന്ന വീട്ടിലെത്തുമ്പോൾ വീട്ടു പടിക്കൽ തന്നെ നിറഞ്ഞചിരിയുമായി അങ്കിൾ നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം അങ്കിളിന്റെ ഭാര്യ ചന്ദ്രകുമാരി എന്ന ആന്റിയും. ആന്റി എന്ന് അവരെ സംബോധന ചെയ്യുമ്പോൾ തന്നെ അങ്കിൾ സ്നേഹപൂർവം തിരുത്തി, അതുവേണ്ട അമ്മ എന്നു വിളിച്ചുകൊള്ളൂ എന്ന് - ശരിയാണ് എന്റെ അമ്മയുടെ പ്രായം തന്നെ ആന്റിക്കും. ഞങ്ങളെല്ലാവരും അന്നുമുതൽ ആന്റിയെ “അമ്മ” എന്നുതന്നെയാണ് വിളിക്കാറ്. കുട്ടികൾ അവരെ രണ്ടുപേരെയും അപ്പൂപ്പൻ / അമ്മൂമ്മ എന്നും വിളിച്ചു. വീടിന്റെ ഒന്നാം നിലയിലെ ഒരു മുറി ഞങ്ങൾക്കായി ഒരുക്കിയിട്ടിരുന്നു അങ്കിളും അമ്മയും. അധികനേരമൊന്നും വേണ്ടിവന്നില്ല വളരെനാളത്തെ പരിചയക്കാരെപ്പോലെ ഞങ്ങളെല്ലാവരും ആയിത്തിരുവാൻ. 

ഒരു ദിവസം മുഴുവൻ നീളുന്ന യാത്രക്കായി അങ്കിളും അമ്മയും റെഡിയായി ഇറങ്ങി. തിരുവനന്തപുരം  ഒന്നോടിക്കാണുക. കുട്ടികളെ മൃഗശാലയും മ്യൂസിയവും കാണിക്കുക, അതിനുശേഷം കോവളം വരെ പോയി തിരിച്ചു പോരുക. ഇതായിരുന്നു പ്ലാൻ. അങ്കിളൂം അമ്മയും ഒരു കാറിലും ഞങ്ങൾ ഞങ്ങൾ വന്ന കാറിലുമായി യാത്ര തുടങ്ങി. കുറേനേരം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് ഞങ്ങളോടൊപ്പം “ഓടിച്ചാടി” നടക്കുന്ന ഈ മനുഷ്യൻ ഒരു ബൈപ്പാസ് സർജറിയും കഴിഞ്ഞ്, ഡയബറ്റിസിനുള്ള മരുന്നുകളുമായി കഴിയുന്ന ആളാണെന്ന്. 


കോവളത്ത് എത്തി കടലുകണ്ടപ്പോൾ അങ്കിൾ മറ്റൊരു കുട്ടിയായി മാറി കുട്ടികളോടോപ്പം കളിക്കുന്നതാണ് ഞാൻ കണ്ടത് !  അദ്ദേഹത്തിന്റെ ചിട്ടയായ ജീവിതക്രമവും, ആഹാരം മരുന്നുകൾ, വ്യായാമം എന്നിവയിലുള്ള നിഷ്ടകളുമാണ് ഇങ്ങനെ ങ്കിലും നടക്കാൻ സാധിപ്പിക്കുന്നത് എന്ന് അങ്കിൾ കൂടെക്കൂടെ പറയുമായിരുന്നു. ഒപ്പം കൂട്ടിചേർക്കാൻ മറ്റൊന്നുകൂടി എനിക്ക് പറയാനുണ്ട് - ചിരിക്കുന്ന മനസും, എല്ലാറ്റിനേയും പോസിറ്റീവാ‍യി എടുക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. 


വീണ്ടും ഞങ്ങൾ തമ്മിൽ കാണുന്നത് ചെറായി ബ്ലോഗേഴ്സ്  മീറ്റിൽ വച്ചാണ്; 2009 ൽ. അന്നും രഅങ്കിളും ആന്റിയും കൂടിയാണ് ചെറായിയിൽ വന്നത്. ഒരു ദിവസം അവിടെ താമസിച്ച് പിറ്റേന്നാണ് അവർ തിരികെ പോയത്. കൈയിലൊരു വീഡിയോ ക്യാമറയുമായി അവിടെയെല്ലാം ഓടിനടന്ന അങ്കിൾ മീറ്റിൽ നിറഞ്ഞുനിന്നു എന്നു തന്നെപറയാം!

അതു കഴിഞ്ഞ് ഒരിക്കൽ കൂടി അങ്കിളിനെ കാണുവാൻ ഞാൻ പോയിരുന്നു. ആ യാത്രയിലാണ് യാരിദ്, വെള്ളെഴുത്ത്, എന്റെ അനുജൻ ഷിജു, അങ്കിൾ എന്നിവരോടൊപ്പം തിരുവനന്തപുരത്തെ കുതിരമാളിക  കാണുവാൻ പോയത്. അന്നും ഒരു പകൽ മുഴുവൻ യാതൊരു മുഷിച്ചിലും ഇല്ലാതെ അങ്കിൾഞങ്ങളോടൊപ്പം വന്നു.


പിന്നീട് പലപ്പോഴും ഫോണിലും ചാറ്റിലുമെല്ലാം ഞങ്ങൾ സംസാരിച്ചു. എപ്പോഴും കുടുംബത്തിലെ ഒരു കാരണവരെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. കുട്ടികൾക്ക് പഠനത്തിനു സഹായകരമായേക്കാവുന്ന ഗൈഡുകളും, സി.ഡികളും മറ്റും നാട്ടിൽ നിന്ന് വാങ്ങിതരുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 

മരണം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് എപ്പോഴാണെന്ന് ആർക്കും പ്രവചിക്കാനാവില്ലല്ലോ. ചിലപ്പോൾ അടുത്ത നിമിഷത്തിലാവാം,  അങ്കിളും ഇത് കൂടെക്കൂടെ പറയുമായിരുന്നു. ഡയബറ്റിസ് അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു ഈ അടുത്തകാലത്ത്. ബൈപ്പാസ് സർജറിയും ഡയബറ്റിസ് സംബന്ധിയായ രോഗങ്ങളും ഉള്ളവർക്ക് ഓരോ ദിവസവും ഒരു ബോണസ് ആണെന്നും അത് സന്തോഷത്തോടെ ആസ്വദിച്ച് ജീവിക്കുക എന്നതിലാണ് കാര്യം എന്നായിരുന്നു അങ്കിളിന്റെ പക്ഷം. എങ്കിലും ഇത്രയും ചിട്ടയായി ഭക്ഷണക്രമവും മരുന്നുകളും കൈകാര്യം ചെയ്യുന്ന ആരോഗ്യവാ‍നായ ഒരാൾ ഇത്രവേഗം കടന്നുപോകുമെന്ന് ഞാൻ   പ്രതീക്ഷിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ ആഴ്ചയിൽ ഞാൻ ചെറിയ ഒരു അവധിയിൽ ഒരാഴ്ചത്തേക്ക് നാട്ടിൽ പോയിരുന്നു.  ജനുവരി ഒൻപതാം തീയതി വൈകിട്ട് അങ്കിളിനെ ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും കിട്ടിയില്ല. പക്ഷേ അപ്പോൾ എനിക്കറിയില്ലായിരുന്നു അദ്ദേഹം എന്നത്തേക്കുമായി ഈ ലോകത്തോട് യാത്രപറഞ്ഞിരുന്നു എന്ന്. പിറ്റേന്ന് തിരികെ ദുബായിയിലേക്ക് പോരാൻ എയർപോർട്ടിലേക്ക് പോകും വഴി ഷാജി മുള്ളൂക്കാരനാണ് ആ ദുഃഖവാർത്ത എന്നെ ഫോണിൽ അറിയിച്ചത് - “നമ്മുടെ അങ്കിൾ മരിച്ചുപോയി, ഇന്നലെ വൈകിട്ട്“. ഒരു ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങൾ എല്ലാവരും തിരുവനന്തപുരത്തായിരുന്നിട്ടുകൂടി അപ്പോൾ വട്ടിയൂർക്കാവു വരെ പോകാനാവുന്ന സാഹചര്യമല്ലായിരുന്നു. ഇവിടെ എത്തിയതിനു ശേഷം അമ്മയെ വിളിച്ചു.  വളരെ പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കുളിക്കുവാൻ കയറി കുറേസമയമായിട്ടും ആൾ പുറത്തുവരുന്നില്ലല്ലോ എന്നതു ശ്രദ്ധിച്ച് വാതിൽ തുറന്നുനോക്കുമ്പോഴേക്കും അദ്ദേഹം വിടപറഞ്ഞിരുന്നു - നിശബ്ദമായ ഹാർട്ട് അറ്റാക്ക്.  പതിവുപോലെ അതാതുദിവസം തീർക്കേണ്ട എല്ലാ ജോലികളും പൂർത്തിയാക്കിയാണ് അന്നും അങ്കിൾ പോയത്.


നമ്മുടെയെല്ലാം ജീവിതത്തിൽ നാം വളരെയധികം സ്നേഹിക്കുന്നവരും നമ്മളെ വളരെയധികം സ്നേഹിക്കുന്നവരുമായ വ്യക്തികൾ ഉണ്ടാവുമല്ലോ. എന്റെ കാര്യം നോക്കിയാൽ, എനിക്ക് വളരെയധികം സ്നേഹം തന്നിരുന്ന ഒരു വ്യക്തിയായിരുന്നു അങ്കിൾ എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. അങ്കിൾ .. ആ സ്നേഹത്തിനു മുമ്പിൽ ആദരവോടെ നിർത്തട്ടെ. 



  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP