Monday, March 24, 2008

വയലും വീടും (ഫോട്ടോ പോസ്റ്റ്)

മുമ്പൊരിക്കല്‍ പോസ്റ്റു ചെയ്ത പാലക്കാട്ടെ പാടവരമ്പത്തൂടെ എന്ന ഫോട്ടോപോസ്റ്റില്‍ പാലക്കാട്ടെ വയലേലകളിലൂടെ നടന്നപ്പോള്‍ എടുത്ത കുറേ ഫോട്ടോകള്‍ പോസ്റ്റുചെയ്തിരുന്നല്ലോ. അതോടൊപ്പം അന്നെടുത്ത കുറച്ചു ഫോട്ടോകള്‍ ഇവിടെ പോസ്റ്റുചെയ്യുന്നു. (Desktop background ആക്കാ‍നുള്ള സൈസ് ഇല്ല എന്ന പതിവു പരാതി ഒഴിവാക്കാനായി നല്ല റെസലൂഷനില്‍ത്തന്നെയാണ് എല്ലാ ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരിക്കുന്നത് . ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക)

പാലക്കാട് പട്ടണത്തില്‍ നിന്നും കിഴക്കോട്ട് മാറി, തമിഴ്നാട് അതിര്‍ത്തിയില്‍ പൊള്ളാച്ചിയോടടുത്ത് കൊഴിഞ്ഞാമ്പാറ എന്നൊരു ഗ്രാമമുണ്ട്. അവിടെയുള്ള വയലേലകളാണിവ. നെല്‍പ്പാടത്തിന്റെ പച്ചപ്പും, നെല്ലോലകളെ തലോടികടന്നു വരുന്ന ഇളംകാറ്റിന്റെ കുളിര്‍മ്മയും ഗ്രാമീണമണവും...എത്ര സുന്ദരം അല്ലേ? “എന്തു സുഖമാണീ കാറ്റ്...” എന്ന ഗാനം എത്ര അര്‍ത്ഥവത്താണെന്നു തോന്നിപ്പോയി ആ പാടവരമ്പത്ത്‍ നില്‍ക്കുമ്പോള്‍.

സൌന്ദര്യ ബോധമില്ലാതെ നെടുകെയും കുറുകെയും കടന്നുപോകുന്ന ഇലക്ട്രിക് ലൈനുകള്‍ ഈ ചിത്രത്തിന്റെ ഭംഗികെടുത്തുന്നുണ്ടെങ്കിലും, അതിലെ പച്ചപ്പും തലയുയര്‍ത്തിനില്‍ക്കുന്ന തെങ്ങുകളും മനോഹരമായിതോന്നി.

വീണ്ടും മുമ്പോട്ടുപോകുമ്പോള്‍ പ്രായമേറെയെത്തിയ ഒരു തണല്‍ മരം തന്റെ ശിഖരങ്ങളിലൊന്ന് പാടത്തേക്ക് ചായിച്ച് അങ്ങനെ നില്‍ക്കുന്നതു കണ്ടു. അവിടെയിരുന്ന് ഒരല്‍പ്പം വിശ്രമം.റോഡിലൂടെ അങ്ങനെ ഫോട്ടോകളും എടുത്തുകൊണ്ട് പോകുമ്പോള്‍ ബൈക്കിലെത്തിയ ഒരു ചേട്ടന്‍ ചോദിച്ചു: “സാര്‍, സീരിയലിന് ലൊക്കേഷന്‍ നോക്കുകയാണോ”. ഇപ്പോഴിവിടമൊക്കെ സീരിയല്‍ നിര്‍മ്മാതാക്കളുടെ ലൊക്കേഷനാണത്രേ. ശരിയാണ് കലര്‍പ്പില്ലാത്ത കേരളീയ ഗ്രാമീണ സൌന്ദര്യം ഇപ്പോഴും ഇവിടങ്ങളില്‍ മാത്രമല്ലേ കാണാന്‍ സാധിക്കൂ!


കാളവണ്ടി: വളരെ നാളുകള്‍ക്കു ശേഷമാണ് ഒരു കാളവണ്ടി കാണുന്നത്.

“തോളത്തു ഘനംതൂങ്ങും വണ്ടിതന്‍ തണ്ടും പേറി,
കാളകള്‍ മന്ദം മന്ദം ഇഴഞ്ഞൂ നീങ്ങീടുന്നു”


എന്ന് പണ്ട് മലയാളപാഠാവലിയില്‍ പഠിച്ച വരികള്‍ ഓര്‍മ്മയിലെത്തി അപ്പോള്‍.

തമിഴ്നാട് അതിര്‍ത്തിയിലേക്ക് അടുക്കുമ്പോള്‍, കോയമ്പത്തൂര്‍ ഹൈവേയുടെ സൈഡില്‍ കണ്ടതാണ് ഈ കൃഷിനിലവും അതു ഉഴുതുമറിക്കുന്ന കാളകളെയും. പച്ചപ്പുല്ലിനാല്‍ ബോര്‍ഡറിട്ട, ചുവന്ന മണ്ണുള്ള ഈ നിലവും, തലയുയര്‍ത്തിനില്‍ക്കുന്ന പനകളും, പാടത്തോട് ചേര്‍ന്നുള്ള ഓലപ്പുരയും, പശ്ചാത്തലത്തില്‍ മേഘങ്ങളുമായി സല്ലപിക്കുന്ന നീല മലയും, നീലാകാശവും മനോഹരമായ ഒരു കാഴ്ചയായിരുന്നു.


ഈ കാഴ്ചകളൊക്കെ ഇനി എത്രനാളുകള്‍ കൂടി കാണാന്‍ സാധിക്കുമോ എന്തോ?

48 comments:

അപ്പു ആദ്യാക്ഷരി

കേരളത്തിന്റെ തനതു ഗ്രാമക്കാഴ്ചകളുമായി ഒരു ഫോട്ടോപോസ്റ്റു കൂടി.

Manoj | മനോജ്‌

അപ്പൂ- പടങ്ങള്‍ നന്നായിട്ടുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നമ്മുടെ ഗ്രാമങ്ങള്‍ .. ഹാ .. എത്ര മനോഹരം! :)

ജോണ്‍ജാഫര്‍ജനാ::J3

രണ്ടാമത്തെ പടം എന്റെ ഡെസ്ക് ടോപ്പില്‍ കയറികിടപ്പുണ്ട്:)

ദിലീപ് വിശ്വനാഥ്

ഇതിലെവിടാ വീട് അപ്പുവേട്ടാ?

പ്രിയ ഉണ്ണികൃഷ്ണന്‍

അതെ, പാലക്കാടിനെന്നും ഗ്രാമീണസൌന്ദര്യമുണ്ട്...

നല്ല ചിത്രങ്ങള്‍

ശ്രീലാല്‍

അങ്ങനെ ഇന്ന് ജോലി കഴിഞ്ഞു വന്ന ഉടന്‍ ഒന്ന് പാലക്കാടു വരെ പോയി വന്നു! ആ കാളവണ്ടി ഫോട്ടോ വളരെ നന്നായി മാസ്റ്റര്‍ ജീ. പക്ഷേ പാലക്കാടായിട്ട് ഒരു പന പോലും കാണാനില്ലല്ലോ...

പാമരന്‍

ചുന്തരം...!

ശ്രീ

അപ്പുവേട്ടാ...
നല്ല മനോഹരമായ മറ്റൊരു പോസ്റ്റു കൂടി... ഗ്രാമീണത നിറഞ്ഞു തുളുമ്പുന്ന ചിത്രങ്ങള്‍... ആ കാളവണ്ടിയുടെ ചിത്രം കൂടുതലിഷ്ടമായി. നമുക്കു നഷ്ടമായിക്കൊണ്ടിരിയ്ക്കുന്ന ഗ്രാമത്തിന്റെ ഈ ശാലീനത ഇനി ഭാ‍ാവിയില്‍ ഇത്തരം ചിത്രങ്ങളില്‍ മാത്രമായി ഒതുങ്ങുമോ?

അങ്കിള്‍

:)

G.MANU

വാഹ് ജി വാഹ്..കലക്കന്‍ പടംസ്. ആ കാളവണ്ടി പടം അങ്ങു രസിച്ചയ്യാ‍ാ..

കരീം മാഷ്‌

കലക്കന്‍!

Sharu (Ansha Muneer)

എന്തൊരു ഭംഗിയാണ്.... നല്ല ചിത്രങ്ങള്‍ :)

puTTuNNi

വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മയില്‍ കണ്ടു...
ഇപ്പോള്‍ ഫോട്ടോയില്‍ കണ്ടു..
നേരില്‍ കാണാന്‍ പാലക്കാട് വരെ പോകണമല്ലേ..

നല്ല ചിത്രങ്ങള്‍..

കുട്ടിച്ചാത്തന്‍

ചാത്തനേറ്: വാല്‍മീകി ചോദിച്ചതു തന്നെ.. ഇതു കാളേം വയലും..

തമനു

ഞാനും രണ്ട് പടങ്ങള്‍ മോഷ്ടിച്ചു അപ്പു മാഷേ..

കിടിലന്‍ പടങ്ങള്‍

അപ്പു ആദ്യാക്ഷരി

ചാത്താ, വാല്‍മീകീ, കളീയാക്കാന്‍ വരട്ടെ. രണ്ടാമത്തെ ഫോട്ടോ ഒന്നു വലുതാക്കി കണ്ടേ. അതിന്റെ അങ്ങേയറ്റത്തൊരു വീടുണ്ട് :) (ഞാനോടി)

അതേ, വയലും വീടും എന്നത് ആകാശവാണിയുടെ കൃഷി പ്രോഗ്രാമിന്റെ പേരായിരുന്നു. പണ്ട് ഞങ്ങടെയൊക്കെ ചെറുപ്പകാലത്ത് (ടി.വി.യില്ല്ലാതിരുന്ന കാലത്ത്), വൈകുന്നേരങ്ങളില്‍ വീട്ടില്‍ റേഡിയോ വയ്ക്കും. അന്ന് കേട്ടിരുന്ന പല പേരുകളും ഇപ്പോഴും മനസ്സിലുണ്ട്. വയലും വീടൂം, യുവവാണി, രഞ്ജിനി, തുടങ്ങിയവ.ആ ഓര്‍മ്മയില്‍നിന്നാണ് ഇന്നലെ ഈ പോസ്റ്റിട്ടപ്പോള്‍ ഇങ്ങനെയൊരു പേര് ഇട്ടത്. ആ കാലമൊക്കെപോയില്ലേ... ഇപ്പോ ആകാശവാണി ആരു കേള്‍ക്കുന്നു. ദോഷം പറയരുതല്ലോ, ദുബായിയില്‍ റോഡ് ട്രാഫിക്കില്‍ പെട്ടുകിടക്കുമ്പോള്‍ ഏക ആശ്രയം റേഡിയോതന്നെ. അങ്ങനെയെങ്കിലും റേഡിയോ തിരികെവരട്ടെ. പക്ഷേ പണ്ടത്തെ ആകാശവാണിയുടെ രസം ഇപ്പോഴത്തെ എഫ്. എം റേഡിയോകേള്‍ക്കുമ്പോഴുണ്ടോ എന്തോ?

സുല്‍ |Sul

അപ്പുവിന്റെ അപാര ചിത്രങ്ങള്‍..
ഇഷ്ടമായി ഈ പാ‍ടങ്ങളുളെ പടങ്ങള്‍ :)

“ഏലേലയ്യാ ഏലയ്യാ....”
-സുല്‍

konchals

ഒരിക്കല്‍കൂടി കൊഴിഞ്ഞാമ്പാറയും ചിറ്റൂരും ഒക്കെ പോയി വന്നപോലെ...

വളരെ മനോഹരമായിരിക്കണു..

നന്ദി അപ്പൂസ്...

SABU PRAYAR ~ സാബു പ്രയാര്‍

മനോഹരമായ കാഴ്ചകള്‍ക്ക് നന്ദി.
ഒരിക്കല്‍ നമുക്ക് നഷ്ടമാകുമെന്ന് ഭയക്കുന്ന ഗ്രാമഭംഗികള്‍

നാടന്‍

അത്യുഗ്രന്‍ !!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

രാവിലെ തന്നെ ഇതു കാണുമ്പോള്‍ മനസിന് എന്തൊരു തണുപ്പ്..

കുഞ്ഞന്‍

അപ്പൂ..

പടങ്ങളെല്ലാം മനോഹരങ്ങളാണെങ്കിലും,ഇതു കണ്ടിട്ടു ഒരു നഷ്ടബോധമൊ ഒരു വിളറിയ ചിരിയൊ എനിക്കു അനുഭവപ്പെടുത്തുന്നു..!

[ nardnahc hsemus ]

പഴയ ചിത്രങ്ങള്‍ കണ്ടതൂകൊണ്ടാണോ എന്നറിയില്ല, അവയോളം മികച്ചതാ‍യി ഈ ചിത്രങ്ങള്‍ തോന്നുന്നില്ല. വെയിലുണ്ടായിട്ടും ഒരു മൂ‍ടല്‍ പോലെ...

:)

ശാലിനി

എനിക്കിപ്പം നാട്ടില്‍ പോകണം.

അപ്പൂ ഇപ്പോഴും റേഡിയോയില്‍ ആ പരിപാടികള്‍ ഇല്ലേ? രഞ്ജിനി, യുവവാണി, നാടകവാരം, ശബ്ദരേഖ... എല്ലാം പ്രിയപ്പെട്ടതായിരുന്നു. അതിരാവിലെ തുടങ്ങുന്ന റേഡിയോ പരിപാടികള്‍ കേട്ടാണ് സമയം അറിയുന്നത്.

ഫോട്ടോകള്‍ നല്ല കളര്ഫുള്‍.ഡെസ്ക് ടോപ്പില്‍ ഇട്ടു എന്നു പ്രത്യേകം പറയേണ്ടല്ലോ.

നാടു വളരുകയല്ലേ, അപ്പോള്‍ ഈ നാട്ടുമ്പുറവും കുറേ നാളുകള്‍ കഴിയുമ്പോള്‍ വികസനത്തിന്‍റെ പാതയിലാവും. വേണ്ട എന്നു പറയാനാവില്ലല്ലോ.

Kaithamullu

ഈ മനോഹര ദൃശ്യങ്ങളെല്ലാം അകന്നകന്ന് അങ്ങ് തമിഴ് നാട് അതിര്‍ത്തിയിലേക്ക് ട്രാന്‍സഫറായിരിക്യാ ഇപ്പോള്‍!

Very Good, Appooo!

നിലാവര്‍ നിസ

ഹായ്.. എന്റെ പാലക്കാട്..
നല്ല രസമുണ്ട് ചിത്രങ്ങള്‍..

Shaf

അപ്പൂ- പടങ്ങള്‍ നന്നായിട്ടുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നമ്മുടെ ഗ്രാമങ്ങള്‍ .. ഹാ .. എത്ര മനോഹരം! :)

sv

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

പ്രിയ

മനോഹരം :)

:: niKk | നിക്ക് ::

സിമ്പ്ലി ഔട്ട്സ്റ്റാന്റിംഗ് ഷോട്ട്സ് അപ്പൂസ് :)

കഴിഞ്ഞാഴ്ച ഞാനും ഇതു വഴി ചീറിപ്പാഞ്ഞതാണ്.. ഈ കാഴ്ചകള്‍ എല്ലാം എനിക്ക് നഷ്ടമായെങ്കിലും, ഇവിടെ അപ്പൂസിന്റെ കാമറക്കണ്ണുകളിലൂടെ കാണുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

എല്ലാം നല്ല കിടു കോമ്പോസിഷനിലുള്ള ചിത്രങ്ങള്‍...

കൊടുക്കുന്നു 10/10 മാര്‍ക്ക് എല്ലാ ചിത്രങ്ങള്‍ക്കും :)

സുമേഷ് ചന്ദ്രന്‍, താങ്കളുടെ മോണിറ്റര്‍ സെട്ടിംഗ് ഒന്ന് പരിശോധിച്ചാല്‍ നന്നായിരിക്കും :)

കാവലാന്‍

ഒരു പച്ചദാവണിക്കാരിയെ അങ്ങാടിയിലെ ആള്‍ത്തിരക്കില് കാണുന്ന സുഖം. എത്രകാലത്തിനുള്ളില്‍ അവളീ ദാവണിയില്‍ നിന്നു ബിക്നിയിലേക്കു മാറും എന്നു തന്നെയാണു സംശയം.

മുസ്തഫ|musthapha

കിടിലന്‍ പടങ്ങള്‍...

ഞാന്‍ ഒന്ന് രണ്ട് എന്നൊന്നും എണ്ണാന്‍ നിന്നില്ല, മൊത്തം ഇങ്ങെടുത്തു... ഒരു കൊല്ലത്തിന് ശേഷം എന്‍റെ ഗ്രാമം എന്ന പേരില്‍ പോസ്റ്റും നോക്കിക്കോ :)

പൈങ്ങോടന്‍

ഭംഗിയുള്ള ചിത്രങ്ങള്‍...

ബിന്ദു കെ പി

ഫോട്ടോകള്‍ നന്നായിരിക്കുന്നു. ഗ്രാമഭംഗിയുടെ സമ്പന്നത!!!
എന്റെ ബ്ലോഗിന് ഇട്ടകമന്റിലൂടെയാണ് ഇവിടെയെത്തിയത്. അപ്പുവിന്റെ ലോകം കണ്ട് അന്തിച്ചു പോയി ഞാന്‍.എത്ര വിശാലമായ ലോകം..
ഏതായാലും കമന്റിന് നന്ദി..

ശ്രീവല്ലഭന്‍.

Great photos Appu :-)

പൊറാടത്ത്

അപ്പൂസെ, കൊതിപ്പിയ്ക്കുന്ന ചിത്രങ്ങള്‍.., ചിത്രപശ്ചാത്തലങ്ങള്‍..

വെറുതെയല്ല, താങ്കളിപ്പോഴും ഇങ്ങനെ..,

പഴമയില്‍ നിന്നും പഠിച്ചത് പകര്‍ത്താന്‍ ശ്രമിയ്ക്കുന്നത്..!

എന്തിനാ നമുക്ക് ആ മണലാരണ്യം..?

ഗ്രാമങ്ങളിലേയ്ക്ക് തിരിച്ച് വരൂ.., ഇന്ത്യയുടെ ആത്മാവിലേയ്ക്..

നമ്മുടെ കോട്ടനേട്ടങ്ങളുടെ കണക്കെടുപ്പ് കഴിയുമ്പോഴേയ്ക്കും, ജീവിയ്ക്കാന്‍ ഇനിയൊരു ജന്മം ഇരന്നു വാങ്ങേണ്ടി വരും, ഉടയവനോട്..!

നല്ല പോസ്റ്റ്..

നന്ദി

ബയാന്‍

ഒരു കേരളീയന്റെ ഭാഗ്യം.

Gopan | ഗോപന്‍

Nice pictures !

റീനി

അപ്പൂ, നല്ല ചിത്രങ്ങള്‍! പ്രത്യേകിച്ച് ആദ്യത്തെ രണ്ടും അവസാനത്തെ രണ്ടും. ഇടക്കുള്ള ചിത്രങ്ങള്‍ നരച്ചപകലില്‍ എടുത്തതാണോ?

അപ്പു ആദ്യാക്ഷരി

ഗ്രാമക്കാഴ്ചകള്‍ കാണാനെത്തി അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും വളരെ നന്ദി.

ചില ചിത്രങ്ങളുടെ കുളിര്‍മയും, ചില ചിത്രങ്ങളുടെ “നരപ്പും” കമന്റുകളില്‍ കാണുമ്പോള്‍ വല്ലാത്ത കണ്‍ഫ്യൂഷന്‍. ഞാന്‍ ആദ്യം ഈ ചിത്രങ്ങള്‍ ഫോട്ടൊഷോപ്പില്‍ ടച്ച് ചെയ്ത് എടുത്ത് പബ്ലിഷ് ചെയ്തപ്പോള്‍ എന്റെ കമ്പ്യൂട്ടര്‍ മോനിറ്ററില്‍ അത് നല്ല കുളിര്‍മയുള്ള ചിത്രങ്ങളായാണ് കണ്ടത് (ക്യാമറയില്‍നിന്നു വന്ന ഏകദേശം അതേ തെളിമയോടെ) അപ്പോഴാണ് സുമേഷിന്റെ കമന്റ് കണ്ടത് “തെളീച്ചം പോരാ, ഇരുണ്ടിരിക്കുന്നു” എന്ന്. അപ്പോള്‍ ഒരല്‍പ്പം ബ്രൈറ്റ്‌നെസ് കൂട്ടിക്കൊടുത്തു. ഇപ്പോഴിതാ റീനി പറയുന്നു “ഇടയ്ക്കുള്ള പടങ്ങള്‍ നരച്ചതാണ്“ എന്ന്. ഹയ്യോ, എന്തൊരു കണ്‍ഫ്യൂഷന്‍. മോനിറ്ററുകളുടെ സെറ്റിംഗ്സ് അനുസരിച്ച് ഡിജിറ്റല്‍ ചിത്രങ്ങളുടെ തെളിമ മാറുമല്ലോ. ഇങ്ങനെ സംഭവിക്കുന്നതു കുറയ്ക്കുവാന്‍ എന്താണൊരു വഴി? അറിയാവുന്ന ആരെങ്കിലും ഒന്നു പറഞ്ഞുതരൂ.

Rajeend U R

വളരെ നന്നായിരിക്കുന്നു.
ഇനിയും നല്ല ഫോട്ടോകള്‍ പ്രതീക്ഷിക്കുന്നു.

മഴത്തുള്ളി

അപ്പു മാഷേ,

ആ സുമേഷിന്റെ കണ്ണിന്റെ മൂടലാവും. ഭൂതക്കണ്ണാടി എടുത്ത് നോക്കാന്‍ പറ.

നല്ല ഭംഗിയുള്ള ചിത്രങ്ങള്‍, എനിക്കിഷ്ടമായി :)

മറ്റൊരാള്‍ | GG

വന്നു. കണ്ടു. വായിച്ചു. ഇനി മടങ്ങട്ടേ!

yousufpa

എന്നെ പെട്ടെന്നു തന്നെ നാട്ടിലേയ്ക്ക് തെറിപ്പിക്കാനാണൊ ഒരുമ്പെട്ടിരിക്കുന്നത്?.
ഗ്രുഹാതുരത്വമുണര്‍‌ത്തുന്ന കാഴ്ച..ഗംഭീരം ഈ കാഴ്ച.

മുഹമ്മദ് ശിഹാബ്

നല്ല മനോഹരമായ മറ്റൊരു പോസ്റ്റു കൂടി... ഗ്രാമീണത നിറഞ്ഞു തുളുമ്പുന്ന ചിത്രങ്ങള്‍... ആ കാളവണ്ടിയുടെ ചിത്രം കൂടുതലിഷ്ടമായി.

അപ്പു ആദ്യാക്ഷരി

വയലും, പച്ചയും, ഗ്രാമവും, കേരളവും പ്രവാസികളില്‍ ഇത്രയധികം ഗൃഹാതുരത്വം ഉണര്‍ത്തുകയോ!! ഫോട്ടോകള്‍ കണ്ട് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും വളരെ നന്ദി. ഇനിയും തീര്‍ച്ചയായും ഇതുപോലെയുള്ള ധാരാളം ഫോട്ടോകള്‍ ഇവിടെ പബ്ലിഷ് ചെയ്യാം.

ചീര I Cheera

ഈശ്വരാ, ഇതെങ്ങനെ മിസ്സ് ആയി എന്നറിയില്ല, എന്നാലും സാരമില്ല, കണ്ടു കണ്‍കുളിര്‍ന്നു!
അപ്പൂ തീര്‍ച്ചയായും ഇത്തരം ചിത്രങ്ങള്‍ ഇനിയും ഇടണം.

Unknown

2 വര്‍ഷങ്ങള്‍ക്കിപ്പുറം
അപ്പൂ..
പാലക്കാട്‌
കാണണ്ടേ?
വയലുകള്‍
ശുഷ്കിച്ചു...
അടുത്ത
തലമുറ
"അരിസ്സിചെടിയാ"
എന്ന് ചോദിക്കുന്ന കാലം വിദൂരമല്ല..കെട്ടിടസമുച്ചയങ്ങള്‍
പാടങ്ങളെ വിഴുങ്ങും മുമ്പേ
....അടുത്ത തലമുറക്കായി
കുറച്ചു പടങ്ങള്‍ കൂടിയാവാം

നന്മകള്‍ നേരുന്നു
.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP