വയലും വീടും (ഫോട്ടോ പോസ്റ്റ്)
മുമ്പൊരിക്കല്‍ പോസ്റ്റു ചെയ്ത പാലക്കാട്ടെ പാടവരമ്പത്തൂടെ എന്ന ഫോട്ടോപോസ്റ്റില്‍ പാലക്കാട്ടെ വയലേലകളിലൂടെ നടന്നപ്പോള്‍ എടുത്ത കുറേ ഫോട്ടോകള്‍ പോസ്റ്റുചെയ്തിരുന്നല്ലോ. അതോടൊപ്പം അന്നെടുത്ത കുറച്ചു ഫോട്ടോകള്‍ ഇവിടെ പോസ്റ്റുചെയ്യുന്നു. (Desktop background ആക്കാനുള്ള സൈസ് ഇല്ല എന്ന പതിവു പരാതി ഒഴിവാക്കാനായി നല്ല റെസലൂഷനില്‍ത്തന്നെയാണ് എല്ലാ ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരിക്കുന്നത് . ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക)
പാലക്കാട് പട്ടണത്തില്‍ നിന്നും കിഴക്കോട്ട് മാറി, തമിഴ്നാട് അതിര്‍ത്തിയില്‍ പൊള്ളാച്ചിയോടടുത്ത് കൊഴിഞ്ഞാമ്പാറ എന്നൊരു ഗ്രാമമുണ്ട്. അവിടെയുള്ള വയലേലകളാണിവ. നെല്‍പ്പാടത്തിന്റെ പച്ചപ്പും, നെല്ലോലകളെ തലോടികടന്നു വരുന്ന ഇളംകാറ്റിന്റെ കുളിര്‍മ്മയും ഗ്രാമീണമണവും...എത്ര സുന്ദരം അല്ലേ? “എന്തു സുഖമാണീ കാറ്റ്...” എന്ന ഗാനം എത്ര അര്‍ത്ഥവത്താണെന്നു തോന്നിപ്പോയി ആ പാടവരമ്പത്ത്‍ നില്‍ക്കുമ്പോള്‍.
സൌന്ദര്യ ബോധമില്ലാതെ നെടുകെയും കുറുകെയും കടന്നുപോകുന്ന ഇലക്ട്രിക് ലൈനുകള്‍ ഈ ചിത്രത്തിന്റെ ഭംഗികെടുത്തുന്നുണ്ടെങ്കിലും, അതിലെ പച്ചപ്പും തലയുയര്‍ത്തിനില്‍ക്കുന്ന തെങ്ങുകളും മനോഹരമായിതോന്നി.
വീണ്ടും മുമ്പോട്ടുപോകുമ്പോള്‍ പ്രായമേറെയെത്തിയ ഒരു തണല്‍ മരം തന്റെ ശിഖരങ്ങളിലൊന്ന് പാടത്തേക്ക് ചായിച്ച് അങ്ങനെ നില്‍ക്കുന്നതു കണ്ടു. അവിടെയിരുന്ന് ഒരല്‍പ്പം വിശ്രമം.
റോഡിലൂടെ അങ്ങനെ ഫോട്ടോകളും എടുത്തുകൊണ്ട് പോകുമ്പോള്‍ ബൈക്കിലെത്തിയ ഒരു ചേട്ടന്‍ ചോദിച്ചു: “സാര്‍, സീരിയലിന് ലൊക്കേഷന്‍ നോക്കുകയാണോ”. ഇപ്പോഴിവിടമൊക്കെ സീരിയല്‍ നിര്‍മ്മാതാക്കളുടെ ലൊക്കേഷനാണത്രേ. ശരിയാണ് കലര്‍പ്പില്ലാത്ത കേരളീയ ഗ്രാമീണ സൌന്ദര്യം ഇപ്പോഴും ഇവിടങ്ങളില്‍ മാത്രമല്ലേ കാണാന്‍ സാധിക്കൂ!
കാളവണ്ടി: വളരെ നാളുകള്‍ക്കു ശേഷമാണ് ഒരു കാളവണ്ടി കാണുന്നത്.
“തോളത്തു ഘനംതൂങ്ങും വണ്ടിതന്‍ തണ്ടും പേറി,
കാളകള്‍ മന്ദം മന്ദം ഇഴഞ്ഞൂ നീങ്ങീടുന്നു”
എന്ന് പണ്ട് മലയാളപാഠാവലിയില്‍ പഠിച്ച വരികള്‍ ഓര്‍മ്മയിലെത്തി അപ്പോള്‍.
തമിഴ്നാട് അതിര്‍ത്തിയിലേക്ക് അടുക്കുമ്പോള്‍, കോയമ്പത്തൂര്‍ ഹൈവേയുടെ സൈഡില്‍ കണ്ടതാണ് ഈ കൃഷിനിലവും അതു ഉഴുതുമറിക്കുന്ന കാളകളെയും. പച്ചപ്പുല്ലിനാല്‍ ബോര്‍ഡറിട്ട, ചുവന്ന മണ്ണുള്ള ഈ നിലവും, തലയുയര്‍ത്തിനില്‍ക്കുന്ന പനകളും, പാടത്തോട് ചേര്‍ന്നുള്ള ഓലപ്പുരയും, പശ്ചാത്തലത്തില്‍ മേഘങ്ങളുമായി സല്ലപിക്കുന്ന നീല മലയും, നീലാകാശവും മനോഹരമായ ഒരു കാഴ്ചയായിരുന്നു.

ഈ കാഴ്ചകളൊക്കെ ഇനി എത്രനാളുകള്‍ കൂടി കാണാന്‍ സാധിക്കുമോ എന്തോ?








