Wednesday, December 3, 2008

വാര്‍ത്തകളുണ്ടാക്കുന്ന മാധ്യമങ്ങളും പട്ടിവിളി വിവാദവും

വി.എസ്‌. അച്യുതാനന്ദന്റെ പട്ടിവിളി വിവാദം ഒരു വശത്ത്‌ കൊഴുക്കുമ്പോള്‍ ഇന്ന് വളരെ രസകരമായ ഒരു സംഭവവികാസം ഉണ്ടായിരിക്കുന്നു. മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ അടുത്ത ബന്ധുവും, കുടുംബസുഹൃത്തുമായ ശ്രീ രാജീവ്‌, സന്ദീപിന്റെ പിതാവിനു വേണ്ടി മാധ്യമങ്ങളുടെ മുമ്പില്‍ ഒരു പ്രസ്താവന നടത്തി. അത്‌ എല്ലാ ന്യൂസ്‌ ചാനലുകളിലും ഉണ്ടോ എന്നെനിക്കറിയില്ല, ഇതെഴുതുന്നതിനു മുമ്പ് യു.എ.ഇ യിലെ റേഡിയോ ഏഷ്യയിലാണ്‌ (1269 AM) ഞാന്‍ ഇത്‌ കേട്ടത്‌. തുടര്‍ന്ന്‍ വൈകിട്ട് നാലുമണിക്കുള്ള വിവാദ പര്‍വ്വം പരിപാടിയിലും ഇതായിരുന്നു ചര്‍ച്ചാ വിഷയം.

അദ്ദേഹം പറഞ്ഞത്‌, ഈ വിവാദ സംഭവങ്ങളുണ്ടാകുമ്പോഴെല്ലാം താന്‍ ദൃക്‌സാക്ഷിയായിരുന്നുവെന്നാണ്‌. മേജര്‍ സന്ദീപിന്റെ ശവദാഹത്തിനു ശേഷം അദ്ദേഹത്തിന്റെ അച്ഛന്‍ മാനസികമായി വളരെ തളര്‍ന്നിരുന്നുവെന്നും, പിറ്റേന്ന് നമ്മുടെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ വീട്ടിലെത്തിയപ്പോഴും അദ്ദേഹം അതേ മാനസിക നിലയിലായിരുന്നു എന്നുമാണ്‌ രാജീവ്‌ പറഞ്ഞത്‌. മുഖ്യമന്ത്രി വീട്ടിലെത്തുമ്പോള്‍ ശ്രീ ഉണ്ണികൃഷ്ണന്‍ വീടിനു പുറത്തായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി വന്നിട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയും, അദ്ദേഹം വീട്ടിലെത്തുകയും ചെയ്തു. മുഖ്യമത്രിയോടു സംസാരിക്കുവാന്‍ കൂടെയുള്ളവര്‍ പറഞ്ഞപ്പോള്‍ "പോടാ, എനിക്കാരെയും കാണേണ്ട, എന്റെ വീട്ടിലാരും വരണ്ടാ" എന്നു പറഞ്ഞ്‌ രാജീവിന്റെ കൈ തട്ടി മാറ്റിയിട്ട്‌ വീടിനുള്ളിലേക്ക്‌ കയറി പോവുകയുമാണ്‌ ചെയ്തതത്രെ. അദ്ദേഹത്തിന്റെ അപ്പോഴത്തെ മാനസികനിലയില്‍ അങ്ങനെ പറഞ്ഞു എന്നത്‌ സത്യംതന്നെ.

ഈ സമയം മുഖ്യമന്ത്രി വീട്ടിനുള്ളിലായിരുന്നു. ഈ വീഡിയോ ക്ലിപ്പിംഗ്‌ എഡിറ്റുചെയ്ത്‌ വാര്‍ത്താമാധ്യമങ്ങള്‍ കാണിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ "പോടാ, എനിക്കാരെയും കാണണ്ടാ" എന്നത്‌ മുഖ്യമന്ത്രിയോട്‌ പറഞ്ഞ രീതിയിലാണ്‌ ചിലര്‍ക്കെങ്കിലും തോന്നിയത്‌.

രാജീവ്‌ ഇങ്ങനെ തുടരുന്നു:

അടുത്തരംഗം തുടങ്ങുന്നത്‌ മുഖ്യമന്ത്രിയോട്‌ ഇന്റര്‍വ്യൂ നടത്തിയ ഇംഗ്ലീഷ് ചാനല്‍ ലേഖകന്‍ നടത്തുന്ന ഒരു ചോദ്യത്തില്‍നിന്നാണ്‌. ആ ലേഖകന്റെ ചോദ്യം "ഒരു പട്ടിയും എന്റെ വീട്ടില്‍ വരേണ്ട എന്ന സന്ദീപിന്റെ അച്ഛന്റെ പ്രസ്താവനയോട്‌ താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്ന്വത്രേ . അതിന്റെ വളരെ സ്വാഭാവികമായ മറുപടി മുഖ്യമന്ത്രിപറയുകയും ചെയ്തു "സന്ദിപിന്റെ വീടല്ലായിരുന്നുവെങ്കില്‍ ഒരു പട്ടിയും അങ്ങോട്ട്‌ തിരിഞ്ഞു നോക്കുകയില്ലായിരുന്നല്ലോ" എന്ന്. തുടര്‍ന്ന് ചാനലുകളെല്ലാം മുഖ്യമന്ത്രിയുടെ ഉത്തരം മാത്രം കാണിക്കുകയും ചെയ്തതോടെ വിവാദം കൊഴുക്കുകയായിരുന്നു.

ലേഖകന്റെ ഈ ചോദ്യമാണ് ഈ വിവാദപ്രസ്താവനയ്ക്കുപിന്നിലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് രാജീവ് പ്രസ്താവനയില്‍ പ്രത്യേകം പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഈ മറുപടിയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ച്‌ ഒരു വന്‍ വിവാദമാക്കിമാറ്റിയത്‌. ഇത്തരത്തില്‍ തീര്‍ത്തും അനാവശ്യമായ ഒരു വിവാദമുണ്ടായതില്‍ സന്ദീപിന്റെ കുടുംബത്തിന്‌ ദുഃഖമുണ്ട്‌ എന്നാണ്‌ രാജീവ്‌ ഈ പ്രസ്താവനയിലൂടെ, സന്ദീപിന്റെ അച്ഛനുവേണ്ടി പറഞ്ഞത്‌.

ഇനി ഒരു ചോദ്യം. ഇതു ശരിയെങ്കില്‍ കുറ്റക്കാര്‍ ആരാണ്‌? വിവേകപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യാതിരുന്ന നമ്മുടെ മാധ്യമങ്ങള്‍ തന്നെയല്ലേ? ഒരു സെന്‍സേഷനല്‍ ന്യൂസ്‌ കവറേജ്‌ ഉണ്ടാക്കുവാന്‍ വേണ്ടിമാത്രം മനഃപ്പൂര്‍വ്വം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതോ ഈ വിവാദം?പത്രസ്വാതന്ത്ര്യത്തിന്റെപേരില്‍ ചോദ്യങ്ങളെറിയുക, അതില്‍ നിന്നു കിട്ടുന്ന ഉത്തരങ്ങളെ ഒരു വാര്‍ത്തയാക്കി മാറ്റുക - ഇതാണോ ഇവര്‍ ചെയ്യുന്നത്‌? എങ്കില്‍, മാധ്യമങ്ങളേ, നിങ്ങളെയോര്‍ത്ത്‌ ലജ്ജിക്കുവാനേ കഴിയൂ.

കേരള സര്‍ക്കാര്‍ മേജര്‍ സന്ദീപിന്റെ ശവസംസ്കാര ചടങ്ങില്‍ വേണ്ടത്ര ശുഷ്കാന്തികാണിച്ച്‌ പങ്കെടുത്തില്ല എന്നത്‌ പ്രതിഷേധാര്‍ഹം തന്നെ. പക്ഷേ കുട്ടന്റെയും മുട്ടന്റെയും കഥയില്‍, ആടുകളെ തമ്മില്‍ തല്ലിച്ച്‌ ഇടയില്‍ നിന്ന് ചോരനക്കിക്കുടിക്കുന്ന കുറുക്കന്റെ മാനസിക സംതൃപ്തിയുണ്ടല്ലോ, അതാണ്‌ ഇത്തരം മാധ്യമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്‌. ഇത്ര അധഃപ്പതിച്ചല്ലോ നമ്മുടെ മാധ്യമ സംസ്ക്സാരം. അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുവാനൊരുങ്ങുന്ന മറ്റുകുറേ രാഷ്ട്രീയക്കാരും. രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച ആ ധീരസൈനികന്റെ നേരെ വീണ്ടും വെടിവയ്ക്കുകയാണല്ലോ നിങ്ങളെല്ലാവരും ചെയ്യുന്നത്‌. കഷ്ടം!

ഇന്നു വൈകിട്ട് മനോരമ ന്യൂസ് ചാനലും രാജീവിന്റെ പ്രസ്താവന കാണിച്ചിരുന്നു. തുടര്‍ന്ന്‍ Counter Point എന്ന ചര്‍ച്ചയില്‍ പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ ശ്രീ. ബി.ആര്‍.പി ഭാസ്കര്‍ പറഞ്ഞ ഒരു കാര്യം ഇവിടെ പ്രസ്താവ്യമാണ്. അദ്ദേഹം പറഞ്ഞതു, ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഈ വിഷയം അങ്ങേയറ്റം unprofessional ആയി കൈകാര്യം ചെയ്തു എന്നാണ്. എത്ര പ്രാധാന്യം ഓരോ വാര്‍ത്തകള്‍ക്കും കൊടുക്കണം, പ്രത്യേകിച്ച് അത് രാഷ്ട്രീയം ഉള്‍പ്പെടുന്നതാനെങ്കില്‍, എന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും തിരിച്ചറിയണം എന്നാണു അദ്ദേഹം എടുത്തു പറഞ്ഞത്.

22 comments:

keralafarmer

ആ ലേഖകന്റെ ചോദ്യം "ഒരു പട്ടിയും എന്റെ വീട്ടില്‍ വരേണ്ട എന്ന സന്ദീപിന്റെ അച്ഛന്റെ പ്രസ്താവനയോട്‌ താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു".
ഇത്തരത്തില്‍ ഒരു പട്ടിയും വരേണ്ട എന്ന സന്ദീപിന്റെ അച്ഛന്‍ പറയുന്ന പ്രസ്താവന ഒരു വീഡിയോ ക്ലിപ്പിലും കണ്ടില്ല. അപ്പോള്‍ ഇത്തരത്തില്‍ ഒരു ചോദ്യം ടൈംസ് നൌ ചാനല്‍ ലേഖകന്‍ ചോദിച്ചു എങ്കില്‍ ഭാരതത്തില്‍ ആദ്യം നിരോധിക്കേണ്ടത് ഈ മാധ്യമങ്ങളെയാണ്. സന്ദീപിനെ കൊല്ലുവാന്‍ പട്ടാള നീക്കങ്ങള്‍ ലൈവ് ആയി ടെലക്കാസ്റ്റ് ചെയ്ത് ഭീകരര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ഈ മാധ്യമക്കൂട്ടത്തെയാണ് കല്ലെറിയേണ്ടത്. പോടാ എന്ന് സന്ദീപിന്റെ അച്ഛന്‍ പറയുന്നത് വി.എസ്സിനെ അല്ല എന്ന് കാണുന്നവര്‍ക്കെല്ലാം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. ഈ അവസരത്തില്‍ വി.എസ്സിനെക്കൊണ്ട് ഇപ്രകാരം പറയിച്ച ഈ മാധ്യമത്തെ നിയമത്തിന്റെ മുന്നിലെത്തിച്ച് ഏറ്റവും വലിയ ശിക്ഷ കൊടുക്കുകയാണ് വേണ്ടത്. സെബിന്റെ പോസ്റ്റ് വായിച്ചപ്പോഴും ബ്രിജേഷ് നായരുടെ പോസ്റ്റ് വായിച്ചപ്പോഴും അവരുടെ അഭിപ്രായങ്ങളോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.
എന്നാല്‍ നല്ലൊരു പോസ്റ്റിട്ട് അപ്പു അത് തിരുത്തി. സത്യം വെളിച്ചം കാണട്ടെ. സംഭവം അപ്പു എഴുതിയ രീതിയിലാണെങ്കില്‍ വി.എസ്സിന് ജനം മാപ്പ് കൊടുക്കുക. ഇതിന്റെ പേരില്‍ മറ്റൊരു മുതലെടുപ്പ് അനുവദിക്കാന്‍ പാടില്ലതന്നെ.

റോഷ്|RosH

മുംബൈ സംഭവത്തെ തുടര്‍ന്നു രാഷ്ട്രീയക്കാര്‍ക്കെതിരെയും രാഷ്ട്രീയ വ്യവസ്തയ്ക്കെതിരെയും നടക്കുന്ന പ്രതിഷേധങ്ങളെ അരാഷ്ട്രീയ വാദത്തിലേക്ക് തന്ത്രപൂര്‍വ്വം നയിച്ചു കൊണ്ടിരിക്കുന്ന മാധ്യമ അജണ്ട അധികമാരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. സാന്ദര്‍ഭികമായി പറഞ്ഞ ഒരു പ്രസ്താവനയെ അടര്‍ത്തിയെടുത്ത്‌ വളച്ചൊടിച്ചു വിവാദമാക്കിയ മാധ്യമാങ്ങല്‍ക്കറിയില്ല ( അല്ലെങ്കില്‍ നന്നായറിയാം ) , അരാഷ്ട്രീയതയും ജനാധിപത്യത്തിലുള്ള അവിശ്വാസവും ഇത്തരത്തില്‍ വളര്‍ത്തുക എന്നത് ഭീകരവാധികലുറെ ലക്ഷ്യങ്ങളിലോന്നനെന്നു. എന്ത് ചെയ്യാം പൈങ്കിളി വാര്‍ത്തകളും വിവാദങ്ങളും വായിച്ചു വായിച്ചു ജനം ഇങ്ങനെയൊക്കെ ആയിപോയില്ലേ?

sHihab mOgraL

മനോവിഷമം അനുഭവിക്കുന്ന സാഹചര്യത്തില്‍ സന്ദീപിണ്റ്റെ അച്ഛനില്‍ നിന്നുണ്ടായതും, അതു വരെ പോയ തന്നെ വിഷമിപ്പിച്ച രീതിയില്‍ സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രിക്കുണ്ടായതും എല്ലാ മനുഷ്യരില്‍ നിന്നുമുണ്ടായേക്കാവുന്ന സ്വാഭാവികതകളാണ്‌. പക്ഷേ, ഇതിനെ ഇത്രയൊക്കെ ഊതി വീര്‍പ്പിച്ച്‌ കാണിക്കുകയും അതിന്‌ ആവശ്യത്തില്‍ കൂടുതല്‍ കവറേജ്‌ കിട്ടുകയും ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ തൃപ്തിയോടെ നിശസിക്കുന്നുണ്ടാവും. ഒരു തരം ക്രൂരമായ നിശ്വാസം. എല്ലാത്തിനും രണ്ടു വശമുണ്ടെന്നു പറയാറില്ലേ.. മാധ്യമങ്ങളുടെ ദൂഷ്യവും മോശവുമായ ഒരു വശമാണിത്‌. ആവശ്യമില്ലാത്തവയെ കുറിച്ച്‌ ഇഷ്യൂ ഉണ്ടാക്കല്‍. അപ്പുവിണ്റ്റെ നിരീക്ഷണത്തോട്‌ നൂറു ശതമാനം യോജിക്കുന്നു.

Samshya Roge, U told well.

smitha adharsh

മാധ്യമപ്പട ലോകത്തെ കീഴടക്കികൊണ്ടിരിക്കുന്നു...

ശ്രീ

മാധ്യമങ്ങളുടെ നിലപാട് വളരെ മോശമാകുന്നു, ചില സന്ദര്‍ഭങ്ങളില്‍... അവര്‍ക്ക് വാര്‍ത്തകള്‍ മാത്രം ലഭിച്ചാല്‍ മതിയല്ലോ. കഷ്ടം തന്നെ.

എന്നിരുന്നാലും ഒരു മുഖ്യമന്ത്രി സ്ഥാനം വഹിയ്ക്കുന്ന ഒരാള്‍ പ്രതികരിയ്ക്കേണ്ട രീതിയിലല്ല വി. എസ് പ്രതികരിച്ചത് എന്നുള്ളതും സ്ഥിതി കൂടുതല്‍ വഷളാക്കി.

കുഞ്ഞന്‍

അപ്പുണ്ണി മാഷെ,

ഇതില്‍ ഏറ്റവും രസകരമായത്, സന്ദീപിന്റെ കുടുംബം വിയെസ്സിന് മനോവിഷമമുണ്ടാക്കിയതില്‍ ക്ഷമ ചോദിച്ചു എന്നിട്ടും പ്രതിപക്ഷം അടങ്ങിയിട്ടില്ല.

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും നായക്ക് മുറുമുറുപ്പ്..! ഇപ്പോള്‍ ആരായി നായ..?

പ്രിയ

മാരീചന്റെ പഴയ ആ പോസ്റ്റിലെ കൂട്ടത്തില്‍ കുറെ രാഷ്ട്രീയക്കാരെ കൂടെ ചേര്ക്കുക.ഇവരെല്ലാം നാടിനെ സ്നേഹിക്കുന്നോ അതോ ദ്രോഹിക്കുന്നൊ. ഇല്ലാത്തതു പറഞ്ഞുനടക്കാന്‍ മീഡിയ.അതിനെ ഏറ്റുപിടിച്ചു വഴളാക്കാന്‍ ഒന്നിനും കൊള്ളാത്ത കുറെ രാഷ്ട്രിയക്കാര്‍. ഇതെല്ലം കാണാന്‍ കുറെ പൊതുജനം കഴുതകളും.

ആ പാവം അച്ഛന് കുറെ സമാധാനക്കേട് നല്കിയെന്നല്ലാതെ എന്ത് നേടി? സന്ദീപ് നമ്മോടു പൊറുക്കട്ടെ.

ശ്രീനാഥ്‌ | അഹം

ലേഖകന്‍ അങ്ങേരെ ചൊടിപ്പിക്കൗന്ന രീതിയില്‍ ചോദിച്ചു, പക്ഷേ, അതേ താളത്തില്‍ അങ്ങേര്‍ മറു പടി പറഞ്ഞു.

അത്‌ ഈ വൃത്തികെട്ട ചങ്ങാതികള്‍ വളച്ചൊടിച്ച്‌, നാറ്റിച്ചു.

എല്ലാവര്‍ക്കും സമാധാനം.

സത്യാവസ്ഥ ഇപ്പൊഴാണ്‌ മനസിലായത്‌ അപ്പൂ, വെരുതേ അങ്ങേരെ ഞാന്‍ പ്രാക്കി.

സജീവ് കടവനാട്

“കുട്ടന്റെയും മുട്ടന്റെയും കഥയില്‍, ആടുകളെ തമ്മില്‍ തല്ലിച്ച്‌ ഇടയില്‍ നിന്ന് ചോരനക്കിക്കുടിക്കുന്ന കുറുക്കന്റെ മാനസിക സംതൃപ്തിയുണ്ടല്ലോ, അതാണ്‌ ഇത്തരം മാധ്യമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്‌. ഇത്ര അധഃപ്പതിച്ചല്ലോ നമ്മുടെ മാധ്യമ സംസ്ക്സാരം. അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുവാനൊരുങ്ങുന്ന മറ്റുകുറേ രാഷ്ട്രീയക്കാരും. രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച ആ ധീരസൈനികന്റെ നേരെ വീണ്ടും വെടിവയ്ക്കുകയാണല്ലോ നിങ്ങളെല്ലാവരും ചെയ്യുന്നത്‌. കഷ്ടം!“

മാധ്യമ സംസ്കാരം മാത്രമല്ല മൊത്തത്തില്‍ നമ്മുടെ സംസ്കാരം തന്നെ പോയിക്കൊണ്ടിരിക്കുന്നത് ആ രീതിയിലേക്കു തന്നെയാണ്. ജേണലിസം എന്ന പ്രൊഫഷണില്‍ മാത്രമല്ല എല്ലാ പ്രൊഫഷണിലേക്കും ഇത് അതി വേഗം വ്യാപിക്കുന്നു. നാം ഏറ്റവും ഭീതിയോടെ കാണേണ്ട മറ്റൊരു മേഖല ആതുരസേവനത്തിന്റേതാണ്. ഓഫായിപ്പോയി. ക്ഷമ.

അനില്‍ശ്രീ...

സത്യവസ്ഥ മനസ്സിലാകാത്തത് ഉമ്മന്‍ ചാണ്ടിക്കും, ചെന്നിത്തലക്കും പരിവാരങ്ങള്‍ക്കും പിന്നെ ബൂലോകത്തെ ചിലര്‍ക്കും മാത്രമാണ്. കാരണം മനസ്സിലാകനമെങ്കില്‍ തലയില്‍ വല്ലതും വേണ്ടേ.

ശവസംസ്കാര ചടങ്ങില്‍ പോകാതിരുന്നത് തെറ്റ് തന്നെ. പക്ഷേ അതിന് ശേഷം നടന്ന പുകിലില്‍ പറഞ്ഞത് നമ്മുടെ മാതൃഭാഷയില്‍ കൂടെയാണല്ലോ. എന്നിട്ടും ഇവനൊക്കെ മനസ്സിലാകുന്നില്ല എന്ന് പറഞ്ഞാല്‍ ചന്തിക്ക് നല്ല പെട കിട്ടാത്തതിന്റെ കേടാ... സന്ദീപിന്റെ വീട്ടുകാരെ "പട്ടി" എന്ന് വിളിച്ചു എന്നൊക്കെ ആ "മലയാള"ത്തില്‍ നിന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നറിയില്ല.

കാവാലം ജയകൃഷ്ണന്‍

ഇന്നലെ ഉമ്മന്‍ ചാണ്ടിയും, കെ എം മാണിയും പറഞ്ഞത്: നമ്മളെല്ലാവരും വി എസ് മേജര്‍ സന്ദീപിന്‍റെ വീട്ടില്‍ ന്നില്‍ക്കുന്നതായി മീഡിയായി കണ്ടോ? എങ്കില്‍ കൂടുതലൊന്നും പറയാനില്ല മുഖ്യമന്ത്രി രാജി വയ്ക്കണം!!!

നാസ വിടുന്ന റോക്കറ്റ് ശൂന്യാകാശത്തെത്തിയില്ലെങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കണം. വച്ചേ പറ്റൂ...

Kaithamullu

മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം ഉമ്മന്‍ തൊമ്മനും
കോമ്പ്ലാന്‍ ബോയിക്കും റബ്ബറു മാണിക്കുമൊന്നും ഭരണത്തെപ്പറ്റി വിമര്‍ശിക്കാന്‍ ഒരവസരം വീയെസ് കൊടുക്കുന്നില്ലല്ലോ!

അപ്പൂസെ, വളരെ നന്നായി ഈ പോസ്റ്റ്,ഈ സന്ദര്‍ഭത്തില്‍.

krish | കൃഷ്

ഇന്നലെ ശ്രീ ഉണ്ണികൃഷ്ണനുവേണ്ടി ശ്രീ രാജീവ് നടത്തിയ പ്രസ്താവനയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായതിലും മുഖ്യമന്ത്രിക്ക് വിഷമം ഉണ്ടായതിലും ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞു. ഇനിയെങ്കിലും ഈ വിവാദം നിര്‍ത്തണമെന്നും അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയും ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞത് കഴിഞ്ഞു, ആവശ്യത്തിലധികം. അതിനാല്‍ തന്നെ ഈ വിവാദം മീഡിയയിലും ബ്ലോഗിലും മറ്റും ഇനി എടുത്തിട്ടലക്കുന്നത് ശരിയല്ലെന്നാണ് എന്റെ പക്ഷം. അത് മേജര്‍ സന്ദീപിന്റെ വീരമൃത്യുവിനെക്കാള്‍ നെഗറ്റീവ് പബ്ലിസിറ്റിയുണ്ടാക്കാനേ സഹായിക്കൂ.
ചില മീഡിയകള്‍ ഇനിയെങ്കിലും തെറ്റ് (ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് തോന്നുന്നുവെങ്കില്‍) തിരുത്തുമെന്ന് പ്രതീക്ഷിക്കാം.

മറ്റൊരാള്‍ | GG

പോസ്റ്റും, കമന്റുകളും നന്നായി.
മുകളില്‍ കൃഷ് പറഞ്ഞതിനോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു.

രാഷ്ട്രീയ മുതലെടുപ്പ് പോലെ തങ്ങള്‍ക്ക് വ്യൂവര്‍ഷിപ്പ് കിട്ടുവാന്‍ ഇത്തരം തരം താണ പ്രവൃത്തി മാധ്യമങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തുക. ചോര നക്കികുടിക്കുന്ന കുറുക്കനാകരുത്.

ഇനി മരിച്ച പലര്‍ക്കും പ്രതിഫലം പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ പങ്ക് കിട്ടിയില്ല എന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍, അതും വാര്‍ത്തയും വിവാദവും ആക്കും.

ഈയിടെ ഞങ്ങടെ വീടിനടുത്ത് ഒരാള്‍ മരിച്ചപ്പോള്‍ ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് വന്നിരുന്നു. കാരണം അന്വേഷിച്ചപ്പോള്‍ മരിച്ചയാളിന്റെ മകന്‍ റ്റി.ബി യില്‍ ജോലിക്കാരനായിരുന്നത്രെ?

കണ്ട കള്ളുഷാപ് ഉല്‍ഘാടനത്തിനും, കല്യാണവീട്ടിലും, ചാക്കാലയ്ക്കുമെല്ലാം കയറിയിറങ്ങാന്‍ ഈ (എല്ലാ) രാഷ്ട്രീയക്കാര്‍ക്കൊന്നും ഒരു മടിയും ഇല്ലേ സാറേ?

ഭീകരര്‍ക്കെതിരെയുള്ള സംഘട്ടനങ്ങളുടെ തത്സമയം പ്രക്ഷേപണത്തെക്കുറിച്ച്: സിനിമ സംവിധായകന്‍ മേജര്‍ രവി അദ്ദേഹം പണ്ട് നടത്തിയ ഒരു ഓപറേഷനെക്കുറിച്ച് അദ്ദേഹം തന്നെ നന്നായി ഒരു ചാനലില്‍ വിവരിക്കുന്നത് കേട്ടു. ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടോ എന്ന് എനിയ്ക്ക് തോന്നിപ്പോകുന്നു

ഓ.ടോ.:
പുതിയ വിവാദം ഇപ്പോള്‍ തന്നെ ഉടലെടുത്തിട്ടുണ്ട്. പ്രതിപക്ഷനേതാവിനെതിരെ ‘ആശ്ലീലപ്രയോഗം’. നേരിട്ട് വിളിക്കാന്‍ സാധികാത്തതിനാല്‍, മാണിസാര്‍ അത് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മാദ്ധ്യമങ്ങളില്‍ക്കൂടി വിളിച്ച് കൂവുന്നുണ്ട്. ലജ്ജാകരം എന്നല്ലാതെ എന്തുപറയാന്‍??

പോരാളി

അനാവശ്യമായ ചോദ്യങ്ങളെറിഞ്ഞ് അതില്‍നിന്ന് മുതലെടുത്ത് വിവാ‍ദങ്ങളുണ്ടാക്കാനുള്ള നാറിയ മാധ്യമ സംസ്കാരത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. അതിനിയും തുടരും. എന്തായാലും സത്യാവസ്ഥ ശരിയാം വണ്ണം അവതരിപ്പിച്ചതിന് നന്ദി അപ്പൂ.

Kiranz..!!

അപ്പുക്കുട്ടാ തൊപ്പിക്കാരാ..ഈ വിവാദത്തിൽ വിവേക പൂ‍ർണ്ണമായ ഒരു വിലയിരുത്തൽ ബ്ലോഗിൽ കാണണമെന്ന് ആഗ്രഹിച്ചപ്പോൾത്തന്നെ അത് വന്നു കഴിഞ്ഞു.നന്ദി.

മാധ്യമങ്ങളെ 24/7 തെറിപറയുന്നതിനോടോപ്പം തന്നെ ഇത്തരം വിവാദങ്ങളിൽ പക്വത പാലിക്കാതെ വാരി വലിച്ചെഴുതുന്നത് നിക്ഷ്പക്ഷരെന്നോ മാറ്റത്തിന്റെ മാധ്യമമെന്നോ എന്നൊക്കെ ചിലയിടങ്ങളിലെങ്കിലും വിശേഷണമുള്ള ബ്ലോഗുകൾക്കും ഭൂഷണമല്ല..!

ഒറ്റക്കണ്ണുള്ള സഖാക്കന്മാരേയും കളറടിച്ച കുറേ ക്ണാപ്പന്മാരെയും കൊണ്ട് ബ്ലോഗും നിറഞ്ഞിരിക്കുന്നതിനാൽ ദീപികയും മനോരമയും വായിച്ച ശേഷം ദേശാഭിമാനി,മാതൃഭൂമി ഓൺലൈൻ കൂടി വായിച്ച് യുക്തിപൂർവ്വമായ ഒരു വാർത്ത തന്നെത്താനെ മിനഞ്ഞെടുക്കേണ്ടുന്ന ഒരു അവസ്ഥാവിശേഷം ബ്ലോഗിലും പടർന്നു പിടിച്ചിരിക്കുന്നു.

ചിന്തകന്‍

ആവശ്യമുള്ള എന്ത് മാത്രം വിഷയങ്ങൾ ചർച്ച ചെയ്യാനിരിക്കുന്നു.

തികച്ചും അനാവശ്യങ്ങളായ ചിലതിനെ പൊക്കിപിടിച്ച് നമ്മുടെ നാട്ടിലെ പത്രങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചർച്ചകൾ കാണുംബോൾ
ഏതെങ്കിലും തീവ്രവാദിയുടെ വെടിയേറ്റ് മരിക്കുന്നതാ ഇതിലും ഭേദം എന്ന് തോന്നിപോകുന്നു !:(

എം.എസ്. രാജ്‌ | M S Raj

ഇപ്പറഞ്ഞ വിവാദവിഷയത്തിന്റെ സന്ദര്‍ഭം മൂടിവെച്ച് വിയെസിന്റെ പ്രതികരണത്തില്‍ നിന്നും മാധ്യമങ്ങള്‍ മുതലെടുത്തു എന്നതു സത്യമാണെങ്കില്‍ ഇമ്മാതിരി നാറിയ സെന്‍സേഷനല്‍ ജേര്‍ണലിസം എന്ന മാധ്യമകാപട്യത്തിന്റെ ഒന്നാംതരം ഉദാഹരണമായി ഈ സംഭവം.

മാത്രമല്ല, മുംബൈയിലെ സംഭവങ്ങള്‍ ഭാരതമനസ്സാക്ഷിക്കേല്പിച്ച നോവ് അല്പമൊന്നടങ്ങിയതോടെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ടിവി ചാനലുകള്‍ കാട്ടിയ അതിശുഷ്കാന്തിയും ആക്രാന്തവും വെളിവുകേടും ജനങ്ങള്‍ മനസ്സിലാക്കി.

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും...

P.C.MADHURAJ

B.R.P.Bhaskar too belong to that group of columists who thrives on 'casual criticism' and 'speculative untruths'.

Kichu $ Chinnu | കിച്ചു $ ചിന്നു

സത്യം! എനിക്കും അതു തന്നെയാണ്‍ തോന്നിയത്. പത്രങ്ങള്‍ സന്ദീപിനെ വി ഈസ് പട്ടി എന്നു വിളിച്ചു എന്ന രീതിയിലാണ്‍ കാ‍ാര്യങ്ങള്‍ ട്രീറ്റ് ചെയ്തത്

ബഷീർ

ആരു പ്രകോപിപ്പിച്ചാലും മുഖ്യമ്ന്ത്രി എന്ന നിലക്ക്‌ വി.എസ്‌. അങ്ങിനെ പറയരുതായിരുന്നു. പിന്നെ അദ്ധേഹം ഉദ്ധേശിക്കാത്തതിനെ പെരുപ്പിച്ച്‌ കാട്ടി ഒരു പക്ഷം മാത്രം നോക്കി (മിക്ക സംവാദങ്ങളും ഇങ്ങിനെയാണെന്ന് കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്‌ ) അനാവശ്യമായ വിവാദമുണ്ടാക്കിയ മാധ്യമങ്ങളും ംണി, ചാണ്ടി, ചെന്നി ഇത്യാദികലും ഒക്കെ കൂടി സംഗതി നാറ്റിച്ച്‌ അവസാനം വീട്ടുകാര്‍ ഒന്നായിട്ടും ചില പട്ടികള്‍ ഇലയും മണത്ത്‌ നടന്ന് കുരക്കുന്നത്‌ കാണുമ്പോള്‍ കഷ്ടം എന്നല്ലാതെ എന്ത്‌ പറയാന്‍

എന്തൊക്കെയോ മൂടിവെക്കാന്‍ എന്തൊക്കെയോ മേലെയിട്ടു മൂടുന്നതാണോ മാണി (പുതിയ വിവാദം പുകഞ്ഞ്‌ കൊണ്ടിരിക്കുന്നു. അഭയ കേസ്‌

മാഹിഷ്മതി

ഇങ്ങനെ ഒരു ബ്ലോഗ്ഗ് ഉണ്ടെന്ന് ഇന്നാണ് അറിയുന്നത് .

ഈ പ്രശ്നം കുറച്ചു കൂടി വഷളാക്കിയത് വി.എസ്സ്. പത്രാധിപരായിരുന്ന പത്രം തന്നെ അല്ലെ

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP