നമ്മുടെ സ്കൂള്‍ സിലബസുകള്‍ കുട്ടികള്‍ക്ക് തലവേദനയാകുന്നുണ്ടോ?
എന്റെ ശാസ്ത്രകൌതുകം എന്ന ബ്ലോഗില്‍ ചന്ദ്രയാനെപ്പറ്റിയുള്ള ലേഖനങ്ങള്‍ക്കിടയില്‍ വന്ന കമന്റുകളിലൊന്നില്‍ സി.ബി.എസ്.സി സിലബസിലെ പാഠഭാഗങ്ങളിലേയും പുസ്തകങ്ങളിലേയും “അപ്രായോഗികമായ” കാര്യങ്ങളെപ്പറ്റി ഒരു കമന്റ് ഇടേണ്ടിവന്നു ഈ വിഷയം ശാസ്ത്രകൌതുകം ബ്ലോഗിലെ സബ്ജക്റ്റുമായി ചേരാത്തതിനാല്‍ ആ കമന്റ് ഇങ്ങോട്ട് മാറ്റുന്നു.
===============
ചോദ്യം:
>>അതിനാല്‍ ഇന്നുംസി.ബി.എസ്.സി യുടെ ഒട്ടും പ്രായോഗികമല്ലാത്ത സിലബസിനേക്കാള്‍ <<
എന്തെ ഇങ്ങനെ പറയാന്‍ ? ഒന്ന് വിശദമാക്കാമോ?
ഉത്തരം:
സി.ബി.എസ്.സി സിലബസിനെപ്പറ്റി ഞാന്‍ പറഞ്ഞ ഈ അഭിപ്രായത്തിന്റെ പിന്നിലെ കാരണങ്ങള്‍ ഒരു കമന്റില്‍ കൂടി വിശദമാക്കുമ്പോള്‍ അത് വല്ലാതെ നീണ്ടുപോകും എന്നു തോന്നുന്നു. ഒരു പോസ്റ്റായി ഇട്ട് ചര്‍ച്ച ചെയ്യേണ്ട വിഷയമാണത്. അതില്‍ എനിക്കു പറയാനുള്ളത് ചുരുക്കിപ്പറയാം.
1. സ്കൂള്‍ വിദ്യാഭ്യാസമെന്നത് വളരെ ശാസ്ത്രീയമായി ഡിസൈന്‍ ചെയ്തെടുക്കേണ്ട ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു പ്രോജക്ട് മാനേജരുടെ താഴെ, ഒരു വലിയ കണ്‍സ്ട്രക്ഷന്‍ പ്രോജക്റ്റ് അതിന്റെ ഡിസൈന്‍ മുതല്‍ കമ്മീഷനിംഗ് വരെ എങ്ങനെ വിവിധവകുപ്പുകളിലായി ഏകോപിപ്പിച്ചു ചെയ്യുന്നുവോ അതുപോലെ കൈകാര്യംചെയ്യേണ്ട ഒന്നാണ് ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ ഒരു കുട്ടി എന്തുപഠിക്കണം, ഇന്ന സബ്ജക്റ്റില്‍, ഇന്ന ക്ലാസില്‍ എന്തൊക്കെ വിഷയങ്ങള്‍ കൈകാര്യം ചെയ്യണം, ഒരു ക്ലാസിലെ മുഴുവന്‍ വിഷയങ്ങളും, അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പൂര്‍ണ്ണമായി പരസ്പരം ഭാരമായിപ്പോകാതെ ഒരു കുട്ടിക്ക് പഠിക്കാനാവുമോ എന്നൊക്കെ ഈ ഡിസൈന്‍ ഫേസില്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒത്തൊരുമിച്ച് ചിന്തിക്കേണ്ടതാണ്.
ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന ഒരു കുട്ടി, അഞ്ചുവയസ് മുതല്‍ പതിനേഴുവയസു വരെ എന്ന അവന്റെ മാനസിക വളര്‍ച്ചയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മറന്നുകൂടാ. ഓരോ ഏജ് ഗ്രൂപ്പിനും വഹിക്കാവുന്നതാവണം ഓരോപ്രത്യേക ക്ലാസിലേയും പാഠഭാഗങ്ങള്‍ ഒന്നായി നോക്കുമ്പോള്‍ .
2. നമ്മുടെ നിലവിലെ വിദ്യാഭ്യാസ സംബ്രദായത്തിന്റെ ഏറ്റവും വലിയ ന്യൂനതയായി എനിക്കു തോന്നിയിട്ടുള്ളത് ഈ പരസ്പര കോര്‍ഡിനേഷന്‍ ഇല്ലാത്ത പുസ്തക നിര്‍മ്മാണമാണ്. സി.ബി.എസ്.സി യില്‍ ഒരു കോമണ്‍ പബ്ലിഷറോ, കോമണ്‍ പരീക്ഷാ ചോദ്യമോ (ഹൈസ്കൂള്‍ വരെ) ഇല്ല. ഒരു പാടുപബ്ലിഷേഴ്സ്. ഓരോ പുസ്തക എഴുത്തുകാരും അവരവരുടെ പ്രാവീണ്യം അതിലേക്ക് പകര്‍ത്താന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ. മൊത്തമായി നോക്കുമ്പോള്‍ (as a whole) ഒരു ക്ലാസിലെ സബജക്റ്റ് മുഴുവന്‍ അവര്‍ കണക്കാക്കുന്നതായി തോന്നുന്നില്ല. അതുകൊണ്ട് ഒരു ക്ലാസിലെ പഠനഭാരവും (ഒപ്പം പുസ്തകഭാരവും) ഒന്നായി വര്‍ദ്ധിച്ച് കുട്ടികള്‍ക്ക് വഹിക്കാവുന്നതിലും അധികമായിപ്പോകുന്നു.
സ്കൂളുകള്‍ അവരവര്‍ക്കിഷ്ടമുള്ള പബ്ലിഷറുടെ ബുക്കുകള്‍ എടുക്കുന്നു. ഭൂരിപക്ഷം വരുന്ന രക്ഷകര്‍ത്താക്കളും “ ഓ... ഇന്ന സ്കൂളില്‍ എല്ലാ വിഷയങ്ങള്‍ക്കും നല്ല സ്റ്റാന്റ്ഡാര്‍ഡാ. ബുക്കുകളെല്ലാം നല്ല ടഫ്” എന്ന അഭിപ്രായമുള്ളവരും. എന്നുവച്ചാല്‍ കൂടുതല്‍ ടഫ് = കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ്.. എന്ന വിചിത്ര ചിന്താഗതി!!
3. പ്രൈമറിക്ലാസുകളില്‍ തന്നെ കുട്ടികളെ നാലുഭാഷകള്‍ (ഇവിടെ ഗള്‍ഫില്‍ - ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്) പഠിപ്പിക്കുന്നത് അവരുടെ ബുദ്ധി വളരാനല്ല, മുരടിക്കാനേ ഉപകരിക്കൂ. പഠനമാധ്യമം ഏതുഭാഷയാണോ അതില്‍ മാത്രം കുട്ടി പ്രൈമറിയില്‍ പ്രാവീണ്യം നേടട്ടെ. പിന്നീട് പോരെ ബാക്കി ഭാഷകള്‍? അപ്പര്‍ പ്രൈമറിയില്‍ മറ്റുഭാഷകള്‍ക്ക് സമയം കണ്ടെത്താമല്ലോ?
പന്ത്രണ്ടുവര്‍ഷത്തിനിടയില്‍ ഈ ഭാഷകള്‍ക്കുവേണ്ടി ഇഷ്ടം പോലെ സമയം കണ്ടെത്താമല്ലോ.ഭാഷ എന്നത് medium of communication എന്ന ഒരു ലക്ഷ്യത്തോടെ മാത്രം പഠിപ്പിച്ചാല്‍ വലിയൊരളവു വരെ അത് ഭാരമാകുന്നത് തടയാം.
5. ഭാഷാപഠനത്തിനുവേണ്ടി പഠനസമയത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടുപോകുന്നു. ഇതിനെ ഒരു നഷ്ടം എന്നുവിളിക്കുവാന്‍ തന്നെയാണ് എനിക്കിഷ്ടം. മൂന്നിലേയും നാലിലേയും മറ്റും സി.ബി.എസ്.സി ഹിന്ദി ടെക്സ്റ്റ് ബുക്കുകള്‍ കണ്ടാല്‍ അത് ആ പ്രായത്തിലെ ഒരു കുട്ടിക്ക് ദഹിക്കുവാന്‍ (ഹിന്ദി അവന്റെ മാതൃഭാഷയാണെങ്കില്‍ കൂടി) വളരെ ബുദ്ധിമുട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. ഒരു ഭാഷയിലെ പ്രാവീണ്യം പടിപടിയായി കൊണ്ടുവന്നാല്‍ പോരേ. നാലാം ക്ലാസില്‍ തന്നെ ഹിന്ദിപണ്ഡിറ്റ് ആവണം എന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?
6. ഒരു കുട്ടിയുടെ സ്കൂള്‍ പഠനവേളയില്‍, പഠനമാദ്യമ ഭാഷകഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് സയന്‍സിനും കണക്കിനും ആണെന്ന് ഞാന്‍ കരുതുന്നു. ഈ രണ്ടു സബ്ജക്റ്റുകളിലെയും സി.ബി.എസ്.സി പുസ്തകങ്ങളെപ്പറ്റി എനിക്ക് പരാതിയില്ല - ഏജ് ഗ്രൂപ്പിനനുസരിച്ചാണോ പോക്ക് എന്നു സംശയമുണ്ടെങ്കിലും. എങ്കിലും കേരളസിലബസിലെ സയന്‍സ് പാഠപ്പുസ്തകങ്ങളെപ്പോലെ കൂടുതല്‍ ഇന്ററാക്റ്റീവ് - പഠിപ്പിക്കുന്നത് പ്രോജക്ടുകളിലൂടെ നല്ലവണ്ണം മനസ്സിലാക്കുന്ന രീതി - ആയാല്‍ കൊള്ളാമെന്ന് അഭിപ്രായമുണ്ട്. അതുപോലെ പഠനശേഷം വ്യക്തമായ ഒരു ലക്ഷ്യത്തിലേക്ക് (ഡോക്ടര്‍ എഞ്ചിനീയര്‍ എന്ന പരമ്പരാഗത ലക്ഷ്യങ്ങള്‍ മാത്രമല്ല) കുട്ടിയെ എത്തിക്കുവാനും, അവന്റെ / അവളുടെ കഴിവുകള്‍ കണ്ടുപിടിക്കുവാനും, ആ കഴിവനുസരിച്ച് തിരിച്ചുവിടുവാനും ശേഷിയുള്ളതാവണം വിദ്യാഭ്യാസസംബ്രദായം.
7. ഭൂരിഭാഗം സി.ബി.എസ്.സി കുട്ടികള്‍ പരീക്ഷയ്ക്കുവേണ്ടിയാണ് പഠിക്കുന്നത്. കാണാതെ പഠിത്തം. പരീക്ഷകഴിഞ്ഞ് മാര്‍ക്ക് കിട്ടിയാല്‍ ഇങ്ങനെയുള്ള കുട്ടികള്‍പഠിച്ചത് മറന്നുപോകുന്നു! പുസ്തകങ്ങളിലേയും പഠിപ്പിക്കലുകളീലേയും അശാസ്ത്രീയതയ്ക്ക് ഒരു ഉദാഹരണം പറയാം. എന്റെ കുട്ടി കഴിഞ്ഞയാഴ്ച കമ്പ്യൂട്ടര്‍ എജ്യൂകേഷന്റെ ഒരു ചോദ്യവും ഉത്തരവും ടീച്ചര്‍ നോട്ടു കൊടുത്തത് പഠിക്കുന്നതു കേട്ടു.
Q: How to start a computer?
A: Switch on the main power socket on the wall. Then switch on the UPS. Afte that, switch on the power switch on the CPU and the moitor.
എന്റെ ചോദ്യം ഇതാണ്, ഈ കാര്യം പ്രാക്ടിക്കലായി ചെയ്യാന്‍ പഠിപ്പിച്ചാല്‍ പോരേ? ഇത് ഒരു കുട്ടി കാണാതെ പഠിച്ച് എഴുതേണ്ട കാര്യമാണോ? പരീക്ഷയ്ക്ക് ഒരു Descriptive രീതിയില്‍ എഴുതേണ്ട ചോദ്യമായി ഇത് വരേണ്ട കാര്യമുണ്ടോ? കാണാതെ പഠിപ്പിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പ്രാക്ടിക്കലായി പഠിപ്പിക്കുന്നത്.
ഇതേ ചോദ്യം എന്റെ നാലുവയസുള്ള കുട്ടിയോട് ചോദിച്ചപ്പോള്‍ അവന്‍ കമ്പ്യൂട്ടര്‍ ഓണാക്കി ഒരു ഗെയിം എടുത്ത് കാണിച്ചുതന്നു. കാണാതെ പഠിക്കാതെ ഒരു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ ഒരു കുട്ടിക്ക് സാധിക്കില്ലേ? സാധിക്കും.
ചോദ്യങ്ങള്‍ വീണ്ടും ഉണ്ടായിരുന്നു. How do you perform Cut and Paste in Note pad? How do you open a doucment in Note pad?
പരീക്ഷാ സംബ്രദായം എപ്പോഴും, എല്ലാ സബ്ജക്ടിനും കാണാതെ പഠിപ്പിച്ച് വിശദമായി എഴുതേണ്ട രീതിയില്‍ തന്നെ ആവണം എന്ന് എന്താണിത്ര നിര്‍ബന്ധം? പ്രാക്ടിക്കലായചെയ്തു പഠിക്കേണ്ട ഭാഗങ്ങള്‍ പ്രാക്ടിക്കലായി പഠിക്കട്ടെ. പരീക്ഷകള്‍, പ്രായോഗികതയുടെ
അടിസ്ഥാനത്തില്‍ Objective questions and answers, oral , descriptive method, practical method ഇങ്ങനെ തരംതിരിക്കാമല്ലോ?
8. അശാസ്ത്രീയമായി കൈകാര്യം ചെയ്തിരിക്കുന്ന മറ്റൊരു വിഷയമാണ് സോഷ്യല്‍ സ്റ്റഡിസ്; സമയം കൊല്ലിയും. നാലിലെ കുട്ടിപഠിക്കുന്ന പാഠഭാഗങ്ങളൊക്കെ ഞാനൊന്നു മറിച്ചു നോക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മണ്ണുകള്‍, കൃഷിരീതികള്‍, ആഘോഷങ്ങള്‍...ഇനി കുറേയങ്ങോട്ടുകഴിഞ്ഞാല്‍ ചരിത്രം വരും. രാജക്കന്മാരുടെ പടയോട്ടങ്ങളും, യുദ്ധങ്ങളും അവയുടെ വര്‍ഷങ്ങളും.... ! എന്തിനാണ് ഇങ്ങനെ നമ്മള്‍ പാവം കുട്ടികളെ കൊല്ലാക്കൊല ചെയ്യിക്കുന്നത്?
ഏറ്റവും ആവശ്യമുള്ളത്ര ചരിത്രം പഠിക്കേണ്ടത് ആവശ്യം തന്നെ. പക്ഷേ നാലാം ക്ലാസിലെ കുട്ടി ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ മണ്ണുകളെപ്പറ്റി അടുത്തവര്‍ഷം ഓര്‍ത്തിരിക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല!! ജിയോഗ്രഫിയും ഹിസ്റ്ററിയും കൂടെ മിക്സാക്കാതിരുന്നാല്‍ ഇത് വളരെ ലളിതമായി കൈകാര്യം ചെയ്തുകൂടെ?
ഹൈസ്കൂള്‍ ക്ലാസുകളില്‍ ചരിത്ര പാഠങ്ങള്‍ ഭാഷാ പുസ്തകങ്ങളുമായി ചേര്‍ത്ത് സംവിധാനം ചെയ്യുവാന്‍ സാധിക്കില്ലേ. ചരിത്രവും പഠിക്കും, ഒപ്പം ഭാഷകൈകാര്യം ചെയ്യുവാനുള്ള കഴിവും നന്നാവും - ഒരു അഭിപ്രായം മാത്രം!
9. വിദേശങ്ങളിലുള്ള (ഗള്‍ഫില്‍ അല്ല) സുഹൃത്തുക്കള്‍ പറയുന്നതു കേട്ടിട്ടുണ്ട് അവിടൊക്കെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകുവാന്‍ വളരെ ഉത്സാഹമാണ്, പഠിപ്പിക്കുന്ന കാര്യങ്ങള്‍ അവര്‍ അവിടെത്തന്നെ പഠിച്ച് മനസ്സില്‍ റിക്കോര്‍ഡ് ചെയ്താണ് വരുന്നതെന്ന്. നമ്മുടെ കുട്ടികള്‍ക്കോ.. സ്കൂള്‍ എന്നാല്‍ ഒരു ബര്‍ഡന്‍! പഠിത്തം കഴിഞ്ഞു വന്നാലും പലര്‍ക്കും ട്യൂഷന്‍! അവധിയെന്നു കേട്ടാല്‍ “ഹായ്..... എന്തോരു സന്തോഷം !!
10. ഇന്ത്യയിലെ വിദ്യാഭാസ സംബ്രദായം സ്കൂളീല്‍ മാത്രമല്ല, യൂണിവേഴ്സിറ്റികളിലും മാറ്റേണ്ട കാലം എന്നേ കഴിഞ്ഞൂ. നമ്മുടെ യൂണിവേഴ്സിറ്റികളിലെ ഡിഗ്രികള്‍ നോക്കൂ. ഒരു തൊഴിലിനായി യാതൊരു പ്രയോജനവുമില്ലാത്തവ എത്രയെണ്ണം? ബ്രിട്ടീഷുകാര്‍ പോലും അവരുടെ പഠനരീതികള്‍ മാറ്റിക്കഴിഞ്ഞിട്ടും നമ്മളിപ്പോഴും അന്നത്തെ സംബ്രദായവുമായി കഴിയുന്നു. ആര്‍ട്ട്സ് ഡിഗ്രികഴിഞ്ഞിറങ്ങുന്നവര്‍ക്കു തന്നെ ഒരു ഡിഗ്രികൈയ്യിലുണ്ടെന്നല്ലാതെ, നമ്മുടെ നാട്ടിലെങ്കിലും ഒരു തൊഴിലിന് അവ ഉതകുന്നുണ്ടോ? അതുകൊണ്ടാണ് ഞാന്‍ പറയുന്നത് നമ്മുടെ സിലബസുകള്‍ അപ്രായോഗികം എന്ന്. ശരിക്കും പറഞ്ഞാല്‍ ഒരു പുനര്‍വിചിന്തനം ആവശ്യമുള്ള ഒന്ന്.
11. കുട്ടികള്‍ പടീപടിയായി, അവര്‍ക്ക് ജീവിതത്തില്‍ പ്രയോജനപെടുന്ന രീതിയില്‍ പഠിച്ചു വളരട്ടെ. ചരിത്രവും സാഹിത്യവും വിശദമായി പഠിച്ചു അതില്‍ വിശാരദരാകുവാന്‍ ആഗ്രഹമുള്ളവര്‍ സ്കൂള്‍ പഠനത്തിനു ശേഷം അത് പഠിക്കട്ടെ. എന്തിനു മറ്റുള്ളവരെക്കൂടീ (അതിന്റെ വിശദമായ പഠനത്തിന്) അതിനു നിര്‍ബന്ധിക്കുന്നു? (ഞാന്‍ ഇവിടെ ഉദ്ദേശിച്ചത്, ഭാഷയിലെ സാഹിത്യരചനമുതലായ മേഖലകളാണ്. ഭാഷയുടെ അടിസ്ഥാന രീതികളല്ല)
12. ഞാന്‍ പത്താംക്ലാസുവരെയും മലയാളം മീഡിയം കേരള സിലബസില്‍ പഠിച്ച ആളാണ്. ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങീയത് നാലിലും, ഹിന്ദി അഞ്ചിലും ആയിരുന്നു. ഇപ്പോള്‍, ഈ രണ്ടുഭാഷകളും കൈകാര്യം ചെയ്യുവാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല.
13. കേരള സിലബസിലെ പാഠപ്പുസ്തകങ്ങളൊക്കെ ഞാന്‍ അവധിക്കാലങ്ങളില്‍ നാട്ടിലെത്തുമ്പോള്‍ നോക്കാറുണ്ട്. ഞാന്‍ പഠിച്ചിരുന്ന കാലഘട്ടത്തേക്കാള്‍ അവയൊക്കെ നന്നായിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു. എന്റെ വീടിനടുത്ത് (ഗ്രാമപ്രദേശമാണ്) ഉള്ള മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ എത്രഭംഗിയായാണ് അതിലെ സയന്‍സ്, കണക്ക്, പഠിത്തകാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് എന്ന് പലപ്പോഴും ഞാന്‍ അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്. അത് ആ പുസ്തകത്തിന്റെ പുതിയ പഠന / അവതരണ രീതികൊണ്ടാണെന്ന് തോന്നുന്നു. ഈ കാര്യത്തില്‍, ബൂലോകത്തിലുള്ള കരീപ്പാറ സുനില്‍ മാഷിനെപ്പോലെയുള്ള സ്കൂള്‍ അദ്ധ്യാപകര്‍ ഇവിടെ അഭിപ്രായം പങ്കുവച്ചെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാമായിരുന്നു.
5 comments:
അപ്പു,
സി.ബി.എസ്.സി സിലബസിനോടുള്ള ഇഷ്ടക്കേടിന് താങ്കള്‍ സൂചിപ്പിച്ച കാരണങ്ങള്‍ കണ്ടു. കൂടുതലുള്ള ഭാഷകളെ ഉള്‍ക്കൊള്ളിച്ചതിനെപറ്റി.
ഏത് ഭാഷയാണ് ഇതില്‍ നിന്നും ഒഴിവാക്കുക? മലയാളിക്ക് മലയാളം നിര്‍ബന്ധം , കേരളവും തമിഴ്നാടും കഴിഞ്ഞുള്ളവര്‍ക്ക് ഹിന്ദിയും. ഇംഗ്ലീഷാണെങ്കില്‍ പഠന മാധ്യമം പിന്നെയുള്ളത് അറബിയാണ്. നമ്മള്‍ ജീവിക്കുന്നത് അറബിനാട്ടിലായതിനാല്‍ അതുള്‍ക്കൊള്ളിക്കുന്നതാണ് നല്ലതെന്നാണെന്‍റ്റെ അഭിപ്രായം.
ഇനി കോ ഓര്‍ഡിനേഷന്‍,
സെന്‍ട്രല്‍ എന്ന അര്‍ത്ഥത്തില്‍ അതു വേണ്ടതുതന്നെയാണ് പക്ഷെ ഒരു പൊതു പരീക്ഷാ സമ്പ്രദായം പത്താം ക്ലാസ്സുവരെ(?) ഇല്ലാത്തതിനാലുള്ള സ്വാതന്ത്ര്യമാണ് സ്കൂളുകളെ സ്വന്തം സിലബസ് തീരുമാനിക്കാന്‍ സഹയിക്കുന്നതെന്ന് തോന്നുന്നു. സ്കൂളിലെ നല്ല അധ്യാപകര്‍ എടുക്കുന്ന സ്വാതന്ത്ര്യം ഒരു തരത്തില്‍ നല്ലതല്ലെ?
ഏഴാം നമ്പര്‍ ചോദ്യം/ ഉത്തരം അതില്‍ നിന്നും തുടങ്ങാം ( അത് സ്ട്രൈക്കിങ്ങായി തോന്നി പലരും ചിന്തിക്കുന്ന രീതിയാണിതെന്ന് തോന്നുന്നു)
ഏതൊരു പ്രവൃത്തിയും ഒരു പ്രത്യേക രീതിയില്‍ ചെയ്താലാണ് ഏറ്റവും ക്ഷമതയുണ്ടാകുക അതൊരു പക്ഷെ സമയ ലാഭമാകാം , സുരക്ഷയാവാം , ഫലമോ എന്തുമാകാം അതുകൊണ്ടാണ് അതൊരു രീതിയില്‍
(സ്വീക്വന്‍സില്‍) ചെയ്യണമെന്ന് പറയുന്നതിനുള്ള കാരണം.
ഈ സ്വീകന്‍സ് തെറ്റിച്ചാലും ഫലം ഉണ്ടായേക്കാം അവിടെയാണ് പഠിച്ച് ചെയ്യുന്നതിലെ വെത്യാസമിരിക്കുന്നത്.
അതായത് കമ്പ്യൂട്ടര്‍ ഓണാക്കാനുള്ള സ്വീക്വന്‍സ് പഠിച്ച് അതു ചെയ്യുന്നതാണ് ശരിയായ രീതി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ടെക്നീഷ്യനും എന്‍ജിനീയറും തമ്മിലുള്ള വെത്യാസം പോലെ ;).
അതിനാല്‍ ഈ കാരണത്തോട് യോജിപ്പില്ല.
ഇന്‍ ബ്രീഫ് , താങ്കള്‍ സൂചിപ്പിച്ച കാരണങ്ങള്‍ മാത്രം കനക്കിലെടുത്ത് സി.ബി.എസ്.സി പ്രായോഗികമല്ലെന്ന് എനിക്കഭിപ്രായമില്ല.
അല്പം കൂടി ആഴത്തിലുള്ള വിശകലനമാവാമായിരുന്നു.
ചുരുക്കം ചില പ്രൊഫഷനുകള്‍ ലക്ഷ്യം വച്ചുള്ളതാണ് ഇന്നത്തെ പഠന രീതിയും, അതിനൊടുള്ള നമ്മുടെ സമീപനവും
പ്രൈമറി ക്ലാസ്സുകളിലെ ബഹു ഭാഷാപഠനം ഒരു അധിക ഭാരം തന്നെയാണെന്നാണ് എന്റെ അഭിപ്രായം.അതിനാല്‍ തന്നെയാണ് പ്രൈമറി തലത്തില്‍ മാതൃഭാഷക്കു പ്രാമുഖ്യം നല്‍കണം എന്നു പറയപ്പെടുന്നത്.
കാണാപ്പാടം പഠിക്കല്‍ എന്നത് പഠനത്തിന്റെ ഒരു പഴഞ്ചന്‍ സങ്കല്‍പ്പമായി ഇന്നും നില്‍ക്കുന്നു. ചില കാര്യങ്ങള്‍ കാണാപ്പാടം പഠിക്കേണ്ടതായി ഉണ്ടാവാം, പക്ഷെ ഇവിടെ ഒരോ വിഷയയവും ചാപ്റ്റര്‍ വഴിയായി കാണാപ്പാഠം പഠിപ്പിക്കുന്നു നല്ലൊരു ശതമാനം സ്കൂളുകളിലും.
സോഷ്യല്‍ സ്റ്റഡീസും ചരിത്രവും യാതൊരു കാരണവശാലും ഒഴിവാക്കാനാവില്ല. ഇന്നത്തെ തലമുറ വളരുന്നത് അടച്ചിട്ട കൂട്ടിലെ കിളികളെപ്പോലെ, ടീവിയും കണ്ട്, അവനവന്റെ അച്ഛനമ്മമാരെ മാത്രം കണ്ടാണ്. ഇതിനു പുറത്തൊരു ലോകം ഉണ്ടെന്നു, നമ്മള്‍ ആരായിരുന്നു, എങ്ങിനെ നമ്മള്‍ ഇവിടെ എത്തിനില്‍ക്കുന്നു, സാമൂഹിക ജീവിതം എന്നാലെന്ത് തുടങ്ങിയ പല കാര്യങ്ങളും ഇന്നും പുസ്തകങ്ങളില്‍ നിന്നും മാത്രമേ കുട്ടികള്‍ക്കു കിട്ടുകയുള്ളൂ, എന്ന സ്ഥിതി ആയിരിക്കുന്നു.
നമ്മുടെ എല്ലാം തലമുറ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളിലും മറ്റും പഠിച്ച് എത്തിയവരാണെങ്കിലും ഇന്ന് സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. മാറി വരുന്ന സാഹചര്യങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍, ശാസ്ത്രീയ കാഴ്ചപ്പാടോടെ കേരള സിലബസ് ഇനിയും മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്.
കാലാകാലങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് സിലബസുകൾ പരിഷ്കരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.
സോഷ്യൽ സ്റ്റഡീസ് ഒരു സമയംകൊല്ലി വിഷയമാണെന്ന അഭിപ്രായത്തോട് യോജിപ്പില്ല.
കണക്കും സയൻസും പഠിക്കുന്നതിനോടൊപ്പം തന്നെ, നമ്മുടെ ലോകവും രാജ്യവും ഇന്നത്തെ സ്ഥിതിയിൽ എത്തിയതെങ്ങനെ,ഇതിനുമുൻപ് എന്തൊക്കെ നടന്നിട്ടുണ്ട് എന്നൊക്കെ ഏതൊരു കുട്ടിയും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്. പിന്നിട്ട വഴികൾ അറിയിക്കാതെ മുന്നോട്ടുള്ള വഴികളിലേയ്ക്ക് ഉറ്റുനോക്കാൻ മാത്രം ഒരു കുട്ടിയെ പരിശീലിപ്പിക്കുന്നത് ഒട്ടും ആശാസ്യമാണെന്നു തോന്നുന്നില്ല.
ബിന്ദു, അനില്‍, നോക്കൂ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിക്കുകയേ വേണ്ട എന്നു ഞാന്‍ പറഞ്ഞിലല്ലോ. ചരിത്രവും, ഭൂമിശാസ്ത്രവും രണ്ടും രണ്ടാണ്.ഓരോന്നും പഠിപ്പിക്കേണ്ട ഏജ് ഗ്രൂപ്പുകളും രണ്ടാണ്. ഞാന്‍ ഒരു കുട്ടിയുടെ ഏജ് ഗ്രൂപ്പും, അതിന്റെ മാനസിക വളര്‍ച്ചയും അനുസരിച്ചാണ് ഈ വിഷയത്തെകാണുവാന്‍ ശ്രമിക്കുനത്. കമന്റ് ചെയ്യുന്നവരെല്ലാം, പാഠപ്പുസ്തകത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്നതിനെപ്പറ്റിയുമാണ് പറയുന്നത്. ഇതു തന്നെയാണ് ബുക്ക് പബ്ലിഷേഴ്സിനും സംഭവികുന്നത്. ഓരോ ക്ലാസിലേയും വിദ്യാര്‍ത്ഥികളുടെ മാനസിക വളര്‍ച്ചപോലെ പാഠ്യഭാഗങ്ങള്‍ നിശ്ചയിക്കുകയും അവതരിപ്പിക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഒരു പ്രശ്നവും ഇല്ല.
കേരളാ സിലബസ്സിലെ ഭാഷാ പഠനം
ഒട്ടും പ്രായോഗികമല്ല ഒരു അനുഭവസ്ഥന്‍
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചില വൃഥാ സ്വപ്നങ്ങള്‍ തകര്‍ക്കുന്നത് പാവപ്പെട്ടവന്റെ നിറമുള്ള ചിത്രങ്ങള്‍
Post a Comment