Monday, December 29, 2008

അതിര്‍ത്തിയില്‍ പടയൊരുങ്ങുമ്പോള്‍

മുംബൈയിലെ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യന്‍ മാധ്യമലോകത്ത് കേള്‍ക്കുവാന്‍ തുടങ്ങിയതാണ് പാകിസ്ഥാന് നല്ലൊരു തിരിച്ചടി നല്‍കണമോ വേണ്ടയോ എന്ന ചര്‍ച്ച. കഴിഞ്ഞയാഴ്ച സൂര്യ ടി.വി യില്‍ കണ്ട ഒരു പ്രോഗ്രാമില്‍ (ഏതു പ്രോഗ്രാമെന്ന് ഓര്‍ക്കുന്നില്ല) കണ്ട ഒരു രംഗം, അവതാരകന്‍ കേരളത്തിലെ ഒരു നഗരത്തിലെ തെരുവില്‍കൂടി നടന്നുകൊണ്ട് മുമ്പില്‍ വന്നുപെടുന്നവരോടെല്ലാം ചോദിക്കുന്നു “മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ എന്തു നടപടി വേണമെന്നാണ് നിങ്ങളുടെ അഭിപ്രായം”?

അതു കേട്ട് അഭിപ്രായം പറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും വഴിയാത്രക്കാര്‍ക്കും എല്ലാം ഒരേ അഭിപ്രായം തന്നെ, “ഒരു യുദ്ധംതന്നെയാണ് ഇതിനു നല്ല പ്രതിവിധി“! പരിപാടിയുടെ അവസാനം അവതാരകന്റെ കണ്‍ക്ലൂഷന്‍ : പാകിസ്ഥാനെതിരെ സൈനികനടപടി വേണം എന്നാണ് പൊതുജനാഭിപ്രായം എന്ന്!

യുദ്ധം എന്തെന്നോ, യുദ്ധഭൂമിയിലെ ജീവിതാവസ്ഥകളെന്തെന്നോ ഇതുവരെ നേരില്‍ അനുഭവിച്ചിട്ടില്ലാത്ത സാധാരണമലയാളി എത്ര നിസ്സാരമായി ഒരു യുദ്ധത്തെ കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ആ പരിപാടിയില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍. ഇപ്പോള്‍ ദിവസേനയെത്തുന്ന പ്രത്രറിപ്പോര്‍ട്ടുകളും വിഭിന്നമല്ല. അതിര്‍ത്തിയിലെ പടയൊരുക്കങ്ങള്‍, സൈനിക വിന്യാസങ്ങള്‍, യുദ്ധവിമാനങ്ങളുടെ പരിശീലനപ്പറക്കലുകള്‍, സൈനിക ചര്‍ച്ചകള്‍, രാഷ്ട്രീയ പ്രസ്താവനകള്‍ എല്ലാം ദിവസേന ചൂടുള്ളവാര്‍ത്തകളാകുന്നു. പാകിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും അങ്ങനെതന്നെ.

തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധക്കാലത്ത്, കുവൈറ്റില്‍ നിന്നും ഇറാക്കില്‍ നിന്നും അകലെയായിരുന്നിട്ടുകൂടി സൌദി അറേബ്യയില്‍ ദമാമില്‍ കഴിച്ചുകൂട്ടിയ ദിനങ്ങള്‍ ഇപ്പോഴും ഒരു ഭീതിയോടെ ഓര്‍മ്മയിലെത്തുന്നു. രാത്രിയിലും പകലും യുദ്ധവിമാനങ്ങള്‍ ഇരമ്പിപ്പറക്കുമ്പോള്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ,മിസൈലുകള്‍ തലയ്ക്കുമീതേ പോകുമ്പോള്‍ മുഴങ്ങുന്ന അപായ സൈറനുകള്‍, ഇറാക്ക് രാസായുധങ്ങള്‍ പ്രയോഗിച്ചേക്കും എന്ന ഭീതിയില്‍ ഗ്യാസ് മാസ്കുകള്‍ തലക്കിടെവച്ചുകൊണ്ട് ഉറങ്ങിയിരുന്ന (?) കാലം. ഇതിലും എത്രയോ ഭീകരാമാവും യുദ്ധം നടക്കുന്ന മേഖലയില്‍ കഴിയുന്നവരുടെ അവസ്ഥകള്‍. വെടിയൊച്ചകള്‍, സ്ഫോടനങ്ങള്‍, എണ്ണമറ്റ മരണങ്ങള്‍, ദുരിതങ്ങള്‍ അങ്ങനെ എത്രയെത്ര.

റിപ്പോര്‍ട്ടുകളില്‍ കാണുന്നതുപോലെ ഒരു യുദ്ധത്തിന് ഇരു രാജ്യങ്ങളും ഒരുങ്ങിയാല്‍ തന്നെ അത്ര അനായാസമാവുമോ കാര്യങ്ങള്‍ പോവുക? ഒരിക്കലുമല്ല. പടക്കോപ്പുകള്‍ ആവശ്യത്തിനു കൈയ്യിലുള്ള ഇരു രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയാല്‍ നഷ്ടങ്ങള്‍ ഇരുഭാഗത്തും തീര്‍ച്ചയായും ഉണ്ടാ‍വും. ഇറാന്‍-ഇറാക്ക് യുദ്ധം എട്ടുവര്‍ഷത്തോളം നീണ്ടുപോയത് ഉദാഹരണമായി നമ്മുടെ മുമ്പിലുണ്ടല്ലോ. ഇന്ത്യയോളം പോന്ന സൈന്യം ഇല്ലെങ്കിലും, പാകിസ്ഥാന്റെ കൈയ്യിലും എഫ്-16 തുടങ്ങിയ ആധുനിക യുദ്ധവിമാനങ്ങളും, മിസൈലുകളും ഉണ്ട്. ഇന്ത്യയുടെ കൈവശമാണെങ്കില്‍ നല്ലൊരു പ്രഹരം വേണമെങ്കില്‍ ആര്‍ക്കും കൊടുക്കാനാവശ്യമായ സൈനികബലവും, ആയുധങ്ങളും ഉണ്ടുതാനും. എങ്കിലും, ഒരു യുദ്ധം ഒരിക്കല്‍ തുടങ്ങിപ്പോയാല്‍ വിജയം ഏകപക്ഷീയമാവുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇരുപക്ഷത്തും നഷ്ടങ്ങള്‍ ഉണ്ടാവും.

യുദ്ധഭൂമിയില്‍ മരിച്ചുവീഴുന്ന പട്ടാളക്കാരെപ്പോലെതന്നെ, ഇതില്‍പെട്ടു മരിക്കുന്ന ഒരുപാടു സാധാരണക്കാരും ധാരളം ഉണ്ടാകും. ദിവസേന പതാകയില്‍ പൊതിഞ്ഞെത്തുന്ന കുറേ മൃതദേഹങ്ങള്‍, അവരുടെ ധീരത വര്‍ണ്ണിക്കുവാന്‍ കുറച്ചു ദിവസങ്ങള്‍ മെനക്കെടുന്ന സമൂഹം, അതിനുശേഷം എന്നത്തേക്കുമായി ആ വേര്‍പാടുകള്‍ അനുഭവിക്കുവാന്‍ വിധിക്കപ്പെട്ട അവരുടെ ബന്ധുക്കള്‍; കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍; ഒരിക്കലും ഉണക്കാനാവാത്ത മുറിവുകളും ഇത്രയൊക്കെയല്ലേയുള്ളൂഎല്ലാ യുദ്ധങ്ങളുടെയും ബാക്കിപത്രം?

ഏതാ‍യാലും, പുരാണങ്ങളില്‍ കാണുന്നതുപോലെ ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചു കീഴടക്കി അതിന്റെ ഭൂവിഭാഗങ്ങള്‍ തങ്ങളോടു ചേര്‍ക്കുന്ന രീതിയിലുള്ള യുദ്ധങ്ങള്‍ ഈ കാലഘട്ടത്തില്‍ നടക്കുകയില്ല, നടക്കാന്‍ സാധിക്കില്ല. ഭീകരതയെ തൂത്തെറിയുവാന്‍ യുദ്ധങ്ങള്‍ പൂര്‍ണ്ണമായും ഉപകാരപ്രദവുമല്ല എന്ന് അമേരിക്ക നടത്തിയ സമീപകാ‍ല യുദ്ധങ്ങള്‍ തന്നെ ഉദാഹരണങ്ങള്‍. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയേയും പിടിച്ചിരിക്കുന്ന ഈ സമയത്ത് ഒരു യുദ്ധം ഉണ്ടായാല്‍, നമ്മുടെ സാമ്പത്തിക സ്ഥിതി വീണ്ടും വഷളാവുകയേ ഉള്ളൂ എന്ന് ആര്‍ക്കാണറിയാത്തത്.


ഭീകരപ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുക എന്നത് ലോകത്തിനാകമാനം ആവശ്യമായ കാര്യംതന്നെയന്നതില്‍ യാതൊരുസംശയവും ഇല്ല. പക്ഷേ ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിലും പ്രായോഗികമായ മറ്റുമാ‍ര്‍ഗ്ഗങ്ങളൊന്നുമില്ലേ, ഭീകരതയെ നേരിടുവാന്‍? അതോ പാകിസ്ഥാനിലെ നിലവിലുള്ള സര്‍ക്കാരിന്റെ ജനകീയ അടിത്തറയും,അവരുടെ ആഭ്യന്തരകാര്യങ്ങളിലെ പിടിപാടും വളരെ ദുര്‍ബലമോ? “ഇന്ത്യക്കൊരു പാര” പണിയാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ പാകിസ്ഥാനില്‍ ഉണ്ടാവുമെങ്കിലും ഭീകരട്രെയിനിംഗും മറ്റും അവിടുത്തെ ഗവര്‍മെന്റ് സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകളായിരിക്കുമോ? ആണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആണെങ്കില്‍ തന്നെ അതവസാനം അവര്‍ക്കുതന്നെ പാരയായി ഭവിക്കില്ലേ?


ഇന്ത്യയില്‍ തന്നെ, ആഭ്യന്തര സുരക്ഷവര്‍ദ്ധിപ്പിക്കുവാനായി വേണ്ടനടപടികള്‍, യാതൊരു പഴുതുകള്‍ക്കുമിടയില്ലാതെ നടത്തുവാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ശ്രമിച്ചുകൂടേ? അമേരിക്കയില്‍ 9/11 ശേഷം മറ്റൊരു ഭീകരാക്രമണവും ഇന്നേവരെനടത്തുവാനാവാത്തവിധം അവരുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ എത്ര ശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കുന്നത് നോക്കുക. ഇന്ത്യയില്‍ ഒരു പൊതുപോലീസ് സംവിധാനം എന്തുകൊണ്ട് പ്രായോഗികമാകുന്നില്ല? ഒരു രാജ്യത്തിനുള്ളില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റിനു കീഴിലുള്ള പോലീസ് സംവിധാനം എന്നത് സാധ്യമാവില്ലേ? അതോ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ അതിനു തയ്യാറാകാത്തതോ?


ഇതൊന്നുമല്ലാതെ മറ്റൊരു സംശയം തോന്നുന്നത്, ജനങ്ങള്‍ക്കിടയില്‍ ഒരു ഭീതിവളര്‍ത്തിക്കൊണ്ട് സ്ഥിതിയില്‍ നിന്ന് രാഷ്ട്രീയലാഭം നേടാനുള്ള പുറപ്പാടോ ഈ യുദ്ധശ്രുതികള്‍? ഏതായാലും, ഒരു യുദ്ധം എന്നത് അത്ര നിസ്സാരകാര്യമായി ഒരു സാധാരണപൌരന്‍ എന്നനിലയില്‍ എനിക്കുതോന്നുന്നില്ല. കേരളത്തിലായതുകൊണ്ട് നമ്മളെ ഇതൊന്നും ബാധിക്കില്ല എന്ന ചിന്ത സാധാരണമലയാളി ഉപേക്ഷിക്കാനുള്ള സമയമായിരിക്കുന്നു എന്നു തോന്നുന്നു.

ഇനിയും ഒരു യുദ്ധം ഉണ്ടാവാതിര്‍ക്കട്ടെ.....അത്രയേ ആഗ്രഹിക്കാനാവുന്നുള്ളൂ.

20 comments:

അങ്കിള്‍

അപ്പു,

കേരളീയര്‍‌‌ (കേരളത്തില്‍ കഴിന്നുന്നവര്‍) യുദ്ധക്കെടുതികള്‍‌‌ ഒന്നും തന്നെ അനുഭവിച്ചിട്ടില്ലെന്നു പറയാം. ഞാനും തിരുവനന്തപുരത്ത് ജനിച്ച് അവിടെ തന്നെ ഇപ്പോഴും താമസ്സിക്കുന്നു.

എന്റെ മകള്‍ ഡല്‍ഹിയില്‍ താമസമായതില്‍ പിന്നെയാണ് വടക്കേ ഇന്‍ഡ്യയിലോട്ട കൂടുതല്‍ യാത്ര ചെയ്യേണ്ടിയും കൂടുതല്‍ സമയം തങ്ങേണ്ടിയും വന്നിട്ടുള്ളത്. ഒരു സാധാ ജവാനു കേരളത്തിലും, വടക്കേ ഇന്‍ഡ്യയിലും കിട്ടുന്ന ആദരവരിലുള്ള വ്യത്യാസം കണ്ടാല്‍ മതി. എല്ലാം മനസ്സിലാക്കാന്‍. ഒരു യുദ്ധത്തിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കിയവരാണ് വടക്കേ ഇന്‍ഡ്യയില്‍ താമസ്സിക്കുന്നവര്‍. പാക്കിസ്ഥാനുമായിട്ടല്ല ഒരു പക്ഷേ ശ്രീലങ്കന്‍ പുലികളുമായിട്ടാകുമ്പോഴേ നമ്മള്‍ പഠിക്കു.

അപ്പുവിന്റെ പോസ്റ്റിനോട് യോജിക്കുന്നു. നല്ല നിരിക്ഷണങ്ങള്‍.

vimathan

ആറ്റം ബോംബുകള്‍ കൈവശമുള്ള രണ്ട് രാജ്യങളായ ഇന്ത്യയും, പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധം ആഗ്രഹിക്കുക എന്നത് വിഡ്ഡികള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ഒരു ആണവയുദ്ധത്തിന് ശേഷം “ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരോട് അസൂയപ്പെടും” എന്നാണ് കേട്ടിട്ടുള്ളത്.

ശ്രീനാഥ്‌ | അഹം

ഞാനും ശരി വക്കുന്നു... മറ്റൊന്നും പറയാന്‍ ഞാനാളല്ല.

ശ്രീ

അതെ. യുദ്ധമൊന്നും നടക്കാതിരിയ്ക്കട്ടെ.

Kaithamullu

ജനങ്ങള്‍ക്കിടയില്‍ ഒരു ഭീതിവളര്‍ത്തിക്കൊണ്ട് സ്ഥിതിയില്‍ നിന്ന് രാഷ്ട്രീയലാഭം നേടാനുള്ള പുറപ്പാടോ ഈ യുദ്ധശ്രുതികള്‍?

-there u are!

പ്രിയ

ഒരു യുദ്ധം ആണ് നമ്മുടെ പ്രശ്നങ്ങള്ക്കുള്ള പരിഹാരം എന്ന് പറയുന്നതേ മണ്ടത്തരം. രാജ്യത്തെ സേനക്കും ക്രമസമാധനപാലകര്‍ക്കും കുറേക്കൂടി സൌകര്യങ്ങള്‍ എര്പ്പെടുത്തുന്നതിനെ കുറിച്ചു ആലോചിക്കണം. മുംബൈ ആക്രമണസമയത്ത് ബെസ്റ്റ് ബസും ഏണിയും ഒക്കെ ജനം ലൈവ് ആയി കണ്ടതല്ലേ. അതിനെ കുറിച്ച് ജനങ്ങളോട് ഏതെങ്കിലും ചാനല്‍ ഒന്നഭിപ്രായം ചോദിച്ചുവോ എന്തോ.

അയല്‍രാജ്യത്തെ ഭീകരത നമ്മുടെ രാജ്യത്ത് എത്താതിരിക്കാന്‍ മാത്രം നോക്കുക.അവിടെ സമാധാനശ്രമങ്ങള്‍്ക്കായ് ലോകരാഷ്ട്രങ്ങളോടഭ്യര്ത്ഥിക്കുക.അല്ലാതെ കേറി ഇടപെട്ടു ലാസ്റ്റ് ഇറാഖിലെത്തിയ അമേരിക്കയുടെ ഗതിയാവും നമുക്ക്.അത്രയ്ക്ക് നമുക്ക് താങ്ങാനും വയ്യ.

യുദ്ധം യുദ്ധം,എനിക്കെന്തായാലും വേണ്ട. ആ പൊതുജനത്തില്‍ ഞാന്‍ ഇല്ല.

(ആവശ്യമായ ഒരു ലേഖനം.അങ്ങ് അത് നന്നായി പറഞ്ഞിരിക്കുന്നു)

അഗ്രജന്‍

യുദ്ധഭൂമിയില്‍ മരിച്ചുവീഴുന്ന പട്ടാളക്കാരെപ്പോലെതന്നെ, ഇതില്‍പെട്ടു മരിക്കുന്ന ഒരുപാടു സാധാരണക്കാരും ധാരളം ഉണ്ടാകും. ദിവസേന പതാകയില്‍ പൊതിഞ്ഞെത്തുന്ന കുറേ മൃതദേഹങ്ങള്‍, അവരുടെ ധീരത വര്‍ണ്ണിക്കുവാന്‍ കുറച്ചു ദിവസങ്ങള്‍ മെനക്കെടുന്ന സമൂഹം, അതിനുശേഷം എന്നത്തേക്കുമായി ആ വേര്‍പാടുകള്‍ അനുഭവിക്കുവാന്‍ വിധിക്കപ്പെട്ട അവരുടെ ബന്ധുക്കള്‍; കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍; ഒരിക്കലും ഉണക്കാനാവാത്ത മുറിവുകളും ഇത്രയൊക്കെയല്ലേയുള്ളൂഎല്ലാ യുദ്ധങ്ങളുടെയും ബാക്കിപത്രം?

ഇനിയും ഒരു യുദ്ധം നമുക്ക് വേണ്ട...

കുറ്റ്യാടിക്കാരന്‍|Suhair

നൂറ് ശതമാനം ശരിയാണ് അപ്പുവേട്ടാ..

പ്രസക്തമായ ലേഖനം...

ബിന്ദു കെ പി

അപ്പുവിന്റെ ചിന്തകളോട് നൂറു ശതമാനവും യോജിക്കുന്നു. വളരെ നല്ല ലേഖനം.

ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം കാണുന്ന അതേ ആവേശത്തോടെ കണ്ടുരസിക്കാനുള്ള ഒരു മാമാങ്കമായി യുദ്ധത്തേയും നോക്കിക്കാണുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടെന്നുള്ളത് സത്യമാണ്. എത്രയും വേഗം യുദ്ധമൊന്ന് തുടങ്ങിക്കിട്ടിയാൽ മതി അവർക്ക്. കപ്പലണ്ടിയും കൊറിച്ചിരുന്ന് കണ്ടുരസിക്കാമല്ലോ.

എന്നിരുന്നാലും, ‘ഇതാണ് പൊതുജനാഭിപ്രായം’ എന്നങ്ങ് ചാനലുകാർ സാ‍മാന്യവൽക്കരിച്ചത് തീരെ ശരിയായില്ല.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM

യുദ്ധം ഒന്നിനും പരിഹാരമാകുന്നില്ല. വളരെയധികം നാശനഷ്ടങ്ങളും, ജീവഹാനിയും മാത്രമായിരിക്കും അതു നല്‍കുക. യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയും അവര്‍ക്കു പകരം നിരപരാധികളെ ശിക്ഷിക്കുകയുമാവും യുദ്ധങ്ങള്‍ ചെയ്യുക. ബോംബെ ആക്രമണത്തിനു പ്രതികാരം വീട്ടാന്‍ പാകിസ്ഥാന്‍ ആക്രമണം. ഇതാരുടെ പ്രത്യയശാസ്ത്രമാണ്? ബോംബെ
തെരുവുകളില്‍ ഇടക്കിടക്ക് അരങ്ങേറുന്ന അധോലോക യുദ്ധങ്ങളുടെ പ്രത്യയശാസ്ത്രവും ഇതും തമ്മിലുള്ള സാദൃശ്യം എത്ര പ്രകടം. ഈയുള്ളവനും ഇതിനെക്കുറിച്ചൊരു പോസ്റ്റിട്ടിരുന്നു.

ഇവിടെ ഞെക്കുക

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM

യുദ്ധമേഘങ്ങളോ വാനില്‍?

http://thooneeram.blogspot.com

അലസ്സൻ

അപ്പു,
ആശങ്കകൾ 100% പങ്കു വയ്ക്കുന്നു. അത്രയ്കൊന്നും സഹിഷ്ണുതെ ഇല്ലാത്ത രാജ്യങ്ങൾക്കു ആണവായുധ ശേഖരം കൂടിയുള്ളതോർക്കുമ്പോൾ ആശങ്കകൾ ഭയത്തിനു വഴി മാറുന്നു.ഇനി ഒരു യുദ്ധത്തെ പറ്റി ആലോചിക്കാതെ നമ്മുടെ ആഭ്യന്തര സുരക്ഷയിലുള്ള പോരായ്മകളെ പറ്റി ആലോചിക്കുവാനുള്ള സമയമാണിത്‌.നല്ല നിരീക്ഷണങ്ങൾ.കൊള്ളാം.

siva // ശിവ

കാര്‍ഗില്‍ യുദ്ധ സമയത്ത് കാര്‍ഗിലില്‍ യുദ്ധം ചെയ്യാന്‍ പോകാന്‍ തയ്യാറായ സിനിമാ നടന്മാരുള്ള നാടാണ് കേരളം.....ഇവിടെ ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ....

അനില്‍@ബ്ലോഗ് // anil

യുദ്ധമോ?
അതു രസമല്ലെ?

കേരളീയ സമൂഹത്തിന്റെ സാമൂഹിക ബോധം, മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധത, ഇവയെല്ലാം നിരവധി ചര്‍ച്ചകള്‍ക്ക് വിധേയമായതാണ്.

യുദ്ധം വരിക തന്നെവേണം !!

കുഞ്ഞന്‍

അപ്പുണ്ണി മാഷെ..

ചിന്തിപ്പിക്കുന്ന പോസ്റ്റ്.

ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഐഡിയ മൊബൈലിന്റെ പരസ്യമാണോര്‍മ്മവന്നത്. വയലില്‍ ഫാക്റ്ററി വേണൊ എന്ന പരസ്യം. ഇനി കാര്യത്തിലേക്കു വരാം ആ ടീവി പരിപാടിയില്‍ യുദ്ധം വേണൊ എന്നു ചോദിക്കുന്നത് ലൈവായിട്ടല്ലല്ലൊ, അവരുടെ ആ ചോദ്യത്തിന് വേണ്ടാന്നുള്ള മറുപടി പറഞ്ഞവരും ഉണ്ടാകും എന്നാല്‍ അതൊക്കെ കട്ടുചെയ്തു കളഞ്ഞിട്ട് ആ അവതാരകന്‍ കണ്‍ക്ലൂഷനായി പറയുന്നത്(അത് ആദ്യം തന്നെ പറഞ്ഞതായിരിക്കും എന്നിട്ടായിരിക്കും ചോദ്യങ്ങള്‍ ചോദിക്കുന്ന ഭാഗം തന്നെ ഷൂട്ട് ചെയ്തിരിക്കുന്നത്).

ഒരു ദിവസം പൈപ്പില്‍ക്കൂടി വെള്ളം വരാത്തപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, ഒരു ദിവസം വൈദ്യുതി ഇല്ലെങ്കില്‍ ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍...ഒരു പനി വരുമ്പോള്‍ ചികത്സ സൌകര്യം കിട്ടാതെ വരുമ്പോള്‍.. അങ്ങിനെ ഒട്ടനവധി കാര്യങ്ങള്‍..ഒരു തവണപോലും സഹിക്കാന്‍ പറ്റാത്ത എന്നേപ്പോലുള്ളവര്‍, അപ്പോള്‍ യുദ്ധമുണ്ടായാല്‍ വെള്ളമില്ല വെളിച്ചമില്ല,പാര്‍പ്പിടമില്ല, ഭക്ഷണമില്ല,ചികത്സയില്ല,വിനിമയമില്ല,ജോലിയില്ല,അവയവങ്ങളില്ല,നാട്ടുകാരില്ല,ബന്ധുജനങ്ങളില്ല ഇങ്ങനെ ഒന്നുമില്ലാതെ ജീവിക്കുക..ഓര്‍ക്കാനെ പറ്റില്ല മാഷെ...

ആ ടീവി പരിപാടിയില്‍ ഉള്‍പ്പെട്ടവരുടെ വേണ്ടപ്പെട്ടവര്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പട്ടാളക്കാരനായിട്ടൊ അല്ലെങ്കില്‍ അതിര്‍ത്തി ഗ്രാമത്തില്‍ താമസിക്കുകയൊ ചെയ്യുന്നുണ്ടെങ്കില്‍ ഇത്തരം ഒരു അഭിപ്രായപ്രകടനം നടത്തുകയില്ലായിരുന്നു എന്നാണെന്റെ അനുമാനം, ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസം..!

“ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവന്മാര്‍ യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭവും അനുഭവിക്കാത്തവരാണ്“ ഇത് എന്റെ വാക്കുകളാണ് പഴയൊരു പോസ്റ്റിലിട്ടത്.

മൂര്‍ത്തി

പ്രസക്തം.

ജിപ്പൂസ്

അപ്പുവേട്ടാ..
നല്ല പോസ്റ്റ് ആയിരുന്നൂ ട്ടോ.
എന്താ ചെയ്യാ..രവിലെ തന്നെ ഇറങ്ങിക്കോളും കൊറേ എണ്ണം ക്യാമറയും പിടിച്ച്.
അപ്പുവേട്ടന്‍ പറഞ്ഞ പോലെ സാദാ സീദാ മലയാളിക്ക് യുദ്ധം എന്നാല്‍ നമ്മുടെ 'ബോര്‍ഡര്‍' പോലോത്തെ പടങ്ങള്‍ കണ്ടിട്ടുള്ള അനുഭവം ആണെന്നെയ്.
നല്ല രസല്ലേ.ഇങ്ങനെ പാട്ടും കൂത്തും ഇടക്ക് ഓരോ മിസ്സെയില്‍ വിടലും ഒക്കെ ആയി.
ചായക്കടയില്‍ പൊറോട്ട അടിക്കാന്‍ നില്‍ക്കുന്ന, പൊറോട്ടകള്‍ എങ്ങിനെ പെട്ടെന്നുണ്ടാക്കി വീട്ടില്‍ പോയി കിടന്നുറങ്ങാം എന്ന് ചിന്തിക്കുന്ന പാവപ്പെട്ട
മലയാളിയെ നമുക്ക് കുറ്റം പറയാന്‍ കഴിയില്ല.
അന്നന്നത്തെ അന്നത്തിനു വേണ്ടി പകലന്തിയോളം പണിയെടുക്കുന്ന അവനുണ്ടോ യുദ്ധക്കെടുതികളെക്കുറിച്ച് ചിന്തിക്കാന്‍ നേരം.
ഇതെല്ലാം അറിഞ്ഞ് ഈ പാവപ്പെട്ടവര്‍ക്കു പിന്നാലെ പത്രപ്രവര്‍ത്തനം എന്നും പറഞ്ഞു ക്യാമറയുമായി നടക്കുന്നവരെ വേണം ചമ്മട്ടിക്കിട്ട് അടിക്കാന്‍.
ലോകത്തെ ഒട്ടുമിക്ക പ്രശ്നങ്ങളും സങ്കീര്‍ണ്ണമാക്കുന്നത് ഇവര്‍ തന്നെയാണല്ലോ.
സത്ത്യത്തില്‍ നമ്മളെല്ലാം കൂടി ഇവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ട അവ്സ്ഥയാണിപ്പോള്‍.

sHihab mOgraL

അപ്പൂ,
വളരെ നല്ല പോസ്റ്റ്‌. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ സൂര്യ ടി.വിയില്‍ "വാര്‍ ലൌ" സിനിമ കാണിച്ച്‌ നമ്മുടെ ഞരമ്പുകള്‍ ഒന്നു ത്രസിപ്പിച്ചു വിടാന്‍ ശ്രമിച്ചു അവര്‍. മാധ്യമങ്ങളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നാണെണ്റ്റെ അഭിപ്രായം.
ഇവിടെ ഒന്നു ക്ളിക്കുക

yousufpa

അല്ലെങ്കിലും മാധ്യമങ്ങള്‍ പടച്ചുവിടുന്ന പോയത്തങ്ങള്‍ തെല്ലൊന്നുമല്ല ജനങ്ങളെ വിഡ്ഡികളാക്കുന്നത്. എന്നാല്‍ ജനങ്ങളോ,കാള പെറ്റൂന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുകയും ചെയ്യും.ഒന്നാലോചിച്ചു നോക്കൂ ഏത് ജനതയാണ് സ്വന്തം രാജ്യം നശിക്കാന്‍ ഇഷ്ടപ്പെടുക...
ഇറാഖും,അഫ്ഘാനിസ്ഥാനും,കുവൈറ്റും നമ്മുക്ക് ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്.

അപ്പൂസ്.. വളരെ നന്നായി എഴുതി.

Suraj

വളരെ പ്രസക്തമായ ആകുലതകള്‍ അപ്പുച്ചേട്ടാ.

ഒരു "യുദ്ധം" മുംബൈയില്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്തതിന്റെ ക്ഷീണം ഇതുവരെ നമ്മുടെ മീഡിയയ്ക്ക് തീര്‍ന്നിട്ടില്ല. അതിനിടയ്ക്കാണ് അവമ്മാര് അടുത്ത ഗൊണാണ്ടറും കൊണ്ടിറങ്ങിയിരിക്കുന്നത്. ആ മൈക്ക് വാങ്ങിച്ച് "മതിയായില്ലേ കൂവേ?!" എന്നാണ് ചോദിക്കേണ്ടത്.

പാകിസ്ഥാന്‍ ഏറ്റവും ദുര്‍ബലമായിരിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ യുദ്ധമെന്ന മണ്ടത്തരം കാണിക്കാന്‍ പോയാല്‍ സകല അന്താരാഷ്ട്ര പിന്തുണയും സ്വാഹയാകുമെന്നതോ പോട്ടെ, അഫ്ഘാന്‍-പാക് അതിര്‍ത്തിയില്‍ നിന്ന് ഇങ്ങോട്ട് ഒഴുകിയെത്തി 'ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍' പോകുന്ന എക്സ്-താലിബാനിസ്റ്റുകള്‍ക്ക് കൈയ്യും കണക്കുമുണ്ടാവില്ല. അല്ലെങ്കില്‍ തന്നെ കോസ്റ്റ് ഗാഡ് പോങ്ങന്മാര്‍ തുറന്ന് മലര്‍ത്തിയിട്ടിരിക്കുന്ന ഇന്ത്യന്‍ തീരങ്ങളിലൂടെ ഇനി എത്ര കസാബുമാരാണ് ഗ്രനേഡുകളും ഏ.കെ 47മൊക്കെയായി വരേണ്ടത് മുംബൈകള്‍ സൃഷ്ടിക്കാന്‍ ?

അയ്യായിരം പേരെ തീര്‍ക്കാന്‍ പോന്ന ഐറ്റംസുമായി പത്ത് പിള്ളേര്‍ കൂളായി കേറിവന്നതിന്റെ കഥ ആദ്യം നാട്ടാരറിയട്ടെ. അത് തടയാനുള്ള ഇന്റലിജന്‍സ് പ്രതിവിധികള്‍ ഉണ്ടാവട്ടെ. പതിനൊന്നാം നിലയിലും ഇരുപതാം നിലയിലുമൊക്കെ തീപിടിച്ചാല്‍ അണയ്ക്കാന്‍ വേണ്ടുന്ന മര്‍ദ്ദമുള്ള ഹൈഡ്രോകള്‍ ഉണ്ടാവട്ടെ. അത്യാവശ്യഘട്ടത്തില്‍ പോലും അറിയിച്ചാല്‍ മൂന്നു മണിക്കൂറ് വൈകി മാത്രം എത്തുന്ന കമാന്‍ഡോ ട്രാന്‍സ്പോര്‍ട്ടേഷന്‍ സംവിധാനം ഒന്നു പുതുക്കട്ടെ. സംഭവസ്ഥലങ്ങളില്‍ അവരെ കൊണ്ടെത്തിക്കുന്ന കൂതറ ബസ്സുകള്‍ക്ക് മാറ്റം വരട്ടെ. വര്‍ഷം തോറും നേരാം വണ്ണമുള്ള ഒരു ഓഡിറ്റിംഗ് പോലുമില്ലാതെ 5500 കോടി പുഴുങ്ങിത്തിന്നിട്ട് ഡിഫന്‍സ് റിസേര്‍ച് എന്നൊരു ഡിപാര്‍ട്ട്മെന്റ് എന്താണവിടെ ഒലത്തിക്കൊണ്ടിരിക്കുന്നത് എന്ന് ജനം അറിയട്ടെ... എന്നിട്ടാവാം സര്‍ ജീ യുദ്ധം !!

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP