Tuesday, January 6, 2009

ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക്

അറബ് ലോകത്ത് കുറേ ദിവസങ്ങളായി പത്രങ്ങളിലെ മുന്‍പേജ് ചിത്രങ്ങളെല്ലാം പാലസ്തീനില്‍ നിന്നുള്ള ചിത്രങ്ങളാണ്. എല്ലാം ദാരുണ രംഗങ്ങള്‍. ഇന്ന് രാവിലെ ഇറങ്ങിയ പത്രങ്ങളില്‍ മുന്‍പേജില്‍ കണ്ട ഒരു ചിത്രം ഏതു കഠിനഹൃദയനേയും ഒന്നിളക്കുവാന്‍ പ്രാപ്തമായിരുന്നു. തന്റെ അഞ്ചുവയസിനു താഴെ പ്രായമുള്ള മൂന്നു പിഞ്ചുകുഞ്ഞുങ്ങളുടെ ജഡങ്ങള്‍ കെട്ടിപ്പിടിച്ചു കരയുന്ന ഒരു പിതാവിന്റെ ചിത്രം. ഇന്നലെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ഈ മൂന്നുകുഞ്ഞുങ്ങളും. ഇതുവരെ കൊന്നുതള്ളപ്പെട്ട എണ്‍പതോളം കുട്ടികളില്‍ മൂന്നുപേര്‍. (Jan 7 അപ്ഡേറ്റ് 215 എന്നുകാണുന്നു).

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഔദ്യോഗിക കണക്കുകളനുസരിച്ച് അറുനൂറില്‍പരം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു, രണ്ടായിരത്തഞ്ഞൂറിലേറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചവരില്‍ എണ്‍പതു കുട്ടികള്‍. പരിക്കേറ്റവരില്‍ തന്നെ കൈയ്യുംകാലും മുറിച്ചുമാറ്റപ്പെട്ടവര്‍ അനവധി. ഗാസയിലെ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഒരു ഡോക്ടറുടെ പ്രസ്താവന ഇന്നത്തെ ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളില്‍ എന്തുതരം ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ആ ഡോക്ടര്‍ അതിശയപ്പെടുന്നു. കാരണം, മനുഷ്യാവയവങ്ങള്‍ ചിതറിത്തെറിക്കുവാന്‍ പാകത്തിലുള്ള വസ്തുക്കളാണ് അവയിലുള്ളതത്രെ. തല്‍ഫലമായി കൈയ്യും കാലും മുറിച്ചുമാറ്റപ്പെടേണ്ട കേസുകളാണ് കൂടുതലും എത്തുന്നതെന്ന് ഈ ഡോക്ടര്‍ പറയുന്നു. ഒപ്പമുള്ള ചിത്രങ്ങളും ഇത് വ്യക്തമാക്കുന്നു. ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ട ചെറുപ്പക്കാര്‍ അനവധി. മാസം ചിതറിതെറിച്ചുപോയ ശരീരഭാഗങ്ങളുമായി മറ്റുചിലര്‍. സ്ത്രീകളുടെയും കുട്ടികളുടേയും കൈയ്യും കാലും മുറിച്ചുമാറ്റേണ്ടിവരുന്നതാണ് ഏറ്റവും സങ്കടകരമെന്നും ആ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭീകരമാണ് ഈ അവസ്ഥ; അതിലേറേ കഷ്ടവും.

എല്ലാ മാനുഷിക പരിഗണനകളും മറന്നുകൊണ്ട് ഇസ്രയേല്‍ നിലവില്‍ നടത്തുന്ന ഈ ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പാലസ്തിനിലെ കുട്ടികളെയാണ്. ലോകത്തിന്റെ നന്മയോ തിന്മയോ തിരിച്ചറിയാന്‍ പ്രായമായിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങള്‍. റോയിട്ടേഴ്സിന്റെയും, എ.എഫ്.പി യുടേയുമൊക്കെ സൈറ്റുകളില്‍, അല്ലെങ്കില്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ തുറന്ന് ഒന്നു സേര്‍ച്ച് ചെയ്തുനോക്കൂ (കാണാന്‍ ധൈര്യമുള്ളവര്‍). തലയോട് പിളര്‍ന്ന് തലച്ചോറ് വെളിയില്‍ ചാടി മരിച്ചുകിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍, പേടിയോടെ ഏതുനിമിഷവും ഉണ്ടാകാമാവുന്ന അടുത്ത ബോംബാക്രമണവും പ്രതീക്ഷിച്ച് ഇരിക്കുന്നകുട്ടികള്‍, അംഗഭംഗം വന്ന് വേദനയോടെ നിലവിളിക്കുന്നവര്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായിപ്പോയവര്‍ .... ഇങ്ങനെ പല രംഗങ്ങള്‍.

ഒരു കൊല്ലിയാന്‍ മിന്നിയാല്‍, ഇടിവെട്ടിയാല്‍, പേടിയോടെ നമ്മുടെ മടിത്തട്ടില്‍ ഒളിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെ നമുക്കറിയാം. അതേപ്രായത്തിലുള്ള ഈ കുട്ടികള്‍ എത്ര ഭീതിയോടെയാവും ഇങ്ങനെയൊരു യൂദ്ധം നടക്കുന്ന സ്ഥലത്ത് കഴിയുന്നതെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

ലോകരാജ്യങ്ങളെല്ലാം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാന്‍ തയാറാകാത്ത ഇസ്രയേല്‍ ഭരണകൂടം ഇപ്പോള്‍ കാണിക്കുന്ന മുഷ്ക് എന്തിന്റെ പേരിലായാലും ന്യായീകരിക്കുവാനാവുന്നില്ല. ഒരു യുദ്ധക്കളത്തിലെന്നപോലെ നിസ്സഹായരായ ഒരു ജനതയെ വളഞ്ഞുവച്ച് ആക്രമിക്കുക; നിരപരാധികളെ കൊന്നൊടുക്കുക.ഓരോ തവണയും യുദ്ധങ്ങളും ആക്രമണങ്ങളും ഗാസയില്‍ ആവര്‍ത്തിക്കുമ്പോഴും നഷ്ടപ്പെട്ടുകാണുന്നത് മനുഷ്യത്വമാണ്.

യു.എന്‍. രക്ഷാസമിതിയില്‍ ഇതിനെതിരെ കൊണ്ടുവന്ന ഒരു പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് എതിര്‍ത്തത്രെ. ഇസ്രായേലിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്തിക്കോണ്ടാണാ പ്രമേയം എന്നതാണ് കാരണം പറഞ്ഞുകേട്ടത്. എന്തൊരു വല്യേട്ടന്‍ മനോഭാവം? ഇങ്ങനെ നാലഞ്ചു “വന്‍ശക്തികള്‍ക്ക്“ ഏതു പ്രമേയവും എതിര്‍ക്കാമെന്നിരിക്കെ ഇങ്ങനെയൊരു ആഗോള സംഘടനയുടെതന്നെ പ്രസക്തി എന്താണ്? മറ്റുരാജ്യങ്ങള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമെങ്കിലും കൊടുക്കേണ്ടേ?

എന്തായാലും അമേരിക്കയുടെ മൌനപിന്തുണതന്നെയാണ് ഇസ്രയേലിന് ധൈര്യം കൊടുക്കുന്നതെന്ന് വ്യക്തം; ആ മൌനത്തിനു പിന്നില്‍, അമേരിക്കന്‍ ഭരണകൂടത്തില്‍ അവിടെയുള്ള ജൂതന്മാരുടെ പിടിപാടും, മിഡില്‍ ഈസ്റ്റിലെ അവരുടെ താല്പര്യങ്ങളും കണ്ടേക്കാം. ഏതു ഭരണം വന്നാലും അമേരിക്കയുടെ നിലപാട് ഇങ്ങനെയൊക്കെത്തന്നെയാവുമെന്ന് സംശയം തോന്നുന്നു നിയുക്തപ്രസിഡന്റ് ഒബാമയുടെ ഈ വിഷയത്തിലെ മൌനം കാണുമ്പോള്‍.

‘ഈ രക്തച്ചൊരിച്ചിലിനൊരവസാനം ഉടനേ ഉണ്ടായെങ്കില്‍‘ എന്നാശിക്കുവാന്‍ മാത്രമേ ആവുന്നുള്ളൂ. യുദ്ധവും ആക്രമണങ്ങളും ഒന്നിനും ഒരു പരിഹാരമല്ലല്ലോ. ഇപ്പോള്‍ നടക്കുന്ന ഈ യുദ്ധം, കൂടുതല്‍ കൂടുതല്‍ ഇസ്രയേല്‍ വിരോധികളെ സൃഷ്ടിക്കുവാന്‍ മാത്രമല്ലേ ഉപകരിക്കൂ? സഹോദരങ്ങള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവരൊക്കെ നഷ്ടപ്പെട്ട ഈ കുട്ടികള്‍, അംഗവൈകല്യം വന്നവര്‍, മരിക്കാതെ ജീവിച്ച് നരകിക്കുന്നവര്‍ തുടങ്ങിയവരുടെയൊക്കെ മനസ്സില്‍ പെറ്റുപെരുകാന്‍ പോകുന്ന വൈര്യാഗ്യം ചെറുക്കുവാന്‍ ഇസ്രയേലിന് ആവുമോ?

ഈ നരഹത്യയില്‍ ജാതിയും മതവും വംശവും ദേശവും ഒന്നും കലര്‍ത്തിചിന്തിക്കേണ്ടതില്ല. അവിടെ മരിക്കുന്നത് നിസ്സഹായരായ മനുഷ്യരാണ്, ഒഴുകുന്നത് മനുഷ്യരക്തവും. അവിടെ മരിച്ചു വീണുകിടക്കുന്ന ആ കുഞ്ഞുങ്ങളെ എല്ലാവരേയും എന്റെ കുഞ്ഞൂങ്ങളെപ്പോലെയെ എനിക്ക് കാണാനാവുന്നുള്ളൂ; അല്ലാതെ ഒരു പാലസ്തീനി കുട്ടിയെന്നോ, മുസ്സിം കുട്ടിയെന്നോ ഉള്ള നിലയില്‍ കാണാനാവുന്നില്ല.

ക്രിസ്തുവിനെ ക്രൂശിക്കുവാനേല്‍പ്പിക്കുന്നതിന് മുമ്പ് പീലാത്തോസ് കൈകകഴുകിക്കൊണ്ട് “ഈ രക്തത്തില്‍ എനിക്കു പങ്കില്ല” എന്നു പറഞ്ഞപ്പോള്‍ “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതിമേലും ഇരിക്കട്ടെ” എന്ന് പറഞ്ഞ യഹൂദജനതയുടെ പിന്‍‌ഗാമികള്‍ ഇപ്പോള്‍ ചൊരിയുന്ന ഈ കുഞ്ഞുങ്ങളുടെ നിഷ്കളങ്കരക്തത്തിന്റെ കണക്ക് എങ്ങനെയൊക്കെ കൊടുത്തുതീര്‍ക്കുമെന്ന് കാലം തെളിയിക്കട്ടെ. ഇതിനെതിരേ ഒന്നു ശബ്ദിക്കുവാന്‍ പോലും തയ്യാറാകാതെ എല്ലാം നോക്കിക്കാണുന്നവരുടെ വിധിയും!


അനുബന്ധം:
ഈ വിഷയത്തെപ്പറ്റി അനില്‍ശ്രീ എഴുതിയ “നാണിക്കൂ ലോകമേ” പോസ്റ്റും അതിലെ ശ്രദ്ധേയമായ ചില കമന്റുകളും ഇവിടെ


===========================================
ഇസ്രായേല്‍ - പാലസ്തീന്‍ ചരിത്രം : ഡോ. സൂരജിന്റെ പോസ്റ്റ്.
===========================================

26 comments:

Typist | എഴുത്തുകാരി

അതേ, ഉടനേ അവസാനിക്കട്ടേ എന്നു് ആശിക്കാം, പ്രാര്‍ഥിക്കാം. അത്രയല്ലേ ന്നമുക്കു കഴിയൂ.

അനില്‍@ബ്ലോഗ് // anil

ലോകസ്ഥിതി ഇന്നൈങ്ങനെ ആയല്ലോ മാഷേ.
നമുക്കെന്തു ചെയ്യാനാവും? !

മിഡിലീസ്റ്റിലുള്ള എല്ലാ അറബികളും ഒന്നിച്ചു നിന്നു മൂത്രമൊഴിച്ചാല്‍ ഒലിച്ചു പോവാവുന്നത്രയേ ഉള്ളൂ ഈ ഇസ്രായേല്‍ എന്ന് പണ്ടാരോ പറഞ്ഞത് ഓര്‍മ്മ വരുന്നു.
പക്ഷെ എന്താ കാര്യം? !!

sHihab mOgraL

അപ്പൂ,
ഗാസയിലെ നൊമ്പരം ലോകത്തിണ്റ്റെ മുഴുവന്‍ നൊമ്പരമാവുമ്പോഴും അതിനപ്പുറം രാഷ്ട്റീയം കളിക്കുന്നവരെ എന്തു വിളിക്കാം...
അനില്‍ പറഞ്ഞതാണു ശരി..

കാസിം തങ്ങള്‍

ഇസ്രായേലീ ഭീകരര്‍ ഗാസയില്‍ സംഹാര താണ്ഡവമാടുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ഉറക്കം നടിക്കുന്നതാണേറെ കഷ്ടം. ഈ നിഷ്ഠൂരതയെ ശക്തമായി അപലപിക്കാന്‍ പോലും മിക്കവരും മടിക്കുന്നു. വിശിഷ്യാ അറബി രാഷ്‌ട്രങ്ങള്‍ വരെ.

അഗ്രജന്‍

:(

അപ്പു, നമുക്ക് എന്തുചെയ്യാൻ കഴിയും!
ആരെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാനുമാവില്ലല്ലോ... അതിനാൽ ഇസ്രായേലിന്റെ കരുണയ്ക്ക് വേണ്ടി തന്നെ വീണ്ടും കാത്തിരിക്കാം... അവരുടെ (ഇസ്രായേൽ & അമേരിക്ക) ലക്ഷ്യം പെട്ടെന്ന് തന്നെ നിറവേറട്ടെ എന്ന് പ്രാർത്ഥിക്കാം... ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ!

എന്നും എവിടേയും എല്ലാ യുദ്ധങ്ങളുടേയും ഇരകൾ നിരപരാധികൾ.

“ഒരു കൊല്ലിയാന്‍ മിന്നിയാല്‍, ഇടിവെട്ടിയാല്‍, പേടിയോടെ നമ്മുടെ മടിത്തട്ടില്‍ ഒളിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെ നമുക്കറിയാം.“ മനസ്സിൽ ശരിക്കും കൊണ്ടു ഈ വരികൾ.

ഓടോ:
ജാലിയന് വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ മൈക്കല് ഡയറിനെ ലണ്ടനിലെത്തി വെടിവെച്ചു കൊന്ന ഉധംസിംഗ് എന്ന യുവാവിനെ പറ്റി കഴിഞ്ഞ ദിവസവും വായിക്കുമ്പോൾ ശരീരം ത്രസിച്ചിരുന്നു. ഇനി ഒരിക്കലു ഉധംസിഗുമാർ ജനിക്കില്ലല്ലോ... പകരം നമുക്കവർ ഭീകരവാദികള് മാത്രമായിരിക്കുമല്ലോ!

ശ്രീനാഥ്‌ | അഹം

:(

ശ്രീ

ശ്രദ്ധേയമായ പോസ്റ്റ്, അപ്പുവേട്ടാ...
പക്ഷേ, ഇവിടെയും നമുക്കൊന്നും ചെയ്യാനില്ലല്ലോ. അമേരിയ്ക്കയുടെ സപ്പോര്‍ട്ട് തന്നെയാണ് ഇവിടെയും പ്രശ്നം രൂക്ഷമാക്കുന്നത്. കഷ്ടം!

ബിന്ദു കെ പി

ഇതെല്ലാം നോക്കിക്കണ്ട് വേദനിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണല്ലോ നമ്മളെല്ലാം. നിരപരാധികളുടെ ചോരയ്ക്ക് കാലം ഒരുനാൾ കണക്കുതീർക്കുമെന്ന് പ്രത്യാശിക്കാം..

കുറുമാന്‍

രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന യുദ്ധങ്ങളില്‍ ഇരയാകുന്നതില്‍ ഭൂരിഭാഗവും എന്നും നിരപരാധികള്‍ തന്നെ. പത്രങ്ങളിലും, ഫോര്‍വേര്‍ഡായി വരുന്ന മെയിലുകളിലും വരുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍, വാര്‍ത്തകള്‍ വായിക്കുമ്പോള്‍ മനസ്സ് പിടയുന്നു.

പാ‍ലസ്തീനിന്റെ മുകളിലുള്ള ഇസ്രായാല്‍ അധിനിവേശം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. അമേരിക്കയുടെ പരിപൂര്‍ണ്ണ പിന്‍തുണ അവര്‍ക്കുണ്ട് എന്ന ഒരേ ഒരു മുഷ്ക്കിന്റെ പുറത്തുള്ള ഈ ആക്രമണം എത്രയും പെട്ടെന്നൊന്നവസാനിച്ചുവെങ്കില്‍!

ഈ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍.

പരിക്കേറ്റവര്‍ക്കും, അനാഥരായവര്‍ക്കും, എപ്പോള്‍ വേണമെങ്കിലും തലയില്‍ മിസൈല്‍ പതിക്കാം എന്ന ഭീതിയില്‍ അവിടെ കഴിയുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

കാവലാന്‍

മതത്തേയും,മറ്റേതൊരാശയത്തേയും മനുഷ്യത്വത്തേക്കാള്‍ വലുതായി കാണാതിരിക്കാന്‍ പഠിക്കാത്തിടത്തോളം വിലാപങ്ങളൊടുങ്ങുകയില്ല,കണ്ണീരുറവകള്‍ നിലയ്ക്കുകയില്ല,രക്ത തടാകങ്ങള്‍ തെളിയുകയില്ല.

പ്രയാസി

നമുക്കു പ്രാര്‍ത്ഥിക്കാം..:(

Shaf

ഈ രക്തച്ചൊരിച്ചിലിനൊരവസാനം ഉടനേ ഉണ്ടായെങ്കില്‍‘ എന്നാശിക്കുവാന്‍ മാത്രമേ ആവുന്നുള്ളൂ. യുദ്ധവും ആക്രമണങ്ങളും ഒന്നിനും ഒരു പരിഹാരമല്ലല്ലോ. ഇപ്പോള്‍ നടക്കുന്ന ഈ യുദ്ധം, കൂടുതല്‍ കൂടുതല്‍ ഇസ്രയേല്‍ വിരോധികളെ സൃഷ്ടിക്കുവാന്‍ മാത്രമല്ലേ ഉപകരിക്കൂ? സഹോദരങ്ങള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവരൊക്കെ നഷ്ടപ്പെട്ട ഈ കുട്ടികള്‍, അംഗവൈകല്യം വന്നവര്‍, മരിക്കാതെ ജീവിച്ച് നരകിക്കുന്നവര്‍ തുടങ്ങിയവരുടെയൊക്കെ മനസ്സില്‍ പെറ്റുപെരുകാന്‍ പോകുന്ന വൈര്യാഗ്യം ചെറുക്കുവാന്‍ ഇസ്രയേലിന് ആവുമോ?
സിയാദ്പറഞ്ഞ പോലെ ഇവര്‍ നാളെ ഇസ്രയേലിനെതിരെതിരിഞ്ഞാല്‍ നാമവരെ തീവ്രവാദി എന്നു വിളിക്കില്ലെ...?

നമ്മുക്കു പ്രാര്‍ത്ത്ഥിക്കാം..മനസ്സുകൊണ്ട് ഒപ്പം നില്‍ക്കാം..

സുല്‍ |Sul

അഹന്തയും ആക്രാന്തവും ലോകത്തെ ഭരിക്കുകയും മറ്റു ഭരണാധിപര്‍ അവരുടെ കാലുനക്കികളാവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് നമ്മുക്കൊന്നും ചെയ്യാന്‍ കഴിയില്ല, തീവ്രവാദികളാവുകയല്ലാതെ.
നാം ഉള്‍കൊള്ളുന്ന രാഷ്ട്രമായ ഭാരതവും അവിടുത്തെ ഭരണാധിപന്മാരും, ഭരിക്കപ്പെടുന്നവരുടെ ഇഷ്ടങ്ങള്‍ക്കനുസൃതമല്ലാതെ, ഇവരോട് സ്വീകരിക്കുന്ന മൃദു സമീപനങ്ങള്‍ നമുക്കറിവതല്ലേ.

-സുല്‍

മാഹിഷ്മതി

“ഒരു കൊല്ലിയാന്‍ മിന്നിയാല്‍, ഇടിവെട്ടിയാല്‍, പേടിയോടെ നമ്മുടെ മടിത്തട്ടില്‍ ഒളിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെ നമുക്കറിയാം.“ (അനുഭവം)

വല്ലാത്ത ഒരു വിമ്മിഷ്ടം ...പത്രം കാണുമ്പോള്‍ ...ടി.വി ന്വൂസ് കാണുമ്പോള്‍ ...
അരക്ഷിതാവസ്ഥ....
ഒരു ആത്മഹത്യ പ്രേരണ എനിക്കു ചുറ്റും പതുങ്ങി നടക്കുന്നു................?

kopywright

Well, this fiasco will all end, if Hamas stopped fighting from behind their women's skirts and from with in their children's schools. After all, they are the big brothers of the cowards who came to Mumbai. Their distant third cousins in India remained silent when blood flowed in Mumbai.

thoufi | തൗഫി

പാലസ്തീനിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.എന്നാലിപ്പോഴത് സകലവിധ പരിധികളും ലംഘിച്ച് മുന്നേറുകയാണ്.എതൊരു യുദ്ധത്തിലും പാലിക്കേണ്ടുന്ന ചില മാനുഷിക മര്യാദകള്‍ ഇവിടെ നിര്‍ദ്ദയം കാറ്റില്‍ പറത്തുമ്പോള്‍ ഇസ്രായെല്‍ ഭരണകൂടത്തില്‍,മനുഷ്യരല്ല,ചെകുത്താന്മാരാണൊ എന്ന് തോന്നിപ്പോവുകയാണ്.

സമൂഹത്തിന്റെ, പൊതുജനത്തിന്റെ നിസ്സംഗത, നിഷ്ക്രിയത്വം നമ്മെ വല്ലാതെ അമ്പരപ്പിക്കേണ്ടതുണ്ട്. മനസ്സുകൊണ്ടെങ്കിലും ഒന്ന് പ്രതികരിക്കാന്‍ കഴിയാത്തവിധം,നമ്മുടെ ചിന്തകളെ കൂച്ചുവിലങ്ങിടുന്നതാരാണ്..?

ഒടുവില്‍ അവര്‍ നമ്മെ തേടിയെത്തുമ്പോള്‍ നമുക്ക് വേണ്ടി ഒന്നുറക്കെ കരയാന്‍ പോലും ആരും ബാക്കിയുണ്ടാകില്ലെന്ന യാദാര്‍ഥ്യം
നാമിനി എന്നാണാവൊ തിരിച്ചറിയുക..?

-- മിന്നാമിനുങ്ങ്

harry

:(

അനില്‍ശ്രീ...

രണ്ടു മൂന്നു ദിവസമായി ബ്ലോഗ് വായന കുറവായിരുന്നതിനാല്‍ ഈ പോസ്റ്റ് കണ്ടില്ല. അപ്പു ഇതെഴുതിയ സമയത്തു തന്നെയാണ് ഞാനും എന്റെ പോസ്റ്റ് (നാണിക്കൂ ലോകമേ..) തയ്യാറാക്കിയതെന്ന് തോന്നുന്നു. തിരക്ക് കാരണം പക്ഷേ ഇന്നലെയാണ് അത് പോസ്റ്റ് ചെയ്തത്.

സത്യമായും ആ കുരുന്നുകളില്‍ ഞാന്‍ എന്റെ മക്കളെ തന്നെയാണ് കണ്ടത്...

മേരിക്കുട്ടി(Marykutty)

lets hope it will stop soon!

saa

മതം മനുഷ്യനെ അടിച്ചേല്‍പ്പിക്കുന്ന മതപണ്ഡിതന്മാര്‍.


ഗാസയില്‍ നടക്കുന്ന ഇസ്രയേലിന്റെ കടന്നാക്രമണമാണ്‌ ഇന്ന ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്നത്‌. പക്ഷെ ഇതിനെല്ലാം പുറകിലുള്ള കള്ളകളികള്‍ നമ്മള്‍ മനസ്സിലാക്കുന്നില്ല എന്ന്‌ മാത്രം.


യുദ്ധം ചെയ്യാന്‍ കെല്‌പുള്ളവരും മൂന്നു രാജ്യങ്ങളോട്‌ ഒരേ സമയം പൊരുതി ജയിക്കുകയും ചെയ്‌ത ഇസ്രായേലിന്റെ അടുത്തേക്ക്‌ കല്ലുകള്‍ മാത്രം ആയുധമാക്കി കടന്നചെല്ലാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന മുസ്ലീം മത പണ്ഡിതന്മാരെയും നേതാക്കന്മാരെയുമാണ്‌ ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്‌. തീ തുപ്പുന്ന ടാങ്കുകളുടെ അടുത്തേക്ക്‌, മരിക്കാന്‍ തയ്യാറാക്കി വിടുന്ന കൗമാരജീവിതത്തെ ഓര്‍ത്ത്‌ വേവലാതിപ്പെടുന്നത്‌ അമ്മമാര്‍ മാത്രം. അവര്‍ക്ക്‌ സ്വര്‍ഗ്ഗം വാഗ്‌ദാനം ചെയ്യുന്നത്‌ മതപണ്ഡിതന്മാര്‍. ഒരുമനുഷ്യന്‌ അവന്റെതല്ലാത്ത ഒരു സ്വര്‍ഗ്ഗം എങ്ങനെ മറ്റൊരുവന്‌ വാഗ്‌ദാനം ചെയ്യാന്‍ കഴിയും?


സ്വര്‍ഗ്ഗം നന്മ നിരൂപിക്കുകയും ചെയ്യുകയും ചെയ്യുന്നവര്‍ക്ക മാത്രമുള്ളതാണ്‌, അല്ലാതെ പ്രത്യേകമായ്‌ ഒരു മതവിഭാഗത്തിനായ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതല്ല. ഞങ്ങളുടെ മതത്തില്‍ ചേര്‍ന്നാല്‍ ചുമ്മാ സ്വര്‍ഗ്ഗം കിട്ടും എന്ന്‌ പഠിപ്പിക്കുന്നവര്‍ വെറുതെ ആളുകളെ ഓടിച്ചിട്ടുപിടിക്കുന്നവരാണ്‌, അങ്ങനെ വിശ്വിസിക്കുന്നവര്‍ വേദങ്ങള്‍ ശരിയായ ദിശയില്‍ പഠിക്കാത്തവരും വിഢികളുമാണ്‌. അതിനുപിന്നിലുള്ള ലാക്ക്‌ എന്താണ്‌? ഒന്ന്‌ ഉറപ്പാണ്‌, ഒരു വലിയസമൂഹത്തെ വഴിതെറ്റിച്ചതിന്‌ തീര്‍ച്ചയായും സ്വര്‍ഗ്ഗം അവര്‍ക്ക്‌ നഷ്ടപ്പെടുക തന്നെ ചെയ്യും.


വിശുദ്ധ യുദ്ധം എന്നത്‌ ഏതൊരു പ്രാദേശിക നേതാവിനും ഇറക്കാവുന്ന ഒരു ഫത്വയാണോ? എന്തുകൊണ്ട്‌ മുസ്ലീം പരമ്മോന്നത കമ്മറ്റി അത്‌ തങ്ങളുടേത്‌ അനുവാദമില്ലാതെ പ്രഖ്യാപിച്ചുകൂടാ എന്ന ഫത്വ പുറപ്പെടുവിക്കാത്തത്‌. അല്ലെങ്കില്‍ ഈ ഭൂമിമുഴുവന്‍ മുസ്ലീംവല്‍ക്കരിക്കാനുള്ള തീവ്രവാദികളുടെ അജണ്ടകളെ നമ്മുടേ നേതാക്കന്മാര്‍ പിന്‍താങ്ങുന്നുവോ? അമുസ്ലീങ്ങളെ രണ്ടാം തരം ആളുകളായ്‌ കാണാന്‍ പരിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്നില്ല എന്നിട്ടും മത നേതാക്കന്‍മാര്‍ അങ്ങനെ പഠിപ്പിക്കുന്നു. എന്തിന്‌? ഇതല്ലാതെ മുസ്ലീം സമൂഹത്തെ ഒറ്റകെട്ടായ്‌ നിര്‍ത്താന്‍ വേറെ ഒരു വഴിയുമില്ലേ?


കൊച്ചുകഞ്ഞുങ്ങള്‍ മരിക്കും എന്നു ഉറപ്പുള്ളപ്പോഴും, തോല്‍ക്കുമെന്ന്‌ അറിഞ്ഞിട്ടും പലസ്‌തീന്‍ യുദ്ധത്തിന്‌ ചെല്ലുന്നു. ഇസ്രായേല്‍ സൈന്യത്തിന്‌ മരണക്കെണിയാണ്‌ ഗാസ എന്ന്‌ അവര്‍ ആവര്‍ത്തിക്കുന്നു. എന്നിട്ട്‌ സൈന്യം വന്നു സാധാരണ ജനതകളെ കൊന്നൊടുക്കികഴിയുമ്പോള്‍ യുദ്ധത്തിന്‌ വെല്ലുവിളി നടത്തിയവര്‍ തന്നെ വിലപിക്കുന്നു. ആദ്യം രോക്ഷം നിറഞ്ഞതും തോക്കേന്തിയതുമായ പലസ്‌തീന്‍ പോരാളികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്ന അറബ്‌ പത്രങ്ങള്‍ പിന്നെ മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആര്‍ക്കാണ്‌ ലാഭം? പലസ്‌തീന്‍ പോരാളികള്‍ക്ക്‌ തന്നെ. അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അത്‌ ഉപയോഗിക്കുന്നു. ഇസ്രായേലിന്റെ പേരും പറഞ്ഞ്‌ ഒരു തരം കുരുതികൊടുപ്പ്‌.


ഹദിത്തുകളില്‍ പറഞ്ഞിട്ടുള്ള കാല്‌പനികതകള്‍ ആരാധനയാലയങ്ങളിലും മുസ്ലീം കൂട്ടായ്‌മകളിലും പ്രചരിപ്പിച്ച്‌, നാലുനേരം പരസ്യമായ്‌ നിസ്‌ക്കരിച്ച്‌ നെറ്റിയുരസി പാടുവരുത്തി പണ്ഡിതന്മാരായ്‌ ചമയുകയും, ജനതകളുടെ നേതാക്കന്മാരായ്‌ തീരുകയും ചെയ്യുന്ന ഇവര്‍ ഐതീഹങ്ങളെയും പ്രവചനങ്ങളെയും തീപ്പൊരി പ്രസംഗങ്ങളായ്‌ അവതരിപ്പിച്ച്‌ മതത്തിന്റെ പേരില്‍ യുവാക്കുളുടെ രക്തത്തിളപ്പിനെയാണ്‌ ചൂഷണം ചെയ്യുന്നത്‌. മുസ്ലീം മതത്തില്‍ വിദ്വേഷം കുത്തിവയ്‌ക്കുന്ന ഇത്തരം മൃഗങ്ങളെ പുറന്തള്ളുവാന്‍ സമയമായിരിക്കുന്നു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെ സഹിഷ്‌ണതയുടെയും കഥ പറയുന്ന പരിശുദ്ധ ഖുറാനെ ആയുധമാക്കി മാറ്റുകയാണ്‌ ഇത്തരം കള്ളനാണയങ്ങള്‍, അവര്‍ എത്ര ആരാദ്യരായാലും, സമൂഹത്തിലെ എത്ര ഉന്നതരായാലും അവരുടെ മുഖം മൂടി വലിച്ചെറിയാന്‍ മുസ്ലീം ജനതയ്‌ക്കാകണം. പണ്ട്‌ ക്രിസ്‌ത്യന്‍ പുരോഹിതരാണ്‌ ക്രിസ്‌ത്യാനികളുടെ മതവികാരങ്ങളെ ചൂഷണം ചെയ്‌ത്‌ സുഖമായ്‌ ജീവിച്ചിരുന്നത്‌. അടിമപ്പണിയുടെയും, ഫ്യൂഡല്‍ വ്യവസ്‌ഥിതിയുടേയും കാലഘട്ടത്തില്‍ ശരിയെന്ന്‌ ഭൂരിഭാഗം പേര്‍ക്ക്‌ തോന്നിയത്‌ പിന്നീട്‌ ശരിയല്ലാതായ്‌, ജനം തള്ളിപറഞ്ഞു.


ഖുറാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മുസല്‍മാന്‍ (കാണാപാഠം പഠിക്കുന്നവനല്ല) ആക്രോശങ്ങളും, വിദ്വേഷങ്ങളുമില്ലാതെ, ശാന്തമായ്‌ ജീവിക്കുന്നവനാണ്‌. അങ്ങനെ നോക്കിയാല്‍ പുരാണത്തിലെ കാരുണ്യവാന്മാരായ മഹര്‍ഷിമാരുടെയും, ക്രിസ്‌തീയ വിശുദ്ധനമാരുടേയും, പഴയകാല സൂഫിമാരുടെയും അന്തര്‍ലീന ഭാവം ഒന്നു തന്നെയാണ്‌. വേഷവിധാനങ്ങളിലും ആരാധനാചാരങ്ങളിലും മാത്രമെ വത്യാസമുള്ളൂ, മാനസിക ഭാവം ഒന്നു തന്നെ, അവര്‍ അനുഭവിക്കുന്ന ദൈവീക സന്തോഷം ഒന്നു തന്നെ. ആ ഒരു തലത്തില്‍ നിന്ന്‌ ഇന്നത്തെ മുസ്ലീം സമൂഹത്തെ മതനേതാക്കന്മാര്‍ മാറ്റിമറിച്ചിരിക്കുന്നു.


ബഹുഭാര്യത്തം പിരിശുദ്ധ ഖുറാന്‍ അനുവദിക്കുന്നു എന്നു വാദിക്കുന്ന ഒരു മഹാനെ ഇന്നലെ മാധ്യമങ്ങളില്‍ കാണാന്‍ ഇടയായ്‌. ഖുറാനില്‍ എഴുതപ്പെട്ടവ തെറ്റായ്‌ വ്യാഖാനിച്ച്‌ അപൂര്‍ണ്ണമാക്കുന്ന വലിയൊരു സമൂഹം മുസ്ലീം ജനതയെ ആകമാനം പൊതിഞ്ഞിരിക്കുന്നു. അവരുടെ തന്നെ സ്വാര്‍ത്ഥയ്‌ക്ക്‌ മറ പിടിക്കാനാണ്‌ അവര്‍ അങ്ങനെ ചെയ്യുന്നത്‌. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഒറ്റപ്പെടുകയൊ കൊല്ലപ്പെടുകയൊ ചെയ്യുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ സംരക്ഷിക്കുന്ന സമതി എന്തുകൊണ്ട്‌ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വീഴ്‌ച്ചകാണിക്കുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ അതാത്‌ കാലഘട്ടങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാഹാന്മാരായ മുസ്ലീം പണ്ഡിതന്മാരാല്‍ മാറ്റങ്ങള്‍ വരുത്തപ്പെട്ടവയാണ്‌. ഇന്നത്തെ കാലഘട്ടത്തിന്‌ അനുസരിച്ച അവ സുതാര്യമാക്കേണ്ടതാണ്‌. നേതാകന്മാരുടെ സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷിതത്ത്വത്തിനുവേണ്ടി, അണികളെ കരുവാക്കുന്നു. നിയമങ്ങളെ വളച്ചൊടിക്കുന്നു.


മുസ്ലീം സമൂഹത്തില്‍ വിപ്ലവങ്ങളുണ്ടാവേണ്ട കാലമായിരിക്കുന്നു. ചങ്കുറപ്പോടെ ഖുറാന്‍ ശരിയായ ദിശയില്‍ പഠിക്കേണ്ട കാലമായിരിക്കുന്നു, മത നേതാക്കന്മാരില്ലാതെയും ജീവിക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക്‌ മുസ്ലീം ജനത എത്തേണ്ടിയിരിക്കുന്നു. എഴുതവാന്‍ തുടങ്ങേണ്ടകാലമായിരിക്കുന്നു.

ഇസ്രായേലിന്‌ ഞാന്‍ പിന്‍താങ്ങുന്നില്ല. പിന്‍താങ്ങാന്‍ ഇസ്രായേല്‍ എന്റെ അമ്മാച്ചനുമല്ല. പക്ഷെ പലസ്‌തീന്‍ ജനതയുടെ പേരു പറഞ്ഞ്‌ ഹമാസ്‌ കാട്ടികൂട്ടുന്നകൊള്ളരുതായ്‌മകളെ വെള്ളപൂശാന്‍ ഞാനില്ല. പ്രത്യേകിച്ച്‌ മനുഷ്യരെ ബലിയാടാക്കി ജനപ്രീതി ആര്‍ജിക്കാന്‍ ശ്രമിക്കുന്ന കാടത്തത്തെ.

ചീര I Cheera

മൌനം... :(

jijeeshrenjan

ഒരു ആക്രമണം ഉണ്ടായാല്‍ വരുന്ന നഷ്ടങള്‍ നമ്മുടെ നാടിനു വെക്തമായും അറിവുള്ളതാണ്. മുംബൈ ആക്രമണത്തിന്റെ കനലുകള്‍ ഇപ്പോഴും കേട്ടടങിയിട്ടില്ല. എന്നിട്ടും ഇന്ത്യ, അമേരിക്കയോട് ചേര്‍ന്ന് ഇരട്ടത്താപ്പ് നയം തുടരുന്നത് മോശമാണ്. ഇസ്രേല് കാണിക്കുന്ന ക്രൂരതകളെ പരസ്യമായി എതിര്കാനുള്ള തന്റേടം കാണിക്കണം.

ഇരുമ്പുഴിയൻ

മരിചു വീണ കുഞ്ഞു രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ..

payyans

FROM HISTORY WE CANT LEARN ANYTHIG

ഗൗരിനാഥന്‍

.............ഈ നരഹത്യയില്‍ ജാതിയും മതവും വംശവും ദേശവും ഒന്നും കലര്‍ത്തിചിന്തിക്കേണ്ടതില്ല. അവിടെ മരിക്കുന്നത് നിസ്സഹായരായ മനുഷ്യരാണ്, ഒഴുകുന്നത് മനുഷ്യരക്തവും. അവിടെ മരിച്ചു വീണുകിടക്കുന്ന ആ കുഞ്ഞുങ്ങളെ എല്ലാവരേയും എന്റെ കുഞ്ഞൂങ്ങളെപ്പോലെയെ എനിക്ക് കാണാനാവുന്നുള്ളൂ; അല്ലാതെ ഒരു പാലസ്തീനി കുട്ടിയെന്നോ, മുസ്സിം കുട്ടിയെന്നോ ഉള്ള നിലയില്‍ കാണാനാവുന്നില്ല. .......
ഇങ്ങനെയുള്ളാ മനസ്സുകള്‍ നിലനില്‍ക്കട്ടെ

അരുണ്‍ കരിമുട്ടം

നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ലാതെ നമുക്ക് എന്താ പറ്റുക?

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP