പ്രവാസിക്കോരനു പിന്നെയും കുമ്പിളില്‍ കഞ്ഞി
ഇന്നലെ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല്‍ ബജറ്റ് അവതരണം ആണെന്നു കേട്ടപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നു ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്കള്‍ക്കും കൂടി പ്രയോജനകരമായേക്കാവുന്ന എന്തെങ്കിലും ഒരു ചെറിയ പദ്ധതിപ്രഖ്യാപനമെങ്കിലും ഉണ്ടാവുമെന്ന്. അതുണ്ടായില്ല. അധികം പ്രതീക്ഷയില്ലാഞ്ഞതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. അല്ലെങ്കിലും എല്ലാവര്‍ഷവും ഈ നാടകങ്ങള്‍ നാം കാണുന്നതാണല്ലോ. ആദ്യം റെയില്‍വേ ബജറ്റ്. അതിന്റെ തലേന്ന് പത്രങ്ങള്‍ എഴുതും “കേരളത്തിനു പ്രതീക്ഷ”. പിറ്റേന്ന് എഴുതും “കേരളത്തിന്റെ പ്രതീക്ഷകള്‍ പാളം തെറ്റി... ഇനി പൊതുബജറ്റില്‍ പ്രതീക്ഷ“. പൊതു ബജറ്റ് കഴിയുമ്പോള്‍ വീണ്ടും മാധ്യമങ്ങള്‍ പറയും “കേന്ദ്രം കേരളത്തെ ഇത്തവണയും കൈവിട്ടു” എല്ലാവര്‍ഷവും തുടരുന്ന ഈ പ്രസ്താവനകളല്ലാതെ എന്തെങ്കിലും കാര്യമായ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചതായി കാണാറില്ല. എന്‍.ഡി.എ. ആയാലും യു.പി.എ ആയാലൂം ഇതിനു വ്യത്യാസമൊന്നുമില്ലതാനും. മറുവശത്ത്, കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന മറ്റു പല പദ്ധതിവിഹിതങ്ങളും ഇവിടെ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ല എന്ന ആക്ഷേപവും നാം തുടരെ കേള്‍ക്കാറുള്ളതാണ്.
പ്രതിരോധത്തിനു വേണ്ടി ഈ വര്‍ഷം ഒരുലക്ഷത്തി നാല്പതിനായിരം കോടി രൂപ വകയിരുത്തിയിരിക്കുന്ന ബജറ്റില്‍, അതിവിസ്തൃതമായ ഇന്ത്യാമഹാരാജ്യത്തിന്റെ ശുചിത്വത്തിനായി വകയിരുത്തിയിരിക്കുന്നത് ആയിരം കോടി രൂപയാണെന്ന് തുടങ്ങിയ തമാശകളും ഉണ്ട്. ആര്‍ക്കുവേണം ശുചിത്വം, അതൊക്കെ വീട്ടില്‍ പോരേ! എന്തോ എന്തരോ...എന്നുപറഞ്ഞപോലെയാണു കാര്യങ്ങള്‍.
ഞാന്‍ ഷാര്‍ജയില്‍ നിന്ന് വെളുപ്പിനെ അഞ്ചുമണിക്ക് ദുബായിലേക്ക് ജോലിക്കു പുറപ്പെടുമ്പോള്‍ പതിവായി കാണുന്ന ഒരു കാഴ്ചയുണ്ട്. ദുബായിയിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്ക് തൊഴിലാളികളുമായി പോകുന്ന കുറേ ടാറ്റാ, ലെയ്ലന്റ് ബസുകള്‍. റോഡിലെ തിരക്കുമൂലം ഇവയില്‍ ഭൂരിഭാഗവും രാവിലെ നാലുമണിക്കുതന്നെ യാത്ര തുടങ്ങും. ഡ്രൈവറൊഴികെ ബാക്കി എല്ലാവരും ഈ ബസുകളില്‍ മുമ്പിലുള്ള സീറ്റിലേക്ക് തലചായിച്ച് നല്ല ഉറക്കത്തിലായിരിക്കും; പണിസ്ഥലത്തിടാനുള്ള മുഷിഞ്ഞ കവറോളുകളും, തലയില്‍ വെയിലുകൊള്ളാതെ ഇടാനുള്ള ഒരു കഷണം തുണീയും എല്ലാമായി. ബസിന്റെ പുറകില്‍ കുറേ ടിഫിന്‍ ബോക്സുകളും കാണാം. ബസിലിരുന്ന് ഉറങ്ങുന്നവരെല്ലാം തലേന്ന് വൈകിട്ട് ഏഴെട്ടുമണിയോടെ തിരികെ താമസ സ്ഥലത്തെത്തി എന്തെങ്കിലും ഭക്ഷണമുണ്ടാക്കി കഴിച്ച്, പിറ്റേന്നത്തേക്ക് കൊണ്ടുപോകാനായി ഒരു പൊതിയും ഒരുക്കിവച്ച് രാത്രി പതിനൊന്ന് പന്ത്രണ്ടുമണിയോടെ ഒരു കൊച്ചുമുറിയില്‍ തിങ്ങിഞെരുങ്ങി ഉറങ്ങിയവരാണ്. പണിസ്ഥലത്തെത്തിയാലോ, രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ച് മണിവരെയോ, ഓവര്‍ടൈം ഉണ്ടെങ്കില്‍ അതുംകഴിഞ്ഞിട്ടോ പണി. പൊരിവെയിലില്‍, പൊടിക്കാറ്റില്‍ കഠിനമായി അധ്വാനിക്കുന്നവര്‍. നമ്മുടെ നാട്ടില്‍ നിന്ന് ഇവിടെയെത്തി പണിചെയ്യുന്നവരിലും 80% എങ്കിലും ഈ മേഖലയില്‍ പണിചെയ്യുന്നവര്‍ തന്നെ. ഒരുമാസത്തെ ശമ്പളം ശരാശരി 600 മുതല്‍ 1000 ദിര്‍ഹം വരെ. ഇന്ത്യന്‍ രൂപയില്‍ പറയുമ്പോള്‍ പതിനായിരം രൂപയോളം എന്നു തോന്നാമെങ്കിലും ഇവിടുത്തെ ചെലവും ഇതേ സ്കെയിലില്‍ ആണ് (ഇന്ത്യന്‍ രൂപയിലല്ല) എന്നോര്‍ക്കണം.
സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയേയും സാരമായി ബാധിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പലകമ്പനികളും ജോലിക്കാരെ ദീര്‍ഘകാല അവധിക്കായി അയയ്ക്കുവാന്‍ തുടങ്ങി. അവരില്‍ പലരും തിരികെയെത്തുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കാകുലരുമാണ്. ഈ ഒഴിഞ്ഞുപോക്ക് ദിവസേന വര്‍ദ്ധിച്ചുവരുന്നതായാണ് അറിയുന്നത്.നാട്ടിലിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം മരുഭൂമിയില്‍ പണിയെടുക്കുന്നവനും, ഓഫീസില്‍ പണിയെടുക്കുന്നവനും ‘ഗള്‍ഫ്കാരന്‍’ തന്നെ. പ്രവാസി എന്നപേര് ഗള്‍ഫിലുള്ളവര്‍ക്കു മാത്രം കുത്തകയാണെന്ന മട്ടിലാണ് എന്റെ സംസാരം എന്നുതോന്നണ്ടാ! കേരളത്തിനു വെളിയില്‍ പണിയെടുക്കുന്ന എല്ലാവരും പ്രവാസിതന്നെ. ഇത്രയും കാലം “ലക്ഷങ്ങള്‍ വാരുന്നവര്‍” എന്ന നാമധേയത്തില്‍ കഴിഞ്ഞവര്‍ ഒരുനാള്‍ തിരികെ നാട്ടിലേക്ക് എത്തുമ്പോള്‍ ഇവരെയെല്ലാം ഉള്‍ക്കൊള്ളാന്‍, ഇവരുടെയൊക്കെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ സജ്ജമാണോ നമ്മുടെ നാട്? പ്രത്യേകിച്ച് കേരളം?
ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ആഘോഷം ലാവ്‌ലിന്‍ കേസാണല്ലോ? ഇതിന്റെ ആദ്യവാര്‍ത്ത പുറത്തുവന്ന ദിവസം തന്നെ ചിലപത്രങ്ങള്‍ അപ്രധാനമായി നല്‍കിയിരുന്ന മറ്റൊരു വാര്‍ത്തയുണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ദുരന്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുവാന്‍ പോകുന്ന സംസ്ഥാനം കേരളമാണെന്നും അതിനാല്‍ കേരളം കൂട്ടായി അതു നേരിടുവാനുള്ള വഴികള്‍ ഇപ്പോഴേ ചിന്തിക്കണം എന്നും കേന്ദ്ര സാമ്പത്തിക വകുപ്പ് മുന്നറിയിപ്പു നല്‍കി എന്നായിരുന്നു ആ വാര്‍ത്ത. കേരളത്തിലെ ജനങ്ങള്‍ കാശുള്ളപ്പോള്‍ അത് മതിമറന്നു ചെലവാക്കുമെന്നും ഭാവിയിലേക്ക് കരുതാറില്ലെന്നും കൂട്ടത്തില്‍ എടുത്തുപറഞ്ഞിരുന്നു. ‘കരുതുക‘ എന്ന വാക്കിന് ബാങ്ക് നിക്ഷേപം എന്നല്ല അവിടെ ഉദ്ദേശിച്ചിരുന്നത്, ഭാവിയിലേക്കുതകുന്ന രീതിയില്‍ നിക്ഷേപങ്ങളെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്ന രീതി എന്ന നിലയിലായിരുന്നു ആ പരാമര്‍ശം. പതിവുപോലെ ലാവ്‌ലിന്‍ കേസിനിടയില്‍ ഇത് എല്ലാവരും ഒരുപോലെ മറന്നു; രാഷ്ട്രീയക്കാരും പത്രങ്ങളും ജനങ്ങളും.
ആഭ്യന്തരവരുമാനത്തിന്റെ 35.5% വിദേശനിക്ഷേപമാണെന്ന് കേന്ദ്രബജറ്റില്‍ പറയുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും വിദേശത്തു തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ നിക്ഷേപമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. ഇത്രയും കാലം ഭരിച്ച സര്‍ക്കാരുകള്‍ ഏതെങ്കിലും, ഈ നിക്ഷേപത്തെ രാജ്യത്തിനു പ്രയോജനകരമായ ഒരു രീതിയില്‍ വിനിയോഗിക്കുവാന്‍ ഉചിതമായ ഒരു പദ്ധതിയോ വ്യവസായമോ കൊണ്ടുവന്നിട്ടില്ല,കൊണ്ടുവരാനും പോകുന്നില്ല. ഗള്‍ഫില്‍ പണിയെടുക്കുന്ന ഭൂരിഭാഗവും തങ്ങളുടെ സമ്പാദ്യങ്ങള്‍ വലിയ വലിയ കോണ്‍ക്രീറ്റ് വീടുകള്‍ കെട്ടിപ്പൊക്കുവാന്‍ ഉപയോഗിച്ചു, അതുവഴി കുറേ സിമിന്റ്, കമ്പി, പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് വരുമാനം ലഭിച്ചു എന്നല്ലാതെ ദേശപുരോഗതിക്കോ, ഈ നിക്ഷേപം കൊണ്ടുവന്ന വിദേശതൊഴിലാളികള്‍ക്കോ നാളെ സ്വന്തം നാട്ടില്‍ താമസിക്കുവാന്‍, അവിടെതന്നെ ഒരു വരുമാനം ഉണ്ടാക്കുവാനുതകുന്ന രീതിയിലെ വ്യവസായങ്ങളാക്കി മാറ്റുവാന്‍ ഒരു സര്‍ക്കാരുകളും നാളിതുവരെ ശ്രമിച്ചിട്ടില്ല എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ദോഷം പറയരുതല്ലോ, വര്‍ഷത്തില്‍ തൊണ്ണൂറു ദിവസവും ബന്ദും, ബാക്കി ദിവസങ്ങളില്‍ അമിതമായ സംഘടനാ സ്വാതന്ത്ര്യവും, രാഷ്ട്രീയപാര്‍ട്ടികളുടെ ശേമുഷിയും കാണിച്ച് കാണിച്ച് കേരളത്തിന് “ഏറ്റവും നല്ല നിക്ഷേപ സൌഹൃദ സംസ്ഥാനം” എന്ന ബഹുമതി എല്ലാവരുംകൂടി ലോക സമക്ഷം അവര്‍ നേടിക്കൊടുത്തിട്ടുണ്ട്.
ഇതില്‍നിന്നൊക്കെ മനസ്സിലാവുന്നത് ഒരേഒരു കാര്യം മാത്രമാണ്. പ്രവാസിക്കോരനു വേണ്ട കഞ്ഞി അവനവന്‍ തന്നെ ഉണ്ടാക്കിക്കൊള്ളണം. നീ ഇവിടെ കഷ്ടപ്പെട്ടാലും സുഖമായി ജിവിച്ചാലും അന്നത്തേക്കുള്ള ഖുബൂസും കഞ്ഞിയും സ്വയം കണ്ടുപിടിച്ചാല്‍ പട്ടിണിയില്ലാതെ കഴിയാം. കേരളത്തില്‍ നിന്ന് തൊഴിലില്ലായ്മയുടെ പേരും പറഞ്ഞ് എല്ലാവരും പുറത്തേക്ക് പോയപ്പോള്‍ നമ്മുടെ പാടങ്ങളും കൃഷിസ്ഥലങ്ങളും പണിക്കാരില്ലാതെ തരിശായികിടന്നുപോയതും നാട്ടിലെ ലേബര്‍ കൂലി ആറോ എഴോ മണിക്കൂര്‍ മാത്രം നീളുന്ന ഒരു ദിവസക്കൂലി മുന്നൂറു രൂപ വരെ ഉയര്‍ന്നതും ഗള്‍ഫ് രാജ്യങ്ങളില്‍ വന്ന് വെയിലിലും പൊടിയിലും ചൂടിലും നിന്ന് തുച്ഛമായ ശമ്പളത്തിന് എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാകുന്ന സഹോദരങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. തൊഴില്‍ നഷ്ടപ്പെട്ട് തിരികെ പോയിരിക്കുന്ന അവരില്‍ പലരും അവരവരുടെ തൊഴില്‍ മേഖലയില്‍ നല്ല പ്രൊഫഷനത്സ് ആണ് - മേശന്മാര്‍, കല്പണിക്കാര്‍, ടൈത്സ് പണിക്കാര്‍, ഇലക്ട്രീഷ്യന്‍സ്, പ്ലംബര്‍ മാര്‍, റോഡ് നിര്‍മ്മാണ തൊഴിലാളികള്‍, വെല്‍ഡര്‍, ഇങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളിലുള്ളവരും നാട്ടിലേക്ക് തിരികെ എത്തിക്കൊണ്ടാണിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവരെകൂടാതെ അവിദഗ്ധതൊഴിലാളികള്‍ എന്ന മറ്റൊരു വിഭാഗം - എന്തു ജോലിയും ചെയ്യുവാന്‍ തയാറുള്ളവര്‍ - ഏറ്റവും കൂടുതല്‍ ഉണ്ട്. ഇവരൊക്കെ ചെറിയ ചെറിയ കൂട്ടായ്മകളായി, നമ്മുടെ ആളുകള്‍ക്ക് നാട്ടില്‍ ആയിരിക്കുമ്പോള്‍ സ്വതവേ ഉണ്ടാവുന്ന ജോലിചെയ്യാനുള്ള ജാള്യത മാറ്റിവച്ച്, ഇവിടെ ചെയ്ത അതേ ജോലി നാട്ടിലും ചെയ്യുവാനുള്ള തന്റേടം കാണിച്ചാല്‍ കുറേ കാര്യങ്ങള്‍ ചെയ്യാനാവും - ഇവിടെ ലഭിച്ച അതേ വരുമാനം നാട്ടിലും ലഭിക്കുവാനുള്ള സാഹചര്യം - അതും വീട്ടില്‍ തന്നെ താമസിച്ചുകൊണ്ട്, നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തുകൊണ്ട്. നാടുവളരട്ടെ, തരിശിട്ടിരിക്കുന്ന നിലങ്ങളും ഭുമികളും കൃഷിയില്‍ നിറയട്ടെ, വന്നുചേരാവുന്ന പട്ടിണിക്കാലം അത്രയെങ്കിലും മാറട്ടെ.
വികസനം എന്നാല്‍ രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം ‘സ്വന്തം വികസനമാണ്’; അവരെയും നാടിനേയും വികസനമെന്നത് മുദ്രാവാക്യമല്ലെന്നും അവരുടെ കിണറ്റിലെ തവള സ്റ്റൈലിലുള്ള കാഴ്ചപ്പാടുകളല്ലെന്നും ബോധ്യമാക്കാനുള്ള സമയം ഇനിയില്ല. ഞാനുള്‍പ്പെടുന്ന പ്രവാസിസമൂഹത്തില്‍ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമുണ്ട്. പണമുണ്ടെങ്കിലേ നമ്മെ എല്ലാവര്‍ക്കും വേണ്ടൂ. പിരിവിനു വരുന്നവരായാലും, രാഷ്ട്രീയക്കാരായാലും, ബന്ധുക്കളായാലും. പണമില്ലാത്തവന്‍ പിണം. നാളെ ആരുടെയും മുമ്പില്‍ കൈനീട്ടുവാന്‍ ആര്‍ക്കും ആവില്ല, “ഇത്രയുനാള്‍ ഉണ്ടാക്കിയതെല്ലാം എവിടെ”? എന്നു തിരിച്ചു ചോദിക്കുവാനേ ആളുണ്ടാവൂ. അതുകൊണ്ട് തിരികെയെത്തുന്ന പ്രവാസികള്‍ക്കായി എന്തെങ്കിലും സര്‍ക്കാരുകള്‍ ചെയ്യും എന്ന പ്രതീക്ഷകളഞ്ഞ് നമ്മള്‍ തന്നെ എന്തെങ്കിലും ചെയ്തേ മതിയാവൂ. ഇപ്പോള്‍ തന്നെ വളരെ വൈകിപ്പോയി. മാന്ദ്യം എന്ന യാഥാര്‍ത്ഥ്യം വാപിളര്‍ന്ന് അടുത്തുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ അത് നമ്മുടെ ജീവിതരീതികളെത്തന്നെ മാറ്റിമറിച്ചേക്കാം.
-----------------
അനുബന്ധം: നമ്മുടെ കേരള സര്‍ക്കാരിനും ഒരു “തൊഴിലുറപ്പു പദ്ധതിയുണ്ട്” അധികമാര്‍ക്കും അറിയാന്‍ പാടില്ലാത്ത ഒരു പദ്ധതി. അങ്കിള്‍ എഴുതിയ ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ.
23 comments:
അപ്പുവിന്റെ ഒരു പോസ്റ്റില്‍ ആദ്യത്തെ കമന്റിടാന്‍ കിട്ടിയ അവസരത്തില്‍ സന്തോഷിച്ചു കൊണ്ട്.....
വളരെ പ്രസക്തമായ പോസ്റ്റ്. പ്രവാസികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടത്. (കേന്ദ്ര ബജറ്റിനെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങളുടെ സ്ഥിരം പല്ലവി ഞാനും പ്രതീക്ഷിച്ചതിനാല്‍ അതില്‍ വലിയ നിരാശയൊന്നും തോന്നിയില്ല)
പ്രവാസ ലോകത്ത് ഏത് കൊല്ലുന്ന പണിയും ചെയ്യാന്‍ തയ്യാറായി ജീവിതം ഹോമിക്കുന്ന പലരും സ്വന്തം നാട്ടില്‍ ഉള്ള തൊഴിലവസരത്തെ, അതില്‍ നിന്നു കിട്ടാവുന്ന വരുമാനത്തെ, ഇവിടെ ചെയ്യുന്ന തൊഴിലിനെ, ഇവിടുത്തെ ശമ്പളത്തെ ഒക്കെ ഒരു കണക്കു കൂട്ടലിനു വിധേയമാക്കാന്‍ തയ്യാറാവുന്നില്ല. അങ്ങനെയാണെങ്കില്‍ അവര്‍ക്കൊന്നും ഇവിടെ തുടരാന്‍ സാധിക്കില്ല തന്നെ. എന്തിന് കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കാനൊരവസരമുണ്ടെന്നറിഞ്ഞിട്ടും എപ്പോഴോ, ആരൊക്കെയോ പൊലിപ്പിച്ച് കാണിച്ച ഗള്‍ഫ് പണത്തിന്റെ പിന്നാലെയോടുന്നു.
ഗള്‍ഫെന്നാല്‍ എന്തൊക്കെയോ ആണെന്ന് ധരിച്ചു വെച്ചിരിക്കുന്ന ഒരു സമൂഹമിന്നുമുണ്ട് നമ്മുടെ നാട്ടില്‍.. വരുന്ന തലമുറയെയെങ്കിലും ഇതിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കേണ്ടതുണ്ട്.
" തൊഴില്‍ നഷ്ടപ്പെട്ട് തിരികെ പോയിരിക്കുന്ന അവരില്‍ പലരും അവരവരുടെ തൊഴില്‍ മേഖലയില്‍ നല്ല പ്രൊഫഷനത്സ് ആണ് - മേശന്മാര്‍, കല്പണിക്കാര്‍, ടൈത്സ് പണിക്കാര്‍, ഇലക്ട്രീഷ്യന്‍സ്, പ്ലംബര്‍ മാര്‍, റോഡ് നിര്‍മ്മാണ തൊഴിലാളികള്‍, വെല്‍ഡര്‍, ഇങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളിലുള്ളവരും നാട്ടിലേക്ക് തിരികെ എത്തിക്കൊണ്ടാണിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവരെകൂടാതെ അവിദഗ്ധതൊഴിലാളികള്‍ എന്ന മറ്റൊരു വിഭാഗം - എന്തു ജോലിയും ചെയ്യുവാന്‍ തയാറുള്ളവര്‍ - ഏറ്റവും കൂടുതല്‍ ഉണ്ട്. ഇവരൊക്കെ ചെറിയ ചെറിയ കൂട്ടായ്മകളായി, നമ്മുടെ ആളുകള്‍ക്ക് നാട്ടില്‍ ആയിരിക്കുമ്പോള്‍ സ്വതവേ ഉണ്ടാവുന്ന ജോലിചെയ്യാനുള്ള ജാള്യത മാറ്റിവച്ച്, ഇവിടെ ചെയ്ത അതേ ജോലി നാട്ടിലും ചെയ്യുവാനുള്ള തന്റേടം കാണിച്ചാല്‍ കുറേ കാര്യങ്ങള്‍ ചെയ്യാനാവും - ഇവിടെ ലഭിച്ച അതേ വരുമാനം നാട്ടിലും ലഭിക്കുവാനുള്ള സാഹചര്യം - അതും വീട്ടില്‍ തന്നെ താമസിച്ചുകൊണ്ട്, നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തുകൊണ്ട്. നാടുവളരട്ടെ, തരിശിട്ടിരിക്കുന്ന നിലങ്ങളും ഭുമികളും കൃഷിയില്‍ നിറയട്ടെ, വന്നുചേരാവുന്ന പട്ടിണിക്കാലം അത്രയെങ്കിലും മാറട്ടെ. "
ഇങ്ങനെ ഒരു കൂട്ടായ്മ. അതുണ്ടാക്കാന്‍ കഴിയുമോ എന്നത് മാത്രമാണ് പ്രശ്നം. എന്തായാലും അങ്ങനെ ഒന്നുണ്ടായാല്‍ കേരളത്തിലെ സാഹചര്യങ്ങള്‍ മെച്ചപെടും എന്ന് തന്നെ കരുതാം. ( അതിന് നിലവിലെ രാഷ്ട്രിയ തൊഴിലാളികള്‍ അനുവദിക്കുമോ എന്നതില്‍ അത്ര ഉറപ്പില്ലെങ്കിലും.)
സര്‍ക്കാരോ മറ്റ് ആരെങ്കിലുമോ എന്തെങ്കിലും ചെയ്തു തരാന്‍ കാത്തിരിക്കുന്നത് വെറുതെ ആണ്.ആരും അതിനായി പ്രവാസികളില്‍ ആരും കാത്തിരിക്കുന്നുമുണ്ടാവില്ല. ഒരു കൂട്ടായ്മ. അതുണ്ടാക്കാന്‍ കഴിയുമോ?
പോസ്റ്റ് നന്നായി, അപ്പുവേട്ടാ... ചിന്തകളും ആശയങ്ങളും കൊള്ളാം. ഇത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന് കണ്ടറിയണം.
അപ്പൂ,
വളരെ നല്ല പോസ്റ്റ്.
ഇവിടെ 500 ദിർഹത്തിനും മറ്റും ജോലി ചെയ്യുന്നവർ നാട്ടിൽ അതേ പണി നന്നായി ചെയ്താൽ മാസം 10000 രൂപ വരെ ഉണ്ടാക്കാൻ പറ്റുമെന്നതാണ് സത്യം. 8 മണി മുതൽ 5 മണി വരെ മാത്രം പണി ചെയ്താൽ മതിതാനും. പക്ഷേ നാട്ടിലുള്ളവർക്ക് ഇതൊന്നും പറഞ്ഞാൽ തലയിൽ കേറുകയില്ല. വീട് പണയപ്പെടുത്തിയും മറ്റും എജന്റിന് ലക്ഷങ്ങൾ കൊടുത്ത് എത്തിപ്പെട്ട് എത്ര പേരാണ് പലവിധത്തിലുള്ള ചതികളിൽ പെടുന്നത്? മാധ്യമങ്ങളിലൂടെയും മറ്റും ഇപ്പോൾ ഈ കഥകൾ ധാരാളമായി പുറത്തുവരുന്നുണ്ട്. എന്നിട്ടും നാട്ടിലുള്ളവർക്ക് ഈ തിരിച്ചറിവ് ഉണ്ടായിട്ടില്ല. ഇന്നും ചെറുപ്പക്കാർ വിമാനം കയറുന്നു, സ്വപ്നം വിതച്ച് സ്വർണ്ണം കൊയ്യാൻ!
സാമ്പത്തികപ്രതിസന്ധി ഇന്ന് ഒട്ടേറെ പേർക്ക് നാട്ടിലെ പ്രാരാബ്ദങ്ങളിലേയ്ക്ക് വെറുംകൈയ്യോടെ തിരിച്ചു ചെല്ലേണ്ട ഗതികേടുണ്ടാക്കിയിരിക്കുന്നു. ഈ അവസരത്തിലെങ്കിലും സ്വന്തം തൊഴിലിൽ സമർത്ഥന്മാരായ ഇവർക്ക് ഒരു തിരിച്ചറിവ്, അതിലൂടെ ഒരു കൂട്ടായ്മ ഒക്കെ ഉണ്ടാവുയാണെങ്കിൽ അത് തീർച്ചയായും നമ്മുടെ നാടിന്റെ ഉയർച്ചയ്ക്ക് വളമാകും.
ഇനി ഇതിന്റെ മറുവശം: ഇവരെല്ലാം നാട്ടിൽ പണിയെടുക്കാൻ തയ്യാറായതുകൊണ്ടുമാത്രം പ്രശ്നങ്ങൾ തീരുമോ? ഇവർക്കെല്ലാം പണി കിട്ടുന്ന തരത്തിലാണോ ഇന്ന് നാടിന്റെ കാർഷികരംഗം? ഇതെല്ലാം എഴുതുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന നമ്മളിൽ എത്ര പേർക്ക് നാട്ടിൽ പാടങ്ങളും പറമ്പുകളും വിറ്റഴിയ്ക്കാതെ ഇനിയും ബാക്കിയുണ്ട്? ഉണ്ടെങ്കിൽ തന്നെ കൃഷിയിലേക്ക് ഒരു തിരിച്ചുപോക്കിന് എത്ര പേർ തയ്യാറാവും?
ബിന്ദു, പണിയെടുക്കാന്‍ തയാറായാല്‍ പ്രശ്നം തീരുമോ എന്നല്ല, തിരിച്ച് ചെന്നാല്‍ ജീവിക്കാന്‍ പണിയെടുത്തേ മതിയാകു. പക്ഷെ എന്ത് മാത്രം വിജയിക്കും അല്ലെങ്കില്‍ എന്ത് മാത്രം പുരോഗമനം ഉണ്ടാകും എന്നതിനാണ് രാഷ്ടീയക്കാരുടെയും മറ്റും നിലപാട് പ്രശ്നമാകുന്നത്.(നാട്ടില്‍ പോയി ജീവിക്കാന്‍ ശ്രമിച്ചു നോക്കുകൂലിയെയും നൂലമാലകളെയും കണ്ടു പേടിച്ചു തിരിച്ചു പോന്ന പ്രവാസി എന്റെ അറിവില്‍ പോലും ഉണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു തിരിച്ചു വരവ് സാധ്യമല്ലെന്ന് മാത്രം.)
പാടങ്ങള്‍,പറമ്പുകള്‍ എല്ലാം അവിടെ തന്നെ ഉണ്ട്. തരിശ്ശാണെന്കിലും. ഒരു നല്ല വിഭാഗം പ്ലാനുകള്‍ തുടങ്ങിട്ട് തന്നെയാണ് ഇന്നു പ്രവാസത്ത് തങ്ങുന്നതും.
ഷിഹാബ്, പ്രിയ, ബിന്ദു, ശ്രീ പ്രതികരണങ്ങള്‍ക്കു നന്ദി. കൃഷിഭൂമിയുണ്ടോ എന്നു ചോദിച്ചാല്‍ അത് കേരളത്തിലെ ജില്ലകളനുസരിച്ചീരിക്കുന്നു. മധ്യതിരുവിതാംകൂറിലെല്ലാം ഉണ്ടായിരുന്ന സകല കൃഷിഭൂമികളും റബ്ബര്‍ വച്ച് ‘നശിപ്പിച്ചു’. ഇനി അതൊക്കെ തിരികെ കൃഷിയ്ക്കു യോഗ്യമാക്കുവാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ പാടങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്. പലതും വെറുതെ കിടക്കുന്നു. എന്റെ വീട്ടിലൂമുണ്ട് പണിക്കാരില്ലാത്തതിനാല്‍ വെറുതെ കിടക്കുന്ന കൂറേ പാടങ്ങളും, റബര്‍ വച്ചു പോയ കുറെ പറമ്പും. സ്ഥിരമായി തിരികെ പോകേണ്ടീവന്നാല്‍ മണ്ണിലേക്ക് മടങ്ങാം :-)
പലരും, ഞാനെന്നും ഊന്നല്‍ നല്‍കാറുള്ള, ജീവിതത്തിന്റെ അനാവശ്യങ്ങളായ ബാധ്യതകളും പേറിയാണ് ഇവിടെത്തുടരുന്നത് എന്നത് ഒരു മറുവശമാണ്. അല്ലാതെ, ആഢംബര ജീവിതത്തിന്ന് വേണ്ടി ഒറ്റപ്പെട്ടു ജീവിക്കുക എന്നത് തികച്ചും വൈരുദ്ധ്യമായ വസ്തുതയല്ലേ..
കൃഷിയോ മറ്റേത് കൈത്തൊഴിലോ ആയാലും ഒരു സാധാരണ കുടുംബത്തിന്റെ ലളിതമായ ജിവിതത്തിന് നമ്മുടെ കേരളം മതിയാവില്ലെന്നു പറയാനാവില്ല.
പിന്നെ പ്രിയ പറഞ്ഞ, പ്ലാനുകളുമായി കഴിയുന്ന പ്രവാസികള്‍ക്ക് അത് പ്രാവര്‍ത്തികമാക്കുന്നിടത്താണ് പരാജയം സംഭവിക്കുന്നത്. അല്ലെങ്കില്‍ എല്ലാവരും നല്ല പ്ലാനുകളുമായിത്തന്നെയാണ് പ്ലെയിന്‍ കയറുന്നത്.. പിന്നെ അറബിക്കഥയിലെ മലപ്പുറം കഥാപാത്രം പറയുന്നതു പോലെ സംഭവിക്കുന്നു..
"പ്ലാനുകള്‍ വിജയിക്കട്ടെ" !
പ്രിയ,
ശരിയാണ്, പണിയെടുത്തേ മതിയാവൂ. പക്ഷേ നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയവും അല്ലാത്തതുമായ സാഹചര്യങ്ങളിൽ ഒരു തിരിച്ചു പോക്ക് ‘സുന്ദരമായ നടക്കാത്ത സ്വപ്നം’ തന്നെയാണ്.
കൃഷി മുഖ്യഉപജീവനമാർഗ്ഗമായിരുന്ന എന്റെ ഗ്രാമത്തിൽ ഇന്ന് പാടങ്ങൾ മിക്കതും സന്തോഷ് മാധവൻ കൈവശപ്പെടുത്തിയതിന്റെ നൂലാമാലകളില്‍പ്പെട്ട് നോക്കുകുത്തികളായി കിടക്കുന്നു. ബാക്കിയുള്ളത് അതിവേഗം നികത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ജെസീബികൾ വിശ്രമമില്ലാതെ പണിയെടുക്കുന്നു. പൊന്നുംവില കിട്ടുമെന്നായപ്പോൾ പറമ്പിലെ മണ്ണുപോലും വിൽക്കാൻ തയ്യാറാവുന്നു പലരും!
അപ്പു മാഷെ..
മാഷ് ചൂണ്ടിക്കാണിച്ചതില്‍ ഏറ്റവും പ്രസക്തമായ കാര്യമാണ് വിദേശപണം കെട്ടിടങ്ങളായിത്തിരുന്നത്. മുന്‍ അഭിപ്രായങ്ങളില്‍ വിഷയത്തെപ്പറ്റി നല്ലരീതിയില്‍ പറഞ്ഞിരിക്കുന്നതിനാല്‍ എനിക്കും കൂടുതല്‍ പറയാനില്ല. എന്നാലും,
ഓ.ടോപ്പിക്ക്.
ഇതില്‍ ഏറ്റവും കഷ്ടപ്പെടാന്‍ പോകുന്നത് കുട്ടികളും കുടുംബവുമായി വിദേശത്തുകഴിഞ്ഞ പ്രവാസികളായിരിക്കും. കാരണം കുട്ടികളുടെ തുടര്‍ പഠനത്തിന്(പഠിച്ച മീഡിയത്തില്‍ത്തന്നെ ചേര്‍ക്കണം പിന്നെ സിലബസ്)ചേര്‍ക്കുവാന്‍ വമ്പിച്ച ചിലവാണ് വരുന്നത്, അതായിത് സ്കൂളുകള്‍ക്ക് ചാകരയാണ് ചാകര. അവര്‍ ഈയവസരത്തെ മാക്സിമം ചൂഷണം ചെയ്യുന്നു. സംഭാവന വായില്‍ത്തോന്നിയതാണ് ചോദിക്കുന്നത്.
ഇന്നത്തെ(17-02-09) നിയമസഭയില്‍ ചോദ്യഓത്തര വേളയില്‍ ബഹു മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളില്‍ ഒരെണ്ണം ഇതായിരുന്നു..സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്? ഉത്തരമായി പറഞ്ഞത് അതിനെപ്പറ്റി പഠിച്ചിട്ട് വേണ്ടത് ചെയ്യാമെന്നാണ് ബഹു മുഖ്യമന്ത്രി പറഞ്ഞത്. ദൈവമേ...വെള്ളപ്പൊക്കത്തിനും വരള്‍ച്ചക്കും ചെയ്യുമ്പോലെയുള്ള സഹായമാണൊ ചെയ്യാന്‍ പോകുന്നത്..!!!
പ്രവാസിവകുപ്പ് കൈകാര്യം ചെയ്യുന്ന ബഹു കേന്ദ്ര മന്ത്രിയുടെ അറിവോടെ വിദേശ പ്രവാസ തൊഴിലന്വേഷിച്ചു പോകുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അതിനുവേണ്ടി ടോള്‍ഫ്രീ നമ്പറില്‍ക്കൂടി സഹായ-ഉപദേശങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ജോലി നഷ്ടപ്പെട്ടുവരുന്നവര്‍ എന്തുചെയ്യണമെന്ന് പറഞ്ഞിരുന്നെങ്കില്‍..!!
ഇന്നത്തെ പത്രത്തിലെ വാര്‍ത്തകള്‍പ്രകാരം ദിവസേനെ 50ല്‍ പരം ആളുകള്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ഓരോ ദിവസം കഴിയുംന്തോറും കൂടിക്കൂടി വരുമെന്നാണ് പത്രങ്ങള്‍ പറയുന്നത്. എന്തായാലും ഇലക്ഷന് വോട്ടിങ്ങ് ശതമാനം കൂടുമല്ലൊ അതു മതി..!!
വളരെ പ്രസക്തമായ പോസ്റ്റ്. സര്‍ക്കാരുകള്‍ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. അവര്‍ക്കു ഭരിക്കാനോ, അല്ലെങ്കില്‍ ജനനന്മക്കുവേണ്ടി എന്തെങ്കിലും ചെയ്യാനോ എവിടെ സമയം? എന്നും ഉണ്ടാവും എന്തെങ്കിലും പരസ്പരം യുദ്ധം ചെയ്യാന്‍. ഇപ്പോള്‍ ലാവ്ലിന്‍ ആണെന്നു മാത്രം.
അപ്പുവേട്ടാ വളരെ പ്രസക്തവും, ഗൗരവകരവുമായ വിഷയം. കേരളത്തിന്റേയും സമ്പദ്‌വ്യവസ്ഥയിൽ വിദേശമലയാളികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ചു പറയത്തക്ക വ്യവസായ സ്ഥാപനങ്ങൾ ഒന്നും ഇല്ലാത്ത കേരളത്തിന്റെ പ്രധാന വരുമാനമാർഗ്ഗങ്ങൾ ടൂറിസവും, വിദേശമലയാളികൾ നാട്ടിലെത്തിക്കുന്ന പണവും തന്നെ. സാമ്പത്തിക മാന്ദ്യം നമ്മുടെ നാടിനേയും ബാധിച്ചിട്ടുണ്ട്. പല വൻകിട റിയൽ എസ്‌റ്റേറ്റ് സംരംഭങ്ങളും നിറുത്തിവെച്ചിരിക്കുകയോ മന്ദഗതിയിലാവുകയോ ചെയ്തിട്ടുണ്ട്. ഇന്നു മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണേങ്കിൽ ഏറെ പ്രതീക്ഷയോടെ എല്ലാവരും നോക്കിയിരുന്ന സ്മാർട്ട് സിറ്റി പോലും മാന്ദ്യത്തിന്റെ ദുരിതം അനുഭവിക്കുന്നു.
പിന്നെ കെട്ടിട നിർമ്മാണ മേഖലയിലെ വലിയ പല സംരംഭങ്ങളിലും അന്യസംസ്ഥാനത്തുനിന്നുള്ള (ബീഹാർ, ബംഗാൾ, തമിഴ്‌നാട്) തൊഴിലാളികളാണ് അധികം. സ്വദേശീയരായ തൊഴിലാളികളേക്കാൾ കൂടുതൽ പണിയും, കുറഞ്ഞ കൂലിയും ഇവരെ പല സംരംഭകർക്കും പ്രിയപ്പെട്ടവരാക്കുന്നു.
സംസ്ഥാന ബഡ്‌ജറ്റ്; തിരിച്ചെത്തുന്ന പ്രവാസികൾക്കും, കെട്ടിട നിർമ്മാണ മേഖലയ്ക്കും കൂടുതൽ ഊന്നൽ നൽകുന്നതാണെന്ന തോമസ് ഐസക്കിന്റെ പ്രഖ്യാപനം ആശാവഹം ആണെന്നുതോന്നുന്നു.
പ്രവാസികളായ എല്ലാവരോടും;
വിദേശത്ത് അദ്ധ്വാനിച്ചുണ്ടാക്കുന്ന നാലുപുത്തന്‍, മുണ്ടു മുറുക്കിയുടുത്തിട്ടാണെങ്കിലും ചെലവാക്കിക്കളയാതെ സേവ് ചെയ്യുക.
ഇവിടെ നാട്ടില്‍ വന്ന് കുറച്ച് സ്ഥലമൊക്കെ വാങ്ങിയിട്ട് കൃഷി ചെയ്തു ജീവിക്കാം. അദ്ധ്വനിക്കാന്‍ നല്ല മനസ്സുണ്ടെങ്കില്‍ ജീവിതം നമ്മളെത്തേടിയെത്തും.
[സ്ഥലത്തിന്റെയൊക്കെ വില കുറഞ്ഞുതുടങ്ങി കെട്ടോ]
വിദഗ്ദ്ധരും, അവിദഗ്ദ്ധരുമായ തൊഴിലാളികളോട്;
നമ്മുടെ നാട്ടിലും സാമ്പത്തികമാന്ദ്യത്തിന്റെ അലയൊലികള്‍ എത്തിത്തുടങ്ങി. അതിന്റെ പ്രത്യാക്രമണം മൂലമാകണം തൊഴില്‍ മേഖലയില്‍ തൊഴില്‍ ക്ഷാമം രൂക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ദിവസേന കിട്ടിക്കൊണ്ടിരുന്ന കൂലിയും കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇങ്ങനെ കുറേക്കാലം കൂടിപ്പോയാല്‍ കെട്ടിടനിര്‍മ്മാണ മേഖല തന്നെ നിശ്ചലമായിപ്പോകുമോ എന്നുതന്നെ ഭയപ്പെടുന്ന ഈ വേളയില്‍ ജോലിനഷ്ടപ്പെടുന്ന പ്രവാസികളായ തൊഴിലാളികള്‍ എന്തു ചെയ്യും എന്ന കാര്യം കൂടി ചിന്തിച്ച് നേരത്തേതന്നെ ഉചിതമായ തീരുമാനങ്ങള്‍ എടുക്കണം. ജോലി നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കുവേണ്ടി ഒരു ചുക്കും ചെയ്യാന്‍ പോണില്ല. സോ, ഒന്നെങ്കില്‍ താമസിയാതെ നാട്ടിലെത്തി കിട്ടിയ ജോലി ശരിപ്പെടുത്തി സ്ഥിരമാകുക.. കുറഞ്ഞ കൂലിക്കാണെങ്കില്‍ കൂടിയും; അല്ലെങ്കില്‍...
കുഞ്ഞന്‍, എഴുത്തുകാരി, മണികണ്ഠന്‍, ഹരീഷ് അഭിപ്രയാങ്ങള്‍ക്ക് നന്ദി. നമ്മുടെ നാട്ടിലെ സര്‍ക്കാരുകളും ജനങ്ങളും മനസ്സിലാക്കേണ്ട ഒരു ആദ്യപാഠമുണ്ട്. വികസനത്തിന് ആദ്യം വേണ്ടത് ധാരാളം പണമല്ല. ചിട്ടയായ മാനേജ്‌മെന്റ് - സമയം, പണം, റിസോഴ്സസ് എന്നിവയുടെ ചിട്ടയായ മാനേജ് മെന്റ് ഉള്ളിടത്തുമാത്രമേ വികസനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകൂ. ഉത്തമ ഉദാഹരണമാണ് ദുബായ് എമിറേറ്റ്. എണ്ണപ്പണം ഉള്ളതുകൊണ്ടല്ല ദുബായ് ഇന്ന് ലോകത്തെ നല്ല സിറ്റികളില്‍ ഒന്നായി വികസിച്ചത്. ഇവിടെയുള്ള ഓരോ പ്രോജക്റ്റുകളുടെയും മാനേജ്മെന്റ്, അതിന്റെ സമയബന്ധിതമായ പൂര്‍ത്തീകരണം, തീരുമാനങ്ങളെടുക്കാനും എടൂത്തതീരുമാനങ്ങള്‍ നടപ്പാക്കാനും യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത ഡിപ്പാര്‍ട്ട്മെന്റുകള്‍, ചുവപ്പുനാടകളില്‍ കുരുങ്ങാതെ സ്മൂത്തായി പോകുന്ന ഭരണസംവിധാനം, അടിസ്ഥാന സൌകര്യങ്ങളുടെ - റോഡ്, കറണ്ട്, വെള്ളം, ഫോണ്‍ - വികസനത്തിനും മെയിന്റനന്‍സിനും നല്‍കുന്ന ഊന്നല്‍, ഇതൊക്കെയാണ് ഇവിടെ പദ്ധതികള്‍ ഭംഗിയായി നടക്കുവാന്‍ ഇടയാക്കുന്നത്.ദുബായ് മാത്രമല്ല, ഗള്‍ഫിലെ മറ്റു പല രാജ്യങ്ങളും നഗരങ്ങളും ഇതിനുദാഹരണമാണ്. അതിനെല്ലാം അതിന്റെ നടത്തിപ്പുകാര്‍ക്ക് അഭിനന്ദനങ്ങള്‍ പറയാതെവയ്യ.
ഇതൊന്നും നമ്മുടെ നാട്ടിലും നടക്കാനൊക്കാത്ത കാര്യങ്ങളല്ല. പക്ഷേ അവിടെ ഭരണത്തിലിരികുന്നവര്‍ക്ക് ഇതിനൊക്കെ എവിടെ നേരം! എഴുത്തുകാരി പറഞ്ഞതുപോലെ തമ്മിലടി കഴിഞ്ഞട്ടല്ലേ രാജ്യകാര്യം നോക്കേണ്ടത്.
നാട്ടില്‍ ഒരു തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഹരീഷിന്റെ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ്. മടങ്ങൂന്ന പ്രവാസികള്‍ക്കായി സര്‍ക്കാരുകള്‍ എന്തെങ്കിലും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. ബാങ്കില്‍ കിടക്കുന്ന പൈസ കൊണ്ടുമാത്രം ജീവിക്കാമെന്നതും ആശ്വാസകരമല്ല. സ്ഥിരമായ ഒരു വരുമാനത്തിന് ഉതകുന്ന എന്തെങ്കിലും ഒരു മാര്‍ഗ്ഗം ഓരോ പ്രവാസിയും സ്വയം കണ്ടെത്തുക. അതേ വഴിയുള്ളൂ. അതാണ് ഈ പോസ്റ്റിലൂടെ ഞാന്‍ പറയാനുദ്ദേശിച്ചതും.
“പൊരിവെയിലില്‍, പൊടിക്കാറ്റില്‍ കഠിനമായി അധ്വാനിക്കുന്നവര്‍. നമ്മുടെ നാട്ടില്‍ നിന്ന് ഇവിടെയെത്തി പണിചെയ്യുന്നവരിലും 80% എങ്കിലും ഈ മേഖലയില്‍ പണിചെയ്യുന്നവര്‍ തന്നെ.“
ഈ 80% കാര്‍ക്കറിയാമോ, അപ്പു, നമ്മുടെ നാട്ടില്‍ ‘തൊഴിലുറപ്പ് പദ്ധതി’ എന്നൊന്നുണ്ടെന്ന്.
അതിന്‍ പ്രകാരം:
* ഒരു തൊഴിലിനായി അപേക്ഷ കൊടുത്താല്‍ 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കണം. അതിനുവേണ്ടുന്ന വേതനം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും;
തൊഴില്‍ നല്‍കിയില്ലെങ്കിലൊ?
* അപേക്ഷകനു തൊഴിലില്ലാ ബത്ത കൊടുക്കേണ്ടി വരും. അതിന്റെ ചെലവു മുഴുവന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ഖജനാവില്‍ നിന്നും കണ്ടെത്തണം.
ഈ പദ്ധതി നമ്മുടെ സംസ്ഥാനത്ത് ആദ്യം നടപ്പാക്കിയത് പാലക്കാടും വയനാട്ടിലുമാണ്. ഇപ്പോള്‍ സംസ്ഥാനത്തുടനീളം നടപ്പാക്കിയിട്ടുണ്ട്. ആദ്യം നടപ്പാക്കിയ പാലക്കാടും വയനാടും ഇതിനെപറ്റി ഒരു പഠനം നടത്തി.
അവിടങ്ങളില്‍ തൊഴില്‍ രഹിതരായ 213840 പേര്‍ക്ക് തൊഴില്‍കാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ അവരില്‍ 104920 പേര്‍ മാത്രമാണ് തൊഴില്‍ ആവശ്യപ്പെട്ടത്. . വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ 4700 തൊഴില്‍ കാര്‍ഡുടമകളില്‍ 950 പേര്‍ മാത്രമാണ് തൊഴിലിനപേക്ഷിച്ചത്. എന്തുകൊണ്ട് മറ്റുള്ളവര്‍ അപേക്ഷിച്ചില്ല. ദിവസക്കൂലി 300 രൂപയില്‍ ഒരു രൂപ കുറഞ്ഞാല്‍ വേറെ ആളു നോക്കിക്കൊള്ളണം. ഇതായിരിക്കുമോ തിരിയെ വരുന്നവരുടേയും മാനസികാവസ്ഥ.
ഇനി ഇതിന്റെ മറ്റൊരു വശം. തൊഴില്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. പക്ഷേ വയനാടും പാലക്കാടും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 99107 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. അതില്‍ തന്നെ പദ്ധതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ 100 ദിവസത്തെ തൊഴില്‍ നല്‍കിയത് വെറും 537 കുടുമ്പങ്ങള്‍ക്ക് മാത്രം. എന്താ തൊഴില്‍ ഇല്ലാഞ്ഞിട്ടാണോ തൊഴില്‍ നല്‍കാത്തത്?. ഇത് ഞമ്മന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയല്ലല്ലോ. അപ്പോള്‍ പിന്നെ അതിനെങ്ങനെ പ്രചാരണം നല്‍കും. ആളുകളെ പദ്ധതിയെ പറ്റി അറിയിച്ചാലല്ലേ അവര്‍ ജോലി ആവശ്യപ്പെടൂ. കേന്ദ്രത്തിന്റെ പദ്ധതി. കേന്ദ്രം വന്നു ചെയ്യട്ടേ എല്ലാം എന്നു വച്ചാലോ.
എന്നിട്ട് മുക്കിലും മൂലയിലും സഖാക്കള്‍ പ്രസംഗിക്കുത്, കേരളത്തില്‍ 30% തോളം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണു പോലും.
താല്പര്യമുള്ളവര്‍ ഇതൊന്നു വായിച്ചു നോക്കൂ. എന്നിട്ട് തീരുമാനിക്കൂ എവിടെയാണ്‍ നമുക്ക് തെറ്റുന്നതെന്നു.
അങ്കിള്‍, വളരെ നന്ദി. എനിക്ക് അറിയാന്‍ പാടില്ലായിരുന്നു ഈ പദ്ധതിയെപ്പറ്റി. പോസ്റ്റില്‍ തന്നെ ഒരു ലിങ്കും നല്‍കിയിട്ടുണ്ട്.
കാലികമായ വിഷയം...നല്ല പോസ്റ്റ്....
മലയാളിയുടെ ഗള്‍ഫ് സ്വപ്നങ്ങള്‍ക്കു ഇനി അവധികൊടുക്കേണ്ട കാലമായി.എന്നാല്‍ പണത്തിന്റെ പ്രൌഡിയില്ലാത്ത ഗള്‍ഫുകാരനെ മലയാളനാടും സര്‍ക്കാരും എങനെയാണു എതിരെല്‍ക്കുക?ഫണ്ടു പിരിക്കുവാന്‍ വിദേശത്തു വരുന്ന രാഷ്ട്രീയക്കാര്‍ പ്രവാസികള്‍ക്കു നൂതന പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും പ്രതീക്ഷ വേണ്ട.സ്വന്തം നിക്ഷേപം,സ്വന്തം ആശയങ്ങള്‍,സ്വന്തം പ്രയത്നം..സ്വന്തം ജീവിതം..കേരളം പ്രവാസിയുടെ മനസ്സിലെ മരുപ്പച്ച മാത്രം.യാഥാര്‍ത്ഥയ്ങ്ങള്‍ മരുഭൂൂമിയേക്കാള്‍ ഭീകരം
വളരെയധികം ഇഷ്ടമായി അപ്പുന്റെ ഈ പോസ്റ്റ്.. നന്നായി എഴുതിയിരിക്കുന്നു.. ഇതാവണം ഇത്തവണ 'മാതൃഭുമി ബ്ലോഗന' യില്‍ വരേണ്ടത്...
ആശംസകള്‍...
അപ്പു, വളര്രെ പ്രസക്തമായ പോസ്റ്റ്.
ഇതിന്റെ പ്രാവര്‍ത്തികതയെപ്പറ്റി ആലോചിക്കുമ്പോള്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല
valare nalla post
കേരളം 'ദൈവത്തിന്റെ നാട്' എന്ന് പറഞ്ഞുകേട്ടതുകൊണ്ടാണോ എന്നറിയില്ല കേരളീയരില്‍ ഭൂരിഭാഗവും സ്വപ്നകൂടാരങ്ങളില്‍ ജീവിക്കുന്നത് പോലെ തോന്നാറുണ്ട്. സ്വപ്നചിന്തകളില്‍ നിന്ന് മാറി യാതാര്‍ത്ഥ്യ ബോധത്തോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്ന വസ്തുനിഷ്ടമായ ഈ കുറിപ്പ് ഏറെ അഭിനന്ദനാര്‍ഹമാണ്.
അപ്പു മാഷെ,
പ്രവാസികൾ വായിച്ചൂ മനസ്സിലാക്കേണ്ട ഒരു പ്രസക്തമായ വിഷയം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.വളരെ നന്നായി.
അഭിനന്ദനങ്ങൾ.
Post a Comment