Thursday, May 28, 2009

വീണോളൂ...പക്ഷേ എഴുനേല്‍ക്കണം !

നിക്ക് വുയുജിച്ച് (Nick Vujicic)എന്നൊരാളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടൊ? ഉണ്ടാവാം, ഇല്ലായിരിക്കാം.

പക്ഷേ അതിനുമുമ്പ് ഒരു ചോദ്യം. പ്രതിസന്ധികളിൽ തളരുന്നയാളാണോ നിങ്ങൾ? ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ട്, എങ്ങോട്ടുപോകണമെന്നറിയാതെ, എന്തുചെയ്യണമെന്നറിയാതെ, എവിടെനിന്നും ഒരു സഹായവും ലഭിക്കാതെ നിരാശയിലകപ്പെട്ട് ‘എനിക്കിങ്ങനെയൊരു ജീവിതം വേണ്ടായിരുന്നു’ എന്ന് ഒരിക്കലെങ്കിലും താങ്കൾ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ജീവിതത്തിൽ ലഭിച്ചിട്ടുള്ള സൌഭാഗ്യങ്ങളെയെല്ലാം ഒരു നിമിഷത്തേക്ക് മറന്നിട്ട്, ‘എനിക്കതില്ല, എനിക്കിതില്ല, എന്നാൽ അവന് / അവൾക്ക് അതെല്ലാം ഉണ്ട്’ എന്ന രീതിയിൽ സ്വയം പരിഭവിക്കാറുണ്ടോ നിങ്ങൾ? ഇതൊക്കെ നിങ്ങളും ചിന്തിക്കുന്ന കാര്യങ്ങളാണെങ്കിൽ ഇനിയുള്ള ഭാഗങ്ങൾ വായിച്ചുകഴിയുമ്പോൾ നിങ്ങളുടെ ധാരണകൾ ഒരു പക്ഷേ നിങ്ങൾ തിരുത്തിയേക്കാം. പ്രതിസന്ധികളിൽ തളരാതെ നിരന്തരമായി പരിശ്രമിക്കുമെങ്കിൽ ജീവിതത്തിൽ നമ്മൾ ഒരു വിജയമായിരിക്കും എന്ന് നമ്മെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു നിക്ക് വുയുജിച്ചിന്റെ കഥ.

1982 ഡിസംബർ 4 ന് ഓസ്ട്രേലിയയിലെ മെൽബണിൽ, ഒരു സൈബീരിയൻ-ക്രിസ്ത്യൻ കുടുംബത്തിലെ മൂത്തകുട്ടിയായാണ് നിക് വുയുജിച്ച് പിറന്നത്. ടെട്രാ-അമീലിയ എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന അത്യന്തം വിചിത്രമായ ഒരു വൈകല്യവുമായാണ് ആ കുഞ്ഞ് ജനിച്ചത്. തോൾ നിരപ്പിനുതാഴേക്ക് കൈകളില്ല; അരയ്ക്ക് താഴെ കാലുകളും. പകരം, ഇടതുതുടയോട് ചേർന്ന് രണ്ടു തള്ളവിരലുകളുള്ള ഒരു മാംസപിണ്ഡം മാത്രം. ആരോഗ്യമുള്ള ആ കൊച്ചു കുഞ്ഞിന് മറ്റു തകരാറുകളൊന്നുമില്ലായിരുന്നു. സ്വാഭാവികമായും അവന്റെ മാതാപിതാക്കൾ വല്ലാത്ത നിരാശയിലകപ്പെട്ടുപോയി.

കഷ്ടപ്പാടുകളും തടസ്സങ്ങളും നിറഞ്ഞതായിരിന്നു കൊച്ചു നിക്കിന്റെ തുടർന്നങ്ങോട്ടുള്ള ജീവിതം. ഓസ്ട്രേലിയയിലെ അന്നത്തെ നിയമം അനുസരിച്ച് ശാരീരിക വൈകല്യങ്ങളുള്ള കുട്ടികൾക്ക് പൊതുസ്കൂളുകളിൽ പ്രവേശനമില്ല. അങ്ങനെ അവൻ ശാരീരിക വൈകല്യങ്ങളുള്ള ഒരു സ്കൂളിൽ പോയിത്തുടങ്ങി. ഒന്നുരണ്ടു വർഷത്തിനുള്ളിൽ തന്നെ ഓസ്ട്രേലിയൻ സർക്കാർ നിയമം പരിഷ്കരിച്ചു. മാനസിക വൈകല്യമില്ലാത്ത, അംഗവിഹീനരായ കുട്ടികൾക്ക് പൊതുസ്കൂളുകളിൽ പവേശനം നൽകാം എന്ന് നിയമം വന്നു.അങ്ങനെ നിക്ക് ഒരു സ്കൂളിൽ ചേർന്നു. തന്റെ രണ്ടുവിരലുകൾ മാത്രം ഉപയോഗിച്ച് കൊച്ചുകൊച്ചു കാര്യങ്ങൾ ചെയ്യുവാൻ അവൻ പഠിച്ചു. ക്രമേണ എഴുതുവാനും, കമ്പ്യൂട്ടർ കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുവാനും പഠിച്ചു. എങ്കിലും സമൂഹത്തിൽ നിന്നുണ്ടായ ഒറ്റപ്പെടുത്തലുകൾ ആ എട്ടുവയസുകാരനു താങ്ങാവുന്നതിലും അപ്പുറത്തായിരിന്നു.

അങ്ങനെയിരിക്കേ ഒരു ദിവസം അവന്റെ അമ്മ നിക്കിനെ ഒരു പത്രവാർത്ത കാണിച്ചു. അംഗവൈകല്യത്താൽ നിസ്സഹായനായ ഒരു മനുഷ്യൻ ജീവിതവുമായി പൊരുതി ജയിക്കുന്നതിന്റെ വാർത്തയായിരുന്നു അത്. ലോകത്ത് ഈരീതിയിൽ കഷ്ടമനുഭവിക്കുന്നത് താൻ മാത്രമല്ല എന്ന തിരിച്ചറിവ് നിക്കിനുണ്ടാവുകയും, തന്റെ വൈകല്യത്തോട് പൊരുതി ജയിക്കുവാനുള്ള ദൃഢനിശ്ചയം എടുക്കുകയും ചെയ്തു. ക്രമേണ നിരന്തരമായ പരിശ്രമത്താൽ നിത്യജീവിതത്തിൽ ആവശ്യമായ എല്ലാക്കാര്യങ്ങളും പരസ്പരസഹായമില്ലാതെ ചെയ്യുവാൻ നിക്ക് പരിശീ‍ലിച്ചു.

പതിനേഴുവയസായപ്പോഴേക്ക് നിക്ക് അവരുടെ കുടുംബപ്രാർത്ഥനായോഗങ്ങളിൽ മറ്റുള്ളവർക്ക് ജീവിതത്തെപ്പറ്റി പ്രതീക്ഷയും, പ്രത്യാശയും നൽകുന്നരീതിയിൽ പ്രസംഗിക്കുവാൻ ആരംഭിച്ചു. ഏറെ താമസിയാതെ തന്നെ Life without limbs (കൈകാലുകളില്ലാതെ ഒരു ജീവിതം) എന്ന സന്നദ്ധ സംഘടന ആരംഭിച്ചു. ഇരുപത്തിയൊന്നാം വയസിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദത്തോടെ കോളജ് വിദ്യാഭ്യാസം അവസാനിപ്പിച്ചു നിക്ക്. തുടർന്ന് തന്റെ സംഘടനയുടെ പേരിൽ ലോകത്തിന്റെ പലഭാഗത്തും പ്രത്യാശയുണർത്തുന്ന പ്രസംഗങ്ങൾ (Motivational speech) നൽകുന്ന ഒരാളായി സഞ്ചരിക്കുവാൻ തുടങ്ങി. പ്രത്യേകിച്ച് വിവിധ രാജ്യങ്ങളിലെ സ്കൂളുകളിലും, കോർപ്പറേറ്റ് കമ്പനികളുടെ മീറ്റിംഗുകളിലും, ചർച്ചുകളിലും നിക്കിന്റെ പ്രസംഗം ഇന്ന് നടത്തപ്പെടുന്നുണ്ട് - ഒരു Motivational tool എന്ന നിലയിൽ. നിക്കിന്റെ സംഘടനയുടെ വെബ് സൈറ്റായ www.lifewithoutlimbs.org സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

യുട്യൂബിൽ നിന്ന് വളരെ പോപ്പുലറായ ഒരു വീഡിയോ ക്ലിപ്പിംഗ് താഴെക്കൊടുക്കുന്നു. നിക്ക് വിയുജിച്ചിന്റെ ജീവിതത്തിൽ നിന്നുള്ള ചില ദൃശ്യങ്ങളും, അദ്ദേഹം ഒരു സ്കൂളിൽ നടത്തുന്ന പ്രഭാഷണവും നിങ്ങൾക്ക് അതിൽ കാണാം. ഈ വീഡിയോ കണ്ടതിനുശേഷം നാം ഒരു നിമിഷം ആലോചിച്ചുപോകും, വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ നാം അതിനെ എങ്ങനെയാണ് നേരിടുക എന്ന്!





ഈ വീഡിയോയില്‍, നിക് താഴെവീണുകൊണ്ട് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കൂ. “ഞാന്‍ ഇപ്പോള്‍ മുഖമടിച്ചു വീണിരിക്കുന്നു. കൈകളോ കാലുകളൊ ഇല്ലാത്ത എനിക്ക് സാധാരണഗതിയില്‍ എഴുനേല്‍ക്കുവാന്‍ സാധ്യമല്ല. എങ്കിലും ഞാന്‍ പ്രതീക്ഷകൈവിടണമോ? ജീവിതത്തില്‍ ചിലപ്പോഴെങ്കിലും നിങ്ങളും ഇതുപോലെ വീണുപോയിട്ടുണ്ടാവില്ലേ? എഴുനേല്‍ക്കുവാന്‍ ശക്തിയില്ല എന്നു നിങ്ങള്‍ അപ്പോള്‍ ചിന്തിച്ചേക്കും. പക്ഷേ നാം പരാജയപ്പെടരുത്. ഒരു നൂറുവട്ടം ഞാന്‍ എന്റെ ശ്രമത്തില്‍ പരാജയപ്പെട്ടേക്കാം. എത്രപ്രാവശ്യം പരാജയപ്പെട്ടു എന്നതിലോ, എങ്ങനെയൊക്കെ ഞാന്‍ പരിശ്രമിക്കുന്നുവോ എന്നതിലല്ല കാര്യം. ഞാന്‍ ഉദ്ദേശിക്കുന്ന കാര്യം എങ്ങനെ പൂര്‍ത്തീകരിക്കുന്നു എന്നതിലാണ്. അതുകൊണ്ട് തളരാതെ പരിശ്രമിച്ചുകൊണ്ടേയിരിക്കുക”

ഈ വാചകങ്ങളുടെ അവസാനം, മൂക്ക് നിലത്തൂന്നിക്കൊണ്ട് നിക്ക് നിവര്‍ന്നിരിക്കുമ്പോള്‍ പ്രേക്ഷകരായ കുട്ടികള്‍ ഒരു പുതിയ പാഠം പഠിക്കുകയാണ്. ആ പാഠം നമുക്കും ഒരു പാഠമായിത്തീരട്ടെ.


original link

കടപ്പാട് : വിക്കിപീഡിയ (ഇംഗ്ലീഷ്)
ഈ യു-ട്യൂബ് ലിങ്ക് എനിക്ക് അയച്ചു തന്ന ഷിഹാബ് മൊഗ്രാൽ എന്ന എന്റെ പ്രിയ സുഹൃത്തിനും

28 comments:

ശ്രീ

ഇത് ഒരു പോസ്റ്റ് ആക്കി ഇട്ടത് നന്നായി, അപ്പുവേട്ടാ...

നമുക്ക് ഇന്നു ലഭ്യമായ സൌകര്യങ്ങള്‍ പോലും മതിയാകുന്നില്ല എന്ന് നിരാശപ്പെടുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കേണ്ടതാണ് നിക്കിനെപ്പോലെയുള്ളവരും ഈ ലോകത്ത് ജീവിച്ചിരിയ്ക്കുന്നു എന്നത്.

teepee | ടീപീ

മനക്കരുത്തും നിശ്ചയദാര്‍ഡ്യവും കൊണ്ട് നേടിയെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ലെന്ന് നിക്ക് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

sHihab mOgraL

അപ്പു,
വളരെ മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം യുട്യൂബില്‍ യാദൃശ്ചികമായി കിട്ടിയതാണ്‌ ഇദ്ദേഹത്തിന്റെ വീഡിയോ. അന്ന് തോന്നിയ അനുഭൂതിയും ആകാംക്ഷയും വളരെ വലുതായിരുന്നു. ഗൂഗിളില്‍ അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കുകയും മനസു നിറഞ്ഞ അഭിനന്ദങ്ങള്‍ മെയിലിലൂടെ അറിയിക്കുകയും ചെയ്തു.
ഇന്ന് നമ്മുടെ kichu (വഹീദ ചേച്ചി) കൈ ഇല്ലാത്ത ഒരാള്‍ ഗിറ്റാര്‍ വായിക്കുന്നതിന്റെ ലിങ്ക് അയച്ചു തന്നപ്പോഴാണ്‌ എനിക്കിത് വീണ്ടും ഓര്‍മ്മ വരുന്നത്. അങ്ങനെയാണ്‌ വീണ്ടും ഇദ്ദേഹത്തിലേക്കെത്തുകയും കുറച്ചു പേര്‍ക്ക് ഇത് പങ്ക് വെക്കുകയും ചെയ്തത്.
ബ്ലോഗിലൂടെ ഇത് പ്രചരിപ്പിക്കാനും അദ്ദേഹം നല്‍കുന്ന വെളിച്ചത്തിന്റെ ഒരു ചെറിയ സ്ഫുരണമെങ്കിലും ഇവിടെ പടര്‍ത്താനും മനസു കാണിച്ച അപ്പുവിന്‌ നന്ദി.. മനസു നിറഞ്ഞ നന്ദി.

‘In the same way, let your light shine before men, that they may see your good deeds and praise your Father in heaven.’ Matthew 5:16 (അവര്‍ അയച്ച മറുപടിയില്‍ നിന്ന്)

"നിങ്ങള്‍ക്കു താഴെയുള്ളവരെ നോക്കുക; മുകളിലുള്ളവരെയല്ല. ദൈവം നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹത്തെ നിന്ദ്യമായി തോന്നാതിരിക്കാന്‍ അതാണ്‌ ഉത്തമം" എന്ന് നബി വചനം.

സ്നേഹപൂര്‍‌വ്വം,
-ശിഹാബ്മൊഗ്രാല്‍-

ജിജ സുബ്രഹ്മണ്യൻ

നിക്കിനെ പോലെയുള്ള ആളുകൾ വളരെ സന്തുഷ്ടരായി ഈ ലോകത്ത് ജീവിക്കുന്നു എന്നത് നമുക്കെല്ലാം ഒരു പാഠമാണ്.ചെറിയ പ്രതിസന്ധികൾ വരുമ്പോൾ തന്നെ ജീവിതം മടുക്കുന്നു എന്നു പറയുന്ന മനുഷ്യർക്ക് നിക്കിനെ പോലെയുള്ളവരുടെ ജീവിതം ഒരു പ്രചോദനമാകട്ടെ.നിക്കിനെ ഇവിടെ പരിചയപ്പെടുത്തിയതിനു പ്രത്യേകം നന്ദി

ramanika

നിങ്ങള്‍ക്കു താഴെയുള്ളവരെ നോക്കുക; മുകളിലുള്ളവരെയല്ല. ദൈവം നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹത്തെ നിന്ദ്യമായി തോന്നാതിരിക്കാന്‍ അതാണ്‌ ഉത്തമം"
ചെറിയ ഒരു പ്രശ്ശനം വരുമ്പോഴേക്കും ജീവിതം വഴിമുട്ടിയപോലെ തോന്നുന്ന നമുക്ക് ഈ പോസ്റ്റ്‌ ശരിക്കും ഒരു ജീവ വായു തന്നെ !

Sabu Kottotty

ഈ പോസ്റ്റ്‌ നന്നായി. സമാനമായ മറ്റൊരു പോസ്റ്റ്‌ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്‌ അപ്പൂന്‍റെ ലോകത്തെത്തിയത്‌.

മനുഷ്യന്‍റെ ഉപബോധമനസ്സിനെ ഒന്നു പ്രോഗ്രാം ചെയ്താല്‍ ഇത്‌ വളരെ എളുപ്പമാണ്‌. നിരാശാബോധത്തില്‍ ജീവിക്കുന്നവരെ ഇത്‌ ഉത്തേജിപ്പിക്കും.

അപ്പുവിനു നന്ദി...

അനില്‍@ബ്ലോഗ് // anil

നമ്മേക്കാള്‍ മോശം ജീവിത സാഹചര്യത്തില്‍ സധൈര്യം മുന്നോട്ട് പോകുന്നവരെ കാണുക തന്നെ വേണം.
നാമൊക്കെ എത്രമാത്രം ഭാഗ്യം ചെയ്തവരാണ്.

kichu / കിച്ചു

അപ്പൂ

നിക്കിനെ പറ്റി മുന്‍പ് വായിച്ചിട്ടുണ്ടെങ്കിലും അപ്പൂന്റെ എഴുത്ത് നന്നായി, ഷിഹാബ് സൂചിപ്പിച്ച ലിങ്ക് കൈപ്പള്ളിയാണ് എനിക്കയച്ചത്. ഞാ‍നത് ചിലര്‍ക്കു ഫോര്‍വേഡ് ചെയ്തു.

നമുക്കു താഴെയുള്ളവരെ കാണാന്‍ കണ്ണുള്ളവര്‍ക്ക് ഒരിക്കലും സ്വന്തം ജീവിതത്തില്‍ അത്രുപ്തി അനുഭവപ്പെടില്ല.

അനില്‍ശ്രീ...

കുറെ നാളുകള്‍ക്ക് മുമ്പ് തന്നെ നിക്കിനെ അറിഞ്ഞു. എന്റെ അഹങ്കാരങ്ങളെ ഇല്ലാതാക്കാന്‍ ഇടെക്കിടെ നിക്കിനെ ഓര്‍ക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ അംഗവൈകല്യം മൂലമുണ്ടാകുന്ന സഹതാപത്തേക്കാള്‍ അതിനെ അതിജീവികാന്‍ അദ്ദേഹം കാട്ടിയ ആര്‍ജ്ജവത്തോടുള്ള ആദരവാണ് കൂടുതല്‍ തോന്നുന്നത്.

ആരാണെന്നറിയാത്ത ഒരാളെ പറ്റികുറെ നാളുകള്‍ക്ക് മുമ്പ് ഞാനും ഇതുപോലെ ഒരു പോസ്റ്റ് ഇട്ടിരുന്നു .

അപ്പു നിക്കിനെ പിന്നെയും കാട്ടിത്തന്നതിന് നന്ദി...

ശ്രീവല്ലഭന്‍.

അപ്പു,
ഈ പരിചയപ്പെടുത്തല്‍ വളരെ നല്ല കാര്യം.

siva // ശിവ

നന്ദി കൂട്ടുകാരാ....

ചാണക്യന്‍

നിക്കിനെ പരിചയപ്പെടുത്തിയതിനു നന്ദി അപ്പു മാഷെ....

ക്രൂര വിധിയില്‍ കുലുങ്ങാത്ത നിക്കിന്റെ ഇശ്ഛാശക്തിക്കു പ്രണാമം.....

Typist | എഴുത്തുകാരി

നന്നായി ഈ പരിചയപ്പെടുത്തല്‍.ഒരു കൊച്ചു പ്രശ്നം വരുമ്പോഴേക്കും ആകെ തകര്‍ന്നുപോകുന്നവര‍ല്ലേ നമ്മള്‍. ഇതൊക്കെ കാണുമ്പോഴാണ് നമ്മളെത്ര ഭാഗ്യവാന്മാര്‍ എന്നു മനസ്സിലാക്കുന്നതു്.

Unknown

ജീവിതത്തിലേ എല്ലാ സൌഭാഗ്യങ്ങള്‍ക്കിടയിലും ഒരു സന്തോഷവും കാണിക്കാതെ കിട്ടാതെ പോയ ഭാഗ്യങ്ങളോര്‍ത്ത് കരയുന്നവര്‍ക്കൊരു മറുപാടിയാണ് നിക്കിന്റെ ജീവിതം.

കുഞ്ഞന്‍

അപ്പു മാഷെ,

ഞാനെവിടെപ്പോയാണ് ഒളിച്ചിരിക്കേണ്ടത്..!!!!

Baiju Elikkattoor

if there is a will, there is a way

കാട്ടിപ്പരുത്തി

ഇച്ചോദ്യമെന്നോടെല്ലെയെന്നു ഞാന്‍-
ശരിയാണു- ഞാനെത്ര നന്ദികെട്ടവന്‍-
ഇവയെന്നെ കണ്ണു തുറപ്പിക്കുന്നു-
തുറക്കുവാന്‍ സഹായിക്കട്ടെ

മാനസ

ദൈവത്തിന്റെ മഹത്വം ഞാന്‍ അനുഭവിച്ചറിയുന്നു..
ആ കരങ്ങളില്‍ ഞാന്‍ എത്രയോ സുരക്ഷിതയാണെന്നും....
.ദൈവമേ.... നന്ദി...

പാര്‍ത്ഥന്‍

മനുഷ്യൻ മുകളിലേയ്ക്കു നോക്കാൻ മാത്രമെ പഠിച്ചിട്ടുള്ളൂ. താഴേയ്ക്ക് നോക്കാൻ അവന്റെ മനസ്സ്‌ തയ്യാറാവുമ്പോൾ മാത്രമെ അവൻ മനുഷ്യനാകുന്നുള്ളൂ.

അരുണ്‍ കരിമുട്ടം

വളരെ നല്ല പോസ്റ്റ്.ആത്മവിശ്വാസം വര്‍ദ്ധിച്ചു

Lathika subhash

അപ്പു,
നിക്കിന്റെ വീഡിയോ ക്ലിപ്പിങ്സ് കണ്ണുകളെ ഈറനണിയിച്ചു. പത്രപ്രവർത്തനം തുടങ്ങിയ കാലത്ത് ചെത്തിപ്പുഴ (ചങ്ങനാശ്ശേരി)ആശാഭവനിൽ താമസ്സിച്ചിരുന്ന രണ്ടു കൈകളുമില്ലാത്ത സ്വപ്ന എന്ന കൊച്ചു മിടുക്കിയെ കണ്ട് എഴുതിയത് ഓർമ്മ വരുന്നു. സ്വപ്നയെ പത്തു പതിനൊന്നു വർഷങ്ങൾക്കു ശേഷം എറണാകുളം ജില്ലയിലെ പോത്താനിക്കാട് പോയി വീണ്ടും കണ്ടു.നല്ലൊരു ചിത്രകാരിയും(വരയ്ക്കുന്നത് കാലുകൊണ്ട്) കലാകാരിയുമാണ് സ്വപ്ന. പിന്നെയും വർഷങ്ങൾ അഞ്ചാറു വർഷങ്ങൾ കടന്നു പോയി. ഈ പോസ്റ്റ് വായിച്ചപ്പോൾ എനിയ്ക്ക് സ്വപ്നയെ കാണാൻ തോന്നുന്നു.
നല്ലപോസ്റ്റ്. നന്ദി അപ്പൂ.ഷിഹാബ് മൊഗ്രാൽ, അപ്പുവിനു ഈ പോസ്റ്റിടാൻ പ്രചോദനമായ താങ്കൾക്കും നന്ദി.

Unknown

Amazing post...thanks for sharing

ജയതി

അപ്പൂ
വീഡിയോയിൽ ചിരിച്ചുകൊണ്ട് മാത്രമെ നിക്കിനേ നാം കാണുന്നുള്ളു എങ്കിലും അതിലെ കരയുന്ന പെൺകുട്ടിയേ പോലെ നമ്മുടെ ഹൃദയവും മുഴുവൻ സമയവും വിങ്ങുകയായിരുന്നില്ലേ.
പരിശ്രമവും അത്മവിശ്വാസവും കൊണ്ട് ഏതു വൈതരണിയും മറികടക്കാമെന്ന് ആവിടിരുന്ന കുട്ടികൾക്ക് മാത്രമല്ല ഇതു കാണുന്ന ഏവർക്കും എത്ര നന്നായി ബോദ്ധ്യപ്പെടുത്തിയിരിക്കുന്നു. എന്നലും എന്തെങ്കിലും അല്പം അസൌകര്യം നേരിടുമ്പോൾ ചിരിച്ചുകൊണ്ടല്ലെങ്കിൽ കൂടി സമചിത്തതയോടെയെങ്കിലും അത് നേരിടാൻ കഴിഞ്ഞിരുന്നെങ്കിൽ......

ശശിനാസ്

ഒരു പ്രത്യേക സാഹചര്യത്തില്‍ പകച്ചു നില്‍ക്കുമ്പോഴാണ് ഈ ലിങ്ക് എനിക്ക് ഒരു സുഹൃത്ത്‌ അയച്ചു തരുന്നത് ... അപ്പൂ ഒരു പാട് നന്ദി ..നികിന്റെ പേരില്‍ ....

Sreejith

അപ്പുവേട്ടാ വളരെ നല്ല പോസ്റ്റ്‌ .... ജീവിതത്തില്‍ നാം ഇനി എന്തൊക്കെ പഠിയ്ക്കാന്‍ കിടക്കുന്നു

Appu Adyakshari

നിക്കിന്റെ കഥവായിച്ച് അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട എല്ലാവര്‍ക്കും ഒറ്റവാക്കില്‍ നന്ദി അറിയിക്കുന്നു.

ജ്വാല

ഈ പോസ്റ്റ് കാണുവാന്‍ വൈകി.എല്ലാവര്‍ക്കും inspiring ആണ്.വളരെ നന്ദി

sakurakackley

Play Slots Casino Games - Mapyro
Welcome to Mapyro, the home for casino table 군산 출장마사지 games! Whether you're 남양주 출장마사지 looking for the classics or just a few favorites to 과천 출장마사지 hit the table, 영천 출장안마 our casino 광주 출장안마 floor has something for every

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP