Monday, January 18, 2010

ചാനൽ വടംവലിയും ഒടിഞ്ഞ കപ്പും

ഒരാഴ്ചയായി നടന്നുവന്ന സംസ്ഥാന സ്കൂൾ കലോത്സവം വിജയകരമായി സമാപിച്ചപ്പോൾ അധികം ശ്രദ്ധിക്കപ്പെടാതെ (അല്ലെങ്കിൽ ചിലരെങ്കിലും മനഃപ്പൂർവ്വം ശ്രദ്ധിപ്പിക്കാതെ മറച്ച) ഒരു വാർത്ത ഇന്നലെ മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ലിങ്ക് ഇവിടെ. വാർത്ത ഇങ്ങനെയായിരുന്നു.

സ്വര്‍ണക്കപ്പിനായി ചാനലുകളുടെ പിടിവലി; കപ്പ് രണ്ടുകഷണം

കോഴിക്കോട്: കലോല്‍സവ വിജയികളുടെ സ്വര്‍ണക്കപ്പിനായി ടിവി ചാനലുകള്‍ തമ്മില്‍ മാനാഞ്ചിറയില്‍ അടിയും പിടിവലിയും. ജേതാക്കളെ ബലമായി തട്ടിക്കൊണ്ടുപോയി ഓഫിസിലിരുത്താന്‍ ചാനലുകാര്‍ നടത്തിയ തെരുവു യുദ്ധത്തിനിടെ ജേതാക്കള്‍ക്കു നല്‍കിയ കപ്പ് രണ്ടായി ഒടിഞ്ഞു.

കലോല്‍സവ വേദിയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു നല്‍കിയ സ്വര്‍ണക്കപ്പിന്റെ മാതൃകയാണു ചാനലുകളുടെ പിടിവലിയില്‍ രണ്ടു കഷണമായത്. ഇതിനിടെ ചാനല്‍ യുദ്ധം പൊതുജനങ്ങള്‍ ഏറ്റെടുത്തതോടെ കലോല്‍സവ സമാപനം സംഘര്‍ഷത്തിലേക്കു നീങ്ങി. പൊലീസ് പാടുപെട്ടാണ് രംഗം ശാന്തമാക്കിയത്. ചിലര്‍ ചാനല്‍ ഓഫിസ് കയ്യേറാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി.

'സ്വര്‍ണ കപ്പുമായി വേദിക്കു വെളിയിലെത്തിയ കോഴിക്കോട് ടീം അംഗങ്ങളെ ആദ്യം സ്റ്റുഡിയോയില്‍ എത്തിച്ചു 'ചരിത്രം എഴുതാനാണ് റിപ്പോര്‍ട്ടര്‍മാരും ചാനല്‍ ജീവനക്കാരും നിലമറന്ന തെരുവുയുദ്ധം നടത്തിയത്. മലയാളത്തിലെ 'ആദ്യ സമ്പൂര്‍ണ ന്യൂസ് ചാനലിലേക്കു സ്വര്‍ണ കപ്പ് എത്തിക്കാനുള്ള ശ്രമം പാര്‍ട്ടി ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ ഇടപെട്ടു തടഞ്ഞു. പിടിവലിയില്‍ റിപ്പോര്‍ട്ടര്‍മാരും ചാനല്‍ ജീവനക്കാരും നിലത്തുവീണു. പാര്‍ട്ടിക്കാരുടെ കൈക്കരുത്തിനു മുന്നില്‍ ഒടുവില്‍ എതിര്‍ ചാനല്‍ കീഴടങ്ങി. ഉടന്‍തന്നെ പാര്‍ട്ടി ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രഖ്യാപിച്ചു, 'സുവര്‍ണ കപ്പ് ആദ്യം ഞങ്ങളുടെ ചാനലില്‍.

അപ്പോഴേക്കു മൂന്നാമതൊരു ചാനല്‍ ക്യാമറാമാന്‍ കൂടി 'നിര്‍ഭയം കപ്പില്‍ പിടിത്തമിട്ടതോടെ കപ്പു പൊട്ടി. ഈ സമയമാണു നാട്ടുകാര്‍ ഇടപെട്ടത്.

ഒടിഞ്ഞ കപ്പിന്റെ കിട്ടിയ പാതിയുമായി റിപ്പോര്‍ട്ടര്‍മാര്‍ കുട്ടികളെ സ്റ്റുഡിയോയില്‍ എത്തിച്ച് ആദ്യം വാര്‍ത്ത ജനങ്ങള്‍ക്കു നല്‍കിയതിന്റെ അവകാശം ഏറ്റെടുത്തു. കപ്പു കിട്ടാത്തവര്‍, 'ഈ ചാനല്‍ മല്‍സരത്തില്‍ ബലം പിടിക്കാനും തട്ടിക്കൊണ്ടു പോകാനും ഞങ്ങളില്ലെന്നു പരസ്യ പ്രഖ്യാപനം നടത്തി അടിയില്‍നിന്നു പിന്‍മാറി. കോഴിക്കോട് ഉല്‍സവമായി നെഞ്ചേറ്റിയ കലോല്‍സവം നാണംകെട്ട ചാനല്‍ മല്‍സരത്തില്‍ നിറംകെട്ട സമാപനത്തിനു സാക്ഷിയാകേണ്ടി വന്നു.

അമൃത ടിവി, ജയ്ഹിന്ദ് ന്യൂസ്, മനോരമ ന്യൂസ് എന്നിവയും മറ്റു പ്രാദേശിക ചാനലുകളും തെരുവുയുദ്ധത്തില്‍നിന്നു വിട്ടുനിന്നു.



ഇതിൽ മനോരമയുടെ റിപ്പോർട്ടിംഗിന്റെ സ്വതസിദ്ധമായ ശൈലി ഉണ്ടെങ്കിലും സംഗതി സത്യമായിരുന്നു. അങ്ങനെ നാണംകെട്ട ഒരു ചാനൽ കിടമത്സരം കൂടി കാണുവാൻ കേരളീയർക്ക് ഭാഗ്യം സിദ്ധിച്ചു! കേരളത്തിലെ ടി.വി ചാനലുകളുടെ തീരെ അപക്വമായ സമീപനത്തിന്റെയും മത്സരബുദ്ധിയുടെയും ഏറ്റവും പുതിയ ഉദാഹരണം. ഇതിനുമുമ്പും പലതവണ ബ്ലോഗിൽ ഇതേ രീതിയിലുള്ള ചാനൽ പ്രവർത്തന രീതിയെ പട്ടിവിളി വിവാദവേളയിലും, പുലിയിറങ്ങിയപ്പോഴും, കാഷ്വാലിറ്റികൾ ആഘോഷിച്ചപ്പോഴും, ആത്മഹത്യയെ സെൻസേഷനലാക്കി മറ്റൊരു ആത്മഹത്യയ്ക്കുകാരണം ആയപ്പോഴും, അതിർത്തിയിൽ യുദ്ധം സ്വയം പ്രഖ്യാപിച്ചപ്പോഴും പലതവണ വിമർശിച്ചു നാക്കും കൈയ്യും കഴച്ചതാണെങ്കിലും പറയാതെ വയ്യാ - മലയാളം ടി.വി ചാനൽ പ്രവർത്തകരേ നിങ്ങൾ കുറേയേറെ പക്വത ആർജ്ജിക്കേണ്ടിയിരിക്കുന്നു.

24 മണിക്കൂർ ന്യൂസ് ഒരുക്കുവാൻ വേണ്ടി നെട്ടോട്ടമോടി, ഫോർത്ത് എസ്റ്റേറ്റിന്റെ സാമാന്യ മര്യാദകൾ മറന്ന്, ചർച്ചയും മറു ചർച്ചയുമായി എങ്ങനെ ചിന്തിക്കണം എന്ന് ജനങ്ങളെ “പ്രേരിപ്പിച്ചുകൊണ്ടുള്ള” ഈ പോക്ക് അത്ര നല്ലതിനല്ല. മത്സരബുദ്ധി നല്ലതാണ്, പക്ഷേ ഗുണപരവും സാംഗത്യമുള്ളതുമായ കാര്യങ്ങളുടെ പിന്നാലെ പോകുമ്പോൾ, ജനങ്ങൾക്കു വേണ്ടി സംസാരിക്കുമ്പോൾ. അല്ലാതെ ജനങ്ങളുടെ പ്രൈവസിയെ മാനിക്കാതെയും, എന്തുചവറും ഏറ്റവും ആദ്യം സ്ക്രീനിലെത്തിക്കാനുള്ള തത്രപ്പാടിൽപെട്ട് തീരെ അപക്വമായി പെരുമാറുകയും ചെയ്യാനാണു ഭാവമെങ്കിൽ ആ ശൈലി എന്നും വിജയകരമായി ഓടണമെന്നില്ല.

33 comments:

OAB/ഒഎബി

ഈ അനുഭവം കൊണ്ടെങ്കിലും അവര്‍ ലജ്ജിക്കുമെന്ന് കരുതാം...

അരുണ്‍ കരിമുട്ടം

കഷ്ടം, ഇവനെയൊക്കെ ചാട്ട കൊണ്ട് അടിക്കണം
ദേഷ്യം താങ്ങാന്‍ വയ്യ അണ്ണാ

Typist | എഴുത്തുകാരി

ചാനലുകാരുടെ ബഹളത്തില്‍ കപ്പ് ഒടിഞ്ഞു എന്നു കേള്‍ക്കുമ്പോള്‍ തന്നെ നാണമാവുന്നു, വാര്‍ത്ത അല്ലെങ്കില്‍ ചിത്രങ്ങള്‍ സ്വന്തം ചാനലില്‍ ആദ്യം എത്തിക്കാന്‍ വേണ്ടി ഇത്രക്കങ്ങ് അധപതിക്കാമോ?

ഈ ലജ്ജ അവര്‍ക്കു തോന്നുന്നുണ്ടാവുമോ, ഉണ്ടാവില്ല.

ഹരീഷ് തൊടുപുഴ

ഇതൊക്കെ ഒരു സ്പോർട്ട്സ്മാൻ സ്പിരിട്ടോടെ എടുക്കെന്നേ..

:)

chithrakaran:ചിത്രകാരന്‍

ചാനലുകളുടെ ആക്രാന്തം ജനം അറിയേണ്ടതുതന്നെയാണ്.
കോട്ടും ടയ്യുമിട്ട് ഏഷണിയും പരദൂഷണവും കൊണ്ട് വയറ്റിപ്പെഴപ്പിനിറങ്ങുന്നവരുടെ യഥാര്‍ത്ഥമുഖവും ജനത്തിനു കാണാന്‍ ഭാഗ്യമുണ്ടായി !!!!

Radheyan

ഞങ്ങളുടെ പടിഞ്ഞാറേ വീടിന്റെ തെക്കുപുറത്ത് ഒരു തണല്‍ വിരിച്ച തല്ലിമരമുണ്ട്.അതിന്റെ ചുവട്ടില്‍ കയര്‍ തൊഴിലാളി സ്ത്രീകള്‍ ഇരുന്ന് കയര്‍ പിരിക്കും.ഒന്നാന്തരം പരദൂഷണ സദസ്സ്. (കീച്ചി കിന്നാരം എന്ന് എന്റെ അമ്മയുടെ പ്രയോഗം).അവിടെ മണം പിടിച്ച് നിന്നാല്‍ അവിഹിതങ്ങളുടെയും വീട്ടു കലഹങ്ങളുടെയും സെന്‍സസ് എടുക്കാന്‍ പറ്റും/ ഒരു കുട്ടികാല കൌതുകമായിരുന്നു അത്.

ആ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ മാത്രം ഞാനിടക്കിടെ കോട്ടിട്ട കോമാളികളുടെ ടിവിയില്‍ ഇപ്പോഴും കാണറുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan)

അപ്പു തന്നെ മറ്റൊരിടത്ത് എഴുതിയ പോസ്റ്റില്‍ ഞാന്‍ പറഞ്ഞതു പോലെ ഈ രംഗത്ത് വളരെ അനാശ്യാസകരമായ കിടമത്സരം നില‌നില്‍ക്കുന്നു.”എക്സ്ക്ലൂസീവ് വാര്‍ത്ത”കള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടമാണു എങ്ങും..ഇത്രമാത്രം വാര്‍ത്ത നല്‍കാന്‍ നമ്മുടെ കൊച്ചു കേരളത്തില്‍ വാര്‍ത്തകള്‍ ഇല്ലതാനും...അപ്പോള്‍ പിന്നെ എന്താ ചെയ്ക..? വാര്‍ത്ത സൃഷ്ടിക്കുക...അല്ലെങ്കില്‍ ഉള്ളതിനെ പൊടിപ്പും തൊങ്ങലും വച്ചു കാച്ചുക...

അതിന്റെ ഒരു നേര്‍ക്കാഴ്ച തന്നെ കോഴിക്കോട്ട് കണ്ടതും..

ആശംസകള്‍ !

Unknown

ഇങ്ങീനെ ഒരു സംഭവം കൊണ്ടൊന്നും അവന്മാര് നിറുത്താൻ പോണില്ല.

പക്ഷേ ഒരു കാര്യം ഉറപ്പാ കേരളത്തിലെ എല്ലാ ചാനലുകൾക്കെതിരേയും ഒരു ദിവസം ജനങ്ങൾ പ്രതികരിക്കും അന്ന് ഇവന്മാര് പഠിക്കും.

അങ്ങിനെ ഒരു ദിവസത്തിന് അധികം നാളുകൾ ഭാക്കി ഇല്ല

സജി

“അങ്ങനെ ടാജ് ഹോട്ടലിലെ കമാന്‍ഡോ ഓപ്പറേഷന്‍ അവസാനിച്ചു “

ഇതു പറയുമ്പോള്‍, റൊപ്പോര്‍ട്ടറിടെ നിരാശ ഒന്നു കാണേണ്ടതായിരുന്നു..

ചോരകുടിയന്മാര്‍!!!

kichu / കിച്ചു

എന്തു പറയാന്‍ !!!!!

★ Shine

സമയോചിതമായ ലേഖനം. ആശംസകൾ.

Advetorial കൾക്കെതിരെയും, കാശു വാങ്ങി വാർത്ത എഴുതുന്നതിനെതിരെയും Editors Guild ശക്തമായ തീരുമാനമെടുത്തെന്നറിഞ്ഞു. ഇനി വേണ്ടത്‌ Media etiquette പോലെ Media workers നു ഒരു etiquette ഉണ്ടാകുകയാണു...!!!

ഒരു നാടിന്റെ സാംസ്കാരിക മുഖം ഉറക്കെ പറയേണ്ടവരും, കാണിക്കേണ്ടവരും ഇങ്ങനെ ആയാൽ...പിന്നെ നമ്മുടെ ഗതി?!!...

ഭായി

കപ്പൊടിച്ച് വാര്‍ത്തയാക്കി!!
ഭാഗ്യം..ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ വിദ്യാര്‍ഥിയെ ഒടിച്ചില്ലല്ലോ!!!

ഷൈജൻ കാക്കര

ഉൽഘാടന ഘോഷയാത്രക്ക്‌ സ്വർണ്ണകപ്പിനായി ആയിരക്കണക്കിന്‌ കുട്ടികളും നാട്ടുകാരും രണ്ടര മണിക്കൂർ കാത്ത്‌ നിന്ന്‌ തുടങ്ങിയ ഒരു കലോൽസവം അവസാനിക്കുമ്പോൾ സ്വർണ്ണകപ്പിന്റെ മതൃകയെങ്ങിലും ഉടയ്‌ക്കണ്ടെ.

ചാനലുകാരെ നിയന്ത്രിക്കണം, പെരുമാട്ടചട്ടം കർശനമാക്കണം. മാധ്യമ പ്രവർത്തകർ അപലപിക്കുകയും ചെയ്‌തു. പരിക്കേറ്റ കുട്ടിയുടെ പിതാവ്‌ കേസ്സും കൊടുത്തിട്ടുണ്ട്‌. പക്ഷെ വിദ്യഭ്യാസ വകുപ്പ്‌ എന്തു ചെയ്തു?

സമയത്തിന്‌ സ്വർണ്ണകപ്പ്‌ കൊണ്ടുവരാതിരുന്ന സഘാടകരെ ആര്‌ ചോദ്യം ചെയ്യും. മന്ത്രിക്കൊ ഡയറക്റ്റർക്കൊ, വിദ്യർത്ഥി സഘടനകൾക്കൊ പരാതിയില്ല. എല്ലാവരും കപ്പ്‌ സൂക്ഷിച്ച ഉദ്യോഗസ്ഥനെ വിവരം അറിയിച്ചില്ല എന്ന ഒറ്റ വാചകത്തിൽ സമധാനം കണ്ടു. അദ്ധ്യാപക സഘടനകൾ അത്ര ശക്തമല്ലേ?

ആര്‌ വിവരം അറിയിച്ചില്ല? കപ്പ്‌ സൂക്ഷിച്ച ഉദ്യോഗസ്ഥൻ മനപൂർവമായിരുന്നോ ലീവ്‌ ഏടുത്തത്‌? എന്ത്‌ നടപടി എടുത്തു. ഇതും അറിയേണ്ടതല്ലേ?

വെയിലത്ത്‌ കാത്തു നിന്നിരുന്ന കുട്ടികളെങ്ങിലും ഇപ്പോൾ ചിരിക്കുന്നുണ്ടാവും!

അനില്‍@ബ്ലോഗ് // anil

ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഖാന്‍പോത്തന്‍കോട്‌

ഇതുമായി ബദ്ധപ്പെട്ട ഒരു എന്റെ പ്രതികരണം ദാ ഇവിടെ

കാട്ടിപ്പരുത്തി

അപ്പു.
നമ്മുടെ നാടിന്നാവശ്യമുള്ളതിനെക്കാളും ചാനലുകളുണ്ടായതു തന്നെ ഒരു ശാപമായിരിക്കുന്നു. നിലനിൽ‌പ്പിന്റെ സമരത്തിൽ ധാർമികതകളില്ലാതാവുന്നു.

Appu Adyakshari

കാക്കര ചോദിച്ച ചോദ്യങ്ങള്‍ എല്ലാം പ്രസക്തമാണ്. എങ്കിലും ഒന്നു ചോദിക്കട്ടെ, എല്ലാവര്‍ഷവും ഇതുപോലെ മാതൃക-കപ്പാണോ വേദിയില്‍ നല്‍കാറ്? അതോ ഒറിജിനലോ?

കാട്ടിപ്പരുത്തി പറഞ്ഞതിലും കാര്യമില്ലാതില്ല. ആവശ്യത്തിലധികമായതാണ് ഇന്നത്തെ നാണംകെട്ട കിടമത്സരങ്ങള്‍ക്കുകാരണം.

ഈ അനുഭവത്തില്‍ ലജ്ജ തോന്നുന്നവര്‍ ടി.വി ചാനലുകള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ അവരെങ്കിലും ഇതില്‍ നിന്നൊരു പാഠം പഠിക്കട്ടെ. പെരുമാറ്റച്ചട്ടങ്ങള്‍ സ്വയം ഉണ്ടാക്കട്ടെ. ആളുകളുടെ ജീവിച്ചിരിക്കുന്നവരായാലും മരിച്ചവരായാലും - പ്രൈവസിയെ മാനിക്കാനും, ആവശ്യത്തിലധികം ഒരു കാര്യങ്ങളിലും ഇടപെടാതിരിക്കാനും വാര്‍ത്തകള്‍ സൃഷ്ടിക്കാതിരിക്കുവാനും, അവര്‍ പഠിക്കട്ടെ.

അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

പകല്‍കിനാവന്‍ | daYdreaMer

നുമ്മളടക്കം ആരും നന്നാവൂല്ല.. ഹല്ല പിന്നെ..! വേലി തന്നെ തിന്നട്ടെ!

വാഴക്കോടന്‍ ‍// vazhakodan

നിലനിൽ‌പ്പിന്റെ സമരത്തിൽ ധാർമികതകളില്ലാതാവുന്നു.That's it!

ആശംസകള്‍ !

ബിന്ദു കെ പി

ചാനലുകൾ അധികമായതുതന്നെയാണ് പ്രധാന കാരണമെന്നാണ് എന്റേയും അഭിപ്രായം. പ്രത്യേകിച്ചും ന്യൂസ് ചാനലുകൾ.

ദൂരദർശൻ ന്യൂസ് മാത്രം ഉണ്ടായിരുന്ന കാലഘട്ടം ഓർത്തുനോക്കൂ.....ന്യൂസിനുവേണ്ടി നമ്മൾ കാത്തിരിക്കാറുണ്ടായിരുന്നില്ലേ...? ക്രമേണ മറ്റു ചാനലുകളൊന്നൊന്നായി കടന്നുവരാൻ തുടങ്ങിയപ്പോൾ നമ്മൾ സന്തോഷിച്ചു. ദൂരദർശന് മനപ്പൂർവ്വം ഒഴിവാക്കേണ്ടി വന്നിരുന്ന പല വാർത്തകളും സ്വകാര്യ ചാനലുകളിൽ നേർക്കാഴ്ചകളായി കണ്ട് ആഹ്ലാദിച്ചു. പിന്നീട് കാര്യങ്ങൾ അവിടവും കടന്ന് 24 മണിക്കൂറും വാർത്തകൾ സം‌പ്രേഷണം ചെയ്യുന്ന ചാനലുകളിലെത്തിയപ്പോഴാണ് സ്ഥിതിഗതികൾ അങ്ങേയറ്റം വഷളായത്. ചാനല്‍പ്പോരിന്റെ സമ്മർദ്ദം കൊണ്ടു മാത്രം പിറവിയെടുക്കപ്പെടുന്ന ഇന്നത്തെ പല വാർത്തകളും അതുകൊണ്ടുതന്നെ പരദൂഷണത്തിന്റെ നിലവാരം പോലും ഇല്ലാത്തവയായിത്തീരുകയും ചെയ്തു.

ന്യൂസ് ചാനലുകളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

ചാണക്യന്‍

അപ്പു മാഷെ...പ്രതികരണം നന്നായി...

ചാനലുകാരുടെ കടിപിടി അതീവ ലജ്ജാകരം....

ബിനോയ്//HariNav

"..ഫോർത്ത് എസ്റ്റേറ്റിന്റെ സാമാന്യ മര്യാദകൾ മറന്ന്, ചർച്ചയും മറു ചർച്ചയുമായി എങ്ങനെ ചിന്തിക്കണം എന്ന് ജനങ്ങളെ “പ്രേരിപ്പിച്ചുകൊണ്ടുള്ള” ഈ പോക്ക് അത്ര നല്ലതിനല്ല.."

Correct :)

ഷൈജൻ കാക്കര

അപ്പു,

എല്ലാവർഷവും വേദിയിൽ കൊടുക്കുന്നത്‌ മാത്രികയാണോ ഒറിജിനൽ ആണൊ എന്നെനിക്കറിയില്ല, പക്ഷെ ഒറിജിനൽ കൊടുത്തുവിടാറില്ല.

---
അമൃത ടിവി, ജയ്ഹിന്ദ് ന്യൂസ്, മനോരമ ന്യൂസ് എന്നിവയും മറ്റു പ്രാദേശിക ചാനലുകളും തെരുവുയുദ്ധത്തില്‍നിന്നു വിട്ടുനിന്നു.
---

അപ്പോൾ തെരുവ്‌യുദ്ധത്തിൽ ആരൊക്കെ പങ്കെടുത്തു? ഇവിടേയും ഒളിച്ച്‌ കളി നടന്നില്ലേ, നോക്കു മനോരമയുടെ ഒരു വർഗ്ഗ സ്നേഹം!

Appu Adyakshari

കാക്കരേ, മനോരമയുടെ റിപ്പോർട്ടിൽ പേരെടുത്തു പറഞ്ഞില്ലെങ്കിലും ആരൊക്കെയാണെന്നത് വ്യംഗാർത്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഓരോ ചാനലിന്റെയും സ്ലോഗൻ ഒന്നു ശ്രദ്ധിച്ചാൽ അതു മനസ്സിലാവും

“മലയാളത്തിലെ 'ആദ്യ സമ്പൂര്‍ണ ന്യൂസ് ചാനലിലേക്കു..” ഇവരാണ് ഒന്നാമത്തെ ടീം.

“പാര്‍ട്ടി ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ ഇടപെട്ടു തടഞ്ഞു..” അത് രണ്ടാം ടീം.

“അപ്പോഴേക്കു മൂന്നാമതൊരു ചാനല്‍ ക്യാമറാമാന്‍ കൂടി 'നിര്‍ഭയം“.....” നേരോടെ നിർഭയം എന്നാണു വിവക്ഷ എന്നു തോന്നുന്നു !!

jayanEvoor

ലജ്ജാകരം...

കപ്പൊടിച്ചവന്മാരും കൊള്ളാം, ഒടിക്കാൻ ചാൻസ് കിട്ടഞ്ഞവരും കൊള്ളാം!

ഇവന്മാരുടെ അറുകൊല നിലവിളി റിപ്പോർട്ടിംഗ് കാരണം ഇപ്പോ വാർത്ത വയ്ക്കാൻ തന്നെ വീട്ടുകാർ സമ്മതിക്കുന്നില്ല!

(സാധാരണ മലയാളിയെപ്പോലെ സംസാരിക്കാൻ ചാനൽ റിപ്പോർട്ടർമാർ എന്നാണാവോ പഠിക്കുക!)

ഷൈജൻ കാക്കര

അപ്പു,

നന്ദി,

മനോരമ സൂചനകളിലൂടെ വളച്ച്‌ എഴുതിയത്‌ കൊണ്ടാണ്‌ "ഒളിച്ച്‌കളി" എന്ന്‌ ഞാൻ പറഞ്ഞത്‌. വാർത്തയിലെ അവ്യക്തത.

ഈ ചാനലുകാർ ആരെങ്ങിലും നിർവ്യാജം ഖേദിച്ചോ? ആർക്കും പരാതിയുമില്ല!

ഭക്ഷണശാലയിൽ അടിയുണ്ടാക്കിയ മാധ്യമ പ്രവർത്തകനെതിരെ എന്ത്‌ നടപടിയെടുത്തു?

അങ്ങനെ ആദ്യം മുതൽ അവസാനം വരെ ഒരു നടപടിയുമില്ലാതെ നമ്മുടെ നിയമ വ്യവസ്ഥയും സാമാന്യനീതിയും അട്ടിമറിക്കപ്പെട്ടു, പിന്നെ കപ്പ്‌ പൊട്ടിയാലെന്ത്‌?

ചാനലുകാരുടെ അതിപ്രസരമൊക്കെ പ്രശ്‌നം വഷളാക്കി, പക്ഷെ നടപടിയെടുക്കേണ്ടവർ എവിടെ?

കുട്ടി സഘടനകളെ കണ്ടവരുണ്ടോ?

അപ്പൂട്ടൻ

ചാനലുകാർ കപ്പൊടിച്ചത്‌ ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്‌ ഞങ്ങളാണെന്ന് ഏതു ചാനലുകാരാണാവൊ "എക്സ്ക്ലൂസീവ്‌" ആയി അവകാശപ്പെട്ടത്‌.

mukthaRionism

ആ ഗപ്പ്
ഞാനും
കണ്ടിരുന്നു..
ചാനലുകളില്‍ തന്നെ...

ആ ഗപ്പിന്റെ
പരിപ്പെടുത്തൂലേ..
എല്ലാരും കൂടി...

പട്ടേപ്പാടം റാംജി

ചാനലുകാരിപ്പോള്‍ വിലകുറഞ്ഞ മത്സരങ്ങളിലും
പെരുംനുണക്കഥ മെനയുന്നതിലും വ്യാപൃതരായി സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നെട്ടോട്ടമാനെന്ന്
എല്ലാരും മനസ്സിലാക്കിതുടങ്ങിയിരിക്കുന്നു.
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...

Anonymous

കിടമത്സരം തന്നെയാണ് സർവ്വമേഘലയിലെവിടെയും നാശം വിതച്ചത്. അവസരോചിതം ഈകുറിപ്പ് .ഭാവുകങ്ങൾ

റോസാപ്പൂക്കള്‍

ലജ്ജാകരമായ സംഭവം.
ചാനലുകള്‍ തന്നെ അവരുടെ വിലകുറച്ചു കളഞ്ഞിരിക്കുന്നു.ഇപ്പോള്‍ ഏതു വാര്‍ത്തകേട്ടാലും അതിന്‍ എത്ര മാത്രം സത്യം ഉണ്ട് എന്നാണ്‍ ആദ്യം മനസ്സില്‍ വരുന്നത്.
പ്രൈവറ്റു ചാനലുകാരെ നീയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Pradeepkumar T P

ഇവിടെ എത്താന്‍ വൈകിപ്പോയല്ലോ അപ്പൂ

നിസ്സഹായന്‍

പത്രമാധ്യമങ്ങളും ചാനലുകളും എത്ര നീചരാണെന്നു തെളിയിക്കുന്ന പോസ്റ്റിന് അഭിനന്ദങ്ങള്‍ ! സത്യം പറഞ്ഞാല്‍ സത്യവുമായി പുലബന്ധം പോലുമില്ലാതെ, ഇവര്‍ ലക്ഷ്യം വയ്ക്കുന്ന ആരെയും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ തകര്‍ക്കാനോ ഉയര്‍ത്താനോ മടിക്കാത്ത എമ്പോക്കികളാണിവര്‍. ഇവനെയൊക്കെ അവസരം കിട്ടുമ്പോള്‍ ശാരീരികമായി കൈകാര്യം ചെയ്യുന്നത് അത്ര വലിയ തെറ്റാണെന്നു തോന്നുന്നില്ല.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP