Tuesday, April 27, 2010

ഹർത്താൽ ദിന ചിന്തകൾ

വിലക്കയറ്റത്തിനെതിരേ ഇന്ന് “അഖിലേന്ത്യാ” ഹർത്താൽ നടത്തുന്ന രാഷ്ട്രീയപ്പാർട്ടികളോട് ചില ചോദ്യങ്ങൾ: 

1. ഈ വർഷം കേരളത്തിൽ നടത്തപ്പെടുന്ന എത്രാമത്തെ ഹർത്താലാണിത്?

2. ഇതുവരെ നടത്തിയ ഹർത്താലുകളിൽ ഏതെങ്കിലും ഒരെണ്ണം, അത് എന്തുദ്ദേശത്തിൽ നടത്തിയോ അത് സാധിച്ചു കിട്ടുന്നതിൽ വിജയിച്ചിട്ടുണ്ടോ? ഇന്നത്തെ ഹർത്താൽ മൂലം അവശ്യ സാധനങ്ങളുടെ വിലകുറയും എന്നു കരുതാമോ? നാളെമുതൽ വേണ്ടാ, ഒരാഴ്ചകഴിഞ്ഞെങ്കിലും?

3. “അഖിലേന്ത്യാ“ ഹർത്താലുകൾ കേരളം, ബംഗാൾ തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രം ജനങ്ങൾ അടങ്ങിയൊതുങ്ങി വീട്ടിലിരുന്ന് ഒരു അവധിയായി ആഘോഷിക്കുമ്പോൾ ഇന്ത്യയിലെ മറ്റു നഗരങ്ങളിലും പ്രദേശങ്ങളിലും അവ യാതൊരു ചലനവും ഉണ്ടാക്കാത്തത് എന്തുകൊണ്ടാണ്? അവിടുത്തെ ജനങ്ങൾക്ക് ബോധമില്ലാത്തതുകൊണ്ടോ?

4. മിഡിൽ ക്ലാസ് ഭൂരിപക്ഷം ഉള്ള കേരളം പോലെ ഒരു സംസ്ഥാനത്ത് ജനങ്ങൾ ഹർത്താലിനെ ഒരു പൊതുഅവധി എന്ന രീതിയിൽ കാണുന്നു എന്നത് സത്യമല്ലേ?  ഇവിടെ സ്ഥിരമായ ജോലിയും മാസശമ്പളവും ഉള്ള ആളുകൾ ഹർത്താൽ ദിനം ഒരു അവധിയായി ആഘോഷിക്കുമ്പോൾ, ദിവസക്കൂലിക്കാരന്റെ ഒരു ദിവസത്തെ വരുമാനം ഇല്ലാതാവുകയല്ലേ ഹർത്താൽ നടത്തുന്നതു വഴി സംഭവിക്കുന്നത്?

5. പ്രതിഷേധവും എതിർപ്പും ഭരണാധികാരികളെ അറിയിക്കുവാൻ ഈ ആധുനിക യുഗത്തിൽ ഹർത്താലും ബന്ദും അല്ലാതെ മറ്റു സമര രീതികൾ ഇല്ലേ? അവ അനുവർത്തിച്ചാലും ഇതേ ഫലം ഉണ്ടാവുകയില്ലേ? ജനങ്ങൾ പരിക്ക് പേടിച്ച് വീട്ടിലിരിക്കുന്നതിനെ ഹർത്താലിന്റെ വിജയമായി കണക്കാക്കുന്നത് പൊള്ളത്തരമല്ലേ?

6. ഹർത്താലിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നതിനേയും ഒരു പ്രവർത്തി ദിവസം പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതുമൂലമുണ്ടാകുന്ന ദേശീയ നഷ്ടത്തേയും എങ്ങനെ ന്യായീകരിക്കാം? ടൂറിസം എന്നൊരു സംഗതി കേരളത്തിന്റെ വരുമാന മാർഗ്ഗമാണല്ലോ. അത് അന്വേഷിച്ച് വിദേശത്തുനിന്നും ഇവിടെ എത്തുന്നവർക്ക് ഈ ഹർത്താൽ  ഉണ്ടാക്കുന്ന പ്രയാസങ്ങളും, അവർ ഈ ഒരൊറ്റക്കാരണത്താൽ അവരുടെ നാട്ടിൽ നിന്ന് ഇങ്ങോട്ട് വരാൻ പ്ലാനിടുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും നിങ്ങൾക്ക് അറിയാമോ?

7. ഹർത്താൽ വേണോ വേണ്ടയോ എന്ന് ഒരു അഭിപ്രായ സർവ്വേ നടത്തിയാൽ എത്ര ശതമാനം ജനങ്ങൾ (കേരളത്തിൽ) അതിനെ അനുകൂലിക്കും എന്നാണ് രാഷ്ട്രീയപ്പാർട്ടികൾ വിശ്വസിക്കുന്നത്? ജനങ്ങൾക്ക് വേണ്ടാത്ത ഒരു സമരരീതി വേണ്ടാ എന്നുവയ്ക്കാൻ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വങ്ങൾ ധൈര്യപൂർവ്വം തീരുമാനമെടുക്കുമോ?

8. വിലകുറയ്ക്കാനുള്ള ഒരു വഴി അവശ്യസാധനങ്ങൾ വിപണിയിൽ ആവശ്യത്തിനു ലഭ്യമാക്കുകയാണ്. ഏറ്റവും കുറഞ്ഞത് അരിയും പച്ചക്കറികളുമെങ്കിലും കേരളത്തിൽ കൃഷിചെയ്യാനുള്ള ഒരു പദ്ധതിയോ, പരിപാടിയോ കുറഞ്ഞത് ഒരു വാക്കെങ്കിലുമോ നിങ്ങളാരും ജനങ്ങളോടൊപ്പം ചേർന്ന് ചെയ്യാത്തത് എന്താണ്?

9. തൊട്ടതിനും പിടിച്ചതിനും ഹർത്താൽ നടത്തി നടത്തി, ആ ഒരു സമരമുറയുടെ അന്തഃസത്ത തന്നെ കളഞ്ഞുകുളിച്ചു എന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയാനാവുമോ?

10. ഹർത്താലുകളില്ലാത്ത ഒരു കേരളം സ്വപ്നം കാണാനാവുമോ? സ്വപ്നം കാണുന്നതിനെന്താ കുഴപ്പം, അല്ലേ !! പ്രവർത്തിയിലൂടെ

21 comments:

Unknown

ആരോട്...? എന്തിന്...? പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ മാഷേ...? ഇത്രയും പ്രതികരണ ശേഷിയുള്ള ഭാരതീയര്‍ എന്തുകൊണ്ട് ഗള്‍ഫില്‍ ഒരു ഹര്‍ത്താല്‍ നടത്തുന്നില്ല? അതും സ്വദേശീയരെക്കാള്‍ പ്രവാസി ഭാരതീയര്‍ ഉള്ള ഈ ഗള്‍ഫില്‍? അപ്പൊ അതാണ്‌ കാര്യം... പേടിക്കെണ്ടവരെ പേടിക്കാനറിയാം. നമ്മുടെ നാട്ടില്‍ ഒരു ഖദറിട്ടാല്‍ പിന്നെ ആരെ പേടിയ്ക്കാനാണ് അല്ലേ..??

ശ്രീ

"ഹർത്താലുകളില്ലാത്ത ഒരു കേരളം സ്വപ്നം കാണാനാവുമോ?"

പിന്നെന്താ? പക്ഷേ സ്വപ്നത്തില്‍ മാത്രമേ കാണാനാകൂ... അതാ പ്രശ്നം.

ഷൈജൻ കാക്കര

ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളം കാക്കര ഹർത്താൽ വിരുദ്ധനാണ്‌, അവിടെ കൊടിയുടെ കളർ നോക്കേണ്ടതില്ല.

Ashly

correct....but when we will change ? :(

hi

pariharam vallathum undo ? practical aya ??

Jijo

STOP HARTAL!

Appu Adyakshari

ജിമ്മീ, ജനങ്ങൾ ഒറ്റക്കെട്ടായി ഒരു സമരം നടത്തേണ്ടിവന്നാൽ നടത്തണം. അതിൽ ഒരു മെതേഡാണ് ഹർത്താൽ. പണ്ട് ബ്രിട്ടീഷ്കാർക്കെതിരെ മഹാത്മാഗാന്ധി പ്രയോഗിച്ച സമരമുറകളിലൊന്നായിരുന്നു ഹർത്താൽ - ജനങ്ങൾ പ്രതിഷേധസൂചകമായി തങ്ങളുടെ മാനവശേഷിവിനിയോഗം ഒരു ദിവസത്തേക്ക് സ്വമേധയാ ഒഴിവാക്കി സർക്കാരിനെതിരെ പ്രതികരിക്കുന്നു.

ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ സമരങ്ങളും പ്രതിഷേധപ്രകടനങ്ങളൂം ആവശ്യമാണ്. പക്ഷേ അതിന്റെ പേരിൽ ഹർത്താൽ എന്നും ബന്ദെന്നും പറഞ്ഞ് ഒരു മാസത്തിൽ ആറും ഏഴും എണ്ണം ആവുമ്പോഴും, തൊട്ടതിനും പിടീച്ചതിനും ജില്ല ഹർത്താൽ, വില്ലേജ് ഹർത്താൽ, സംസ്ഥാന ഹർത്താൽ എന്നിങ്ങനെയായി അടുത്തടുത്ത് ഹർത്താൽ വരുമ്പോഴുമാണ് അത് ജനവിരുദ്ധവും ദേശവിരുദ്ധവും ആവുന്നത്, അതിന്റെ അർത്ഥം തന്നെ മാറിപ്പോകുന്നത്.

അബ്കാരി, ഇതിനൊരു പ്രാക്റ്റിക്കലായ പരിഹാരം, രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെ ഇതിനെതിരെ ഉറച്ച ഒരു തീരുമാനം എടുക്കുക എന്നതുമാത്രമാണ്. ഇന്ന് ബഹു.പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി പത്രസമ്മേളനത്തിൽ അത് ശക്തമായ ഭാഷയിൽ ഇന്നു നടന്ന ഹർത്താലിനേയും, അതേ തുടർന്നുണ്ടായ അക്രമങ്ങളേയും, ജനങ്ങൾക്കുണ്ടായ ദുരിതങ്ങളേയും വിമർശിക്കുകയുണ്ടായി. അദ്ദേഹത്തോട് അവിടെയുണ്ടായിരുന്ന പത്രലേഖകരാരെങ്കിലും ഒരു ചോദ്യം ചോദിച്ചോ എന്നറിയില്ല “കോൺ‌ഗ്രസ് പാർട്ടിയോ, യു.ഡി.എഫ് നേതൃത്വമോ ഇന്നേ ദിവസം ഒരു തീരുമാനമെടുക്കാമോ, ഹർത്താൽ, ബന്ദ് എന്നീ സമരമുറകൾ ഞങ്ങളുടെ പാർട്ടി ഇനി ജനങ്ങളുടെമേൽ അടിച്ചേൽ‌പ്പിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യില്ല“ എന്ന്. ഇങ്ങനെ ഒരു പ്രമുഖ പാർട്ടിയെങ്കിലും ഒരു തീരുമാനം ആദ്യം എടുക്കുമെങ്കിൽ ഹർത്താൽ പതിയെപ്പതിയെ ഇല്ലാതാക്കാവുന്നതല്ലേയുള്ളൂ.

ഏറ്റവും കുറച്ച് ജോലിയിൽ, വിപുലമായ ഒരു സമരമുറ എന്ന രീതിയിലാണ് ഇന്ന് ഹർത്താൽ പാർട്ടികൾ കാണുന്നത്. വെറുതേ ഒന്നാഹ്വാനം ചെയ്യുക. കേരളത്തിലെ ജനങ്ങളെല്ലാം വീട്ടിലിരുന്നുകൊള്ളും.

പ്രവീണ്‍ വട്ടപ്പറമ്പത്ത്

മാഷേ, പോസ്റ്റിന്റെ സീരിയസ്നെസ് കളയുന്നു എന്നു തോന്നുന്നുണ്ടെങ്കിൽ ഡെലീറ്റുക :)

കാലാതീതമായി നിലനിൽക്കുന്നതും മർദ്ദിത ജനവിഭാഗങ്ങളുടെ അന്ത:പ്രക്ഷോഭങ്ങളുടെ പ്രതീകാത്മകപ്രതികരണത്തിനു ഏറ്റവും ഉദാത്തമായ ഒരു മാർഗവുമാണു ഹർത്താൽ. ഹർത്താൽ വെറും പ്രതികരണമാർഗം മാത്രമല്ല, മറിച്ച് അതൊരു കലയാണു.. ഉത്കൃഷ്ടമായ ഒരു കല.. അതിന്റെ കലാമൂല്യം സംരക്ഷിക്കേണ്ടതു നമ്മുടെ വരുംതലമുറയോട് ചെയ്യേണ്ട ഏറ്റവും വലിയ കടമയാണു. ഹർത്താലിനെ പൈതൃകസംരക്ഷണ പദ്ധതിയിൽ പെടുത്തി പരിപോഷിച്ചെടുക്കേണ്ടതാണു എന്നാണു ഈയുള്ളവന്റെ അഭിപ്രായം.

പ്രാഥമികതലത്തിൽ തന്നെ ഹർത്താലിനെ ശാസ്ത്രീയമായി നടപ്പിലാക്കേണ്ടതിനെക്കുറിച്ചു ഒരു അവബോധം സൃഷ്ടിക്കുവാൻ ഇതിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. സർവ്വ ശിക്ഷ അഭിയാൻ മാതൃകയിൽ ഹർത്താനനുബന്ധവിഷയങ്ങളിൽ (ഹർത്താൽ ദിനത്തിൽ ടുവീലർ എടുക്കുന്നവന്റെ വണ്ടിയുടെ കാറ്റഴിച്ചുവിടുക, അവന്റെ “തന്തക്കും തള്ളക്കും” വിളിക്കാവുന്ന മനോഹരമായ തെറികൾ ശേഖരിക്കുക) പ്രായോഗികപരീക്ഷയും പരിശീലനകളരികളും സംഘടിപ്പിക്കുകയും വേണം.
ജയ് ഹർത്താൽ....!!!

Appu Adyakshari

പ്രവീൺ, തമാശരൂപേണയാണു പറഞ്ഞതെങ്കിലും വാചകങ്ങൾക്കു പിന്നിലെ പ്രതിഷേധവും രോഷവും വ്യക്തമാണ്. സാധാരണക്കാരന്റെ ഈ നിസ്സഹായതയാണ് രാഷ്ട്രീയക്കാർ കണ്ടില്ലെന്നു നടിക്കുന്നതും.

Unknown

നന്നായിരിക്കുന്നു. ആരോട്‌ ചോദിക്ക്കണം, ആരു കേൾക്കാൻ തയ്യാറാകും എന്നൊക്കെ അറിയാതെ ഞാനുൾപ്പെടെയുള്ളവർ മനസ്സിൽ കൊണ്ട് നടക്കുന്ന ചോദ്യങ്ങൾ!

ഈ കോപ്രായങ്ങൾ കണ്ട് മനം മടുത്തിട്ടാണ്‌ അപ്പുച്ചേട്ടാ കഴിഞ്ഞ ഹർത്താലിന്‌ ഞാനും ഒരു ബ്ളോഗ് എഴുതിയത്.

http://beingmallu.blogspot.com/2008/07/bookmyharthalcom.html

Manikandan

അപ്പുവേട്ടാ ഇത്തവണത്തെ ഹര്‍ത്താല്‍ കൊണ്ട് ഒരുഗുണം ഉണ്ടായി. ഹര്‍ത്താലിന്റെ രണ്ടാമത്തെ ദിവസം പച്ചക്കറിവില ഇരട്ടിയായി. ഹര്‍ത്താല്‍ കാരണം ചന്തയില്‍ പച്ചക്കറികള്‍ എത്താത്തതുതന്നെ കാരണം. പിന്നെ ഹര്‍ത്താല്‍ തലേന്നത്തെ മദ്യവില്പന ഇത്തവണ റെക്കോര്‍ഡ് ആയി എന്നും കേള്‍ക്കുന്നു. നമ്മള്‍ ശരിക്കും ആഘോഷിക്കുകയല്ലെ.

Kalavallabhan

ഹർത്താൽ, ബന്ദ്, ഇലക്ഷൻ പ്രചരണം, ശക്തിപ്രകടനം അങ്ങനെ പല പേരിൽ വിളിക്കപ്പെടുന്ന ഈ പരിപാടികളെല്ലാം ഇന്ന് കേരളത്തിലെ തൊഴിലില്ലാത്ത ബിപിയെല്ലുകാരുടെ അഷ്ടിക്കുള്ള ഒരു പുതിയ മാർഗ്ഗമാണെന്ന് ഈ പ്രവാസികൾക്കും ഉദ്യോഗ പ്രമുഖന്മാർക്കും അറിയില്ലേ ?

ഇനി ഇതിനെതിരെ പ്രവർത്തിക്കാനോ സഘടിക്കാനോ തിരിഞ്ഞാൽ ഞങ്ങൾ അതായത് “കേരള ഹർത്താൽ തൊഴിലാളി യൂണിയൻ (കെ എച്ച് റ്റി യു) അനിശ്ചിതകാല ഹർത്താൽ തുടങ്ങേണ്ടി വരുമെന്ന് അറിയിക്കുന്നു.

ജയ് ജയ് ഹർത്താൽ യൂണിയൻ

Mahesh Cheruthana/മഹി

അപ്പുവേട്ടാ :പ്രസക്തമായ വിഷയം !
ഇപ്പോള്‍ പ്രാദേശിക ഹര്‍ ത്താലാണു ജനത്തിനെ ഇപ്പോള്‍ കൂടുതലും വലക്കുന്നത്!
ആശംസകള്‍ !

Unknown

നിയമസഭക്കും വേണ്ടേ ഹർത്താൽ

ജനജീവിതം സ്തംഭിക്കുമ്പോൾ ഹർത്താലിന് ആഹ്വാനം ചയ്ത രാഷ്ട്രീയതൊഴിലാളികളും മുതലാളിമാരുമൊക്കെയായ ജനപ്രതിനിധികളായനേതാകന്മാർ നിയമസഭയിൽ പോകുന്നത് ശരിയോ?പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയത്രേ. അപ്പോൾ നിയമസഭയിൽ അവർക്കാണിന്ന് ഹർത്താൽ!
മയുള്ളോരുടെ ജോലി മുടക്കിയിട്ട് ഇവന്മാർ നിയമസഭയി കേറി ഞായം പറയുന്നത് നീതിയോ

ഷൈജൻ കാക്കര

പഴയ പോസ്റ്റാണെങ്ങിലും കിടക്കട്ടെ ഒരു കമന്റ് കൂടി...

. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട്‌ ഇന്ദിരഭവൻ പിക്കറ്റ്‌ ചെയ്യുക, പ്രസിഡണ്ടിനെ ഘൊരാവോ ചെയ്യുക. സംസ്ഥാനസർക്കാരിന്റെ പിൻതിരിപ്പൻ നയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട് എ.കെ.ജി സെന്റർ പിക്കറ്റ്‌ ചെയ്യുക, സെക്രട്ടറിയെ ഘൊരാവോ ചെയ്യുക...

രജിത്ത്.കെ.പി

ഈ ഹര്ത്താലിന്റെ മറൊരു ദൂഷ്യവശം കേരളത്തിലെ ജനങ്ങള്‍ (ഞാനടക്കം) മടിയന്മാരായി പോകുന്നു എന്നതാണ്. നാളെ ഹര്ത്താലനെങ്കില്‍ ഇന്ന് തന്നെ അതിനുള്ള മുന്നൊരുക്കം നടത്തും. നാളെ മുഴുവന്‍ ഇരുന്നു ടിവി കണ്ടുകളയാം എന്ന് വിചാരിക്കും. പിറെന്നു ജോലിക്ക് പോകുമ്പോള്‍ ഓണാവധി കഴിഞ്ഞു സ്കൂളില്‍ പോകുന്ന കുട്ടികളെ പോലെ മുഷിച്ചില്‍ തോന്നിപ്പോകും. എനിക്ക് തോന്നുന്നു ജനങ്ങള്‍ തങ്ങളുടെ ഉള്ളില്‍ നിന്നും ഹര്‍ത്താല്‍ എന്നാ ദുര്‍ഭൂതത്തെ പുരത്തുചാടിക്കണം. അതിനു പുറമേ രാഷ്ട്രീയക്കാര്‍ ഈ സമരമുരയെ ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഇതുരണ്ടും നടക്കാത്തിടത്തോളം ഹര്‍ത്താലില്ലാത്ത കേരളത്തെപ്പറ്റി സ്വപ്നം കാണാനേ നമുക്ക് കഴിയൂ.....

mayflowers

അസ്സലായി..
കേരളത്തിലെ ഓരോ പൌരനും ഉള്ളില്‍ കൊണ്ടുനടക്കുന്ന ചോദ്യങ്ങളാണ് ഇതൊക്കെയും..
അഭിനന്ദനങ്ങള്‍..

SUJITH KAYYUR

vannu.vayichu.veendum varaam.

MOIDEEN ANGADIMUGAR

പൊതുജനം കഴുതകളായിരിക്കുന്നടുത്തോളം കാലം ഹർത്താൽ തുടരുക തന്നെ ചെയ്യും.

ente lokam

അതെ സ്വപനം കാണാന്‍ മാത്രം വിധിക്കപ്പെട്ടവര്‍
ചിന്തിക്കേണ്ട വിഷയം..

Unknown

vayichu valare nannayittundu

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP