കായംകുളം കൃഷ്ണപുരംകൊട്ടാരം - 1 : സചിത്രലേഖനം
ആലപ്പുഴ ജില്ലയിലെ പ്രമുഖ പട്ടണങ്ങളില്‍ ഒന്നാണ് കായംകുളം. കായംകുളം പട്ടണത്തില്‍നിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ തെക്കോട്ടു മാറി, നാഷണല്‍ ഹൈവേ 47 ന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ് കൃഷ്ണപുരം കൊട്ടാരം.
പുരാതനകാലത്ത് ഓടനാട് എന്നായിരുന്നു ഇന്നത്തെ കായംകുളം ഉള്‍പ്പെടുന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്നത്. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച് കൃത്യമായ അറിവില്ല. കായംകുളവും സമീപ പ്രദേശങ്ങളായ ചെങ്ങന്നൂര്‍, മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും ചേര്‍ന്ന വിശാലമായ ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്. പതിനഞ്ചാം നൂറ്റാണ്ടോടെ, ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. നീണ്ട ഒരു കടല്‍ത്തീരമുണ്ടായിരുന്ന ഈ രാജ്യവുമായി ഡച്ചുകാര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും നല്ല വ്യാപാരബന്ധങ്ങളുണ്ടായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജ്യം പിടിച്ചെടുക്കുകയും അതിനെ തിരുവിതാംകൂറിനോടു ചേര്‍ക്കുകയും ചെയ്തു. കായംകുളം രാജാക്കന്മാരുടെ കോട്ടകൊത്തളങ്ങള്‍ ഇടിച്ചുനിരത്തി, 1729 നും 1758 നും ഇടയിലുള്ള കാലഘട്ടത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഇന്നുകാണുന്ന കൊട്ടാരത്തിന്റെ ആദ്യരൂപം പണികഴിപ്പിച്ചു. രാമയ്യന്‍ ദളവയ്ക്കായിരുന്നു നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല. പിന്നീട് അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ള ഈ കൊട്ടാരം പുതുക്കിപ്പണിതെങ്കിലും തനിമയില്‍ മാറ്റമൊന്നും വരുത്തിയില്ല. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഒരു ഇടത്താവളമായി കൃഷ്ണപുരം കൊട്ടാരം ഉപയോഗിച്ചുപോന്നു.
തനികേരളീയ വാസ്തുശില്‍പ്പ രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം "പതിനാറുകെട്ടാ" യാണ് നിര്‍മ്മിച്ചിരിക്കുന്നത്. പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു മിനിയേച്ചര്‍ എന്നു തന്നെ പറയാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. ചരിത്രമുറങ്ങുന്ന ഈ കൊട്ടാരക്കെട്ടുകളിലൂടെ നടക്കുമ്പോള്‍ നാം ഭൂതകാലത്തിന്റെ മങ്ങിയനിറങ്ങളിലേക്കും, മുത്തശ്ശിക്കഥകളില്‍ മാത്രം കേട്ടിട്ടുള്ള രാജകൊട്ടാരങ്ങളുടെ അകത്തളങ്ങളിലേക്കും പ്രവേശിക്കുകയായി.
പുറത്തെ ചുറ്റുമതില്‍ കടന്ന് ഉള്ളിലേക്കെത്തിയാല്‍ മനോഹരമായ ഒരു ഉദ്യാനം കാണാം. ഈ ഉദ്യാനം നല്ലരീതിയില്‍ത്തന്നെ പരിപാലിച്ചിട്ടുണ്ട്. അകത്തെ ചുറ്റുമതിലും പടിപ്പുരയും വിശാലമായ മുറ്റവും കടന്ന് കൊട്ടാരത്തിന്റെ പ്രധാന വാതിലിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു ഇടനാഴിയും അതിനിരുവശങ്ങളിലായുള്ള രണ്ടുമുറികളും, ഇടനാഴിയുടെ ഒരറ്റത്ത് ഒരു നടുത്തളവും നടുമുറ്റവും ഉണ്ട്. കൊട്ടാരത്തിന്റെ പിന്‍ഭാഗത്തായി കൊട്ടാരത്തോടു ചേര്‍ന്നു തന്നെ വിശാലമായ ഒരു കുളവും നിര്‍മ്മിച്ചിരിക്കുന്നു.
കൊട്ടാരക്കെട്ടുകള്‍ക്കുള്ളിലെ ഒരു മുറി കുളത്തിലേക്കിറക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. കുളത്തിലേക്കിറങ്ങിനില്‍ക്കുന്ന ഒരു മട്ടുപ്പാവുപോലെയുള്ള ഈ മുറിയിലൂടെ സദാ സ്വച്ഛവും കുളിര്‍മയുള്ളതുമായ വായു കൊട്ടാരത്തിനുള്ളിലൂടെ കടന്നു പോകുന്നു. നിലവിലുള്ള ഒരു എയര്‍ കണ്ടീഷനിംഗ് യൂണിറ്റിനും ഇത്തരമൊരു കാലാവസ്ഥ ഒരു മുറിയില്‍ പുനഃസൃഷ്ടിക്കാനാവില്ല എന്ന് നിസ്സംശയം പറയാം.
അവിടെനിന്നും ഒരു വശത്തേക്കിറങ്ങിയാല്‍ കുളത്തിലേക്കിറങ്ങാനുള്ള കല്‍പ്പടവുകള്‍ കാണാം. ഈ പടവുകള്‍ ഒരു കുളപ്പുരയിലേക്കാണിറങ്ങുന്നത്. കുളിക്കുന്നവര്‍ക്ക് ഒരു മറയായി ഉപയോഗിച്ചിരുന്നതാവാം ഈ കുളപ്പുര. കുളത്തില്‍ വലിയ മീനുകള്‍ കളിച്ചുപുളയ്ക്കുന്നു.
കുളത്തിലേക്കിറങ്ങുവാനുള്ള പടവുകള്‍. പടവുകളിറങ്ങി ഇടത്തേക്ക് തിരിഞ്ഞാല്‍ മുട്ടറ്റം വെള്ളമുള്ള ഒരു മുറിയാണ്. മുറി കുളവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ മുറിക്കു മുകളിലാണ് മേല്‍പ്പറഞ്ഞ കുളത്തിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന മട്ടുപ്പാവ്.
പടവുകള്‍ക്കു സമീപത്തു തന്നെ തേവാരപ്പുര (പണ്ടത്തെ ഡ്രസിംഗ് റൂം) നിര്‍മ്മിച്ചിരിക്കുന്നു. തേവാരപ്പുരയില്‍നിന്നും നേരെ മുമ്പിലായുള്ള ഒരു ഇടനാഴിയുണ്ട്. അതിന്റെ ഭിത്തിയില്‍, കേരളത്തില്‍ ഇത്വരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനല്‍ ചുവര്‍ച്ചിത്രമായ "ഗജേന്ദ്രമോക്ഷം" ചിത്രീകരിച്ചിരിക്കുന്നു. പൂര്‍ണ്ണമായും പ്രകൃത്യാലഭ്യമായ ചായങ്ങള്‍ മാത്രമുപയോഗിച്ച് വരച്ചിരിക്കുന്ന ഈ ചിത്രം ഇന്നും വലിയ കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നു.
പടികള്‍ കയറി മുകള്‍തട്ടിലേക്കെത്തുമ്പോള്‍ രാജാവിന്റെ ദര്‍ബാര്‍ ഹാളും, മറ്റു മുറികളും കാണാം. അതിമനോഹരമായ കൊത്തുപണികളോടുകൂടിയ കൊട്ടാരത്തിന്റെ മേല്‍ത്തട്ട് അന്നത്തെ ശില്‍പവൈദഗ്ദ്ധ്യത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്. ഇടനാഴികളും, കിളിവാതിലുകളും, ഇടയ്ക്കിടെക്കാണുന്ന ജാലകങ്ങളുമെല്ലാം, നമ്മെ ഒരു നിമിഷത്തേക്കെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ പഴമയിലെത്തിക്കും എന്നതില്‍ സംശയംവേണ്ട!
ദര്‍ബാര്‍ ഹാള്‍: ഇവിടെ വച്ചായിരുന്നു രാജാവ് സുപ്രധാന ചര്‍ച്ചകള്‍ നടത്തിയിരുന്നത്.
മുകള്‍ത്തട്ടിലെ ഒരു ഇടനാഴി.
പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂര്‍വ്വ ശേഖരംതന്നെ ഇവിടുത്തെ മ്യൂസിയത്തില്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വിശദമായ വിവരണങ്ങള്‍ നല്‍കാന്‍ ടൂറിസം വകുപ്പിന്റെ തന്നെ ഉദ്യോഗസ്ഥന്മാരും ഉണ്ട്. മുകള്‍ത്തട്ടിലെ വിശാലമായ ഹാളുകളില്‍ അതി ബൃഹത്തായ ഒരു നാണയ ശേഖരവും, പുരാതന ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു; താഴത്തെ മുറികളില്‍ ഇന്ത്യയുടേയും കേരളത്തിന്റെയും പലഭാഗങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളും.
കേരളപ്പഴമയും ചരിത്രവും അറിയുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ ഇഷ്ടപ്പെടുന്ന ആ കാഴ്ചകളെപ്പറ്റി ഇനി അടുത്ത പോസ്റ്റില്‍.
N:B വിക്കിയില്‍ ഈ പോസ്റ്റിന്റെ ഒരു സംക്ഷിപ്തരൂപം കൊടുത്തിട്ടുണ്ട്. ലിങ്ക് ഇവിടെ
