Tuesday, September 11, 2007

കായംകുളം കൃഷ്ണപുരംകൊട്ടാരം - 1 : സചിത്രലേഖനം

ആലപ്പുഴ ജില്ലയിലെ പ്രമുഖ പട്ടണങ്ങളില്‍ ഒന്നാണ്‌ കായംകുളം. കായംകുളം പട്ടണത്തില്‍നിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ തെക്കോട്ടു മാറി, നാഷണല്‍ ഹൈവേ 47 ന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ കൃഷ്ണപുരം കൊട്ടാരം.പുരാതനകാലത്ത്‌ ഓടനാട്‌ എന്നായിരുന്നു ഇന്നത്തെ കായംകുളം ഉള്‍പ്പെടുന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്നത്‌. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച്‌ കൃത്യമായ അറിവില്ല. കായംകുളവും സമീപ പ്രദേശങ്ങളായ ചെങ്ങന്നൂര്‍, മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും ചേര്‍ന്ന വിശാലമായ ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്‌. പതിനഞ്ചാം നൂറ്റാണ്ടോടെ, ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക്‌ മാറ്റി. നീണ്ട ഒരു കടല്‍ത്തീരമുണ്ടായിരുന്ന ഈ രാജ്യവുമായി ഡച്ചുകാര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും നല്ല വ്യാപാരബന്ധങ്ങളുണ്ടായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജ്യം പിടിച്ചെടുക്കുകയും അതിനെ തിരുവിതാംകൂറിനോടു ചേര്‍ക്കുകയും ചെയ്തു. കായംകുളം രാജാക്കന്മാരുടെ കോട്ടകൊത്തളങ്ങള്‍ ഇടിച്ചുനിരത്തി, 1729 നും 1758 നും ഇടയിലുള്ള കാലഘട്ടത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഇന്നുകാണുന്ന കൊട്ടാരത്തിന്റെ ആദ്യരൂപം പണികഴിപ്പിച്ചു. രാമയ്യന്‍ ദളവയ്ക്കായിരുന്നു നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല. പിന്നീട്‌ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ള ഈ കൊട്ടാരം പുതുക്കിപ്പണിതെങ്കിലും തനിമയില്‍ മാറ്റമൊന്നും വരുത്തിയില്ല. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഒരു ഇടത്താവളമായി കൃഷ്ണപുരം കൊട്ടാരം ഉപയോഗിച്ചുപോന്നു.തനികേരളീയ വാസ്തുശില്‍പ്പ രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം "പതിനാറുകെട്ടാ" യാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു മിനിയേച്ചര്‍ എന്നു തന്നെ പറയാവുന്ന രീതിയിലാണ്‌ ഇതിന്റെ നിര്‍മ്മാണം. ചരിത്രമുറങ്ങുന്ന ഈ കൊട്ടാരക്കെട്ടുകളിലൂടെ നടക്കുമ്പോള്‍ നാം ഭൂതകാലത്തിന്റെ മങ്ങിയനിറങ്ങളിലേക്കും, മുത്തശ്ശിക്കഥകളില്‍ മാത്രം കേട്ടിട്ടുള്ള രാജകൊട്ടാരങ്ങളുടെ അകത്തളങ്ങളിലേക്കും പ്രവേശിക്കുകയായി.പുറത്തെ ചുറ്റുമതില്‍ കടന്ന് ഉള്ളിലേക്കെത്തിയാല്‍ മനോഹരമായ ഒരു ഉദ്യാനം കാണാം. ഈ ഉദ്യാനം നല്ലരീതിയില്‍ത്തന്നെ പരിപാലിച്ചിട്ടുണ്ട്‌. അകത്തെ ചുറ്റുമതിലും പടിപ്പുരയും വിശാലമായ മുറ്റവും കടന്ന് കൊട്ടാരത്തിന്റെ പ്രധാന വാതിലിലൂടെ ഉള്ളിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ഒരു ഇടനാഴിയും അതിനിരുവശങ്ങളിലായുള്ള രണ്ടുമുറികളും, ഇടനാഴിയുടെ ഒരറ്റത്ത് ഒരു നടുത്തളവും നടുമുറ്റവും ഉണ്ട്‌. കൊട്ടാരത്തിന്റെ പിന്‍ഭാഗത്തായി കൊട്ടാരത്തോടു ചേര്‍ന്നു തന്നെ വിശാലമായ ഒരു കുളവും നിര്‍മ്മിച്ചിരിക്കുന്നു.കൊട്ടാരക്കെട്ടുകള്‍ക്കുള്ളിലെ ഒരു മുറി കുളത്തിലേക്കിറക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. കുളത്തിലേക്കിറങ്ങിനില്‍ക്കുന്ന ഒരു മട്ടുപ്പാവുപോലെയുള്ള ഈ മുറിയിലൂടെ സദാ സ്വച്ഛവും കുളിര്‍മയുള്ളതുമായ വായു കൊട്ടാരത്തിനുള്ളിലൂടെ കടന്നു പോകുന്നു. നിലവിലുള്ള ഒരു എയര്‍ കണ്ടീഷനിംഗ് യൂണിറ്റിനും ഇത്തരമൊരു കാലാവസ്ഥ ഒരു മുറിയില്‍ പുനഃസൃഷ്ടിക്കാനാവില്ല എന്ന് നിസ്സംശയം പറയാം.അവിടെനിന്നും ഒരു വശത്തേക്കിറങ്ങിയാല്‍ കുളത്തിലേക്കിറങ്ങാനുള്ള കല്‍പ്പടവുകള്‍ കാണാം. ഈ പടവുകള്‍ ഒരു കുളപ്പുരയിലേക്കാണിറങ്ങുന്നത്‌. കുളിക്കുന്നവര്‍ക്ക്‌ ഒരു മറയായി ഉപയോഗിച്ചിരുന്നതാവാം ഈ കുളപ്പുര. കുളത്തില്‍ വലിയ മീനുകള്‍ കളിച്ചുപുളയ്ക്കുന്നു.


കുളത്തിലേക്കിറങ്ങുവാനുള്ള പടവുകള്‍. പടവുകളിറങ്ങി ഇടത്തേക്ക് തിരിഞ്ഞാല്‍ മുട്ടറ്റം വെള്ളമുള്ള ഒരു മുറിയാണ്. മുറി കുളവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ മുറിക്കു മുകളിലാണ് മേല്‍പ്പറഞ്ഞ കുളത്തിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന മട്ടുപ്പാവ്.

പടവുകള്‍ക്കു സമീപത്തു തന്നെ തേവാരപ്പുര (പണ്ടത്തെ ഡ്രസിംഗ്‌ റൂം) നിര്‍മ്മിച്ചിരിക്കുന്നു. തേവാരപ്പുരയില്‍നിന്നും നേരെ മുമ്പിലായുള്ള ഒരു ഇടനാഴിയുണ്ട്‌. അതിന്റെ ഭിത്തിയില്‍, കേരളത്തില്‍ ഇത്വരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനല്‍ ചുവര്‍ച്ചിത്രമായ "ഗജേന്ദ്രമോക്ഷം" ചിത്രീകരിച്ചിരിക്കുന്നു. പൂര്‍ണ്ണമായും പ്രകൃത്യാലഭ്യമായ ചായങ്ങള്‍ മാത്രമുപയോഗിച്ച് വരച്ചിരിക്കുന്ന ഈ ചിത്രം ഇന്നും വലിയ കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നു.പടികള്‍ കയറി മുകള്‍തട്ടിലേക്കെത്തുമ്പോള്‍ രാജാവിന്റെ ദര്‍ബാര്‍ ഹാളും, മറ്റു മുറികളും കാണാം. അതിമനോഹരമായ കൊത്തുപണികളോടുകൂടിയ കൊട്ടാരത്തിന്റെ മേല്‍ത്തട്ട്‌ അന്നത്തെ ശില്‍പവൈദഗ്ദ്ധ്യത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്‌. ഇടനാഴികളും, കിളിവാതിലുകളും, ഇടയ്ക്കിടെക്കാണുന്ന ജാലകങ്ങളുമെല്ലാം, നമ്മെ ഒരു നിമിഷത്തേക്കെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ പഴമയിലെത്തിക്കും എന്നതില്‍ സംശയംവേണ്ട!ദര്‍ബാര്‍ ഹാള്‍: ഇവിടെ വച്ചായിരുന്നു രാജാവ് സുപ്രധാന ചര്‍ച്ചകള്‍ നടത്തിയിരുന്നത്.മുകള്‍ത്തട്ടിലെ ഒരു ഇടനാഴി.

പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂര്‍വ്വ ശേഖരംതന്നെ ഇവിടുത്തെ മ്യൂസിയത്തില്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വിശദമായ വിവരണങ്ങള്‍ നല്‍കാന്‍ ടൂറിസം വകുപ്പിന്റെ തന്നെ ഉദ്യോഗസ്ഥന്മാരും ഉണ്ട്‌. മുകള്‍ത്തട്ടിലെ വിശാലമായ ഹാളുകളില്‍ അതി ബൃഹത്തായ ഒരു നാണയ ശേഖരവും, പുരാതന ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു; താഴത്തെ മുറികളില്‍ ഇന്ത്യയുടേയും കേരളത്തിന്റെയും പലഭാഗങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളും.

കേരളപ്പഴമയും ചരിത്രവും അറിയുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ ഇഷ്ടപ്പെടുന്ന ആ കാഴ്ചകളെപ്പറ്റി ഇനി അടുത്ത പോസ്റ്റില്‍.


N:B വിക്കിയില്‍ ഈ പോസ്റ്റിന്റെ ഒരു സംക്ഷിപ്തരൂപം കൊടുത്തിട്ടുണ്ട്. ലിങ്ക് ഇവിടെ

37 comments:

അപ്പു ആദ്യാക്ഷരി

ചരിത്രമുറങ്ങുന്ന കൃഷ്ണപുരം കൊട്ടാരത്തെപ്പറ്റി ഒരു സചിത്ര പോസ്റ്റ്.

Manoj | മനോജ്‌

അപ്പു, വളരെ നന്നാ‍യിരിക്കുന്നു, ചിത്രങ്ങളും കുറിപ്പുകളും. നമ്മുടെ പന്തളം കൊട്ടാരവും കേരള കാളിദാസനെന്നറിയപ്പെടുന്ന രാജരാജവര്‍മ്മയ്ക്കുമൊക്കെ ബന്ധമുള്ളതാണീ കോവിലകം! നന്ദി സുഹൃത്തേ!

ശ്രീ

അപ്പുവേട്ടാ..
നല്ല പോസ്റ്റ്... നല്ല ചിത്രങ്ങളും വിവരണങ്ങളും.
നന്ദി.
:)

കുട്ടിച്ചാത്തന്‍

ചാത്തനേറ്: കൂടുതല്‍ പിന്നാലെ വരുമല്ലോ?

ഓടോ: ഒരു പടത്തിന്റെ ബോര്‍ഡര്‍ മാത്രമെന്താ വലുതായിപ്പോയത്?

സഹയാത്രികന്‍

അപ്പ്വേട്ടാ...

നോം വന്നു....കണ്ടു.... ഭേഷായിരിക്കണൂ...
അപ്പൊന്നാ യാത്രയില്ല...

:)

സുല്‍ |Sul

അപ്പു നല്ല പടങ്ങളും വിവരണങ്ങളും
ഇനിയും പ്രതീക്ഷിക്കാമല്ലോ.
ഓടോ : നിന്നെയൊക്കെ നാട്ടില്‍ പറഞ്ഞയക്കുന്നതുകൊണ്ട് ഗുണമുണ്ട് കേട്ടാ :)
-സുല്‍

തമനു

നന്നായി...

ഞാനും ഒരിക്കല്‍ കൃഷ്ണപുരം കൊട്ടാരം കാണാന്‍ പോയിരുന്നു. പക്ഷേ കേറി കാണാന്‍ ഒത്തില്ല. അടുത്ത ലീവിന് പോകുമ്പോളാട്ടെ... :)

നല്ല പോസ്റ്റ്..

മനോജ് കുമാർ വട്ടക്കാട്ട്

അപ്പുവേയ്, നന്നായിരിക്കുന്നു.

Rasheed Chalil

അപ്പൂ നല്ല പോസ്റ്റ്. തികച്ചും വിജ്ഞാനപ്രദം.

സാജന്‍| SAJAN

അപ്പൂ, നാട്ടില്‍ വെക്കേഷനു പോയതാണോ അതോ യു ഏ ഈയിലെ ബ്ലോഗേഴ്സിന്റെ തിരക്കു കാരണം ബ്ലോഗിനു പടമെടുക്കാന്‍ പോയതാണോ?
ഇതു കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ടല്ലൊ, ഇതിന്റെ പിന്നിലെ പരിശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു:)
നല്ല ഫോ‍ട്ടോസും കിഡു വിവരണങ്ങളും!!!

കരീം മാഷ്‌

ഇനി വരുന്നവര്‍ ബ്ലോഗിനെ മനസ്സിലാക്കേണ്ടതു ഇത്തരം വിജ്ഞാനപ്രമായപോസ്റ്റിലൂടെയാവണം.
അപ്പൂ വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍

മഴത്തുള്ളി

അപ്പൂ,

ചിത്രങ്ങളും വിവരണവും വളരെ ഇഷ്ടമായി. ഇതുപോലുള്ള പോസ്റ്റുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ വിജ്ഞാനപ്രദം തന്നെ. ഇനിയും ഇതുപോലുള്ള വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ പോരട്ടെ. ആശംസകള്‍.

ദിവാസ്വപ്നം

nice, appu ji. really nice.

എതിരന്‍ കതിരവന്‍

Appu,
do you have more pictures of the ineterior? How are the walls made? what design/texture/inscriptive decoraations do they have?

If you have please post.

Thank you for the beautiful pictures.

മാവേലി കേരളം

അപ്പൂ വളരെ നന്നായിരിയ്ക്കുന്നു.പുരാവസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതൊക്കെ അനുവദനീയമാണോ?

ഭാഗ്യവാന്‍. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ അങ്ങോട്ടൊരു പോക്കിന് പ്ലാനിടണം. അത്രയ്ക്കു കൊതിപ്പിച്ചു അപ്പു.

എല്ലാ ദിവസവും പോകാമോ? ആ വിവരങ്ങള്‍ കൂടി എഴുതുമല്ലോ

ദേവന്‍

അസ്സല്‍ പോസ്റ്റ്‌ & അസല്‍ പടങ്ങള്‍ അപ്പൂസേ. നന്ദി.

ഓഫ്‌:
മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യത്തിലെ കുറുമപ്പട കായംകുളം രാജാവിനെ യുദ്ധത്തില്‍ വധിച്ചെന്നാണ്‌ ഓര്‍മ്മ (റെഫറാന്‍ പുസ്തകമൊന്നും ഇരിപ്പില്ല) യുദ്ധത്തില്‍ ശത്രുരാജാവിനെ കീഴടക്കുകയല്ലാതെ വധിക്കുന്ന കീഴ്വഴക്കമില്ലായിരുന്നു എന്നും ഗിരിവര്‍ഗ്ഗക്കാരായ കുറുമസൈന്യം ക്ഷത്രിയനിയമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന് പറഞ്ഞ്‌ കായം കുളം രാജാവിനെ കീഴടങ്ങാന്‍ സമ്മതിക്കാതെ കൊല്ലുകയാണ്‌ ഉണ്ടായതെന്നും ഓര്‍മ്മയുടേ ബാക്കി.

അപ്പു ആദ്യാക്ഷരി

കൃഷ്ണപുരം കൊട്ടാരത്തെപ്പറ്റിയുള്ള ഈ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ സ്വപ്നാടകന്‍, ശ്രീ,കുട്ടിച്ചാത്തന്‍, സഹയാത്രികന്‍, സുല്‍, തമനു, പടിപ്പുര, ഇത്തിരി റഷീദ്, സാജന്‍, കരീം മാഷ്, മഴത്തുള്ളി, ദിവ, എതിരന്‍ കതിരവന്‍, മാവേലി കേരളം, ദേവേട്ടന്‍ എന്നിവര്‍ക്ക് നന്ദി.

ദേവേട്ടാ, ഇത്രയും ചരിത്രം പറഞ്ഞുതന്നതിന് വളരെ നന്ദി.

മാവേലി കേരളം, തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ കൊട്ടാരം കാണാവുന്നതാണ്. അഞ്ചുരൂപ പ്രവേശന ഫീസും ഉണ്ട്. പുരാവസ്തുക്കളുടെ എല്ലാം ഫോട്ടോ ഇപ്പോള്‍ എടുക്കാന്‍ അനുവാദമുണ്ട്. (സ്റ്റില്‍ ക്യാമറയ്ക്ക് 25, വീഡിയോയ്ക്ക് 250 രൂപ ഇങ്ങനെയാണ് ഫീസ്). കുറച്ചു പുരാവസ്തുക്കളുടെ ഫോട്ടൊകള്‍ അടുത്തപോസ്റ്റില്‍ ഞാന്‍ ഇടുന്നുണ്ട്.

എതിരന്‍ കതിരവാ, കൊട്ടാരത്തിന്റെ ഇന്റീരിയര്‍ എങ്ങനെ എന്നു ചോദിച്ചിരുന്നല്ലോ. ഇപ്പോള്‍, ഭിത്തികള്‍ പ്ലാസ്റ്റര്‍ചെയ്ത് വെള്ളനിറം പൂശിയാണ് കാണപ്പെടുന്നത്. തറയില്‍ തറയോടും ഉണ്ട്. ആദ്യകാലത്ത് ഈ കൊട്ടാരം പണികഴിപ്പിച്ചപ്പോള്‍ ഒരു പക്ഷേ അങ്ങനെ ആയിരുന്നിരിക്കില്ല. പിന്നീട് യൂറോപ്യന്മാരുടെ ആ‍ഗമനത്തോടെ പ്ലാസ്റ്ററിംഗും മറ്റും പ്രയോഗത്തില്‍ വന്നതാവണം.

വെക്കേഷന് നാട്ടില്‍ പോകുമ്പോള്‍, പത്മനാഭപുരം കൊട്ടാരം പോയി കാണാന്‍ സൌകര്യപ്പെടാത്തവര്‍ ഈ കൊട്ടാരം പോയികാണേണ്ടതു തന്നെയാണ്. കൂടാതെ, സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വളരെ വിജ്ഞാനപ്രദവുമായിരിക്കും അത്.

കുട്ടു | Kuttu

നന്നായി. നല്ല പടങ്ങള്‍, വിവരണം. അടുത്തഭാഗം പോരട്ടെ....

:)

Cartoonist

ഈ 43 വയസ്സിനുള്ളില്‍ കണ്ടുതീര്‍ത്ത മൂവായിരത്തോളം സിനിമകളില്‍ കൃത്യം 7.493% മംഗലശ്ശേരി, ശംബളക്കുറിശ്ശി, കൃഷ്നപുരം, നാദബ്രഹ്മമംഗലം എന്നീ പേരുകള്‍ വെച്ച നിരവധി നാനാവിധമായ കൊട്ടാരങ്ങളില്‍ താമസിച്ച് മടുത്തവരെക്കുറിച്ചായിരുന്നു, എന്ന് ഇന്ന് ഞാനോര്‍ക്കുന്നു. അപ്പുവിനെപ്പോലൊരു കക്ഷി അതിലൊന്നെങ്കിലും സംവിധാനം ചെയ്തുകണ്ടിരുന്നെങ്കില്‍ നോം കൃതാര്‍ത്ഥനായേനെ , എന്നും തോന്നായ്കയില്ല!

ആശംസകള്‍ !

Areekkodan | അരീക്കോടന്‍

അപ്പു, വളരെ നന്നാ‍യിരിക്കുന്നു....

മുസാഫിര്‍

ആരവിടെ ?
അടിയന്‍ !
ഈ അപ്പൂസിന് ഒരു പട്ടും വളയും സമ്മാനമായി നല്‍കൂ , നമ്മുടെ കൊട്ടാരത്തിന്റെ കീര്‍ത്തി ഭൂമി മലയാളം മുഴുവന്‍ എത്തിച്ചതിന്.
കല്പന പോലെ ..

മൂര്‍ത്തി

ഉഗ്രനായിട്ടുണ്ട് അപ്പൂ..ഞാനീ പോസ്റ്റ് എങ്ങിനെയോ മിസ് ചെയ്തു...

നന്ദി...

എതിരന്‍ കതിരവന്‍

Devan;

Kaayamkulam raaja was murdered by MaarththaaNda varmma. Raamayyan DaLava feigned as a sanyaasi befriended Kaayamkulam raajav at a temple and captured him. At the court Marthanda varma gave him an opportunity for submission. He denied. Rajaa was submerged in KaayamkuLam kaayal and thus murderd. KaayamkuLam kottaaram was scraped off and a "kuLam ' was made at the spot. (conventional "kuLam thONTal")
In history this is hailed as an example of extreme trickestry of Raamayyan daLava. MaarththaanDa varmma's greed is denoted as valiant, heroic deed.

ആഷ | Asha

അപ്പു നന്നായി കഷ്ടപ്പെട്ടിട്ടുണ്ടല്ലോ ഇതിനു വേണ്ടി അതിന്റെ ഫലം കാണാനുണ്ട്.
ചിത്രങ്ങളും വിവരണവും ഒന്നിനൊന്ന് മെച്ചം.
വിജ്ഞാനദായകം!
നന്ദി ഈ നല്ല പോസ്റ്റിന് അടുത്ത ഭാഗം വേഗം പോരട്ടെ.

അപ്പു ആദ്യാക്ഷരി

കുട്ടൂസ്, കാര്‍ട്ടൂ‍ണിസ്റ്റ്, അരീക്കോടന്‍, മൂ‍ര്‍ത്തീ നന്ദി.

ആഷേ.. കൊട്ടാരത്തിനു വെളിയിലെ ഫോട്ടോകള്‍ എടുക്കുമ്മ്പോള്‍ ഓര്‍ക്കാപ്പുറത്ത് മഴപെയ്തു ക്യാമറയില്‍ വെള്ളം വീണു എന്നതൊഴിച്ചാല്‍ വലിയ ബുദ്ധിമുട്ടുകളൊന്നും ഈ പോസ്റ്റിന് പിന്നില്‍ ഉണ്ടായിട്ടില്ല (ആദ്യത്തെ ഫോട്ടൊയില്‍ ഒരു വെള്ളത്തുള്ളി ഔട്ട് ഓഫ് ഫോക്കസില്‍ കാണാം). കുറെ വീവരങ്ങള്‍ അറിയാനും അവ പങ്കുവയ്ക്കാനും സാധിച്ചല്ലോ.

മുസാഫിര്‍.... ഈ കമന്റ് എനിക്ക് നന്നേ പിടിച്ചു. ഓര്‍ത്തോര്‍ത്ത് കുറേ ചിരിക്കുകയും ചെയ്തു.

മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവിനെ കായലില്‍ മുക്കി വധിച്ചതാണെന്ന് കതിരവന് മാഷും, അതല്ല കുറുമപ്പടയാണെന്നും ദേവേട്ടനും പറഞ്ഞല്ലൊ? ഇതിലേതാണ് ശരിയായ ചരിത്രം? എന്തെങ്കിലും രേഖകളുണ്ടോ? അറിയാന്‍ താത്പര്യമുണ്ട്.

വേണു venu

അപ്പു, നല്ല പോസ്റ്റു്. രാജഗമ അനുഭവിപ്പിക്കുന്ന ചിത്രങ്ങള്‍‍. വിജ്ഞാനപ്രദം.:)

സുല്‍ |Sul

അപ്പൂ ഇതിന്റെ ബാക്കി എന്നാ വരിക?
-സുല്‍

Sathees Makkoth | Asha Revamma

അപ്പു,വെക്കേഷന്‍ പാഴാക്കിയില്ലല്ലോ?
ഇത്തര്‍മൊരറിവ് നല്‍കിയതിന് നന്ദി

ദേവന്‍

എതിരാ,
കണ്‍ഫ്യൂ ആയല്ലോ? ആധികാരിക ഗ്രന്ഥങ്ങളെന്നു നിനച്ചിരുന്ന "തിരുവിതാംകൂറിന്റെ ചരിത്രവും" ട്രാവന്‍കൂര്‍ സ്റ്റേറ്റ്‌ മാനുവലും" കായളും രാജാവിനെ വധിച്ചത്‌ പടക്കളത്തില്‍ തന്നെ ആണെന്നും കൊന്നത്‌ (നിയമങ്ങളെ മറികടന്ന്) കുറുമര്‍ ബറ്റാലിയന്‍ ആണെന്നും പറയുന്നല്ലോ? അപ്പോ മറ്റേ കഥ എവിടെ നിന്നാണ്‌?

ഈ കഥ തപ്പി ചരിത്രം വരെ പോകാന്‍ ഒരു കാരണവും ഉണ്ടായിരുന്നു. ഒരു ഗോത്രവര്‍ഗ്ഗക്കാരന്‍ എനിക്കറിയുന്ന ഒരു ഫോറസ്റ്റ്‌ ഉദ്യോഗസ്ഥനോട്‌ സ്വന്തം സൈന്യത്തിന്റെ നടുവില്‍ (കീഴടങ്ങാന്‍ തയ്യാറായിത്തന്നെ, പക്ഷേ എതിര്‍ത്തുകൊണ്ട്‌) നില്‍ക്കുന്ന കായംകുളം രാജാവിനെ പട ഭേദിച്ചു ചെന്ന് പരുന്തു മീന്‍ റാഞ്ചും പോലെ തൂക്കി എടുത്തുകൊണ്ടു വന്ന് ഗളച്ഛേദം ചെയ്ത കുറുമന്‍ തന്റെ ഒരു മുന്‍ഗാമി ആണെന്നും ആ റാഞ്ചലോടെ അദ്ദേഹം "പരുന്തന്‍" എന്ന ടൈറ്റിലില്‍ പില്‍ക്കാലത്ത്‌ അറിയപ്പെട്ടെന്നും പറഞ്ഞതുകൊണ്ടാണ്‌.

എതിരന്‍ കതിരവന്‍

ദേവാ, അപ്പൂ;
ക്ഷമിക്കണേ. ക‍ണ്‍ഫ്യു എനിക്കായിരുന്നു. മഹാമണ്ടത്തരമാണ് ഞാന്‍ എഴുതിയത്. എരുവയില്‍ അച്യുത വാര്യരുടെ കാര്യമാണ് ഞാന്‍ ഓര്‍ത്തത്. കായംകുളം രാജാവിന്റെ മന്ത്രിയും പടനായകനും നയതന്ത്രജ്ഞനും. രാമയ്യന്‍ ദളവാ ചതിയില്‍ പിടിച്ചതും കായലില്‍ മുക്കിയതും അദ്ദേഹത്തെയാണ്. കായംകുളം രാജാവിനെ കുറുമപ്പട തന്നെയാണ് വധിച്ചത്.
ദേവ‍ാ‍ാ‍ാ താമരക്കുമ്പിളല്ലൊ മമ ഹൃദയം. അതുകൊണ്ട് നോവിക്കരുതേ.

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പ്രസിദ്ധ കവിത എരുവയില്‍ അച്യുത വാര്യര്‍.

“കായംകുളത്തരചനൊടു വിരോധശക്ത്തി-
ക്കായം മുഴുത്തു പടവെട്ടി വരുന്ന കാലം...”

അവസാനം: “....പിന്നത്തെക്കഥ കായംകുളം കായലില്‍“

അപ്പു ആദ്യാക്ഷരി

ദേവേട്ടാ, കതിരാ..

വളരെ നന്ദി, കണ്‍ഫ്യൂഷന്‍ തീര്‍ത്തതിനും ചരിത്രം പറഞ്ഞുതന്നതിനും.

കുട്ടിച്ചാത്തന്‍

ദേവേട്ടനും കതിരവനും കൂടി കമന്റില്‍ നടത്തിയ ചര്‍ച്ച ഈ പോസ്റ്റിന്റെ മാറ്റു കൂട്ടുന്നു. കതിരവന്‍ ആദ്യം പറഞ്ഞത് തിരുത്തിയപ്പോള്‍ പുതിയൊരു അറിവും കൂടിയായി!.

ബൂലോഗരെ വരൂ ഈ പോസ്റ്റ് നിങ്ങള്‍ മുന്‍പേ കണ്ടതെങ്കിലും ഇത് കമന്റുകളാല്‍ തേച്ച് മിനുക്കിയിരിക്കുന്നു...

പി.സി. പ്രദീപ്‌

അപ്പൂ,

കൃഷ്ണപുരം കൊട്ടാരത്തെപ്പറ്റിയുള്ള സചിത്രലേഖനം അതിന്റെ എല്ലാ അര്‍ഥത്തിലും വളരെ ലളിതവും മനോഹരവും ആയ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

പിന്നെന്തിനാ വിക്കിയിലെ ഈ സംക്ഷിപ്തരൂപം?.:)

അഭിനന്ദനങ്ങള്‍.

സഹയാത്രികന്‍

ദേവേട്ടാ... കതിരവാ.... നിങ്ങളുടെ കമന്റ്സ്... നമുക്ക് ക്ഷ പിടിച്ചു....
അല്‍പ്പം അറിവും കിട്ടീന്നു സാരം.... എന്തായാലും അപ്പ്വേട്ടനും, ദേവേട്ടനും, കതിരവന്‍ ചേട്ടനും നന്ദി.

ആവനാഴി

പ്രിയപ്പെട്ട അപ്പൂ,

ഈ സചിത്രലേഖനം വളരെ വിജ്നാനപ്രദമാണു. കേരളചരിത്രത്തിലേക്കു അതു വിരല്‍ ചൂണ്ടുന്നു.ചരിത്രകുതുകികള്‍ക്കു ഇതു വളരെ പ്രയോജനപ്രദമാണു എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

ഒരു കൊട്ടാരം എങ്ങിനെയിരിക്കും എന്നു ഇതിലെ ചിത്രങ്ങള്‍ വെളിവാക്കുന്നു.

നല്ല ശൈലി. നല്ല അവതരണം.
അഭിനന്ദനങ്ങള്‍!

സസ്നേഹം
ആവനാഴി.

ചീര I Cheera

അപ്പൂ ജീ..
ഒരിയ്ക്കല്‍ പദ്മനാഭപുരം കൊട്ടാരം കാണാനൊത്തിട്ടുണ്ട്.. അതേ വികാരം തന്നെ തോന്നി ഈ ഫോട്ടോസ് കണ്ടപ്പോഴും.
വല്ലാത്തൊരു എന്തോ തോന്നല്‍ ഇതൊക്കെ കാണുമ്പോള്‍..
ഓടനാട് എന്ന പേരും കേട്ട്ടിട്ടില്ല,, പതിനാറുകെട്ട് എന്നൊക്കെ പറയുമ്പോള്‍...ശരിയ്ക്കും കാണണമെന്നു തോന്നുന്നു.
പദ്മനാഭപുരം കൊട്ടാരത്തിലെ ആയിരുന്നോ, അതോ കുതിര്‍മാളികയ്യിലെ ആ‍ായിരുന്നോ എന്നോര്‍മ്മയില്ല,ദര്ര്ബാര്‍ ഹോളിന്റെ മുകള്‍ ഭാഗത്തെ കൊത്തുപണികള്‍ ഇന്നും ഓര്‍മ്മയിലുണ്ട്.
നന്ദി.

Unais Thaha

അപ്പ്വേട്ടന്റെ ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു ലജ്ജ കൊണ്ടു തല പൊങ്ങുന്നില്ല. (തെറ്റിദ്ധരിക്കരുത് കാരണം കൂടി പറഞ്ഞോട്ടെ..)
ഈ കൊട്ടാരത്തിനു നേരേ എതിര്‍വശത്തുള്ള ടെക്നിക്കല്‍ സ്കൂളിലാണു ഞാന്‍ പഠിച്ചത്, 3 വര്‍ഷം. എന്നിട്ടും ഈ ബ്ലോഗിലെ പല കാര്യങ്ങളും എനിക്ക് പുത്തനറിവായിരുന്നു. ചുരുക്കം തവണ അവിടെ കയറിയിട്ടുണ്ടെന്നതൊഴിച്ചാല്‍ ചരിത്രമറിയാനൊന്നും ഞാന്‍ മിനക്കെട്ടിരുന്നില്ല. കൊട്ടാരത്തിനു ഇത്ര ഭംഗിയുണ്ടായിരുന്നു എന്നു ഇപ്പോഴാണു തിരിച്ചറിഞ്ഞത്, വളരെ നല്ല ലേഖനം, ചിത്രങ്ങളും.
മുസാഫിറിന്റെ കമന്റ്റ് കലക്കീട്ടോ..
ദേവേട്ടന്‍, കതിരവന്‍ എന്നിവര്‍ക്കും പ്രത്യേക നന്ദി.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP