ഹ്യുമിഡിറ്റി - Humidity - ഒരു സചിത്ര ശാസ്ത്രപോസ്റ്റ്
ഗള്‍ഫില്‍ ചൂടുകാലം അതിന്റെ മൂര്‍ധന്യാവസ്ഥയിലേക്കെത്തുന്നു. രണ്ടു ദിവസം കൂടിക്കഴിഞ്ഞാല്‍ ജൂണ്‍ 21 ആകും. ഭൂമിയുടെ ഉത്തരാര്‍ത്ഥഗോളത്തില്‍ പകലിന് ഏറ്റവും നീളം കൂടിയ ദിവസം. വടക്കന്‍ മേഖലയിലേക്ക് പോകുന്തോറും സൂര്യോദയവും സൂര്യാസ്ഥമനവും തമ്മിലുള്ള സമയദൈര്‍ഘ്യം വളരെ കൂടിക്കൂടി, നോര്‍വേ പോലുള്ള രാജ്യങ്ങളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമായി രാത്രിയുടെ ദൈര്‍ഘ്യം ഇക്കാലയളവില്‍ ചുരുങ്ങുന്നു. ഗള്‍ഫ് രാജ്യങ്ങളിലെപ്പോലെ ഉഷ്ണകാലാവസ്ഥ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി പകല്‍ താപനില വളരെ വര്‍ദ്ധിക്കുന്ന പ്രദേശങ്ങളില്‍ അന്തരീക്ഷ വായുവിലെ നീരാവിയുടെ അളവ് - ഈര്‍പ്പം (humidity) അതോടൊപ്പം ഉയരുന്നു, പ്രത്യേകിച്ചും കടലിനോടടുത്തുകിടക്കുന്ന സ്ഥലങ്ങളില്‍.
പുറത്തിറങ്ങിയാല്‍, ഒരു നീരാവി നിറഞ്ഞ ചേമ്പറില്‍ നില്‍ക്കുന്ന പ്രതീതി. ശരീരമാസകലം ഒരു പുഴുകല്‍, ഒട്ടിപ്പിടിക്കല്‍, വിയര്‍ത്തൊഴുകല്‍ - എല്ലാം കൊണ്ടും അസ്വസ്ഥത നിറഞ്ഞ ഒരു കാലാവസ്ഥയാണ് ഇങ്ങനെ അന്തരീക്ഷവായുവില്‍ നീരാവിയുടെ അളവ് കൂടുമ്പോള്‍ സംജാതമാവുന്നത്.
ഈ ഫോട്ടോയില്‍ കാണുന്ന ഗ്ലാസ് ഡോര്‍ ഒരു A/c റൂമിന്റേതാണ്. ഈ മുറിക്ക് പുറത്ത് ഹ്യുമിഡിറ്റി കൂടുതലായുള്ള ഒരു ദിവസം, വായുവിലെ നീരാവി തണുത്ത ഗ്ലാസ് പ്രതലത്തില്‍ത്തട്ടി ജലത്തുള്ളികളായി മാറുന്നതാണ് ചിത്രത്തില്‍
എയര്‍കണ്ടീഷന്‍ ചെയ്ത മുറികളുടെ ചില്ലു ജാലകങ്ങള്‍, കാറുകളുടെ വിന്റോഗ്ലാസ് തുടങ്ങി, അന്തരീഷ വായുവിനേക്കാള്‍ തണുത്ത വസ്തുക്കളില്‍ ഈ നീരാവി തട്ടിത്തണുത്ത് ജലത്തുള്ളികളായി മാറും, അതുപോലെ, അടച്ചിട്ടിരിക്കുന്ന ഒരു മുറിയില്‍ നിന്നും (അത് A/C യുള്ളതാണെങ്കില്‍ പ്രത്യേകിച്ചും) നല്ല ഹ്യുമിഡിറ്റിയുള്ള അവസരങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍, ഇങ്ങനെ തണുത്തുണ്ടാവുന്ന ജലകണങ്ങള്‍ നമ്മുടെ ശരീരത്തിലും, വാച്ച്, കണ്ണാടി, തുടങ്ങിയ തണുത്ത പ്രതലങ്ങളിലും ഒരു പാളിയായി പറ്റിപ്പിടിക്കും.
ഈ ഫോട്ടോയില്‍ കാണുന്ന മങ്ങല്‍, പെട്ടന്ന് ലെന്‍സ് ക്യാപ്പ് തുറന്നപ്പോള്‍ ക്യാമറയുടെ ലെന്‍സില്‍ അന്തരീക്ഷ വായുവിലെ നീരാവി ഘനീഭവിച്ചുണ്ടായതാണ് - ഹ്യുമിഡിറ്റി വളരെ കൂടിയ ഒരു ദിവസമായിരുന്നു അത്.
കാലാവസ്ഥാ പ്രവചനങ്ങളില്‍ സാധാരണയായി കേള്‍ക്കുന്ന ഒരു വാക്കാണ് "റിലേറ്റീവ് ഹ്യുമിഡിറ്റി" എന്നത്. ഇത് അന്തരീക്ഷവായുവിലെ ആകെ ആര്‍ദ്രതയുടെ (humidity) അളവാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അന്തരീക്ഷവായുവിന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന നീരാവിയുടെ അളവ് ഓരോ താപനിലയിലും വ്യത്യസ്തമാണ്. വായുവിന്റെ താപനില കൂടുംതോറും നീരാവിയെ ഉള്‍ക്കൊള്ളാനുള്ള കഴിവും വര്‍ദ്ധിക്കുന്നു.
ഉദാഹരണത്തിന്, 17.5 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു ഘനമീറ്റര്‍ (cubic metre) അന്തരീക്ഷവായുവിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന നീരാവിയുടെ അളവ് 15 ഗ്രാം ആണ്. 25 ഡിഗ്രി സെല്‍ഷ്യസില്‍ ഇത് 23 ഗ്രാമും, 30 ഡിഗ്രി സെല്‍ഷ്യസില്‍ ഇത് 30 ഗ്രാമും ആയി വര്‍ദ്ധിക്കുന്നു. ഇങ്ങനെ ഒരു പ്രത്യേക താപനിലയില്‍, വായുവിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പരമാവധി നീരാവിയുടെ അളവിനെ absolute humidity എന്നു പറയുന്നു. ഇങ്ങനെ 100% ആര്‍ദ്രതയെത്തുന്ന സാഹചര്യങ്ങള്‍ സാധാരണ ദിവസങ്ങളില്‍ തുലോം കുറവാണ്. അതുകൊണ്ട്, കാലാവസ്ഥയില്‍ അന്തരീക്ഷ ആര്‍ദ്രതയെപ്പറ്റി പറയുമ്പോള്‍, ആ ദിവസത്തെ അന്തരീക്ഷ താപനിലയില്‍ വായുവിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്ന പരമാവധി ആര്‍ദ്രതയുടെ (aboslute humidity) എത്ര ശതമാനം ആര്‍ദ്രതയാണ് ഇപ്പോള്‍ നിലവിലുള്ളത് എന്നാണ് പറയാറുള്ളത്. അതിനെയാണ് റിലേറ്റീവ് ഹ്യുമിഡിറ്റി എന്നു വിളിക്കുന്നത് - ആപേക്ഷിക ആര്‍ദ്രത എന്ന് ഭാഷാന്തരം ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍
Relative humidity = (measured humidity at a particular temp / abosolute humidity at that temp) x 100
മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ നിന്നു നോക്കുകയാണെങ്കില്‍, 15 ഗ്രാം നീരാവി ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട് എന്നിരിക്കട്ടെ. ഇപ്പോഴത്തെ താപനില 17.5 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ ഇപ്പോഴത്തെ റിലേറ്റീവ് ഹ്യുമിഡിറ്റി 100%. അതേ ആര്‍ദ്രതയില്‍ (15 g/cub.metre) താപനില 25 ഡിഗ്രിയാണെങ്കില്‍ ഇപ്പോഴത്തെ റിലേറ്റീവി ഹ്യുമിഡിറ്റി 65% ഉം താപനില 30 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ റിലേറ്റീവി ഹ്യുമിഡിറ്റി 50% ഉം ആണ് എന്നുപറയാം. ചുരുക്കത്തില്‍, 30 ഡിഗ്രിസെല്‍ഷ്യസിലെ 60% റിലേറ്റീവി ഹ്യുമിഡിറ്റിയും 50 ഡിഗ്രിസെല്‍ഷ്യസിലെ 60% റിലേറ്റീവ് ഹ്യുമിഡിറ്റിയും ഒരേ അളവ് നീരാവിയെ അല്ല പ്രതിനിധീകരിക്കുന്നത്.
ഈ പറഞ്ഞതില്‍ നിന്നും, അന്തരീക്ഷവായുവിന്റെ താപനില കുറയുന്തോറും അതിലടങ്ങിയിരിക്കുന്ന ഈര്‍പ്പത്തിന്റെ അളവും കുറയും എന്നു മനസ്സിലായല്ലോ? അതുകൊണ്ടാണ് തണുപ്പുകാലാവസ്ഥയില്‍ വായു വരണ്ടതായും നമ്മുടെ ചര്‍മ്മം അതോടൊപ്പം വരളുന്നതായും തോന്നുന്നത്. അതുപോലെ, ഫ്രിഡ്ജുകളില്‍ തുറന്നുവച്ചിരിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ദിവസങ്ങള്‍ക്കുള്ളില്‍ ജലാംശം നഷ്ടപ്പെട്ട് ചുക്കുച്ചുളുക്കി പോകുന്നത്, ഈര്‍പ്പത്തിന്റെ അളവ് വളരെ കുറഞ്ഞ ഫ്രിഡ്ജിലെ വായുവിലേക്ക് അവയിലെ ഈര്‍പ്പം വേഗത്തില്‍ നഷ്ടപ്പെടുന്നതിനാലാണ്. അതിനാല്‍ അവ ഫ്രിഡ്ജുകളില്‍ വയ്ക്കുന്നതിനു മുമ്പ് പ്ലാസ്റ്റിക് ബാഗുകളിലാക്കി അടച്ചുവയ്ക്കേണ്ടതാണ്.
ജലം നീരാവിയായി മാറുന്നതിന്റെ (ബാഷ്പീകരണം) വേഗത, അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. റിലേറ്റീവ് ഹ്യുമിഡിറ്റി കൂടിയിരിക്കുന്ന അവസരങ്ങളില്‍ ബാഷ്പീകരണത്തിന്റെ തോതും കുറവായിരിക്കും. അതുകൊണ്ടാണ് ഹ്യുമിഡിറ്റി കൂടിയിരിക്കുന്ന ദിവസങ്ങളില്‍ അലക്കിയ തുണികള്‍ ഉണങ്ങാന്‍ വളരെയേറെ സമയം എടുക്കുന്നത്. മഴക്കാലത്ത് തുണികള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നതിന്റെ പിന്നിലെ കാരണവും വായുവിലെ ഈ ഉയര്‍ന്ന ആര്‍ദ്രത തന്നെ.
മനുഷ്യരില്‍ ശരീര താപനില നിയന്ത്രിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന ഒരു പ്രക്രിയയാണല്ലോ വിയര്‍പ്പ് എന്നത്. ശരീരത്തില്‍നിന്നും ജലം (വിയര്‍പ്പ്) ബാഷ്പമായിപ്പോകുമ്പോള്‍, ശരീരം തണുക്കുന്നു. എന്നാല്‍ ഹ്യുമിഡിറ്റി കൂടിയിരിക്കുന്ന ദിവസങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിയര്‍പ്പ് അന്തരീക്ഷത്തിലേക്ക് ആവിയായി മാറുന്നതിന് താമസം നേരിടുന്നു. അപ്പോള്‍ നാം "വിയര്‍ത്തൊഴുകുന്നു". അതുകൊണ്ടാണ് താരതമ്യേന എല്ലാ സീസണിലും ഹ്യുമിഡിറ്റി കൂടുതലായികാണപ്പെടുന്ന കേരളത്തില്‍ വിയര്‍ത്തൊഴുകലും, പുഴുകലും സാധാരണമായിരിക്കുന്നത്. എന്നാല്‍ സാധാരണ ദിവസങ്ങളില്‍ അന്തരീക്ഷ ആര്‍ദ്രത വളരെ കുറഞ്ഞിരിക്കുന്ന ഗള്‍ഫ് നാടുകളിലും, കടലില്‍നിന്നും അകലെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലും, ഹരിതാഭകുറഞ്ഞ പ്രദേശങ്ങളിലും, വിയര്‍ത്തൊഴുകുന്നില്ല എന്നാണ് നമുക്കു തോന്നുന്നത്. ഈ അവരസരത്തിലും വിയര്‍പ്പ് ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്, എന്നാല്‍ അത് അതേ തോതില്‍ത്തന്നെ അന്തരീക്ഷത്തിലേക്ക് ആവിയായിപ്പോകുന്നതിനാല്‍ നാം അറിയുന്നില്ല എന്നുമാത്രം.
വായുവിലെ ആവിയുടെ അളവ് absolute humidity കടക്കുമ്പോള്‍ അധികമായി ഉണ്ടാവുന്ന ജലബാഷ്പം ഘനീഭവിച്ച് ആദ്യം മേഘങ്ങളായും തുടര്‍ന്ന് അനുകൂല സാഹചര്യങ്ങളില്‍ മഴയായും മാറുന്നു. കാര്‍മേഘങ്ങളിലെ നീരാവിയുടെ അളവ് ഇങ്ങനെ absolute humidity യോടടുത്തതോ അതിലധികമോ ആയ നിലയിലായിരിക്കും.
എന്നാല്‍ മഴക്കാലത്ത് ഭൂമിയുടെ പ്രതലത്തോടടുത്ത് 100% റിലേറ്റിവ് ഹ്യുമിഡിറ്റി ആയിരിക്കണം എന്നില്ല, മേഘങ്ങള്‍ നില്‍ക്കുന്ന തലത്തില്‍ അങ്ങനെയാണ് എന്നു മാത്രം. മാത്രവുമല്ല, മേഘങ്ങള്‍ സ്ഥിതിചെയ്യുന്ന ഉയരത്തില്‍ വായുവിന്റെ താപനിലയും, ഭൂതലത്തിലെ താപനിലയേക്കാള്‍ കുറവും ആയിരിക്കും. നീരാവി നിറഞ്ഞ വായുവിന്റെ സാന്ദ്രത (density) വരണ്ട വായുവിനേക്കാള്‍ കുറവാണ്. അതിനാല്‍ അത് ഭൂതലത്തില്‍നിന്നും മുകളിലേക്കുയരുന്നു. എന്നാല്‍ നിരാവിയും വഹിച്ചുകൊണ്ട് മുകളിലേക്കുയരുന്ന ചൂടുവായു, മേഘങ്ങളുടെ തലത്തിലേക്കെത്തുമ്പോഴേക്ക്, താപനില കുറയുകയും, തന്മൂലം അതിന്റെ റിലേറ്റീവ് ഹ്യുമിഡിറ്റി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഭൂമധ്യരേഖയോടടത്ത പ്രദേശങ്ങളില്‍ മഴകൂടുതലായിക്കാണപ്പെടുന്നത്, ആ പ്രദേശങ്ങളില്‍ ഇപ്രകാരം ജലത്തിന്റെ ബാഷ്പീകരണത്തോത് കൂടുതലായതിനാലാണ്.
അന്തരിക്ഷവായുവിലെ ജലബാഷ്പം ഘനീഭവിക്കുന്ന താപനിലയെ ഡ്യൂ പോയിന്റ് (dew point) എന്നു പറയുന്നു. ഒരു നിശ്ചിത താപനിലയില്‍ അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റി വര്‍ദ്ധിക്കുന്തോറും ഡ്യൂപോയിന്റും വര്‍ദ്ധിക്കും. ഡ്യൂപോയിന്റ് അന്തരീക്ഷതാപനിലയ്ക്കു സമമാകുന്ന അവസ്ഥയില്‍ ഹ്യുമിഡിറ്റി 100% ആയിരിക്കും. ഡ്യൂ പോയിന്റിനേക്കാള്‍ താഴെ താപനിലയുള്ള ഒരു വസ്തുവിന്റെ പ്രതലത്തിലേക്ക് അന്തരീക്ഷവായുവിലെ ബാഷ്പം ഘനീഭവിച്ച് ജലമായി മാറും. അതുകൊണ്ടാണ് ഫ്രിഡ്ജില്‍നിന്നും പുറത്തേക്കെടുക്കുന്ന പാത്രങ്ങളിലും ശീതളപാനീയ കുപ്പികളിലും മറ്റും ജലകണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. രാത്രികാലങ്ങളില്‍ ഇതേ പ്രതിഭാസം ഇലകളിലും പുല്‍ച്ചെടികളിലും മറ്റു തണുത്ത പ്രതലങ്ങളിലും സംഭവിക്കുന്നതിനെയാണ് നാം “തുഷാരം” എന്നു വിളിക്കുന്നത്.
“തുഷാരം”
ഹ്യുമിഡിറ്റിയുടെ കഥകള്‍ ഇനിയുമേറെയുണ്ട്. എന്നാല്‍ വിസ്താരഭയത്താല്‍ ഇവിടെ നിര്‍ത്തുന്നു.
988
29 comments:
കാലാവസ്ഥാ പ്രവചനങ്ങളില്‍ സാധാരണ കേള്‍ക്കാറുള്ള ഒരു വാക്കാണ് “റിലേറ്റീവ് ഹ്യുമിഡിറ്റി”.... ഗള്‍ഫിലുള്ളവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പുഴുകിയ കാലാവസ്ഥയുടെ കാരണക്കാരനും ഇവന്‍ തന്നെ. ഒരു ചെറിയ ലേഖനം - ചില ചിത്രങ്ങളും.
:)
ഇതെന്താ ശാസ്ത്രീയം എന്നു പറഞ്ഞത് കൊണ്ടാണോ ഒറ്റ മനുഷ്യര്‍ തിരിഞ്ഞ് നോക്കാത്തത്....
വളരെ നല്ല പോസ്റ്റാണ് അപ്പു. ഇത് വായിക്ക്മ്പോള്‍ ഏഴാം സെമെസ്റ്ററില്‍ RAC (Refrigeration & Air-Conditioning, സ്പെല്ലിങ്ങ് കറക്ട് ആണല്ലോ, അല്ലേ!!) പഠിച്ചതോര്‍മ്മ വരുന്നു.....ഈ പോസ്റ്റ് അന്നേയിട്ടിരുന്നു എങ്കില്‍ ഞാന്‍ സപ്ലി ആകില്ലായിരുന്നു..... :P .....
ഇത്തരം വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ ഇനിയും വരും എന്ന് പ്രതീക്ഷിക്കട്ടെ.....
നന്ദി അപ്പൂ...ഇനിയും ഇത്തരത്തിലുള്ള വിജ്ഞാനപ്രദങ്ങളായ പോസ്റ്റുകള്‍ ഇടൂ...
ഒരിക്കലും മനസിലാകാറില്ലായിരുന്നു ഈ റിലേറ്റീവ് ഹുമിഡിറ്റി എന്തായിരുന്നു എന്ന്. ഇതു നല്ല എക്സ്‌പ്ലനേഷനാണു കേട്ടൊ. എങ്ങനെ ജീവിക്കുന്നു ഈ 50 ഡിഗ്രി സെല്‍ഷ്യസില്‍. ഇവിടെ 38 ഒക്കെ ഭയങ്കര ചൂടാന്നും പറഞ്ഞു വിഷമിച്ചിരിക്കുവാ..
ഒട്ടും വിസ്താരഭയം വേണ്ട അപ്പൂ,
ഇനിയും തുടരട്ടെ ഈ വിവരണം. ഹ്യുമിഡിറ്റിയില്‍ ഇരുന്നു പുഴുകണ്ട. മഴയായി പെയ്തുകൊണ്ടേ ഇരിക്കുക.
നല്ല രസമായി, ലളിതമായി എഴുതിയിരിക്കുന്നു.
1. പനി എന്ത്? എന്തിന്?
2.എസ്കിമോകളുടെ മഞ്ഞുവീടുകള്‍
3. തണുപ്പുകാലത്ത് തടിയന്മാര്‍ക്കും മെലിയന്മാര്‍ക്കും തണുപ്പുകാലമോ ചൂടുകാലമോ സുഖകരം?
4. വടക്കേ ഇന്ത്യയില്‍ ഉപയോഗിക്കുന്ന വാട്ടര്‍ കൂളറുകള്‍ എന്തുകൊണ്ട് കേരളത്തില്‍ പ്രയോജനപ്രദമല്ല?
തുടങ്ങിയ വിഷയങ്ങളിലൂടെ ഈ പോസ്റ്റിന് ഇനിയും അനുബന്ധപോസ്റ്റുകള്‍ വരട്ടെ!
സുവേച്ചി, “ഞാന്‍”, മൂര്‍ത്തി, സ്റ്റെല്ലൂസ്, വിശ്വേട്ടാ.. വളരെ നന്ദി നിങ്ങളുടെ പോത്സാഹനങ്ങള്‍ക്ക്. ഈ പോസ്റ്റ് പ്രയോജനപ്രദമായി എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്.
വളരെ വിഞ്ജാനപ്രദമായ പോസ്റ്റ്. അപ്പു തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു. ഹ്യുമിഡിറ്റി കൂടുതലുള്ള സമയത്ത് (കുവൈറ്റില്‍) എനിക്കു ശ്വാസം എടുക്കാന്‍ ഒത്തിരി ബുദ്ധിമുട്ടാറുണ്ട്, ഇവിടെ (ഇറാഖില്‍) ചൂടു 50 മുകളിലാണിപ്പോള്‍ എന്നിരുന്നാലും, ഹ്യുമിഡിറ്റി ഇല്ല (വളരെ കുറച്ച് വല്ലപ്പോഴും). ബസ്രയിലാണ് കടലുള്ളത്, അതാണെങ്കില്‍ 200 കിലോ മീറ്റര്‍ ദൂരെയാണ്, ഇവിടെ തൊട്ടടുത്ത് യൂഫ്രട്ടീസ് നന്ദിയുണ്ടെങ്കിലും, എന്തോ ഹ്യുമിഡിറ്റിയില്ല.
അപ്പു ഇനിയും, എഴുതൂ.. വിശ്വേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍.
പുതിയ കുറേ അറിവുകള്‍. ചുറ്റും എന്നും കാണുന്ന കാര്യങ്ങള്‍ തന്നെ... അവ ശാസ്ത്രീയമായി വിശകലനം ചെയ്ത് രസകരമായി അവതരിപ്പിച്ചിരിക്കുന്നു. സാന്ദ്രതയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പോരട്ടേ...
സംശയം: എ.സിയിലിരിക്കുമ്പോള്‍ തണുപ്പല്ലേ, അപ്പോള്‍ നീരാവിയുടെ സാന്ദ്രത കൂടുതല്‍, പക്ഷെ നാം വിയര്‍ക്കാറില്ലല്ലോ? അതോ എ.സി. തണുപ്പിക്കുന്ന രീതിയില്‍ സാന്ദ്രത കൂടില്ലേ?
--
വളരെ വിജ്ഞാനദായകം അപ്പൂ
ഇവിടെ ഹ്യുമിഡിറ്റി കുറവായതു കൊണ്ട് ചൂടു മാത്രം സഹിച്ചാല്‍ മതി :)
പ്രിയപ്പെട്ട അപ്പൂ ! നമ്മുടെ ചുറ്റുപാടും നാം നിത്യേന കാണുന്ന പ്രാകൃതീക പ്രതിഭാസങ്ങങ്ങളെക്കുറിച്ച് വളരെ തെറ്റിദ്ധാരണകളാണു സാമാന്യജനങ്ങള്‍ക്കുള്ളത്. മാത്രമല്ല സമൂഹത്തില്‍ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കാനുതകുന്ന അശാസ്ത്രീയമായ വിവരങ്ങളാണു പൊതുവെ പ്രചരിപ്പിക്കപ്പെടുന്നതും. ഇവിടെ അപ്പു ഹ്യൂമിഡിറ്റിയെപ്പറ്റി വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. ഇത്തരം പോസ്റ്റുകള്‍ ഇനി വളരാനിരിക്കുന്ന ബ്ലോഗ് വിജ്ഞാന സാഹിത്യ ശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണു. ചുറ്റുപാടുകളില്‍ കാണുന്ന പ്രകൃതി പ്രതിഭാസങ്ങളില്‍ ഏവര്‍ക്കും അത്ഭുതം ഉണ്ടാകേണ്ടതാണു. എന്നാല്‍ ഇവയെക്കുറിച്ചുള്ള അജ്ഞതയാണു പലര്‍ക്കും അത് അനുഭവപ്പെടാതിരിക്കാനുള്ള കാരണം. അപ്പു ഇനിയും ഇതേപോലെയുള്ള വിഷയങ്ങള്‍ എഴുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിജ്ഞാനപ്രദമായ പോസ്റ്റ് അപ്പുവേട്ടാ, നല്ല ചിത്രങ്ങളും.
ഹരീ...ഏ/സി റൂമിലിരിക്കുമ്പോള്‍ വിയര്‍ക്കാത്തതെന്തുകൊണ്ട്? അതിന്റെ ഉത്തരം പറയുന്നതിനു മുമ്പ് ഒരു കാര്യം പറഞ്ഞോട്ടേ..”സാന്ദ്രത” എന്നാല്‍ density ആണ്. നമ്മള്‍ ഇവിടെ പറയുന്ന വിഷയം “ആര്‍ദ്രത” അല്ലെങ്കില്‍ humidity ആണ്.
ഏ.സി. യൂണിറ്റ് 23 ഡിഗ്രി സെല്‍ഷ്യസിനു വേണ്ടി സെറ്റ് ചെയ്തിരിക്കുകയാണെന്നിരിക്കട്ടെ. അപ്പോള്‍ ആ യൂണിറ്റില്‍ നിന്ന് മുറിയിലേക്ക് വരുന്ന വായുവിന്റെ താപനില 15 ഡിഗ്രിയോ അതില്‍ താഴെയോ ആയിരിക്കും. ഈ താപനിലയില്‍ വായൂവിന് വഹിക്കാവുന്ന നീരാവിയുടെ അളവ് 23 ഡിഗ്രി സെന്‍ഷ്യസില്‍ വഹിക്കാവുന്നതിനേക്കാള്‍ കുറവാണ്. സ്വാഭാവികമായും ഏ.സി. റൂമിലെ വായു വരണ്ടതായിരിക്കും. വീണ്ടും ഇതേവായു ഏ.സി യൂണിറ്റില്‍ക്കൂടി റീസൈക്കീള്‍ ചെയ്യപ്പെടുമ്പോള്‍ അത് വീണ്ടും വീണ്ടും വരണ്ടതായി മാറുന്നു.
ചുറ്റുപാടും ഉള്ള താപനില ക്രമാതീതമായി ഉയരുമ്പോള്‍ മനുഷ്യ ശരീര താപനില ഒരേ നിലയില്‍ ക്രമീകരിച്ചു നിര്‍ത്തുന്നതിനുള്ള സംവിധാനമാണ് വിയര്‍പ്പ്(ഇതിനെപ്പറ്റി മറ്റൊരു പോസ്റ്റ് ഇടാം). ചുറ്റുപാടും തണുപ്പുള്ളപ്പോള്‍, വിയര്‍ക്കല്‍ ഉണ്ടാവുകയില്ല. എന്നാല്‍ ഏ.സി. റൂമില്‍ ഇരിക്കുന്ന ഒരാളുടെ ശരീരത്തില്‍ നിന്നും, വിയര്‍ക്കുനില്ലെങ്കില്‍ക്കൂടി ധാരാളം ജലാംശം നിശ്വസിക്കൂന്ന വായുവിലൂടെ നഷ്ടമാവുന്നുണ്ട്. അതിനാല്‍ ധാരാളം വെള്ളം കുടിക്കേണ്ടത് ഏ.സി. റൂമിലിരിക്കുന്നവരും ചെയ്യേണ്ട കാര്യമാണ്.
വിചാരം, ആഷ, നന്ദി.
സുകുമാരേട്ടാ, ഇത്തരം വിഷയങ്ങള്‍ക്ക് വായനക്ക്കാരുണ്ടെന്നറിയുന്നതില്‍ സന്തോഷം. തീര്‍ച്ചയായും ഇനിയും ഇത്തരം പോസ്റ്റുകള്‍ ഇടുന്നതാണ്.
ലളിതമായി എഴുതിയിരിക്കുന്നു. നന്നായി. :)o
അപ്പൂ ,
വളരെ നല്ല പോസ്റ്റ് ,
അപ്പുവിന്‍റ്റെ പോസ്റ്റില്‍ തന്നെ ഉത്തരമുണ്ട് ,
എന്നാലും ,
പല മെകാനിക്കല്‍ എഞ്ചിനീയേര്‍സിനിന്നും കൃത്യമായ ഒരു ഉത്തരമറിയാത്ത ചോദ്യം ,
എന്തിനാണ് എയര്‍ ഹാന്‍ഡ്ലിങ്ങ് യൂണിറ്റുകളില്‍
(AHU)ഹീറ്റര്‍ വെച്ചിരിക്കുന്നത്?
കുറേ ആളുകളോട് ചോദിച്ചിട്ട് മനസ്സിലാകാതിരുന്ന ഒരു കാര്യമാണ് ലളിതമായി വിശദീകരിച്ചിരിക്കുന്നത്. വിജ്ഞാനപ്രദമായ ലേഖനം. നന്ദി.
''15 ഗ്രാം നീരാവി ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട് എന്നിരിക്കട്ടെ. ഇപ്പോഴത്തെ താപനില 17.5 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ ഇപ്പോഴത്തെ റിലേറ്റീവ് ഹ്യുമിഡിറ്റി 100%.'' ഇത് യഥാര്‍ത്ഥത്തില്‍ 85% അല്ലേ വരൂ? 15/17.5=86% അല്ലേ വരിക? വേറെ ഏതെങ്കിലും കോണ്‍സ്റ്റന്റ് ഇതുമായി ആഡ് ചെയ്യുന്നുണ്ടോ?
ചില നേരത്ത്.... ഒന്നുകൂടി അതിനു മുമ്പിലുള്ള പാരഗ്രാഫ് നോക്കൂ. 15 g/cub.metre എന്നത് 17.5°C ലെ absolute humidity ആണ്. എന്നാല്‍ 25°C യില്‍ absolute humidity 23 g/cub.metre ആണ്.
Relative humidity = (measured humidity at a particulare temp / abosolute humidity at that temp) x 100 എന്നാണ് കണക്കാക്കുന്നത്. അപ്പോള്‍
17.5°C യിലെ RH (ഉദാഹരണത്തിലെ ഡാറ്റാ ഉപയോഗിച്ച്)= (15/15)x100 = 100%
25°C യിലെ RH (ഉദാഹരണത്തിലെ ഡാറ്റാ ഉപയോഗിച്ച്)= (15/23)x100 = 65%
ഇപ്പോള്‍ വ്യക്തമായി എന്നു കരുതട്ടെ?
chithrangal ullu thanuppichu...:)
പ്രകൃതിയുടെ വികൃതി അപ്പു ഉജ്ജ്വലമായ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. ഇഷ്ടായി മാഷേ :) റിയലി ഗ്രേറ്റ് പിക്സ് :)
അപ്പു, ഉഗ്രന്‍ ലേഖനം. അവസാനത്തെ തുഷാരത്തിന്റെ പടം മനോഹരം.
ഓഫ്:
ഹ്യുമിഡിറ്റിയെ കുറിച്ച് ഒരു അര്‍ദ്ധ തമാശ:
വിദേശ കേരളീയര്‍ ചിലര്‍ കേരളത്തില്‍ കാലു കുത്തുന്ന നിമിഷം പറയാന്‍ തുടങ്ങും ഹോ സഹിക്കാന്‍ വയ്യേ എന്തൊരു ഹ്യുമിഡിറ്റിയാ ഇവീടെ എന്ന്. എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ ഈ പറച്ചില്‍ സഹിക്കാന്‍ വയ്യാതെ ഒരുത്തനോട് ചോദിച്ചു “എന്തോന്നാ മാഷേ ഈ ഹ്യുമിഡീറ്റി?” അത്.. പിന്നെ..ഇങ്ങനെ.. ചൂടു കൂടുമ്പോ.. എന്ന് പറഞ്ഞ് ഉരുളേണ്ടി വന്നു പാവത്തിന്. അയാള്‍ ഈ പോസ്റ്റ് കണ്ടാല്‍ പിന്നെ എന്റെ സുഹൃത്തിന് പണിയായി!
അപ്പൂ നന്നായി...!!
അപ്പൂ,
താങ്കള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഞാനിത് കാണാന്‍ വൈകി. വിശ്വന്‍ മാഷിന്റെ ഒരു കമന്റില്‍ നിന്നാണ് ഇതെപ്പറ്റി വിവരം കിട്ടിയത്. വളരെ കുറച്ചുനേരം മാത്രം ഓണ്‍ലൈനില്‍ വരുന്നതിന്റെ ശിക്ഷയാണ് ഈ വൈകല്‍ എന്നു തോന്നുന്നു. സദാസമയവും വിയര്‍ക്കുന്ന എനിക്കിനി ഇക്കാര്യത്തില്‍ ശരിക്കൊരു വിശദീകരണം നല്‍കാനാകും....
വായുവിലെ ബാഷ്‌്‌പമാണ് ഹരിതഗൃഹവാതകങ്ങളില്‍ പ്രധാനിയെന്ന് പലര്‍ക്കുമറിയില്ല. പാവം CO2-നെ മാത്രമാണ് പലരും കുറ്റം പറയുന്നത്. CO2-ന്റെ അന്തരീക്ഷത്തിലെ സാന്ദ്രത വര്‍ധിക്കുമ്പോള്‍ ചൂടുകൂടും, ചൂടുകൂടുന്നതിനനുസരിച്ച് അന്തരീക്ഷത്തിലെ ബാഷ്‌പം കൂടും. ബാഷ്‌പത്തിന്റെ വര്‍ധനയനുസരിച്ച് വീണ്ടും ചൂടുകൂടും...ശരിക്കുമൊരു വിഷമവൃത്തം...
ഡാലി പറഞ്ഞതു പോലെ അവസാനത്തെ ചിത്രം ചേതോഹരം
-ജോസഫ് ആന്റണി
കേരളത്തിലെ വിയര്‍ത്തൊഴുകലിനെ കുറിച്ചുള്ള വിശദീകരണം അസ്സലായിട്ടുണ്ട്. നല്ല ലേഖനം.
ഇന്നലത്തേതിനെക്കാള്‍ കുറച്ചുകൂടി വിശദീകരണങ്ങള്‍ ചേത്ത് (ഇബ്രുവിന് കൊടുത്ത കമന്റുള്‍പ്പടെ) സംഗതി പുനരവതരിപ്പിച്ചപ്പോള്‍ ഒന്നുകൂടി എളുപ്പമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍. പണ്ട് ഇതൊക്കെ തലകുത്തി നിന്നിട്ടും മനസ്സിലാവാഞ്ഞത് നമുക്ക് മനസ്സിലാക്കാനുള്ള പ്രായം കുറവായിരുന്നിട്ടായിരുന്നോ അതോ ഇതുപോലെ സിമ്പിള്‍ ആയി വിവരിക്കാഞ്ഞതുകൊണ്ടാണോ? ഇതുപോലെയായിരുന്നു സ്കൂളിലെയൊക്കെ പുസ്തകങ്ങളില്‍ എങ്കില്‍ എന്ത് നന്നായിരിന്നു.
അപ്പുവിന് ആബ്‌സൊല്യൂട്ട് അഭിനന്ദനങ്ങള്‍ :)
അപ്പൂ തികച്ചും വിജ്ഞാനപ്രദമായ പോസ്റ്റ്. ലളിതമായ വിവരണവും.
ഇത്തരം പോസ്റ്റുകള്‍ ഇനിയും വരട്ടേ.
അഭിനന്ദങ്ങള്‍...
അപ്പുവേട്ടാ.... ഇന്നലെ വായിക്കാന്‍ പറ്റുന്ന ഒരൗ അവസ്ഥയിലല്ലായിരുന്നു ഞാന്‍. കോപ്പിയെടുത്തുകൊണ്ട് പോയി വായിച്ചു. നല്ല വ്യക്തമായ അവതരണം. പല കാര്യങ്ങളും പുതുമയായിരുന്നു. വളരെ നന്ദിയുണ്ട്. മുകളില്‍ പലരും പറഞ്ഞതുപോലെ ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളില്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ഡാലിച്ചേച്ചീ, പെരിങ്ങോടന്‍, വക്കാരീ, ഇതുവഴി ആദ്യമായി കണ്ടതില്‍ സന്തോഷമുണ്ട്, പോസ്റ്റ് പ്രയോജനകരമായി എന്നറിയുന്നതിലും.
ഇത്തിരീ, മനൂ... നന്ദി. തീര്‍ച്ചയായും ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കാം.
ജി.മനു, നിക്ക് ഈ പോസ്റ്റിലെ ഫോട്ടോസ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഓ.ടോ. പോസ്റ്റ് വായിച്ചില്ലേ? :-)
അപ്പു ഭായ്,
അല്പം ലേറ്റായി പോയി........വളരെ നല്ല ലേഖനം........എനിക്കിതുവായിച്ച് കഴിഞ്ഞപ്പോള്‍ വിവരം അല്പം കൂടി.....ഇനിയും ഇതുപോലെ പോരട്ടെ,,,,ഫോട്ടോകളും.......ഇവിടെ ദുഫായിലിരുന്ന്നിട്ട് തമ്മില്‍ കണ്ടില്ലല്‍, വിളിച്ചില്ല എന്നൂക്കെ പറയാതിരിക്കാന്‍, ഫോണ്‍ നമ്പര്‍ തരൂ
‘ഹോ ഇന്ന് ഭയങ്കര ഹ്യുമിഡിറ്റി...’ എന്നു പറയുന്നതിലപ്പുറമൊന്നും ഇതേപ്പറ്റി ചിന്തിക്കാറില്ലായിരുന്നു. പല അറിവുകളും തന്നു ഈ ലേഖനം - നന്ദി!
അപ്പു, വളരെ നന്നായി പറഞ്ഞിരിക്കുന്നു ഈ ലേഖനത്തില്‍ - അഭിനന്ദനങ്ങള്‍. ഇതുപോലുള്ളവ തുടര്‍ന്നെഴുതു!
Post a Comment