Tuesday, July 3, 2007

മേഘങ്ങളുടെ പേരും വിലാസവും - ഫോട്ടോ / ശാസ്ത്ര പോസ്റ്റ്

മേഘങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്നു കഴിഞ്ഞ പോസ്റ്റില്‍ നാം കണ്ടു.

മേഘങ്ങള്‍ പലരൂപത്തില്‍ കാണപ്പെടുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ? ഒരു നാടപോലെ നീണ്ട്‌, തൂവല്‍ പോലെ മൃദുലമായ വശങ്ങളോടുകൂടിയവ, ചെറിയമേഘശകലങ്ങള്‍ നിരത്തി ഉണങ്ങാനിട്ടപോലെ കാണപ്പെടുന്നവ, ഇടവപ്പാതി എത്തുമ്പോഴേക്കും ആകാശം മുഴുവന്‍ നിറഞ്ഞ്‌ നിര്‍ത്താതെ മഴപെയ്യിക്കുന്നവ, തുലാവര്‍ഷകാലത്ത്‌ പെട്ടന്ന് ഇരുണ്ടുമൂടി, കാറ്റിന്റേയും ഇടിയുടേയും അകമ്പടിയോടെ കറുത്തിരുണ്ട്‌ വരുന്നവ എന്നിങ്ങനെ പലതരത്തില്‍പ്പെട്ട മേഘങ്ങളെ നാം കണ്ടിട്ടുണ്ട്‌. ഇവയേയൊക്കെ പ്രത്യേകരീതിയില്‍ തരംതിരിച്ചാണ്‌ കാലാവസ്ഥാ വിദഗ്ദ്ധര്‍ വിളിക്കുന്നത്‌.

അന്തരീക്ഷവായുവിലുള്ള നീരാവി ഘനീഭവിച്ച് ഹിമകണങ്ങള്‍, ജലകണങ്ങള്‍, മഴ, മഞ്ഞ് ഇവയിലേതെങ്കിലും ഒരു രൂപത്തിലായിമാറുന്ന പ്രക്രിയയെയാണ് Precipitation എന്നു പറയുന്നത്. എല്ലാ മേഘങ്ങളും, ഇവയിലേതെങ്കിലും ഒരു രൂപത്തിലുള്ള ജലതന്മാത്രകള്‍ വഹിച്ചിരിക്കുന്നു. മേഘങ്ങളെ അവയുടെ രൂപത്തിന്റെ (shape) അടിസ്ഥാനത്തിലും അവ സ്ഥിതിചെയ്യുന്ന ഉയരത്തിന്റെ (altitude) അടിസ്ഥാനത്തിലും തരം തിരിച്ചിരിക്കുന്നു. ഓരോ ഇനങ്ങളേയും സൂചിപ്പിക്കുന്ന പേരും ഉണ്ട്.


രൂപത്തിന്റെ അടിസ്ഥാനത്തില്‍, പ്രധാനമായും മൂന്നു പേരുകളില്‍ ഇവ അറിയപ്പെടുന്നു.

സ്ട്രാറ്റസ് (stratus) - ഒരു പാളിപോലെ കാണപ്പെടുന്നു, കൃത്യമായ അരികുകളില്ല

ക്യുമുലസ് (cumulus) - ഒരു കൂന, കൂമ്പാരം പോലെ കാണപ്പെടുന്നു. കൃത്യമായ അരികുകള്‍ ഉണ്ട്

സീറസ് (cirrus) - നാട, നാര്, തൂവല്‍ തുടങ്ങിയ ആകൃതിയില്‍, വളരെ മൃദുവായി തോന്നുന്ന അരികുകള്‍ ഉണ്ടായിരിക്കും


ഇനി ഇവയോരോന്നും ആകാശവിതാനത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ കാണപ്പെടുന്നു എന്നു നോക്കാം.
താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ (ക്ലിക്ക്‌ ചെയ്താല്‍ വലുതായി കാണാവുന്നതാണ്‌).ഇതില്‍ കാണിച്ചിരിക്കുന്നതുപോലെ ഭൂതലത്തില്‍നിന്നും മുകളിലേക്ക്‌ അന്തരീക്ഷത്തെ മൂന്നു വ്യത്യസ്ത മേഖലകളായി കാലാവസ്ഥാ നിരീക്ഷകര്‍ തിരിച്ചിരിക്കുന്നു. സമുദ്രനിരപ്പില്‍നിന്നും ഏകദേശം 2 കിലോമീറ്റര്‍ വരെയുള്ള ഭാഗത്തെ നിമ്നതലം (lower level) എന്നും ആ ഭാഗത്ത്‌ രൂപംകൊള്ളുന്ന മേഘങ്ങളെ low level clouds എന്നും വിളിക്കുന്നു. അതിനുമുകളില്‍ 6 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭാഗത്തെ മധ്യതലം (mid level) എന്നും ആ ഭാഗത്ത്‌ കാണപ്പെടുന്ന മേഘങ്ങളെ mid level clouds എന്നും വിളിക്കുന്നു. ആറുമുതല്‍ ഏകദേശം 13 കിലോമീറ്റര്‍ വരെയുള്ള വായുമണ്ഡലത്തെ ശീര്‍ഷതലം(high level) എന്നും ആ ഭാഗത്തെ കാണപ്പെടുന്ന മേഘങ്ങളെ high level clouds എന്നും വിളിക്കുന്നു.

ചിത്രത്തില്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു പരിചയമുള്ള പല മേഘരൂപങ്ങളെയും അവ സ്ഥിതിചെയ്യുന്ന തലങ്ങളെയും എളുപ്പം മനസ്സിലാകും. മേഘങ്ങളുടെ പേരുകള്‍ക്ക്‌ രണ്ട്‌ ഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഒന്നാമത്തെ ഭാഗം ആ മേഘം ഏതു തലത്തിലാണ്‌ കാണപ്പെടുന്നതെന്നും, രണ്ടാമത്തെ ഭാഗം ആ മേഘത്തിന്റെ രൂപത്തെയും കുറിക്കുന്നു. ഉദാഹരണങ്ങള്‍ "ആള്‍ട്ടോ-ക്യുമുലസ്‌", "സിറോ-ക്യുമുലസ്‌".

high level clouds ന്റെ പേരിനൊപ്പം "സിറോ" (cirro) എന്നും മധ്യതല മേഘങ്ങളുടെ പേരിനൊപ്പം "ആള്‍ട്ടോ" (alto) എന്നും സൂചിപ്പിച്ചിരിക്കും. ഏറ്റവും താഴെയുള്ള നിമ്നതലമേഘങ്ങളുടെ പേരിനൊപ്പം ഇത്തരത്തില്‍ ഉയരം സൂചിപ്പിക്കുന്ന വാക്കുകള്‍ ഉണ്ടാവില്ല; അവയുടെ രൂപം മാത്രമേ പറയാറുള്ളൂ. മനസ്സിലാവാന്‍ പ്രയാസമുണ്ടോ? വിഷമിക്കേണ്ട. താഴെപ്പറയുന്ന ഫോട്ടോകള്‍ കണ്ടുകഴിയുമ്പോള്‍ ഇത്‌ എളുപ്പം മനസ്സിലാവും.

ഇനി യഥാര്‍ഥ മേഘചിത്രങ്ങളിലേക്ക്‌. അന്തരീക്ഷത്തിന്റെ ഏറ്റവും മുകള്‍ത്തട്ടില്‍നിന്ന് നമുക്ക്‌ ആരംഭിക്കാം. ആകാശത്തിന്റെ മുകള്‍ത്തട്ടിലായി മിനുമിനുത്തൊരു സില്‍ക്ക്‌ ഷാള്‍ പോലെ, നാടകെട്ടിയതുമാതിരിയുള്ള മേഘങ്ങളെ കണ്ടിട്ടില്ലേ? താഴെയുള്ള ചിത്രം ശ്രദ്ധിക്കൂ. ഇവയാണ്‌ "സിറസ്‌" (cirrus) എന്നറിയപ്പെടുന്ന മേഘങ്ങള്‍.


"സിറസ്‌" എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം curly, നാരുപോലെയുള്ള എന്നൊക്കെയാണ്‌. നിശ്ചലമായി, ഒരേസ്ഥലത്ത്‌ കുറേയേറെനേരം ഇവയുണ്ടാവും, സൂര്യന്‍ ഉയര്‍ന്നതലങ്ങളില്‍ നില്‍ക്കുമ്പോള്‍ തൂവെള്ളനിറത്തിലായിരിക്കും ഇവ കാണപ്പെടുക. അന്തരീക്ഷത്തിന്റെ ശീര്‍ഷമേഘലയില്‍ (high level) മാത്രമേ ഇവയെ കാണുകയുള്ളൂ. ഭൗമാന്തരീക്ഷത്തില്‍ മുകളിലേക്കു പോകുന്തോറും ഊഷ്മാവ്‌ കുറഞ്ഞുവരുന്നു എന്നു നാം ഇതിനു മുമ്പുള്ള പോസിറ്റില്‍ കാണുകയുണ്ടായി. സിറസ്‌ മേഘങ്ങള്‍ കാണപ്പെടുന്ന 6 കിലോമീറ്ററിനും മുകളിലുള്ള മേഖലയിലെ താപനില -40°C യ്കും താഴെയാണ്‌. മൈനസ്‌ 40 എന്നു പറഞ്ഞാല്‍ ജലം തണുത്ത്‌ ഐസായിമാറുന്ന പൂജ്യം ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ 40 ഡിഗ്രി താഴെ എന്നര്‍ത്ഥം. ഇത്രയും വലിയ കൊടുംതണുപ്പില്‍ വായുവിലുള്ള ജലബാഷ്പം ജലകണങ്ങളായല്ല, ഐസ്‌ ക്രിസ്റ്റലുകളായിത്തന്നെയാണ്‌ കാണപ്പെടുന്നത്‌.

അതിനാല്‍ സിറസ്‌ മേഘങ്ങള്‍ ഐസ്‌ ക്രിസ്റ്റലുകള്‍ തന്നെയാണ്‌, വളരെ നേരിയവ. അതുകൊണ്ടാണ്‌ സൂര്യപ്രകാശത്തില്‍ തട്ടിത്തിളങ്ങി അവ തൂവെള്ളനിറത്തില്‍ കാണപ്പെടുന്നത്‌. ഉദയാസ്തമന വേളകളില്‍ ചുവപ്പുനിറത്തിലും ചാരനിറത്തിലും, സൂര്യപ്രകാശത്തിന്റെ നിറവ്യത്യാസമനുസരിച്ച്‌ ഇവയുടെ നിറവും മാറും.


മറ്റുചില അവസരങ്ങളില്‍, ആകാശം "കൊത്തിക്കിളച്ചിട്ടതുമാതിരി" മേഘശകലങ്ങള്‍ നിരത്തിയിട്ടിരിക്കുന്നതുപോലെ കണ്ടിട്ടില്ലേ? താഴെയുള്ള ചിത്രം നോക്കൂ. ഇംഗ്ലീഷുകാര്‍ ഇതിനെ (mackerel sky) അഥവാ "മീന്‍ചെതുമ്പല്‍ പോലെയുള്ള ആകാശം" എന്നു പറയും.


Photographer : Ged Twidaleഈ മേഘങ്ങളും ശീര്‍ഷതലത്തിലാണ്‌ (high level) സ്ഥിതിചെയ്യുന്നത്‌. ഉള്ളില്‍ ഐസ്‌ ക്രിസ്റ്റലുകള്‍ തന്നെ. പക്ഷേ ആകൃതിക്ക്‌ വ്യത്യാസമുണ്ട്‌ - ചെറിയ കൂനകള്‍ / കൂമ്പാരങ്ങളാണിവ - "ക്യുമുലസ്‌" ആകൃതി. അപ്പോള്‍ ഇവയുടെ പേര്‌ എങ്ങനെ പറയാം? ശീര്‍ഷതലത്തിലായതിനാല്‍ "സിറോ" എന്ന് പേരിന്റെ ആദ്യ ഭാഗം. കൂമ്പാരം പോലെയായതിനാല്‍ "ക്യുമുലസ്‌" എന്ന് രണ്ടാം ഭാഗം. അപ്പോള്‍ മുഴുവന്‍ പേര്‍ "സിറോ-ക്യുമുലസ്‌ (cirro-cumulus).
സിറോ-ക്യുമുലസ്‌ മേഘങ്ങള്‍ക്കിടയില്‍ നിഴല്‍ ഉണ്ടാവില്ല എന്നത്‌ അവയുടെ പ്രത്യേകതയാണ്‌.


ചില പകല്‍സമയങ്ങളിലും, നിലാവുള്ള ചില രാത്രികളിലും സൂര്യന്‌ (രാത്രിയെങ്കില്‍ ചന്ദ്രന്‌) ചുറ്റും ഒരു പ്രഭാവലയം കാണാം. തെക്കന്‍ കേരളത്തില്‍ ഇതിന്‌ "കുടവളച്ചില്‍" എന്നാണ്‌ പറയുന്നത്‌. ഇത്‌ എങ്ങനെയാണ്‌ രൂപപ്പെടുന്നതെന്നറിയാമോ? മറ്റൊരുതരം സിറോ (high level) മേഘങ്ങളാണ്‌ ഇതുണ്ടാക്കുന്നത്‌. മൂടല്‍മഞ്ഞുപോലെ ശീര്‍ഷതലത്തില്‍ ഒരു പാളിയായി കാണപ്പെടുന്ന മേഘങ്ങളിലെ ഐസ്‌ ക്രിസ്റ്റലുകളില്‍, സൂര്യപ്രകാശം പതിക്കുമ്പോള്‍, പ്രകാശം അതിന്റെ വര്‍ണ്ണങ്ങളായി വേര്‍പിരിയുന്നു - ഒരു പ്രിസത്തില്‍ സംഭവിക്കുന്നതുപോലെ. താഴെനിന്നും നോക്കുമ്പോള്‍ വൃത്താകൃതിയില്‍ ഒരു പ്രത്യേക വ്യാസത്തില്‍ ഇതൊരു വളയമായി സൂര്യനു ചുറ്റും കാണപ്പെടുന്നു. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഇത്തരമൊരു ചെറുവളയം പ്രത്യക്ഷപ്പെടുന്നതു കാണാം.ഇനി ഈ മേഘങ്ങള്‍ക്ക്‌ പേരുനല്‍കുന്നതെങ്ങനെ എന്നു നോക്കാം. ഈ മേഘങ്ങള്‍ high level clouds ആയതുകൊണ്ട്‌ "സിറോ" എന്ന വാക്ക്‌ ഉയരത്തെ സൂചിപ്പിക്കാനായി കൊടുക്കുന്നു. അടുത്തതായി, ഈ മേഘങ്ങളുടെ രൂപം നാടപോലെയോ, കൂമ്പാരം പോലെയോ അല്ല, പിന്നെയോ ഒരു പാളിപോലെ (മഞ്ഞുപോലെ) "സ്ട്രാറ്റസ്‌" ആണ്‌. അപ്പോള്‍ ഇത്തരം മേഘങ്ങളുടെ പേര്‌ "സിറോ-സ്ട്രാറ്റസ്‌" (cirro-stratus).

ശീര്‍ഷമേഘലയില്‍ കാണപ്പെടുന്ന മൂന്നുതരം മേഘങ്ങളെയും നാം പരിചയപ്പെട്ടുകഴിഞ്ഞു. ഇനി മധ്യമേഖലയിലേക്ക്‌ കടക്കാം.


ഭൂതലത്തില്‍ നിന്നും രണ്ടുകിലോമീറ്ററിനു മുകളില്‍ ആറുകിലോമീറ്റര്‍ വരെയുള്ള അന്തരീക്ഷമേഖലയാണ്‌ ഇത്‌ എന്നു പറഞ്ഞുവല്ലോ. ഇവിടെ രണ്ടുതരം മേഘങ്ങളാണ്‌ കാണപ്പെടുന്നത്‌. ചെറിയ കൂമ്പാരങ്ങളും (cumulus) മൂടല്‍മഞ്ഞുപാളിപോലെയുള്ള സ്ട്രാറ്റസ്‌ മേഘങ്ങളും.

മധ്യപാളിയിലെ മേഘങ്ങളുടെ പേരിനോടൊപ്പം ഉയരം സൂചിപ്പിക്കാനായി "ആള്‍ട്ടോ" എന്ന വാക്കാണ്‌ ചേര്‍ക്കുന്നത്‌. അപ്പോള്‍ ഈ മേഘങ്ങളെ യഥാക്രമം ആള്‍ട്ടോ ക്യുമുലസ്‌ എന്നും ആള്‍ട്ടോ സ്ട്രാറ്റസ്‌ എന്നും വിളിക്കാം.

ആള്‍ട്ടോ ക്യുമുലസ്‌ മേഘങ്ങളും ആകാശം കൊത്തിയിളക്കിമാതിരിയാണ്‌ കാണപ്പെടുന്നത്‌. പക്ഷേ സിറോക്യുമുലസുകളേക്കാള്‍ വലിയ കഷണങ്ങളായിരിക്കും എന്നു മാത്രം. താഴെക്കൊടുത്തിരിക്കുന്ന ഫോട്ടോ നോക്കൂ.


Photographer : Asha (ആഷാഢം)മേഘങ്ങള്‍ക്കിടയില്‍ ചാരനിറത്തിലുള്ള നിഴലുകള്‍ ശ്രദ്ധിക്കുക. ഇതാണ് സിറോ-ക്യുമുലസ് മേഘങ്ങളുമായി ഇവയ്ക്കുള്ള വ്യത്യാസം.


ചിലദിവസങ്ങളില്‍ സൂര്യബിംബത്തെ പ്രകാശം കുറഞ്ഞ ഒരു ഗോളമായി നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കുമല്ലോ? ആള്‍ട്ടോ മേഖലയില്‍ കാണപ്പെടുന്ന സ്ട്രാറ്റസ് (മഞ്ഞുപോലെയുള്ള) മേഖങ്ങളാണ്‌ സൂര്യപ്രകാശത്തെ ഈ അവസരങ്ങളില്‍ തടയുന്നത്‌. ഈ മേഖലയിലുള്ള മേഘങ്ങളും ഐസ്‌ ക്രിസ്റ്റലുകളാല്‍ നിര്‍മ്മിതമാണ്‌, ജലത്തുള്ളികളല്ല. വിമാനത്തില്‍നിന്നും എടുത്ത ഒരു ഫോട്ടോ താഴെക്കൊടുക്കുന്നു. ഇതില്‍ മൂടല്‍മഞ്ഞുപോലെ കാണപ്പെടുന്നത് ആള്‍ട്ടോ സ്ട്രാറ്റസ് (alto stratus) മേഘങ്ങളാണ്.


ഇനി നിമ്നതലമേഖങ്ങളെ (low level clouds) പരിചയപ്പെടാം. ഭൂതലത്തില്‍നിന്നും പരമാവധി രണ്ടു കിലോമീറ്റര്‍വരെ ഉയരത്തിലാണ്‌ ഇവ കാണപ്പെടുന്നത്‌. ഇവിടെയുള്ളമേഘങ്ങളെയാണ്‌ നമുക്ക്‌ ഏറ്റവും പരിചയമുള്ളവ.

മഴമേഘങ്ങളും ഈ മേഖലയില്‍ മാത്രമാണ്‌ കാണപ്പെടുന്നത്‌. ഇവിടെയും മേഖങ്ങളുടെ ആകൃതിക്കനുസരിച്ച്‌ ക്യുമുലസ്‌ (കൂമ്പാരം പോലെ), സ്ട്രാറ്റസ് (മൂടല്‍മഞ്ഞുപോലെ) എന്നു തന്നെയാണ്‌ പേരുനല്‍കുന്നത്‌. എന്നാല്‍ ഉയരം സൂചിപ്പിക്കുന്ന വാക്കുകള്‍ പേരിനോടൊപ്പം ഉണ്ടാവില്ല.

ഈ മേഖലയിലുള്ള മേഘങ്ങളുടെ പേരിനോടൊപ്പം "നിംബോ" (nimbo) എന്ന വാക്ക്‌ ഉണ്ടെങ്കില്‍ അവ മഴമേഘങ്ങളാണെന്ന് അര്‍ത്ഥം. രണ്ടുവിധത്തിലുള്ള മഴമേഘങ്ങളേയുള്ളൂ. 1 നിംബോ സ്റ്റ്രാറ്റസ്‌, 2 നിംബൊ ക്യുമുലസ്‌ (ഇവയെ ക്യുമുലോ നിംബസ്‌ എന്നും വിളിക്കാറുണ്ട്‌). ഈ മേഖലയിലുള്ള മേഘങ്ങളുടെ ഫോട്ടോകള്‍ ഇനി കാണാം.


Photographer : Ged Twidale


ഇവയാണ്‌ ക്യുമുലസ്‌ മേഘങ്ങള്‍. വെളുത്ത്‌ ഉരുണ്ട പഞ്ഞിക്കെട്ടുകള്‍പോലെ ആകാശത്തിന്റെ താഴ്‌ന്ന തലങ്ങളില്‍ ഇവ മഴക്കാലത്തോടടുത്ത സമയങ്ങളില്‍ കാണപ്പെടും. കേരളത്തില്‍ വളരെ സാധാരണമാണിവ. നീലാകാശത്ത്‌, വ്യക്തമായ അതിരുകളോടുകൂടിയാണ്‌ ഇവ കാണപ്പെടുന്നത്‌.Photographer : Asha (ആഷാഢം)

supersaturated ആയ വായുവിലെ നീരാവി ഘനീഭവിച്ച്‌ ജലകണങ്ങളായി മാറിയവയാണ്‌ ഈ മേഖങ്ങള്‍. ഇവയക്കുള്ളിലെ വായുപ്രവാഹത്തിനനുസരിച്ച്‌ ഇവയുടെ ആകൃതി മാറിക്കൊണ്ടേയിരിക്കും. അനുകൂല സാഹചര്യങ്ങളില്‍ ഇവയ്ക്ക്‌ മഴമേഘങ്ങളായി മാറാന്‍ സാധിക്കും. എങ്കിലും ഒറ്റയായി കാണപ്പെടുമ്പോള്‍ തെളിഞ്ഞകാലാവസ്ഥയായിരിക്കു ഉണ്ടായിരിക്കുക.താഴെയുള്ള ഫോട്ടോ നോക്കൂ. ഇവയാണ് സ്ട്രാറ്റസ് മേഘങ്ങള്‍.സ്ട്രാറ്റസ് മേഘ്ങ്ങളും ജലകണികകള്‍ തന്നെയാണ്‌. എന്നാല്‍ ക്യുമുലസ്‌ മേഖങ്ങളെപ്പോലെ ഇവയ്ക്ക്‌ വ്യക്തമായ അതിരുകളുണ്ടാവില്ല. ആകാശം മുഴുവന്‍ "മേഘാവൃതമായിരിക്കും" എന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുമ്പോള്‍ ഇത്തരം മേഘങ്ങളെപ്പറ്റിയാണ്‌ പറയുന്നത്‌.

സ്ട്രാറ്റസ്‌ മേഘങ്ങള്‍ അനുകൂല സാഹചര്യങ്ങളില്‍ മഴക്കാറുകളായി മാറും. അപ്പോള്‍ ഇവയെ നിംബോ സ്ട്രാറ്റസ് (nimbo-stratus) എന്നു വിളിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന രണ്ടു ഫോട്ടോകള്‍ ഇത്തരം സ്ട്രാറ്റസ് മേഘങ്ങളുടേതാണ്.


Photographer : Ged Twidaleകേരളത്തില്‍ ഇടവപ്പാതി മഴക്കാലത്ത്‌ ഇത്തരം മേഖപാളികളെ കാണാവുന്നതാണ്‌. ഇങ്ങനെപെയ്യുന്ന മഴയോടൊപ്പം കാറ്റോ ഇടിമിന്നലോ ഉണ്ടാവില്ല. ഹൈറേഞ്ച്‌ മേഖലയിലുള്ളവര്‍ക്ക്‌ നേരിയ സ്ട്രാറ്റസ് മേഘങ്ങള്‍, മഴക്കാറില്ലാതെതന്നെ പെട്ടന്നുണ്ടാവുന്ന ചാറ്റല്‍മഴയായും അനുഭവപ്പെടാറുണ്ട്‌. സ്ട്രാറ്റസ് മേഘങ്ങളില്‍ ഉദയാസ്തമനവേളകളിലെ ചുവന്ന സൂര്യപ്രകാശം പതിക്കുമ്പോഴാണ് “ചെമ്മാനം” കാണപ്പെടുന്നത്.


Photographer : Ged Twidaleഅടുത്തയിനം മേഘങ്ങളാണ്‌ ക്യുമുലോ-നിംബസ്‌ മേഘങ്ങള്‍. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പമേറിയ ഇനം ഇതാണ്‌. അന്തരീക്ഷത്തിന്റെ താഴേത്തട്ടില്‍നിന്നാരംഭിച്ച്‌ ഇവയുടെ മേലറ്റം സീറസ്‌ മേഖല (13 kilometer) വരെ ഉയരത്തില്‍ എത്താം! ഒരു വലിയ മേഘത്തൂണ്‍ പോലെയാണ്‌ ഇവ കാണപ്പെടുക. ഇവയുടെ മുകളറ്റം വളരെ ഉയരത്തില്‍ പടര്‍ന്നുകയറുന്ന ശക്തമായ കാറ്റായി കാണാവുന്നതാണ്‌. താഴെയുള്ള ചിത്രം നോക്കുക.അവലംബം : Wikipedia commons

തുലാമഴയുടെ സമയത്തും, കാലവര്‍ഷത്തില്‍ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഈ മേഘങ്ങളെ കാണാവുന്നതാണ്‌. ശക്തമായ മഴയും,കാറ്റും, ഇടിയും, ചിലപ്പോഴൊക്കെ ആലിപ്പഴ വര്‍ഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ്‌. ഈ മേഘത്തിനുള്ളില്‍ ശക്തിയേറിയ വായുപ്രവാഹം ഒരു കൊടുങ്കാറ്റ്‌ പോലെ (updraft) ഉണ്ടാകുന്നുണ്ട്‌. ഈ മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും, മുകളറ്റത്ത്‌ ഐസ്ക്രിസ്റ്റലുകളുമാണുണ്ടാവുക. ഇവയില്‍ നടക്കുന്ന വ്യത്യസ്ത പ്രതിഭാസങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയാം. ഈ മേഘങ്ങള്‍ക്ക്‌ വളരെകട്ടിയുള്ളതിനാല്‍ (10 കിലോമീറ്റര്‍വരെ കനം!) സൂര്യപ്രകാശത്തെ അവ ഗണ്യമായി തടഞ്ഞുനിര്‍ത്തുന്നു. അതിനാലാണ്‌ ഈ മഴമേഘങ്ങളുടെ അടിഭാഗം കറുത്തിരുണ്ട്‌ കാണപ്പെടുന്നത്‌.


അല്പം ചരിത്രം: 1802 ല്‍ ലാമര്‍ക്ക് (Lamarck) ആദ്യമായി മേഘങ്ങള്‍ക്ക് പേരിടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. 1803 ല്‍ ലൂക്ക് ഹോവാര്‍ഡ് (Luke Howard) മേഘരൂപങ്ങള്‍ക്ക് ലാറ്റിന്‍ പേരുകള്‍ നിര്‍ദ്ദേശിച്ചു. 1887 ല്‍ ആബെര്‍ കോംബി, ഹില്‍ഡിബ്രാന്റ്സണ്‍ (Abercromby and Hildebrandson) എന്നീ ശാസ്ത്രജ്ഞരാണ് ഇന്നത്തെ രീതിയില്‍ ഉയരവും, ആകൃതിയും അടിസ്ഥാനമാക്കി മേഘങ്ങള്‍ക്ക് പേരുനല്‍കുന്ന പദ്ധതി ആവിഷ്കരിച്ചത്.


ഇനി ആകാശവിതാനത്തില്‍ മേഘങ്ങളെകാണുമ്പോള്‍ അവയുടെ പേരുകള്‍ എന്തൊക്കെയാണെന്ന് ഓര്‍മ്മയുണ്ടാവുമല്ലോ? ഇത്രയധികം മേഘപാളികളും മേഘരൂപങ്ങളുമുള്ള നമ്മുടെ അന്തരീക്ഷം, ശൂന്യാകശത്തില്‍ നിന്നു നോക്കുമ്പോള്‍ എങ്ങനെയിരിക്കും? ഇതാ NASA യുടെ ബഹിരാകാശയാത്രികര്‍ ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നെടുത്ത ഒരു ചിത്രം.
അവലംബം Wikipedia commons
* ഈ പോസ്റ്റിലെ ചില ഫോട്ടോകള്‍ എടുത്തിരിക്കുന്നത് എന്റ്റെ സഹപ്രവര്‍ത്തകനായ Ged Twidale ആണ്. അതുപോലെ ബോഗര്‍ സുഹൃത്ത് ആഷ രണ്ടുഫോട്ടോകള്‍ എടുക്കുവാന്‍ അനുവാദം തന്നു. രണ്ടുപേരോടും ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

1408

10 comments:

അപ്പു

ഒരു പുതിയ ഫോട്ടോ / ശാസ്ത്ര പോസ്റ്റ്. വിവിധയിനം മേഘങ്ങളുടെ ചിത്രങ്ങളും, അവയ്ക്ക് പേരുനല്‍കുന്നതെങ്ങനെയെന്നും വിശദമാക്കുന്നു ഈ പോസ്റ്റില്‍. “മഴക്കാലത്തെ പരിചയപ്പെടാം” എന്ന ശാസ്ത്രപോസ്റ്റുകളില്‍ നാലാമത്തേത് ഇവിടെ പബ്ലിഷ് ചെയ്യുന്നു.

കൃഷ്‌ | krish

അപ്പൂസെ... മേഘങ്ങളെക്കുറിച്ച്‌ അറിവുപകരുന്ന മേഘസന്ദേശം നന്നായിട്ടുണ്ട്‌.

ikkaas|ഇക്കാസ്

നല്ല പോസ്റ്റ് ചേട്ടാ..
എല്ലാരും ഓരോ മേഖലകളിലുള്ള അവരവരുടെ അറിവുകള്‍ ഇങ്ങനെ പങ്കു വച്ചിരുന്നെങ്കില്‍..

ഇത്തിരിവെട്ടം

അപ്പൂ‍... നല്ല പോസ്റ്റ്. തികച്ചും വിജ്ഞാനപ്രദം. തുടരുക. ആശംസകള്‍.

പുള്ളി

വായിച്ചു/കണ്ടു. നന്നായിരിയ്ക്കുന്നു.

സ്വപ്നാടകന്‍

മറ്റൊരു മാസ്റ്റര്‍പീസ്! സയന്‍സ് ലളിതമായും എഴുതാമെന്നതിന് ഒരു ഉത്തമോദാഹരണം... ഒരു ഫണല്‍ മേഘവും കൂടി പ്പ്രതീക്ഷിച്ചിരുന്നു :)

അരീക്കോടന്‍

അപ്പൂസെ... മേഘസന്ദേശം നന്നായിട്ടുണ്ട്‌.

സജിത്ത്|Sajith VK

മികച്ച ശാസ്ത്ര പോസ്റ്റ്. ഇത് മലയാളം വിക്കിയില്‍ ചേര്‍ത്താല്‍ നന്നായിരിക്കും...

പടിപ്പുര

അപ്പൂ, ശാസ്ത്രപോസ്റ്റുകള്‍ വായിക്കുന്നുണ്ട്.
വളരെ നന്നായിരിക്കുന്നു. തുടരുക.

കുട്ടു | kuttu

നന്ദി അപ്പൂ..
ഇപ്പോള്‍ താല്പര്യം തോന്നുന്നു. ഇവി ഫോട്ടൊയെടുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം.
ആശംസകള്‍.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP