Showing posts with label ദുബായ് മെട്രോ. Show all posts
Showing posts with label ദുബായ് മെട്രോ. Show all posts

Tuesday, September 8, 2009

09-09-09 : ദുബായ് മെട്രോ ഭാവിയിലേക്ക് ....

ദുബായ് നഗരത്തിന്റെ അനന്യസാധാരണവും ദൃതഗതിയിലുള്ളതുമായ വളർച്ചയിൽ മറ്റൊരു നാഴികക്കല്ല് നാട്ടിക്കൊണ്ട് ദുബായ് മെട്രോറെയിൽ നാളെ മുതൽ സർവ്വീസ് ആരംഭിക്കുന്നു. ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് റാഷിദ് അൽ മഖ്തൂം ആണ് ദുബായ് മെട്രോയുടെ ഔദ്യോഗിക ഉത്ഘാടനം നിർവ്വഹിക്കുന്നത്. ഇതോടുകൂടി മെട്രോട്രെയിൻ സർവ്വീസുള്ള ആദ്യ ഗൾഫ് നഗരമായിമാറുകയാണ് ദുബായ്. പ്ലാൻ ചെയ്യുന്ന പ്രോജക്റ്റുകൾ എല്ലാം സമയാനുസൃതമായി പൂർത്തിയാക്കിയ ചരിത്രമുള്ള ദുബായ് നഗരത്തിന് ഈ പ്രോജക്റ്റിലും പിഴവുസംഭവിച്ചില്ല. ഏകദേശം മൂന്നരവർഷം (മാർച്ച് 2006) മുമ്പ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി ((RTA) ഈ സ്വപ്നപദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾതന്ന അതിന്റെ ആദ്യഘട്ടത്തിന്റെ ഉത്ഘാടനത്തിനായി നിശ്ചയിച്ചിരുന്ന തീയതിയാണ് 2009 സെപ്റ്റംബർ 9 (09-09-09). ആ പ്രഖ്യാപനമാണ് നാളെ യാഥാർത്ഥ്യമാകുന്നത്.

Courtesy: Gulf News

ലോകത്തെ മറ്റു പലനഗരങ്ങൾക്കും സാദ്ധ്യമാവാത്ത ഒന്നാണ് ഈ രീതിയിലുള്ള വൻപദ്ധതികളുടെ സമയാനുബന്ധിതമായ പൂർത്തീകരണം എന്നുപറയുമ്പോൾ അതിൽ അതിശയോക്തി തീരെയില്ല. വെറും മൂന്നര വർഷംകൊണ്ടാണ് ഈ ബൃഹത്പദ്ധതി പൂർത്തിയായിരിക്കുന്നത്. 2800 കോടി ദിർഹം (ഏകദേശം 37000 കോടി രൂപ) ആണ് റെഡ്-ലൈനിന്റെ മാത്രം നിർമ്മാണച്ചെലവ്. ദുബായ് നഗരത്തിന്റെ ഭാവി വികസനങ്ങളുടെയും പബ്ലിക് ട്രാൻസ്പോർട്ടേഷൻ സൌകര്യങ്ങളുടെയും നട്ടെല്ലായാണ് മെട്രോ റെയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

1990 കളുടെ ആദ്യം ദുബായ് നഗരത്തിന്റെ മുഖച്ഛായ ഇന്നുകാണുന്ന രീതിയിലായിരുന്നില്ല. റോഡു മാർഗ്ഗമുള്ള ഗതാഗതക്കുരുക്കുകൾ അന്ന് സാധാരണജനങ്ങൾക്ക് അനുഭവേദ്യവുമായിരുന്നില്ല. എന്നാൽ വളരെ ദീർഘവീക്ഷണമുണ്ടായിരുന്ന ഭരണാധികാരികൾ അന്നുതന്നെ നഗരത്തിന്റെ വളർച്ചയിൽ വർഷങ്ങൾക്കു ശേഷമുണ്ടാവാൻ പോകുന്ന വികസനവും, റോഡുഗതാഗതത്തിൽ വരാൻ പോകുന്ന ഭീമമായ വർദ്ധനയും, അതോടൊപ്പം ആ‍വശ്യമായി വരുന്ന അടിസ്ഥാനസൌകര്യങ്ങളുടെ വികസനങ്ങളും മനസ്സിൽകണ്ടിരുന്നു. 1997 ൽ നടത്തിയ ഒരു പഠനത്തിൽ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് മെട്രോ റെയിൽ പദ്ധതി. തൊണ്ണൂറുകളുടെ തുടക്കത്തിലെ ദുബായിയും ഇന്നത്തെ ദുബായിയും തമ്മിലുള്ള വ്യത്യാസം ഈ ഫോട്ടോയിൽ കാണാം! ദീർഘവീക്ഷണം എന്നാലെന്താണ് എന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം. 2003 ആയപ്പോഴേക്കും പ്രതീക്ഷിച്ചിരുന്നതുപോലെ വാഹനങ്ങളുടെ എണ്ണത്തിൽ വൻ‌വർദ്ധനവുണ്ടായി. 2005 ലാണ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നിലവിൽ വന്നത്. തൊട്ടടുത്തവർഷം തന്നെ ദുബായ് മെട്രോ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 2006 മാർച്ച് 21 ന് ദുബായ് മെട്രോയുടെ ആദ്യഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.

Red-line, Green-line and Purple-line എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്ന മുന്നു വ്യത്യസ്ത പാതകളുൾക്കൊള്ളുന്ന ദുബായ് മെട്രോ പദ്ധതിയിലെ 52.1 കിലോമീറ്റർ നീളം വരുന്ന ചുവപ്പു പാതയാണ് നാളെ പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രീൻലൈൻ അടുത്തവർഷം മധ്യത്തോടെ പണി പൂർത്തീകരിക്കത്തക്കവിധം നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദുബായ് ഇന്റർനാഷനൽ എയർപോർട്ടിനടുത്തുള്ള റഷീദിയ സ്റ്റേഷൻ മുതൽ ജബൽ അലി ഫ്രീസോൺ വരെ നീളുന്ന ചുവന്ന പാത ഈ പാത ദുബായിയിലെ പ്രധാന ഹൈവേ ആയ ഷേയ്ഖ് സായിദ് റോഡിനു സമാന്തരമായാണ് അതിന്റെ ഭൂരിഭാഗം വരുന്ന ഭാഗങ്ങളിലും കടന്നുപോകുന്നത്.

ദേര, ബർദുബായ് നഗരങ്ങളുടെ ഹൃദയഭാഗങ്ങൾ വഴികടന്നുപോകുന്ന ഏകദേശം അഞ്ചുകിലോമീറ്ററോളം വരുന്ന ഭാഗം പൂർണ്ണമായും ഭൂഗർഭതുരങ്കങ്ങൾ വഴിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിലുള്ള സ്റ്റേഷനുകളും ഭൂമിക്കടിയിൽ തന്നെ. ബാ‍ക്കിയുള്ള മുഴുവൻ ഭാഗങ്ങളും ഒറ്റത്തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന വയഡക്റ്റ് ബ്രിഡ്ജ് വഴിയും കടന്നുപോകുന്നു. ഈ ഭാഗങ്ങളിലുള്ള സ്റ്റേഷനുകളെല്ലാംതന്നെ ഭൂനിരപ്പിൽ നിന്നും ഉയർന്ന നിരപ്പിലാണുള്ളത്. സ്റ്റേഷനുകളോടു ബന്ധിപ്പിച്ച് ഹൈവേയുടെ മറുവശത്തേക്ക് യാത്രക്കാർക്ക് എത്തുവാനുള്ള എയർകണ്ടീഷൻഡ് ഫുട്-ബ്രിഡ്ജുകളും ഉണ്ട്.

മെട്രോയുടെ രൂപരേഖ Courtesy: Wikipedia

ഒട്ടനവധി പ്രത്യേകതകളുള്ളതാണ് ദുബായ് മെട്രോ. ട്രെയിനുകളും റെയിൽ നെറ്റ്വർക്കും പൂർണ്ണമായും ഓട്ടോമേറ്റഡ് ആണ്. ഡ്രൈവർ ഇല്ലാതെ ഓടുന്ന ട്രെയിനുകൾ കമ്പ്യൂട്ടർ നിയന്ത്രിതമാണ്. ഈ രീതിയിലുള്ള ലോകത്തിലെ രണ്ടാമത്തെ മെട്രോയാണ് ദുബായ് മെട്രോ. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തവയാണ് സ്റ്റേഷനുകളും ട്രെയിനുകളും. ഇരുവശത്തേക്കും കടന്നുപോകുന്ന ഡബിൾ ലൈനുകളിലായി 44 ട്രെയിനുകളാണ് നാളെമുതൽ റെഡ് ലൈനിൽ സർവ്വീസ് നടത്തുക. ക്രമേണ ഇത് 62 ആയി വർദ്ധിപ്പിക്കും. രാവിലെ 5 മണിമുതൽ രാത്രി 12:30 വരെ ട്രെയിനുകൾ സർവ്വീസ് നടത്തും. അഞ്ചു കമ്പാർട്ട്മെന്റുകൾ വീതമാണ് ഓരോ ട്രെയിനിലും ഉള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി മാത്രം റിസർവ് ചെയ്തിരിക്കുന്ന ഒരു കമ്പാർട്ട്മെന്റും നാലു ജനറൽ കമ്പാർട്ട്മെന്റുകളുമാണ് ഓരോ ട്രെയിനിലും ഉണ്ടാവുക.

സ്റ്റേഷനുകളും അത്യന്താധുനികമാണ്. അവയുടെ രൂപം മുത്തുച്ചിപ്പിയെ ഓർമ്മിപ്പിക്കുന്നു. എല്ലാ ആധുനിക സൌകര്യങ്ങളും കൂട്ടിയിണക്കിയിരിക്കുന്ന ഈ സ്റ്റേഷനുകൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകുന്നു. സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈ ഇന്റർനെറ്റ് കണക്ഷൻ സൌജന്യമാണ്. സ്റ്റേഷനുകളുടെയും, ട്രെയിനുകളുടെയും, റെയിൽ‌വേ ലൈനിന്റെ നിർമ്മാണത്തിലും ദുബായിയുടെ പ്രത്യേകതയായ ‘ഫിനിഷിംഗ് ടച്ച്’ കാണാവുന്നതാണ്. യാതൊരു പിശുക്കും കാണിക്കാതെ, ഏറ്റവും മനോഹരമായ ഫിനിഷിംഗ് മെട്രോയുടെ എല്ലാ ഭാഗങ്ങളിലും നൽകിയിരിക്കുന്നു - റെയിൽ കടന്നുപോകുന്ന ബ്രിഡ്ജുകളുടെ പെയിന്റിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ.



ഒരു സ്റ്റേഷന്റെ ഉൾഭാഗം Courtesy: Gulf News

ബുക്ക് സ്റ്റോറുകൾ, കോഫി ഷോപ്പുകൾ, മറ്റ് ഔട്ട്ലറ്റുകൾ തുടങ്ങി യാത്രക്കാർക്ക് അത്യാവശ്യം വേണ്ട എല്ലാ സൌകര്യങ്ങളും സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നു. റെഡ് ലൈനിൽ 29 സ്റ്റേഷനുകളാണുള്ളത്. ഇതിൽ പത്തെണ്ണം നാളെ പ്രവർത്തനം ആരംഭിക്കുന്നു. സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ എത്തിക്കുവാനായി ട്രെയിനുകളോപ്പം തന്നെ ഫീഡർ ബസ് സർവ്വിസുകളും RTA ആരംഭിച്ചിട്ടുണ്ട്. അത്യന്താധുനികങ്ങളായ 700 ഫീഡർബസുകളാണ് നാളെമുതൽ നിരത്തിലിറങ്ങുന്നത്. ഫീഡർ ബസുകളിലും ട്രെയിനുകളിലും ഒരേ ടിക്കറ്റിൽ യാത്രചെയ്യാം എന്നതാണ് പ്രത്യേകത. ഫീഡർ ബസുകളിലും ട്രെയിനുകളിലും വികലാംഗർക്ക് വീൽച്ചെയർ ഉൾപ്പടെ കയറാനുള്ള സംവിധാനവും ഉണ്ട്.

ട്രെയിനുകളും പ്രത്യേകതകളുള്ളവതന്നെ. കമ്പാർട്ട്മെന്റുകളുടെ ഉള്ളിൽ ട്രെയിൻ ഓടുന്നതിന്റെ ശബ്ദമോ, റെയിൽ‌വേട്രാക്കിന്റെ പരിസരങ്ങളിൽ ട്രെയിൻ ഓടുന്നതിന്റെ വിറയലോ ഇല്ല. നിശ്ശബ്ദട്രെയിനുകൾ എന്നുതന്നെ പറയാം. ആധുനിക വാർത്താവിനിമയ സൌകര്യങ്ങളും, സേഫ്റ്റി സംവിധാനങ്ങളും ട്രെയിനുകളിൽ ഉണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ സാധിക്കുന്നവയാണ് ഈ ജപ്പാൻ നിർമ്മിത ട്രെയിനുകൾ. പക്ഷേ ദുബായ് മെട്രോയിൽ ഇത്രയധികം സ്പീഡിൽ ഇവ ഓടുന്നില്ല - അടുത്തടുത്ത് സ്റ്റേഷനുകൾ ഉള്ളതിനാൽ. റെഡ് ലൈനിലെ 51 കിലോമീറ്റർ ദൂരം 60 മുതൽ 63 വരെ മിനുറ്റുകൾ കൊണ്ട് ഓടിയെത്താൻ പാകത്തിലാവും ട്രെയിനുകളുടെ വേഗതക്രമീകരിക്കുന്നത്.

ഒരു സ്റ്റേഷന്‍, ഹൈവേയ്ക്ക് കുറുകേ യാത്രക്കാര്‍ക്ക് കടക്കുവാനുള്ള ഫുട്‌ബ്രിഡ്ജ് എന്നിവ

ദുബായിയിലെ പ്രധാന റെസിഡൻഷ്യൽ ഏരിയകളേയും, ഷോപ്പിംഗ് സെന്ററുകളേയും, ബിസിനസ് സെന്ററുകളേയും, വിനോദസഞ്ചാരകേന്ദ്രങ്ങളേയും, എയർപോർട്ട്, ബസ്, വാട്ടർട്രാൻസ്പോട്ട് സർവ്വീസ് സ്റ്റേഷനുകളേയും ബന്ധിപ്പിച്ചുകൊണ്ടാണ് മെട്രോ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ നിലവിൽ ദുബായ് നിരത്തുകളിൽ അനുഭവപ്പെടുന്ന ട്രാഫിക് പ്രശ്നങ്ങൾക്ക് വലിയൊരളവു വരെ പരിഹാരം മെട്രോയുടെ വരവോടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിലാണ് മെട്രോയുടെ ടിക്കറ്റ് നിരക്കുകൾ നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. Nol കാർഡുകൾ എന്നറിയപ്പെടുന്ന ഇലക്ട്രോണിക് പ്രീപെയ്ഡ് കാർഡുകൾ ഉപയോഗിച്ചാണ് ടിക്കറ്റുകൾ എടുക്കേണ്ടത്. മെട്രോയെ മൂന്നു സോണുകളായി തിരിച്ചിരിക്കുന്നു. ഓരോ സോണിനും അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകൾ. ഏറ്റവും കുറഞ്ഞ നിരക്ക് 1.8 ദിർഹം ആണ്. ഇതുകൂടാതെ ഇതേ നോൾ കാർഡുകൾ ദുബായിയിലെ ബസ്-ബോട്ട്-മെട്രോ ടിക്കറ്റുകൾക്കായി ഉപയോഗിക്കാം എന്ന സൌകര്യവുമുണ്ട്. അതുകൊണ്ട് ഒരു ദിവസത്തെ പരമാവധി ടിക്കറ്റ് 14 ദിർഹം എന്ന് നിജപ്പെടുത്തിയിരിക്കുന്നു. അതായത് 14 ദിർഹം ടിക്കറ്റ് ഉപയോഗിച്ച് ഒരു ദിവസം മുഴുവൻ RTA യുടെ സിറ്റി ട്രാൻസ്പോർട്ട് സൌകര്യങ്ങൾ (മെട്രോയിലെ ഗോൾഡ് ക്ലാസ് ഒഴികെ) ഉപയോഗിക്കാം. പ്രധാന സ്റ്റേഷനുകളോടൊപ്പം വലിയ ബഹുനില കാർപാർക്കിംഗ് സൌകര്യങ്ങളും RTA ഒരുക്കിയിരിക്കുന്നു. മെട്രോയാത്രക്കാർക്ക് സൌജന്യമാണ് പാർക്കിംഗ്.

Water, Air, Fire എന്നീ തീമുകളെ അടിസ്ഥാനമാക്കിയാണ് മെട്രോ സ്റ്റേഷനുകളുടെ ഇന്റീരിയർ ഡിസൈനിംഗ് ചെയ്തിരിക്കുന്നത്. ഈ ഓരോ തീമിനും ചേരുന്ന രീതിയിലുള്ള വർണ്ണങ്ങൾ, ടെക്സ്ചറുകൾ, മറ്റു ഡെക്കറേഷനുകൾ എല്ലാം ഓരോ സ്റ്റേഷനും സ്വന്തം! ഗ്രീൻ ലൈനിൽ ദുബായ് നഗരത്തിന്റെ സ്വന്തമായ അറബ് വാസ്തുശില്പകലാ പാരമ്പര്യം അതേപടി പുനർനിർമ്മിച്ചിരിക്കുന്ന സ്റ്റേഷനുകളും ഉണ്ട്. റെയിൽ‌വേ സ്റ്റേഷനുകളുടെ പേരുകൾ RTA ലേലം വഴി കോർപ്പറേറ്റ് കമ്പനികൾക്ക് നൽകിയിരുന്നു. യു.എ.ഇ യിലെ കോർപ്പറേറ്റ് കമ്പനികളുടെ പേരുകളിലാണ് സ്റ്റേഷനുകൾ അറിയപ്പെടുക. എമിറേറ്റ്സ് എയർലൈൻസ്, എത്തിഹാദ്, ബുർജ് അൽ അറബ് തുടങ്ങിയ വമ്പന്മാരുടെയെല്ലാം പേരിൽ സ്റ്റേഷനുകൾ ഉണ്ട്.

ട്രാക്കിലേക്ക് തുറക്കുന്ന കക്കൂസുകളില്ലാത്ത ഈ മെട്രോ ട്രെയിനുകളും അതുമായി ബന്ധപ്പെട്ട ശൃഖലയും ഏതെങ്കിലും രീതിയിൽ വൃത്തികേടാക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴകളാണ്! മുറുക്കിത്തുപ്പുക, അലക്ഷ്യമായി പേപ്പറുകളും മറ്റും വലിച്ചെറിയുക, ട്രെയിനിന്റെ ഉള്ളിൽ കുത്തിവരയ്ക്കുക്ക, കോറിയിടുക, സീറ്റിൽ കാലുകയിറ്റി വയ്ക്കുക തുടങ്ങി യാത്രക്കാർ കാണിക്കാൻ സാധ്യതയുള്ള എല്ലാ ‘വൃത്തികേടുകളും’ അവയ്ക്കോരോന്നിനുമുള്ള പിഴസംഖ്യയും ഇപ്പോഴേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ട്രെയിനിന്റെ ഉള്ളിൽ ഭക്ഷണവും പുകവലിയും പാടില്ല. ഓരോ കം‌പാർട്ട്മെന്റിലും സർവൈലൻസ് ക്യാമറകളും ഇൻസ്പെക്റ്റർ മാരും ഉണ്ടത്രേ. നിയമങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല, അത് ഭംഗിയായി നടപ്പാക്കാനും അറിയാവുന്ന ഈ രാജ്യത്ത് മെട്രോ ട്രെയിൻ വർഷങ്ങൾക്കു ശേഷവും വൃത്തിയായിതന്നെയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട!

2020 ആകുമ്പോഴേക്കും ദുബായ് മെട്രോ ലോകത്തെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃഖല ആയിമാറും എന്നാണ് കണക്കാക്കുന്നത്. അപ്പോഴേക്കും ഈ റെയിൽ ശൃഖലയ്ക്ക് 318 കിലോമീറ്റർ നീളം പ്ലാൻ ചെയ്യുന്നു. ഒരു ദിവസം പന്ത്രണ്ടുലക്ഷം യാത്രക്കാർക്ക് സൌകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യമാണ് RTA വിഭാവനം ചെയ്യുന്നത്.

My Metro, My City: മെട്രോ പ്രവർത്തനം ആരംഭിക്കുന്നതിനു ഏകദേശം ഒരു വർഷം മുമ്പ് തന്നെ സിറ്റിയിലെ ജനങ്ങൾക്ക് മെട്രോയുമായി ഒരു ആത്മബന്ധം സ്ഥാപിക്കുന്നതിനുദ്ദേശിച്ച് RTA ആരംഭിച്ച കാമ്പെയിൻ ആണ് ‘മൈ മെട്രോ മൈ സിറ്റി‘ എന്നത്. പരസ്യപ്രചരണങ്ങൾ, മാധ്യമങ്ങളിൽക്കൂടിയുള്ള അവബോധമുണ്ടാക്കൽ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ പ്രോജക്റ്റിൽ ഉണ്ടായിരുന്നു. പുതിയ ഒരു mode of transport ജനങ്ങൾ നെഞ്ചിലേറ്റുവാൻ വളരെ ഫലപ്രദമായ ഒരു കാമ്പെയിൻ ആയിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്.

സിവിൽ എഞ്ചിനീയറിംഗ് രംഗത്തെ ഏറ്റവും ആധുനിക സാങ്കേതികവിദ്യകളാണ് മെട്രോയുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്. റെഡ് ലൈനിലെ 51.1 കിലോമീറ്റർ നീളത്തിൽ 44.1 കിലോമീറ്റർ നീളവും മെട്രോ റെയിൽ മേൽ‌പ്പാലങ്ങൾ വഴിയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞുവല്ലോ. 4.7 കിലോമീറ്റർ ദൂരം ഭൂഗർഭ തുരങ്കം വഴിയും 3.3 കിലോമീറ്റർ ദൂരം ഗ്രൌണ്ട് ലെവലിലും പാത കടന്നുപോകുന്നു. ഇനി വരാനുള്ള റെയിൽ ലൈനുകളും ഈ രീതിയിൽ മേൽ‌പ്പാലങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഏറെക്കുറെ ഒരേ ലെവലിൽ പോകുന്ന ഈ പാലം, നിലവിലുള്ള റോഡ് ഫ്ലൈഓവറുകൾക്ക് മുകളിലേക്ക് നന്നായി ഉയർന്നും, ചില സ്ഥലങ്ങളിൽ ഫ്ലൈഓവറുകളുടെ അടിയിലേക് താണും, വലിയ ഇന്റർചെയ്ഞ്ചുകളുടെ വശങ്ങളിലേക്ക് വളഞ്ഞും കടന്നുപോകുന്ന കാഴ്ച അത്ഭുതകരം തന്നെ.

മേൽ‌പ്പാലങ്ങളൊന്നും തന്നെ അവ നിൽക്കുന്ന ഭാഗങ്ങളിൽ വച്ച് പരമ്പരാഗത രീതിയിൽ തട്ടടിച്ച് വാർത്ത് എടുത്തവയല്ല. രണ്ടു പില്ലറുകൾക്ക് ഇടയിലുള്ള പാലത്തിന്റെ ഭാഗത്തെ വയഡക്റ്റുകൾ (viaducts) എന്നുവിളിക്കുന്നു. ഓരോ വയഡക്റ്റ് സ്പാനും ‘ചെറിയ കഷണങ്ങൾ’ (പ്രീകാസ്റ്റ് രീതിയിൽ) ചേർത്തുണ്ടാക്കിയവയാണ്. ഈ കഷണങ്ങളെ മെട്രോ യാർഡിൽ വച്ച് വാർത്തുണ്ടാക്കിയതിനു ശേഷം അവയെ വലിയ ട്രെയിലറുകളിൽ, സൈറ്റിൽ എത്തിക്കുകയായിരുന്നു. അതിനുശേഷം, ഒരു മാലയിലെ മുത്തുമണികൾ പോലെ viaduct segments കോർത്തിണക്കിയാണ് ഉണ്ടാക്കിയെടുത്തത്. ഓരോ viaduct പീസുകളുടെയും വലിപ്പം കേള്‍ക്കണോ? പത്തുമീറ്റർ വീതി, നാലുമീറ്റർ നീളം ! പില്ലറുകളും പ്രീകാസ്റ്റ് രീതിയില്‍ ഉണ്ടാക്കിയവ തന്നെ. ഈരണ്ടു പില്ലറുകൾക്ക് ഇടയിൽ കുറഞ്ഞത് മുപ്പതുമീറ്റർ അകലമുണ്ട്. അതിൽ ഇതുപോലെയുള്ള എട്ടു viaduct segments ഉം ഉണ്ട്. പ്രത്യേകതരം ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ ഭാരിച്ച ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. ഈ രീതിയിലുള്ള നിര്‍മ്മാണവിദ്യകള്‍ കൊണ്ടാണ് ഇത്രവേഗം ഈ പണികള്‍ പൂര്‍ത്തീകരിക്കാനായത്. പാലങ്ങളുടെ നിർമ്മാണത്തിലെ വിവിധഘട്ടങ്ങൾ താഴെക്കാണാം.


തിരക്കേറിയ നഗരത്തിനുള്ളിൽക്കൂടി ഭുഗർഭ തുരങ്കം നിർമ്മിക്കുന്ന ജോലിയും എഞ്ചിനീയറിംഗ് വെല്ലുവിളി തന്നെയായിരുന്നു. അതിന്റെ ഒരു ഭാഗം ദുബായ് ക്രീക്ക് എന്ന ജലപാതയുടെ അടിയിലൂടെയും കടന്നുപോകുന്നു. റോഡുഗതാ‍ഗതത്തിൽ അത്രയധികം ബുദ്ധിമുട്ടുകളൊന്നും വരുത്താതെയായിരുന്നു ഈ ജോലികൾ പൂർത്തിയാക്കിയത്. ജാപ്പനീസ് കമ്പനികളായ മിത്സുബിഷി കോര്‍പ്പറേഷന്‍, മിത്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസ്, ഒബായാഷി കോര്‍പ്പറേഷന്‍, കാജിമ കോര്‍പ്പറേഷന്‍ എന്നിവയും ടർക്കി കമ്പനിയായ Yapi Merkezi തുടങ്ങിയവ ഉൾപ്പെടുന്ന ദുബൈ റാപിഡ് ലിങ്ക് (DURL) കൺസോര്‍ഷ്യം ആണ് മെട്രോയുടെ നിർമ്മാണം പൂർത്തിയാക്കിയത്. മെട്രോ നിർമ്മാണത്തിനിടയിലെ ചില ചിത്രങ്ങൾ ഇവിടെയും ഇവിടെയും കാണാം. ബ്രിട്ടീഷ് കമ്പനിയായ സെർകോ (Serco) ആണു മെട്രോയുടെ ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്നത്.

നാഴികക്കല്ലുകൾ:

  • 1997 : സാധ്യതാപഠന റിപ്പോർട്ട് മെട്രോ പദ്ധതി വിഭാവനം ചെയ്തു
  • ജൂലൈ 2005 : DURAL മെട്രോയുടെ ഡിസൈൻ / നിർമ്മാണ കോൺ‌ട്രാക്റ്റ് നേടി
  • മാർച്ച് 2006 : റെഡ് - ഗ്രീൻ ലൈനുകളുടെ നിർമ്മാണം ആരംഭിച്ചു
  • ഏപ്രിൽ 2008: ആദ്യ ട്രെയിൻ ട്രാക്കിൽ
  • മെയ് 2008: ആദ്യ റെയിൽ ഡെമോൺസ്ട്രേഷൻ
  • സെപ്റ്റംബർ 2008: ആദ്യ ട്രയൽ റൺ
  • ഓഗസ്റ്റ് 2009 : ആദ്യപത്ത് സ്റ്റേഷനുകൾ പ്രഖ്യാപിച്ചു
  • സെപ്റ്റംബർ 9, 2009: ദുബായ് മെട്രോ, പ്രഖ്യാപനം അനുസരിച്ച് പ്രവർത്തനം ആരംഭിക്കുന്നു.

ദുബായ് നഗരികണ്ടതിൽ വച്ച് ഏറ്റവും അഭിമാനാര്‍ഹമായ പ്രോജക്റ്റുകളില്‍ ഒന്നാണ് ദുബായ് മെട്രോ എന്നതില്‍ സംശയമില്ല. ഈ അവസരത്തിൽ ഇതിന്റെ പിന്നിൽ അധ്വാനിച്ച ആയിരക്കണക്കിനാളുകളെ അഭിനന്ദിക്കാം. ഈ പ്രോജക്റ്റ് യാഥാർഥ്യമാക്കുവാൻ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഭരണാധികാരികൾ, RTA, വിവിധ രാജ്യക്കാരായ അഞ്ഞൂറിലേറെ എഞ്ചിനീയർമാർ, ഇന്ത്യക്കാരുൾപ്പടെയുള്ള പതിനായിരത്തിനടുത്ത് ലേബർമാർ, മറ്റനവധി ടെക്നിക്കൽ വിദഗ്ദ്ധർ തുടങ്ങി കൂട്ടായ മനുഷ്യപ്രയത്നത്തിന്റെ വിജയമാണ് വെറും മൂന്നര വർഷംകൊണ്ട് ഇത്തരത്തിലൊരു ഭീമൻ പ്രോജക്റ്റ് യാഥാർത്ഥ്യമാകുമ്പോൾ നാം കാണുന്നത്. അവരുടെ അധ്വാനത്തിനത്തിനുമുന്നിൽ ഹൃദയപൂർവ്വം ആശംസകൾ നേരുന്നു !


ദുബായ് മെട്രോയിൽ ഒരു യാത്ര

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP