Showing posts with label പാലക്കാട്. Show all posts
Showing posts with label പാലക്കാട്. Show all posts

Monday, March 24, 2008

വയലും വീടും (ഫോട്ടോ പോസ്റ്റ്)

മുമ്പൊരിക്കല്‍ പോസ്റ്റു ചെയ്ത പാലക്കാട്ടെ പാടവരമ്പത്തൂടെ എന്ന ഫോട്ടോപോസ്റ്റില്‍ പാലക്കാട്ടെ വയലേലകളിലൂടെ നടന്നപ്പോള്‍ എടുത്ത കുറേ ഫോട്ടോകള്‍ പോസ്റ്റുചെയ്തിരുന്നല്ലോ. അതോടൊപ്പം അന്നെടുത്ത കുറച്ചു ഫോട്ടോകള്‍ ഇവിടെ പോസ്റ്റുചെയ്യുന്നു. (Desktop background ആക്കാ‍നുള്ള സൈസ് ഇല്ല എന്ന പതിവു പരാതി ഒഴിവാക്കാനായി നല്ല റെസലൂഷനില്‍ത്തന്നെയാണ് എല്ലാ ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരിക്കുന്നത് . ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക)













പാലക്കാട് പട്ടണത്തില്‍ നിന്നും കിഴക്കോട്ട് മാറി, തമിഴ്നാട് അതിര്‍ത്തിയില്‍ പൊള്ളാച്ചിയോടടുത്ത് കൊഴിഞ്ഞാമ്പാറ എന്നൊരു ഗ്രാമമുണ്ട്. അവിടെയുള്ള വയലേലകളാണിവ. നെല്‍പ്പാടത്തിന്റെ പച്ചപ്പും, നെല്ലോലകളെ തലോടികടന്നു വരുന്ന ഇളംകാറ്റിന്റെ കുളിര്‍മ്മയും ഗ്രാമീണമണവും...എത്ര സുന്ദരം അല്ലേ? “എന്തു സുഖമാണീ കാറ്റ്...” എന്ന ഗാനം എത്ര അര്‍ത്ഥവത്താണെന്നു തോന്നിപ്പോയി ആ പാടവരമ്പത്ത്‍ നില്‍ക്കുമ്പോള്‍.

സൌന്ദര്യ ബോധമില്ലാതെ നെടുകെയും കുറുകെയും കടന്നുപോകുന്ന ഇലക്ട്രിക് ലൈനുകള്‍ ഈ ചിത്രത്തിന്റെ ഭംഗികെടുത്തുന്നുണ്ടെങ്കിലും, അതിലെ പച്ചപ്പും തലയുയര്‍ത്തിനില്‍ക്കുന്ന തെങ്ങുകളും മനോഹരമായിതോന്നി.













വീണ്ടും മുമ്പോട്ടുപോകുമ്പോള്‍ പ്രായമേറെയെത്തിയ ഒരു തണല്‍ മരം തന്റെ ശിഖരങ്ങളിലൊന്ന് പാടത്തേക്ക് ചായിച്ച് അങ്ങനെ നില്‍ക്കുന്നതു കണ്ടു. അവിടെയിരുന്ന് ഒരല്‍പ്പം വിശ്രമം.















റോഡിലൂടെ അങ്ങനെ ഫോട്ടോകളും എടുത്തുകൊണ്ട് പോകുമ്പോള്‍ ബൈക്കിലെത്തിയ ഒരു ചേട്ടന്‍ ചോദിച്ചു: “സാര്‍, സീരിയലിന് ലൊക്കേഷന്‍ നോക്കുകയാണോ”. ഇപ്പോഴിവിടമൊക്കെ സീരിയല്‍ നിര്‍മ്മാതാക്കളുടെ ലൊക്കേഷനാണത്രേ. ശരിയാണ് കലര്‍പ്പില്ലാത്ത കേരളീയ ഗ്രാമീണ സൌന്ദര്യം ഇപ്പോഴും ഇവിടങ്ങളില്‍ മാത്രമല്ലേ കാണാന്‍ സാധിക്കൂ!


കാളവണ്ടി: വളരെ നാളുകള്‍ക്കു ശേഷമാണ് ഒരു കാളവണ്ടി കാണുന്നത്.

“തോളത്തു ഘനംതൂങ്ങും വണ്ടിതന്‍ തണ്ടും പേറി,
കാളകള്‍ മന്ദം മന്ദം ഇഴഞ്ഞൂ നീങ്ങീടുന്നു”


എന്ന് പണ്ട് മലയാളപാഠാവലിയില്‍ പഠിച്ച വരികള്‍ ഓര്‍മ്മയിലെത്തി അപ്പോള്‍.













തമിഴ്നാട് അതിര്‍ത്തിയിലേക്ക് അടുക്കുമ്പോള്‍, കോയമ്പത്തൂര്‍ ഹൈവേയുടെ സൈഡില്‍ കണ്ടതാണ് ഈ കൃഷിനിലവും അതു ഉഴുതുമറിക്കുന്ന കാളകളെയും. പച്ചപ്പുല്ലിനാല്‍ ബോര്‍ഡറിട്ട, ചുവന്ന മണ്ണുള്ള ഈ നിലവും, തലയുയര്‍ത്തിനില്‍ക്കുന്ന പനകളും, പാടത്തോട് ചേര്‍ന്നുള്ള ഓലപ്പുരയും, പശ്ചാത്തലത്തില്‍ മേഘങ്ങളുമായി സല്ലപിക്കുന്ന നീല മലയും, നീലാകാശവും മനോഹരമായ ഒരു കാഴ്ചയായിരുന്നു.


















ഈ കാഴ്ചകളൊക്കെ ഇനി എത്രനാളുകള്‍ കൂടി കാണാന്‍ സാധിക്കുമോ എന്തോ?

Wednesday, August 29, 2007

പാലക്കാട്ടെ ഒരു പാടവരമ്പത്തൂടെ - ഫോട്ടോപോസ്റ്റ്

പച്ച വിരിച്ച നെല്‍പ്പാടം.....
അതിന്റെ ഇടയിലൂടെ കടന്നു പോകുന്ന വരമ്പുകള്‍......

ആ വരമ്പില്‍ക്കൂടെ ഇളംകാറ്റേറ്റ് ഒരു നടത്തം....
ഏതു പ്രവാസിയും കൊതിക്കുന്ന ഒരു യാത്രയാണിത്.



പാടത്തുപണിയെടുക്കാനുള്ള ആളുകളെ കിട്ടാത്തതിനാല്‍ ഇന്ന് കേരളത്തില്‍ വയലുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉള്ളവതന്നെ കൃഷിയില്ലാതെ പുല്ലും, ആഫ്രിക്കന്‍ പായലും വളര്‍ന്ന് ആര്‍ക്കും വേണ്ടാതെ കിടക്കുന്നു.

എന്നാല്‍ വടക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് പാലക്കാടന്‍ മേഖലയില്‍ നെല്‍കൃഷി ഇന്നും സജീവമാണ്. പുതിയതലമുറയിലെ തൊഴിലാളികള്‍ക്ക് പാടത്തെ പണിയോട് താത്പര്യം കുറയുന്നതിനാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടത്തെ പാടങ്ങള്‍ക്കും അകാലചരമം സംഭവിച്ചേക്കാം.



ഈ വര്‍ഷം അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പാലക്കാട്ടെ ഒരു വയലേലയിലൂടെ ഒന്നു നടക്കാനിറങ്ങി. അപ്പോള്‍ ക്യാമറയിലാക്കിയ കുറേ ദൃശ്യങ്ങളാണ് ഈ പോസ്റ്റില്‍. ബ്ലോഗും ഇന്റര്‍നെറ്റും ഉള്ള കാലത്തോളം ഈ ചിത്രങ്ങള്‍ ഇവിടെ കിടന്നോട്ടെ.


മീനുകളെത്തേടി നടക്കുന്ന കൊക്കമ്മാവന്‍. നെല്‍പ്പാടങ്ങളിലെ ഒരു സ്ഥിരം കാഴ്ച.


കേരനിരകള്‍ തണല്‍‌വിരിക്കുന്ന പാടവരമ്പ്....അതിനിടയില്‍ പച്ച പുതച്ചുകിടക്കുന്ന വയല്‍.


നെല്‍ച്ചെടികള്‍ക്കിടയിലെ കളകള്‍ പറിച്ചുമാറ്റുന്ന തൊഴിലാളികള്‍. ഈ ഫോട്ടോ എടുക്കുമ്പോള്‍ ഇവര്‍ പറഞ്ഞ ഒരു കാര്യം ഇവിടെ കുറിക്കട്ടെ. ഇവരുടെ കാലശേഷം, പുതിയൊരുതലമുറ പിന്മുറക്കാര്‍ പാടത്ത് പണിയെടുക്കാന്‍ ഉണ്ടാവില്ല എന്നതായിരുന്നു അവര്‍ പറഞ്ഞതിന്റെ ചുരുക്കം.


ചുമടുതാങ്ങികള്‍. കറ്റകള്‍ തലയിലേറ്റാനും, തലയിലെ ഭാരം ഇടയ്കൊന്നിറക്കി വിശ്രമിക്കാനും ഈ ചുമടു താങ്ങികള്‍ തൊഴിലാളികളെ ഏറെ സഹായിച്ചിരുന്നു.





നെല്‍പ്പാടങ്ങള്‍‍ക്കിടയില്‍ കണ്ട ഒരു കരിമ്പിന്‍ പാടം.


ഒരു കാവല്‍ മാടം.



2942

Saturday, August 18, 2007

പാലക്കാടന്‍ ഗ്രാമത്തുടിപ്പുകള്‍ - ഫോട്ടോപോസ്റ്റ്

നമ്മുടെ നാട്ടിലെ ഒരു പ്രഭാതം ഒരു മണല്‍നാട്ടിലെ പ്രഭാതത്തേക്കാള്‍ എത്രയോ വ്യത്യസ്തവും സുന്ദരവുമാണ്! അതുതന്നെ ഒരു ഗ്രാമപ്രദേശത്തായാലോ?

കിളികളുടെ സംഗീതം, പൂങ്കോഴിയുടെ കൂവല്‍, സമീപത്തെ അമ്പലത്തില്‍ നിന്നുയരുന്ന വെങ്കടേശ സുപ്രഭാതം, പത്രക്കാരന്‍, പാല്‍ക്കാരന്‍, സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍, ചായക്കട, മത്സ്യവില്‍പ്പനക്കാരന്‍, കാളവണ്ടി, ഇങ്ങനെ ഒരു ഗ്രാമത്തിനു മാത്രം സ്വന്തമായ കുറേ കാഴ്ചകള്‍.

ഈ ആഴ്ച പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ രണ്ടുദിവസം താമസിച്ചു.
പാലക്കാട് ടൌണില്‍നിന്നും മുപ്പതു കിലോമീറ്റര്‍ കിഴക്കുമാറി തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കൊഴിഞ്ഞാമ്പാറ എന്ന ഒരു തനി നാടന്‍ഗ്രാമപ്രദേശം.

മധ്യകേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നു വയലേലകളും, ഗ്രാമത്തിന്റേതായ മുഖമുദ്രകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും, പാലക്കാടന്‍ മേഖലയില്‍ തനി കേരള ഗ്രാമീണ സൌന്ദര്യം ഇന്നും കാണാനാവും. (അത് മറ്റൊരു പോസ്റ്റില്‍ ഇടാം).

റോഡരികില്‍ ക്യാമറയുമായി രാവിലെ ഒരുമണിക്കൂര്‍ നിന്നപ്പോള്‍
കണ്ണില്‍പ്പതിഞ്ഞ കുറേ ദൃശ്യങ്ങളാണ് ഈ പോസ്റ്റില്‍.
ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകളെ പ്രതിനിധീകരിക്കുന്ന കുറേ
ചിത്രങ്ങള്‍. അവ നിങ്ങളുമായി പങ്കുവയ്ക്കുന്നു.


















2678

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP