Monday, November 19, 2007

Red Arrows in Dubai - എയര്‍ഷോ കൂടുതല്‍ ചിത്രങ്ങള്‍

കുതിരയോട്ടം, രഥയോട്ടം, മല്ലയുദ്ധം, അമ്പെയ്ത്ത് തുടങ്ങി, യോട്ടിംഗ്, ജിംനാസ്റ്റിക്സ്, ബോക്സിംഗ്,മോട്ടോര്‍ റേസ് വരെ എല്ലാ അഭ്യാസപ്രകടനങ്ങളും അതാതു കാലഘട്ടങ്ങളിലെ മനുഷ്യമനസ്സിന് ഹരം‌പകര്‍ന്നിരുന്നവയാണ്. കായികാഭ്യാസമായാലും, യാന്ത്രികസഹായത്തോടെയുള്ള അഭ്യാസങ്ങളായാലും അവ മനസ്സിനെ ത്രസിപ്പിക്കുന്നവതന്നെ. ഇവയുടെയെല്ലാം പിന്നില്‍ പൊതുവായുള്ള ചില കാര്യങ്ങളുണ്ട്. ചിട്ടയായ പരിശീലനം, കഠിനാധ്വാനം, അതില്‍ പങ്കെടുക്കുന്നവരുടെ കായികക്ഷമത എന്നിവ അതില്‍ മുഖ്യമത്രെ. പക്ഷെ ഇവയില്‍നിന്നെല്ലാം ഒരുപടികൂടി കടന്ന് മുന്നില്‍നില്‍ക്കുന്നവയാണ്‌ വ്യോമാഭ്യാസപ്രകടനങ്ങള്‍ അഥവാ എയറോബാറ്റിക്സ്.

എയറോബാറ്റിക്സിനുപിന്നിലും ഈ പറഞ്ഞ എല്ലാക്കാര്യങ്ങളുമുണ്ട്. പക്ഷേ അതിവേഗതയില്‍ പായുന്ന വിമാനങ്ങളെ, സെക്കന്റിന്റെ ഒരംശത്തില്‍ നിയന്ത്രിച്ച്‌ നൂറുകണക്കിനു മീറ്റര്‍ ഉയരത്തിലേക്കും, അവിടെനിന്ന് മിന്നല്‍ പോലെതാഴേക്കും, അക്കൂ‍ട്ടത്തില്‍ പമ്പരംപോലെ ഒന്നു വട്ടത്തില്‍ കറക്കിയും, തലകീഴായും നിവര്‍ന്നും, ഏതാനും അടികള്‍ മാത്രം അകലെ അവയെ കിറുകൃത്യമായി പറപ്പിച്ചും വാനില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്താന്‍ ധൈര്യവും കാ‍യികക്ഷമതയും മാത്രം പോരാ - കഠിനമായ പരിശീലനം, സൂക്ഷമത, കൃത്യത, നിമിഷാര്‍ത്ഥത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവ്‌, ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തിന് എതിരാ‍യും, നേരേയും അതിവേഗം സഞ്ചരിക്കുമ്പോളുള്ള ഭാര-രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങള്‍ അതിജീവിക്കുവാനുള്ള ശേഷിയും പരിശീലനവും, ഇവയെല്ലാം ഒത്തിണങ്ങിയാലേ നാമിന്നു കാണുന്നരീതിയിലുള്ള വ്യോമാഭ്യാസപ്രകടനങ്ങള്‍ സാധ്യമാവുകയുള്ളൂ.





ദുബായ്‌ എയര്‍ഷോയുമായി അനുബന്ധിച്ച്‌ എല്ലാദിവസവും അരങ്ങേറിയ, ബ്രിട്ടനില്‍നിന്നുള്ള "റെഡ്‌ ആരോസ്‌" എന്ന ടീമിന്റെ പ്രകടനം കണ്ടപ്പോള്‍ ഒരു കാര്യംവ്യക്തമായി - ലോകത്തെ ഏറ്റവും മികച്ച എയറോബാറ്റിക്സ്‌ ടീമുകളില്‍ ഒന്ന് എന്നപേരിന്‌ അവര്‍ എന്തുകൊണ്ടും യോഗ്യരാണ്‌ എന്ന വസ്തുത.

ബ്രിട്ടീഷ്‌ റോയല്‍ എയര്‍ഫോഴ്സിന്റെ എയറോബാറ്റിക്സ്‌ ഡിസ്‌പ്ലേ റ്റീം ആണ്‌ "റെഡ്‌ ആരോസ്‌" (Red Arrows). ഔദ്യോഗികമായി റോയല്‍ എയര്‍ഫോഴ്സ്‌ എയറോബാറ്റിക്‌ ടീം എന്നറിയപ്പെടുന്ന റെഡ്‌ ആരോസ്‌ രൂപീകൃതമായത്‌ 1964 ലാണ്‌. BAE Systems നിര്‍മ്മിക്കുന്ന ഹാക്ക്‌ എന്ന ഒറ്റ എന്‍ജിന്‍ യുദ്ധവിമാനമാണ്‌ റെഡ്‌ ആരോസ്‌ തങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌.



ഒറ്റയെഞ്ചിനുള്ള ഈ കുഞ്ഞന്‍ വിമാനം അത്ര മോശക്കാരനൊന്നുമല്ല. മണിക്കൂറില്‍ 1037 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാനും, 15900 മീറ്റര്‍ (15.9 കിലോമീറ്റര്‍) വരെ ഉയരത്തില്‍ നിമിഷങ്ങള്‍കൊണ്ട് എത്താനും ഇവനു കഴിയും. ഇത്തരത്തിലുള്ള ഒന്‍പത്‌ വിമാനങ്ങളാണ്‌ റെഡ് ആരോസിന്റെ ഒരു ഡിസ്‌പ്ലേയില്‍ ഉപയോഗിക്കുക. ഈ ടീം രൂപീകൃതമായതിനു ശേഷം 4000 നു മുകളില്‍ എയറോബാറ്റിക്സ്‌ ഡിസ്‌പ്ലേകള്‍ ഇതുവരെ വിവിധ രാജ്യങ്ങളിലായി നടത്തിക്കഴിഞ്ഞു.



കടുംചുവപ്പുനിറത്തിലുള്ള ഹാക്ക്‌ വിമാനങ്ങളില്‍ വെള്ളയും നീലയും വരകള്‍ - ഇതാണ്‌ റെഡ്‌ ആരോസ് ഹാക്ക് വിമാനങ്ങളുടെ നിറം. എയറോബാറ്റിക്സിനിടയില്‍ അവര്‍ ഉപയോഗിക്കുന്ന പുകയുടെ നിറവും അതുതന്നെ - വെള്ള, ചുവപ്പ്‌, നീല. അതുപോലെ ടീം മെമ്പേഴ്സിന്റെ യൂണിഫോമും ഇതേ കളര്‍ സ്കീമില്‍ത്തന്നെ. റെഡ്‌ ആരോസ്‌ ടീമിലെ ഓരോ അംഗത്തെയും റെഡ്‌ 1, റെഡ്‌ 2 എന്നിങ്ങനെ റെഡ് 9 വരെ നമ്പറുകളിലാണ്‌ അറിയപ്പെടുന്നത്‌. റെഡ്‌ 1 ആണ്‌ ടീം ലീഡര്‍. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ടീം മെംബേഴ് “ഈനിഡ്” എന്നും ആറുമുതല്‍ ഒന്‍പതു വരെയുള്ളവര്‍ “ജൈപ്പോ“ എന്നും അറിയപ്പെടുന്നു

ഇവരോടൊപ്പം പത്താമതൊരു സ്പെയര്‍ വിമാനം എപ്പോഴും ഉണ്ടാകും. എന്നാല്‍ ഒരു സ്പെയര്‍ പൈലറ്റ്‌ ഉണ്ടാവാറില്ല (കാരണം താഴെപ്പറയാം). ഡിസ്‌പ്ലേയില്‍ പങ്കെടുക്കുന്ന ഒരു പൈലറ്റിന് ഒരു ദിവസം പറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എട്ടു വിമാനങ്ങളുള്ള ഫോര്‍മേഷനായിരിക്കും ആ ദിവസം പറക്കുക. ടീം ലീഡര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ പറക്കാന്‍ സാധിക്കുന്നിലെങ്കില്‍ ഡിസ്‌പ്ലേതന്നെ വേണ്ട എന്നു വയ്ക്കുന്നതായിരിക്കും.


ബിഗ്‌ബാറ്റില്‍ ഫോര്‍മേഷന്‍


ഒരു എയറോബാറ്റിക്സ്‌ ഡിസ്‌പ്ലെയില്‍ പങ്കെടുക്കുന്ന വിമാനങ്ങള്‍ അനുവര്‍ത്തിക്കേണ്ട ചില പാറ്റേണുകള്‍ ഉണ്ട്‌. ഈ പാറ്റേണുകളെ "ഫോര്‍മേഷന്‍സ്‌" എന്നാണ്‌ പറയുന്നത്‌. ഇവയൊക്കെയും മുന്‍കൂട്ടി ചിട്ടപ്പെടുത്തി മാസങ്ങള്‍ നീളുന്ന കര്‍ശനപരിശീലനത്തിലൂടെ അവരവരുടെ സ്ഥാനവും അവര്‍ ചെയ്യേണ്ട കാര്യങ്ങളും ഓരോ പൈലറ്റും ഹൃദിസ്ഥമാക്കിയിരിക്കും. റെഡ്‌ ആരോസ്‌ ടീമിന്റെ ഡിസ്‌പ്ലേയില്‍ ഒന്‍പത്‌ വിമാനങ്ങളാണ്‌ പങ്കെടുക്കുന്നത്‌ എന്നു മുമ്പ്‌ പറഞ്ഞുവല്ലോ? ഈ ഒന്‍പതു വിമാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട്‌ രൂപപ്പെടുത്താവുന്ന പല ഫോര്‍മേഷന്‍സ്‌ ഉണ്ട്‌. അവയോരോന്നിനും ഓരോ പേരും നല്‍കിയിരിക്കുന്നു. ഉദാ: ഡയമണ്ട്‌ നയന്‍, ബിഗ്‌ ബാറ്റില്‍, ബിഗ്‌വിക്സന്‍, സ്വാന്‍‌ തുടങ്ങിയവ. ഇവ ഓരോന്നിലും വിമാനങ്ങള്‍ ഏതൊക്കെ പൊസിഷനുകളിലായിരിക്കും എന്നതിന്റെ രേഖാചിത്രം റെഡ്‌ ആരോസിന്റെ ഹോംപേജില്‍ നല്‍കിയിട്ടുണ്ട്‌. ഇവിടെ ക്ലിക്കുചെയ്താല്‍ അത്‌ കാണാവുന്നതാണ്‌.


ഡയമണ്ട് ഫോര്‍മേഷന്‍ - റെഡ് ആരോസിന്റെ ട്രേഡ് മാര്‍ക്ക്. അഞ്ചാമത്തെ ചിത്രവും നോക്കുക.


സ്വാന്‍ ഫോര്‍മേഷന്‍


ഒരു പൊസിഷനില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റങ്ങള്‍, ഒരു പൊസിഷനില്‍ത്തന്നെയുള്ള അസെന്റ്‌ (മുകളിലേക്ക്‌) ഡിസന്റ്‌ (താഴേക്ക്‌), ലൂപ്പ്‌ (മുകളിലേക്ക്‌ ലംബമായി ഉയര്‍ന്ന് തലകീഴായിതിരിഞ്ഞ്‌ താഴേക്ക്‌), റോള്‍ (തിരശ്ചീനമായും, വശംതിരിഞ്ഞും തലകീഴായുമുള്ള പൊസിഷനുകള്‍) ബെന്റ്‌ (വളഞ്ഞുപോകുന്ന എന്നാല്‍ തിരശ്ചീനമായ പാത), സ്‌പ്ലിറ്റ്‌ (വേര്‍പിരിഞ്ഞ്‌ പോവുക) ഇവയൊക്കെ ചേര്‍ന്നതാണ്‌ ഓരോ ഫോര്‍മേഷനുകളും.

ദുബായ്‌ എയര്‍ഷോയില്‍ റെഡ്‌ ആരോസ്‌ അവതരിപ്പിച്ച ഡിസ്‌പ്ലേയില്‍നിന്നെടുത്ത ചിത്രങ്ങളാണ്‌ ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്‌. പ്ലെയിനുകളുടെ പൊസിഷനുകളും, സ്മോക്ക്‌ ട്രെയിലുകളും വ്യക്തമായികാണുന്നതിനായി ഏറെയും വൈഡ്‌ ആംഗിള്‍ ഫോട്ടോകളാണ്‌ ഇതിലുള്ളത്‌ - ക്ലോസ്‌അപ്പുകള്‍ കാണുന്നതിന്‌ ഇതിനു മുമ്പുള്ള പോസ്റ്റില്‍ നോക്കുക.


അപ്പോളോ1/4 ക്ലൊവര്‍

വിമാനങ്ങളുടെ അടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഡീസല്‍ ടാങ്കില്‍നിന്നും ഡീസല്‍, ജെറ്റ് എന്‍‌ജിന്റെ എക്സോസ്റ്റിലേക്ക് (ജെറ്റ് എന്‍‌ജിനില്‍ നിന്നും പുറത്തേക്ക് വമിക്കുന്ന ചൂടുവാതകപടലം) കലര്‍ത്തിയാണ് സ്മോക്ക് ട്രെയില്‍ (പുക) ഉണ്ടാക്കുന്നത്. ഇതുകൂടാതെ കളര്‍ കലര്‍ത്തിയ ഡീസലും പ്രത്യേകമായി ഇതോടൊപ്പം സൂക്ഷിച്ചിരിക്കും. ഇവ ആവശ്യാനുസരണം എക്സോസ്റ്റിലേക്ക് കലര്‍ത്തിയാണ് ഡിസ്‌പ്ലേയില്‍ വേണ്ട കളര്‍പുകകള്‍ സൃഷ്ടിക്കുന്നത്. അന്തരീക്ഷത്തിലെ മേഘപാളികള്‍ 4000 അടിക്ക് മുകളിലായിരിക്കുന്ന അവസരത്തില്‍ മാത്രമേ റെഡ് ആരോസ് അവരുടെ ഡിസ്‌പ്ലേ പൂര്‍ണ്ണമായ രീതിയില്‍ അവതരിപ്പിക്കുകയുള്ളു. ദുബായിയിലെ തെളിഞ്ഞകാലാവസ്ഥയില്‍ (മേഘങ്ങളേ ഇല്ല!!) ഇതൊരു പ്രശ്നം അല്ലായിരുന്നു. ഇങ്ങനെയല്ലാത്ത അവസരങ്ങളില്‍ വളരെ ഉയരങ്ങളിലേക്കെത്തുന്ന മനൂവറുകള്‍ നടത്താറില്ല.


ബിഗ്‌വിക്സന്‍ ഫോര്‍മേഷന്‍


ഷട്ടില്‍ ഫോര്‍മേഷന്‍


ഓരോ റെഡുകള്‍ക്കും ഡിസ്‌പ്ലെയില്‍ അവരവരുടെ പൊസിഷനുകള്‍ ഉണ്ട്‌. എല്ലായ്പ്പോഴും ഈ പൊസിഷനുകളായിരിക്കും ടീമംഗങ്ങള്‍ പറക്കുക. റെഡ്‌ 10 എന്നൊരു അംഗംകൂടി റെഡ്‌ ആരോസ്‌ ടീമില്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇദ്ദേഹം ഡിസ്‌പ്ലെയില്‍ പങ്കെടുക്കാറില്ല. ടീം മറ്റു രാജ്യങ്ങളില്‍ ഡിസ്‌പ്ലേയ്ക്‌ പോകുമ്പോള്‍ സ്പെയര്‍ എയര്‍ക്രാഫ്റ്റ്‌ കൊണ്ടുപോവുക, ഗ്രൗണ്ട്‌ സേഫ്റ്റി ഓഫീസറായി വര്‍ത്തിക്കുക, എയര്‍-ടു-എയര്‍ ഫോട്ടോഗ്രാഫിയ്ക്കായി ഫോട്ടോഗ്രാഫര്‍മാരെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഡിസ്‌പ്ലേ ടീമിനു പിന്നില്‍ കൊണ്ടുപോവുക തുടങ്ങിയവയാണ്‌ റെഡ്‌ 10 ന്റെ ചുമതലകള്‍. പൈലറ്റുമാരെ കൂടാതെ എണ്‍പതോളം വരുന്ന ടെക്നിക്കല്‍ ടീം റെഡ് ആരോസിന് ഉണ്ട്. അവരെ “ബ്ലൂസ്” എന്നാണ് അറിയപ്പെടുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ നീലനിറത്തിലാണ് ഇവരുടെ യൂണിഫോം.


ഷട്ടില്‍ ലൂപ്പ്


വെര്‍ട്ടിക്കല്‍ ബ്രേക്ക്


വെര്‍ട്ടിക്കല്‍ ബ്രേക്ക് മറ്റൊരു ആംഗിളില്‍നിന്ന്


ടീം തെരഞ്ഞെടുപ്പും പരിശീലനവും

റെഡ് ആരോസിലെ സേവനം ബ്രിട്ടീഷ് എയര്‍ഫോഴ്സിലെ പൈലറ്റുമാര്‍ സ്വമേധയാ ചെയ്യുന്നതാണെങ്കിലും, അവിടേക്ക് പ്രവേശനം ലഭിക്കുക അതിലെ ഏറ്റവും മിടുമിടുക്കന്മാര്‍ക്കായിരിക്കും. ഓരോവര്‍ഷവും പത്തോളം വരുന്ന അപേക്ഷകരില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത്, തലനാരിഴകീറിമുറിച്ച പരീഷണനിരീക്ഷണങ്ങള്‍ക്കൊടുവിലാണ് മൂന്നുപേരെ സെലക്റ്റ് ചെയ്ത് ടീമിലേക്ക് എടുക്കുന്നത്. ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ട പൈലറ്റിന്റെ കാലാവധി മൂന്നു വര്‍ഷമാണ്. ഒരു വര്‍ഷം പുതുതായി മൂന്നു പൈലറ്റുമാരെയാണ് ടീമിലേക്ക് പ്രവേശിപ്പിക്കുക. അതിനാല്‍ എല്ലാ അവസരങ്ങളിലും ഈ ഒന്‍പതംഗടീമില്‍ മൂന്നു ഒന്നാംവര്‍ഷക്കാര്‍, മൂന്നു രണ്ടാം വര്‍ഷക്കാര്‍, മൂന്നു അവസാന വര്‍ഷക്കാര്‍ എന്നിവര്‍ ഉണ്ടായിരിക്കും. ഓരോ വര്‍ഷം കഴിയുമ്പോഴും ഈ പൈലറ്റുമാര്‍ ഡിസ്‌പ്ലെയിലെ പൊസിഷനുകളും മാറും.


ഹാര്‍ട്ട് (ഹൃദയം) ഫോര്‍മേഷന്റെ തുടക്കം


ഓപ്പോസിഷന്‍ - കറൌസല്‍ മനൂവര്‍. ഇതില്‍ കാണുന്ന വിമാനങ്ങള്‍ എതിര്‍ദിശയില്‍ കടന്നു പോകുന്നത് സെക്കന്റിന്റെ വ്യത്യാസത്തിലാണ്.


ജൈപ്പോ റോള്‍


വിക്‍സന്‍ ബ്രേക്ക്


വിക്‍സന്‍ ബ്രേക്ക് മറ്റൊരു ആംഗിളില്‍നിന്ന്


പൈലറ്റ് ടീമിലേക്കുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളും കര്‍ശനംതന്നെ! ജാഗ്വാര്‍, ടൊര്‍ണേഡോ, ഹാരിയര്‍ തുടങ്ങിയ ഏതെങ്കിലും ആധുനിക ഫൈറ്റര്‍ ജെറ്റുകള്‍ കുറഞ്ഞത് 1500 മണിക്കൂറെങ്കിലും പറപ്പിച്ചിട്ടുള്ളവരാവണം, എയര്‍ഫോഴ്സിലെ സേവനത്തിനിടെ “ആവറേജിനു മുകളില്‍“ എന്ന് അംഗീകരിക്കപ്പെട്ടവരായിരിക്കണം ഇങ്ങനെപോകുന്നു നിബന്ധനകള്‍. ഈ യോഗ്യതയുള്ളവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വേനല്‍ക്കാല ഡിസ്‌പ്ലേ സീസണ്‍ അവസാനിക്കുന്നതു മുതല്‍ ആറുമാസത്തോളം (സാധാരണ നവംബര്‍ മുതല്‍ അടുത്ത മെയ് മാസം വരെ) കഠിനവും, കിറുകൃത്യവുമായ പരിശീലനമാണ്. ആദ്യം രണ്ടോ മൂന്നോ വിമാനങ്ങള്‍ ഉള്ള ഫോര്‍മേഷനുകളില്‍ തുടങ്ങി ക്രമേണ ഒന്‍പതു വിമാനങ്ങളുടെ ഫോര്‍മേഷനുകളിലേക്കെത്തുന്നു. ഓരോ പരിശീലനവും പൂര്‍ണ്ണമായും വീഡിയോയിലാക്കി, അതിനുശേഷം വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി പഠിപ്പിക്കും.പരിശീലനം പൂര്‍ത്തിയാകുമ്പോഴേക്ക്, വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതും അപകടം‌നിറഞ്ഞതുമായ റോള്‍ബാക്ക്സ്, ജൈപ്പോബ്രേക്ക്,കോര്‍ക്ക് സ്ക്രൂ തുടങ്ങിയ മനൂ‍വറുകളിലെല്ലാം അതാതു പൈലറ്റുമാര്‍ വൈദഗ്ദ്ധ്യം നേടിയിരിക്കും. (ലിങ്കുകളില്‍ ക്ലിക്കുചെയ്താല്‍ ഈ മനൂവറുകളുടെ ഡയഗ്രം കാണാം). ഇപ്പോള്‍ മനസ്സിലായല്ലോ എന്തുകൊണ്ടാണ് ഒരു സ്റ്റാന്റ് ബൈ പൈലറ്റിനെ ടീമില്‍ വയ്ക്കാന്‍ സാധിക്കാത്തതെന്ന്.


സ്വാന്‍ ഫോര്‍മേഷന്‍ - മറ്റൊരു ചിത്രം


ടൈഫൂണ്‍ റോള്‍


ഈ സമയത്ത് ഹാക്ക് വിമാനങ്ങളും “സുഖചികിത്സയ്ക്ക്” വിധേയമാവുകയാണ്. ഓരോ വിമാനവും അഴിച്ചുപെറുക്കി പീസുകളാക്കി ഓരോ ഭാഗത്തിനും എന്തെങ്കിലും റിപ്പയറുകളോ തകരാറുകളോ ഉണ്ടെങ്കില്‍ അത് ശരിയാക്കി വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നു. ഇതിന് ആഴ്ചകള്‍ തന്നെ വേണ്ടിവരും. അതിനുശേഷം സുസജ്ജമായ റെഡ് ആരോസ് ടീം അവരുടെ കമാന്റര്‍-ഇന്‍-ചീഫിന്റെ മേല്‍നോട്ടത്തിലുള്ള അസെസ്‌മെന്റ് ടെസ്റ്റിനായിപ്പോകുന്നു. തെളിഞ്ഞ നീലാകാശമുള്ള ഒരു എയര്‍ബേസിലായിരിക്കും ഈ അസസ്‌മെന്റ് നടത്തുക.


വള്‍ക്കന്‍ ബെന്റ് - അപ്രോച്ച്

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പെര്‍ഫക്ഷന്‍, പ്രൊഫഷനിലിസം, സേഫ്റ്റി തുടങ്ങിയകാര്യങ്ങളില്‍ ഈ ടീം തൃപ്തികരമെങ്കില്‍, അവര്‍ക്ക് “പബ്ലീക് ഡിസ്‌പ്ലേ അതോറിറ്റി” നല്‍കുന്നു. പൊതുസ്ഥലങ്ങളില്‍ ഡിസ്‌പ്ലേ അവതരിപ്പിക്കാന്‍ റെഡ് ആരോസ് ടീമിന് അതോടെ അനുമതി ലഭിക്കുന്നു, ഒപ്പം ഓരോ ബ്രിട്ടീഷ് എയര്‍ഫോഴ്സ് പൈലറ്റിന്റെയും അഭിമാനമായ ചുവപ്പും നീലയും കലര്‍ന്ന റെഡ് ആരോസ് ഫ്ലയിംഗ് സ്യൂട്ടും!. വീണ്ടും ഒരു ഡിസ്‌പ്ലേ സീസണ്‍ അതോടെ ആരംഭിക്കുകയായി.


വള്‍ക്കന്‍ ബെന്റ്

നീലാകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഈ ലോകോത്തര ടീമിന് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു



കൂടുതല്‍ വിവരങ്ങള്‍ക്ക്
http://en.wikipedia.org/wiki/Red_Arrows
http://www.raf.mod.uk/reds/


ചിത്രങ്ങളില്‍ വെര്‍ട്ടിക്കല്‍ബ്രേക്കിന്റെ രണ്ടാമത്തെ ചിത്രം, വിക്‍സന്‍ ബ്രേക്കിന്റെ രണ്ടാമത്തെ ചിത്രം, കറൌസല്‍ എന്നീ വൈഡ് ആംഗിള്‍ ചിത്രങ്ങള്‍ ബ്ലോഗര്‍ തമനു എയര്‍ഷോ പവലിയനില്‍ നിന്നുകൊണ്ട് എടുത്തുതന്നതാണ്. അദ്ദേഹത്തിന് നന്ദി

4445

38 comments:

അപ്പു ആദ്യാക്ഷരി

ബ്രിട്ടനിലെ റെഡ് ആരോസ് എന്ന ടീം എയറൊബാറ്റിക്സില്‍ വളരെ പ്രശസ്തരാണ്. അവര്‍ ദുബായ് എയര്‍ഷോ 2007 ല്‍ അവതരിപ്പിച്ച പ്രകടനങ്ങളുടെ ഫോട്ടോ പോസ്റ്റ്.

സുല്‍ |Sul

അപ്പൂ‍ൂ‍ൂ‍ൂ‍ൂ
അടി പൊളിപടങ്ങള്‍! വിവരണങ്ങള്‍ വായിച്ചിട്ട് വരാം. തമനുവിനും അപ്പുവിനും ആശംസാസ് :)
തേങ്ങ ഒന്ന് “ഠേ.........”

-സുല്‍

ശ്രീ

അപ്പുവേട്ടാ...
റെഡ് ആരോസിനെ പരിചയപ്പെടുത്തിയതിനു നന്ദി. വളരെ വിശദമായ, രസകരമായ വിവരണം. വളരെ ഇഷ്ടപ്പെട്ടു, ഈ ചിത്രങ്ങളും.

:)

[ഇതൊന്നും നേരില്‍‌ കാണാന്‍‌ പറ്റാത്തതില്‍‌ ചെറിയ അസൂയ ഉണ്ടോന്നും സംശയം ഇല്ലാതില്ല]

സുല്‍ |Sul

അപ്പു
വിവരണങ്ങളും ഫോര്‍മേഷനെ പറ്റി പറഞ്ഞതും അതിന്റെ പേരുകളും എല്ലാം കൂടി പോസ്റ്റ് വിജ്ഞാനപ്രദം.

പടങ്ങളെല്ലാം കോപി ചെയ്തു വച്ചു. അനുവും അമിയും ‘എഷോ’യുടെ ഹാങ്ങോവര്‍ ഇതു വരെ മാറിയില്ല. അവര്‍ക്ക് കൊടുക്കാന്‍. നന്ദി.

-സുല്‍

കുട്ടിച്ചാത്തന്‍

ചാത്തനേറ്: ആദ്യം ഒരു വാക്ക് “വിക്കിയിലേക്ക്”
കൊടുത്തൂടെ?

ഇത്രേം വിവരങ്ങള്‍ എങ്ങനെ ശേഖരിച്ചു? എങ്ങനെ ഓര്‍ത്തു വച്ചു?
അഭിനന്ദനങ്ങള്‍ ഇത്രേം ഇന്‍ഫോര്‍മേറ്റീവ് ആയ പോസ്റ്റ് അടുത്തിടെയൊന്നും വായിച്ചിട്ടില്ല.

ആവനാഴി

അപ്പൂ,

കണ്ടു, വായിച്ചു. ചിത്രങ്ങള്‍ അപ്പുവിന്റെ ക്യാമറകൊണ്ടുള്ള അതിസമര്‍ത്ഥമായ പ്രയോഗത്തേയും അനുബന്ധലേഖനം താങ്കളുടെ ഭാഷാനൈപുണ്യത്തേയും വിവരണസാമര്‍ദ്ധ്യത്തേയും വെളിവാക്കുന്നു. പ്രൌഢമായ ഈ ലേഖനം വളരെ വിജ്നാനപ്രദമാണു എന്നറിയിക്കട്ടെ. പുരാണങ്ങളില്‍ യുദ്ധങ്ങളുടെ വര്‍ണ്ണനയില്‍ രഥങ്ങള്‍ ആനകള്‍ കാലാള്‍പ്പട എന്നിവയുടെ വിന്യാസങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത് ഓര്‍ത്തുപോയി ഗഗനമദ്ധ്യത്തില്‍ വിമാ‍നങ്ങളുടെ അരയന്നം, വജ്രം തുടങ്ങിയ ആകൃതികളിലുള്ള വിന്യാസങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത് വായിച്ചപ്പോഴും ആ വിന്യാസങ്ങളുടെ ചിത്രങ്ങള്‍ കണ്ടപ്പോഴും.

അഭിനന്ദനങ്ങള്‍ അപ്പൂ.

സസ്നേഹം
ആവനാഴി

മറ്റൊരാള്‍ | GG

Pretty Good information about Aerobatics.

..Will be Aero Stories Continued??

Rasheed Chalil

അപ്പൂ... നല്ല വിവരണം. നല്ല ചിത്രങ്ങളും.
അപ്പു / തമനു ഇരട്ട സംവിധായകര്‍ക്ക് നന്ദി.

Kasithumba

Appu, excellent stuff man. Pictures are superb as usual and you have accumulated words wonderfully well to provide a quite informative note. Keep up the good work for all of us out here...

മഴത്തുള്ളി

അപ്പൂ,

അതിമനോഹരമായിരിക്കുന്നു ഇത്തവണത്തേയും ചിത്രങ്ങളും വിശദമായ വിവരണവും. ചിത്രങ്ങള്‍ പല ആംഗിളില്‍ നിന്നും എടുത്തിട്ടുണ്ടല്ലോ. അതെല്ലാം എടുക്കാന്‍ എത്ര പരിശ്രമം ആവശ്യമായി എന്ന് മനസ്സിലാകുന്നു.

[ nardnahc hsemus ]

kollaam

ഷിജു

അടിപൊളി, കലക്കി.....
ഇതൊക്കെ തന്നത്താനെ തന്നെ എറ്റുത്തതാണോ?എനിക്കൊരു ചെറിയ സംശയം. അതുകൊണ്ട് ചോദിച്ചതാ.
എന്തായാലും അത്യുഗ്രന്‍..... ആ തമനുചേട്ടന്റെ അഡ്രസ്സുകൂടി പറഞ്ഞു താ....അതും കൂടി നോക്കട്ടെ.
അനുജന്‍ ഷിജു......

സാജന്‍| SAJAN

അപ്പൂ,
ഇത് ശരിക്കും ഇഷ്ടപ്പെട്ടു,
കുട്ടിച്ചാത്തന്‍ എഴുതിയത് പോലെ, ഇതുപോലെ ഇന്‍ഫോമേറ്റീവ് ആയ ഒരു പോസ്റ്റ് അടുത്തകാലത്തെങ്ങും വായിച്ചിട്ടില്ല!
അപ്പൂന്റെ ശ്രമം വളരെ ശ്ലാഘനീയം തന്നെ:)
അഭിനന്ദന്‍സ് , നിങ്ങള്‍ രണ്ടാള്‍ക്കും!!!

സഹയാത്രികന്‍

അപ്പ്വേട്ടാ ...കൈ കൊടുക്ക് മാഷേ...
കലക്കി... ചിത്രങ്ങളും വിവരണവും ഗംഭീരം....
നന്ദി
:)

krish | കൃഷ്

ചിത്രങ്ങളും ഫോര്‍മേഷനെക്കുറിച്ചുള്ള വിവരണവും നന്നായിട്ടുണ്ട്.

un

ചിത്രങ്ങള്‍ നന്നായിരിക്കുന്നു. വാങ്ങിക്കൂട്ടി വച്ചിരിക്കുന്ന യുദ്ധവിമാനങ്ങള്‍ തുരുമ്പെടുത്തുപോകാതിരിക്കാനും പൈലറ്റുമാര്‍ക്ക് വാതം പിടിക്കാതിരിക്കാനുമൊക്കെ ഈ കസര്‍ത്തുകള്‍ നല്ലതുതന്നെ.

Murali K Menon

ഉജ്ജ്വലം.

:: niKk | നിക്ക് ::

Dear :P

Enikkariyaam... ee post enne thanne uddeshich, enne maathram uddeshichullathaanennu :D

Ningal enne Communist aakki ennu parayum pole.. Ningal ennekkond SLR vaangipikkum... :)

Good Post .. :)

ചന്ദ്രകാന്തം

ആകാശത്തു വിടരുന്ന വര്‍‌ണ്ണജാലത്തിനു പിന്നിലെ അധ്വാനം വളരെ ഭംഗിയായി വരച്ചുകാട്ടുന്ന വിവരണം.
ഈ കഠിനപ്രയത്നത്തിന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍... !!!

ദിലീപ് വിശ്വനാഥ്

നല്ല ചിത്രങ്ങള്‍. വിവരണം നന്നായി..

അലിഫ് /alif

വളരെ മനോഹരമായ പോസ്റ്റ്..ഇത്രയും വിശദമായ കുറിപ്പുകളോടൊപ്പം ആരെയും കൊതിപ്പിക്കുന്ന ചിത്രങ്ങളും..വളരെ നല്ല ശ്രമം.. അപ്പൂസിനും തമനുവിനും ആശംസകള്‍

ദേവന്‍

റെഡ് ആരോസിന്റെ പ്രകടനത്തിന്റെ ചിത്രങ്ങളും ഫോര്‍മേഷനുകളുറ്റെ വിവരണവും ഗംഭീരമായി അപ്പൂസേ.
അസോസിയേറ്റഡ് പ്രസ്സ് എടുത്ത് ഗള്‍ഫ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു ചിത്രം കൂടി ഇവിടെ :
എയര്‍ഷോ സമാപനദിവസം എമിറേസ്റ്റിന്റെ ഒരു ബി777നൊപ്പം റെഡ് ആരോസ് ബുര്‍ജ് ദുബായിയെ ഫ്ലൈ-പാസ്റ്റ് ചെയ്യുന്നു (ഫ്ലൈ പാസ്റ്റ് സര്‍വീസും റെഡ് ആരോസിന്റെ ഒരു സവിശേഷ സര്‍വീസ് ആണ്)
http://archive.gulfnews.com/images/07/11/15/15_bu_airshow_best_5_5.jpg

ദേവന്‍

മുകളിലെ ലിങ്ക് വന്നില്ലല്ലോ :(
ബുര്‍ജ്ജ് ദുബായ് ഫ്ലൈ പാസ്റ്റ് ചിത്രം ഇവിടെ

ഗീത

എയര്‍ഷോ ചിത്രങ്ങള്‍ എല്ലാം നന്നായിരിക്കുന്നു....
ഇവിടെ എയര്‍ ഷോ വരുംബോള്‍ ഞങ്ങള്‍ എപ്പോഴും പോകാറുണ്ട്‌.‍

പ്രിയ ഉണ്ണികൃഷ്ണന്‍

superb...

ellaam njaaneduthu.Ini tharilla

ഏ.ആര്‍. നജീം

അപ്പൂ , ഞാന്‍ പറയേണ്ടതൊക്കെ ദേ എല്ലാവരും പറഞ്ഞു കഴിഞ്ഞു. സോ, ഇത്രയും നല്ല ചിത്രങ്ങളും അതിനേക്കാള്‍ അറിവു പകരുന്ന വിവരണത്തിനും വളരെ നന്ദി..

അപ്പു ആദ്യാക്ഷരി

റെഡ് ആരൊസിന്റെ പ്രകടനങ്ങള്‍ കാണാനും, അവയുടെ പിന്നമ്പുറകഥകള്‍ വായിക്കാനും എത്തിയ എല്ലാവര്‍ക്കും നന്ദി.
സുല്‍ഫീ, ചിത്രങ്ങള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ നന്ദി.
ശ്രീയേ...കുശുമ്പ് വേണ്ടാട്ടോ.

കുട്ടിചാത്താ: നന്ദി. നമ്മള്‍ ഒരു ബ്ലോഗ് പോസ്റ്റ് ചെയ്യുമ്പോള്‍ അതില്‍നല്‍കേണ്ട വിവരങ്ങള്‍ ആധികാരികമായിരിക്കണമല്ലോ. അങ്ങനെവരുമ്പോള്‍, ഞാനെപ്പോഴും ചെയ്യാറുള്ളതുപോലെ ഇന്റര്‍നെറ്റില്‍നിന്നും ലഭ്യമായ വിവരങ്ങള്‍ ഞാനെടുത്ത ചിത്രങ്ങളുമായി കോര്‍ത്തിണക്കി ഇവിടെ അവതരിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്. ഈ ലേഖനം മലയാളം വിക്കിയില്‍ ചേര്‍ക്കുന്നതാണ്.

ആവനാഴിച്ചേട്ടാ, ഇത്തിരിവെട്ടം, അഭിപ്രായങ്ങള്‍ക്കു നന്ദി.

മറ്റൊരാളേ, ഇനിയും എയര്‍ഷോ ചിത്രങ്ങള്‍ ബാക്കി സ്റ്റോക്കുണ്ട്. പക്ഷേ അതൊന്നും ഇവിടെ ഇടുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. അധികമായാല്‍ അമൃതും വിഷം എന്നല്ലേ!

ശ്രീകുമാര്‍, മഴത്തുള്ളി, സുമേഷ, നന്ദി.
ഷിജൂ, ഡൌട്ട് കൊള്ളാം. മുറ്റത്തെമുല്ലയ്ക്ക് മണമില്ലല്ലോ!

സാജന്‍, സഹയാത്രികന്‍, കൃഷ്, നന്ദി

പേരയ്കാ..അഭിപ്രായത്തിനു നന്ദി. വാതംവരാതിരിക്കാന്‍ ഇതു നല്ലതാണെങ്കില്‍ നമുക്കെല്ലാം ഒരൊ പ്ലെയിനുകള്‍ വാങ്ങിവയ്ക്കാം അല്ലേ, ഭാവിയില്‍ ഉപകരിച്ചേക്കും ... (തമാശയ്ക്കു പറഞ്ഞതാണേ.. :) )

മുരളിയേട്ടന്‍, നിക്ക്, ചന്ദ്രകാന്തം ചേച്ചീ, അലിഫ്, വാല്‍മീകി.. നന്ദി.

ദേവേട്ടാ.. ബുര്‍ജ് ദുബായിയെ ചുറ്റി ഈ പ്ലെയിനുകള്‍ പോകുന്നതു കാണാന്‍ എന്താ ഭംഗി. ലിങ്കു ഇവിടെയിട്ടതിനു നന്ദി.

ഗീതേച്ചീ, പ്രിയാ, നജീം നന്ദി.

എല്ലാവര്‍ക്കും, ഒരിക്കല്‍ക്കൂടി നന്ദി.

ശ്രീലാല്‍

ബ്ലോഗില്‍ക്കൂടി അറിവു പകരുന്നത് ഇങ്ങനെയാണ്. ചിത്രങ്ങള്‍ മാത്രം പോസ്റ്റിയിരുന്നെങ്കില്‍ അതുമാത്രം കണ്ട് കമന്റിപ്പോകുമായിരുന്നു. ഇതിപ്പോള്‍ നല്ല ചിത്രങ്ങളും ഒപ്പം അറിവും മനസ്സില്‍. വിക്കി പീഡിയയില്‍ വിവരങ്ങള്‍ ഒരുപാ
ടുണ്ടെങ്കിലും ഉണ്ടെങ്കിലും ഇത്തരം പോസ്റ്റുകള്‍ വായിക്കുമ്പോളല്ലേ ഓരോന്നിനെപ്പറ്റി അറിയുന്നത്. ഇനി ഇതിനെപ്പറ്റി എവിടെയായാലും കൂടുതല്‍ വായിക്കാനും തോന്നും. :) അപ്പുവേട്ടോയ്.. സല്യൂട്ട്..

ബാംഗ്ലൂര്‍ എയര്‍ഷോ ഇനി അടുത്ത വര്‍ഷം എന്തായാലും കാണും..

ഭയങ്കരന്മാര്‍ തന്നെ ഇവര്‍ അല്ലേ. ..

G.MANU

wow wow..enthoru super show mashey.
vivaranam koodi koduthathu nannayi.

kalakkis (print eduthu)

കുട്ടു | Kuttu

ഹാവൂ.. ക്ഷീണിച്ചു...

ഫോട്ടോസ് .... കിടില്‍..ല്‍...ല്‍

ധ്വനി | Dhwani

വിവരണങ്ങളും ചിത്രങ്ങളും വളരെ നന്ന്.

സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ കാസ്റ്റില്‍ മാത്രം കണ്ടിട്ടുള്ള കാര്യം!

കുഞ്ഞന്‍

മാഷെ...

സംഗതിയൊക്കെ ഇഷ്ടപ്പെട്ടു, പക്ഷെ ഞാനൊന്നു പറയട്ടെ..

ഇങ്ങനെയൊരു പോസ്റ്റ് ചെയ്യുവാന്‍ വേണ്ടി എത്രത്തോളം കഠിനധ്വാനം ചെയ്തുവെന്ന് അറിയുമ്പോള്‍ അന്തം വിട്ടു പോകുകയാണ്..ഇത് ശരിക്കും അംഗീകരിക്കപ്പെടേണ്ടത്താണ്...ബ്ലോഗിനെ ശരിക്കും അന്വര്‍ത്ഥമാക്കുന്ന പോസ്റ്റ്..ഇത്തരം പോസ്റ്റുകളാണ് ശരിക്കും ബൂലോകത്തിനു വേണ്ടത്. എന്നുകരുതി മറ്റുള്ളതൊന്നും വേണ്ടെന്നല്ല പറയുന്നത്..മറ്റുള്ളതെല്ലാം കറികളും ഇത് ചോറും ആകുന്നു..(ഉപമ കിടിലനായൊ..?)

അറിവ് പകര്‍ന്നു തന്നതിനു നന്ദി..!

ആനയെ കാണുന്നതുപോലെയാണ് എനിക്കു വീമാനത്തെപറ്റിയറിയുന്നതും..എത്ര അറിഞ്ഞാലും കൌതുകം തന്നെ..

Sathees Makkoth | Asha Revamma

അപ്പു,
നല്ലൊരു വര്‍ക്ക്.
റെഡ് ആരോസിനെക്കുറിച്ച് ഇത്രയും വിശദമാക്കിയതിന് നന്ദി.
സതീശന്‍& ആഷ.

കുറുമാന്‍

അപ്പൂ ഭായ് ഇന്നാ ഇതൊക്കെ കണ്ടത്.....

മുഴുവനായി വായിച്ചിട്ടില്ല ഇനിയൂം.......നന്നായിരിക്കുന്നു...ബാക്കി മുഴുമനും മായിച്ചിട്ട് :)

chithrakaran ചിത്രകാരന്‍

അടിപൊളി ചിത്രങ്ങളാണല്ലോ!!!
അപ്പുവിനും,കുടുംബത്തിനും ക്രിസ്തുംസ് -പുതുവര്‍ഷാശംസകള്‍!!!

രെജു

അപ്പുവേട്ടാ ഞാന്‍ താഗളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ എയര്‍ ഷോടെ ഫോട്ടോസ് എടുത്തപ്പോള്‍ അതിന്ടെ ഷട്ടര്‍ സ്പീഡും ഫ നമ്പറും എത്രയാണ് ? പിന്നെ മറ്റു സന്ഗേതിക കാര്യങ്ങള്‍ കൂടി ഒന്ന് പറഞ്ഞു തരാമോ അപ്പു മാഷെ.

ചന്ഗ്രു

രെജു

അപ്പുവേട്ടാ ഞാന്‍ താഗളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ എയര്‍ ഷോടെ ഫോട്ടോസ് എടുത്തപ്പോള്‍ അതിന്ടെ ഷട്ടര്‍ സ്പീഡും ഫ നമ്പറും എത്രയാണ് ? പിന്നെ മറ്റു സന്ഗേതിക കാര്യങ്ങള്‍ കൂടി ഒന്ന് പറഞ്ഞു തരാമോ അപ്പു മാഷെ.
ചന്ഗ്രു

Appu Adyakshari

രെജു, ഈ ചിത്രങ്ങളുടെ ഒറിജിനൽ ഫയൽ നോക്കിയെങ്കിലേ ഷട്ടർ സ്പീഡും അപ്പർച്ചർ നമ്പറും പറയാൻ സാധിക്കുകയുള്ളൂ. പക്ഷേ അങ്ങനെ എക്സിഫ് ഡേറ്റയൊന്നും കാണാതെ പഠിച്ചുവയ്ക്കേണ്ട കാര്യമില്ലല്ലോ.. ഈ സിറ്റുവേഷൻ മാത്രം നോക്കൂ. വളരെ ഫാസ്റ്റ് മൂവിംഗ് ഓബ്ജക്റ്റുകൾ (വിമാനങ്ങൾ) വളരെ തെളീഞ്ഞ ആകാശം, നല്ല ലൈറ്റിംഗ്. ഇവിടെ നമുക്ക് വേണ്ടത് ഏറ്റവും ഷാർപ്പായ ചിത്രങ്ങളാണ്. ഉപയോഗിക്കുന്ന ലെൻസ് സൂം ലെൻസും. അപ്പോൾ ക്യാമറയിൽ ഏറ്റവും അനുയോജ്യമായ മോഡ് ഷട്ടർ പ്രയോറിറ്റി മോഡാണ്. കാരണം ഷട്ടർ സ്പീഡ് ഫോട്ടൊഗ്രാഫറുടെ കൈയ്യിൽ. 1/1000 നു മുകളിലുള്ള സ്പീഡിൽ എത്ര ഫാസ്റ്റ് മൂവിംഗ് സംഗതികളും ഫ്രീസായി കിട്ടും. സൂം ലെൻസുകളുപയോഗിച്ച് ക്യാമറകൈയ്യിൽ വച്ച് ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഷട്ടർ സ്പീഡ് കുറഞ്ഞത് ലെൻസിന്റെ ഫോക്കൽ ലെങ്തിന്റെ inverse എങ്കിലും ആവണം എന്നതാണ്. ഉദാഹരണം 300 എം.എം. ൽ ക്യാമറകൈയ്യിൽ പിടിച്ച് ഫോട്ടോ എടുക്കുമ്പോൾ ചിത്രം ബ്ലർ ആവാതിരിക്കാൻ കുറഞ്ഞ ഷട്ടർ സ്പീഡ് 1/300 ആണ്. 1/1000 അതിനേക്കാളൊക്കെ എത്രയോ ഫാസ്റ്റാണ്. ഷട്ടർ പ്രയോറിറ്റി മോഡ് സെലക്റ്റ് ചെയ്ത് 1000 ഡയൽ ചെയ്തുകഴിഞ്ഞാൽ ബാക്കിയൊക്കെ ക്യാമറ ചെയ്തോളൂം, അപ്പർച്ചർ സെലക്ഷൻ ഉൾപ്പടെ. അത്രയേ ഓർക്കാനുള്ളൂ.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP