Monday, November 12, 2007

ദുബായ് എയര്‍ഷോ 2007 - ഫോട്ടോപോസ്റ്റ്

ദുബായ് നഗരത്തില്‍ നടക്കുന അനേകം വ്യാപാരമേളകളില്‍ ഏറ്റവുമധികം തുകയ്ക്കുള്ള ബിസിനസ് നടക്കുന്ന മേള ഏതെന്നു ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ - ദുബായ് എയര്‍ഷോ. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വ്യോമയാന രംഗത്തെ വിവിധ സ്ഥാപനങ്ങളുടെ സംഗമമാണ് ദുബായ് എയര്‍ഷോ. ദുബായ് ഫെയര്‍സ് ആന്റ് എക്ഷിബിഷന്‍സ് കമ്പനിയും, ദുബായ് ഡിഫന്‍സും, ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ ഏവിയേഷനും ചേര്‍ന്ന് സംയുക്തമായാണ് ഈ മേഖലയിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന ഈ മേള സംഘടിപ്പിക്കുന്നത്. ഇന്ന് ലോകത്തെ ഇത്തരത്തിലുള്ള മേളകളില്‍ വച്ച് മൂന്നാം സ്ഥാനത്തത്രെ ദുബായ് എയര്‍ഷോയ്ക്ക് ഉള്ളത്. ഈരണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഈ മേള നടത്തുന്നത്.

എയര്‍ഷോ 2007 ഈ വര്‍ഷം നവംബര്‍ 11 മുതല്‍ 15 വരെ ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയൊട് അനുബന്ധിച്ച് നിര്‍മ്മിച്ചിരിക്കുന്ന എയര്‍ഷോ എക്സിബിഷന്‍ പവലിയനില്‍ നടത്തപ്പെടുന്നു. 1989 ലാണ് ആദ്യമായി ദുബായിയില്‍ എയര്‍ഷോ സംഘടിപ്പിക്കപ്പെട്ടത്. പത്താമത് എയര്‍ഷോയാണ് ഇത്തവണത്തേത്. 47 വിവിധരാജ്യങ്ങളില്‍ നിന്നുള്ള 900 എക്സിബിറ്റേഴ്സ് ഈ വര്‍ഷത്തെ എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്. മേളയുടെ ആദ്യദിനമായ ഇന്നലെ ദുബായിയുടെ നാഷനല്‍ കാരിയറായ എമിറേറ്റ്സ് എയര്‍ലൈന്‍സ്, എയര്‍ബസ് കമ്പനിയുമായി ഒപ്പിട്ട കരാര്‍ മാത്രം 35 ബില്ല്യണ്‍ (1 ബില്യണ്‍ = 100 കോടി) യു.എസ്. ഡോളറിന്റേതാണെന്നു പറയുമ്പോള്‍ത്തന്നെ ഈ ഒരൊറ്റ വ്യാപാരമേളയില്‍ നടക്കുന്ന ബിസിനസ് ഡീലുകള്‍ എത്രത്തോളമായിരിക്കും എന്നാലോചിക്കാവുന്നതേയുള്ളൂ! 40000 സന്ദര്‍ശകരെയാണ് ഈ വര്‍ഷം സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

ഈവര്‍ഷം നടക്കുന്ന പത്താമതു മേളയ്ക്ക് കൂടുതല്‍ മാറ്റുപകരുവാനായി ലോകത്തെ ഏറ്റവും പ്രശസ്തമായ മൂന്നു എയറോബാറ്റിക്സ് ടീമുകള്‍ ദുബായിയില്‍ എത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള റെഡ് ആരോസ് (Red Arrows) ഫ്രാന്‍സില്‍ നിന്നുള്ള പട്രോളി ദെ ഫ്രാന്‍സ് (Patrouille de France), സ്പെയിനില്‍ നിന്നുള്ള Patrulla Aguila എന്നിവയാണ് ഈ ടീമുകള്‍. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നരമണിമുതല്‍ ഇവര്‍ നടത്തുന്ന വ്യോമാഭ്യാസ പ്രകടനങ്ങള്‍ ഉണ്ട്. മേളനടക്കുന്ന പവലിയനുകളിലേക്കുള്ള പ്രവേശനം ട്രേഡേഴ്സിനു മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ അതിനോടനുബന്ധിച്ചു നടത്തുന്ന എയറോബാറ്റിക്സ് പ്രകടനങ്ങള്‍ കാണുവാനുള്ള സൌകര്യം പൊതുജനങ്ങള്‍ക്കും ഉണ്ട്.

ഉത്ഘാടന ദിവസമായ ഇന്നലെ നടന്ന വ്യോമാഭ്യാസ പ്രകടനങ്ങളില്‍നിന്നുള്ള ചില ദൃശ്യങ്ങള്‍: ബ്രിട്ടനില്‍ നിന്നുള്ള റെഡ് ആരോ ടീം - ഹാക്ക് ട്രെയിനര്‍ വിമാനങ്ങളുപയോഗിച്ചാണ് ഈ അഭ്യാസപ്രകടനങ്ങള്‍ അവര്‍ നടത്തിയത്.

യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍
എയര്‍ബസ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ എയര്‍ബസ് A380 “സൂപര്‍ ജംബോജറ്റ്”. ഈ ഡബിള്‍ ഡക്കര്‍ വിമാനമാണ് ഇന്ന് ലോകത്തുള്ളതിലേക്കും വലിയ യാത്രാവിമാനം. ഇതിന്റെ ആദ്യത്തെ കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് ആഴ്ചകള്‍ക്കു മുമ്പാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് ലഭിച്ചത്.ദുബായ് എയര്‍ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെയും, ഇവിടെയും നോക്കുക; അതുപോലെ തമനുവിന്റെ ഈ പോസ്റ്റും കൂടുതല്‍ ചിത്രങ്ങള്‍ ഇതിന്റെ രണ്ടാം ഭാഗത്ത് പോസ്റ്റാം

Camera : Nikon D50,
Sigma zoom 70-300 mm

4187

37 comments:

അപ്പു ആദ്യാക്ഷരി

ദുബായിയില്‍ ഇപ്പോള്‍ നടക്കുന്ന രാജ്യാന്തര മേളയായ ദുബായ് എയര്‍ഷോ 2007 നെപ്പറ്റി ഒരു സചിത്ര ലേഖനം

ദിലീപ് വിശ്വനാഥ്

ലേഖനം വളരെ നന്നായി. ചിത്രങ്ങള്‍ ലേഖനത്തിന്റെ മാറ്റു കൂട്ടി.

കുട്ടിച്ചാത്തന്‍

ചാത്തനേറ്: മൂക്കും കുത്തി വീഴുന്ന പടത്തിന്റെ മാത്രം കുറവുണ്ട്.;)
ഒരുപാട് കച്ചവടം നടക്കുമെന്നും പറഞ്ഞു കപ്പലണ്ടി പരിപ്പുവട കച്ചവടം വല്ലോം ഉണ്ടോ ഇടയില്‍.

ഓടോ: പടങ്ങളും വിവരണവും കൊള്ളാം ഇവിടെ ബാംഗ്ലൂരു നടന്ന ഷോയില്‍ പടമെടുത്ത കൂട്ടുകാരന്‍ പത്തഞ്ഞൂറു പടമെടുത്തിട്ട് 5ഓ 10ഓ ആണ് കാണാന്‍ കൊള്ളാവുന്നതുണ്ടായിരുന്നത്. അതു കൊണ്ട് അറിയാം ഇതിന്റെ പിന്നിലെ അദ്ധ്വാനം.

ജനശക്തി ന്യൂസ്‌

വളരെ നല്ല ചിത്രങള്‍

തമനു

അപ്പൂ ... മനോഹരമായി ഫോട്ടൊകള്‍ എല്ലാം..

എയര്‍പോര്‍ട്ടിനോട് ചേര്‍ന്നാണ് ഞങ്ങളുടെ ഓഫീസെന്നതിനാല്‍ ഒരു അഞ്ച് ദിവസമായി ഇതിന്റെ ട്രയലും പിന്നെ ഇന്നലത്തെ പ്രകടനവും ഒക്കെയായി ചെവി അടഞ്ഞിരിക്കുകയാണ്..

ആ ഫൈറ്റര്‍ പ്ലെയിന്‍ പാകിസ്താന്‍-ചൈന സംരംഭമായ JF-17 Thunder ആണ്. F16-F18 നുകളുടെ ഒരു ചെറിയ കോപ്പി.

A380 ഏറ്റവും വലിയ പാസഞ്ചര്‍ ഫ്ലൈറ്റ് ആണെന്നു പറയുന്നത് സൂക്ഷിച്ചു വേണം കേട്ടോ.. Boeing 787 ഇറങ്ങിയിട്ടുണ്ട്. സര്‍വീസ് ആരംഭിച്ചിട്ടില്ല എന്നേ ഉള്ളൂ... :)

എന്തായാലും പടങ്ങള്‍ സൂപ്പര്‍... എല്ലാ ദിവസത്തേം അപ്ഡേറ്റ്സ് പോരട്ടേ..

asdfasdf asfdasdf

വൌ. അപ്പൂസിന്റെ പടങ്ങള്‍ കലക്കന്‍. !

Rasheed Chalil

ചിത്രങ്ങളും വിവരണവും നന്നായി...

തമനു

ഒരു കമന്റൂടെ ...

ഇന്നലെ നടന്ന വ്യാപാരം 34 ദശലക്ഷം USD ആണെന്നത് തെറ്റാണെന്നു തോന്നുന്നു അപ്പൂ... 34 ബില്യണ്‍ ആയിരുന്നു (34 ദശലക്ഷം എന്നു പറയുന്നത്‌ 34 മില്യണ്‍ അല്ലേ ആകുന്നുള്ളൂ ...? ഈ മില്യണും, ബില്യണും, ദശലക്ഷോം ഒക്കെ ആയി എനിക്ക്‌ സ്ഥിരം കണ്‍ഫ്യൂഷനാകും.... ഏതവനാടാ ഇതൊക്കെ കണ്ടു പിടിച്ചേ...!!!)

അതുല്യ

അപ്പു അവസാനത്തേ പടം - വൌ വൌ! നല്ല ലേഖനം അപ്പൂ.

തമനൂനു പാസ്സ് ഒപ്പിച്ച് കൊടുത്തേച്ച് പറയണ കേട്ടില്ലേ അപ്പീസിന്റെ ജനാലേലൂടേ കാണാന്ന്!

(തമുനുവേ, മില്യണ്‍/ബില്യണ്‍ ഒക്കേ തരം തിരിച്ച് അറിയോണേങ്കി,ഇത് ഒന്നും പോരാട്ടോ. മണ്ടയിലു മുടിയില്ലേലും മസാല വേണം വല്ലോതും.

ശ്രീലാല്‍

ചിത്രങ്ങളെല്ലാം അടിപൊളി.
ആദ്യത്തെയും അവസാനത്തെയും ചിത്രങ്ങള്‍ സൂപ്പര്‍.
എടുത്തുവച്ചിരിക്കുന്നതുപോലെയുണ്ട് വിമാനങ്ങള്‍ ആകാശത്ത്.

ഓടോ: ഞാനറിഞ്ഞില്ല ഈ ഷോ നടക്കുന്നത്. ഇല്ലെങ്കില്‍ ഒന്നു രണ്ടെണ്ണം കച്ചോടാക്കായിരുന്നു..

;)

krish | കൃഷ്

അപ്പു, കലക്കന്‍ ചിത്രങ്ങള്‍. (ഇതെല്ലാം ട്രൈപ്പോട് വെച്ച് എടുത്തതായിരിക്കുമെന്ന് കരുതുന്നു.)

ആഷ | Asha

അപ്പു, നല്ല പോസ്റ്റ്
1,6,9, പിന്നെ അവസാനത്തേതും ഇഷ്ടപ്പെട്ടു.
(ബാക്കിയുള്ളതൊന്നും കൊള്ളൂല്ലാന്നല്ല കേട്ടോ അതിന്റെ അര്‍ത്ഥം)

അലിഫ് /alif

അപ്പു, നല്ല പോസ്റ്റ്, വിവരണവും നന്നായി.
കഴിഞ്ഞ ആഴ്ച ഇങ്ങോട്ട് വരുന്ന വഴി, ദുബായ് എയര്‍പോര്‍ട്ടിലെ റണ്‍‌വേയില്‍ ഒന്നര മണിക്കൂറോളം കുടുങ്ങി, ഇതിന്റെ ട്രയല്‍ നടക്കുന്നത് കാരണമെന്നാണ് പൈലറ്റ് ചേട്ടായി അനൌണ്‍സ് ചെയ്തത്.. അന്ന് ശബ്ദ്മേ കേള്‍ക്കാന്‍ പറ്റിയുള്ളൂ, ദാ ഇപ്പോ നേരിട്ട് കണ്ടത് പോലെ..
ആശംസകള്‍..

സഹയാത്രികന്‍

അപ്പ്വേട്ടാ....കിടു...

സൂപ്പര്‍ ഫോട്ടോസ്...
ഇന്നലെ ഉച്ചയ്ക്കേ അറിഞ്ഞു ഷോ കാണാന്‍ പോയിന്നു...അപ്പൊഴേ കരുതി ഒരു പോസ്റ്റിനുള്ള സ്കോപ്പ് കാണുന്ന്... ഇത്ര പെട്ടന്നാകുന്ന് കരുതിയില്ല.

എന്തായാലും ഫോട്ടോസും വിവരണവും കലക്കി... ആ എയര്‍ബസ്സിന്റെ പടം എനിക്ക് ക്ഷ പിടിച്ചു.
:)

മഴത്തുള്ളി

അപ്പൂസേ, അതുശരി അപ്പുവിനെ തപ്പി നടക്കാത്ത സ്ഥലമില്ല. ഇവിടെ വന്നിരിക്കുകയായിരുന്നോ ;) ഒന്നു പറഞ്ഞിരുന്നെങ്കില്‍ വന്നേനെ അവിടെ ഷോ കാണാന്‍ :)

പിന്നെ എല്ലാം നല്ല അടിപൊളി ചിത്രങ്ങള്‍ ആണ് കേട്ടോ.

ഇനിയും ഇടൂ ചിത്രങ്ങള്‍. :)

Sherlock

ചിത്രങ്ങള് മനോഹരം...വിവരണവും..:)

മറ്റൊരാള്‍ | GG

Unable to see all the pictures!So read the detials. Appriciate your efforts behind all these!!

Visala Manaskan

അലക്കന്‍ പടങ്ങള്‍!

അപ്പു ആദ്യാക്ഷരി

എയര്‍ഷോ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി! വാല്‍മീകി, കുട്ടിച്ചാത്തന്‍, ജനശക്തിന്യൂസ്, കുട്ടന്‍മേനോന്‍, തമനു, ഇത്തിരി, അതുല്യേച്ചി, ശ്രീലാല്‍, കൃഷ്, ആഷ, അലിഫ്, സഹയാത്രികന്‍, മഴത്തുള്ളീ, ജിഹേഷ്, മറ്റൊരാള്‍, വിശാലേട്ടന്‍ എല്ലാവര്‍ക്കും നന്ദി.

തമനുച്ചേട്ടാ, ഇതില്‍ക്കണ്ട വിമാനങ്ങളൊക്കെ ഏതൊക്കെ കമ്പനിയുടേതാണെന്നു പറഞ്ഞൂതന്നതില്‍ സന്തോഷം. ഇനിയും തുടരുക. ബില്യന്‍ എന്നത് തെറ്റായി ദശലക്ഷം എന്നെഴുതിപ്പോയത് തിരുത്തിയിട്ടുണ്ട്. നന്ദി തെറ്റു ചൂണ്ടിക്കാണിച്ചതിന്.

കൃഷ്‌ചേട്ടാ, ഇതൊന്നും ട്രൈപ്പോഡില്‍ വച്ചെടൂത്തതല്ല, ഇവിടുത്തെ വെയിലിന്റെ കാഠിന്യം കാരണം ഷട്ടര്‍സ്പീഡ് എപ്പോഴും 1000 നുമുകളീലായിരിക്കും, ഔട്ട് ഡോറില്‍. അപ്പോള്‍ പിന്നെ ട്രൈപ്പോഡ് ആവശ്യം ഇല്ല. മാത്രവുമല്ല മിന്നല്‍ പോലെ പായുന്ന വിമാനങ്ങളുടെ പിന്നാലെ ട്രപ്പോഡില്‍ വച്ച് ക്യാമറതിരിക്കുന്നത് അത്ര എളുപ്പവുമല്ലല്ലോ.

ഇന്നലെ അവധിയെടുത്താണ് ഈ എയര്‍ഷോ കണ്ടത്. എന്നും അത് പറ്റില്ലല്ലോ. അതിനാല്‍ എല്ലാദിവസത്തേയും അപ്ഡേറ്റ്സ് ഇടാന്‍ സാധിക്കില്ല. അതുകൊണ്ട്, ക്യാമറ ഞാന്‍ തമനുവിന് കൈമാറുകയാണ്. നാളെമുതല്‍ അദ്ദേഹം സ്വന്തം ഓഫീസില്‍ ഇരുന്നുകൊണ്ട് നമ്മള്‍ക്കുവേണ്ട് ഇതിന്റെ ബാക്കി ഫോട്ടോസ് ഇടുന്നതാണ്.

G.MANU

appu....superb superb..
oru avadhi eduthal enthu.ithu kaanan njangalkku bhagyam undayallo.

i am saving these files...

സുല്‍ |Sul

അപ്പു സൂപര്‍ പടങ്ങള്‍. നിന്നെ ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. കൂടെ കൊടുത്ത വിവരണങ്ങളും വിവരണാതീതം.

ആകെ മൊത്തം നന്നായിരിക്കുന്നു.
-സുല്‍

Rasheed Chalil

അപ്പൂ... അപ്പോള്‍ തമനു എങ്ങനെ ഓഫീസിലിരുന്നു ഫിലിം കാണും... ഉറക്കവും മുടങ്ങും... പാവം തമനു.

തമനു

അപ്പൂസേ ,

ഒരു തിരുത്തുണ്ട് A380 യേക്കാള്‍ വലുതാണ് Boeing 787 എന്നൊരു ചിന്ത തെറ്റായി എന്റെ മനസില്‍ കെടപ്പുണ്ടായിരുന്നു. അതാണ് എന്റെ ആദ്യ കമന്റില്‍ ഞാന്‍ ഒരു ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞത്‌... സൂക്ഷിച്ചോണം എന്നൊക്കെ ...

ക്ഷമിക്കുക അതു തെറ്റാണ്.. Airbus A380 തന്നെയാണ് ഇപ്പോഴും വലിയ യാത്രാ വിമാനം. അതിനു മുന്‍പില്‍ Boeing 787 വെറും കുഞ്ഞന്‍ (ബ്ലോഗര്‍ കുഞ്ഞനല്ല ... വെറും കുഞ്ഞന്‍:). ഇത്തരമൊരു തെറ്റു പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

ഓടോ : ഞാന്‍ ഫോട്ടോ എടുത്തിട്ട് നിങ്ങളൊക്കെ കണ്ടത് തന്നെ... :(

അപ്പു ആദ്യാക്ഷരി

അതെ, അതുതന്നെയാണ് ശരി. എയര്‍ബസ് A380 യ്ക്ക് ഫുള്‍ എക്കണോമിക്ലാസ് കോണ്‍ഫിഗറേഷനില്‍ 853 യാത്രക്കാരെയും, ത്രീക്ലാസ് കോണ്‍ഫിഗറേഷനില്‍ 555 യാത്രക്കാരെ വഹിച്ച്, ഒറ്റയടിക്ക് 15200 കിലോമീറ്റര്‍ ദൂരം പറക്കാന്‍ സാധിക്കും. എന്നാല്‍ ബോയിംഗ് 787 (ഡ്രീം ലൈനര്‍ എന്നും ഇതിനു പേരുണ്ട്)ന് 210 മുതല്‍ പരമാവധി 330 വരെ യാ‍ത്രക്കാരെ വഹിക്കാനുള്ള ശേഷിയേ ഉള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് തമനു തന്നിട്ടുള്ള ലിങ്കുകള്‍ നോക്കുക

കൊച്ചുമുതലാളി

കൊള്ളാം..

പൊളപ്പന്‍ പടങ്ങളും ലേഖനവും.

ദേവന്‍

അപ്പൂ,
കിടുപിടികള്‍ എല്ലാം കൂടെ പറന്നു പൊങ്ങിയത്‌ ഹിപ്പിയുടെ ജീന്‍സ്‌ പോലെ നരച്ചു കൂറയടിച്ച ഒരാകാശത്തിലേക്കായിരുന്നു ഇന്നലെ. അതേല്‍ ഇട്ട്‌ ഇത്രേം നല്ല പടം എടുക്കാന്‍ പറ്റിയല്ലോ അപ്പുവിന്‌, അത്ഭുതം (അ കഴിഞ്ഞ്‌ ഭൂതം മാറ്റി സൂയ എന്നും ചേര്‍ക്കാം)
തമനൂ,
http://samakaalikam.blogspot.com/2006/06/380.html എന്ന എന്റെ ഒരു പഴയ കമന്റ്‌ പോസ്റ്റില്‍ 2005 എയര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച എമിറേറ്റ്സിന്റെ കുപ്പായമിട്ട ഏ മുന്നൂറ്റെണ്‍പതിനെ കാണാം കേട്ടോ.

സാജന്‍| SAJAN

അപ്പൂ, ഒരിക്കല്‍ കൂടെ നല്ല കിഡിലന്‍ ഫോട്ടോസ്,ഈ ആഴ്ച മുഴുവനും ഉണ്ടല്ലൊ ഈ സംഗതി, ബാക്കിപടംസ് തമനു എടുത്ത് ഇടുമായിരിക്കും അല്ലേ?

ഏ.ആര്‍. നജീം

അടിപൊളി, അപ്പൂസേ,

ആ A380 ശരിക്കും രാജാവ് തന്നെ, എന്താ തലയെടുപ്പ്..!

35 ബില്യണിന്റെ കച്ചോടം നടന്നിട്ടും നമ്മുടെ എയറിന്ത്യയുടെ സാറമ്മാരൊന്നും ആ ഏരിയായിലോട്ടേ വന്നു കാണില്ല അല്ലേ..? ആ സാറമ്മാര്‍ക്കെന്താ അഞ്ചാറെണ്ണം വാങ്ങി ചറപറാന്ന് അങ്ങ് പറപ്പിച്ചാ..

അടുത്ത വര്‍ഷം മുതല്‍ എക്‌സേഞ്ജ് മേള കൂടി നടത്തുന്നു എന്ന് കേട്ടു. പഴയ ഫ്ലൈറ്റ് കൊണ്ട് കൊടുത്താല്‍ പുതിയത് കൊടുക്കുമത്രേ അതാവും എയറിന്ത്യക്കാര് ഇത്തവണ വരാതിരുന്നത്.

ഒരു ഡൗട്ട് കൂടി : 1989 ഇല്‍ ആണ് ആദ്യ മേള നടത്തിയത് എന്നും ഈ വര്‍ഷം പത്താമത്തെ മേളയാണെന്നും എല്ലാ വര്‍ഷവും നടക്കുന്നു എന്നും പറയുന്നു ഇതെങ്ങിനെ ശരിയാകും? ഇടയ്ക്ക് നിര്‍ത്തി വച്ചിരുന്നോ ?

അപ്പു ആദ്യാക്ഷരി

ദേവേട്ടന്റെ പഴയ പോസ്റ്റ് കണ്ടു. പവലിയന്റെ അകത്തൊക്കെപോകാന്‍ പറ്റുന്നുണ്ട് അല്ലേ. എമിറേറ്റ്സില്‍ ജോലിചെയ്യുന്നവരുടേ ഭാഗ്യമേ! പാവം ഞാന്‍ - റോഡരികില്‍നിന്ന് മാനത്തേക്ക് നോക്കി :-(

സാജാ...തിരിച്ചെത്തിയോ? അഭിപ്രായത്തിന് നന്ദി. ബാക്കി ഫോട്ടോകള്‍ തമനു ഇടും എന്ന് പ്രതീക്ഷിക്കാം.

നജീം, ഈ സംശയത്തിനുള്ള ഉത്തരം ഒന്നാമത്തെ പാരഗ്രാഫില്‍ത്തന്നെ ഉണ്ടല്ലോ? രണ്ടുവര്‍ഷത്തിലൊരിക്കലാണ് ദുബായ് എയര്‍ഷോ നടത്തുന്നത്. ഇന്ത്യയില്‍നിന്നുള്ള കമ്പനികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്.

‘കൊച്ചുമുതലാളി’ സ്വാഗതം.

പ്രിയ ഉണ്ണികൃഷ്ണന്‍

സൂപ്പര്‍ ചേട്ടാ സൂപ്പര്‍

ശ്രീ

അപ്പുവേട്ടാ...

ചില സാങ്കേതിക കാരണങ്ങളാല്‍‌ ഇങ്ങോട്ടെത്താന്‍‌ ഒരിത്തിരി വൈകിപ്പോയി. എന്നാലും നഷ്ടമായില്ല. കിടിലന്‍‌ ചിത്രങ്ങള്‍‌!!!

നല്ല വ്യക്തമായ വിവരണങ്ങളും കൂടിയായപ്പോള്‍‌ സൂപ്പര്‍‌!

:)

സാല്‍ജോҐsaljo

മനോഹരം.

എക്സ്പ്പോഷര്‍ അഡ്ജസ്റ്റ് ചെയ്താല്‍ യൂണിഫോമിറ്റി തോന്നും. കണ്ടിന്യുവിറ്റിയും. സീരീസ് ക്ലിക്കിനിടയില്‍, പ്രത്യേകിച്ച് സ്കൈലൈറ്റോടെ അപര്‍ച്വര്‍ സെറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവാം. എങ്കിലും ഫോട്ടോഷോപ്പ് നല്ല ഫെസിലിറ്റി (എക്സ്പോഷര്‍, ഷാഡോ) എല്ലാം തരുന്നുണ്ട്. അത് ഉപയോഗിക്കുക. ഒന്നുകൂടി ഉഷാറായിവരട്ടെ...ഗുഡ് എഫര്‍ട്ട്...

ചീര I Cheera

കൊള്ളാലോ ഫോട്ടോസ്..
ഇതെങ്ങനെ എടുക്കുന്നൂന്ന് ഒരു പിടീം കിട്ടുന്നില്ല.. കാമറയുടെ ഏഴയലത്ത് പോലും ഈയുള്ളവള്‍ പോകാറില്ല എന്നത്താണ് സത്യം!

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ)

എയര്‍ഷോയെക്കുരിചുള്ള വിവരങല്‍ തന്നതിന്ന് നന്ദി.നല്ല ലേഖനം.

ഉഷശ്രീ (കിലുക്കാംപെട്ടി)

പാവം ഞാന്‍ - റോഡരികില്‍നിന്ന് മാനത്തേക്ക് നോക്കി :-(
ന്നിട്ടും ബ്ലോഗിലു മഴവില്ലു വിരിയിച്ചില്ലെ നീ.ഹോ...ഫോട്ടോസും വിവരണവും എല്ലാം കൂടെ അതിഗംഭിരം.ദുബായില്‍ ആയിട്ടും കൂടി അപ്പുന്റെ ബ്ലോഗില്‍ കൂടിയേ എനിക്കു ഇതൊക്കെ കാണാന്‍ കഴിഞ്ഞുള്ളു അപ്പുവേ.

Sathees Makkoth | Asha Revamma

അപ്പു, നല്ല വിവരദായകമായ പോസ്റ്റ്.
പടങ്ങളും വിവരണങ്ങളും ഇഷ്ടപ്പെട്ടു.

ഷിജു

കൊള്ളാം മോനേ ദിനേശാ.....
അടിപൊളി പടങ്ങള്‍.........
നല്ല വിവരണവും..
എല്ലാ ആശംസകളും പപ്പാ, അമ്മ,ഷിജു..

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP