Monday, January 7, 2008

മലേഷ്യയിലെ മയിലാടും പാര്‍ക്ക് - ഫോട്ടോപോസ്റ്റ്

ഈയിടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെ കുലാലം‌പൂരില്‍ പോയപ്പോള്‍ അവിടുത്തെ പ്രശസ്തമായ ബേര്‍ഡ്സ് പാര്‍ക്ക് (Birds Park) സന്ദര്‍ശിക്കുവാന്‍ സാധിച്ചു. സാധാരണ പക്ഷിസങ്കേതങ്ങളില്‍നിന്നു വ്യത്യസ്തമായി ഇവിടെ പക്ഷികളെ സൂക്ഷിച്ചിരിക്കുന്നത് തുറസ്സായ ഒരു സ്ഥലത്താണ്. വളരെ വിശാലമായ ഒരു ഏരിയ മുഴുവന്‍ അവിടെയുള്ള വലിയ മരങ്ങള്‍ക്കും മുകളിലായി ഉയര്‍ത്തിയിരിക്കുന്ന ഒരു ഭീമന്‍ വലയക്കുള്ളില്‍ (രണ്ടാമത്തെ ഫോട്ടോയില്‍ ഈ വല കാണാവുന്നതാണ്) ഈ പക്ഷികള്‍ സ്വതന്ത്രമായി നടക്കുന്നു, പറക്കുന്നു, തീറ്റതേടുന്നു, കൂടുകെട്ടുന്നു. ഇത്തരത്തിലുള്ള ലോകത്തെ ഏറ്റവും വലിയ പാര്‍ക്കാണത്രെ ഇത്. ഒരിടത്തും അടങ്ങിയിരിക്കാത്ത തത്ത മുതലായ കിളികളേയും, മറ്റുപക്ഷികള്‍ക്കും സന്ദര്‍ശകര്‍ക്കുതന്നെയും ആപത്തായേക്കാവുന്ന ഒട്ടകപ്പക്ഷിതുടങ്ങിയവയേയും മാത്രം വളരെ വലിയ ചുറ്റുവേലിയ്ക്കുള്ളില്‍ താമസിപ്പിച്ചിരിക്കുന്നു.

ഇതല്ലാതെ അന്‍പതോളം വിവിധയിനത്തില്‍പ്പെട്ട പക്ഷികള്‍ തുറസായ സാഹചര്യങ്ങളില്‍ സന്ദര്‍ശകരെ യാതൊരു ഭയവുമില്ലാതെ സ്വതന്ത്രമായി അങ്ങനെ വിഹരിക്കുന്നു! അതിലെനിക്ക് ഏറ്റവും അടുത്തുകാ‍ണാന്‍ സാധിച്ചത് മയിലുകളെയാണ്. ഇത്രയധികം മയിലുകളെ ഒന്നിച്ച്, അതും പീലിവിരിച്ചും വിരിക്കാതെയും, തീറ്റകൊത്തിപ്പെറുക്കി നമ്മോടൊപ്പം നടക്കുന്ന രീതിയില്‍ കണ്ടപ്പോള്‍ വളരെ അതിശയം തോന്നി - കൂടെ അതൊക്കെ ഫോട്ടോയിലാക്കിയാല്‍ ബ്ലോഗിലൂടെ ഇതു കണ്ടിട്ടില്ലാത്തവര്‍ക്ക് കാണുകയും ചെയ്യാമല്ലോ എന്നു വിചാരിച്ചു.

സാധാരണ ഔദ്യോഗികയാത്രകളിലൊക്കെ "Less the luggage, more comfortable the journey" എന്ന തത്വം മാനിച്ച് ഒരു ഹാന്റ് കാരി ബാഗുമാത്രമേ കൊണ്ടുപോകാറുള്ളൂ. ഇപ്രാവശ്യം ഏതായാലും ക്യാമറ കൈയില്‍ കരുതി, പക്ഷേ അതില്‍ ഒരു 18-55 mm ലെന്‍സു മാത്രം! സൂം ലെന്‍സ് എടുത്തില്ല. ഇങ്ങനെയൊരു ബേഡ്സ് പാര്‍ക്ക് ഉണ്ടെന്നറിയുകയുമില്ലായിരുന്നു അവിടെ എത്തുന്നതുവരെ. കഷ്ടമേ, മാങ്ങപഴുത്തപ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ് എന്നു പറഞ്ഞതുപോലെയായല്ലോ കാര്യങ്ങള്‍ ! സൂംലെന്‍സ് ഇല്ലാതെ എന്തു പക്ഷിഫോട്ടോ? ഇങ്ങനെയുള്ള പലവിധ ചിന്തകളാല്‍ ഞാന്‍ പാര്‍ക്കിനകത്തേക്ക് കടന്നപ്പോളതാ ഒരു മയില്‍കുമാരന്‍ അന്തസ്സോടെ അടുത്തുള്ള ഒരു മരക്കൊമ്പില്‍ ഇരിക്കുന്നു.

ശബ്ദമുണ്ടാക്കിയാല്‍ ചാടീപ്പോകുമല്ലോ എന്നൊക്കെ വിചാരിച്ച് ഏകദേശം അടുത്തെത്തി ക്യാമറ ക്ലിക്കി. ങേ..ഹേ.. ഞാനിതൊക്കെ എത്രകണ്ടതാ എന്ന മട്ടില്‍ അതിനൊരു കുലുക്കവുമില്ല. തൊട്ടടുത്തുകൂടി വലിയ ഒരു കോഴിപോലെ ഒരു പക്ഷി നടന്നുപോകുന്നതു കേട്ടാണ് തിരിഞ്ഞുനോക്കിയത്. ഒരു മയിലമ്മ ഒരു കൂസലുമില്ലാതെ എന്റെ ഷൂസിനടുത്തുകിടന്ന ഒരു ധാന്യം കൊത്തിയെടുക്കുന്നു... അപ്പോള്‍ എനിക്കുറപ്പായ്യി, ഈ പക്ഷികള്‍ ഞാനുദ്ദേശിക്കുന്നതുപോലെ പേടിത്തൊണ്ടന്മാരല്ല. ഇവന്മാരെല്ലാവരും അടുത്തുവന്നു ഫോട്ടോയ്ക്ക് പോസുചെയ്തുതരും എന്ന്!


പാര്‍ക്കിന്റെ ഉള്‍ഭാഗത്തെ അഞ്ചുപ്രത്യേക സോണുകളായി തിരിച്ചിട്ടുണ്ട്. അതിനിടയില്‍കൂടെ വളഞ്ഞുതിരിഞ്ഞുപോകുന്ന വഴികള്‍. വഴിതെറ്റി ഇതിനിടയ്ക്കെങ്ങാനും പെട്ടുപോകുമോ എന്നൊരു അനാവശ്യഭയം തോന്നിയെങ്കിലും, വ്യക്തമായും എഴുതിയിരുന്ന വഴികാട്ടിപ്പലകള്‍ വഴിതെറ്റാതെ തന്നെ മുമ്പോട്ടുപോകുവാന്‍ സഹായിച്ചു.

പാര്‍ക്കിന്റെ ഉള്ളിലേക്ക് കടന്നപ്പോള്‍ ഒരു വന‍പ്രദേശത്തെക്ക് കടന്നതുപോലെ തോന്നി. വലിയ മരങ്ങള്‍, പുല്‍പ്പടര്‍പുകള്‍, അതിനിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന, തറയോടു പാകിയ നല്ല വഴികള്‍. ഇതെല്ലാം പരിചരിക്കാന്‍ കുറേ ജോലിക്കാരും. ഇടയ്ക്കിടെ കഫറ്റേരിയകള്‍. ഇരിക്കാനുള്ള ബെഞ്ചുകള്‍! നല്ല ഭംഗിതന്നെ. അല്‍പ്പം അങ്ങോട്ടു നടന്നപ്പോള്‍ തന്നെ ഒരു മയില്‍പ്പെണ്ണുമായി പ്രേമസല്ലാപം നടത്തുന്ന ഒരു യുവകോമളനെ കണ്ടു. വഴിയടഞ്ഞുനിന്നുകൊണ്ടാണ് സല്ലാപം. അനുവാദം ചോദിക്കാതെതന്നെ രണ്ടിനേയും ഫ്രെയിമിലാക്കി.

മയില്‍ പ്രണയജോഡികളെയും കടന്ന് മുമ്പോട്ടുപോയപ്പോള്‍ മറ്റുപലയിനം കിളികളെ കണ്ടു - പ്രാവുകള്‍, കുരുവികള്‍, പേരറിയാന്‍ പാടില്ലാത്തവയും, കണ്ടിട്ടില്ലാത്തവയുമായ പലയിനം കിളികള്‍. വഴിയുടെ ഇരുവശങ്ങളിലും ഇടയ്ക്കിടെ ഭംഗിയായി നിര്‍മ്മിച്ചിരിക്കുന്ന കുളങ്ങള്‍, ചെറിയ വെള്ളച്ചാട്ടങ്ങള്‍ എന്നിവ വളരെ മനോഹരം തന്നെ എന്നുപറയാതെ വയ്യ. പ്രാവുകളുടെ കുറുകല്‍ കേട്ടൂകൊണ്ട് ഒരു സ്ഥലത്തേക്കെത്തിയപ്പോള്‍ പഴുത്ത പപ്പായ (ഓമയ്ക്കാ) തിന്നുന്നതില്‍ വ്യാപൃതരായിരിക്കുന്ന കുറേ പ്രാവുകളെക്കണ്ടു. ദേ അവരുടെ ഫോട്ടോ.

ഈ പാര്‍ക്കിനുള്ളില്‍ ഒരു റെസ്റ്ററന്റ് ഉണ്ട് - ഹോണ്‍ബില്‍ റെസ്റ്റോറന്റ് എന്നാണു പേര്. സന്ദര്‍ശകര്‍ക്കെല്ലാവര്‍ക്കും ഒരു ഫ്രീ കോഫിയും ഇവിടെനിന്ന് കിട്ടും. മറ്റുഭക്ഷണങ്ങള്‍ വേണമെങ്കില്‍ പൈസ വേറെകൊടുക്കണം. വീണ്ടും മുമ്പോട്ടൂ നടന്നു. നോക്കുന്നിടത്തൊക്കെ മയിലുകള്‍ തന്നെ. ഒരു കഫറ്റേരിയയുടെ മുറ്റത്തും, അവിടുത്തെ ടേബിളുകളീലും കയറിനിന്ന് സന്ദര്‍ശകരോടോപ്പം വിശ്രമിക്കുന്ന മയിലുകള്‍ വളരെ കൌതുകകരമായ ഒരു കാഴ്ചയായിരുന്നു.നടത്തത്തിനിടയില്‍ വളരെ താഴ്ന്ന ഒരു മരക്കൊമ്പില്‍ ഒരു വെട്ടിനിടയിലായി ഒരു മുട്ടയിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. മയിലിന്റെ മുട്ടതന്നെയാവണം. നല്ല വലിപ്പമുള്ള ഒരു മുട്ട. തൊടാന്‍ പോയില്ല പക്ഷേ ഒരു ഫോട്ടോ എടുത്തു. നോക്കണേ ഈ മയിലുകളുടെ ഒരു കാര്യം. ഇതു താഴെവീണാല്‍ പൊട്ടിപ്പോവില്ലേ. ആ. എന്തോ എന്നും ഇതേ സ്ഥാനത്ത് ഇവര്‍ മുട്ടയിടുന്നതായിരിക്കാം.കൊക്കന്മാവന്മാരുടെയും ഫ്ലെമിംഗോകളുടെയും ആസ്ഥാനകുളത്തിനടുത്തേക്കുള്ള വഴിയില്‍കൂടെ നടക്കുമ്പോള്‍ അവിടമെല്ലാം വിജനമായിരുന്നു. സന്ദര്‍ശകര്‍ ആരുമില്ല. കൊക്കന്മാവന്മാര്‍ മാത്രം അവിടെ ഇരുന്നു വിശ്രമിക്കുന്നുണ്ട്. ഒരു കൊക്കമ്മാവന്‍ വെള്ളത്തിലിറങ്ങി മീനിനെ തപ്പുന്ന തിരക്കിലായിരുന്നു.

ഈ കുളത്തിലെ വെള്ളത്തില്‍ ഓറഞ്ചുനിറത്തില്‍ പൊങ്ങിക്കിടക്കുന്നത് ഇലകളൊന്നുമല്ല കേട്ടോ, മീനുകളാ.. നല്ല മുഴുത്ത മീനുകള്‍!


ഒന്നുരണ്ടു കൊക്കന്മാവന്മാര്‍ കണ്ണുമടച്ച് ഉറക്കം തൂങ്ങികരയില്‍ത്തന്നെയിരിക്കുന്നു. അമ്മാവന്മാര്‍ക്ക് പേടിയൊട്ടൂം ഉണ്ടാവില്ല എന്നറിയാമായിരുന്നതിനാല്‍ വളരെ അടുത്തുചെന്ന് (രണ്ടടി അകലെ!!) ഒരു ഫോട്ടോ എടുത്തു. ഒരു അമ്മാവന്‍ കണ്ണു തുറന്ന് പതുക്കെ ഒന്നു നോക്കി. ഒരു കുലുക്കവും ഇല്ല, വേണമെങ്കില്‍ ഇനിയും എടുത്തോ എന്ന മട്ടില്‍ ഇരുന്നു തന്നു.
ഈ കിളീയുടെ പേരറിയാമോ? ദേവേട്ടനോ, കൈപ്പള്ളിയോ, അപ്പൂസോ അറിയാവുന്ന ആരെങ്കിലുമോ പറഞ്ഞുതരുമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.മയിലുകളുടെ കൂട്ടത്തില്‍ വെളുത്ത മയിലും ഉണ്ടെന്ന് അവിടെ നേരിട്ടുകണ്ടപ്പോഴാണ് മനസ്സിലായത്! ദേ നില്‍ക്കുന്നു!ചിന്താവിഷ്ടയായ മയില്‍‌പെണ്‍കൊടി
ക്യാമറകണ്ടപ്പോള്‍ ഇഷ്ടക്കേടുതോന്നി തിര്‍ഞ്ഞുനില്‍ക്കുന്ന ഒരു മയില്‍ കുമാരന്‍

ഒരുത്തന്‍ തിരിഞ്ഞുനിന്നാലെന്താ, ദേ നില്‍ക്കുന്നു വേറൊരുത്തന്‍ ഫൂള്‍കളര്‍ ഡിസ്‌പ്ലേയുമായി!
തൊട്ടടുത്തുചെന്നത് ഇഷ്ടമായില്ലെന്നു തോന്നുന്നു, വാപിളര്‍ത്തി ഉച്ചത്തില്‍ ഒന്നു കരഞ്ഞു. കണ്ണിലെങ്ങാനും കൊത്തുമോ എന്തോ...!!കുഴപ്പമില്ല.. ചിരിക്കുന്നതു കണ്ടില്ലേ!
ഇവനോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. കഷ്ടകാലം എന്നല്ലാതെ എന്തുപറയാന്‍? അടുത്തെങ്ങും ഒരു ടൂറിസ്റ്റും ഇല്ലാതെപോയി!


അങ്ങനെ കുറഞ്ഞ സമയത്തിനുള്ളില്‍ പാര്‍ക്കിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചുപോന്നു. സത്യം പറയാമല്ലോ, വളരെ നല്ലൊരു അനുഭവമായിരുന്നു ആ സഹജീവികളോടൊത്തുള്ള ആ കുറഞ്ഞസമയം. ഈ പാര്‍ക്കിനെപ്പറ്റി കൂടുതല്‍ വായിക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ നോക്കുക..

54 comments:

അപ്പു ആദ്യാക്ഷരി

കുലാലം‌പൂരിലെ ബേഡ്സ് പാര്‍ക്കിനെപ്പറ്റി ഒരു സചിത്ര ലേഖനം.

ഓടോ: 2008 ലെ ഈ സ്റ്റേജില്‍ എന്റെ ആദ്യത്തെ പെര്‍ഫോര്‍മന്‍സാണ്. എല്ലാവരും എനിക്കു വോട്ട് ചെയ്യണം. എന്നാലെ 2009 ലേക്ക് കടക്കാനൊക്കൂ! SMS format BLOGഅപ്പു1234 ഹ..ഹാ..ഹാ..

ചന്ദ്രകാന്തം

ലേഖനം മനോഹരം...
ചിത്രങ്ങള്‍ അതിമനോഹരം...
നൂറില്‍ 99.9 മാര്‍ക്ക്‌ തരാനേ നിര്‍‌വ്വാഹമുള്ളു.
(ബാക്കി തല്‍ക്കാലം കയ്യിലിരിയ്ക്കട്ടെ...)

ശ്രീ

അപ്പുവേട്ടാ...

മനോഹരമായ ചിത്രങ്ങളും അസ്സല്‍‌ വിവരണവും.

2008 ന്റെ തുടക്കം തന്നെ തകര്‍‌ത്തൂ...
:)

krish | കൃഷ്

മയിലുകളുടെ ചിത്രം മനോഹരമായിട്ടുണ്ട്. വെള്ളമയിലിന്റെ ചിത്രം ആദ്യമായി കാണുകയാ.
പെര്‍ഫോര്‍മന്‍സ് ഓക്കെ, അപ്പൂന്റെം മയിലിന്റേം.
:)

ദേവന്‍

എനിക്കു മേലാ. മയിലുകള്‍ അങ്ങോട്ട് കലക്കി. പ്രത്യേകിച്ച് ലവന്‍ കാവടിയും എടുത്ത് ലവളുടെ പിറകേ ഓടുന്ന രംഗം. "നിന്‍ പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം" എന്നു പാടിക്കൊണ്ടാ പൂവനോടുന്നതെന്ന് തോന്നിപ്പോയി.

ലാസ്റ്റിലെ പടം വിക്റ്റോറിയ കിരീടധാരിപ്രാവ് ആണെന്ന് തോന്നുന്നു.
http://en.wikipedia.org/wiki/Victoria_Crowned_Pigeon
തെറ്റി പെയ്യെങ്കില്‍ കൈപ്പള്ളി വന്നു തിരുത്തും. എന്റെ പേരില്‍ കുറ്റമില്ല ഞാന്‍ പറഞ്ഞു മാറി നില്‍ക്കാന്‍ ഡിങ് ഡോങ്ങ് ബെല്‍!!

G.MANU

wow bhaai wow..
aa veNmayil thakarththu..

super pics ente appoosE,,,

ദേവന്‍

ഹയ്യോ ലാസ്റ്റിലെ പടമല്ല, അത് കിരീടധാരി അപ്പൂസല്ലേ?
ഞാന്‍ ഉദ്ദേശിച്ചത് പേരു ചോദിച്ച പടമാ. ശരിയാണേലും തെറ്റാണേലും കൈപ്പള്ളിയോ അപ്പുവോ പറയണേ.

മലേഷ്യയില്‍ പോയിട്ടും ബേര്‍ഡ് പാര്‍ക്കില്‍ പോകാന്‍ പറ്റിയില്ല. ആ വാശീം കൂടെ ബട്ടര്‍ഫ്ലൈ പാര്‍ക്കില്‍ തീര്‍ത്തു.

ആഷ | Asha

അപ്പുവിന്റെ ഈ പോസ്റ്റ് കണ്ടിട്ട് ആ പാര്‍ക്കില്‍ ഒന്നു പോവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നൊരു ചിന്ത :)

പിന്നെ അപ്പു ചോദിച്ച ആ പക്ഷിയുടെ പേര് victoria crowned pigeon
Scientific name: Goura victoria

ഈ പക്ഷി പ്രാവുകളുടെ കുടുംബത്തിലെ എറ്റവും വലിപ്പം കൂടിയ ഇനമാണ്. ഇവിടെ നോക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ കാണാം
http://www.bristolzoo.org.uk/learning/animals/birds/crowned-pigeon

ഞാനിതെങ്ങനെ കണ്ടുപിടിച്ചന്നോ ഒരിക്കല്‍ ഇവിടെ സൂ കാണാന്‍ പോയപ്പോ ഈ പക്ഷിയുടെ പടമെടുത്തിരുന്നു. കൂടെ അതിന്റെ കൂടില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പേരെഴുതിയ ബോര്‍ഡും. അപ്പുവിന്റെ പോസ്റ്റ് കണ്ടപ്പോ ഇതിന്റെ പടം ഞാനെടുത്തിട്ടുണ്ടല്ലോ എന്നു ഓര്‍ത്തു തപ്പിയെടുത്തതാണ്.
അതു western crowned pigeon(goura cristata) ആണ്. വ്യത്യാസം തലയ്ക്ക് മുകളിലെ പീലിയ്ക്കും പിന്നെ അതിന്റെ നെഞ്ചില്‍ ഇതിന്റെ പോലെ നിറവ്യത്യാസം ഇല്ല.

ആഷ | Asha

ആഹാ ദേവേട്ടന്‍ മറുപടി ഇട്ടിരുന്നോ. അതു കാണാതെയാ ഞാന്‍ എഴുതിയേ.
ഇതു അതു തന്നെ ദേവേട്ടാ.

അഭിലാഷങ്ങള്‍

അപ്പൂ..

ഭാഗ്യവാന്‍..! ഇത്ര മനോഹരമായ കഴ്‌ചകള്‍ നേരിട്ട് കാണാന്‍ ഭാഗ്യം കിട്ടിയല്ലോ!

പിശുക്കില്‍ മുന്‍പന്തിയിലുള്ള യു.എ.ഇ കാരെ പറ്റി ’ഗള്‍ഫ് ന്യൂസ്’ സര്‍വ്വേ എടുത്തപ്പോ അതില്‍ ആദ്യ പത്തില്‍ വന്ന ഒരാളാ ചന്ദ്രകാന്തം. ഞാന്‍ ചന്ദ്രകാന്തം പിടിച്ചുവച്ച 0.1 മാര്‍ക്കുകൂടി തട്ടിപ്പറിച്ചങ്ങ് അപ്പൂന് സമര്‍പ്പിക്കുകയാണ്. ഇന്നാ പിറ്റിച്ചോ: 100/100. എനിക്കൊട്ടും പിശുക്കില്ല :-)

2008 അപ്പുവിന് നല്ല തുടക്കമാണ് നല്‍കിയിരിക്കുന്നത്. അത് ഈ വര്‍ഷം മുഴുവന്‍ പ്രതിഫലിക്കട്ടെ.. പുതുവത്സരാശംസകള്‍..

ദേവന്‍

ആഷേം കൂടെ കണ്‍ഫേം ചെയ്ത സ്ഥിതിക്ക് ഉറപ്പിച്ചു.
ഇനി കാണുമ്പോള്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍, ലവന്റെ ക്ലീയര്‍ ആയി തിരിച്ചറിയാവുന്ന പോസില്‍ ഒരു ഫോട്ടോ
http://www.arkive.org/media/B41B6164-0F9F-49CA-A097-5D3FCFB233DB/Presentation.Large/large-Victoria-crowned-pigeon-in-habitat.jpg

ഇത് അവന്റെ പാസ്സ്പോര്‍റ്റ് സൈസ്
http://www.arkive.org/media/083C73AB-A4F6-4019-AFFF-E88F84309E85/Presentation.Large/large-Victoria-crowned-pigeon-showing-crest-of-feathers.jpg

കിരീടോം ബിബ്ബും ഇതില്‍ വ്യക്തം.

ബയാന്‍

നന്നായിരിക്കുന്നു അപ്പൂ; നീ യെന്തൊക്കെയോ ആശകള്‍ ഉണ്ടാക്കി തന്നു. നന്നായി.

മുസ്തഫ|musthapha

അപ്പു കലക്കന്‍ പടങ്ങള്‍... നല്ല വിവരണവും...

ആദ്യഫോട്ടോയുടെ ഫ്രൈമിംഗ് വളരെ ഇഷ്ടായി...

ആ തിരിഞ്ഞ് നിക്കുന്നവന്‍ ദിലീപിന്‍റെ മീശമാധവന്‍ കണ്ടു കാണും :)

വോട്ടിംഗ് ഫോര്‍മാറ്റ് തെറ്റിച്ചാ എഴുതിയിരിക്കുന്നത്...

MSB സ്പേസ് APPU
(മല്ലു സൂപ്പര്‍ ബ്ലോഗര്‍)
എന്നതാ... ശരിക്കുള്ള ഫോര്‍മാറ്റ് ... ട്ടോ :)

കൊച്ചുത്രേസ്യ

നല്ല പെര്‍ഫോമന്‍സ്‌..ഒരു ഡബിള്‍ പ്രൊമോഷന്‍ കൊടുത്ത്‌ നേരെ 2009-ലേക്കു കയറ്റി വിട്ടാലോന്ന്‌ പ്രേക്ഷകര്‍ ആലോചിക്കുന്നുണ്ട്‌ :-)

പടങ്ങളൊക്കെ നന്നായി.വെള്ളമയില്‍ എന്നൊരു സംഭവമുണ്ടെന്നുള്ള കാര്യം തന്നെ എനിക്കറിയില്ലായിരുന്നു.പിന്നെ ആ അവസാനത്തെ ഫോട്ടോയിലെ വന്യജീവി ഏതാ
:-)

[ nardnahc hsemus ]

കൊള്ളാം, നല്ല വിവരണവും ചിത്രങളും!

കുട്ടു | Kuttu

നന്നായിട്ടുണ്ട്...

ഓടോ:
ആദ്യത്തെ പടത്തില്‍ ഷട്ടര്‍ സ്പീഡ് കുറച്ച് ഒരു പരീക്ഷണത്തിന് സ്കോപ്പുണ്ടായിരുന്നല്ലൊ....

Kaippally

your new lens is smashing !!!
good work man

Anonymous

കിടു പോസ്റ്റ്.. ആ പടം ഒക്കെ അത്രേം ചെറുതാക്കി ഇടണ്ടാരുന്നു

ഒരു ഡെസ്ക്ടോപ്പ് പരുവം ഒക്കെ ആകാം :(

സാജന്‍| SAJAN

അപ്പൂ എന്ത്യേ ഇതു കാണാന്‍ വൈകിയെന്ന് ആലോചിച്ച് ഞാന്‍ വണ്ടറായിപ്പോയി,
ഈ ദേവേട്ടന്റെ ഒരു കാര്യം ദേവേട്ടന്‍ കമന്റെഴുതുന്ന പോസ്റ്റുകള്‍ വായിക്കാന്‍ തന്നെ ഒരു പ്രത്യേക രസമാണ്:)
കൊച്ചുത്രേസ്യ ചോദിച്ചത് ഞാനും മനസ്സിലോര്‍ത്തു, ഈ അവസാനം നില്‍ക്കുന്ന വന്യജീവി ഏതാണെന്ന് ?
പക്ഷേ അവിടേം ദേവേട്ടന്‍ പൊളിച്ചില്ലേ സസ്പെന്‍സ്!
പടം നന്നായെന്ന് ഇനി പ്രത്യേകിച്ച് പറയണ്ടാല്ലോ അല്ലേ എന്നാലും സപ്രിടിക്കെറ്റ് സൈന്‍ ചെയ്ത് അയച്ചിട്ടുണ്ട് , പോസ്റ്റാഫിസീന്ന് മേടിച്ചോണം!
പിന്നെ കൊച്ചു ത്രേസ്യയോട് മിണ്ടാന്‍ പൂവണ്ട ടൈം മെഷീനും കൊണ്ടാ നടക്കുന്നെതെന്നു തോന്നുന്നു പറഞ്ഞത് കേട്ടില്ലേ 2009ലേക്ക് കേറ്റിവിടുമെന്ന് ഡയറ്ക്ടായിട്ട്!

മന്‍സുര്‍

അപ്പു...

അതിമനോഹരമാം ചിത്രങ്ങളിലൂടെ
ഒരു വിനോദയാത്ര പോലെ......ഗംഭീരം

നന്‍മകള്‍ നേരുന്നു

കുറുമാന്‍

അപ്പു ഭായ്.......സൂപ്പര്‍ പടം, ഗംഭീര വിവരണം.

പിന്നെ ഇതിലേറെ മയിലുകള്‍ നമ്മുടെ ദുബായിലുണ്ട്ട്ടാ.......

സബീല്‍ പാലസിനു മുന്‍പിലും, സബീല്‍ ക്ലബിനു പിന്‍ വശത്തുമായി (ക്ലബിനു പിന്‍പില്‍ ഒരു 30-50 എപ്പോഴും കാണാം...വിന്ററായപ്പോള്‍ മുതല്‍ നേരത്തെ മുളയുന്നു) ഒരു മൂന്ന് നാല് മണി നേരത്ത് ചുമ്മാ അതിലൂടെ വണ്ടിയില്‍ പോയാല്‍ മതി.....വണ്ടിയുടെ പിന്നാലെ ഓടിച്ചിട്ട് കൊത്താന്‍ വരും.

പാലസിനു മുന്‍പില്‍ എപ്പോഴും ഒരു 100-150മയിലുകള്‍ ഉണ്ടാകും. ഒരു തള്ളക്ക് മൂന്നാലു പിള്ള എന്ന തോതില്‍. സബീല്‍ ക്ലബിനു പിന്‍ വശത്ത് ഒരു വെളുത്ത മൈലും ഉണ്ട്.

പൈങ്ങോടന്‍

2008 ലെ തുടക്കം ഉഷാര്‍!!!
സചിത്ര ലേഖനം ഏറെ ഇഷ്ടപ്പെട്ടു...
വെള്ളമയില്‍ ഉണ്ടെന്ന കാര്യം ഈ പോസ്റ്റു കണ്ടപ്പോ മാത്രമാ അറിഞ്ഞത്.

d

കലക്കന്‍ പടങ്ങള്‍..

RR

superb!

Vanaja

വെള്ള മയില്‍ ഉണ്ടെന്നുള്ള കാര്യം പുതിയ അറിവാണ്.
ആ മയില്‍ കുമാരന് അതിഥികളോട് എങനെ പെരുമാറണമെന്ന് തീരെ അറിയില്ലേ...ഛായ്.

Mr. K#

വെള്ളമയില്‍ സൂപ്പര്‍.

പ്രിയ ഉണ്ണികൃഷ്ണന്‍

മനോഹരമായ ചിത്രങ്ങള്‍, വര്‍ണ്ണനയും.

ആ മയിലുകളെ ഞാന്‍ എടുക്കാ.

ദിലീപ് വിശ്വനാഥ്

നല്ല ചിത്രങ്ങളും അതിലേറെ കിടിലന്‍ വിവരണവും.

അപ്പു ആദ്യാക്ഷരി

മയില്‍ ലേഖനം വായിച്ച, അഭിപ്രായംപറഞ്ഞ,എല്ലാവര്‍ക്കും നന്ദി.

വിക്റ്റോറിയ കിരീടധാരിപ്രാവിനെപ്പറ്റി പറഞ്ഞുതന്നതിന് ദേവട്ടനും ആഷയ്ക്കും നന്ദി.

കുറുമാന്‍‌ജീ, സബീല്‍ പാലസില്‍ മയില്‍ ഉണ്ടെന്ന് അറിയില്ലായിരുന്നു കേട്ടൊ. നന്ദി. (ഏതായാലും അവിടെ ഫോട്ടോയ്ക്ക് പോകുന്നില്ല!!)

ചന്ദ്രകാന്തം, ശ്രീ, കൃഷ്, ജി. മനു,അഭിലാഷ്, അഗ്രജന്‍, കൊച്ചുത്രേസ്യ, സുമേഷ, കുട്ടൂസ്, കൈപ്പള്ളി, സാജന്‍, ബയാന്‍, ഗുപ്തന്‍, മന്‍സൂര്‍, പൈങ്ങോടന്‍, വീണ, RR, വനജ, പ്രിയ, കുതിരവട്ടന്‍, വാല്‍മീകി എല്ലാവര്‍ക്കും നന്ദി.

കൊച്ചുത്രേസ്യേ, അവസാനത്തെ ഫോട്ടോയിലെ വന്യജീവിയല്ല, അതും ഒരു കിളിയാ. ദേവേട്ടന്‍ എഴുതിയിട്ടുണ്ടല്ലോ അതിന്റെ പേര്!

:: niKk | നിക്ക് ::

അങ്ങിനെ അപ്പൂനേം കണ്ടു താളീം ടിച്ചു :)

ദേവന്‍

നിക്കേ അപ്പൂനെ കണ്ടോ പക്ഷേ താളി ഒടിക്കല്ലേ. മലേഷ്യയുടെ ദേശീയ പുഷ്പമാണു ചെമ്പരത്തി പൂ (അത് ചെവിയില്‍ വച്ചു കൊണ്ട് റോഡില്‍ ഇറങ്ങി ഓടുന്ന ആചാരം കേരളത്തിന്റേതാണെങ്കിലും). പോരാത്തതിനു സ്ഥലം ഒരു പാര്‍ക്കും. താളിയെങ്ങാനും ഒടിച്ചാല്‍ സൂ കീപ്പര്‍ വന്നു ഫൈന്‍ ചീട്ട് എഴുതി തരും.

ശ്രീലാല്‍

ഞാന്‍ ഫോട്ടോഗ്രാഫി ക്ലാസുണ്ടെന്നു പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും രണ്ടു ദിവസം ഇറങ്ങി. വന്നപ്പോള്‍ മാഷെക്കാണാനില്ല.. എന്നിട്ട് ഞാന്‍ സിനിമയ്ക്കു പോയി. :)


ചിത്രങ്ങള്‍ കാണാം വായിക്കാം. നാളെ.

സുല്‍ |Sul

അപ്പൂ
കലക്കന്‍ പോസ്റ്റ്
മയിലുകളെകണ്ട് കണ്ണു കുളിര്‍ത്തു.
ഇതു മയിലാടും പാര്‍ക്ക് തന്നെ.
മലേഷ്യയിലേക്ക് പോയപ്പോഴേ കരുതിയതാ കുറെ പടങ്ങള്‍. അതിങ്ങനെയാവുമെന്ന് ഒരിക്കലും നിരീച്ചില്ല.

-സുല്‍

മഴത്തുള്ളി

അപ്പൂ, എല്ലാ ഫോട്ടോകളും അടിപൊളിയായിട്ടുണ്ട്. അതുശരി ഔദ്യോഗികാവശ്യത്തിനാണെന്ന് പറഞ്ഞ് മലേഷ്യക്ക് പോയത് ഈ മയിലിന്റെ പടമെടുക്കാനാ അല്ലേ? ;) കൂടെ കൊണ്ടുവന്ന മയിലെണ്ണയും മയില്‍പ്പീലിയുമെന്ത്യേ?? ;)

എന്തായാലും 2010 ലേക്ക് ഒരു ഡബില്‍ പ്രൊമോഷന്‍ ആയി. വോട്ട് നമ്പ്ര 34.

Kaithamullu

അപ്പൂ,

ഫോട്ടോകള്‍ വളരെ ഇഷ്ടപ്പെട്ടു. മയില്‍കുമാരന്റെ ശൃംഗാരോം മയിലച്ചിയുടെ ഗമേം പ്രത്യേകിച്ച്.

ഒരു പ്രദര്‍ശനം സംഘടിപ്പിക്കണം എല്ലാം കൂടി, ഒരിക്കല്‍, കേട്ടോ!

keralafarmer

കലക്കീട്ടുണ്ടല്ലോ അപ്പു.

ആഷ | Asha

എനിക്ക് ഇപ്പം ഉണ്ടായ ബോധോദയം എന്നാ നിങ്ങളുടെ മുന്നില്‍ വന്നു വിളമ്പീട്ടു പോവാന്നു കരുതി. ഈ മലേഷ്യ എന്ന പേരു വന്നതെങ്ങനെ?

മയില്‍+ഏഷ്യ = മയിലേഷ്യ അതു ലോപിച്ച് മലേഷ്യയായി മാറി

അപ്പു ആദ്യാക്ഷരി

ആഷേ... ആ കണ്ടുപിടിത്തം മനസ്സില്‍ വച്ചേര് കേട്ടോ. ഇതുമുഴുവന്‍ ഇന്ത്യന്‍ മയിലുകളാണേ. മലേഷ്യയില്‍ അല്ലാതെ ലോക്കല്‍ മയിലുകളുണ്ടോ എന്നറിയില്ല കേട്ടോ. ആ പാര്‍ക്കിന്റെ വെബ്‌സൈറ്റില്‍ നോക്കിക്കേ, ഇവ ഇന്ത്യന്‍ മയിലുകളാണെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്.

മൂര്‍ത്തി

കൊള്ളാം അപ്പു...നന്നായിട്ടുണ്ട്..

അച്ചു

അല്ല എന്നാ ഈ കാട്ടിയേ..:)സംഗതികളൊക്കെ ഗംഭീരം...

അലി

ചിത്രങ്ങളും വിവരണങ്ങളും മനോഹരം.
അഭിനന്ദനങ്ങള്‍!

ഏ.ആര്‍. നജീം

അപ്പു,
സമ്മതിച്ചൂട്ടോ..സൂപ്പര്‍..!
പിന്നെ ഇതൊന്നും ബോസ്സ് കാണണ്ടാട്ടോ... ഔദ്യോഗിക ആവശ്യത്തിന് പോയിട്ട് പാര്‍ക്കില്‍ ഒക്കെ കറങ്ങി നടന്ന് പോട്ടം പിടിക്കലായിരുന്നു പണി അല്ലെ... :)))

മുസാഫിര്‍

നല്ല ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അപ്പൂ‍സ്.(ഈ ആണ്‍‌മയീലുകള്‍ക്കു മാത്രം എന്തെ ദൈവം ഇത്ര ഭംഗിയുള്ള പീലി കൊടുത്തു ,ഒരു 33 ശതമാനമെങ്കിലും പെണ്മയിലുകള്‍ക്ക് കൊടുക്കേണ്ടതായിരൂന്നു)

ചീര I Cheera

തിരക്കില്‍ പെട്ടു, ഇപ്പോഴാണ് കാ‍ാണാനൊത്തത്..
മന്നോഹരം എന്ന വാക്കിനു , കൂടുതല്‍ ആഴത്തോടെ പറയാന്‍ പറ്റിയൊരു വാക്കുണ്ടെങ്കില്‍ അതിപ്പോളിവിടെ പറയാമായിരുന്നൂന്നൊരു നിശ്വാസം..

മയിലുകളെ ഇത്രയധികം ഒരുമിച്ച് കണ്ടിട്ടില്ല, മാത്രമല്ല, സൂവില്‍ പോയി കാണുമ്പോളൊന്നും മൂപ്പര്‍ പീലിനിവര്‍ത്താനുള്ള മൂ‍ൂഡിലാവില്ല..
നന്നായി !

കുട്ടിച്ചാത്തന്‍

ചാത്തനേറ്: വൈകിയെങ്കിലും ഒന്ന് താങ്ങീട്ട് പോവാം..

ആ ലാസ്റ്റ് പടത്തിലെ ഒട്ടകപ്പക്ഷിയേയാ എനിക്ക് ഒന്നൂടെ ഇഷ്ടപ്പെട്ടത്..:)

ചിലതിന്റെ പീലികള്‍ക്ക് കട്ടി വളരെ കുറവാ അല്ലെ?

Dr. Prasanth Krishna

അപ്പൂ അതിമനോഹരമായിരികുന്നു...മയിലുകളുടെ ചിത്രങ്ങള്‍ ശരിക്കും നന്നായിട്ടുണ്ട്....ഡല്‍ഹിയിലെ ചിടിയാ ഗാമ്വിലും ഇന്ത്യന്‍ ഇന്‍സ്റ്റി‌‌റ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഇതുപോലെ നല്ല ഇണക്കമുള്ള മയിളുകളെ കാണാം. ഒറ്റക്കും ഇരട്ടക്കുമല്ല...കൂട്ടമായിതന്നെ...

ഞാന്‍ വെറുതേ കൈയ്യും വീശിപോകുന്നില്ല ഇതില്‍‌നിന്നും ഒന്നുരണ്ട് എണ്ണം മോഷ്ടിച്ചോണ്ടേ പോകുന്നുള്ളൂ...പിന്നെ അറിഞ്ഞില്ല കേട്ടില്ല പറഞ്ഞില്ല എന്നൊന്നും പറഞ്ഞ് വഴക്കിനും വക്കാണത്തിനും ഒന്നും വന്നേക്കരുത്. വിരോധമുണ്ടേല്‍ ഇപ്പം പറഞ്ഞോണം....

ദേവന്‍

ബാബു മാഷേ, അത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്‌. അതായത് ഇന്ത്യന്‍
നീലമയിലിന്റെ പിടയ്ക്കു മാത്രമാണ്‌ വാലില്‍ സം‌വരണമില്ലാത്തത്. മറ്റ്
ഏഷ്യന്‍ രാജ്യങ്ങളില്‍ കാണുന്ന പച്ച മയിലിനു മൂന്നിലൊന്ന് സം‌വരണം
വാലിന്റെ കാര്യത്തിലുണ്ട്.

http://newenglander.smugmug.com/photos/92737322-L.jpg
കണ്ടില്ലേ. മാത്രമല്ല, നിറത്തിന്റെ കാര്യത്തില്‍ ആണും പെണ്ണും ഏതാണ്ട്
സമരായിക്കഴിഞ്ഞു അവിടെ.

ഇന്ത്യയിലെന്താ മയിലാവകാശങ്ങളില്ലേ? പിടകള്‍ക്കു വേണ്ടി കൂവാന്‍
ആരുമില്ലേ ഈ ഭാരത്തത്തില്‍?

ന: മയൂരീ പുശ്ചാഗ്രമര്‍ഹതി എന്നോ മറ്റോ മനുസ്മൃതിയില്‍ എഴുതീട്ടുണ്ടോ?
ശരിയാവൂല്ല. ഇതിനൊരു പരിഹാരം കാണണം. മയിലേറി വിളയാടും പഴനിയാണ്ടിയാണേ
സത്യം, ഇതെതിര്‍ക്കും

ഷിജു

പ്രത്യേക സാഹചര്യങ്ങളാല്‍ ബ്ലോഗ് നോക്കാന്‍ പറ്റിയില്ല. ഇപ്പൊഴാ നോക്കിയത്.എന്താ ഒന്നു പറയാ‍ാഞ്ഞേ?
എന്തുവാ ഇത്? കലക്കി..........
മലേഷ്യയില്‍ പോയിട്ട് വരുമ്പൊള്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാവുമെന്ന് കരുതിയില്ല.അടിപൊളി....
പിന്നെ നമ്മുടെ മറ്റൊരാളിന്റെ കമന്റ് കണ്ടില്ലല്ലോ? അദ്ദേഹം ഇതു കണ്ടില്ലേ? അതൊ മനപ്പൂര്‍വ്വം വേണ്ടാ എന്നു വെച്ചതാണോ?
എനിക്ക് ശരിക്കും അസൂയ തോന്നുന്നു എന്റെ ചേട്ടനോട്. ഇത്രെം കമന്റ് വായിച്ച് അല്‍പ്പം പൊങ്ങച്ചവും ആയിക്കാണുമല്ലൊ? അതുപോലെ തന്നെ എനിക്ക് വലിയ അഭിമാനവും തോന്നുന്നു.
പപ്പായെം അമ്മെം എല്ലാം ഇതു കാണിച്ചു.എല്ലാര്‍ക്കും സന്തോഷമായി.
അതുപോലെ ദേവേട്ടന്റെം, ചാത്തൂട്ടിയുടേം(ചാത്തനേറ്) കമന്റ് എല്ലാരെം ചിരിപ്പിച്ചു.
ദേവേട്ടാ വല്ലപ്പോഴും ഇങ്ങനെ ഓരോ കൊട്ട് കൊടുക്കണം കേട്ടോ.
ഒരിക്കല്‍ കൂടി ഇവിടെ എല്ലാരുടെം അഭിനന്ദനങ്ങള്‍..
സ്നേഹത്തോടെ അനുജന്‍ ഷിജു....(ദൊപ്പു

Murali K Menon

ഒരുപാടിഷ്ടായ് അപ്പു. ഓരോ പടങ്ങളും ചില്ലിട്ട് ചുമരില്‍ തൂക്കാന്‍ തോന്നുന്ന തരത്തില്‍ മനോഹരമായിരിക്കുന്നു.
ക്യാമറക്കും, ഛായാഗ്രഹണത്തിനും ഫുള്‍ മാര്‍ക്ക്.
അഭിനന്ദനങ്ങളോടെ,

മറ്റൊരാള്‍ | GG

മയിലാടും കുന്ന് (മുട്ടത്ത് വര്‍ക്കിയുടെയോ മറ്റോ ഒരു നോവല്‍ തലക്കെട്ട് ആണെന്ന് തോന്നുന്നു) സോറി മയിലാടും പാര്‍ക്കില്‍ കേറി കണ്ടു.

സാധാരണ ഇവിടം പടം നിരോധിതമേഖലയായതിനാല്‍ അല്‍ഭുതമെന്ന് പറയട്ടെ, ഈ പേജിലെ എല്ലാ പടങ്ങളും വളരെ വ്യക്തമയി കാണാം. മയിലിന്റെ ഒരു യോഗമേ!!

മയിലുകളുടെ പടങ്ങളൊക്കെ ഇഷ്ടപ്പെട്ടു. ചിലതിനെയൊക്കെ ആദ്യമായിട്ട് കാണുവാ.

പിന്നെ അവസാ‍നത്തെ പടത്തില്‍ കാണുന്ന ഹോമൊ സാപ്പിയന്‍ വിഭാഗത്തില്‍ പെടുന്ന ജീവി ഏതാണ്?
ഈവക പൊതുവെ ശാന്തസ്വഭാവമുള്ളവരാണെങ്കിലും കൂടുതല്‍ അടുത്താല്‍ അപ്പനാകാന്‍ ശ്രമിക്കുമെന്ന്, അതുമായി അടുത്തിടപഴകിയ ആരോ പണ്ട് പറഞ്ഞതായ് ഓര്‍ക്കുന്നു.

yousufpa

ഞാന്‍ ഏകദേശം ഏഴു കൊല്ലക്കാലം മലേഷ്യയില്‍ പലയിടങ്ങളീലായി ഉണ്ടായിരുന്നു.കാണാനാഗ്രഹിച്ചിട്ടും
കാണാന്‍ പറ്റാതെ പോയത് അപ്പൂന്റെ ലോകത്തിലൂടെ കാണാന്‍ കഴിഞ്ഞു.

സന്തോഷം

Unknown

Appu!!!
It is very nice feature.

poor-me/പാവം-ഞാന്‍

njaid

Prasanth Iranikulam

Nice post!!!

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP