Monday, July 7, 2008

പാലക്കാട് കോട്ട - ഫോട്ടോപോസ്റ്റ്

പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് ടിപ്പു സുല്‍ത്താന്റെ കോട്ട എന്നറിയപ്പെടുന്ന പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്.മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരാലിയാണ് 1766 ൽ ഇന്നു കാണുന്ന രീതിയിൽ ഈ കോട്ട പണികഴിപ്പിച്ചത്. ഇന്ത്യയിലെ തന്നെ കോട്ടകളിൽ‌വച്ച് ഏറ്റവും ഭംഗിയായി പരിരക്ഷിക്കപ്പെടുന്ന ഒരു കോട്ടയാണിത്. ഗ്രാനൈറ്റ് കല്ലുകളാൽ പണിതീർത്തിരിക്കുന്നതിനാൽ ഇതിന്റെ കെട്ടുറപ്പിന് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. രക്തരൂക്ഷിതമായ അനേകം യുദ്ധങ്ങൾക്കും, പല വീരകഥകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈ കോട്ട, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സംരക്ഷിക്കുന്നത്.

















ഉയർന്ന മതിൽക്കെട്ടുകളും, അതിനു ചുറ്റിലുമായി വെള്ളം നിറച്ച കിടങ്ങുകളും, കിടങ്ങുകളുടെ മുകളിൽ പ്രധാന വാതിലുകളുമായി ബന്ധിപ്പിക്കുന്ന ഉയർത്താവുന്ന പാലങ്ങളും ഈ കോട്ടയെ അത്യന്തം ബലവത്തുള്ളതും സുരക്ഷിതവുമാക്കുന്നു.


















പാ‍ലക്കാട് കോട്ട പുരാതനകാലം മുതല്‍ക്കേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ ഉള്ളൂ. പാലക്കാട് ഭരണാധികാരിയായിരുന്ന പാലക്കാട് അച്ഛന്‍, സാമൂതിരിയുടെ ഒരു ആശ്രിതനായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിനു മുന്‍പ് സ്വതന്ത്ര ഭരണാധികാരിയായി. 1757-ല്‍ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാന്‍ മൈസൂര്‍ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു“.


പാശ്ചാത്യ സഞ്ചാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയിരുന്ന തുറമുഖങ്ങൾ സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറൻ കടൽത്തീരവും മൈസൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന കോയമ്പത്തൂരും തമ്മിലുള്ള വാർത്താവിനിമയ ബന്ധങ്ങൾ വേഗതയേറിയതാക്കുവാനായാണ് ഹൈദരലി പാലക്കാട് കോട്ട നിർമ്മിച്ചത്. പാലക്കാട് ചുരത്തിനും പടിഞ്ഞാറൻ കടൽത്തീരത്തിനും ഇടയിൽ സ്ഥിതിചെയ്തിരുന്ന അത്യന്തം തന്ത്രപ്രധാനമായ സ്ഥാനമായിരുന്നു പാലക്കാട് കോട്ടയ്ക്കുണ്ടായിരുന്നത്.



















1766 മുതല്‍ 1790 വരെ പാലക്കാട് കോട്ട തുടര്‍ച്ചയായി മൈസൂര്‍ സുല്‍ത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിന്‍ കീഴിലായിരുന്നു. ബ്രിട്ടീഷുകാര്‍ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ല്‍ കേണല്‍ വുഡ് ഹൈദരലിയുടെ കോട്ടകള്‍ ആക്രമിച്ചപ്പോഴാണ്. എങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹൈദര്‍ കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. പതിനൊന്നു ദിവസം നീണ്ട ഒരു ഉപരോധത്തിന്റെ അവസാനം 1784 ൽ ബ്രിട്ടീഷുകാർ ഈ കോട്ട കൈയ്യടക്കി. എങ്കിലും അതിനടുത്ത വര്‍ഷം കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി.



1790-ല്‍ അവസാനമായി ബ്രിട്ടീഷുകാര്‍ കേണല്‍ സ്റ്റുവാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിക്കുവാന്‍ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ട ബ്രിട്ടീഷ് സൈനികസംരക്ഷണത്തിലായിരുന്നു.


















കോട്ടയിലെ വീക്ഷണ ഗോപുരങ്ങളിൽ നിന്നുള്ള കാഴ്ച അത്യന്തം സുന്ദരമാണ്. കോട്ടയ്ക്കുള്ളിലെ പഴയ മന്ദിരങ്ങളിലൊന്നിൽ പാലക്കാട് സ്പെഷ്യൽ സബ് ജയിൽ പ്രവർത്തിക്കുന്നു. കോട്ടയുടെ മദ്ധ്യഭാഗത്തുള്ള തുറസ്സായ സ്ഥലത്ത് രാപ്പാടി എന്ന ഓപ്പൺ എയർ ഓഡിറ്റോറിയം ഉണ്ട്. കോട്ടയ്ക്കുള്ളിലും പുറത്തും ദശകങ്ങൾ പ്രായമുള്ള അനേകം വൻ‌മരങ്ങൾ കാണാം.


















കോട്ടയ്ക്കു പുറത്ത് പ്രവേശന കവാടത്തോടു ചേർന്ന് കുട്ടികൾക്കായുള്ള ഒരു പാർക്ക് പ്രവർത്തിക്കുന്നുണ്ട്. കോട്ടയ്ക്ക് പുറത്തായാണ് പാലക്കാട് കോട്ട മൈതാനം. പുരാതനകാലത്ത് ആനകളേയും കുതിരകളേയും സംരക്ഷിക്കുന്നതിനുള്ള ലായങ്ങൾ ഇവിടെയായിരുന്നു ഉണ്ടായിരുന്നത്. കോട്ടയ്ക്കുള്ളിലായി ഒരു ചെറിയ ഹനുമാൻ ക്ഷേത്രം ഉണ്ട്. (അവിടെ ആരാധന നടക്കുന്ന സമയമായതിനാൽ ഫോട്ടൊയെടുത്തില്ല).


















പഴമയും പ്രൌഢിയും ഒത്തിണങ്ങിയ ഈ കോട്ടയും അതിന്റെ ചുറ്റുവട്ടവും സന്ദർശകരെ പഴയകാലഘട്ടത്തിലേക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ടുപോകുവാൻ പര്യാപ്തമാനെന്നതിൽ സംശയമില്ല.



















ചരിത്രവസ്തുതകള്‍ക്ക് കടപ്പാട് - വിക്കിപീഡിയ



.

23 comments:

അപ്പു ആദ്യാക്ഷരി

ചരിത്രമുറങ്ങുന്ന പാലക്കാട് കോട്ടയെപ്പറ്റി ഒരു പോസ്റ്റ്.

Balu

അപ്പുക്കുട്ടാ,

നല്ല ഫോട്ടോകള്‍. കിടങ്ങില്‍ ഇപ്പോ വെള്ളമൊക്കെയുണ്ടല്ലോ!

അഭിലാഷങ്ങള്‍

അപ്പൂ.. ചിത്രങ്ങള്‍ നന്നായി.

നല്ല ഉഗ്രന്‍ കോട്ട തന്നെ.

വിവരണങ്ങള്‍ക്ക് പ്രത്യേകം നന്ദി.

ഓഫ്: നാട്ടീന്ന് വരുമ്പോള്‍ പിസിയുടെ ഹാര്‍ഡ്‌ ഡിസ്‌ക്ക് മുഴുവന്‍ നാട്ടിലെ ചിത്രങ്ങള്‍ നിറച്ച് വന്നാലേ ഇനി ദുബായില്‍ കാലുകുത്താന്‍ അനുവദിക്കൂ. അല്ലേല്‍ ഈ കണ്ട്രിയില്‍ എന്‍‌ട്രി ബാന്‍ അടിക്കാന്‍ ഞാന്‍ ഷൈക്കിനോട് പറയും. പറഞ്ഞില്ലാന്ന് വേണ്ട.

:-)

ആഗ്നേയ

കൊതിപ്പിക്കുന്ന ചിത്രങ്ങള്‍...ഇനി നാട്ടില്പൊയാല്‍ അവിടെപ്പോയിട്ടുതന്നെ ബാക്കിക്കാര്യം..
നല്ല വിവരണങ്ങളും..

Sharu (Ansha Muneer)

ഫോട്ടോയും വിവരണവും അസ്സലായി. നല്ല പോസ്റ്റ്

പിന്നെ; മഴയുടെ ഫോട്ടൊ ഇല്ലാതെ ഇങ്ങോട്ട് വരേണ്ട. എന്‍ട്രി ബാന്‍ അടിക്കുന്ന ഷേക്കിനെ എനിക്കും പരിചയം ഉണ്ട്. മറക്കേണ്ട

ബഷീർ

good pics

nandakumar

അപ്പു, ഗൃഹാതുരത്വം ഉണര്‍ത്തിയതിനു നന്ദി. നാലു നാലര വര്‍ഷങ്ങള്‍ കോട്ടയും പാലക്കാടു നഗരവും ചേര്‍ന്നതായിരുന്നു എന്റേത്. അതുകൊണ്ട് കൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പഴയ സായാഹ്നങ്ങള്‍ ഓര്‍ത്തുപോയി.
നാലു വര്‍ഷത്തോളമേ ആയിട്ടുള്ളൂ അപ്പു ഇപ്പോള്‍ കാണിച്ച കോട്ടയുടെ പരിസരം ഈ രീതിയില്‍ മനോഹരമായിട്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും പാലക്കാട് ടൂറിസം പ്രൊമോഷണല്‍ കൌണ്‍സിലും പരിശ്രമിച്ചതിന്റെ ഗുണം. അതിനു മുന്‍പ് കാടുപിടിച്ചുകിടക്കുകയും വൃത്തിഹീനവുമായിരുന്നു. ജയിലിലേക്കുള്ള തടവുകാരും പോലീസും അതിനുള്ളീലെ സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരുമായിരുന്നു അവിടത്തെ നിത്യ സന്ദര്‍ശകരും,കോട്ടയുടെ മുഖകവാടത്തുള്ള ക്ഷേത്രത്തിലേക്കുള്ള ഭക്തരും മറ്റും, പിന്നെ വിദൂരങ്ങളില്‍നിന്ന് കോട്ട കാണാനെത്തുന്ന സ്ക്കൂള്‍-കോളേജ് സംഘങ്ങളും. പകലും സന്ധ്യക്കും സാമൂഹ്യവിരുദ്ധരുടേയും താവളമായിരുന്നു. (കോട്ട കാണാന്‍ പോണം എന്നു പറഞ്ഞാല്‍ തദ്ദേശവാസികള്‍ അര്‍ത്ഥഗര്‍ഭമായി ഒന്നു നോക്കും!)
പക്ഷേ നാലു വര്‍ഷത്തിനിപ്പുറം കോട്ട മനോഹരിയായി. കോട്ടക്കു ചുറ്റും ജോഗിങ്ങ് റൌ‍ണ്ട് വന്നു. വിളക്കുമരങ്ങള്‍ വന്നു. പോലീസ് കാവല്‍ വന്നു. (കോട്ടയുടെ മുഖം മിനുക്കിയ ശേഷം രാവിലേയും വൈകീട്ടും ജോഗിങ്ങിന് അമിത ഫീസ് ഏര്‍പ്പെടുത്താനും നീക്കമുണ്ടായി. ജനങ്ങളുടെ പ്രതിക്ഷേധം കൊണ്ട് അത് വേണ്ടാ എന്നു വച്ചു)
കിടങ്ങിലേ ചളിയും മാലിന്യവും കോരി കളഞ്ഞ് ബോട്ടിങ്ങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. കിടങ്ങിലെ ചളിയും മാലിന്യങ്ങളൂം നീക്കം ചെയ്യുമ്പോള്‍ ഒരു പാട് ചരിത്രവസ്തുക്കളും സാമഗ്രികളും ലഭിക്കുകയുണ്ടായി. അതുകൊണ്ട് അത് തല്‍ക്കാലം നിര്‍ത്തിവെച്ചു. ഇപ്പോള്‍ ബോട്ടിങ്ങ് ഉണ്ടോ എന്നറീയില്ല.
കോട്ടക്കുള്ളില്‍ ഒരു ഹനുമാന്‍ ക്ഷേത്രമാണ്. അത് പണ്ട് മുതലേ ഉള്ളതാണ്. അതിന്റെ കഥ കേട്ടിരിക്കുന്നത് ഇപ്രകാരമാണ്. ടിപ്പുവിന്റെ ഒരു പ്രധാന സൈന്യാധിപന്‍ (അതോ മന്ത്രിയോ ആ!) ഹനുമാന്‍ ഭക്തനായിരുന്നു. അദ്ദേഹത്തിന്റെ നിത്യാരാധനക്കു വേണ്ടി പണികഴിപ്പിച്ചതാണ് ക്ഷേത്രം എന്ന്. എത്ര വസ്തുത ഉണ്ടെന്നറിയില്ല. പക്ഷെ സ്ഥലത്തെ ക്ഷേത്ര സമിതി, നാട്ടുകാരടങ്ങുന്ന കമ്മറ്റിയാണ് ഇപ്പോള്‍ ക്ഷേത്രകാര്യങ്ങള്‍ നടത്തുന്നത് ! :-)
കോട്ടക്കു ചുറ്റും ഇപ്പോള്‍ കാണുന്ന (പ്രത്യേകിച്ച് രാപ്പാടി ഓപ്പന്‍ ഓഡിറ്റോറിയത്തിനു ചുറ്റും) പനകള്‍ പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ ഒരു പന വൃക്ഷ പ്രേമി ഒറ്റക്ക് നട്ടുവളര്‍ത്തിയതാണ്. അദ്ദേഹം ഓരോ ദിവസവും ഒരു പാട് പന വിത്തുകള്‍(തൈകളും) കൊണ്ടു വരും കോട്ടക്കു ചുറ്റും കുഴിച്ചിടും. കാ‍ലങ്ങള്‍ കൊണ്ട് കോട്ടയെ പച്ചച്ചേല ചുറ്റിയ സുന്ദരിയാക്കി(അദ്ദേഹത്തെക്കുറിച്ച് മനോരമ ‘ശ്രീ’യില്‍ ഒരിക്കല്‍ എഴുതിയിരുന്നു)
(മമ്മൂട്ടിയുടെ തസ്കരവീരന്‍, ദിലീപിന്റെ ചക്കരമുത്ത് എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങള്‍ കോട്ടക്കു ചുറ്റും ചിത്രീകരിച്ചതാണ്)

കമന്റ് വലുതായിപോയോ അപ്പു. ക്ഷമിച്ചേക്കണേ!എന്തായാലും ചിത്രങ്ങള്‍ കാണിച്ചതിന് നന്ദി.

കുഞ്ഞന്‍

അപ്പു മാഷെ..

അപ്പോള്‍ അപ്പൂട്ടന്‍ നാട്ടില്‍ കറങ്ങി നടക്കാണല്ലെ.

പണ്ട് ഞാനാകോട്ടയില്‍ പോയപ്പോള്‍ ആ കിടങ്ങ് കാട് പിടിച്ച് കിടക്കുകയായിരുന്നു. പക്ഷെ ഇത്തരം കാര്യങ്ങളൊന്നും എനിക്കറിയില്ലായിരുന്നു..നന്ദി മാഷെ

ദിലീപ് വിശ്വനാഥ്

നല്ല പടങ്ങള്‍. വിവരണം വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി അവിടെ പോവണമെന്ന് തോന്നി.

krish | കൃഷ്

അപ്പു, കോട്ട ചിത്രങ്ങള്‍ സുന്ദരമായിരിക്കുന്നു.

ഞാന്‍ പറയാന്‍ കരുതിയ കാര്യങ്ങള്‍ നന്ദകുമാര്‍ പറഞ്ഞല്ലോ. പണ്ട് ഈ കിടങ്ങ് ചെടികള്‍ വളര്‍ന്ന് കാണാന്‍ ഭംഗിയില്ലായിരുന്നു. വൃത്തിയാക്കി വെള്ളം നിറച്ചപ്പോള്‍ നല്ല ഭംഗിയായി. കോട്ടക്ക് ചുറ്റും ഇപ്പോള്‍ ജോഗിംഗ് ട്രാക്ക് ഉണ്ട്. വൈകുന്നേരങ്ങളില്‍ ജോഗിംഗിനായി എത്തുന്നവരുടെ തിരക്കാണ്. ഇപ്രാവശ്യം അവധിക്ക് ഒരു വൈകുന്നേരം കോട്ടയില്‍ പോയിരുന്നു. ഒരു റൌണ്ട് ജോഗിംഗും പിന്നെ ഹനുമാന്‍ ക്ഷേത്രദര്‍ശനവുമായി. ശ്രീരാമനവമി, ഹനുമാന്‍ ഹയന്തി ഉത്സവമായിരുന്നു ആ ദിവസങ്ങളില്‍. പത്ത് ദിവസത്തോളം നീണ്ട സംഗീതകച്ചേരിയും മറ്റും. പക്ഷേ കാമറ കരുതിയിരുന്നില്ല. അതിനാല്‍ ചില കാഴ്ചകള്‍ വിട്ടുപോയി.

മിന്നാമിനുങ്ങുകള്‍ //സജി.!!

മാഷെ നല്ല കലക്കന്‍ ഫോട്ടോസ്.. മൊത്തത്തില്‍ ഒരു ഉണര്‍വ്വ് ഇനി നാട്ടില്‍പ്പോയിട്ട് വേണം കേരളം മൊത്തം ഒന്നൂടെ ചുറ്റിയടിക്കാന്‍..

siva // ശിവ

പാലക്കാട് കോട്ടയുടെ ചിത്രങ്ങളും വിവരണവും ഇഷ്ടമായി...ഒരിക്കല്‍ അവിടെയൊക്കെ പോകണമെന്നുണ്ട്...

സസ്നേഹം,

ശിവ

Unknown

നല്ല യാത്രവിവരണം അപ്പുവേട്ടാ
ഫോട്ടോസും കലക്കി

അപ്പു ആദ്യാക്ഷരി

നന്ദാ, ഈ കമന്റിനു എങ്ങനെ നന്ദി പറഞ്ഞാലാണ് മതിയാവുക! ഈ കമന്റിലൂടെ ഈ പോസ്റ്റിനെ പൂര്‍ണ്ണമാക്കിയതിന് നന്ദി.

സുല്‍ |Sul

അപ്പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
നാട്ടില്‍ പോയി കറക്കം തന്നെയാ പരിപാടി അല്ലിയോ.
പടങ്ങളും വിവരണങ്ങളും ഉഗ്രോഗ്രന്‍.

മനുകുട്ടാ എന്താ അങ്ങോട്ട് തിരിഞ്ഞിരിക്കുന്നേ :)

-സുല്‍

nandakumar

അപ്പൂസ്, നന്ദിയൊന്നും വേണ്ടാട്ടോളീന്‍! നമ്മളേം നമ്മുടെ ബ്ലോഗും ഓര്‍മ്മയുണ്ടായാല്‍ മതി.
ഞാന്‍ മുന്‍പത്തെ കമന്റെഴുതിയപ്പോള്‍ ‘ക്രിഷ്’, ‘പ്രിയ ഉണ്ണികൃഷ്ണന്‍’ എന്നിവരെ ഓര്‍ത്തു. അവര്‍ വന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നും. (വന്നിട്ടും ക്രിഷ് കൂടുതലൊന്നും മിണ്ടീല്ല.കള്ളന്‍! കശ്മലന്‍!!) പോസ്റ്റ് കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്ന ചില കാര്യങ്ങള്‍ എഴുതിയെന്നേ ഉള്ളൂ. ഓര്‍ത്താല്‍ കൂടുതല്‍ കിട്ടുമായിരിക്കും.
കോട്ടയിലേക്കുള്ള പ്രവേശനകവാടത്തിന്റെ(gate)ഒരു ഫോട്ടോയെടുക്കാമായിരുന്നു. കോട്ടയുടെ ശൈലിയില്‍ പണിത, വളരെ വ്യത്യസ്തവും ആകര്‍ഷകവുമായ ഒരു പ്രവേശന കവാടമാണത്.
അപ്പു പാലക്കാടാണെങ്കില്‍ ക്യാമറയുമായി ചുമ്മാ അങ്ങു ഇറങ്ങിയാല്‍ മതി..പ്രത്യേകിച്ച് പാലക്കാടന്‍ ഗ്രാമങ്ങളില്‍. അതിമനോഹരമായ ഒരുപാട് ചിത്രങ്ങള്‍ കിട്ടും.പാലക്കാട്ടെ ഓരോ മുക്കും മൂലയിലും പോയ അനുഭവം കൊണ്ടു പറഞ്ഞതാണ്.
നന്ദി.

നവരുചിയന്‍

അപ്പു മാഷെ ഫോട്ടോസ് മനോഹരം .....കൂടെ വിവരണവും ......
ഈ കോട്ടയുടെ ഫോട്ടോ കാണുമ്പൊള്‍ എന്‍റെ മണ്ടത്തരം ഓര്മ വരും ... ക്യാമറ ആദ്യം കിട്ടിയ സമയം .. അന്ന് ഷട്ടര്‍ സ്പീഡ് exposure സെറ്റിങ്ങ്സ് ഒന്നും നേരെ ചോവെ അറിയില്ല ... പക്ഷെ പടം എടുക്കണം എന്ന ആഗ്രഹം മൂത്ത് പാലകാട് വരുന്നു . അന്ന് ക്യാമറയുടെ exposure മീറ്റര്‍ വര്‍ക്ക് ചെയുന്നില്ല . കോട്ടയുടെ ഒരു 25-30പടം ഓകെ എടുത്തിട്ട് തിരിച്ചു പോയി .വാഷ് ചെയ്തപ്പോള്‍ ഒരെണ്ണം പോലും ഇല്ല ... മൊത്തം ഓവര്‍ exposed .......
:(

ശ്രീ

അപ്പുവേട്ടാ...
കോട്ടയുടെ ചിത്രങ്ങളും വിവരണങ്ങളും നന്നായി ഇഷ്ടപ്പെട്ടു. ആറാമത്തെ ചിത്രത്തിലെ ആ വന്മരം പ്രത്യേകിച്ചും.

പഴമയുടെ പ്രൌഢി എന്നു പറയുന്നത് ഇതാണല്ലേ?
:)

തമനു

നല്ല ഫോട്ടോകളും വിവരണങ്ങളും അപ്പൂസ്..

നാട്ടിലെങ്ങും ഇരിക്കാതെ പാലക്കാട്ടും ഒക്കെ കറങ്ങി നടക്കുവാ അല്ലേ..

:)

ഓടോ : അഭിലാഷേ ആരാ ഈ ഷൈക്ക് ...? ഷൈനിന്റെയോ, ഷൈനിയുടേയോ ആരേലും ആണൊ ..?

Jithendrakumar/ജിതേന്ദ്രകുമാര്‍

വളരെ നല്ല പോസ്റ്റ്‌. ഞാന്‍ പഠിച്ചു വളര്‍ന്ന സ്ഥലം, കോളേജ്‌ (വിക്ടോറിയ) അല്‍പ്പം ദൂരെ ആയിരുന്നെങ്കില്‍ പോലും. നന്ദ കുമാറ്‍ പറഞ്ഞതൊക്കെ നൂറു ശതമാനം ശരിയാണ്‌. ആ പാര്‍ക്ക്‌ ഒക്കെ വന്നിട്ട്‌ മൂന്നോ നാലോ വര്‍ഷങ്ങളെ ആയിട്ടുള്ളു. ഇത്തവണനാട്ടില്‍ ഇരുപതോളം ദിവസമുണ്ടായിരുന്നു. അതില്‍ പതിനഞ്ചോളംദിവസം ഉച്ചഭക്ഷണം പാലക്കാട്‌ നഗരത്തിലായിരുന്നു. ഓരോ യാത്രയുംകോട്ടയെ വലംവെച്ചു കൊണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടോ.. ഇത്തവണ ഒരുതവണ പോലും അങ്ങോട്ടു കയറിയില്ല. പോസ്റ്റ്‌കണ്ടപ്പോള്‍ ആ ദുഖമുണ്ടായി.

ചന്ദ്രകാന്തം

ഈ കോട്ടയെപ്പറ്റി, കേട്ടറിവേ ഉണ്ടായിരുന്നുള്ളു. അപ്പു അതെടുത്ത്‌ കണ്മുന്നിലെത്തിച്ചു തന്നു.
ചരിത്രം ഉണര്‍ന്നുവരുന്ന വരികളുടെ അകമ്പടിയോടെ.
നന്ദി...സന്തോഷം.

മൂര്‍ത്തി

! രണ്ടുമൂന്ന് പോസ്റ്റിനു ചേര്‍ത്താണേ അപ്പൂ..

Unknown

അപ്പൂ
പഴമയും
പ്രൌഡിയും...ഇതൊന്നും കാണാന്‍
പാലക്കാട്ടുകാര്‍ക്ക്
സമയമില്ല..!വല്ലപ്പോഴും
വരുന്ന നിങ്ങളുടെ
കൌതുകം കാണുമ്പോള്‍
സന്തോഷം
.....ആര്‍ക്കെങ്കിലും
പാലക്കാടിനെ
സ്നേഹമുണ്ടല്ലോ...!!!.ഇപ്പോള്‍
ഇവിടെ
അമ്പലം ആരു കാക്കണം എന്നാ
കുത്തും കൊലയും..!!ശിവശിവ
!!!തേവര്‍ക്കും കാവലോ??ഇനിയെത്തുമ്പോള്‍ അമ്പലവും തേവരും അവിടെ കാണുമോ
...എന്തോ?

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP