Thursday, July 17, 2008

വെള്ളത്തിൽ വിരിയുന്ന ചൈനീസ് മുത്ത്

താഴെക്കൊടുത്തിരിക്കുന്ന ഫോട്ടോ ഒന്നു ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ. ഇതെന്താണു സാധനം എന്നറിയാമോ?


















നിങ്ങൾ എവിടെയെങ്കിലും ഇതു കണ്ടിട്ടുണ്ടോ?



















കേരളത്തിലുള്ള ബ്ലോഗർമാരെല്ലാവരും ഇത് ഇതിനോടകം കണ്ടിട്ടുണ്ടാവുമെങ്കിലും വിദേശങ്ങളിലുള്ളവർ കണ്ടിട്ടുണ്ടാവാൻ വഴിയില്ല. ഞാൻ ആദ്യമായി കാണുകയാണ് - അതിനാലാണ് ഒരു പോസ്റ്റിലൂടെ ഇത് പരിചയപ്പെടുത്താം എന്നുകരുതിയത്.

ഇതാണ് കേരളത്തിലങ്ങോളമിങ്ങോളം കുട്ടികളുടെ ഇടയിൽ വളരെ പ്രചാരം നേടിയിട്ടുള്ള ചൈനീസ് കളിപ്പാട്ടമായ, വെള്ളത്തിലിട്ടാൽ വീർക്കുന്ന ചൈനീസ് മുത്ത്.


















പലവർണ്ണങ്ങളിൽ ഇവ ലഭ്യമാണ്. എങ്കിലും കണ്ണുനീർപോലെ തെളിഞ്ഞ കളറില്ലാമുത്താണ് ഏറ്റവും ഭംഗിയായി എനിക്കു തോന്നിയത്. ദേ ഒരു ക്ലോസ് അപ്പ്.


















തൊട്ടാൽ ജെല്ലിപോലെ മൃദുലം. കൈയ്യിലെടുത്താൽ തെന്നിത്തെന്നി നീങ്ങുന്ന രത്നക്കല്ലുകൾ. അമർത്തിയാൽ പൊട്ടിപ്പോകും. പക്ഷേ കാണാനോ, ക്രിസ്റ്റൽ ക്ലിയർ ഗ്ലാസ് പോലെ സുന്ദരം. ഈ അത്ഭുതവസ്തു ഈ രൂപത്തിലെത്തുന്നതെങ്ങനെയെന്ന് കാണാനാണ് പത്തുരൂപ കൊടുത്ത് ഒരോ പായ്ക്കറ്റ് മുത്തുകൾ ഞാൻ ഉണ്ണിമോൾക്കും മനുക്കുട്ടനും കൊടുക്കാനായി വാങ്ങിയത്. പത്തുരൂപയുടെ ഒരു പായ്ക്കറ്റിലെ മുത്തുമണികൾ ദേ ഇതുപോലെയിരിക്കും.


















അവയെ ഒരു ഗ്ലാസിലെ വെള്ളത്തിലേക്ക് ഇട്ടു.


























അതോടെ മുത്തുകൾ പതിയെ കുതിർന്നു വീർക്കുവാൻ തുടങ്ങി. അഞ്ചാറുമണിക്കൂറുകൾക്കു ശേഷം മുത്തുകൾ ഗ്ലാസിൽ നിറയെ ആയിരിക്കുന്നു. ഒരു രാത്രിക്കു ശേഷം ഗ്ലാസിൽ നിറയെ ജെല്ലിപോലെ എന്തോ. തവളമുട്ടയുമായി വളരെ സാമ്യം ഉള്ള ഒരു വസ്തു.

























ഗ്ലാസിലെ വെള്ളം വാർത്തുകളഞ്ഞപ്പോൾ മുത്തുമണികൾ വ്യക്തമായി ദൃശ്യമായിരിക്കുന്നു!


























ഇവയിലെ കളറില്ലാത്ത മുത്തുകൾ വെള്ളം പോലെ തെളിഞ്ഞതാണ്. അതിനാൽ കളറില്ലാത്ത മുത്തുകളെ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് തെളിഞ്ഞ വെള്ളം ഒഴിച്ചാൽ മുത്തുകൾ മുഴുവൻ അപ്രത്യക്ഷമാകുന്ന അതിശയവും കാണാനാവും.





















നിറങ്ങളും, ഒപ്പം കുറേ അതിശയങ്ങളുടെ ചെപ്പുമായി എത്തിയിരിക്കുന്ന ഈ മാന്ത്രികമുത്തുകൾ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഒരു കൌതുകമായി മാറിയിരിക്കുന്നതിന്റെ തെളിവാണ് ഞാൻ സന്ദർശിച്ച മിക്കവാറും വീടുകളിൽ ഈ മുത്തുകൾ ഒരോ കുപ്പികളിലും ബൌളുകളിലുമായി വച്ചിരിക്കുന്നത്. ഒരിക്കൽ കുതിർന്നു വീർത്തുകഴിഞ്ഞാൽ ആഴ്ചകൾക്കു ശേഷവും ഇവയ്ക്ക് യാതൊരു കേടുപാടും സംഭവിക്കുന്നില്ലത്രേ! (എന്തായാലും പിള്ളേര് വായിലിടാതെ സൂക്ഷിക്കണം. കുതിർന്നു വീർക്കുക എന്നാൽ അതിനു പിന്നിൽ എന്തോ ഒരു രാസപ്രവർത്തനം ഉണ്ടെന്നുറപ്പല്ലേ)


ഒരു ജാമ്യാ‍പേക്ഷ: ഈ മുത്തുകളുടെ പത്തിലൊന്നു ഭംഗിപോലും ഈ ഫോട്ടോകളിൽ ദൃശ്യമാക്കാൻ സാധിച്ചിട്ടില്ല എന്ന് ഖേദപുർവ്വം അറിയിക്കട്ടെ.

=====================================

വാൽക്കഷ്ണം:

ദുബായിയിൽ നിന്നും സുല്ല് അയച്ചുതന്ന ഒരു പേപ്പർ കട്ടിംഗ് താഴെക്കൊടുക്കുന്നു. ജൂലൈ 14, 2008 ലെ ദേശാഭിമാനിയിൽ വന്ന ഒരു വാർത്തയാണിത്. ഈ ജെല്ല്ലിന്റെ മുത്തുകൾ കഴിച്ച് കോയമ്പത്തൂരിൽ ഒരു കുട്ടിമരിച്ചതാണ് വാർത്ത. ഏതായാലും കേരളത്തിൽ നിന്നും ഇതുവരെ ഇത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരം തന്നെ.

14 comments:

അപ്പു ആദ്യാക്ഷരി

മുത്തേ മുത്തേ ചൈനീസ് മുത്തേ!

Rajin Kumar

Care somebody told me, it contains some toxic chemical, don't give it to children....

Sharu (Ansha Muneer)

ഹായ്, എന്തു ഭംഗിയാ കാണാന്‍, ഞാന്‍ ഇത് ആദ്യമായിട്ടാ കാണുന്നത്. എന്തായാലും ഈ പോസ്റ്റ് നന്നായി. ഇതൊന്ന് കാണാന്‍ കഴിഞ്ഞല്ലോ. :)

ശ്രീ

അപ്പുവേട്ടാ...
കഴിഞ്ഞയാഴ്ച ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ആണ് ഇത് ആദ്യമായി കാണുന്നത്. ബസ്സില്‍ കൊണ്ടു നടന്നു വില്‍ക്കുന്ന ആളില്‍ നിന്നും ഒരു കൌതുകം തോന്നി, ഒരു പായ്ക്കറ്റ് വാങ്ങിയിരുന്നു.
അത് ഇപ്പോള്‍ ഞങ്ങളുടെ റൂമില്‍ ഒരു കുപ്പിയില്‍ ഇട്ടു വച്ചിട്ടുണ്ട്. കാണാനൊരു പ്രത്യേക ഭംഗിയുണ്ട്.

ഈ ഫോട്ടോസില്‍ ഇങ്ങനെ കാണുമ്പോള്‍ കുറേക്കൂടി നന്നായിരിയ്ക്കുന്നു.
:)

Rasheed Chalil

മനോഹരം... :)

സുല്‍ |Sul

ithu njaan kandittund naattilayirunnappol. vaannganum padam pidikkanumonnum otthilla. ithu kazhicch oru kutti maricchathinte vivaram paperil undayirunnu. ith marakamaya chemicals adanngiyathanathre.

vellatthil kuthirkkunnathinu munpulla cheriya manikal kazhiccha kuttiyude vayattil vacch ava valuthaayi kuttikku maranam sambhavikkukayaayirunnu.

ennattheyum pole nalla paTanngal.

-sul

Ranjith chemmad / ചെമ്മാടൻ

ഫോട്ടോ കണ്ടപ്പോള്‍
എനിക്കും ഒന്ന് വായിലിട്ട് നോക്കാന്‍ തോന്നി
കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ
നല്ല കുറിപ്പ്.

പ്രിയ ഉണ്ണികൃഷ്ണന്‍

ചൈനീസ് മൂത്തിന് നല്ല ഭഗി

അടകോടന്‍

ഫോട്ടോയുടെ കൂടെ അതിന്‍റെ അപകടാവസ്തയേ കുറിച്ചുള്ള കുറിപ്പു കൂടി കൊടുത്ത് പൂര്‍ ണ്ണമാക്കിയത് വളരെ നന്നായി.

ദിലീപ് വിശ്വനാഥ്

ഇതു കൊള്ളാമല്ലോ... ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ആദ്യത്തെ ഫോട്ടൊ കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഒരു വെള്ളത്തുള്ളി വിരലുകള്‍ കൊണ്ട് പിടിച്ചിരിക്കുന്നതുപോലെ തോന്നി.

siva // ശിവ

ഞാനും ഒരു മാസം മുമ്പ് ട്രെയിനില്‍ നിന്ന് ഒരു കച്ചവടക്കാരനില്‍ നിന്ന് ഈ സാധനം വാങ്ങി അറിയാതെ ഫിഷ് ടാങ്കില്‍ ഇട്ടു...

എല്ലാ മീനുകളും ചത്തു പോയി...

തീര്‍ച്ചയായും അതില്‍ എന്തെങ്കിലും വിഷ പദാര്‍ത്ഥം ഉണ്ടായിരിക്കണം...

എന്തായാലും ഈ പോസ്റ്റ് ഇപ്പോള്‍ അനിവാര്യമായിരുന്നു...

സസ്നേഹം,

ശിവ.

കുട്ടിച്ചാത്തന്‍
This comment has been removed by the author.
Sarija NS

ഈ മുത്തുകളുടെ ഭം‌ഗി പറഞ്ഞറിയിക്കാന്‍ പാടാണ്. അത്ര സുന്ദരം. കേരളത്തിണ്ടെ മുക്കിലും മൂലയിലും ഇതു കിട്ടും. ബയൊഗ്രാന്യൂള്‍സ് എന്നാ‍ണ് പേരു. ലക്കിബാം‌മ്പൂ എന്ന ചെടി വളര്‍ത്താനായി ഞാനും ഒരു പായ്ക്കറ്റ് വാങ്ങിയിരുന്നു. ചെടിക്കു പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാതെ ഇതില്‍ വളരുന്നുണ്ട്. പക്ഷെ കെമിക്കല്‍ ആണ് ഈ സാധനം.

ഗൗരിനാഥന്‍

ഞാന്‍ ഇതാദ്യായിട്ടാ കാണുന്നെ...സത്യം നല്ല ചന്തം, എനിക്കും പെരുതിഷ്ടപെട്ടു...

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP