Friday, November 28, 2008

കാഷ്വാല്‍റ്റികള്‍ ആഘോഷമാക്കുന്ന മാധ്യമസംസ്കാരം

ഇന്നലെ ബോംബെയില്‍ നടന്ന ഭീകരാക്രമണദൃശ്യങ്ങള്‍ വാര്‍ത്തകള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ പെട്ടന്നു മനസ്സില്‍തട്ടിയ ഒരു ദൃശ്യം - ഒരു യുവാവ് കൈപ്പത്തിയില്‍ വെടിയേറ്റ് ചോരയൊലിപ്പിച്ച്, അലറിക്കരഞ്ഞുകൊണ്ട് ഓടുന്നു. അതിനു പുറകേ ചേസ് ചെയ്യുന്ന ക്യാമറ, ആരുടേയോ ഒരു കൈമുന്നിലേക്ക് നീണ്ടുചെന്ന് യുവാവിന്റെ തോളില്‍ പിടിച്ച് ബലമായി ആ വെടിയേറ്റ കൈ ക്യാമറയുടെ മുന്നിലേക്ക് പിടിച്ചുവച്ച് ക്ലോസ്‌അപ് കാണിക്കുന്നു! ഒരുപക്ഷേ മത്സരം മുറുകുന്ന ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്കിടയില്‍ നിന്നു മാത്രമേ ഇത്തരം ദൃശ്യങ്ങള്‍ ലൈവായി നമുക്ക് കാണുവാന്‍ സാധിക്കൂ.അപകടങ്ങളും ആഘോഷമാക്കുന്ന മാധ്യമങ്ങള്‍.

അതിനും രണ്ടുദിവസം മുമ്പ് അഭയകേസിനിടെ ആത്മഹത്യചെയ്ത അഗസ്റ്റിന്റെ, കുട്ടിക്കാട്ടില്‍ കിടക്കുന്ന മൃതദേഹം തത്സമയം നമ്മള്‍ ടി.വിയില്‍ കണ്ടതാണ്. യാതൊരു എഡിറ്റിംഗും ഇല്ലാതെ കാട്ടില്‍ അദ്ദേഹം മരിച്ചുകിടക്കുന്നതും, നുരയും പതയും വരുന്ന വായും, മുറിച്ച കൈത്തണ്ടയും, ചോരയില്‍ കുതിര്‍ന്ന പുല്ലും, ചാനലുകള്‍ ക്ലോസപ്പില്‍ തന്നെ കാണിച്ചു! കുട്ടികളും മുതിര്‍ന്നവരും ഒക്കെ ഒന്നിച്ചിരുന്നു കാണുന്ന ന്യൂസ് ചാനലുകളിലാണ് ഈ പ്രവര്‍ത്തി എന്നോര്‍ക്കണം.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്കിടയിലും നാം കണ്ടതാണ് പഴങ്ങള്‍ വെട്ടിപ്പൂളീ ഇട്ടിരിക്കുന്നതുപോലെ മനുഷ്യശരീരം മുറിച്ചിട്ടിരിക്കുന്ന ദൃശ്യങ്ങള്‍! ബന്ധപ്പെട്ടവര്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഈ ടി.വി ചാനലുകള്‍ പോസ്റ്റുമോര്‍ട്ടങ്ങള്‍ പോലും ലൈവായി കാണിക്കുവാന്‍ മടിക്കുമായിരുന്നില്ല എന്നതിന് ഒരു സംശയവും വേണ്ട.

തൃശൂര്‍ പ്രസ്‌ക്ലബില്‍ വച്ച എം.എന്‍. വിജയന്‍ മാഷ് കുഴഞ്ഞുവീണ് മരിക്കുന്നതും ലൈവായി കാണുവാന്‍ മലയാളികള്‍ക്ക് ചാനലുകള്‍ അവസരമൊരുക്കിയത് മറക്കാറായിട്ടില്ല. നമ്മൂടെ നാട്ടിലെ ദൃശ്യമാധ്യമങ്ങള്‍ക്ക് വ്യക്തമായ പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടാക്കുവാനുള്ള കാലം എന്നേ അതിക്രമിച്ചു. പ്രേക്ഷരില്‍ എന്തൊക്കെ ദൃശ്യങ്ങള്‍ എത്തിക്കാം, എന്തൊക്കെ എത്തിക്കരുത് എന്നതില്‍ ലോകത്തെ പ്രമുഖ വാര്‍ത്താമാധ്യമങ്ങള്‍ക്കൊക്കെയും വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട് എന്നത് ബിബിസി, സി.എന്‍.എന്‍ തുടങ്ങിയവയുടെ ന്യൂസ് ബുള്ളറ്റിനുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഒരു ഫോട്ടോയേക്കാള്‍ അതുകാണുന്നവരുടെ മനസ്സില്‍ വലിയ പ്രതികരണങ്ങള്‍ / ഇം‌പാക്റ്റ് ഉണ്ടാക്കുന്നവയാണ് വീ‍ഡിയോ ചീത്രങ്ങള്‍.

കൊച്ചുകുട്ടികളുടെ മനസിനെ ഇങ്ങനെയുള്ള ദൃശ്യങ്ങള്‍ എങ്ങനെയാണ് ബാധിക്കുക എന്ന് ആരും ചിന്തിക്കുന്നുപോലുമില്ല. മുതിര്‍ന്നവരിലും ഇതൊക്കെ പച്ചയ്ക്കുപച്ച കാണുവാന്‍ താല്പര്യമില്ലാ‍ത്തവരുണ്ട്. ഇന്റര്‍നെറ്റില്‍ വെബ് പേജുകളില്‍ പോലും ഗ്രാഫിക്കല്‍ ഇമേജുകള്‍ ഡിസ്പേയില്‍ വരുന്നതിനു മുമ്പ് ഒരു വാണിഗ് മെസേജ് നല്‍കാറുണ്ട്. കുറഞ്ഞത് അത്രയ്ക്കുള്ളൊരു വാണിംഗ് എങ്കിലും നല്‍കുവാന്‍ നമ്മുടെ ചാനലുകള്‍ തയ്യാറാവണം.കുറേവര്‍ഷങ്ങള്‍ക്ക് മുമ്പ് തനിനിറം എന്നപേരില്‍ ഒരു മലായാളപത്രം ഉണ്ടായിരുന്നു, തൂങ്ങിമരിച്ചവരുടെ ചിത്രങ്ങളും (തൂങ്ങിനില്‍ക്കുന്ന നിലയില്‍) റെയില്‍‌വേ ട്രാക്കില്‍ അരഞ്ഞു കിടക്കുന്ന മൃതദേഹങ്ങളും മറ്റുമായിരുന്നു അവരുടെ ഫ്രണ്ട് പേജ് ചിത്രങ്ങള്‍.

ദുഃഖിച്ചിരിക്കുന്നവരോടും പൊട്ടിക്കരയുന്നവരോടും വിചിത്രചോദ്യങ്ങളുമായി ഇന്റര്‍വ്യൂ നടത്തുക, ശവശരീരങ്ങള്‍ ക്യാമറകൊണ്ട് “ഉഴിയുക” തുടങ്ങിയ മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരവിനോദങ്ങളും ചാനലുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പത്രസ്വാതന്ത്ര്യം എന്നത് എന്തും ഏതും ഫോട്ടോയിലൂടെയും വീഡീയോയിലൂടെയും കാണിക്കുവാനുള്ള ലൈസന്‍സായി എടുക്കാതെയിരിക്കുവാനുള്ള വിവേകം ഈ മാധ്യമങ്ങള്‍ക്കുണ്ടായെങ്കില്‍.

17 comments:

അപ്പു ആദ്യാക്ഷരി

“ഒരു യുവാവ് കൈപ്പത്തിയില്‍ വെടിയേറ്റ് ചോരയൊലിപ്പിച്ച്, അലറിക്കരഞ്ഞുകൊണ്ട് ഓടുന്നു. അതിനു പുറകേ ചേസ് ചെയ്യുന്ന ക്യാമറ, ആരുടേയോ ഒരു കൈമുന്നിലേക്ക് നീണ്ടുചെന്ന് യുവാവിന്റെ തോളില്‍ പിടിച്ച് ബലമായി ആ വെടിയേറ്റ കൈ ക്യാമറയുടെ മുന്നിലേക്ക് ബലമായി പിടിച്ചുവച്ച് കാണിക്കുന്നു! - നമൂടെ നാട്ടിലെ വിചിത്രമാധ്യമങ്ങള്‍

krish | കൃഷ്

ഇതാണ് മാധ്യമസംസ്കാരം. അല്പം പോലും സംസ്കാരമില്ലാത്ത വര്‍ഗ്ഗം. അവരാണല്ലോ ഇന്നത്തെ സമൂഹത്തിനു സംസ്കാരം കല്‍പ്പിച്ച് നല്‍കുന്നവര്‍. മരണവേദനയിലും കച്ചവടം കണ്ടെത്തുന്നവര്‍. എന്നിട്ട് എക്സ്ക്ലൂസീവ് എന്നും പറഞ്ഞുകള്യും.
കഷ്ടം.

അരുണ്‍ കരിമുട്ടം

ശരിയാണ്.മാധ്യമ സംസ്ക്കാരം വളരെ അധികം അധപതിച്ചു

ശ്രീ

ചാനലുകാര്‍ക്ക് ചൂടോടെ വാര്‍ത്തകള്‍ കിട്ടിയാല്‍ മതിയല്ലോ. കഷ്ടം!

ശ്രീനാഥ്‌ | അഹം

സത്യമാണ്‌. ഞാനും ഇത്‌ പലപ്പോഴും അലോജിച്ചിട്ടുള്ളതാണ്‌. പക്ഷേ ഈ ചോദ്യം മാധ്യമ പ്രവരത്തകരോട്‌ ചോദിച്ചാല്‍ അവര്‍ പറയും, മീഡിയ സത്യത്തിന്റെ കണ്ണാടിയാണ്‌, അവിടെ മറവുകളില്ലാ എന്ന്.

എനിക്ക്‌ തോനുന്നു, പേഴ്സണല്‍ പബ്ലിസിറ്റി ക്ക്‌ വേണ്ടി പരക്കം പായുന്നവര്‍, മുന്നില്‍ അപകടത്തില്‍ പെട്ട്‌ കിടക്കുന്നവരെ ഒരു കയ്‌ കൊടുത്ത്‌ സഹായിക്കുകയല്ല, മറിച്ച്‌ ക്യാമറയില്‍ ഒപ്പിയെടുത്ത്‌ "ലൈവാ"ക്കുകയാണ്‌.

പ്രേക്ഷകരെയും പറയാതെ വയ്യ. ഇത്തരം വള്‍ഗാരിറ്റി ഒരു "കിക്ക്‌" കിട്ടുന്ന സുഖത്തോടെ കാണുന്നു... "ആ ചാനലില്‍ ആന ചവിട്ടി കൊല്ലുന്ന സീന്‍ ഉണ്ട്‌... ഒരാളെ വെട്ടുന്ന സീന്‍ ഉണ്ട്‌..."

കൊച്ച്‌ കുട്ടികള്‍ കണ്ട്‌ വളരട്ടേ ന്നേയ്‌... സ്കൂള്‍ പഠനം കഴിയുമ്പോഴേക്കും എന്തിനും ഏതിനും വാളോ, തോക്കോ എടുക്കുന്ന മിടുക്കമ്മാരേ വാര്‍ത്തെടുക്കാം.

krish | കൃഷ്

ദേ, ചില ചാനലുകളില്‍ പുതിയ (പഴയ) ആഘോഷം തുടങ്ങിയിരിക്കുന്നു.

ഇത്ര നേരവും ഭീകരാക്രമണത്തില്‍ മരണമടഞ്ഞ എല്ലാവരുടേയും ലിസ്റ്റ് കിട്ടിയില്ല, കിട്ടിയില്ല് എന്നു പറഞ്ഞ ടി.വി. ചാനലുകാര്‍, ഇപ്പോള്‍ മരണമടഞ്ഞ ചില ആള്‍ക്കാരുടെ വീട്ടില്‍ ചെന്ന് സ്ത്രീകളുടെ കരച്ചിലും വിലാപവും ലൈവായി കാണിക്കുന്നു. നിറയെ പേര്‍ മരണമടഞ്ഞതുകാരണം എല്ലാ ചാനലുകാര്‍ക്കും ഈ ലൈവ് വിലാപം എക്സ്ക്ലൂസീവായി കാണിക്കാന്‍ അവസരം കിട്ടുമായിരിക്കും.
വിലാപത്തെ വിറ്റ് കാശാക്കുന്നവര്‍!!!

സന്തോഷ്‌ കോറോത്ത്

kashtam!!!

krish | കൃഷ്

ഒരു എന്‍.എസ്.ജി.മേജര്‍ അടക്കം 3 മലയാളികളുടെ ജീവന്‍ പൊലിഞ്ഞത് കേരളത്തിലെ ചാനലുകാര്‍ക്ക് “ആഘോഷിക്കാന്‍“ അവസരമായി.
ഇപ്പോള്‍ അവരുടെ വീട്ടിലും ബന്ധുവീട്ടിലും തമ്പടിച്ചിരിക്കയാണല്ലോ അവര്‍.
കഷ്ടം!!

Bindhu Unny

മനസാക്ഷിയില്ലാതെ ദൃശ്യങ്ങള്‍ കാണിച്ചത് തീവ്രവാദികള്‍ക്ക് സഹായമായി എന്നു കൂടി ആവുമ്പൊഴോ? :-(

ജോണ്‍ജാഫര്‍ജനാ::J3

വിട്ടുകള അപ്പൂ, അവര്‍ക്കിപ്പോഴല്ലേ ആഘോഷിക്കാന്‍ പറ്റൂ!
ശവങ്ങളില്ലെങ്കില്‍ കഴുകനെന്ത് ആഘോഷം?
അവര്‍ കൊത്തി വലിക്കട്ടെ വീണുകിടക്കുന്നോന്റെ ഓരോ തുള്ളീ ചോരയും വലിച്ചു കുടിക്കട്ടെ, നമ്മള്‍ ആ വിഡ്ഡിപ്പെട്ടി തുറന്ന് വെച്ചിട്ടല്ലേ നമ്മുടെ സ്വീകരണമുറിയില്‍ കൊണ്ടുവന്ന് ഛര്‍ദ്ദിക്കുന്നത്, ഓഫ് ചെയ്യൂ അത്തരം കഴുകന്‍‌കാമെറക്കണ്ണന്മാരെ,
കാണാന്‍ മറ്റെന്തെല്ലാമുണ്ട്?
ഇവര്‍ നന്നാവില്ല, ഒരിക്കലും നന്നാവില്ല:(

CasaBianca

:(

naakila

സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല എന്ന കഥ ഓര്‍മ വന്നു
ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്, നമ്മുടെയെല്ലാം സാഡിസ്റ്റ് മനസ്സ് ഇതെല്ലാം നമ്മളറിയാതെ കാണാന്‍ ആഗ്രഹിക്കുന്നു എന്നത്.
ഗുരുവായൂരില്‍ അമ്പലക്കുളത്തില്‍ ഒരാളെ മുക്കിക്കൊല്ലുന്നത് ലൈവായി കണ്ട് കണ്ണും കരളും കുളിര്‍ന്നവരല്ലേ നമ്മള്‍!!!

മുസാഫിര്‍

പതിവ് പോലെ മനോരമ തന്നെയായിരുന്നു മുന്നില്‍.പക്ഷെ പതിവില്ലാത്ത വിധം അധികം പരസ്യങ്ങള്‍ ഒന്നും കണ്ടില്ലല്ലോ.

മൂര്‍ത്തി

പ്രസക്തം.

സഞ്ചാരി @ സ്വര്‍ഗ്ഗീയം

മനുഷ്യത്വവും മനസാക്ഷിയും മരവിപ്പിക്കാനാഗ്രഹിക്കുന്ന മലയാളമണ്ണിലെ 'മനുഷ്യര്‍ക്കായ്‌' മാത്സര്യബുദ്ധിയോടെ മാധ്യമസംസ്കാരം 'മുന്നോട്ട്‌...'

സഞ്ചാരി @ സഞ്ചാരി

"Welcome to the age of celebrity terrorism.

The invitation to the world's D-list malcontents reads as follows: No matter how corrupt your moral sense, how contorted your view of the world, how vapid and inarticulate your ideas, how talentless you are and how exaggerated your grievance, an obsessive audience will watch your every move and turn you into what you most want to be, just before your death."

From BBC NEWS

smitha adharsh

കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..!
മനുഷ്യന്റെ സംസ്കാരം അധ:പതിക്കല്‍ ഇങ്ങനെയും..

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP