Wednesday, April 1, 2009

ബ്രേക്കിംഗ് ന്യൂസ് - പുലിയിറങ്ങി

ഞാന്‍ ജീവിതത്തിലാദ്യമായി ഒരു ടി.വി വാര്‍ത്തകാണുന്നത് 1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കേരളം സന്ദര്‍ശിച്ച അവസരത്തിലാണ്. അന്നു ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. വീട്ടില്‍ നിന്ന് അല്പം ദൂരെയുള്ള പാപ്പാടിക്കോയിക്കല്‍ എന്ന വീട്ടില്‍ അന്ന് ടി.വി യുണ്ട് - അതും കളര്‍ ടി.വി! ഞങ്ങളുടെ ഗ്രാമത്തില്‍ ആദ്യമായി ഒരു വീട്ടില്‍ ടി.വി. വാങ്ങിയതും അവിടെയാണെന്ന് തോന്നുന്നു. ദൂര്‍ദര്‍ശനിലെ കണ്ണനും ഹേമലതയും ചേര്‍ന്ന് ആ വാര്‍ത്ത അവതരിപ്പിച്ചത് ഇപ്പോഴും ഞാന്‍ നന്നായി ഓര്‍ക്കുന്നു.

ഞങ്ങളുടെ ഒരു അയല്‍വീട്ടില്‍ ടി.വി എത്താന്‍ പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞു; കുട്ടപ്പക്കുറുപ്പ് സാറിന്റെ വീട്ടില്‍. അന്നൊക്കെ ആകെ ഒരു ചാനലേ ഉള്ളൂ. ദൂരദര്‍ശന്റെ മലയാള പ്രക്ഷേപണം വൈകിട്ട് അഞ്ചുമുതല്‍ രാത്രി 8:30 വരെ. ശനിയാഴ്ച വൈകുന്നേരങ്ങളില്‍ ആ വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറയും, സിനിമ കാണാന്‍. വീട്ടുകാരെല്ലാം മിക്കവാറും പുറത്തും! അതുപോലെ ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്കും ഇതുപോലെ തിരക്കോടു തിരക്ക്. രാമായണം കാണുവാനായി പരിസരത്തുള്ള വീടുകളില്‍ നിന്ന് ആബാലവൃദ്ധം ജനങ്ങള്‍ അങ്ങോട്ടൊഴുകയായി! പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഡിഗ്രിക്ക് അവസാന വര്‍ഷം പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ വീട്ടില്‍ ഒരു ടി.വി വാങ്ങിയത്.

ഇന്ന് കേരളത്തിലെ എല്ലാ വീട്ടിലും ടി.വി വന്നു. പത്തും പതിനഞ്ചും മീറ്റര്‍ ഉയരത്തില്‍ വീടുകള്‍ക്കുമുയരത്തില്‍ നിന്നിരുന്ന ടെറസ്ട്രിയല്‍ ആന്റിനകള്‍ അപ്രത്യക്ഷമായി, ഡിഷ് വന്നു. ഇപ്പോള്‍ എല്ലായിടത്തും കേബിള്‍ ടി.വിയുമായി. മലയാളത്തില്‍ മാത്രം ചാനലുകള്‍ പത്തിനുമുകളില്‍. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലെ സാങ്കേതികത്തികവിനേക്കാള്‍ ടി.വി പ്രോഗ്രാമുകളിലും ടെക്നോളജിയിലും വന്‍ പുരോഗതിതന്നെ നമ്മുടെ ചാനലുകള്‍ക്കും ടി.വി കള്‍ക്കും ഉണ്ടായി എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ നമ്മുടെ ന്യൂസ് ചാനലുകളുടെ പ്രവര്‍ത്തന സംസ്കാരത്തില്‍ ഈ ഉന്നമനം കാണുന്നില്ല എന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് പറയേണ്ടിയിരിക്കുന്നു.

ചാനലുകള്‍ തമ്മിലുള്ള പരസ്പര മത്സരം, ഒരാളെക്കാള്‍ മുമ്പില്‍ ഒരു വാര്‍ത്ത ജനങ്ങളിലേക്ക് (?) എത്തിക്കുവാനുള്ള ത്വര, വാര്‍ത്തകള്‍ക്കുള്ളില്‍ ചികഞ്ഞുപെറുക്കി സെന്‍സേഷനല്‍ ന്യൂസുകള്‍ കണ്ടെത്താനുള്ള ആക്രാന്തം ഇതൊക്കെയാണ് ഇന്നു നമ്മുടെ വാര്‍ത്താ ചാനലുകളില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരായ ജേര്‍ണലിസ്റ്റുകള്‍ക്കുള്ളതെന്ന് പറയാതിരിക്കാനാവുന്നില്ല. ഒപ്പം ജേര്‍ണലിസ്റ്റായതിനാല്‍ പരിധികളില്ലാത്ത സ്വാതന്ത്ര്യമുണ്ടെന്ന വിശ്വാസവും! അതിനായി അവര്‍ എന്തും ചെയ്യും, എന്തും ചോദിക്കും, എവിടെയും കൈകടത്തും. ആവശ്യക്കാരന് ഔചിത്യം വേണ്ട എന്നാണല്ലോ പ്രമാണം.


ഇത്രയും എഴുതാന്‍ കാരണം മിനിഞ്ഞാന്ന് ഏഴെട്ടുമണിക്കൂറോളം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍ മുനയില്‍ നിര്‍ത്താന്‍ ഇടയാക്കിയ ഭീകരാക്രമണ ഭീ‍ഷണിയെ നമ്മുടെ ചാനലുകള്‍ ഒരു വന്‍ ആഘോഷമാക്കി മാറ്റിയതുകണ്ടതുകൊണ്ടാണ്. ഇതിനു മുമ്പും ഇതേ വിഷയത്തില്‍ ഈ ബ്ലോഗില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ എഴുതുന്നില്ല. ഒരു ചാനല്‍ ബ്രേക്കിംഗ് ന്യൂസായി പുലികള്‍ കേരളത്തില്‍ ഇറങ്ങിയതായി സംശയം പ്രകടീപ്പിച്ചപ്പോള്‍, മറ്റൊരുകൂട്ടര്‍ പുലി ഇറങ്ങിയെന്നു തന്നെ വിധിയെഴുതി. ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിക്കഴിയുമ്പോള്‍ പോലീസും, കമാന്റോകളും, മറ്റു സെക്യൂരിറ്റ് ഡിപ്പാര്‍ട്ട്മെന്റുകളും അതന്വേഷിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നത് സ്വാഭാവികമായി ലോകത്തെവിടെയും ചെയ്യപ്പെടുന്ന അവരുടെ ഡ്യൂട്ടിയാണ്. അവരുടെ പുറകേ ക്യാമറയുമായി ഓടി നടന്ന് കണ്ണില്‍ കണ്ടതെല്ലാം ക്യാമറയിലാക്കി ലൈവായി വീടുകളിലെത്തിക്കുന്ന പ്രവണതയാണ് എതിര്‍ക്കപ്പെടേണ്ടത്. കൂട്ടത്തില്‍ ന്യൂസ് ഡെസ്കില്‍ നിന്നുള്ള വിഢിച്ചോദ്യങ്ങളും, മണീക്കൂറുകള്‍ നീളുന്ന അര്‍ത്ഥമില്ലാത്ത ചര്‍ച്ചകളും.

ബോംബെ ഭീകരാക്രമണവേളയില്‍ ടി.വി ചാനലുകള്‍ ഈ രീതിയില്‍ പ്രതികരിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതാണ്. എന്നിട്ടും ഇക്കൂട്ടര്‍ പഠിക്കുകയില്ലെന്നു വച്ചാല്‍ വലിയ കഷ്ടംതന്നെ. ജനാധിപത്യവ്യവസ്ഥിതിയുടെ കാവല്‍ക്കാരില്‍ ഒരാളാകേണ്ട മാധ്യമക്കൂട്ടം, ജനങ്ങളെ ഭീതിയിലാക്കുന്ന രീതിയിലും, രാജ്യസുരക്ഷയെത്തന്നെ അപകടപ്പെടുത്തുന്ന രീതിയിലും പ്രതികരിച്ചാല്‍ അതിനു തടയിടേണ്ടത് നിയമമുണ്ടാക്കേണ്ട ജനപ്രതിനിധികള്‍ തന്നെ.

വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കേണ്ടത് അത്യാവശ്യം തന്നെ. പക്ഷേ അതിനും ഒരു സംസ്കാരം വേണം, പെരുമാറ്റച്ചട്ടങ്ങള്‍ വേണം. ഇടംവലം നോക്കാതെ കാടടച്ചു വെടിവയ്ക്കുന്നതിലും കാളപെറ്റു എന്നുകേള്‍ക്കുമ്പോള്‍ കയറെടുക്കുന്നതിലുമല്ല കാര്യം, യാഥാര്‍ത്ഥ്യബോധത്തോടെ, ഉത്തരവാദിത്തത്തോടെ സ്ഥിതിഗതികള്‍ പഠിച്ച് നല്ലരീതിയില്‍ ഒരു ന്യൂസ് അവതരിപ്പിക്കുന്നതാണ് ഒരു ന്യൂസ് ചാനല്‍ ചെയ്യേണ്ടത്. റേഡിയോയില്‍ ഒരു വാര്‍ത്ത കേള്‍ക്കുന്നതും, ടി.വിയില്‍ ഒരു വാര്‍ത്ത കാണുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ അവസരത്തില്‍ ആകാശവാണിയുടെയും, ദൂരദര്‍ശന്റെയും പണ്ടത്തെ വാര്‍ത്തകള്‍ ഓര്‍ത്തുപോകുന്നു. വെറും നോസ്റ്റാള്‍ജിക് ഓര്‍മ്മയല്ല. കാര്യമാത്രപ്രസക്തങ്ങളായിരുന്നു അവ, അതുകൊണ്ടുതന്നെ.

**********************

ഏഴുമണിക്കൂറിനുശേഷം: ബ്രേക്കിംഗ് ന്യൂസ്

സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് തൈക്കല്‍ സണ്ണി എന്നയാളുടേതാണെന്ന് സ്ഥിരീകരിച്ചു. വലിയ ഒരു ബോട്ടില്‍ നിന്ന് ഡീസല്‍ ക്യാനുകളും മത്സ്യബന്ധന ഉപകരണങ്ങളും ചെറിയ ഒരു ബോട്ടിലേക്ക് മാറ്റിയാതാണ് സംശയത്തിനിടയാക്കിയത് !! ശുഭം!

ഇനി അടുത്ത സെന്‍സേഷനല്‍ വാര്‍ത്ത തേടി അവര്‍ യാത്രയാകുന്നു!

18 comments:

അപ്പു ആദ്യാക്ഷരി

വാര്‍ത്താചാനലുകളുടെ ന്യൂസ് അന്വേഷണ ആക്രാന്തങ്ങള്‍ കണ്ടു കണ്ട് മടുത്തു.

ശ്രീ

സത്യത്തില്‍ അങ്ങനെ ഒരു ന്യൂസ് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ചാനലുകാരെ പറഞ്ഞിട്ട് കാര്യമില്ല. അപ്പുവേട്ടന്‍ തന്നെ സൂചിപ്പിച്ചതു പോലെ പത്തു പതിനഞ്ച് മലയാളം ചാനലുകള്‍ തന്നെ ഇന്ന് നിലവിലുണ്ട്. ഇതു പോരാതെ മറ്റനേകം അന്യഭാഷാ ചാനലുകളും. അപ്പോള്‍ ഇത്രയും ചാനലുകളോട് മത്സരിച്ച് അവരവരുടെ ചാനലിനു മുന്‍‌പില്‍ ആളുകളെ പിടിച്ചിരുത്താന്‍ ഇവര്‍ എന്തും ചെയ്യും.

അനില്‍@ബ്ലോഗ് // anil

എന്തു ചെയ്യാനാ മാഷെ അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, വിഷയങ്ങള്‍ വേണ്ടെ.

മാഹിഷ്മതി

മുബൈ ഭീകരാക്രമണം അമർച്ച ചെയ്യുന്നതിനിടെ കമാന്റോ ഓപ്പറേഷനിൽ ഇത്രയധികം ആപത്ത് വരാൻ കാരണം ഈ മദ്യമ പ്രവർത്തകരുടെ ആക്രാന്തമാണ്...രാജ്യത്തോടുള്ള കടമയെങ്കിലും ഓർക്കാമായിരുന്നു ഈ അവസരത്തിൽ

Unknown

വിഷയങ്ങള്‍ ഉണ്ടാക്കി അതൊരു ന്യൂസ് ആക്കുന്നതാ ഇപ്പോഴത്തേ തന്ത്രം ലോകത്തോട്ടുക്ക് നടക്കുന്ന ഒരു പരിപാടി ആണത്. സത്യത്തില്‍ ഈ വാര്‍ത്തകള്‍ ഉണ്ടാക്കുകയും അത് സെന്സേഷ൯ ആക്കുകയും ചെയ്യുന്ന തിരക്കില്‍ ശരിയായ വാര്‍ത്തകള്‍ കാണാതെ പോകുന്നു.

siva // ശിവ

ഇത് നമ്മുടെ പുതിയ സംസ്ക്കാ‍രം....

ശിശു

പുതിയപുതിയ രീതികള്‍,ശൈലികള്‍.. അതിജീവനത്തിന്റെ പുതിയ തന്ത്രങ്ങള്‍.ഇതിന് ആസുരകാല നിഘണ്ടുവില്‍ മാധ്യമസംസ്കാരം എന്ന ചെല്ലപ്പേര്‍.. നാം ഇനിയും പലതും കാണാന്‍ ബാക്കി. അനുഭവിക്കാന്‍ ബാക്കി. അത്രപെട്ടെന്നൊന്നും എടുക്കൂല..ഒക്കെ കഴിഞ്ഞ് അതിയാന് നന്നായി ബോധിച്ചാ വിസ വരും..അതുവരെ അനുഭവി..മച്ചാ അനുഭവി.

sHihab mOgraL

വളരെ ശരിയാണ് അപ്പൂ..
മടുത്തു പോയി!
കുട്ടിയായിരിക്കുമ്പോള്‍, രാതിയില്‍ ഞങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്ന് റേഡിയോയിലേക്ക് കാതു കൂര്‍പ്പിച്ചിരിക്കുന്ന ഒരു കാലം.. നാടകോത്സവമുണ്ടാവുമ്പോള്‍ പ്രത്യേകിച്ചും...
(ആ അനുഭവങ്ങള്‍ ജീവിതത്തെ, ഭാഷയെ, സ്വഭാവത്തെ ഒക്കെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്നുറച്ചു വിശ്വസിക്കുന്നു ഞാന്‍. ഇന്നത്തെ കുട്ടികള്‍ക്കെന്തു കിട്ടും..)
അതൊക്കെ മതിയായിരുന്നു എന്നു തോന്നിപ്പോവുകയാണ്. ഇപ്പോള്‍ അവിടെയും നിറഞ്ഞില്ലേ വെറും പഞ്ചാര ബഡായികള്‍!

ഗുപ്തന്‍

സ്പോര്‍ട്ട്സ് /സാംസ്കാരികം അല്ലാതെ യാതൊന്നും ലൈവ് ആയി ടെലക്കാസ്റ്റ് ചെയ്യരുതെന്ന് നിയമം കൊണ്ടുവരണം. കാഴ്ചകള്‍ ഒരു 12 മണിക്കൂര്‍ കഴിഞ്ഞിട്ട് കണ്ടാലെന്ത് കൊയപ്പം ?

ജിജ സുബ്രഹ്മണ്യൻ

എന്തു ചെയ്യാനാ.എത്ര പറഞ്ഞാലും പ്രതിഷേധിച്ചാലും ഇവർക്ക് പുല്ലുവില!

സാജന്‍| SAJAN

ഹ ഹ:)
മലയാളം ചാനെല്‍ കാണതിരുന്നാ ലോകം അവസാനിച്ചു പോവുകയൊന്നും ഇല്ല അപ്പൂ
എന്നെ കണ്ടു പഠിക്കൂ:)
നാളേ ഡിഷ് വെക്കില്ലാ എന്നൊന്നും പറയുന്നില്ല
പക്ഷേ കഴിഞ്ഞ 7 വര്‍ഷമായി ഞാന്‍ മലയാളാം ടീവി കാണാറില്ല(ഫ്രണ്ട്സിന്റെ വീട്ടിലോ, നാട്ടിലോ ചെല്ലുമ്പോ യാദൃശ്ചികമായി കാണുന്നതൊഴിച്ച്)

Bindhu Unny

നിലനില്പ് പ്രശ്നമാവുമ്പോള്‍ എന്തും ചെയ്യും. അതിന്റെ പരിണതഫലങ്ങള്‍ ആലോചിക്കാതെ. കാണാന്‍ ആളുകളുമുണ്ടല്ലോ.

Unknown

പരോക്ഷമായെങ്കിലും ഇത്തരം കാര്യങ്ങളില്‍ ലൈവ് ടെലികാസ്റ്റ് നടത്തുന്നത് തീവ്രവാദികളുടെ കൂടെ ചേര്‍ന്ന് മാധ്യമങ്ങളും രാജ്യദ്രോഹം തന്നെയാണ് ചെയ്യുന്നത് .കള്ളനു കഞ്ഞി കൊടുക്കുന്നവന്‍ .
A WEDNES DAY എന്ന ചിത്രത്തില്‍ ഇത് എങ്ങിനെ ദുരുപയോഗം ചെയ്യുന്നു എന്ന് നസ്സരുദീന്‍ ഷാ നമ്മളെ കാണിച്ചു തരുന്നുണ്ട് .

Typist | എഴുത്തുകാരി

പണ്ട് ഞാനും പോയിട്ടുണ്ട് രാമായണം കാണാന്‍.

അപ്പു പറഞ്ഞതു വളരെ ശരിയാണ്. ചാനലുകാര്‍ എല്ലാം ആഘോഷമായി മാറ്റുകയാണ്,ഒരു ദുരന്തമാണെങ്കില്‍ പോലും. എനിക്കു പലപ്പോഴും തോന്നാറുള്ളതാണ്, എന്തിനാണീ ചാനലുകാരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്കു് മറുപടി പറയാന്‍ നില്‍ക്കുന്നതെന്നു്. ചില ചോദ്യങ്ങള്‍‍ കേട്ടാല്‍ നമുക്കു തന്നെ ദേഷ്യം വരും. എന്നിട്ടും അതിനു മറുപടി പറയാന്‍ തയ്യാറായി സ്റ്റുഡിയോയിലും പുറത്തുമായി എത്ര പേര്‍, പലരും സ്ഥിരക്കാരുമാണ്.

Appu Adyakshari

ഈ പോസ്റ്റ് വാ‍യിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത ശ്രീ, കുഞ്ഞന്‍, അനില്‍, മാഹിഷ്മതി, പുള്ളിപ്പുലി, ശിശു, ഷിഹാബ്, ഗുപ്തന്‍, കാന്താരിക്കുട്ടി, സാജന്‍, ബിന്ദു,സജിതോമസ്, എഴുത്തുകാരി, എല്ലാവര്ക്കും നന്ദി.

ജയതി-jayathy

അപ്പൂ അല്പം താമസ്സിച്ചു എത്താൻ
എങ്കിലും പറയാതെ വയ്യ. ഇത് ഇത്രയധികം ഉത്സവമാക്കിയത് ചാനലുകാരുടെ മത്സരം തന്നെയാണ്. ഇതൊന്നും ഒരിക്കലും അവസാനിക്കാനും പോകുന്നില്ല.മലയാളം ചാനൽ മാത്രം കാണുന്നവർ അനുഭവിക്കുക തന്നെ

ജിപ്പൂസ്

തന്നെ തന്നെ.അപ്പുവേട്ടന്‍ പറഞ്ഞത് സത്യം.
ഇവര്‍ക്കും വേണം ഒരു പെരുമാറ്റച്ചട്ടം.

കുഞ്ഞന്‍

അപ്പുണ്ണി മാഷെ,

നിങ്ങളൊരു അമാനുഷികനാണ്. ഞാന്‍ കമന്റിടുന്നതിനുമുമ്പ് തന്നെ എനിക്ക് നന്ദി പറഞ്ഞിരിക്കുന്നു. പുലിയിറങ്ങാതെ വാര്‍ത്തകള്‍ സൃഷ്ടിച്ച പോലെ ഇതും......


ചുമ്മാ..

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP