Showing posts with label ചക്രവാളം. Show all posts
Showing posts with label ചക്രവാളം. Show all posts

Sunday, May 18, 2008

ബുര്‍ജ് ദുബായിയും ഭൂമിയുടെ ‘അരികും’

കഴിഞ്ഞദിവസം ബാംഗ്ലൂരില്‍ നിന്നും ‘കുട്ടിച്ചാത്തന്‍’ എന്ന ബ്ലോഗര്‍ എനിക്ക് ഒരു ഇ-മെയില്‍ ഫോര്‍വേഡ് ചെയ്തു തന്നു. ദുബായിയില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ‘ബുര്‍ജ് ദുബായ്‘ എന്ന ലോകത്തെ എറ്റവും ഉയരംകൂടിയ കെട്ടിടത്തിനു മുകളില്‍നിന്ന് എടുത്ത ഒരു ചിത്രമാണത്. ചിത്രം താഴെക്കൊടുക്കുന്നു (ക്ലിക്ക് ചെയ്ത് വലുതാക്കി കണ്ടു നോക്കണേ).













അതോടൊപ്പം തന്നെ മറ്റൊരു ചിത്രകൂടിയുണ്ടായിരുന്നു. ബുര്‍ജ് ദുബായിയുടെ ഉയരത്തെപ്പറ്റി അല്പം കൂടി അവബോധം നല്‍കുന്നതിനായി ആവണം ആ ചിത്രംകൂടി മെയിലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മേഘങ്ങളാണോ എന്നു തോന്നിക്കുമാറ്, ബുര്‍ജ് ദുബായിയുടെ പരിസരം മൂടല്‍ മഞ്ഞിനാല്‍ മൂടിയ ഒരു പ്രഭാതത്തില്‍ എടുത്ത ചിത്രമാണിത്. സമീപത്തുള്ള മറ്റുകെട്ടിടങ്ങളുടെ തലകള്‍ ‘മേഘങ്ങള്‍ക്കും’ മുകളില്‍ അല്പം തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, ‍ഫോട്ടോഗ്രാഫര്‍ നില്‍ക്കുന്ന ബുര്‍ജ് ദുബായിയുടെ തല അതിലും എത്രയോ മുകളില്‍ എന്ന് വ്യംഗ്യം!














ആദ്യ ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്ന വാചകങ്ങളാണ് ഈ മെയിലിനെ ഇത്രയധികം പ്രചാരത്തിലാക്കിയത്. അതിങ്ങനെയായിരുന്നു.

Now see this stuff………………….This is taken from world's tallest building "Burj Dubai" @ 2,620 ft / 801m!!! Really amazing!! Look at the edge (uppermost right corner) of the picture, you can almost see the turn of the earth! What do you think guys…………………The persons who are working on the upper most Girders can see the "ROTATION OF EARTH" So terrifying…..


അതനുസരിച്ച് ചിത്രത്തിന്റെ മുകളില്‍ വലത് അരികിനോടടുത്ത് കാണുന്ന ആര്‍ച്ച് ഭൂമിയുടെ ഗോളാകൃതിയുടെ ഒരു ഭാഗമാണ്. ബുര്‍ജ് ദുബായിയുടെ മുകളില്‍ നിന്നാല്‍ ഭൂഗോളത്തിന്റെ ഗോളാകൃതികാണാം എന്നു സാരം. പോരത്തതിന് അവിടെ ജോലിചെയ്യുന്ന പണിക്കാര്‍ക്ക് ഭൂമിയുടെ ‘കറക്കം‘ കാണാമെന്നും അതൊരു ഭയാനകമായ കാഴ്ചയാണെന്നും മെയില്‍ തുടരുന്നു!


ഏകദേശം ഒരു മാസത്തോളമായി വ്യാപകമായി ഫോര്‍വേഡ് മെയിലുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണിത്. മലയാള പത്രങ്ങളുള്‍പ്പടെ പലമാധ്യമങ്ങളും ആദ്യ ചിത്രം ക്യാപ്ഷന്‍ ഇല്ലാതെ പ്രസിദ്ധീകരിച്ചിരുന്നു (ക്യാ‌പ്ഷന്‍ ഇല്ലല്ലോ - അത്രയും ആശ്വാസം!) ഈ ഫോട്ടോയില്‍ കാണുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണ് എന്നായിരുന്നു കുട്ടിച്ചാത്തന്റെ ചോദ്യം. അതിന്റെ മറുപടി എഴുതിയതില്‍ നിന്നും പ്രസക്തഭാഗങ്ങള്‍ ഇവിടെ കുറിക്കട്ടെ:

നമ്മുടെ ഭൂമിയുടെ വ്യാസം (Diameter) ഏകദേശം 12756 കിലോമീറ്ററാണ്. ഇത്രയും വ്യാസമുള്ള ഒരു വലിയ ഗോളത്തിന്റെ ചുറ്റളവ് ഏകദേശം 40053 കിലോമീറ്ററും. അതായത്, ഭൂമിയെ ഒരു വലം വയ്ക്കുവാന്‍ 40053 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്. ഇത്രയും വലിയ ഒരു ഗോളത്തിന്റെ എത്രയോ ചെറിയ ഒരു ഭാഗമാണ് നാം നില്‍ക്കുന്ന സ്ഥലം. അവിടെ നിന്നു നോക്കിയാല്‍ നമുക്ക് എത്രദൂരംവരെ അകലം കാണുവാന്‍ സാധിക്കും? നമ്മുടെ കണ്ണുകള്‍ സമുദ്രനിരപ്പില്‍നിന്നും എത്ര ഉയരത്തിലാണോ അതിനനുസരിച്ചാണ് നാം കാണുന്ന ചക്രവാളം വരെയുള്ള കാഴ്ചയുടെ ദൂരം നമുക്ക് അനുഭവപ്പെടുന്നത്. താല്പര്യമുള്ളവര്‍ക്ക്, ഇതുകണക്കാക്കുവാനുള്ള സൂത്രവാക്യങ്ങള്‍ ഇവിടെയും ഇവിടെയും കാണാം. ഉദാഹരണത്തിന് സമുദ്രതീരത്തുനില്‍ക്കുന ഒരാള്‍ക്ക് (170 സെ.മി ഉയരമുള്ളയാള്‍ എന്നിരിക്കട്ടെ) ഏകദേശം 4.7 കിലോമീറ്റര്‍ ദൂരത്തിലായാണ് ചക്രവാളം കാണപ്പെടുക.

നാം നില്‍ക്കുന്ന സ്ഥലത്തിന്റെ ഉയരം കൂടുംതോറും നമുക്ക് കാണാന്‍ സാധിക്കുന്ന ചക്രവാളത്തിലേക്കുള്ള ദൂരവും കൂടുമെന്നു പറഞ്ഞല്ലോ. 800 മീറ്റര്‍ (2624 അടി) ഉയരത്തിലെത്തിനില്‍ക്കുന്ന ബുര്‍ജ് ദുബായിയുടെ മുകളില്‍നിന്ന് കാണുന്ന ചക്രവാളം ഏകദേശം 102 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും. ഇത്രയും ഉയര‍ത്തില്‍ നിന്നാല്‍ ഭൂമി ഉരുണ്ടതായി കാണപ്പെടുമോ? മറ്റൊരു ചോദ്യം ഇതിനിടയില്‍ ചോദിക്കട്ടെ. വിമാനങ്ങളില്‍ യാത്രചെയ്തിട്ടുള്ളവര്‍ക്കറിയാം, ജെറ്റുകള്‍ സാധാരണ പറക്കുന്ന ഉയരം 36000 അടിയാണ്, ഏകദേശം 11 കിലോമീറ്റര്‍. ഏകദേശം 378 കിലോമീറ്റര്‍ അകലെയയാണ് ചക്രവാളം ഇത്രയും ഉയരത്തില്‍നിന്നു നോക്കിയാല്‍ കാണാറാവുക. അവിടെനിന്ന് ഭൂമി ഉരുണ്ടതായി കാണപ്പെടാറുണ്ടോ? ഇതാ, ഒരു വിമാനത്തിന്റെ ജനാലയിലൂടെ എടുത്ത ഒരു ചിത്രം.










ഇവിടെ ഭൂമിയുടെ ഗോളാകൃതിയില്‍ കാണപ്പെടുന്നില്ല എന്നു വ്യക്തമല്ലേ!

കുറച്ചുകൂടി ഉയരത്തിലേക്ക് പോകാം. 350 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ വലംവയ്ക്കുന്ന ഇന്റര്‍നാഷനല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു ചിത്രം വിക്കിപീഡിയയില്‍ ഉണ്ട്. ചിത്രം താഴെക്കൊടുക്കുന്നു.














ബുര്‍ജ് ദുബായിയുടെ മുകളില്‍ നിന്ന് കാണപ്പെടുന്നുവെന്ന് മെയിലില്‍ പറയുന്നത്രയും ഇല്ലെങ്കിലും (!!!) ഈ ചിത്രത്തില്‍ ഭൂമിയുടെ ഗോളാകൃതി ചെറുതായി കാണാവുന്നതാണ്. നമുക്ക് വളരെ പരിചയമുള്ള, Blue Marble എന്ന പേരില്‍ അറിയപ്പെടുന്ന ഭൂമിയുടെ പൂര്‍ണ്ണകായ ചിത്രം, അപ്പോളോ-17 ലെ യാത്രികര്‍ ചന്ദ്രനിലേക്കുള്ള യാത്രാമദ്ധ്യേ 29000 കിലോമീറ്റര്‍ അകലെവച്ച് എടുത്തതാണ്. അപ്പോളോ യാത്രികരല്ലാതെ മറ്റു മനുഷ്യരാരും ഇതേവരെ ഇപ്രകാരം ഭൂമിയെ പൂര്‍ണ്ണരൂപത്തില്‍ ദര്‍ശിച്ചിട്ടില്ല.










കടപ്പാട് : വിക്കിപീഡിയ കോമണ്‍സ്

(ഇതിവിടെ എഴുതാന്‍ കാര്യം, നമ്മുടെ ഒരു പ്രമുഖമലയാള പത്രം, വര്‍ഷങ്ങള്‍ക്കുമുമ്പ് സ്പേസ് ഷട്ടില്‍ വിക്ഷേപണ റിപ്പോര്‍ട്ടിനോടനുബന്ധിച്ച് ഈ ചിത്രം നല്‍കിയിട്ട് ഒരു അടിക്കുറിപ്പ് നല്‍കി : “സ്പേസ് ഷട്ടീലില്‍ നിന്നുമുള്ള ഭൂമിയുടെ ദൃശ്യം“ എന്ന് ! ഇനി എപ്പോഴെങ്കിലും ഇത്തരം അബദ്ധം പത്രങ്ങള്‍ എഴുതുന്നതു കണ്ടാല്‍ ഓര്‍ത്തുകൊള്ളുക, സ്പേസ് ഷട്ടിലില്‍നിന്ന് ഭൂമീയെ ഈ രീതിയില്‍ കാണാനാവില്ല, കാരണം സ്പേസ് ഷട്ടിലിന്റെ ഓപ്പറേഷനല്‍ ഹൈറ്റ് ‍ 185 to 960 കിലോമീറ്റര്‍ ആണ്. സാധാരണഗതിയില്‍ 400 കിലോമീറ്ററിനു മുകളിലേക്ക് പോകാറും ഇല്ല. ഇത്രയും ഉയരത്തില്‍ നിന്നാലും ഭൂമിയെ മുകളില്‍ കാണുംവിധം കാണാനാവില്ല)


എന്തുകൊണ്ടാണ് പതിനൊന്നുകിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ജെറ്റില്‍ നിന്നുപോലും ഭൂമിയുടെ ഗോളാകൃതി വ്യക്തമല്ലാത്തത്? കാരണം നാം കാണുന്ന 375 കിലോമീറ്റര്‍ നീളത്തിലുള്ള ഭൂമിയുടെ ഭാഗം, അതിന്റെ 40053 കിലോമിറ്റര്‍ എന്ന ചുറ്റളവിന്റെ വെറും 106 ല്‍ ഒരു ഭാഗം മാത്രമാണ്. അപ്പോള്‍ പിന്നെ ഒരു കിലോമീറ്റര്‍ പോലും ഉയരത്തിലെത്താത്ത ബുര്‍ജ് ദുബായിയുടെ മുകളില്‍ നിന്ന് ഭൂമിയുടെ ഗോളാകൃതി എങ്ങനെ കാണാനാവും!

ഇത്രയും കാര്യങ്ങള്‍ ശരിതന്നെ. പിന്നെയെന്തായിരിക്കാം ആ ഫോട്ടോയില്‍ ഗോളാകൃതിയില്‍ കാണപ്പെടുന്ന അരിക്? ഇതാണ് ലെന്‍സ് ഡിസ്റ്റോര്‍ഷന്‍ എന്ന പ്രതിഭാസം. എക്‍സ്ട്രീം വൈഡ് ആംഗിള്‍ ലെന്‍സുകളില്‍ (ഉദാ: ഫിഷ് ഐ ലെന്‍സ് - Fish eye lense) Sperical distortion സാധാരണമാണ്. ഇത്തരം വൈഡ് ആംഗിള്‍ ലെന്‍സുകള്‍ വളരെ വിശാലമായ രംഗങ്ങളുടെ പ്രതിബിംബം ഉണ്ടാക്കുമ്പോള്‍ അവയുടെ അരികുകള്‍ വളഞ്ഞുപോകും. (മറ്റൊരു ഉദാഹരണ ചിത്രം ഇവിടെ , ഇവിടെ, ഇവിടെ ) ബുര്‍ജ് ദുബായി നില്‍ക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാ‍റോട്ട് മാറി കടല്‍ത്തീരമാണ്. ചക്രവാളവും അവിടെനിന്നാല്‍ കാണാം. ഈ ഫോട്ടോയുടെ മുകളറ്റത്തുകാണുന്നത്, ഇപ്രകാരം ഡിസ്റ്റോര്‍ഷന്‍ സംഭവിച്ച് വളഞ്ഞുപോയ ചക്രവാളമാണ്, അല്ലാതെ ഭൂമിയുടെ ഗോളാകൃതിയല്ല. ദുബായിയില്‍ താമസിക്കുന്നവര്‍ക്കറിയാം, ഈ ചിത്രത്തില്‍ കാണപ്പെടുന്ന ഭൂവിഭാഗം ഏകദേശം ബര്‍ദുബായി മുതല്‍ ജബലലി വരെയുള്ള പത്തുപതിനഞ്ചു കിലോമീറ്റര്‍ മാത്രമാണ്. ഇത്രയും ദൂരത്തിനിടയില്‍ ഭൂമിവളഞ്ഞു ഗോളമായി മാറിയിരുന്നുവെങ്കില്‍, കേരളത്തിലേക്ക് നടന്നുപോകാവുന്നതേയുള്ളായിരുന്നു! ചിത്രത്തില്‍ കാണുന്ന വളവിന്റെ അളവു വച്ചു നോക്കിയാല്‍ ഒരു പൂര്‍ണ്ണവൃത്തത്തിന്റെ മൂന്നിലൊന്നോളം വരുമത്.


ഇനി രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നത് മേഘമോ എന്ന സംശയത്തിന്റെ ഉത്തരം. ഭൂമിയുടെ അന്തരീക്ഷത്തില്‍ കാണപ്പെടുന്ന മേഘങ്ങളില്‍ ഏറ്റവും താഴെ കാണപ്പെടുന്നത് സ്ട്രാറ്റസ് മേഘങ്ങളാണ്. അവ 6000 അടിമുതല്‍ മുകളിലേക്കാണ് കാണപ്പെടുക. ആ ഉയരത്തില്‍ എത്തുവാന്‍ ബുര്‍ജ് ദുബായിക്ക് ഇനിയും ഇപ്പോഴുള്ളതിന്റെ രണ്ടിരട്ടി കൂടി ഉയരം വേണ്ടിയിരിക്കുന്നു! രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്നത് മൂടല്‍ മഞ്ഞാണ്, മേഘങ്ങളല്ല. മൂടല്‍ മഞ്ഞ് ഭൂതലത്തിനോട് വളരെ അടൂത്താണല്ലോ രൂപപ്പെടുന്നത്. അപ്പോള്‍ സ്വാഭാവികമായും ഉയരമുള്ള കെട്ടിടങ്ങളുടെ മുകളറ്റം മഞ്ഞിന്റെ മുകള്‍ത്തട്ടിനും മുകളില്‍ ഉയര്‍ന്നു നില്‍ക്കും ഇതില്‍ അതിശയിക്കാന്‍ ഒന്നുമില്ല.

ഏതായാലും രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന ഭൂമി, ആദ്യചിത്രത്തിലേതിനേക്കാള്‍ വളരെ വലുതാണെന്ന വസ്തുത ആദ്യമായി ഈ മെയില്‍ ഉണ്ടാക്കിയ ആള്‍ ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല!! ഇത്തരം മെയിലുകള്‍ കിട്ടുമ്പോള്‍ അതില്‍ അതിശയപ്പെടുന്നതോടൊപ്പം അതിലെ സത്യാവസ്ഥയെന്തെന്ന് ബോധ്യപ്പെടുവാന്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രം മതി എന്നു സൂചിപ്പിക്കുവാനാണ് ഈ പോസ്റ്റ്.

Tuesday, July 17, 2007

ചക്രവാളങ്ങള്‍ - ഫോട്ടോപോസ്റ്റ്



സൂര്യനില്ലാത്ത ഒരു ചക്രവാളം നമുക്ക് സങ്കല്‍പ്പിക്കാനാവുമോ! ഉദയവും അസ്തമയവും എന്ന വീക്ഷണങ്ങള്‍തന്നെ ചക്രവാളത്തെ അടിസ്ഥാനപ്പെടുത്തിയല്ലേ? ആ ചക്രവാളത്തിലേക്ക് വിരല്‍ചൂണ്ടുന്ന മേഘപാളികള്‍ ഈ ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നു.



ചുവപ്പണിഞ്ഞ സായം സന്ധ്യ. ചക്രവാളത്തിന്റെ പിന്നിലേക്ക് മറയാനൊരുങ്ങുന്ന സൂര്യന്റെ മുഖം! ഇനി വിശ്രമിക്കാനുള്ള സമയം.




വിണ്ണില്‍നിന്നും താഴെവീണ നക്ഷത്രങ്ങള്‍. വൈദ്യുതവിളക്കുകളാല്‍ പ്രകാശപൂരിതമായ നഗരത്തിന്റെ മുഖം. ചക്രവാളംവരെ എത്തുന്ന ദീപമാലകള്‍.

1809

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP