ഈന്തപ്പന : അറബിനാട്ടിലെ കല്‍പ്പവൃക്ഷം - ഫോട്ടോ ഫീച്ചര്‍
കേരളത്തിന്റെ കല്‍പ്പവൃക്ഷമാണ് തെങ്ങ് എന്നു പറയാറുള്ളതുപോലെ, അറബ് രാജ്യങ്ങളിലെ കല്‍പ്പവൃക്ഷമാണ് ഈന്തപ്പന. Date Palm എന്ന് ഇംഗ്ലീഷിലും "നഖ്‌ല" എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്. അറബ് രാജ്യങ്ങളിലും, മറ്റ് വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്. ഈ പനയുടെ യഥാര്‍ത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും, ബി.സി. 6000 മുതല്‍ക്കുതന്നെ ഈ പന ഈ രാജ്യങ്ങളിലെ പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അന്‍പതോളം ഇനങ്ങളില്‍പ്പെട്ട ഈന്തപ്പഴങ്ങള്‍ ഇന്ന് ലഭ്യമാണ്.
ഒറ്റത്തടി വൃക്ഷമാണ് ഈന്തപ്പന. പനവര്‍ഗ്ഗത്തില്‍പ്പെട്ട എല്ലാ വൃക്ഷങ്ങളെയുംപോലെ മുകളറ്റത്താണ് ഓലകള്‍ കാണപ്പെടുന്നത്. തെങ്ങാലപോലെ ഒരു തണ്ടില്‍നിന്നും ഇരുവശത്തേക്കുമാണ് ഇലകള്‍ കാണപ്പെടുന്നത്. ഓലകള്‍ക്ക് മൂന്നു മീറ്ററോളം നീളമുണ്ടെങ്കിലും, ഇലകള്‍ക്ക് നീളം കുറവാണ് - ഒരടിയോളം നീളമേ ഇലകള്‍ക്കുള്ളൂ.
മാര്‍ച്ച് മാസത്തോടെ പനകള്‍ പൂക്കുന്നു.(ഈന്തപ്പനകള്‍ പൂക്കുന്ന കാലംമുതല്‍ കായ പഴുക്കുന്നതുവരെയുള്ള ഒരു ഫോട്ടോ സീരീസ് നേരത്തേ ഇട്ടിരുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ നോക്കാം)
ഈത്തപ്പന പൂക്കള്‍
ആണ്‍-പെണ്‍ പൂവുകള്‍ വെവ്വേറെ പനകളിലാണ് ഉണ്ടാകുന്നത് - അതിനാല്‍ ആണ്‍പനയും പെണ്‍പനയും ഉണ്ട്. കൃഷിത്തോട്ടങ്ങളിലും മറ്റും പെണ്‍പനകളാണ് കൂടുതലായും നട്ടുവളര്‍ത്തുന്നത്.
സാധാരണയായി കാണപ്പെടുന്ന ഈന്തപ്പനകള്‍ അഞ്ചു മുതല്‍ എട്ടുമീറ്ററോളം ഉയരമുള്ളതാണെങ്കിലും, അവയ്ക്ക് പതിനഞ്ചുമുതല്‍ ഇരുപത്തഞ്ചുമീറ്റര്‍ വരെ ഉയരം വയ്ക്കാറുണ്ട്. ഒരു പനയുടെ ചുവട്ടില്‍നിന്നും, മറ്റുപല കാണ്ഡങ്ങളും മുളച്ചുവരും - വാഴയെപ്പോലെ. ഈ കാണ്ഡങ്ങള്‍ വേര്‍പിരിച്ചു നട്ടാണ് പുതിയ പനകള്‍ കൃഷിചെയ്യുന്നത്. വിത്തുകള്‍ കിളിര്‍പ്പിച്ചും പനംതൈകള്‍ വളര്‍ത്താമെങ്കിലും, ഇങ്ങനെയുണ്ടാകുന്ന പനകളുടെ പഴങ്ങള്‍ക്ക് ഗുണവും വലിപ്പവും കുറവായിരിക്കും. മാത്രവുമല്ല, ആണ്‍-പെണ്‍ പനകള്‍ തിരിച്ചറിയുക പ്രായോഗികവുമല്ല.
ഒരു മാതൃവൃക്ഷത്തിന്റെ ചുറ്റുമായി വേരില്‍നിന്നു പൊട്ടിക്കിളിര്‍ക്കുന്ന പനംതൈകള്‍. ഇവ വേര്‍പിരിച്ച് നട്ടാണ് പുതിയ പനകള്‍ വളര്‍ത്തുന്നത്.
ജൂലൈ ആകുമ്പോഴേക്കും കായകള്‍ പഴുക്കാന്‍ തുടങ്ങും. ഒരു മരത്തില്‍നിന്ന് ഈ സീസണില്‍ നൂറുകിലോയോളം ഈന്തപ്പഴങ്ങള്‍ ലഭിക്കും. ഈന്തപ്പഴങ്ങള്‍ കുലകളായാണ് കാണപ്പെടുന്നത്. ഒരു കുലയ്ക്ക് അഞ്ചുമുതല്‍ പത്തു കിലോ വരെ ഭാരം വരാം. പനയുടെ ഇനമനുസരിച്ച് മഞ്ഞ, ഓറഞ്ച്, കടും ചുവപ്പ് തുടങ്ങിയ വര്‍ണ്ണങ്ങളിലാണ് ഈന്തപ്പഴങ്ങള്‍ കാണപ്പെടുന്നത്. പൂക്കുലകളുടെ തണ്ടുകള്‍ ഇലകള്‍കിടയില്‍നിന്നുമാണ് പുറപ്പെടുന്നത്, പഴങ്ങള്‍ പാകമാവുന്നതോടെ അവ നീണ്ട് പുറത്തേക്കെത്തുന്നു. ഭാരമേറിയ പഴക്കുലകളും വഹിച്ചുനില്‍ക്കുന്ന ഈന്തപ്പനകള്‍ മനോഹരമായ ഒരു കാഴ്ചയാണ്.



നാലു വ്യത്യസ്ഥ പാകത്തിലുള്ള പഴങ്ങള്‍ വിപണിയില്‍ സീസണില്‍ ലഭ്യമാണ്. കിമ്രി (പഴുക്കാത്തവ) ഖലാല്‍ (പകുതി പഴുപ്പ്, കടിച്ചു മുറിച്ച് തിന്നാം, അല്‍പ്പം മധുരം) റുത്താബ് (പഴുത്ത്, വെണ്ണപോലെ മൃദുലമായ പഴം, അതിമധുരം) തമര്‍ (വെയിലത്ത് ഉണക്കിയ ഈന്തപ്പഴം). ഇതില്‍ റുത്താബ് ആണ് ഏറ്റവും മാധുര്യമുള്ളത്. അതിന്റെ സ്വാദ് എഴുതിവയ്ക്കാന്‍ പറ്റില്ലതന്നെ!! വായില്‍ വച്ചാല്‍ അലിഞ്ഞുപോകുന്ന, വെണ്ണപോലെ നനുത്ത ഈന്തപ്പഴങ്ങള്‍ ശരിക്കും ആസ്വാദ്യകരമായ ഒരു പഴംതന്നെയാണ്!!
കിമ്രി - പഴുക്കാത്തത്
ഖലാല്‍ - പകുതി പഴുത്തത്
റുത്താബ് - പഴുത്തത് (ഇതാണ് പഴം !! അതീവ സ്വാദിഷ്ടം)
തമര്‍ - ഉണക്കിയ ഈന്തപ്പഴം
പഴങ്ങള്‍ പാകമാകുന്നതോടെ മാര്‍ക്കറ്റില്‍ ഇവയ്ക്കായി പ്രത്യേകം സ്റ്റാളുകള്‍ തുറക്കും. പലവലിപ്പത്തിലും, നിറത്തിലും, രുചിയിലുമുള്ള പഴങ്ങള്‍ കുറഞ്ഞവിലയില്‍ ധാരാളമായി ഈ സീസണില്‍ ലഭിക്കും. പഴങ്ങളില്‍ ജലാംശം കുറവാണ്. അതിനാല്‍ ഈന്തപ്പഴങ്ങള്‍ ഉണങ്ങിയാലും, പഴുത്തപഴത്തോളം തന്നെ വലിപ്പം ഉണ്ടായിരിക്കും.
ഷാര്‍ജ്ജ വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ ഈ സീസണില്‍ തുറന്ന ഈന്തപ്പഴ സ്റ്റാളുകള്‍
ഈത്തപ്പഴ സംസ്കരണം വളരെ വികസിച്ച ഒരു വ്യവസായ മേഖലയാണിന്ന്. ഉണങ്ങിയ ഈന്തപ്പഴങ്ങള്‍ കൂടാതെ, ഇവയിലെ വിത്ത് മാറ്റി അവിടെ ബദാം വച്ച് സ്റ്റഫ് ചെയ്തവ, ഈത്തപ്പഴ സിറപ്പ് അഥവാ ഈന്തപ്പഴത്തേന്‍, ഈന്തപ്പഴ പേസ്റ്റ്, ഈന്തപ്പഴ പഞ്ചസാര, ഈന്തപ്പഴ വിനീഗര്‍, ഈന്തപ്പഴ ജ്യൂസ്, ഈന്തപ്പഴ ചോക്ലേറ്റ്, ഈന്തപ്പഴ ബിസ്കറ്റ് തുടങ്ങി പലവിധത്തിലുള്ള ഈന്തപ്പഴ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ഈന്തപ്പനയുടെ കാണ്ഡം - തടി
ഇതുകൂടാതെ ഈന്തപ്പനയോലയില്‍നിന്നും, ചകിരിയില്‍ന്നിന്നും ഉണ്ടാക്കുന്ന പായ, കുട്ടകള്‍, തൊപ്പികള്‍ തുടങ്ങിയ കരകൗശലവസ്തുക്കള്‍ എന്നിവയും ഗള്‍ഫ് നാടുകളില്‍ ലഭ്യമാണ്. ദശാബ്ദങ്ങള്‍ക്കുമുമ്പ് ഈന്തപ്പനയ്ക്ക് വിപുലവും വ്യത്യസ്തങ്ങളുമായ ഉപയോഗം ഉണ്ടായിരുന്നു. പനയുടെ തടി പണ്ട് വീടുകളുടെ നിര്‍മ്മാണത്തിനും, വഞ്ചികളുടെ നിര്‍മ്മാണത്തിനും,വിറകായും, ഉപയോഗിച്ചിരുന്നു. ഈന്തപ്പനക്കുരുവില്‍നിന്നും എടുക്കുന്ന എണ്ണ സോപ്പ്, കോസ്മെറ്റിക്സ് നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്നുണ്ട്. ഈന്തപ്പഴ കുരുവും, കായയും നല്ലൊരു കാലിത്തീറ്റകൂടിയാണ്.
പ്രകൃത്യാ കാണപ്പെടുന്ന പനകള്‍ കായ്ക്കുന്നതിന് ഏഴുമുതല്‍ എട്ടുവരെ വര്‍ഷങ്ങള്‍ എടുക്കുമെങ്കിലും, ടിഷ്യു കള്‍ച്ചര്‍ വഴി ഉല്‍പ്പാദിപ്പിക്കപ്പ്പെടുന്ന പനകള്‍ വളരെ ചെറിയപ്രായത്തില്‍ത്തന്നെ കായ്ച്ചു തുടങ്ങുന്നു.
ടിഷ്യു കള്‍ച്ചര്‍ വഴി മുളപ്പിച്ചെടുത്ത പന
ഗള്‍ഫ് നാടുകളിലെ റോഡുകളുടെ ഓരങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് ഒരു അലങ്കാരമായും, കെട്ടിടങ്ങളുടെ ലാന്റ്‌സ്കേപ്പിംഗിനും ഈന്തപ്പനകള്‍ ധാരാളമായി ഉപയോഗിക്കുന്നു. വലിയ പനകള്‍ ഫാമുകളില്‍നിന്നും അങ്ങനെതന്നെ പിഴുതുകൊണ്ടുവന്ന് പുതിയ സ്ഥലത്തേക്ക് നടുകയാണ് ചെയ്യുന്നത്. വളരെ വേഗത്തില്‍ പുതിയ സ്ഥലത്ത് അവ വേരുപിടിക്കുകയും ചെയ്യും.
ഈന്തപ്പനകള്‍ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്ന ഒരു റോഡ് - ദുബായ് സിറ്റില്‍ നിന്ന്.
ഇങ്ങനെയാണ് ഒരു വലിയ പന മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്നത്. വേരുറയ്ക്കുന്നതോടുകൂടി, ഇലകള്‍ പൊതിഞ്ഞീരിക്കുന്ന ചാക്ക് അഴിച്ചുമാറ്റും.
ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവേ, അറബ്‌വംശജരുടെ സല്‍ക്കാരങ്ങളിലും, ദൈനംദിന ഭക്ഷണങ്ങളിലും ഈന്തപഴങ്ങള്‍ക്ക് സമുന്നതമായ ഒരു സ്ഥാനമാണുള്ളത്. റംസാന്‍ മാസത്തോടനുബന്ധിച്ചുള്ള "നോമ്പുതുറക്കല്‍" ഈന്തപ്പഴവും വെള്ളവും (അല്ലെങ്കില്‍ എന്തെങ്കിലും പഴച്ചാറ്) കഴിച്ചുകൊണ്ടാണ് മുസ്ലിങ്ങള്‍ നിര്‍വ്വഹിക്കുക. "ഈന്തപ്പനയെ നിങ്ങളുടെ പിതൃസഹോദരിയായി കരുതി ബഹുമാനിക്കണം" എന്ന നബിവചനം ഈ നാടുകളിലെ ജനജീവിതത്തില്‍ ഈന്തപ്പനയ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നു.
ഒരു മരത്തിന്റെ വേരുമുതല്‍ തലവരെ എല്ലാഭാഗങ്ങളും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഉപയോഗപ്രദമാവുമ്പോഴാണ് ആ മരത്തെ കല്‍പ്പവൃക്ഷം എന്നു വിളിക്കുന്നത്. "അറബിനാട്ടിലെ കല്‍പ്പവൃക്ഷം" എന്ന പേരിന് ഈന്തപ്പന എന്തുകൊണ്ടും അര്‍ഹമാണ് എന്നത് ഇത്രയും കാര്യങ്ങളിനിന്ന് വ്യക്തമാണല്ലോ?
********* *********** *********** **************
ഈന്തപ്പന അറബിനാടുകളില്‍ മാത്രമല്ല കൃഷിചെയ്യുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലും, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും, സ്പെയിനിലും ഒക്കെ ഈ പനകള്‍ കാണാം.
******** *********** *********** *************
(കുറേ)വിവരങ്ങള്‍ക്കു കടപ്പാട് : വിക്കിപീഡിയ
2275
************** **************** *****************












