Thursday, July 26, 2007

ഈന്തപ്പന : അറബിനാട്ടിലെ കല്‍പ്പവൃക്ഷം - ഫോട്ടോ ഫീച്ചര്‍

കേരളത്തിന്റെ കല്‍പ്പവൃക്ഷമാണ്‌ തെങ്ങ്‌ എന്നു പറയാറുള്ളതുപോലെ, അറബ്‌ രാജ്യങ്ങളിലെ കല്‍പ്പവൃക്ഷമാണ്‌ ഈന്തപ്പന. Date Palm എന്ന് ഇംഗ്ലീഷിലും "നഖ്‌ല" എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്‌. അറബ്‌ രാജ്യങ്ങളിലും, മറ്റ്‌ വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലും ഇത്‌ വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്‌. ഈ പനയുടെ യഥാര്‍ത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും, ബി.സി. 6000 മുതല്‍ക്കുതന്നെ ഈ പന ഈ രാജ്യങ്ങളിലെ പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അന്‍പതോളം ഇനങ്ങളില്‍പ്പെട്ട ഈന്തപ്പഴങ്ങള്‍ ഇന്ന് ലഭ്യമാണ്‌.
ഒറ്റത്തടി വൃക്ഷമാണ്‌ ഈന്തപ്പന. പനവര്‍ഗ്ഗത്തില്‍പ്പെട്ട എല്ലാ വൃക്ഷങ്ങളെയുംപോലെ മുകളറ്റത്താണ്‌ ഓലകള്‍ കാണപ്പെടുന്നത്‌. തെങ്ങാലപോലെ ഒരു തണ്ടില്‍നിന്നും ഇരുവശത്തേക്കുമാണ്‌ ഇലകള്‍ കാണപ്പെടുന്നത്‌. ഓലകള്‍ക്ക്‌ മൂന്നു മീറ്ററോളം നീളമുണ്ടെങ്കിലും, ഇലകള്‍ക്ക്‌ നീളം കുറവാണ്‌ - ഒരടിയോളം നീളമേ ഇലകള്‍ക്കുള്ളൂ.മാര്‍ച്ച്‌ മാസത്തോടെ പനകള്‍ പൂക്കുന്നു.(ഈന്തപ്പനകള്‍ പൂക്കുന്ന കാലംമുതല്‍ കായ പഴുക്കുന്നതുവരെയുള്ള ഒരു ഫോട്ടോ സീരീസ്‌ നേരത്തേ ഇട്ടിരുന്നു. താല്‍പര്യമുള്ളവര്‍ക്ക്‌ ഇവിടെ നോക്കാം)

ഈത്തപ്പന പൂക്കള്‍

ആണ്‍-പെണ്‍ പൂവുകള്‍ വെവ്വേറെ പനകളിലാണ്‌ ഉണ്ടാകുന്നത്‌ - അതിനാല്‍ ആണ്‍പനയും പെണ്‍പനയും ഉണ്ട്‌. കൃഷിത്തോട്ടങ്ങളിലും മറ്റും പെണ്‍പനകളാണ്‌ കൂടുതലായും നട്ടുവളര്‍ത്തുന്നത്‌.
സാധാരണയായി കാണപ്പെടുന്ന ഈന്തപ്പനകള്‍ അഞ്ചു മുതല്‍ എട്ടുമീറ്ററോളം ഉയരമുള്ളതാണെങ്കിലും, അവയ്ക്ക്‌ പതിനഞ്ചുമുതല്‍ ഇരുപത്തഞ്ചുമീറ്റര്‍ വരെ ഉയരം വയ്ക്കാറുണ്ട്‌. ഒരു പനയുടെ ചുവട്ടില്‍നിന്നും, മറ്റുപല കാണ്ഡങ്ങളും മുളച്ചുവരും - വാഴയെപ്പോലെ. ഈ കാണ്ഡങ്ങള്‍ വേര്‍പിരിച്ചു നട്ടാണ്‌ പുതിയ പനകള്‍ കൃഷിചെയ്യുന്നത്‌. വിത്തുകള്‍ കിളിര്‍പ്പിച്ചും പനംതൈകള്‍ വളര്‍ത്താമെങ്കിലും, ഇങ്ങനെയുണ്ടാകുന്ന പനകളുടെ പഴങ്ങള്‍ക്ക്‌ ഗുണവും വലിപ്പവും കുറവായിരിക്കും. മാത്രവുമല്ല, ആണ്‍-പെണ്‍ പനകള്‍ തിരിച്ചറിയുക പ്രായോഗികവുമല്ല.
ഒരു മാതൃവൃക്ഷത്തിന്റെ ചുറ്റുമായി വേരില്‍നിന്നു പൊട്ടിക്കിളിര്‍ക്കുന്ന പനം‌തൈകള്‍. ഇവ വേര്‍പിരിച്ച് നട്ടാണ് പുതിയ പനകള്‍ വളര്‍ത്തുന്നത്.

ജൂലൈ ആകുമ്പോഴേക്കും കായകള്‍ പഴുക്കാന്‍ തുടങ്ങും. ഒരു മരത്തില്‍നിന്ന് ഈ സീസണില്‍ നൂറുകിലോയോളം ഈന്തപ്പഴങ്ങള്‍ ലഭിക്കും. ഈന്തപ്പഴങ്ങള്‍ കുലകളായാണ്‌ കാണപ്പെടുന്നത്‌. ഒരു കുലയ്ക്ക്‌ അഞ്ചുമുതല്‍ പത്തു കിലോ വരെ ഭാരം വരാം. പനയുടെ ഇനമനുസരിച്ച്‌ മഞ്ഞ, ഓറഞ്ച്‌, കടും ചുവപ്പ്‌ തുടങ്ങിയ വര്‍ണ്ണങ്ങളിലാണ്‌ ഈന്തപ്പഴങ്ങള്‍ കാണപ്പെടുന്നത്‌. പൂക്കുലകളുടെ തണ്ടുകള്‍ ഇലകള്‍കിടയില്‍നിന്നുമാണ്‌ പുറപ്പെടുന്നത്‌, പഴങ്ങള്‍ പാകമാവുന്നതോടെ അവ നീണ്ട്‌ പുറത്തേക്കെത്തുന്നു. ഭാരമേറിയ പഴക്കുലകളും വഹിച്ചുനില്‍ക്കുന്ന ഈന്തപ്പനകള്‍ മനോഹരമായ ഒരു കാഴ്ചയാണ്‌.

നാലു വ്യത്യസ്ഥ പാകത്തിലുള്ള പഴങ്ങള്‍ വിപണിയില്‍ സീസണില്‍ ലഭ്യമാണ്‌. കിമ്രി (പഴുക്കാത്തവ) ഖലാല്‍ (പകുതി പഴുപ്പ്‌, കടിച്ചു മുറിച്ച്‌ തിന്നാം, അല്‍പ്പം മധുരം) റുത്താബ്‌ (പഴുത്ത്‌, വെണ്ണപോലെ മൃദുലമായ പഴം, അതിമധുരം) തമര്‍ (വെയിലത്ത് ഉണക്കിയ ഈന്തപ്പഴം). ഇതില്‍ റുത്താബ്‌ ആണ്‌ ഏറ്റവും മാധുര്യമുള്ളത്‌. അതിന്റെ സ്വാദ്‌ എഴുതിവയ്ക്കാന്‍ പറ്റില്ലതന്നെ!! വായില്‍ വച്ചാല്‍ അലിഞ്ഞുപോകുന്ന, വെണ്ണപോലെ നനുത്ത ഈന്തപ്പഴങ്ങള്‍ ശരിക്കും ആസ്വാദ്യകരമായ ഒരു പഴംതന്നെയാണ്‌!!


കിമ്രി - പഴുക്കാത്തത്


ഖലാല്‍ - പകുതി പഴുത്തത്


റുത്താബ് - പഴുത്തത് (ഇതാണ് പഴം !! അതീവ സ്വാദിഷ്ടം)


തമര്‍ - ഉണക്കിയ ഈന്തപ്പഴം

പഴങ്ങള്‍ പാകമാകുന്നതോടെ മാര്‍ക്കറ്റില്‍ ഇവയ്ക്കായി പ്രത്യേകം സ്റ്റാളുകള്‍ തുറക്കും. പലവലിപ്പത്തിലും, നിറത്തിലും, രുചിയിലുമുള്ള പഴങ്ങള്‍ കുറഞ്ഞവിലയില്‍ ധാരാളമായി ഈ സീസണില്‍ ലഭിക്കും. പഴങ്ങളില്‍ ജലാംശം കുറവാണ്‌. അതിനാല്‍ ഈന്തപ്പഴങ്ങള്‍ ഉണങ്ങിയാലും, പഴുത്തപഴത്തോളം തന്നെ വലിപ്പം ഉണ്ടായിരിക്കും.


ഷാര്‍ജ്ജ വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ ഈ സീസണില്‍ തുറന്ന ഈന്തപ്പഴ സ്റ്റാളുകള്‍


ഈത്തപ്പഴ സംസ്കരണം വളരെ വികസിച്ച ഒരു വ്യവസായ മേഖലയാണിന്ന്. ഉണങ്ങിയ ഈന്തപ്പഴങ്ങള്‍ കൂടാതെ, ഇവയിലെ വിത്ത്‌ മാറ്റി അവിടെ ബദാം വച്ച്‌ സ്റ്റഫ്‌ ചെയ്തവ, ഈത്തപ്പഴ സിറപ്പ്‌ അഥവാ ഈന്തപ്പഴത്തേന്‍, ഈന്തപ്പഴ പേസ്റ്റ്‌, ഈന്തപ്പഴ പഞ്ചസാര, ഈന്തപ്പഴ വിനീഗര്‍, ഈന്തപ്പഴ ജ്യൂസ്‌, ഈന്തപ്പഴ ചോക്ലേറ്റ്‌, ഈന്തപ്പഴ ബിസ്കറ്റ്‌ തുടങ്ങി പലവിധത്തിലുള്ള ഈന്തപ്പഴ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.


ഈന്തപ്പനയുടെ കാണ്ഡം - തടി


ഇതുകൂടാതെ ഈന്തപ്പനയോലയില്‍നിന്നും, ചകിരിയില്‍ന്നിന്നും ഉണ്ടാക്കുന്ന പായ, കുട്ടകള്‍, തൊപ്പികള്‍ തുടങ്ങിയ കരകൗശലവസ്തുക്കള്‍ എന്നിവയും ഗള്‍ഫ്‌ നാടുകളില്‍ ലഭ്യമാണ്‌. ദശാബ്ദങ്ങള്‍ക്കുമുമ്പ് ഈന്തപ്പനയ്ക്ക് വിപുലവും വ്യത്യസ്തങ്ങളുമായ ഉപയോഗം ഉണ്ടായിരുന്നു. പനയുടെ തടി പണ്ട്‌ വീടുകളുടെ നിര്‍മ്മാണത്തിനും, വഞ്ചികളുടെ നിര്‍മ്മാണത്തിനും,വിറകായും, ഉപയോഗിച്ചിരുന്നു. ഈന്തപ്പനക്കുരുവില്‍നിന്നും എടുക്കുന്ന എണ്ണ സോപ്പ്‌, കോസ്മെറ്റിക്സ്‌ നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്നുണ്ട്‌. ഈന്തപ്പഴ കുരുവും, കായയും നല്ലൊരു കാലിത്തീറ്റകൂടിയാണ്‌.

പ്രകൃത്യാ കാണപ്പെടുന്ന പനകള്‍ കായ്ക്കുന്നതിന്‌ ഏഴുമുതല്‍ എട്ടുവരെ വര്‍ഷങ്ങള്‍ എടുക്കുമെങ്കിലും, ടിഷ്യു കള്‍ച്ചര്‍ വഴി ഉല്‍പ്പാദിപ്പിക്കപ്പ്പെടുന്ന പനകള്‍ വളരെ ചെറിയപ്രായത്തില്‍ത്തന്നെ കായ്ച്ചു തുടങ്ങുന്നു.


ടിഷ്യു കള്‍ച്ചര്‍ വഴി മുളപ്പിച്ചെടുത്ത പന

ഗള്‍ഫ്‌ നാടുകളിലെ റോഡുകളുടെ ഓരങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് ഒരു അലങ്കാരമായും, കെട്ടിടങ്ങളുടെ ലാന്റ്‌സ്കേപ്പിംഗിനും ഈന്തപ്പനകള്‍ ധാരാളമായി ഉപയോഗിക്കുന്നു. വലിയ പനകള്‍ ഫാമുകളില്‍നിന്നും അങ്ങനെതന്നെ പിഴുതുകൊണ്ടുവന്ന് പുതിയ സ്ഥലത്തേക്ക്‌ നടുകയാണ്‌ ചെയ്യുന്നത്‌. വളരെ വേഗത്തില്‍ പുതിയ സ്ഥലത്ത്‌ അവ വേരുപിടിക്കുകയും ചെയ്യും.


ഈന്തപ്പനകള്‍ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്ന ഒരു റോഡ് - ദുബായ് സിറ്റില്‍ നിന്ന്.ഇങ്ങനെയാണ് ഒരു വലിയ പന മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്നത്. വേരുറയ്ക്കുന്നതോടുകൂടി, ഇലകള്‍ പൊതിഞ്ഞീരിക്കുന്ന ചാക്ക് അഴിച്ചുമാറ്റും.


ഗള്‍ഫ്‌ രാജ്യങ്ങളില്‍ പൊതുവേ, അറബ്‌വംശജരുടെ സല്‍ക്കാരങ്ങളിലും, ദൈനംദിന ഭക്ഷണങ്ങളിലും ഈന്തപഴങ്ങള്‍ക്ക്‌ സമുന്നതമായ ഒരു സ്ഥാനമാണുള്ളത്‌. റംസാന്‍ മാസത്തോടനുബന്ധിച്ചുള്ള "നോമ്പുതുറക്കല്‍" ഈന്തപ്പഴവും വെള്ളവും (അല്ലെങ്കില്‍ എന്തെങ്കിലും പഴച്ചാറ്‌) കഴിച്ചുകൊണ്ടാണ്‌ മുസ്ലിങ്ങള്‍ നിര്‍വ്വഹിക്കുക. "ഈന്തപ്പനയെ നിങ്ങളുടെ പിതൃസഹോദരിയായി കരുതി ബഹുമാനിക്കണം" എന്ന നബിവചനം ഈ നാടുകളിലെ ജനജീവിതത്തില്‍ ഈന്തപ്പനയ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നു.

ഒരു മരത്തിന്റെ വേരുമുതല്‍ തലവരെ എല്ലാഭാഗങ്ങളും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഉപയോഗപ്രദമാവുമ്പോഴാണ്‌ ആ മരത്തെ കല്‍പ്പവൃക്ഷം എന്നു വിളിക്കുന്നത്‌. "അറബിനാട്ടിലെ കല്‍പ്പവൃക്ഷം" എന്ന പേരിന്‌ ഈന്തപ്പന എന്തുകൊണ്ടും അര്‍ഹമാണ്‌ എന്നത്‌ ഇത്രയും കാര്യങ്ങളിനിന്ന് വ്യക്തമാണല്ലോ?


********* *********** *********** **************
ഈന്തപ്പന അറബിനാടുകളില്‍ മാത്രമല്ല കൃഷിചെയ്യുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലും, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും, സ്പെയിനിലും ഒക്കെ ഈ പനകള്‍ കാണാം.
******** *********** *********** *************

(കുറേ)വിവരങ്ങള്‍ക്കു കടപ്പാട് : വിക്കിപീഡിയ

2275

************** **************** *****************

29 comments:

അപ്പു ആദ്യാക്ഷരി

ഈന്തപ്പന അറബി നാട്ടിലെ കല്‍പ്പ വൃക്ഷമാണ്. ഈ സസ്യത്തെ അടുത്തറിയാന്‍ സാഹചര്യങ്ങളില്ലാത്തവര്‍ക്കു വേണ്ടി ഒരു ഫോട്ടോ ഫീച്ചര്‍ പോസ്റ്റ്. (ബ്ലോഗില്‍ നിന്ന് തല്‍ക്കാലത്തേക്ക് വിട. ഒരു മാസത്തേക്ക് നാട്ടില്‍ പോയിട്ട് വരാം)

മുസ്തഫ|musthapha

അപ്പു... ഈ ഫോട്ടോ ഫീച്ചര്‍ മനോഹരമായിരിക്കുന്നു...

നല്ല പടങ്ങളും പഴങ്ങളും...
അതെ, റുത്താബ് തന്നെ തിന്നാന്‍ ഏറ്റവും രുചികരം... അതെത്ര തിന്നാലും മടുപ്പ് തോന്നില്ല...

നാട്ടില്‍ പോയി അടിച്ച് പൊളിച്ച് വരൂ...

ആ... പിന്നൊരു കാര്യം.... തിരിച്ച് വരുമ്പോള്‍ പത്തനംതിട്ട മൊത്തം ക്യാമറയിലാക്കി ഇങ്ങ് കൊണ്ട് വരണം :)

തമനു

അപ്പൂ ... അതി മനോഹരം..

എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പാകിസ്ഥാനി സുഹൃത്തിന്റെ കൂടുകാരന്റെ ബന്ധുവിന്റെ അനന്തിരവന്റെ ആരുടെയോ ആരോ (ആ..) ഇവിടെ ഷേക്ക് പാലസില്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവന്‍ മുഖേന എന്റെ സുഹൃത്തിനു കിട്ടിയതില്‍ നിന്നും എനിക്കു കിട്ടിയ ‘റുത്താബും‘, ‘തമറും’ ... ഹോ എന്റെ അപ്പൂ അത്രയും സ്വാദുള്ള ഈന്തപ്പഴങ്ങള്‍ ഞാന്‍ ഇന്നു വരെ കഴിച്ചിട്ടില്ല.
:)

ഇതില്‍ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും എനിക്കു പുതിയ അറിവാണ്. നന്ദി അപ്പൂ..

ഇനി റോഡരികില്‍ നില്‍ക്കുന്ന ഈന്തപ്പനകളെ ഒന്നു കൂടി ശ്രദ്ധിക്കണം (ഹേയ് ... പെണ്ണാണോ എന്നറിയാനല്ല, സത്യം..)

Rasheed Chalil

അപ്പൂ തികച്ചും വിജ്ഞാനപ്രദമായ പോസ്റ്റ്. പലതും പുതിയ അറിവുകള്‍. നന്നായി.

സാജന്‍| SAJAN

അപ്പുവിന്റെ പോസ്റ്റുകളെല്ലാം ഒന്നിനൊന്ന് മെച്ചം..
ഇതില്‍ പലകാര്യങ്ങളും, എനിക്ക് പുതിയ അറിവുകളായിരുന്നു...
നാട്ടിലെന്നാ പോവുന്നത്?
ചുമ്മാ പനിയെ കേറിപിടിക്കരുത് കേട്ടോ?

മഴത്തുള്ളി

അപ്പൂ അതിഗംഭീരമായി പടങ്ങളും വിവരണവും.

പിന്നെ എനിക്ക് കൃമി ഹൊ അല്ല ക്രിമി വേണ്ട ;) റുത്താബ് മതി. വരുമ്പോള്‍ ഒരു 10 കിലോ :)

പിന്നെ മാര്‍ക്കറ്റിലെ സ്റ്റാളിന്റെ ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ ഒരു ചേട്ടന് അതിഷ്ടമായില്ലെന്നു തോന്നുന്നു, ആ നോട്ടം കണ്ടില്ലേ :)

ഇനിയും പോരട്ടെ........ നാട്ടില്‍ വന്നാല്‍ നമ്പര്‍ തന്നാല്‍ വിളിക്കാം. പിന്നെ ഇടക്ക് ഡല്‍ഹിയില്‍ വന്നിരുന്നോ?

krish | കൃഷ്

അമ്മായിപ്പനയെക്കുറിച്ചും റുത്താബിനെക്കുറിച്ചുമുള്ള വിവരണം നന്നായി. റുത്താബ് ഇന്ത്യയില്‍ കിട്ടുമോ. പാക്കിലാക്കിയ നല്ല തമര്‍ കിട്ടുമെങ്കിലും വില അല്‍പ്പം കൂടുതലാ.

കുട്ടിച്ചാത്തന്‍

ചാത്തനേറ്: അറബിനാട്ടിലെ കല്പവൃക്ഷത്തെപ്പറ്റി ഇത്രേം നല്ലൊരു പോസ്റ്റ് നമ്മടേ നാട്ടിലുമുണ്ടല്ലോ ഒരെണ്ണം മണ്ടരീം ബാധിച്ച് കുഴീലേക്ക് കാലും നീട്ടി ഇരിക്കുന്ന ഒന്ന് അതിനെ ആരും മൈന്‍ഡ് ചെയ്യൂലേ.

ഈ റുത്താബ് എന്ന സാധനം ഇതുവരെ കഴിച്ചില്ലാ,
കുറുഅണ്ണാ ബാംഗ്ലൂരു വരുമ്പോ കുറച്ച് കൊണ്ടുവരാമോ?

Anonymous

നല്ല പോസ്റ്റ്. ഫോട്ടോകളും നന്നായിട്ടുണ്ട്.

അലസ്സൻ

ഈ പോസ്റ്റ് മലയാളം വിക്കിയില്‍ ചേര്‍ത്തുകൂടേ?

കുറുമാന്‍

ഇത് വളരെ നന്നായി അപ്പു. ഫോട്ടോകളും, വിവരണവും ഒന്നിനൊന്ന് മെച്ചം.

Manoj | മനോജ്‌

വളരെ നന്നായിരിക്കൂന്നു പോസ്റ്റ്. ശ്രദ്ധയോടെ ഇക്കാര്യമെല്ലാം പകര്‍ത്തിയതിന്ന് എന്തുമാത്രം സമയം ചിലവഴിച്ചിരുന്നിരിക്കണം? നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ കൂടി വിജ്ഞാനപ്രദമായ താങ്കളുടെ ലേഖനങ്ങള്‍ കൂടുതല്‍ ആള്‍ക്കാരുടെ മുന്നിലെത്താന്‍ ശ്രമിക്കുമോ?

മുക്കുവന്‍

വളരെ നന്നായി അപ്പു. ഫോട്ടോകളും, വിവരണവും ഒന്നിനൊന്ന് മെച്ചം

മൂര്‍ത്തി

നന്നായിട്ടുണ്ട് അപ്പൂ..വിവരങ്ങള്‍ക്ക് നന്ദി..

മുസാഫിര്‍

നന്നായിരിക്കുന്നു.അപ്പു.പലപ്പോഴും ഇതെല്ലാം കാണാറുണ്ടായിരുന്നെങ്കിലും ഇതീനെക്കുറിച്ചുള്ള വിവരങ്ങള്‍ അറീയില്ലായിരുന്നു.

Anonymous

A very good feature. Yes eenthappanas are wildly seen in california as well . Infact there is a log of date palms in many roads and apartment blocks.

വേണു venu

മനോഹരം എന്ന വാക്കു് മലയാളത്തിനു് പിന്ന്നെ എന്തിനു്.:)

സാല്‍ജോҐsaljo

ഈ മെനക്കേടിന് വീണ്ടും ആശംസകള്‍!


മനോഹരമായിരിക്കുന്നു. ഫോട്ടോയും ഫീച്ചറും. കൂടുതല്‍ പോരട്ടെ...


:0

അപ്പു ആദ്യാക്ഷരി

ഈ ലേഖനം വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. മലയാളം വിക്കിയില്‍ ഈ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ലിങ്ക് http://ml.wikipedia.org/wiki/%E0%B4%88%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8

കരീം മാഷ്‌

പ്രവാചകനും അനുചരന്മാരും കൂടിയിരിക്കുന്ന ഒരു വിജ്ഞാന സദസ്സ്‌.
പ്രവാചകന്‍ പറഞ്ഞു.
" നിങ്ങള്‍ നിങ്ങളുടെ അമ്മായിയെ സ്‌നേഹിക്കുക."
അനുചരര്‍ കണ്‍ഫൂഷനിലായി,
അവര്‍ പറഞ്ഞു.
"ഞങ്ങള്‍ എല്ലാരെപ്പോലെ അമ്മായിമാരേയും സ്‌നേഹിക്കാരുണ്ട്‌".
"അതു പോരാ!. നിങ്ങള്‍ പ്രത്യേകമായി അമ്മായിയെ സ്‌നേഹിക്കണം"
അനുചരന്മാര്‍ ആശങ്കയിലായി,
പ്രവാചകന്‍ പറയുന്നതിന്റെ അര്‍ത്ഥം എന്താണ്‌?
.അവര്‍ മുഖത്തോടു മുഖം നോക്കി.
പ്രവാചകന്‍ ദൂരെ നില്‍ക്കുന്ന ഒരു ഈത്തപ്പന ചൂണ്ടിക്കാട്ടി പറഞ്ഞു "
"അതാണ്‌ നിങ്ങളുടെ അമ്മായി.അതിന്റെ ഓരോ ഭാഗവും നിങ്ങള്‍ക്കു പ്രയോജനകരമാണ്‌".
നാം തെങ്ങിനെ കല്‍പ്പവൃക്ഷം എന്നു വിളിക്കുമ്പോള്‍ അറബികള്‍ക്കു കല്‍പ്പവൃക്ഷം ഈത്തപ്പനയാണ്‌.
നമുക്ക്‌ "മുത്തശ്ശിമാര്‍" വാല്‍സല്യവും സംരക്ഷണവും തരുന്ന സിംബലാകുമ്പോള്‍ അറബികള്‍ അതിന്നു "അമ്മായി"യെയാണ്‌ സിംബളാക്കുന്നത്‌.
!..

This is an old comment I put in Rahna's Blog. But it is worthful here also.
Nice posting Appu, Keep it.
I like the efforts. Great hardwork

Kaithamullu

അപ്പൂ,

well done!

കരീം‌മാഷേ,

അമ്മായിപ്പഴം!

ഗുപ്തന്‍

അപ്പ്വേട്ടാ കിടുകിടു പോസ്റ്റ്. ഈ ബ്ലൊഗും കുറിഞ്ഞി ഓണ്‍ലൈന്‍ പോലെ ഒരു നല്ല സംരംഭം ആവുകയാണ്. എല്ലാ ഭാവുകങ്ങളും.

മയൂര

ഫോട്ടോകളും വിവരണവും നാന്നായിരിക്കുന്നു...

റീനി

എനിക്ക്‌ ഈന്തപ്പനകളുടെ നാട്ടില്‍ വന്നതുമാതിരിതോന്നുന്നു.

ദിവാസ്വപ്നം

ആ.. കൊതിയന്മാരും കൊതിച്ചികളും ഒന്ന് മാറിനിന്നേ.. ഞാനിത്തിരി ഈന്തപ്പഴം തിന്നട്ടെ !


അപ്പൂ, സത്യം പറ, ഇതെഴുതാന്‍ അരദിവസമെങ്കിലും എടുത്തില്ലേ (ഫോട്ടോ എടുക്കാനെടുത്ത സമയം കൂട്ടാതെ)

:-)

യരലവ~yaraLava

ദിവ: ഒരു കോമയും കുത്തും ഇടാന്‍ അര ദിവസം എടുക്കുന്നു; പിന്നെയല്ലെ ഒരു പോസ്റ്റിനു അര ദിവസം- അപ്പു ; നീ യാണെടാ‍ സിന്‍സിയര്‍ ബ്ലോഗര്‍.

ബാചികളേ.. ഇതാ നിങളുടെ ദേശീയ പഴം.

ആവനാഴി

പ്രിയപ്പെട്ട അപ്പൂ,

ഇ- മെയിലിനു നന്ദി. ഞാന്‍ ഈന്തപ്പനയെപ്പറ്റി അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് ഓര്‍ത്തിരുന്നുവല്ലോ. നന്ദി.

ഇന്നാണ് പോസ്റ്റു വായിക്കാന്‍ കഴിഞ്ഞത്. മനോഹരമായ ചിത്രങ്ങളും വിശദമായ വിവരണങ്ങളും കൊണ്ടു ജാജ്വല്യമായ ലേഖനം. വളരെയധികം പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു എന്നു സന്തോഷപ്പൂര്‍‌വം അറിയിക്കട്ടെ. ഉദാഹരണത്തിനു ഈന്തപ്പനയുടെ ചുവട്ടില്‍‍ പൊട്ടിമുളക്കുന്ന കൊച്ചു പനകള്‍ പറിച്ചു നട്ടാണു കൃഷി വിപുലപ്പെടുത്തന്നത്, കായ് മുളച്ചുണ്ടാകുന്ന പനകളില്‍‍ ഗുണമേന്മയുള്ള ഈന്തപ്പഴങ്ങള്‍ ഉണ്ടാകുന്നില്ല തുടങ്ങിയവ പുതിയ അറിവായിരുന്നു.

ഷാര്‍ജയിലെ ഈന്തപ്പഴച്ചന്ത കേമം!

പിന്നെ അപ്പൂ ഞാന്‍ പണ്ടൊരിക്കല്‍ വായിച്ചു, ഈന്തപ്പഴം പുഴുങ്ങിയിട്ടാണു കയറ്റി അയക്കുന്നതെന്ന്. ശരിയാണോ?

അറിയിക്കുമല്ലോ?

സ്നേഹാന്വേഷണങ്ങളോടെ


ആവനാഴി

ശാലിനി

അപ്പൂ വളരെ നന്നായിട്ടുട്ണ്‍ ഈ പോസ്റ്റ്. ഇന്നാണ് ഇത് വായിക്കാന്‍ പറ്റിയത്. ദുബായുമായി തട്ടിച്ചുനോക്കുമ്പോള്‍ കുവൈറ്റ് ഒന്നുമല്ല. ഇതുപോലെ ഒരു ഫോട്ടോഫീച്ചറിനു പറ്റിയ നല്ല ഫോട്ടോകള്‍ ഇവിടെനിന്നുകിട്ടുമെന്ന് തോന്നുന്നില്ല.

ഇനി നമ്മുടെ നാടിനെകുറിച്ചുള്ള പോസ്റ്റിനായി കാത്തിരിക്കുന്നു.

അനില്‍@ബ്ലോഗ് // anil

നന്ദി അപ്പു.
ഞാന്‍ നോക്കിയിരുന്ന വിവരങ്ങളും ഇതു തന്നെ.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP