Saturday, January 31, 2009

സന്തോഷപൂര്‍വ്വം മൂന്നാം വര്‍ഷത്തിലേക്ക്

വിണ്ടും ഒരു ജനുവരി 31.

ബ്ലോഗെന്നു കേള്‍ക്കുന്നതേ ചതുര്‍ത്ഥിയായിരുന്ന ഞാന്‍ 2007 ജനുവരി 31 ന് വളരെ യാദൃശ്ചികമായി എങ്ങനെയാണ് ബൂലോകത്തേക്ക് എത്തിപ്പെട്ടതെന്നും അതിന്റെ ബാക്കിപത്രങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും “എന്റെ ബ്ലോഗാത്മകഥ” എന്ന ഒന്നാം വാര്‍ഷികപോസ്റ്റില്‍ പറഞ്ഞിരുന്നുവല്ലോ. അത്രയധികം ‘സംഭവങ്ങളൊ‘ന്നുമില്ലായിരുന്നു രണ്ടാം വര്‍ഷത്തില്‍. മാത്രവുമല്ല, ബ്ലോഗ് തുടങ്ങി ഒരാണ്ടുകഴിയുമ്പോള്‍ പലര്‍ക്കും പിടിപെടാറുള്ള ‘ബ്ലോഗാലസ്യം‘ പിടിപെടുകയും ചെയ്തൂ!

എങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തെ ബ്ലോഗിംഗ് പ്രവര്‍ത്തനങ്ങളില്‍ എനിക്ക് ഏറ്റവും സന്തോഷം തരുന്നത് “ആദ്യാക്ഷരി”യെന്ന ബ്ലോഗ് സഹായി തുടങ്ങുവാനിടയായതാണ്. അത് തുടങ്ങുവാനിടയായ സാഹചര്യം രസകരമാണ്. എന്റെ ഭാര്യ ദീപയുടെ പപ്പാ റിട്ടയര്‍മെന്റിനും ശേഷമാണ് ഒരു കമ്പ്യൂട്ടര്‍ വാങ്ങുന്നതും അതിന്റെ ഉപയോഗം പഠിക്കുന്നതും. 2001 ല്‍ ആണെന്നാണ് എന്റെ ഓര്‍മ്മ. എങ്കിലും ആ പ്രായത്തില്‍ അധികം പേരിലും കാണുവാനാകത്തത്ര ഉത്സാഹത്തോടെ അദ്ദേഹം വിന്റോസിന്റെ ഉപയോഗവും, വേഡ് പ്രോസസിംഗും വളരെ എളുപ്പം മനസ്സിലാക്കിയെടുത്തു. അതുകൂടാതെ സ്വയം കമ്പ്യൂട്ടറിലെ പുതിയകാര്യങ്ങള്‍ കണ്ടും കേട്ടും ചെയ്തും പഠിക്കുവാനുള്ള താല്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

ആയിടെതന്നെ മലയാളത്തില്‍ ഇ-മെയില്‍ അയയ്ക്കുവാനുള്ള വിദ്യകള്‍ ഞങ്ങള്‍ പരീക്ഷിക്കുമായിരുന്നു. ബ്ലോഗും, യൂണീക്കോഡ് മലയാളവും കീമാനുമൊക്കെ പരിചയമായപ്പോള്‍ പപ്പായെക്കൂടെ ഇതൊക്കെ പഠിപ്പിക്കുവാന്‍ എനിക്ക് താല്പര്യമായി. പഠിക്കുവാന്‍ പുള്ളിക്കും താല്പര്യം! അങ്ങനെ പതിയെ പതിയെ ഗുഗിള്‍ ചാറ്റിലൂടെ ഞാന്‍ ഇതെല്ലാം പറഞ്ഞുകൊടുക്കുവാന്‍ തുടങ്ങി. അപ്പോഴാണ് ബ്ലോഗിന്റെയും മലയാളം എഴുത്തിന്റെയുമൊക്കെ അടിസ്ഥാനകാര്യങ്ങള്‍ എഴുത്തിലൂടെയും ചാറ്റിലൂടെയും മനസ്സിലാക്കിക്കൊടുക്കുവാനുള്ള പ്രയാസം എനിക്ക് മനസ്സിലായത്.

ഞാന്‍ തന്നെ കമ്പ്യൂട്ടര്‍ ആദ്യമായി കാണുന്നത് ഗള്‍ഫില്‍ ജോലിക്കെത്തിയതിനുശേഷമാണ്. ഡോസും അതില്‍ ഉപയോഗിക്കുന്ന വേഡ്‌സ്റ്റാര്‍ തുടങ്ങിയ പ്രോഗ്രാമുകളിലൂടെ കമ്പ്യുട്ടര്‍ പരിചയമാവാന്‍ തുടങ്ങിയ എനിക്ക് പിന്നീട് വന്ന വിന്റോസും, അതിന്റെ പുതിയ വേര്‍ഷനുകളും ക്രമേണ ഉപയോഗത്തിലൂടെ പഠിക്കുവാന്‍ സാധിച്ചതിനാല്‍ ഇതുവരെ ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടില്ല. എന്നാല്‍ കമ്പ്യൂട്ടര്‍ അത്ര പരിചയമില്ലാത്ത എന്റെ സമപ്രായക്കാരായവര്‍ക്കും, അതിലും പ്രായമുള്ളവര്‍ക്കും പെട്ടെന്നൊരുനാള്‍ ഇതൊക്കെ മനസ്സിലാക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് എനിക്ക് അറിയാമായിരുന്നു. അതിനാല്‍ ഇങ്ങനെയുള്ളവര്‍ക്ക് മനുസ്സിലാക്കുവാനുള്ള ഏറ്റവും എളുപ്പവഴി സ്ക്രീന്‍ ഷോട്ടുകളിലൂടെ കാര്യങ്ങള്‍ ലളിതമായി വിശദീകരിച്ചു കൊടുക്കുക എന്നതാണ് എന്നെനിക്കു തോന്നി.

അങ്ങനെ യൂണീക്കോഡ് മലയാളത്തിന്റെയും ബ്ലോഗിന്റെയും ഉപയോഗങ്ങള്‍ ഒരു പരീക്ഷണ ബ്ലോഗില്‍ പോസ്റ്റുകളായി ഞാന്‍ എഴുതിവയ്ക്കുവാന്‍ തുടങ്ങി. അതിന്റെ ലിങ്കുകള്‍ പപ്പയ്ക്ക് കൊടുക്കുകയും ചെയ്തു. അത് കുറേക്കൂടി വിപുലമായിക്കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും ഉപയോഗത്തിനായി അത് തുറന്നു കൊടുക്കുന്നത് നനായിരിക്കുമല്ലോ എന്ന് എനിക്ക് തോന്നി.

തിരുവനന്തപുരത്തുള്ള അങ്കിള്‍ എന്ന ബ്ലോഗറോടും, ദുബായിയിലുള്ള ഒന്നുരണ്ട് ബ്ലോഗര്‍മാരോടും ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവരും എന്തുകൊണ്ടും ഇതൊരു നല്ല പ്രോജക്റ്റ് ആയിരിക്കുമെന്നും ഒരുപാടുപേര്‍ക്ക് പ്രയോജനപ്പെടുമെന്നും പറയുകയുണ്ടായി. ബ്ലോഗ് രംഗത്ത് മാത്രമല്ല, കമ്പ്യൂട്ടറീല്‍ മലയാളം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും - ഇ-മെയിലിനോ, ഓര്‍ക്കുട്ടിലോ ഒക്കെ - ഇങ്ങനെയൊരു ബ്ലോഗ് പ്രയോജനപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

തുടര്‍ന്ന് ഇതിനു പറ്റിയ ഒരു പേര് അന്വേഷിക്കുവാന്‍ തുടങ്ങി. ഈ ബ്ലോഗിന്റെ ഉദ്ദേശലക്ഷ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതും, എളുപ്പം ഓര്‍ത്തിരിക്കുവാന്‍ പറ്റിയതുമായ ഒരു പേര്. കുടിപ്പള്ളിക്കൂടമെന്നും, ബ്ലോഗ് സഹായം എന്നും മറ്റും പല പേരുകളും കൂട്ടുകാര്‍ നിര്‍ദ്ദേശിച്ചെങ്കിലും, എനിക്കേറ്റവും നല്ലതെന്നു തോന്നിയ പേര് ബ്ലോഗര്‍ ചന്ദ്രകാന്തം നിര്‍ദ്ദേശിച്ച “ആദ്യാക്ഷരി” എന്ന പേരായിരുന്നു. കേട്ടപാടെ അതുതന്നെ എന്നു നിശ്ചയിച്ചു.

അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് വച്ച് ബ്ലോഗ് അക്കാഡമിയുടെ നേതൃത്വത്തില്‍ ഒരു പഠനകളരി നടത്തുവാനുള്ള തീരുമാനം അതിന്റെ പ്രവര്‍ത്തകര്‍ എടുത്തത്. ആദ്യാക്ഷരിയെ ആ പരിപാടിയില്‍ വച്ച് പരിചയപ്പെടുത്തുവാന്‍ സമ്മതമാണോ എന്ന് അങ്കിള്‍ ചോദിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. അങ്ങനെ ജൂണ്‍ ഒന്നിന് എന്റെ “അപ്പൂ‍ന്റെ ലോകം” എന്ന ബ്ലോഗിലെ ഒരു പോസ്റ്റില്‍ കൂടി “ആദ്യാക്ഷരിയെ” ബൂലോകത്തിനു ഞാന്‍ പരിചയപ്പെടുത്തി. അതേ ദിവസം തന്നെ തിരുവനന്തപുരത്ത് ബോഗ് അക്കാഡമിയില്‍, അതില്‍ പങ്കെടുത്ത നവാ‍ഗതര്‍ക്ക് അങ്കിള്‍ ഇതു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

ആദ്യാക്ഷരി ഒട്ടനവധി നവാഗതര്‍ക്ക് പ്രയോജനമാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് അന്നുമുതല്‍ ഇന്നുവരെയുള്ള അതിന്റെ പേജ് ഹിറ്റ് കൌണ്ട്. ഏഴുമാസം കൊണ്ട് 36000 പേജ് ലോഡുകള്‍ ഈ ബ്ലോഗില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരുപാടുപേരുടെ സംശയങ്ങള്‍ പരിഹരിച്ചു കൊടുക്കുവാനും സാധിക്കുന്നുണ്ട്. നമ്മുടെ മാതൃഭാഷയുടെ കമ്പ്യൂട്ടര്‍ ഉപയോഗത്തിനായി ഒരു ചെറിയ സഹായമാകുവാന്‍ ആദ്യാക്ഷരിക്കും സാധിക്കുന്നു എന്നതാണ് ഇതിന്റെ പിന്നിലെ അധ്വാനത്തില്‍ നിന്ന് എനിക്കു കിട്ടുന്ന ഏറ്റവും വലിയ സന്തോഷം. ആട്ടെ, ആദ്യാക്ഷരി തുടങ്ങിയിട്ട് പപ്പാ ബ്ലോഗ് തുടങ്ങിയോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാവും, ഇല്ല എന്നാണതിനുത്തരം! വായനയും കമന്റെഴുതലും മാത്രം.

മുമ്പും ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ, ബ്ലോഗില്‍ നിന്ന് ലഭിച്ച ഏറ്റവും സന്തോഷമുള്ള കാര്യം പുതിയ പുതിയ സൌഹൃദങ്ങളാണ്. അതില്‍ ചെറുപ്പക്കാരുണ്ട്, എന്റെ സമപ്രായക്കാരുണ്ട്, മാതാപിതാക്കളുടെ പ്രായമുള്ളവര്‍ വരെയുണ്ട്. നിങ്ങളോരോരുത്തരുടേയും സ്നേഹത്തിനും, സഹകരണത്തിനും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട്, വീണ്ടും എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ഭാഷയ്ക്ക് ചെയ്യാം എന്നു പ്രതീക്ഷിച്ചുകൊണ്ട് ഈ കുറിപ്പ് നിറുത്തട്ടെ.

സ്നേഹപൂര്‍വ്വം
അപ്പു.

42 comments:

അപ്പു

ബൂലോകത്തിലെ എന്റെ മൂന്നാം വര്‍ഷം !

സുല്‍ |Sul

((((((((((ഠേ......)))))))))

ഇവിടെ ഒരു തേങ്ങയടിക്കുന്നതില്‍ എനിക്ക് 101% സന്തോഷം.

അപ്പുവിന്റെ പോസ്റ്റുകളെല്ലാം ബൂലോകത്തിനൊരു മുതല്‍ക്കൂട്ടല്ലെ. ഇനിയും തളരാതെ മുന്നോട്ട് അപ്പു.

-സുല്‍

യാരിദ്‌|~|Yarid

ആശംസകൾ, അഭിനന്ദനങ്ങൾ..:)

BS Madai

ആശംസകള്‍, അപ്പൂനും ബ്ലോഗിനും. ആദ്യാക്ഷരി പോലെതന്നെ, അപ്പുവിന്റെ മറ്റു ബ്ലോഗുകളും ‘ഹിറ്റ്’ തന്നെ. ‘കാഴ്ച്ചക്കിപ്പുറം’, 'Glimpses', ‘അപ്പൂന്റെ ലോകം’ - എല്ലാം ഒന്നിനൊന്നു മെച്ചം.. (സത്യമായിട്ടും സുഖിപ്പിച്ചതല്ല!) ഒരിക്കല്‍കൂടി എല്ലാ ആശംസകളും.

V.R. Hariprasad

ആശംസകള്‍ അപ്പൂ.. :)

അനില്‍ശ്രീ...

ആശംസകള്‍...

കഴിയുന്നിടത്തോളം കൂടെയുണ്ടാവും....

ഉഗാണ്ട രണ്ടാമന്‍

ആശംസകള്‍...

krish | കൃഷ്

അപ്പുവിനും അപ്പുവിന്റെ സംരഭമായ “ആദ്യാക്ഷരി”ക്കും “കാഴ്ചക്കിപ്പുറ”ത്തിനുംആശംസകള്‍.
(ബ്ലോഗാലസ്യത്തിലുള്ള മറ്റൊരു ബ്ലോഗര്‍. :) )

ഗുപ്തന്‍

ബ്ലോഗന്‍ ഓഫ് ദ് ഈയര്‍ 2008 എന്റെ ചോയിസ് :)

ഓരോ വര്‍ഷം പോകും തോറും കൂടുതല്‍ നന്നാവട്ടെ :)

Bindhu Unny

ആശംസകള്‍! ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ബൂലോകത്തിന് വേണ്ടി ചെയാന്‍ സാധിക്കട്ടെ. :-)

ജോ l JOE

ആശംസകള്‍ അപ്പൂ..

ആചാര്യന്‍...

ആശംസകള്‍

കാന്താരിക്കുട്ടി

ആശംസകൾ ! ആദ്യാക്ഷരി അപ്പുച്ചേട്ടൻ എഴുതിയതു കൊണ്ട് ഒത്തിരി പേർക്ക് അതു പ്രയോജനകരമായി.ഇപ്പോളും ഞാൻ പലർക്കും ഇതിന്റെ ലിങ്ക് അയച്ചു കൊടുക്കുന്നുണ്ട്.ഇനിയും ഇതു പോലെ പ്രയോജനപ്രദമായ പോസ്റ്റുകൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.എല്ലാ വിധ ആശംസകളും നേരുന്നു

കരീം മാഷ്‌

ആശംസകള്‍, അപ്പൂനും ബൂലോകത്തിലെ മൂന്നാം വര്‍ഷം ബ്ലോഗിനും !


ഇന്നല്ലേ ശ്രീജിത്തിന്റെ കല്യാണം!
പണ്ടൊക്കെ ഓണ്‍ ലൈന്‍ കല്യാണം എന്തൊരു ചേലായിരുന്നു.
അതൊക്കെ ഒരു കാലം.
തിരിച്ചു വരാനിടയില്ലാത്ത കാലം.

വല്യമ്മായി

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി

ശ്രീക്കുട്ടന്‍ | Sreekuttan

ആശംസകള്‍

കുഞ്ഞന്‍

അപ്പു മാഷെ..

ആശംസകള്‍ നേരുന്നു..ബൂലോഗത്തിന്റെ ചരിത്രത്തിലെ താളുകളില്‍ ഇടം നേടിയ ശ്രീ അപ്പുവിന് അഭിനന്ദങ്ങള്‍..!

കൂടെ പപ്പായ്ക്കും ആശംസകള്‍ നേരുന്നു,പപ്പകാരണമല്ലൊ അപ്പു ഇങ്ങിനെയൊരു നന്മ ബൂലോഗത്തിന് നല്‍കിയത്.

MANIKANDAN [ മണികണ്ഠന്‍‌ ]

അപ്പുവേട്ടാ മലയാളത്തിൽ ബ്ലോഗെഴുതുന്നതിനും മോസില്ലായിൽ മലയാളം യൂണിക്കോഡ് ഫോണ്ട് സെറ്റുചെയ്യുന്നതിനും ആദ്യാക്ഷരിയാണ് എനിക്ക് സഹായകമായത്. കമ്പ്യൂട്ടർ ഉപയോഗത്തിന്റെ സാമാന്യവശങ്ങളിൽ വട്ടപൂജ്യമായ ഞാൻ ബ്ലോഗ് സംബന്ധമായ സംശയനിവാരണത്തിനും ഇന്ന് ആദ്യം എത്തുന്നത് ആദ്യാക്ഷരിയിൽ തന്നെ. ആദ്യാക്ഷരിയിലൂടെ നൽകുന്ന ഈ സഹായങ്ങൾക്ക് വളരെ നന്ദി. ഈ സംരഭത്തിന് എല്ലാ ആശംസകളും നേരുന്നു.

രസികന്‍

ആശംസകള്‍

അനില്‍@ബ്ലോഗ്

ആശംസകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍

ആശംസകള്‍

ചന്ദ്രകാന്തം

തികച്ചും യാദൃശ്ചികമായി തെരഞ്ഞെടുത്ത ആദ്യാക്ഷരി എന്ന പേര്,ആ ബ്ലോഗിന്റെ ഉള്ളടക്കത്തിന്റെ മേന്മയും സദുദ്ദേശവും കൊണ്ട്‌ ഇത്രയും പ്രസിദ്ധിയിലേയ്ക്കെത്തിയതിൽ, എനിയ്ക്കുള്ള സന്തോഷം പറഞ്ഞു തീർക്കാൻ ആവില്ല. അപ്പുവിന്റെ ബ്ലോഗിന് ഒരു വയസ്സുകൂടി ..... മനസ്സുനിറഞ്ഞ ഈ സൌഹൃദത്തിന്, പിറന്നാളാശംസകൾ.

വേണു venu

ആശംസകള്‍ എന്നു പറയുമ്പോള്‍ എനിക്കെന്‍റെ എല്ലാ വികാരങ്ങളേയും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്നറിഞ്ഞു കൊണ്ടു തന്നെ..
അപ്പൂ ആശംസകള്‍.:)

പാര്‍ത്ഥന്‍

അപ്പുവിന്റെയും ബൂ‍ലോകരുടെയും ഈ സന്തോഷത്തിൽ ഞാനും പങ്കുകൊള്ളുന്നു. അപ്പുവിന്റെ ബ്ലോഗിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, “കാഴ്ചയ്ക്കിപ്പുറവും“ “ആദ്യാക്ഷരിയും“ ആണ്. (ചന്ദ്രയാനം പോസ്റ്റ് മാറ്റിനിർത്തിക്കൊണ്ടല്ല.) ആദ്യാക്ഷരിയിലെ പുതിയ അദ്ധ്യായത്തിലെ ചില നിർദ്ദേശങ്ങൾ സ്വീകരിച്ചതുകൊണ്ട് എന്റെ ബ്ലോഗ് ആദ്യമായി ഇന്നലെ അഗ്രഗേറ്ററിൽ വന്നു. അതിന്റെ മുഴുവൻ അംഗീകാരവും അപ്പുവിനാണ്.

ശ്രീവല്ലഭന്‍.

ആശംസകള്‍!പലപ്പോഴും എന്തെങ്കിലും സംശയം തോന്നിയാല്‍ അപ്പുവിന്‍റെ ബ്ലോഗുകളില്‍ ആണ് വന്നു നോക്കുന്നത്.

keralafarmer

അപ്പുവിന്റെ ക്വാളിഫൈഡായ അമ്മായിയപ്പനോളം പ്രാപ്തനായിരുന്നില്ല ഞാനും. അപ്പുവിന്റെ ഈ പോസ്റ്റ് എന്റെ ഭൂതകാലം ഓര്‍മ്മപ്പെടുത്തുന്ന ഒന്നുതന്നെയാണ്. അനേകം വ്യക്തികളില്‍ നിന്ന് ഞാനും പലതും പഠിച്ചു. എന്നിട്ട് ഞാനൊരു ബ്ലോഗറായി. ആവണ്ടായിരുന്നു എന്നെനിക്കിപ്പോള്‍ തോന്നുന്നു. വിദ്യാസമ്പന്നരായ ബ്ലോഗര്‍ മാരില്‍ നിന്നും "മുമ്പും ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ, ബ്ലോഗില്‍ നിന്ന് ലഭിച്ച ഏറ്റവും സന്തോഷമുള്ള കാര്യം പുതിയ പുതിയ സൌഹൃദങ്ങളാണ്. അതില്‍ ചെറുപ്പക്കാരുണ്ട്, എന്റെ സമപ്രായക്കാരുണ്ട്, മാതാപിതാക്കളുടെ പ്രായമുള്ളവര്‍ വരെയുണ്ട്." അപ്പു ഈ പറയുന്ന വാക്കുകളാണ് ഞാന്‍ പ്രതീക്ഷിച്ചതും പ്രതീക്ഷിക്കുന്നതും. അങ്കിള്‍ പലപ്പോഴും എന്നെ ബന്ധപ്പെട്ടിരുന്നത് പലതും പഠിക്കാന്‍ വേണ്ടിയായിരുന്നു.ഞാനൊരു ഐടി പ്രൊഫഷണലല്ല എന്ന് ഞാനദ്ദേഹത്തോട് പറഞ്ഞപ്പോഴാണ് എന്നെപ്പറ്റി അറിയുന്നതുതന്നെ. അദ്ദേഹത്തിനും പലപ്പോഴും പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എഡിറ്റിംഗ് പബ്ലിഷിംഗ് മുതലായ കാര്യങ്ങളില്‍. തിരുവനന്തപുരം ബ്ലോഗ് ശില്പശാലയ്ക്ക് മുന്നേ അദ്ദേഹം എന്നോട് ആദ്യാക്ഷരിയുടെ തുടക്കം കുറിക്കുന്നത് അതേ ദിവസം തന്നെ ആക്കാമെന്ന് അപ്പു സമ്മതിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. അതിന് ഞാന്‍ സാക്ഷിയാവുകയും ചെയ്തു.
അപ്പു എന്ന ബ്ലോഗര്‍ മലയാളം ബ്ലോഗേഴ്സിന് ഒരു മാതൃകയാണ്.
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

അലസന്‍

അപ്പൂ!
ദീപയുടെ പപ്പ ഒരു ബ്ലോഗർ ആയില്ലെങ്കിൽ കൂടി അപ്പുവിന്റെ സദുദ്ദേശത്തോടു കൂടിയ ഈ ഉദ്യമം എത്രയോ പേർക്കു ഉപകാരപ്പെട്ടു എന്നോർക്കുക. ഏതിനും ഒരു കാരണം വേണമല്ലോ? ദീപയുടെ പപ്പ അങ്ങനെ ഒരു കാരണമായെന്നു മാത്രം. അപ്പുവിന്റെ ഇത്തരത്തിലുള്ള പ്രയത്നങ്ങൾ അഭംഗുരം തുടരട്ടെ! ആശംസകൾ!!

കാപ്പിലാന്‍

മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന അപ്പുവിനു ഹൃദയം നിറഞ്ഞ ആശംസകള്‍ .ഇനിയും പടവുകള്‍ അനേകം കയറുവാന്‍ ഇടയാകട്ടെ .

ബിനോയ്

സേവനങ്ങള്‍ക്കു നന്ദിയും ആശംസകളും.

നന്ദകുമാര്‍

ഹൃദയം നിറഞ്ഞ ആശംസകള്‍. ബ്ലോഗിനു മുതല്‍കൂട്ടാവുന്ന പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാന്‍ ഇനിയും ഇടവരുത്തട്ടെ..

അഗ്രജന്‍

അപ്പൂ, സ്നേഹത്തോടെ ആശംസകൾ നേരുന്നു...!


അപ്പൂനിട്ട് ഒരു ഓടോ: എങ്കിലും എഴുതണമെന്നുണ്ട്, പക്ഷെ ആദ്യാക്ഷരി തുടങ്ങിയതില് പിന്നെ അതിനു തോന്നുന്നില്ല...

ശ്രീ

ആശംസകള്‍, അപ്പുവേട്ടാ...

shihab mogral

അപ്പുവിലൂടെ, അപ്പുവിന്റെ ബ്ലോഗിലൂടെ ഞാനും ഒത്തിരി കാര്യങ്ങള്‍ പഠിച്ചു..
ആശംസകള്‍
- ശിഹാബ് മൊഗ്രാല്‍

ബിന്ദു കെ പി

ആശംസകൾ..
ആദ്യാക്ഷരി എന്ന ബ്ലോഗ് എനിയ്ക്കും ഒരുപാട് സഹായകരമായിരുന്നു. ഇപ്പോഴും അതെ.

സിനി

ആദ്യാക്ഷരി എനിക്ക് ഒട്ടെറെ അറിവുകള്‍ പകര്‍ന്നു തന്ന/തന്നുകൊണ്ടിരിക്കുന്ന ബ്ലോഗാണ്.
(സമയക്കുറവുകാരണം അതിലെ സെറ്റിംഗ്സുകളൊന്നും ചെയ്തു നോക്കാന്‍ നേരം കിട്ടാറില്ലെങ്കിലും)

മൂന്നാം വര്‍ഷത്തിലേക്ക് കാലൂന്നുന്ന
അപ്പുവേട്ടന്, അതിലുപരി
ആദ്യാക്ഷരിക്ക് മനം നിറഞ്ഞ
ആശംസകള്‍

ഷിജു | the-friend

മൂന്നാം വര്‍ഷമോ!!!!!!!!!!!!!!!!
ആശംസകള്‍ :)

മയൂര

അപ്പൂ, ആശംസകള്‍ :)

ആഗ്നേയ

നിറഞ്ഞ ആശംസകള്‍ അപ്പൂ..:-)
ഞാനും അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം പോലുമില്ലാതെ
ആ രംഗത്തെത്തിയ ആളാണ്..അടുത്ത കൂട്ടുകാരുടെ സഹായങ്ങള്‍ക്കൊപ്പം സഹയാത്രികന്റെ,അപ്പുവിന്റെ ഒക്കെ ബ്ലോഗ് വല്ലാതെ സഹായിച്ചിട്ടുന്ട്.നന്ദി..:-)
ഒരുപാട് മുന്നേറട്ടെ ഇനിയും

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ

അഭിനന്ദനങ്ങള്‍. ആശംസകള്‍.

ശ്രീനാഥ്‌ | അഹം

ആശംസകള്‍ മാഷേ... മ്മക്കൊരു പത്ത് വര്‍ഷം തെകക്ക്യാം ന്നേയ്...

:)

വെളിച്ചപ്പാട്

സന്തോഷം‌ണ്ട്..,ഈയിടെ ഇംഗ്ലീഷ് പത്രത്തിലും വന്നീര്‍ന്നൂലൊ ആദ്യാക്ഷരിയെ കുറിച്ച്. nothing is impossible ഇല്ലേ..

unu/abuizza

അപ്പു മാഷ്‌ എന്നെകൊണ്ടും അവസാനം ബ്ലോഗ്‌ എഴുതിപിച്ചു .. ബ്ലോഗ്‌ തുടങ്ങാന്‍ പ്രജോദനം അപ്പു മാഷ്‌ മാത്രമാണ്...

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP